മധുരിക്കും ചെറുതേന്‍ ബിസിനസ്

ചെറുതേനിന് ഇന്ന് വന്‍ ഡിമാന്റാണ്. നല്ല വിലയും ആവശ്യക്കാരെറെയും ഉണ്ടെങ്കിലും അത്രയും ഉല്‍പന്നം വിപണിയിലെത്തിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. വിപണിയിലെത്തുന്ന ചെറുതേനില്‍ കൂടുതലും വ്യാജനാണുതാനും.

പഴയ കെട്ടിടങ്ങളുടെയും തറയിലും മരപ്പൊത്തുകളിലുമൊക്കെയാണ് ചെറുതേന്‍ കൂടുകള്‍ കാണപ്പെടുക. അവിടെ നിന്ന് തറ പൊളിച്ചോ മരം മുറിച്ചോ ഒക്കെയാണ് തേനീച്ചകളെ കൂട്ടിലാക്കുന്നത്. ചിലപ്പോഴെങ്കിലും അനുകൂല സാഹചര്യമല്ലെന്നു കണ്ട് തേനീച്ചകള്‍ ഇത്തരം കൂട് ഉപേക്ഷിച്ച് പോകാറുമുണ്ട്. എന്നാല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ ഇത്തരം ചെറുതേനീച്ച കോളനികളെ നശിച്ചു പോകാത്ത വിധത്തില്‍ മറ്റൊരു കൂട്ടിലേക്ക് മാറ്റാനാകും.

ചെറുതേനീച്ചയുടെ കൂടുണ്ടാക്കിയ സ്ഥലം അടര്‍ത്തി മാറ്റാന്‍ പറ്റുന്നതാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് ചെറുതേനീച്ച ഉണ്ടാക്കിയ പ്രവേശനക്കുഴല്‍ ശ്രദ്ധിച്ച് കേടുപാടു വരാതെ എടുത്ത് മാറ്റിവയ്ക്കുകയാണ്. ചെറുതേനീച്ചയുടെ കോളനി വളരെ ശ്രദ്ധിച്ച് പൊളിക്കുക. കൂട്ടിലെ ഈച്ചയ്ക്കോ മുട്ടയ്ക്കോ ക്ഷതം വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മരത്തിന്റെ പെട്ടി, മുളങ്കൂട്, മണ്‍കലം പോലുള്ള പുതിയ കൂട്ടിലേക്ക് മുട്ട, പൂമ്പൊടി, തേനറ എന്നിവയെല്ലാം എടുത്തുവയ്ക്കുക. റാണി ഈച്ചയെ കിട്ടുകയാണെങ്കില്‍ കൈകൊണ്ട് തൊടാതെ ചെറിയ പ്ലാസ്റ്റിക് കൂടോ കടലാസോ ഉപയോഗിച്ച് പിടിച്ച് പുതിയ കൂട്ടില്‍ വയ്ക്കുക. പുതിയ കൂടിന്റെ ദ്വാരത്തില്‍ അടര്‍ത്തി മാറ്റിവച്ച പ്രവേശനക്കുഴല്‍ ഒട്ടിക്കുക. ഈച്ചകള്‍ മുഴുവനും കയറിക്കഴിഞ്ഞ് സന്ധ്യയായാല്‍ യോജ്യമായ സ്ഥലത്തേക്കു മാറ്റിവച്ച് വളര്‍ത്താം.

പൊളിക്കാന്‍ കഴിയാത്ത സ്ഥലത്താണെങ്കില്‍ ഈച്ചകളെ സ്വാഭാവിക രീതിയില്‍ പ്രവേശിപ്പിക്കുന്നതിന് പറ്റിയ കൂട് വയ്ക്കേണ്ടിവരും. അതിന് ആദ്യം പ്രവേശനക്കുഴല്‍ അടര്‍ത്തിയെടുത്തു മാറ്റിവയ്ക്കുക. ഒരടി ഉയരമുള്ള മണ്‍കലമെടുത്ത് അടിയില്‍ ആണികൊണ്ട് ചെറിയ ദ്വാരമിടുക. ചെറുതേനീച്ചക്കൂടിന്റെ പ്രവേശനദ്വാരം നടുക്കുവരുന്ന രീതിയില്‍ മണ്‍കലം ഭിത്തിയോടോ തറയോടോ ചേര്‍ത്തു വയ്ക്കണം. മണ്‍കലത്തില്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെ മാത്രമേ ഈച്ച അകത്തേക്കും പുറത്തേക്കും പോകാന്‍ പാടുള്ളൂ.

