കുടുംബത്തെ താങ്ങുന്ന പിതാവ്

ഫാ. ജോസ് തച്ചില്‍ എസ്‌ജെ

‘അമ്മ’യെന്നാല്‍ അളന്ന് നല്‍കുന്നവളെന്നര്‍ത്ഥം. കരുതലോടെ ഓരോരുത്തരുടെയും പ്രായത്തിനും ആവശ്യത്തിനുമനുസരിച്ച് പകുത്തു നല്‍കുന്നവള്‍. പിതാവ് ആ കരുതലിന്റെ കാവലാളും ഉള്ളടക്കത്തിന്റെ ഉപാധിയും കരുതല്‍ ശേഖരമൊരുക്കുന്ന അധ്വാനിയുമാണ്.

ഹൃദയ മൂല്യങ്ങളെ ഊട്ടി വളര്‍ത്തുന്ന ‘മാതൃഭാവത്തെ’ ആഘോഷിക്കുന്ന (വാക്കുകളിലെങ്കിലും) കാലവും സംസ്‌കാരവുമാണ് നമ്മുടേത്. എന്നാല്‍ ഒരു കുടുംബത്തിന്റെ ജീവന്റെ സംരക്ഷകനും ഊന്നുമായ ‘പിതൃഭാവത്തെ’ കാണാതെ പോകുകയോ അതിന്റെ പ്രാധാന്യത്തെ തമസ്‌കരിക്കുകയോ ‘പിതൃശിക്ഷണത്തെ’ അപ്പാടെ ആക്ഷേപിക്കുകയോ ചെയ്യുന്ന കാലഘട്ടം കൂടിയാണിത്.

പുരുഷപരിപ്രേക്ഷ്യമെന്ന് ഇകഴ്ത്തപ്പെടാന്‍ ഇടയുണ്ടെങ്കിലും ഈ കാലഘട്ടത്തിന്റെ മൂല്യശോഷണത്തിനും വ്യതിചലനത്തിനും പുതിയ തലമുറയുടെ തരക്കേടുകള്‍ക്കും പ്രധാനമായ ഒരു കാരണം കുടുംബങ്ങളില്‍ പിതാവ് എന്ന സത്യത്തെ വേണ്ടത്ര ഗൗരവത്തോടെ കാണാത്തതും, പിതൃത്വത്തിന്റെ പ്രേരക-ശാസന നിയോഗത്തെ ഉത്തരവാദിത്വത്തോടെ നിറവേറ്റാത്തതുമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

പിതാവ് കുടുംബത്തിനായി കരുതല്‍ ശേഖരമൊരുക്കുന്നവനാണ്, കുടുംബക്ഷേമത്തിനായി അധ്വാനിക്കുന്നവനാണ്, കുടുംബത്തിന്റെ സംരക്ഷകനാണ്, കുടുംബത്തിന് ഗുരുവാണ്, ജീവിതത്തിന്റെ ദൃഷ്ടാന്തമാണ്, അടിസ്ഥാന സ്വഭാവരൂപീകരണത്തിന് ഉടമയായ കുലപതിയാണ്, കുടുംബത്തിന്റെ സുഹൃത്താണ്, കുടുംബത്തിലെ അധ്യാത്മിക ആചാര്യനാണ്, കുടുംബത്തിന്റെ നിഷ്‌കര്‍ഷയുള്ള ശിക്ഷകനാണ്. ഇവയിലേതെങ്കിലും ഒന്ന് അല്ലാതാവുകയോ, അധികമാവുകയോ ചെയ്താല്‍ കുടുംബത്തിന് ആയിത്തീരേണ്ടുന്ന നിയോഗമാകാന്‍ പിതാവിന് സാധിക്കാതെ വരും. ഇത് കുടുംബശിഥിലീകരണത്തിന് ഇടയാക്കാം. അതുകൊണ്ട് തന്നെ ഒരു കുടുംബത്തിന്റെ നന്മയ്ക്കും നാശത്തിനും കാരണമാകാവുന്ന അതീവ ഗൗരവതരമായ ഉത്തരവാദിത്വമാണ് കുടുംബനാഥന്റേത്.

വീടിന്റെ അന്തരീക്ഷത്തെ തീരുമാനിക്കുന്ന പ്രബലമായ അദൃശ്യ സാന്നിദ്ധ്യമാണ് ഗൃഹനാഥന്‍. അതില്‍ സ്‌നേഹത്തിന്റെ തെളിനീരൊഴുക്കി പിതൃശാസനകളെ കുടുംബത്തിന്റെ ജീവിത മാനദണ്ഡമാക്കി ഫലവത്താക്കുന്നത് അമ്മയും.

