ഇംഗ്ലണ്ടില്‍ കാള്‍ മാര്‍ക്‌സിന്റെ കബറിടത്തില്‍ സ്യൂട്ടും കോട്ടുമിട്ട് മുഷ്ടി ചുരുട്ടി നിന്നപ്പോള്‍ അണികളുടെ മാഷിന് മാര്‍ക്‌സിന്റെ ‘കറുപ്പ്’ അല്‍പം തലയ്ക്ക് പിടിച്ചു. ഫ്യൂഡല്‍ സമൂഹത്തിന്റെ നവകൊളോണിയലിസ ബൂര്‍ഷ്വ സംസ്‌ക്കാര ജീര്‍ണത പാടേ മറന്നു. (ഒന്നും മനസിലായില്ല അല്ലേ? പാര്‍ട്ടി ക്ലാസില്‍ പോകാത്തതുകൊണ്ടാണ്!) മികച്ച ആതുരസേവനവും അഗതികള്‍ക്കും ആലംബഹീനര്‍ക്കും അത്താണിയും ഉന്നത വിദ്യാഭ്യാസവും സേവനത്തിന്റെയും സ്‌നേഹത്തിന്റെയും നിറവില്‍ ഒരുക്കുന്ന സന്യാസിനികളെ അപമാനിച്ചിരിക്കുകയാണ് തൊഴിലാളികളുടെ മുതലാളി നേതാവ്. സ്ത്രീകളെ ആദരിക്കുന്ന മോഡേണ്‍ പാര്‍ട്ടിയുടെ കുത്സിത ലക്ഷ്യം എന്തായാലും കന്യാസ്ത്രീകളെ തൊഴിലാളികളാക്കി മാറ്റി, പുതിയൊരു ട്രേഡ് യൂണിയന്‍ കോണ്‍വെന്റുകളില്‍ സ്ഥാപിച്ച് കൊടികുത്തി ബക്കറ്റ് പിരിവിന് ഇറക്കാനുള്ള പതിനെട്ടാം അടവായി സംശയിച്ചാല്‍ മാമനോട് ഒന്നും തോന്നരുത് മക്കളെ.
കുറച്ചു കാലമായി ‘ചുവപ്പി’ന് ‘പച്ച’യോട് ഒരു പ്രണയമാണ്. കാഞ്ഞിരപ്പിള്ളിയിലെ ആറാട്ട് കണ്ട് അടിയന് തോന്നിയതാണേ… ‘ലൈന്‍’ വണ്‍വേയാവട്ടെ ടുവേയാവട്ടെ ഇന്ത്യയിലെ ഏറ്റവും മികച്ച ക്രൈസ്തവ വിദ്യാഭ്യാസ ആതുര സേവന സ്ഥാപനങ്ങളില്‍ കലാപം സൃഷ്ടിച്ച് മുതലെടുപ്പ് നടത്തി ‘വെടക്കാക്കി തനിക്കാക്കു’യെന്ന നവപ്രത്യയശാസ്ത്രം അരിഭക്ഷണം കഴിക്കുന്ന എല്ലാവര്‍ക്കും മനസിലാകും. ദേശാഭിമാനി കാപ്‌സ്യൂള്‍ തൊണ്ട തൊടാതെ വിഴുങ്ങുന്നവര്‍ക്ക് ഇതൊന്നും തിരിയില്ല. മാഷേ, ഞങ്ങള്‍ക്കായി ചോര ചിന്തിയ തമ്പുരാന്റെ ചോരയാണ് ഞങ്ങളുടെ സിരകളിലെന്ന് ഓര്‍ക്കണം.
കുറ്റനാട് നിന്നും കൊച്ചിക്ക് അപ്പം കൊണ്ടുവന്ന അമ്മായി ഇപ്പോള്‍ തമിഴ്‌നാട്ടിലേക്കും കര്‍ണ്ണാടകയിലേക്കുമാണ് പോകുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകളോടുള്ള ആദരവിന്റെ ഭാഗമായി സൗജന്യ യാത്ര നല്‍കുമ്പോള്‍ നമ്മുടെ നാട് എന്തൊരു ശോകമാണ് മാഷേ? ബംഗാളിലും ത്രിപുരയിലും ലോകത്തിലെ എവിടെയൊക്കെ നിങ്ങളുണ്ടോ അവിടെയെല്ലാം ഭരിച്ച് മുടിപ്പിച്ചില്ലേ? ദേശത്തിനും ജനത്തിനും വേണ്ടി സമര്‍പ്പിത ജീവിതം നയിക്കുന്ന കന്യാസ്ത്രീകളുടെ സേവനത്തെ പുച്ഛിക്കുന്നത് വാഴ വിപ്ലവം നടത്തുന്നവരുടെ ചിന്തയില്ലാത്തവരുടെയും വ്യാജ സര്‍ട്ടിഫിക്കറ്റുകൊണ്ട് യൂണിവേഴ്‌സിറ്റികള്‍ ഭരിക്കാന്‍ കച്ചകെട്ടിയിറങ്ങിയവരെയും കൂട്ടുപിടിച്ചല്ലേ? പുച്ഛം മാത്രം മാഷേ, പുച്ഛം മാത്രം.
