വീട്ടു മുറ്റത്തോ മട്ടുപ്പാവിലോ വച്ചിട്ടുള്ള സ്റ്റാന്റില്‍ പിടിപ്പിച്ച ഹോള്‍ഡറുകളില്‍ പത്തിരുപത് ചട്ടികള്‍. അതില്‍ നിറയെ കൃഷി. ഒന്നോ രണ്ടോ മീറ്റര്‍ സ്ഥലം മാത്രം ഉപയോഗിച്ച് ഒരു വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി കൃഷി ചെയ്യാന്‍ സഹായിക്കുന്നതാണ് ഈ പുതിയ രീതി. ടവര്‍ കൃഷി എന്ന ഗണത്തിലെ ഏറ്റവും നൂതന മാതൃകയാണിത്. കൃഷി ചെയ്യാന്‍ തീരെ സ്ഥല സൗകര്യമില്ലാത്തവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഇത്.
ചെടിച്ചട്ടികളെ പ്രത്യേകമായി ഉണ്ടാക്കിയ സ്റ്റാന്റില്‍ മുകളില്‍ മുകളിലായി ഉറപ്പിച്ചു നിര്‍ത്തുന്ന രീതിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒന്നോ രണ്ടോ സ്റ്റാന്റ് ഉണ്ടെങ്കില്‍ ഒരു വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്യാം. കൂടിയാല്‍ ഒന്നര മീറ്റര്‍ ചുറ്റളവ് സ്ഥലം മതി ഒരു സ്റ്റാന്റ് വയ്ക്കാന്‍. നിലത്ത് ഉറച്ചു നില്‍ക്കുന്ന വട്ടത്തിലുള്ള ഫ്രെയിമില്‍ പിടിപ്പിച്ച രണ്ട് മീറ്റര്‍ ഉയരമുള്ള ഇരുമ്പ് ദണ്ഡ്. ചട്ടികള്‍ ഇറക്കി വയ്ക്കാവുന്ന വലിപ്പമുള്ള ഹോള്‍ഡറുകള്‍ വിലങ്ങനെ വിലങ്ങനെ ഉറപ്പിക്കുകയാണ് ചെയ്യുക. ഒരു നിരയില്‍ ആറു മുതല്‍ എട്ടു ചട്ടികള്‍ വരെ വയ്ക്കാം. ഒരു നിര കഴിഞ്ഞാല്‍ രണ്ടോ മൂന്നോ അടി ഉയരത്തില്‍ അടുത്ത നിര ഹോള്‍ഡറുകള്‍ പിടിപ്പിക്കും. ഇത്തരത്തില്‍ നാലോ അഞ്ചോ നിര ഹോള്‍ഡര്‍ സെറ്റുകള്‍ പിടിപ്പിക്കാം.
ഓരോ ഫ്രെയിമിലെ ഹോള്‍ഡറിലും ചട്ടികള്‍ ഇറക്കി വയ്ക്കാം. കനം കുറഞ്ഞ ചകിരിച്ചോര്‍ ചേര്‍ന്ന പോട്ടിങ് മിശ്രിതമാണ് ചട്ടികളില്‍ നിറയ്‌ക്കേണ്ടത്. ചീര, വെണ്ട, വഴുതന, പച്ചമുളക്, മല്ലി, തക്കാളി, കുറ്റിപ്പയര്‍ തുടങ്ങിയവ ഈ വെജിറ്റബിള്‍ ടവറില്‍ കൃഷി ചെയ്യാം. ടെറസിലാണെങ്കില്‍ പാരപ്പെറ്റില്‍ ഉറപ്പിച്ചു നിര്‍ത്തിയ കമ്പിയിലും ഫ്രെയിമുകള്‍ ഉറപ്പിക്കാം. അധികം ഭാരമില്ലാത്ത പ്ലാസ്റ്റിക് ചട്ടികള്‍ വേണം ഉപയോഗിക്കാന്‍. എല്ലാ വശത്തും ഭാരം ഒരുപോലെയാകാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ സ്റ്റാന്റ് മറിഞ്ഞു പോകും.