പുത്തന്‍പാന ആലാപന മത്സരം: ചേവായൂര്‍ സെന്റ് ജോണ്‍സ് കുടുംബ കൂട്ടായ്മ ഒന്നാമത്

താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്റെ നേതൃത്വത്തില്‍ രൂപതയിലെ കുടുംബ കൂട്ടായ്മകള്‍ക്കു വേണ്ടി സംഘടിപ്പിച്ച പുത്തന്‍പാന ആലാപന മത്സരത്തില്‍ ചേവായൂര്‍ സെന്റ് ജോണ്‍സ് കുടുംബ കൂട്ടായ്മ ഒന്നാം സ്ഥാനം നേടി. മഞ്ചേരി സെന്റ് ജോസഫ്‌സ്, പുല്ലൂരാംപാറ സെന്റ് പോള്‍സ് കൂട്ടായ്മകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും പുത്തന്‍ പാനയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിച്ച ഗ്രന്ഥകാരനുമായ എഫ്. ആന്റണി പുത്തൂര്‍ മാസ്റ്റര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

റോസമ്മ പുല്ലാട്ട് മെമ്മോറിയല്‍ ട്രോഫിയും 7000 രൂപയുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ത്രേസ്യാമ്മ കോലാട്ടുവെളിയില്‍ മെമ്മോറിയല്‍ ട്രോഫിയും 5000 രൂപയും. മൂന്നാം സമ്മാനം റവ. ഫാ. ഗില്‍ബര്‍ട്ട് ഗോണ്‍സാല്‍വോസ് ട്രസ്റ്റ് മെമ്മോറിയല്‍ ട്രോഫിയും 3000 രൂപയും.

മേരിക്കുന്ന് പിഎംഒസിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 12 ടീമുകളിലായി നൂറോളം പേര്‍ പങ്കെടുത്തു. താമരശ്ശേരി രൂപതാ ലിറ്റര്‍ജി കമ്മീഷന്‍ കണ്‍വീനര്‍ ഫാ. ജോസഫ് കളത്തില്‍, പിഎംഒസി അസി. ഡയറക്ടര്‍ ഫാ. മാറ്റസ് കോരംകോട്ട്, റിജോ കൂത്രപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

പുത്തന്‍പാന ആലാപന മത്സരം

താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ കുടുംബ കൂട്ടായ്മകളെ കേന്ദ്രീകരിച്ച് പുത്തന്‍പാന ആലാപന മത്സരം സംഘടിപ്പിക്കുന്നു. പൂര്‍വികരുടെ നല്ല പാരമ്പര്യങ്ങള്‍ വീണ്ടെടുക്കുവാനും അതുവഴി വിശ്വാസത്തില്‍ കൂടുതല്‍ ബോധ്യവും ആഴവും ഉള്ളവരായിതീരുവാനും യുവജനങ്ങള്‍ക്കും വരും തലമുറകള്‍ക്കും അന്യമായിക്കൊണ്ടിരിക്കുന്ന പുത്തന്‍പാനയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാനും വേണ്ടിയാണ് ഇത്തരം ഒരു മത്സരം സംഘടിപ്പിക്കുന്നതെന്ന് താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്‍ കണ്‍വീനര്‍ ഫാ. ജോസഫ് കളത്തില്‍ പറഞ്ഞു.

മത്സരത്തിന് രണ്ടു ഘട്ടം

ഒന്നാമത്തെ ഘട്ടത്തില്‍, ഇടവകയിലെ കുടുംബ കൂട്ടായ്മ അടിസ്ഥാനത്തിലുള്ള ടീമിന് പുത്തന്‍പാന ആലപിക്കുന്ന അഞ്ചു മിനിറ്റ് വീഡിയോ 8921835701 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ചു തരാവുന്നതാണ്. ഒരു ഇടവകയില്‍ നിന്ന് കുടുംബ കൂട്ടായ്മ അടിസ്ഥാനത്തിലുള്ള എത്ര ടീമുകള്‍ക്കു വേണമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാം. കുടുംബ കൂട്ടായ്മയുടെ പേരിലാണ് ടീം അറിയപ്പെടുക. ഒരു ഇടവകയില്‍ നിന്ന് ഒന്നിലധികം കുടുംബ കൂട്ടായ്മ ടീമുകള്‍ ഉണ്ടെങ്കില്‍ അതില്‍ നിന്ന് ഒരു ടീമിനെ ഫൈനല്‍ മത്സരത്തിലേക്ക് തെരഞ്ഞെടുക്കും.