പള്ളികളോടു ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കേരള നവോത്ഥാനത്തിന് അടിത്തറ പാകിയ വൈദികരെയും സന്യാസിനികളെയും വിസ്മരിക്കരുത്. പഞ്ഞത്തിന്റെയും പകര്‍ച്ചവ്യാധികളുടെയും കാലത്ത് ജനത്തിന് ശരണമായിരുന്നവരെ അധിക്ഷേപിച്ച ഗര്‍വുകൊണ്ടൊന്നും തളരുന്നതല്ല ക്രിസ്തു സ്ഥാപിച്ച സഭ.
പ്രതിരോധ ജാഥയില്‍ ആളെക്കൂട്ടിയതുപോലെയല്ല സമര്‍പ്പിത ജീവിതത്തിലേക്ക് അംഗങ്ങള്‍കടന്നു വരുന്നത്. ഓരോ സമര്‍പ്പിതരും ദൈവത്താല്‍ വിളിക്കപ്പെട്ടവരും വിശുദ്ധീകരിക്കപ്പെട്ടവരുമാണെന്ന് ബോധ്യമുണ്ടാകാനുള്ള ജ്ഞാനം കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം നല്‍കില്ല. പാമ്പാടിയിലെ ജനകീയ പ്രതിരോധ ജാഥയില്‍ യോഗം പൊളിക്കുന്നത് എങ്ങനെ എന്ന് ഗവേഷണം നടത്തുന്നവരെക്കുറിച്ച് ഗീര്‍വാണം മുഴക്കിയ അങ്ങ്, കാലങ്ങളായി പൊളിക്കുവാന്‍ നിങ്ങള്‍ ഗവേഷണം നടത്തുന്ന സഭയുടെ അടിസ്ഥാനത്തെക്കുറിച്ച് വല്ല വിവരവുമുണ്ടോ? രാഷ്ട്രീയം തൊഴിലാക്കി മാറ്റിയ തൊഴിലാളി പാര്‍ട്ടിയുടെ മുതലാളി നേതാവേ, ബ്രഹ്മപുരത്തെ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തെക്കാള്‍ ജീര്‍ണിച്ച പ്രത്യയശാസ്ത്രം തലയിലേറ്റി കത്തോലിക്കാ സഭയെ അധിക്ഷേപിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് നിലവാരമില്ലാത്ത അങ്ങയുടെ സ്ഥാനത്തിന്റെ നിലവാരത്തകര്‍ച്ച തന്നെയാണ്.
ഇംഗ്ലണ്ടില്‍ ചെന്നപ്പോള്‍ നദിപോലെ സഖാക്കള്‍ ഒഴുകി വന്നു എന്ന് വിടുവായത്തരം പറഞ്ഞ അങ്ങ് തിരിച്ചറിയണം, കേരളത്തില്‍ തൊഴിലില്ലായ്മയും കേരളം വ്യവസായ സംരംഭ സൗഹൃദ സംസ്ഥാനമല്ലാത്തതിനാലും ജീവിക്കാന്‍ വേണ്ടി ഗതികേടുകൊണ്ടു പോയവരാണ് ഇവരെല്ലാമെന്ന്. എന്നാലും എന്റെ മാഷേ, ചെറിയോരു ഡൗട്ട്, തളിപ്പറമ്പിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനത്തിന് സഭയെ വലിച്ചിഴച്ചത് എന്ത് ഉദ്ദേശത്തിലാണ്? കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ലല്ലോ. നിലവാരമില്ലാത്ത കോമഡി പറഞ്ഞ് സ്വയം ഇനിയും കോമാളിയാകല്ലേ…