അരിക് ഭാഗം മുഴുവന്‍ ചെളിയോ മെഴുകോ കൊണ്ട് അടയ്ക്കണം. ആറുമാസം കഴിയുന്നതോടെ കലത്തില്‍ പുതിയ കോളനി ഉണ്ടായിട്ടുണ്ടാകും. സന്ധ്യാസമയത്ത് മണ്‍കലം ഇളക്കിയെടുത്ത് വായ്ഭാഗം അടച്ച് യോജ്യമായ സ്ഥലത്ത് മാറ്റിവയ്ക്കാം.

ചില സ്ഥലങ്ങളില്‍ മണ്‍കലം വയ്ക്കാന്‍ സാധിച്ചെന്നു വരില്ല. അങ്ങനെയുള്ള സ്ഥലത്ത് ട്യൂബ് വഴി കെണിക്കൂട് വയ്ക്കേണ്ടി വരും. ചെറുതേനീച്ചക്കൂടിന്റെ പ്രവേശനദ്വാരം അടര്‍ത്തിമാറ്റി വയ്ക്കുക. ആ ദ്വാരത്തില്‍ ഒരു ഫണല്‍ അല്ലെങ്കില്‍ സുതാര്യമായ പ്ലാസ്റ്റിക് പൈപ്പ് (അഞ്ച് ഇഞ്ച്) ഘടിപ്പിക്കുക. രണ്ടുദിവസം ഈച്ച ഈ ഫണലിലൂടെ മാത്രമേ പുറത്തുപോകാന്‍ പാടുള്ളൂ.

രണ്ടുദിവസം കഴിഞ്ഞ് 14-15 ഇഞ്ച് നീളവും നാല് ഇഞ്ച് വീതിയും കാല്‍ ഇഞ്ച് കനവുമുള്ള ഒരു മരത്തിന്റെ കൂടുണ്ടാക്കി രണ്ടുവശങ്ങളിലും ഓരോ ദ്വാരമിടുക. ഒന്നര അടി നീളവും അര ഇഞ്ച് വണ്ണവുമുള്ള പ്ലാസ്റ്റിക് ട്യൂബെടുത്ത് ഒരറ്റം ഫണലിന്റെ വാല്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് പൈപ്പില്‍ ഘടിപ്പിക്കുക.

പ്ലാസ്റ്റിക് ട്യൂബിന്റെ മറ്റേ അറ്റം മരത്തിന്റെ കൂട്ടിലെ ദ്വാരത്തില്‍ രണ്ടിഞ്ച് ഉള്ളിലേക്കു തള്ളിവയ്ക്കുക. മരക്കൂടിന്റെ മറുവശത്തെ ദ്വാരത്തില്‍ പ്രവേശനക്കുഴല്‍ ഉറപ്പിച്ചു വയ്ക്കുക. ഈച്ച ഈ പ്രവേശനക്കുഴലിലൂടെ മരത്തിന്റെ കൂട്ടിലേക്കു കയറി പ്ലാസ്റ്റിക് ട്യൂബിലൂടെ ഭിത്തിയിലേക്കോ തറയിലേക്കോ പ്രവേശിക്കും. കൂടിന്റെ മുകളില്‍ വെയിലോ മഴയോ തട്ടാതെ ശ്രദ്ധിക്കണം.