നിബന്ധനകള്‍

അഞ്ചു മിനിറ്റാണ് ആലാപന സമയം. ഒരു ടീമില്‍ പരമാവധി 7 പേര്‍ വരെ ആകാം. പ്രായഭേദമെന്യേ ആര്‍ക്കുവേണമെങ്കിലും പങ്കെടുക്കാം.
കുട്ടികളും യുവജനങ്ങളും മുതിര്‍ന്നവരും ഉള്‍പ്പെടുന്ന ടീമുകള്‍ക്ക് മുന്‍ഗണന ലഭിക്കും. ഇലക്ട്രോണിക് ഉപകരണങ്ങളോ മറ്റ് വാദ്യോപകരണങ്ങളോ പാടില്ല. മൈക്ക് നല്‍കുന്നതാണ്. പുത്തന്‍ പാനയിലെ പന്ത്രണ്ടാം പാദത്തിന്റെ (അമ്മ കന്യാമണിതന്റെ… എന്നു തുടങ്ങുന്ന പാദം) യൂട്യൂബ് ലിങ്ക് താഴെ നല്‍കിയിരിക്കുന്നു. മത്സരത്തിന് ‘അമ്മ കന്യാമണിതന്റെ….. ബുദ്ധിയും പോരാ’ എന്ന ആദ്യത്തെ നാല് വരികള്‍ ആലപിക്കാന്‍ പാടില്ല. അത് ഒഴികെയുള്ള മറ്റു വരികള്‍ ആലപിക്കാവുന്നതാണ്. പന്ത്രണ്ടാം പാദത്തിലെയും മറ്റ് പാദങ്ങളിലെയും വരികള്‍ ആലപിക്കാവുന്നതാണ്. ഫൈനല്‍ മത്സരം 2024 മാര്‍ച്ച് 23 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് കോഴിക്കോട് പി.എം.ഒ.സിയില്‍ വെച്ച് നടക്കും.
ഫൈനല്‍ മത്സരത്തിന് യോഗ്യത നേടുന്നവര്‍ ഇടവകയിലെ കുടുംബ കൂട്ടായ്മയുടെ അടിസ്ഥാനത്തിലുള്ള ടീമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന വികാരിയച്ചന്റെ കത്ത് മത്സരത്തിനു വരുമ്പോള്‍ നിര്‍ബന്ധമായും കൊണ്ടുവരണം. ഫൈനല്‍ മത്സരത്തിലേക്ക് പരിഗണിക്കേണ്ട 5 മിനിറ്റുള്ള വീഡിയോ നല്‍കാനുള്ള അവസാന തീയതി 2024 മാര്‍ച്ച് 15 വെള്ളിയാഴ്ച. വീഡിയോ വ്യക്തമായിരിക്കണം. പങ്കെടുക്കുന്ന അംഗങ്ങളുടെ മുഖം കാണണം. വീഡിയോയില്‍ ഇടവക, കുടുംബ കൂട്ടായ്മയുടെ പേര് എന്നിവ ഉള്‍പ്പെടുത്തേണ്ടതാണ്.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍


ഫൈനല്‍ മത്സരത്തിന് ഒന്നാം സമ്മാനം റോസമ്മ പുല്ലാട്ട്, ചാപ്പന്‍തോട്ടം ഇടവക മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡും (7000 രൂപ) ട്രോഫിയും രണ്ടാം സമ്മാനം ത്രേസ്യാമ്മ കോലാട്ടുവെളിയില്‍, കോട്ടക്കല്‍ ഇടവക മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡും (5000 രൂപ) ട്രോഫിയും മൂന്നാം സമ്മാനം റവ. ഫാ. ഗില്‍ബര്‍ട്ട് ഗോണ്‍സാല്‍വോസ് ട്രസ്റ്റ്, മരിയാപുരം ഇടവക മെമ്മോറിയല്‍ ക്യാഷ്അവാര്‍ഡും (3000 രൂപ) ട്രോഫിയും.