കുടുംബത്തിന്റെ അടിസ്ഥാന നിയമങ്ങളെ രൂപീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക ഗൃഹനാഥന്റെ പ്രഥമമായ കടമയാണ്. ആ അന്തരീക്ഷവും ശാസനാശിക്ഷണവുമാണ് മക്കളുടെ സ്വഭാവരൂപീകരണത്തിന്റെ ഉള്ളൊരുക്കവും ആധാരവും. ഈ ഉത്തരവാദിത്വത്തില്‍ വരുത്തുന്ന വീഴ്ച്ചയാണ് കുഞ്ഞുങ്ങളുടെ സ്വഭാവ ദൂഷ്യങ്ങളിലേക്കും ജീവിതത്തിന്റെ കെടുതികളിലേക്കും നയിക്കുന്നത്.

ശിക്ഷണമാണ് പിതാവിന്റെ കടമയെന്ന് വിശുദ്ധ ഗ്രന്ഥം ആവര്‍ത്തിച്ചുറപ്പിക്കുന്നതും അതുകൊണ്ടു തന്നെയാണ്. ‘മക്കളെ കര്‍ത്താവിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും വളര്‍ത്തുക’ (എഫേ.6:4) വിശുദ്ധ പൗലോസ് ശ്ലീഹ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

അപ്പന്റെ ഉറപ്പുള്ള വാക്കുകളാണ് നമ്മെ ഇന്നത്തെ നാമാക്കിയത്. ഓരോ കുടുംബത്തിനും ചട്ടവും ചിട്ടകളുമുണ്ട്. അത് പറഞ്ഞു തരികയും അനുസരിപ്പിക്കുകയും ചെയ്തിരുന്ന ചെറുപേടിയും സ്‌നേഹവും ഇടകലര്‍ന്ന ചൂരല്‍ കക്ഷായങ്ങളാണ് നമ്മുടെ ഇന്നത്തെ ആരോഗ്യപരമായ സ്വഭാവങ്ങള്‍ക്കാധാരം. സ്വഭാവ ദൂഷ്യം, ചീത്ത കൂട്ടുകെട്ടുകള്‍, മോശം ശീലങ്ങള്‍ തുടങ്ങിയ പിശാചുക്കളെ ബന്ധിച്ചിരുന്ന, പുറത്താക്കിയിരുന്ന, ശാസനയുടെ കടുപ്പമുള്ള സ്വരമായിരുന്നത്. അടിയുടെ ചൂടില്‍ പുളയുമ്പോഴും തല്‍ക്കാലത്തെ ദേഷ്യത്തിനും സങ്കടത്തിനുമപ്പുറം ആ വാത്സല്യത്തിന്റെ ഓര്‍മകളുടെ, സൗഖ്യലേപനത്തിന്റെ തഴുകലുണ്ടായിരുന്നു മനസില്‍. ശിക്ഷിച്ചതുകൊ ണ്ട് ‘സ്‌നേഹമില്ലാത്ത’വന്‍ എന്ന തോന്നല്‍ ഒരിക്കലുമുണ്ടായിരുന്നില്ല. ഒരു പക്ഷേ കാര്‍ക്കശ്യ-വാത്സല്യ സ്‌നേഹ പ്രവാഹത്തിന്റെ അസാന്നിധ്യമാണ് പുത്തന്‍ തലമുറയെ ഗ്രസിച്ചിരുക്കുന്ന പുഴുക്കുത്തുകളുടെ കാരണവും.

പകലന്തിയോളം കുടുംബത്തിനായി അദ്ധ്വാനിക്കുന്ന ഗൃഹനാഥന്റെ അധികാരത്തിന്റെ ഉറവിടം ആത്മദാനത്തില്‍ നിന്നുണരുന്ന വിശ്വാസയോഗ്യമായ ധാര്‍മികതയാണ്. അതുകൊണ്ടുതന്നെ പിതാവിന്റെ ശാസനയ്ക്ക് കാതോര്‍ക്കാന്‍ മറ്റുള്ളവര്‍ക്കൊക്കെയും ദൈവദത്തമായ ഉത്തരവാദിത്വമുണ്ട്.

അപ്പന്‍ കുടുംബത്തിലെ പ്രവാചക ശബ്ദമാണ്. നേരുചൊല്ലിക്കൊടുക്കുന്ന, നാമാവേണ്ടത് നമ്മെ ഓര്‍മിപ്പിക്കുന്ന, ലക്ഷ്മണരേഖ ലംഘിക്കുന്നവരെ ശാസിച്ച് വകതിരിവിലേക്ക് നടത്തുന്ന കര്‍ക്കശ സ്വരമാവണം അത്. ദൈവത്തിന് നമ്മെപ്പറ്റിയുള്ള പദ്ധതി വെളിപ്പെടുത്തുന്ന, ആ വഴിയില്‍ പാഥേയമാകുന്ന വാത്സല്യത്തിന്റെ നിയന്ത്രണം കൂടിയാണ് പിതാവ്. മക്കളെ തളര്‍ത്താതെ ആത്മവിശ്വാസം വളര്‍ത്തി അവനെ വളര്‍ത്തുക പ്രധാനം.