ആറു മാസം കഴിഞ്ഞ് പെട്ടി തുറന്നുനോക്കി പെട്ടിയില്‍ റാണി, മുട്ട, പൂമ്പൊടി, തേനറ ഉണ്ടെങ്കില്‍ സന്ധ്യാസമയത്ത് ട്യൂബ് പെട്ടിയില്‍ നിന്നു വേര്‍പെടുത്തി ആ ദ്വാരം അടച്ചശേഷം യോജ്യമായ സ്ഥലത്തേക്കു മാറ്റിവയ്ക്കാം.

വാഴയ്ക്കും ‘കോളര്‍’

വാഴക്കര്‍ഷകര്‍ക്ക് കൃഷി നാശം വരാതെ സഹായിക്കുന്ന
കണ്ടുപിടുത്തമായ കോളര്‍ റിങ്ങുകളെ പരിചയപ്പെടാം

മുടക്കുന്ന പണത്തിന് താങ്ങ് കൊടുത്തില്ലെങ്കില്‍ സര്‍വവും നഷ്ടത്തിലാക്കുന്ന കൃഷിയാണ് വാഴക്കൃഷി. യഥാസമയം താങ്ങു കൊടുത്തില്ലെങ്കില്‍ ഒരു വരള്‍ച്ച വന്നാല്‍, നല്ലൊരു കാറ്റു വീശിയാല്‍ സര്‍വതും നിലം പതിക്കും. ഒപ്പം വായ്പയെടുത്തും പണയം വച്ചും നടത്തിയ വാഴക്കൃഷി തിരിച്ചു പിടിക്കാനാകാത്ത വിധം നഷ്ടത്തിലാകുകയും ചെയ്യും.

ഒന്നോ രണ്ടോ വാഴകളല്ല, നൂറും ആയിരവും വാഴകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഈ വാഴകള്‍ മുഴുവന്‍ താങ്ങ് കൊടുത്ത് നിര്‍ത്താന്‍ ഏറെ കഷ്ടപ്പെടേണ്ടി വരും. അത്രയും താങ്ങു കാലുകള്‍ ലഭിക്കാന്‍ മുളയോ, കമുകോ സംഘടിപ്പിക്കാനുള്ള പെടാപ്പാട് അതിലേറെ. താങ്ങു കാലുകളാകട്ടെ ഒന്നോ രണ്ടോ വര്‍ഷത്തില്‍ കൂടുതല്‍ ഈടു നില്‍ക്കില്ല. ഈ വരള്‍ച്ചക്കാലത്ത് ശരിയായ നന ലഭിക്കാതെ ഒടിഞ്ഞു വീഴുന്ന വാഴകളേറെ. ഇതു കഴിഞ്ഞ് മഴ തുടങ്ങിയാലോ… കാറ്റടിച്ച് വീണു പോകുന്നവ വേറെ. ഇപ്പോള്‍ വീതിയുള്ള പ്ലാസ്റ്റിക് നാട ഉപയോഗിച്ച് ഓരോ വാഴയും വലിച്ചു കെട്ടുന്ന രീതി പ്രചാരത്തിലു ണ്ട ്. നാലു വശത്തും ചെറിയ കുറ്റികളടിച്ച് അതിലാണ് വലിച്ചു കെട്ടുക. ഇത് പ്രായോഗികമാണെങ്കിലും വലിയ കാറ്റില്‍ വാഴകള്‍ വീണു പോകന്നത് സാധാരണമാണ്.

