ഒക്ടോബര്‍, ജപമാല റാണിക്ക് പ്രതിഷ്ഠിതമായ മാസം. ഈ നാളില്‍ സഭാമക്കള്‍ ജപമാല ചൊല്ലി പ്രത്യേകമാംവിധം പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടുന്നു. സഹരക്ഷക, അഭിഭാഷക, ലോകമധ്യസ്ഥ, സ്ത്രീകളില്‍ ഭാഗ്യവതി തുടങ്ങി നിരവധി വിശേഷണങ്ങള്‍ അമ്മയ്ക്ക് സ്വന്തം.
‘ഇതാ കര്‍ത്താവിന്റെ ദാസി അവിടുത്തെ വചനം എന്നില്‍ നിറവേറട്ടെ’ എന്ന സമര്‍പ്പണം അമ്മയുടെ ജീവിതത്തിന്റെ ഊടും പാവുമാണ്. സഹനത്തിന്റെ കരകാണാകടലില്‍ ആയിത്തീരുമ്പോഴും ഇടറി വീഴാതെ അമ്മയെ നയിച്ചത് ‘വിശ്വാസം’ എന്ന നങ്കൂരമാണ്. ദൈവവചനം ഹൃദയത്തില്‍ സൂക്ഷിക്കുകയും അതിനെക്കുറിച്ചു ധ്യാനിക്കുകയും അതില്‍ നിന്ന് ശക്തി ആര്‍ജിക്കുകയും ചെയ്തതാണ് അമ്മയുടെ വിശ്വാസ ജീവിതം. അവിടെ സമര്‍പ്പണമുണ്ട്, അടിയറവെക്കലുണ്ട്. തന്നെ വിളിച്ചവന്‍ ശക്തനാണെന്നും, വിശ്വസ്തനാണെന്നും, അവിടുത്തേക്ക് എല്ലാം സാധ്യമാണെന്നും ഈ വിശ്വാസം അവളെ പഠിപ്പിച്ചു. ‘ഇതാ കര്‍ത്താവിന്റെ ദാസി’ എന്ന പ്രത്യുത്തരം തന്റെ ഇഷ്ടങ്ങളുടെ മരണപത്രത്തിലെ ഒപ്പുവയ്ക്കലായിരുന്നു. ദാസി-യജമാനന്റെ ഹിതം മാത്രം അന്വേഷിക്കുകയും നിറവേറ്റുകയും ചെയ്യുന്നവളും അതില്‍ ആനന്ദം കണ്ടെത്തുന്നവളുമാണ്. അമ്മയുടെ സമര്‍പ്പണത്തിന്റെ ആഴം എല്ലാ യുക്തിക്കും ബുദ്ധിക്കും അതീതമാണ് ദൈവഹിതത്തിന്റെ വെളിപ്പെടുത്തലുകള്‍ എല്ലാം പൂര്‍ണമായി മനസിലാക്കാത്തപ്പോഴും ഒന്നിനെക്കുറിച്ചും പരാതിയോ പരിഭവമോ പ്രകടിപ്പിക്കാതെ, അവയെ അറിയാന്‍ തിടുക്കം കൂട്ടാതെ, ദൈവതിരുമനസ്സിനോട് പൂര്‍ണമായി സഹകരിക്കുന്ന വ്യക്തിത്വമാണ് നാം കാണുന്നത്.
വിശുദ്ധരുടെ ഓര്‍മ്മകള്‍ അമാനുഷിക തലങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുമ്പോള്‍ പരിശുദ്ധ അമ്മയെ സംബന്ധിച്ചിടത്തോളം അനുനിമിഷം ദൈവഹിതത്തിന് കീഴ്‌വഴങ്ങി ജീവിച്ചു എന്നതൊഴിച്ചാല്‍ തികഞ്ഞ സാധാരണത്വം ആ ജീവിതത്തിന്റെ സവിശേഷതയാണ്. മറിയം തന്നെതന്നെ പരിശുദ്ധാത്മാവിന്റെ ആലയമാക്കി മാറ്റി. തന്റെ അസ്തിത്വത്തിലേക്ക് ഈശോയെ നിറച്ചു.
മര്‍ത്ത്യന്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ‘നിത്യത’ മാത്രമാണ് ജീവിതത്തിന്റെ അന്ത്യം. നിത്യതയെ പരിപോഷിപ്പിക്കുന്നവ, ഭൗതീക ജീവിതത്തില്‍ ദൈവഹിതാന്വേഷണവും അതിന്റെ നിര്‍വഹണവുമാണെന്ന് ജീവിതം സാക്ഷിയാക്കി അമ്മ തെളിയിച്ചു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വിശ്വാസം, നിത്യത, ദൈവഹിതം എന്നിവ എങ്ങനെ വ്യക്തി ജീവിതത്തില്‍ യാഥാര്‍ത്യമാക്കാം എന്നതിന്റെ ഏറ്റവും ലളിതമായ പാഠപുസ്തകമാണ് പരിശുദ്ധ അമ്മ.
അജ്ഞതയുടെ അന്ധകാരത്തില്‍ കാലിടറാതെ ഭൗതീകതയുടെ കുത്തെഴുക്കില്‍ ഒഴുകിയകലാതെ ആധുനിക തലമുറയുടെ മാര്‍ഗ്ഗദര്‍ശിയും നിത്യസംരക്ഷകയുമായി പരിശുദ്ധ അമ്മ കൂടെയുണ്ടായിരിക്കട്ടെ. എന്നും എക്കാലവും നമുക്ക് അമ്മയോട് ചേര്‍ന്നു നില്‍ക്കാം. അമ്മ നമ്മെയെല്ലാവരെയും ഈശോയില്‍ ചേര്‍ത്തു നിര്‍ത്തട്ടെ.
തയ്യാറാക്കിയത്: സിസ്റ്റര്‍ കാര്‍മ്മലറ്റ് എം.എസ്.ജെ.