സ്റ്റാര്‍ട്ട് ഉന്നത വിദ്യാഭ്യാസത്തിനു വേറിട്ട മാതൃക: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

താമരശ്ശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്ററായ സ്റ്റാര്‍ട്ടില്‍ മാസ്റ്റര്‍ ട്രെയ്‌നിങ് കോഴ്‌സ് ഏകവത്സര പരിശീലനത്തിന്റെ 18-ാം ബാച്ച് ആരംഭിച്ചു.

സ്റ്റാര്‍ട്ട് രക്ഷാധികാരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. സമഗ്രവിദ്യാഭ്യാസം അതിന്റെ പൂര്‍ണ്ണതയില്‍ ലഭ്യമാകണമെങ്കില്‍ ഭൗതികവിദ്യാഭ്യാസത്തിനൊപ്പം ശാരീരികവും മാനസികവും ആത്മീയവും സാമൂഹികവുമായ വിദ്യാഭ്യാസം ആവശ്യമാണെന്നും അതിനൊരു ഉത്തമ മാതൃകയാണ് സ്റ്റാര്‍ട്ടെന്നും ബിഷപ് പറഞ്ഞു.

സ്റ്റാര്‍ട്ട് ഡയറക്ടര്‍ ഫാ. സുബിന്‍ കിഴക്കേവീട്ടില്‍ സ്വാഗതം ആശംസിക്കുകയും കഴിഞ്ഞ അദ്ധ്യായന വര്‍ഷത്തിലെ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റില്‍ നിന്നും ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ബിരുദത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ സ്റ്റാര്‍ട്ടിന്റെ പൂര്‍വ വിദ്യാര്‍ത്ഥിനി കാതറിന്‍ ഗ്രേസ് സെബാസ്റ്റ്യനെ അനുമോദിച്ചു. തുടര്‍ന്ന് ദീപികയുടെ റെസിഡന്റ് മാനേജര്‍ ഫാ. സുദീപ് കിഴക്കരക്കാട്ട് ആശംസ അറിയിച്ചു സംസാരിച്ചു.

പേപ്പല്‍ ഡെലഗേറ്റിന് സ്വീകരണം നല്‍കി

കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ച പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച്ബിഷപ് സിറില്‍ വാസില്‍ എസ്‌ജെ കേരളത്തിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സീറോമലബാര്‍സഭയുടെ കൂരിയാ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കൂരിയാ ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍, എറണാകുളം-അങ്കമാലി അതിരൂപതയുടെ വികാരി ജനറല്‍മാരായ ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍, ഫാ. ആന്റണി പെരുമായന്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാനന്‍നിയമ പ്രൊഫസറും ഈശോസഭാംഗവുമായ ഫാ. സണ്ണി കൊക്കരവാലയിലും പൊന്തിഫിക്കല്‍ ഡെലഗേറ്റിനോടൊപ്പമുണ്ട്. ഇരുവരും സിഎംഐ സമര്‍പ്പിതസമൂഹത്തിന്റെ ജനറലേറ്റായ ചാവറ ഹില്‍സില്‍ താമസിച്ച് ശുശ്രൂഷ നിര്‍വഹിക്കും.

അല്‍ഫോന്‍സ കോളജില്‍ മില്ലറ്റ് മേള സംഘടിപ്പിച്ചു

തിരുവമ്പാടി: തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളുടെ സഹകരണത്തോടെ അല്‍ഫോന്‍സ കോളജിന്റെ നേതൃത്വത്തില്‍ മില്ലറ്റ് മേള (ചെറുധാന്യ മേള) സംഘടിപ്പിച്ചു. മില്ലറ്റ് ധാന്യങ്ങളുടെ പ്രാധാന്യം, പോഷക സമൃദ്ധി, ഉല്‍പാദനം, ഉപയോഗം, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരുടെ ബോധവല്‍ക്കരണ ക്ലാസുകളും പ്രദര്‍ശനങ്ങളും മേളയുടെ ഭാഗമായി നടത്തി.

പ്രിന്‍സിപ്പല്‍ ഡോ. കെ. വി. ചാക്കോ അധ്യക്ഷത വഹിച്ചു. കോളജ് മാനേജര്‍ ഫാ. സ്‌കറിയ മങ്ങരയില്‍ ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, അപ്പു കോട്ടയില്‍, ഷീബ മോള്‍ ജോസഫ്, അനുമോള്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

ധനപാലന്‍ ദീപാലയം വിഷയാവതരണം നടത്തി. വടകര സെവന്‍സ് ഡേ മില്ലറ്റില്‍ അംഗമായ സനേഷ് അനുഭവങ്ങള്‍ പങ്കുവെച്ചു. പൊതുജനങ്ങളുടെയും, സ്വാശ്രയ സംഘങ്ങളുടെയും, വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെയും, വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും പങ്കാളിത്തം വഴി അല്‍ഫോന്‍സ കോളജിന്റെ സാമൂഹിക പ്രതിബദ്ധതയുടെ മറ്റൊരു അധ്യായമായി മേള മാറിയെന്ന് പ്രിന്‍സിപ്പല്‍ ഡോ. കെ. വി. ചാക്കോ പറഞ്ഞു.

Exit mobile version