ഈ പ്രതിസന്ധിക്ക് പരിഹാരമായിട്ടാണ് കോളര്‍ റിങ്ങുകളുടെ രംഗപ്രവേശം. ആറേഴു മാസം പ്രായമായ വാഴകളുടെ ഇലക്കവിളുകളെ ചേര്‍ത്ത് ബന്ധിപ്പിക്കാന്‍ പറ്റുന്ന രീതിയിലാണ് കോളര്‍ റിങ്ങുകള്‍ ഉറപ്പിക്കുക. പിന്നീട് ഈ റിങ്ങുകളെ പരസ്പരം നാലു ഭാഗത്തും കയറുകളുപയോഗിച്ച് വലിച്ചു കെട്ടുന്നു. വാഴത്തോട്ടത്തിലെ ഏറ്റവും അവസാന വരിയിലുള്ള വാഴകളിലെ റിങ്ങുകള്‍ വാഴത്തോട്ടത്തിനു ചുറ്റുമുള്ള തെങ്ങുകളിലോ ചെറിയ കമ്പുകള്‍ തറച്ച് അതിലോ വലിച്ചു കെട്ടുന്നു. ഇപ്രകാരം ചെയ്യുന്നതു മൂലം ശക്തമായ കാറ്റില്‍ പോലും വാഴ ഒടിഞ്ഞു വീഴില്ല. ഒരു വാഴയ്ക്ക് മറ്റൊന്ന് എന്ന രീതിയില്‍ ഒരു തോട്ടം മുഴുവന്‍ ഒന്നായി പരസ്പരം സംരക്ഷിക്കുന്നു. തടതുരപ്പന്‍ പുഴുവിന്റെ ആക്രമണമുണ്ടെങ്കില്‍പ്പോലും വാഴ ഒടിഞ്ഞു വീഴില്ല. അലൂമിനിയം കോട്ടിങ്ങുള്ള കമ്പി കൊണ്ടാണ് കോളര്‍ റിങ്ങുകള്‍ നിര്‍മിക്കുന്നത്. 10 വര്‍ഷത്തോളം കേടു കൂടാതെ ഉപയോഗിക്കാം.

ടവര്‍ കൃഷി പുതിയ ട്രെന്‍ഡ്

വീട്ടു മുറ്റത്തോ മട്ടുപ്പാവിലോ വച്ചിട്ടുള്ള സ്റ്റാന്റില്‍ പിടിപ്പിച്ച ഹോള്‍ഡറുകളില്‍ പത്തിരുപത് ചട്ടികള്‍. അതില്‍ നിറയെ കൃഷി. ഒന്നോ രണ്ടോ മീറ്റര്‍ സ്ഥലം മാത്രം ഉപയോഗിച്ച് ഒരു വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി കൃഷി ചെയ്യാന്‍ സഹായിക്കുന്നതാണ് ഈ പുതിയ രീതി. ടവര്‍ കൃഷി എന്ന ഗണത്തിലെ ഏറ്റവും നൂതന മാതൃകയാണിത്. കൃഷി ചെയ്യാന്‍ തീരെ സ്ഥല സൗകര്യമില്ലാത്തവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഇത്.

ചെടിച്ചട്ടികളെ പ്രത്യേകമായി ഉണ്ടാക്കിയ സ്റ്റാന്റില്‍ മുകളില്‍ മുകളിലായി ഉറപ്പിച്ചു നിര്‍ത്തുന്ന രീതിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒന്നോ രണ്ടോ സ്റ്റാന്റ് ഉണ്ടെങ്കില്‍ ഒരു വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്യാം. കൂടിയാല്‍ ഒന്നര മീറ്റര്‍ ചുറ്റളവ് സ്ഥലം മതി ഒരു സ്റ്റാന്റ് വയ്ക്കാന്‍. നിലത്ത് ഉറച്ചു നില്‍ക്കുന്ന വട്ടത്തിലുള്ള ഫ്രെയിമില്‍ പിടിപ്പിച്ച രണ്ട് മീറ്റര്‍ ഉയരമുള്ള ഇരുമ്പ് ദണ്ഡ്. ചട്ടികള്‍ ഇറക്കി വയ്ക്കാവുന്ന വലിപ്പമുള്ള ഹോള്‍ഡറുകള്‍ വിലങ്ങനെ വിലങ്ങനെ ഉറപ്പിക്കുകയാണ് ചെയ്യുക. ഒരു നിരയില്‍ ആറു മുതല്‍ എട്ടു ചട്ടികള്‍ വരെ വയ്ക്കാം. ഒരു നിര കഴിഞ്ഞാല്‍ രണ്ടോ മൂന്നോ അടി ഉയരത്തില്‍ അടുത്ത നിര ഹോള്‍ഡറുകള്‍ പിടിപ്പിക്കും. ഇത്തരത്തില്‍ നാലോ അഞ്ചോ നിര ഹോള്‍ഡര്‍ സെറ്റുകള്‍ പിടിപ്പിക്കാം.