ഫീദെസ് ഫാമിലി ക്വിസ് 2024: ആദ്യ ഘട്ട മത്സരം ഒക്ടോബറില്‍

താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്‍ സംഘടിപ്പിക്കുന്ന ഫീദെസ് ഫാമിലി ക്വിസ് 2024-ന്റെ ആദ്യ ഘട്ട മത്സരങ്ങള്‍ ഒക്ടോബറില്‍ നടക്കും. ലിറ്റര്‍ജി കമ്മീഷന്‍ മേരിക്കുന്ന് പിഎംഒസിയുടെ സഹകരണത്തോടെ തയ്യാറാക്കിയ താമരശ്ശേരി രൂപതാ കലണ്ടറിനെ അടിസ്ഥാനമാക്കിയാണ് ഫീദെസ് ക്വിസ് സംഘടിപ്പിക്കുന്നത്.

രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന ഈ മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ 100 ചോദ്യങ്ങള്‍ ആണുള്ളത്. ഈ ചോദ്യങ്ങള്‍ അടങ്ങിയ ക്യു ആര്‍ കോഡ് 2024 സെപ്റ്റംബര്‍ -ഒക്ടോബര്‍ ലക്കം മലബാര്‍ വിഷനില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
താമരശ്ശേരി രൂപയിലെ എല്ലാ കുടുംബങ്ങള്‍ക്കും ഫീദെസ് ക്വിസില്‍ പങ്കെടുക്കാം. ഓരോ കുടുംബവും ആണ് ഒരു ടീം. ഒരു കുടുംബത്തില്‍ നിന്ന് കുറഞ്ഞത് രണ്ടു പേര്‍ക്കും കൂടിയത് മൂന്നുപേര്‍ക്കും ഇതില്‍ സംബന്ധിക്കാവുന്നതാണ്.

താമരശ്ശേരി രൂപത കലണ്ടര്‍ 2024 (60%), വിശുദ്ധ കുര്‍ബാന പുസ്തകം- റാസക്രമം (30%), സഭാ സംബന്ധമായ പൊതു ചോദ്യങ്ങള്‍ (10%) എന്നിങ്ങനെയാണ് ആദ്യഘട്ടത്തിലെ സിലബസ്. ആദ്യഘട്ടത്തിലെ സിലബസിന്റെ അടിസ്ഥാനത്തില്‍ ഉത്തരങ്ങള്‍ റഫര്‍ ചെയ്ത് അയയ്ക്കാവുന്നതാണ്. ഗൂഗിള്‍ ഫോം വഴിയാണ് ഉത്തരങ്ങള്‍ അയയ്‌ക്കേണ്ടത്. അവസാന തീയതി 2024 ഒക്ടോബര്‍ 31 ആണ്.

ആദ്യഘട്ടത്തില്‍ ശരിയുത്തരം അയയ്ക്കുന്നവരില്‍ നിന്ന് ഓരോ ഇടവകയിലെയും രണ്ടു ടീമുകള്‍ (കുടുംബങ്ങളെ) ഫൈനല്‍ മത്സരത്തിന് യോഗ്യത നേടും. ഫൈനലില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് മഞ്ചേരി കെം ഫാര്‍മ സ്‌പോണ്‍സര്‍ ചെയ്യുന്ന 15,000 രൂപ ക്യാഷ് പ്രൈസ് ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് മഞ്ചേരി ഫാത്തിമ ഡ്രഗ് ലൈന്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന 10,000 രൂപ ക്യാഷ് പ്രൈസും മൂന്നാം സ്ഥാനക്കാര്‍ക്ക് മഞ്ചേരി മാരുതി ഓട്ടോ ഹൗസ് സ്‌പോണ്‍സര്‍ ചെയ്യുന്ന 5000 രൂപ ക്യാഷ് പ്രൈസും സമ്മാനം. പങ്കെടുക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുന്നതാണെന്ന് താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്‍ കണ്‍വീനര്‍ ഫാ. ജോസഫ് കളത്തില്‍ അറിയിച്ചു.

Exit mobile version