വേനപ്പാറയില്‍ സെന്റ് അല്‍ഫോന്‍സ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി പ്രോജക്ടായ സെന്റ് അല്‍ഫോന്‍സ ഡയാലിസിസ് സെന്റര്‍ തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. മലയോര കുടിയേറ്റ മേഖല പ്രതിസന്ധികള്‍ നേരിടുമ്പോഴെല്ലാം താമരശ്ശേരി രൂപത ക്രിയാത്മകമായി ഇടപെട്ടിട്ടുണ്ടെന്നും സമൂഹത്തിന് സഹായകരമാകുന്ന വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ അതത് കാലങ്ങളില്‍ രൂപതയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ലിന്റോ ജോസഫ് എംഎല്‍എ പറഞ്ഞു. മലയോര മേഖലയില്‍ ഡയാലിസിസ് സൗകര്യങ്ങള്‍ കുറവായതുകൊണ്ട് പലരും ഊഴം കാത്തിരിക്കേണ്ട അവസ്ഥയിലാണെന്നും ഈ സാഹചര്യത്തില്‍ സെന്റ് അല്‍ഫോന്‍സ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താമരശ്ശേരി രൂപതയുടെ കീഴില്‍ വേനപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ് മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആന്റ് സൈക്കോതെറാപ്പി (ക്യാംപ്) സെന്ററിന്റെ കെട്ടിട സമുച്ചയത്തില്‍ ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിന്റെ വെഞ്ചരിപ്പു കര്‍മ്മം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. ദീര്‍ഘനാളത്തെ സ്വപ്‌നമാണ് പൂവണിഞ്ഞിരിക്കുന്നതെന്ന് പൊതുസമ്മേളനത്തിന് അധ്യക്ഷത വഹിച്ച് സംസാരിച്ച ബിഷപ് പറഞ്ഞു. ”താമരശ്ശേരി രൂപതയുടെ കരുണയുടെ മുഖമാണ് സെന്റ് അല്‍ഫോന്‍സ ഡയാലിസിസ് സെന്റര്‍. കുടിയേറ്റ മലയോര മേഖലയില്‍ ആതുരശുശ്രൂഷാരംഗത്ത് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. ദൈവം അതിനുള്ള വഴികള്‍ തുറന്നുതരുമെന്നതിന് ഉദാഹരണമാണ് ഈ ഡയാലിസിസ് സെന്റര്‍.” – ബിഷപ് കൂട്ടിച്ചേര്‍ത്തു.
ജര്‍മ്മനിയില്‍ അജപാലന ശുശ്രൂഷ ചെയ്യുന്ന ഫാ. സാബു മഠത്തിക്കുന്നേലിന്റെ അഭ്യര്‍ത്ഥന പ്രകാരം ഡയാലിസിസ് മെഷീന്‍ വാങ്ങുന്നതിന് ധനസഹായം നല്‍കിയത് ജര്‍മ്മന്‍ സ്വദേശികളായ ജോസഫ്, മരിയ വോസ്‌റ്റെ എന്നിവരാണ്. മരിയ വോസ്‌റ്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. താമരശ്ശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ സിഒഡിയ്ക്കാണ് അല്‍ഫോന്‍സ ഡയാലിസിസ് സെന്ററിന്റെ നടത്തിപ്പ് ചുമതല.
വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, അല്‍ഫോന്‍സാ ഡയാലിസിസ് സെന്റര്‍ ഡയറക്ടര്‍ ഫാ. ജോണ്‍ ഒറവുങ്കര, മുക്കം മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ പി. ടി. ബാബു, തിരുവമ്പാടി ഫെറോന വികാരി ഫാ. തോമസ് നാഗപറമ്പില്‍, ഫാ. സാബു മഠത്തിക്കുന്നേല്‍, മരിയ വോസ്‌റ്റെ, വേനപ്പാറ ഇടവക വികാരി ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍, സിഒഡി ഡയറക്ടര്‍ ഫാ. ജോര്‍ജ് ചെമ്പരത്തി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോസ്, ക്യാംപ് ഡയറക്ടര്‍ ഫാ. മാത്യു തടത്തില്‍, മുക്കം സെന്റ് ജോസഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഡാലിയ എംഎസ്‌ജെ, വാര്‍ഡ് മെമ്പര്‍ രജിത എന്നിവര്‍ പ്രസംഗിച്ചു.