ഓരോ ഫ്രെയിമിലെ ഹോള്‍ഡറിലും ചട്ടികള്‍ ഇറക്കി വയ്ക്കാം. കനം കുറഞ്ഞ ചകിരിച്ചോര്‍ ചേര്‍ന്ന പോട്ടിങ് മിശ്രിതമാണ് ചട്ടികളില്‍ നിറയ്‌ക്കേണ്ടത്. ചീര, വെണ്ട, വഴുതന, പച്ചമുളക്, മല്ലി, തക്കാളി, കുറ്റിപ്പയര്‍ തുടങ്ങിയവ ഈ വെജിറ്റബിള്‍ ടവറില്‍ കൃഷി ചെയ്യാം. ടെറസിലാണെങ്കില്‍ പാരപ്പെറ്റില്‍ ഉറപ്പിച്ചു നിര്‍ത്തിയ കമ്പിയിലും ഫ്രെയിമുകള്‍ ഉറപ്പിക്കാം. അധികം ഭാരമില്ലാത്ത പ്ലാസ്റ്റിക് ചട്ടികള്‍ വേണം ഉപയോഗിക്കാന്‍. എല്ലാ വശത്തും ഭാരം ഒരുപോലെയാകാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ സ്റ്റാന്റ് മറിഞ്ഞു പോകും.

മണ്ണില്ലാ കൃഷി!

‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്…’ ഉള്ളില്‍ ഗൃഹാതുരത്വത്തിന്റെ സ്മരണകള്‍ നിറയ്ക്കുന്ന ഈ പാട്ട് എങ്ങനെയും ഇത്തിരി മണ്ണ് സ്വന്തമാക്കുകയെന്ന മലയാളിയുടെ മോഹത്തെ ഉണര്‍ത്തുന്നതാണ്. കൃഷി ചെയ്യാന്‍ അല്‍പം മണ്ണ് സ്വന്തമായുള്ളവന്റെ അഭിമാനം പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്. എന്നാല്‍ വൈകാതെ മണ്ണില്‍ പൊന്നു വിളയിക്കുക എന്ന പ്രയോഗമൊക്കെ ചുരുട്ടിക്കൂട്ടി തട്ടിന്‍പുറത്ത് വയ്‌ക്കേണ്ടിവരും. ഇതാ മണ്ണില്ലാക്കൃഷിയെന്ന ആശയം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു. നാഴിയിടങ്ങഴി മണ്ണില്ല, എന്നാല്‍ പിന്നെ മണ്ണില്ലാ കൃഷി തന്നെ ശരണം എന്ന ലൈനിലാണ് ജപ്പാനും യുഎസുമൊക്കെ. ഫ്‌ളാറ്റ് സംസ്‌ക്കാരത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന മലയാളിയും നടന്നടുക്കുകയാണ് ഈ കൃഷിയിലേക്ക്. അതേ, കേരളത്തിലുമുണ്ട് ഈ കൃഷി രീതിക്ക് ഏറെ ആരാധകര്‍. അക്വാപോണിക്‌സ് എന്ന രീതിയാണ് കേരളത്തില്‍ പ്രചാരത്തിലെത്തിയിട്ടുള്ള കൃഷി മാര്‍ഗം. വെള്ളത്തെ ആശ്രയിച്ചാണ് അക്വാപോണിക്‌സ് രീതിയുടെ പ്രവര്‍ത്തനം. ഹൈഡ്രോപോണിക്‌സ് എന്നും ഇത് അറിയപ്പെടുന്നു.