വീഴ്ച്ചയില്ലാത്തവനല്ല വിശുദ്ധന്‍ എന്ന തിരിച്ചറിവിലൂടെ പലയാവര്‍ത്തി വീണിട്ടും ക്ഷമാപൂര്‍വ്വം താങ്ങി, തുണച്ച് കൈകൊടുത്ത സ്‌നേഹത്തിന്റെ കരുതലാണത്. രക്ഷിതാവാണ് അദ്ദേഹമെന്നര്‍ത്ഥം.

ജീവിക്കേണ്ടതെങ്ങിനെയെന്ന ദൃഷ്ടാന്തമാണ് പിതാവ്. എങ്ങിനെയെന്ന് പറഞ്ഞു കൊടുക്കുകയല്ല, ജീവിച്ച് ജീവിതം പഠിപ്പിക്കുന്ന ജീവസന്ദേശമാണ് അപ്പച്ചന്‍. അതുകൊണ്ടാണ് മകന്‍ ഒരു പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നത് അപ്പനും, അപ്പൂപ്പനും ചെയ്യുന്നത് കണ്ടു പഠിച്ചിട്ടാണ് എന്ന് മനഃശാസ്ത്രം കരുതുന്നതും. ഈ സ്വാധീനതയെക്കുറിച്ചുള്ള അജ്ഞതയാണ് കുഞ്ഞുങ്ങളുടെ തെറ്റായ സ്വഭാവ രൂപവല്‍കരണത്തിന് കാരണമാവുന്നതും.

‘കുഞ്ഞിന് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം അവനില്‍ വിശ്വസിക്കുകയാണ്’. പരമപ്രധാനമായ സത്യമാണത്്. പിതാവ് വിശ്വാസമര്‍പ്പിക്കുന്ന കുട്ടി ആ വിശ്വാസം കാക്കാന്‍ ജീവന്‍ കൊടുക്കും. അതവനെ അഭിമാനിയാക്കുകയും മറ്റുള്ളവരോട്് നന്നായി പെരുമാറാന്‍ അവരെ പ്രാപ്തനാക്കുകയും ചെയ്യും. തന്റേടവും, കാര്യപ്രാപ്തിയും, കരുതലുമുള്ള പിതാവിന്റെ സാനിധ്യം ആരോഗ്യകരമായ സ്വഭാവ രൂപവല്‍ക്കരണത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. തന്റെ ശക്്തികളെ ആത്മവിശ്വാസത്തോടെ അന്വേഷിക്കാനും, പരീക്ഷിച്ചുറപ്പിക്കാനും അവന് ലഭിക്കുന്ന വിശ്വാസം അവനെ ശക്തനാക്കുന്നു. കുഞ്ഞുങ്ങളുടെ വ്യക്തിത്വവികാസത്തിന്റെ പരാധീനതകളുടെ മൂലകാരണം ഇക്കാര്യങ്ങളിലുള്ള വീഴ്ചയാണ്. അമ്മ എത്ര കഴിവുറ്റവരായിരുന്നാലും ഇക്കാര്യത്തില്‍ അപ്പന് പകരമാവില്ല.

‘കുട്ടികളുടെ ഏറ്റവും പ്രധാനമായ ആവശ്യം പിതാവിന്റെ സാന്നിധ്യമാണ്’ (സിഗമണ്ട് ഫ്രോയിഡ്്) എന്ന മനഃശാസ്ത്ര ഉള്‍ക്കാഴ്ച്ചയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.

പിതൃഭാവത്തിന്റെ ‘അധീശത്വ തലങ്ങളെ’ തിരസ്‌കരിക്കുമ്പോഴും പിതാവിന്റെ സ്വഭാവരൂപവല്‍കരണപരമായ ഉത്തരവാദിത്വങ്ങളെ ഗൗരവമായി തിരിച്ചറിഞ്ഞ് ശാക്തീകരിച്ചാലേ ദൈവ-മനുഷ്യോത്മുഖമായ മൂല്യങ്ങളുള്‍ക്കൊള്ളുന്ന നല്ല മനുഷ്യനെ വാര്‍ത്തെടുക്കാന്‍ നമുക്കാവൂ.

Exit mobile version