വെള്ളത്തില്‍ വരച്ച വര എന്നൊക്കെ പറയും പോലെയാകുമോ വെള്ളത്തിലുള്ള ഈ കൃഷി എന്നു പേടിക്കേണ്ട. ഓരോ ചെടിയും പോഷകാംശം ആഗിരണം ചെയ്യുന്നതെങ്ങനെ എന്നു മനസ്സിലാക്കുമ്പോള്‍ സംശയമൊക്കെ താനേ മാറിക്കൊള്ളും. പോഷകങ്ങളുടെ ഒരു കലവറയാണ് മണ്ണ്. പക്ഷെ, ഇവ വലിച്ചെടുക്കുവാന്‍ വെള്ളം കൂടിയേ തീരൂ. പോഷകങ്ങള്‍ വെള്ളത്തില്‍ ലയിക്കുമ്പോഴാണ് ചെടി അവ ആഗിരണം ചെയ്യുന്നത്. എന്നാല്‍ പിന്നെ ഇടനിലക്കാരനായി മണ്ണിന്റെ ആവശ്യമുണ്ടോ? വെള്ളവും പോഷകവും പോരേ എന്ന് പത്തൊമ്പതാം നൂറ്റാണ്ടില്‍ ചിലര്‍ ചിന്തിച്ചതോടെ അക്വാപോണിക്‌സ് പിറന്നു.

സസ്യവളര്‍ച്ചയ്ക്ക് ആവശ്യമായ ഘടകങ്ങള്‍ വെള്ളത്തില്‍ ലയിപ്പിച്ച് വേരുകള്‍ വെള്ളത്തിലൂന്നി കൃഷി ചെയ്യുന്നതാണ് അക്വാപോണിക്‌സ്. മണ്ണില്‍ കൃഷി ചെയ്യുന്നതിനെക്കാള്‍ എട്ടിരട്ടിയെങ്കിലും വിളവ് കൂടുതല്‍ കിട്ടും അക്വാപോണിക്‌സ് രീതിയില്‍ എന്നാണ് ഇത് അനുവര്‍ത്തിച്ച് വിജയത്തിലെത്തിച്ച കര്‍ഷകരുടെ സാക്ഷ്യം. ചെടിക്കാവശ്യമായ പോഷകങ്ങള്‍ കൃത്യമായ അളവില്‍ നല്‍കാന്‍ ശ്രദ്ധിക്കണം എന്നു മാത്രം. അല്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. വളരെ ശ്രദ്ധയോടെയും ക്ഷമയോടെയും കൈകാര്യം ചെയ്യേണ്ട കൃഷി രീതിയാണിത്.

മീന്‍ വളര്‍ത്തുന്ന ഒരു കുളം. അതിന് സമീപം കരിങ്കല്‍ക്കഷണങ്ങള്‍ പോലുള്ള മാധ്യമം നിറച്ച സ്ഥലം. മീന്‍ കുളത്തില്‍ വെള്ളം പമ്പ് ചെയ്ത് ഈ കരിങ്കല്‍ക്കഷണങ്ങള്‍ പാകിയ സ്ഥലത്തേക്ക് എത്തിക്കാനുള്ള സംവിധാനം. ഇവിടെ നിന്ന് വെള്ളം തിരികെ കുളത്തിലേക്ക് ഒഴുക്കി വിടാനുള്ള ക്രമീകരണം. ഇവ ചേര്‍ന്നതാണ് അക്വാപോണിക്‌സ് രീതിയുടെ ലളിതമായ അരങ്ങൊരുക്കം. കരിങ്കല്‍ക്കഷണങ്ങള്‍ക്കു പകരം മണലോ, ചകിരിച്ചോറോ ചരലോ ഉപയോഗിച്ചും പരീക്ഷണങ്ങളാകാം. മീന്‍ വളര്‍ത്തു കേന്ദ്രങ്ങളില്‍ നിന്നു മത്സ്യങ്ങളുടെ വിസര്‍ജ്യങ്ങളടങ്ങിയ വളക്കൂറുള്ള വെള്ളമാണ് പമ്പു ചെയ്ത് എടുക്കുന്നത്. കല്‍ക്കഷണങ്ങള്‍ പാകിയ മേഖലയില്‍ ഈ വെള്ളം അരിച്ച് ശുദ്ധമാക്കപ്പെട്ട് വീണ്ടും കുളത്തിലേക്ക് തിരിച്ചെത്തുന്നു. കുളത്തില്‍ നിന്ന് വെള്ളം ഒഴുകുന്നിടത്താണ് മണ്ണില്ലാ കൃഷി നടത്തുക. ലവണങ്ങള്‍ അലിഞ്ഞു ചേര്‍ന്ന വെള്ളത്തില്‍ നിന്ന് സസ്യങ്ങള്‍ നേരിട്ട് വളം വലിച്ചെടുത്തുകൊള്ളും. പോഷകങ്ങള്‍ ലയിച്ചു ചേര്‍ന്ന ജലം എപ്പോഴും ചെടികളുടെ വേരുകളെ തഴുകിക്കൊണ്ടിരിക്കും. ചെടി മണ്ണില്‍ മുട്ടുന്നുപോലുമില്ല. വെള്ളം എപ്പോഴും പുനരുപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നതു മൂലം മീന്‍ വളര്‍ത്തല്‍ ആദായകരമാകുകയും ചെയ്യും. മല്‍സ്യങ്ങളെ വളര്‍ത്താതെ അക്വാപോണിക്‌സ് കൃഷി രീതിയില്‍ ഉപയോഗിക്കുന്ന ഉയര്‍ന്ന ഉല്‍പ്പാദന ശേഷിയുള്ള വളങ്ങള്‍ ജലശേഖരത്തില്‍ ലയിപ്പിച്ചും വെള്ളം ചെടികള്‍ക്ക് ചുവട്ടിലെത്തിക്കാം.

വമ്പിച്ച ഉല്‍പ്പാദനക്ഷമത തന്നെയാണ് അക്വാപോണിക്‌സിന്റെ ഏറ്റവും വലിയ ആകര്‍ഷണം. മണ്ണിലൂടെ പകരുന്ന രോഗങ്ങള്‍ ചെടിക്കുണ്ടാവുകയില്ലെന്നുറപ്പിക്കാം. ഉപയോഗിച്ച വളം പുനരുപയോഗിക്കാം. വിളവെടുപ്പ് എളുപ്പമാണ്. ഒരു സ്ഥലത്തു നിന്നു കൃഷി അപ്പാടെ മറ്റൊരു സ്ഥലത്തേക്കു മാറ്റാം. ചെടി ആരോഗ്യത്തോടെ വളരും. മേന്മകള്‍ ഒരുപാടാണ്. അക്വാപോണിക്‌സിന് പല വകഭേദങ്ങളുണ്ട്. പോഷകലായിനി മാത്രം ഉപയോഗിച്ചുള്ള രീതിയും വേരുകള്‍ ഉറപ്പിക്കാന്‍ മണലോ ചകിരിച്ചോറോ പോലുള്ള മാധ്യമങ്ങളുപയോഗിക്കുന്ന രീതിയുമുണ്ട്. ടെറസില്‍ കൃഷി ചെയ്യാനുദ്ദേശിക്കുന്നവര്‍ക്കും അക്വാപോണിക്‌സ് പരീക്ഷിക്കാവുന്നതാണ്.

മിക്ക കൃഷികള്‍ക്കും അക്വാപോണിക്‌സ് രീതി ഇണങ്ങുമെങ്കിലും വെള്ളരി, തണ്ണിമത്തന്‍, കാബേജ്, തക്കാളി തുടങ്ങിയവയാണ് ഏറ്റവും അധികം കൃഷി ചെയ്യപ്പെടുന്നത്. കിഴക്കന്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലും ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് ആവശ്യക്കാരേറെയാണ്. ഉയര്‍ന്ന ഉല്‍പ്പാദന ചെലവാണ് അക്വാപോണിക്‌സ് രീതിയ്ക്കുള്ള ഒരു പോരായ്മ. ഇതിനായി ഉപയോഗിക്കുന്ന വളങ്ങള്‍ക്ക് തീ വിലയാണ്. അതീവ ശ്രദ്ധയോടെ പരിചരിക്കണം എന്നത് മറ്റൊരു കാര്യം. അക്വാപോണിക്‌സ് കൃഷി രീതി വ്യാപകമാകുമ്പോള്‍ വളങ്ങളുടെ വില കുറയും എന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.

Exit mobile version