പ്രീ-കാനാ കോഴ്‌സ് 2024

താമരശ്ശേരി രൂപത ഫാമിലി അപ്പോസ്തലേറ്റ് സംഘടിപ്പിക്കുന്ന 2024-ലെ പ്രീ-കാനാ കോഴ്സ് തീയ്യതികള്‍.

ജൂണ്‍ – 6 മുതല്‍ 8 വരെ.
ജൂലൈ – 11 മുതല്‍ 13 വരെ.
ആഗസ്റ്റ് – 8 മുതല്‍ 10 വരെ.
സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ.
ഒക്ടോബര്‍ – 10 മുതല്‍ 12 വരെ.
നവംബര്‍ – 7 മുതല്‍ 9 വരെ.
ഡിസംബര്‍ 12 മുതല്‍ 14 വരെ.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുക. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും : 8075935240

തിരുവമ്പാടി അല്‍ഫോന്‍സാ കോളജിന് ഡിസ്ട്രിക്ട് ഇക്കോ എസ്ഡിജി ചാമ്പ്യന്‍ പദവി

2023-ലെ ഡിസ്ട്രിക്ട് ഇക്കോ എസ്ഡിജി ചാമ്പ്യന്‍ പദവിക്ക് ഔട്ട് സ്റ്റാന്‍ഡിംഗ് പെര്‍ഫോമെന്‍സ് എന്ന ഗ്രേഡോടുകൂടി തിരുവമ്പാടി അല്‍ഫോന്‍സ കോളജ് അര്‍ഹത നേടി. കേന്ദ്രസര്‍ക്കാര്‍ എംഎസ്എംഇ (മൈക്ക്രോ സ്മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് മന്ത്രാലയം) രജിസ്ട്രേഷനില്‍ പ്രവര്‍ത്തിക്കുന്ന അപ്പക്സ് എസ്ഡിജിയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും, ബിസിനസ് സംരംഭകര്‍ക്കുമുള്ളതാണ് ഡിസ്ട്രിക്ട് ഇക്കോ എസ്ഡിജി ചാമ്പ്യന്‍ പദവി.

ഇന്ത്യയിലെ 28 സംസ്ഥാനങ്ങള്‍, എട്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. എസ് ഗ്രേഡോടു കൂടി മലബാര്‍ മേഖലയില്‍ ഈ ചാമ്പ്യന്‍ഷിപ്പിന് അര്‍ഹമായ ഏക കോളജാണ് അല്‍ഫോന്‍സാ കോളജ്. സുസ്ഥിരവികസനവും സാമൂഹ്യ ഉത്തരവാദിത്വവും ലക്ഷ്യമാക്കി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ചാമ്പ്യന്‍ പദവി ലഭിച്ചത്. പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജനത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ബീറ്റ് ദ പ്ലാസ്റ്റിക്ക് പൊലൂഷന്‍, ‘ആഹാരമാണ് ഔഷധം’ എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച മില്ലറ്റ് മേള ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി നടത്തിയ ചലഞ്ച് വാക്കിങ് ആന്റ് സ്ലോ സൈക്കിളിങ് കോമ്പറ്റീഷന്‍, സേഫ്റ്റി-ഡിസാസ്റ്റര്‍- റിസ്‌ക്ക് ആന്റ് ക്രൗഡ് മാനേജ്മെന്റ് പരിശീലനം, ഇ-വേസ്റ്റ് ശേഖരണം, ‘ശാന്തിവനം’ തുറന്ന ക്ലാസ്സ് റൂം പരിശീലനം തുങ്ങി, കഴിഞ്ഞ മൂന്നു മാസത്തെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളാണ് നേട്ടത്തിന് പിന്നില്‍.

ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസറും കോ-ഓര്‍ഡിനേറ്ററുമായ ഷീബ മോള്‍, ഇംഗ്ലീഷ് വിഭാഗം മേധാവി എം.സി സെബാസ്റ്റിയന്‍, അനീഷ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ അലന്‍ ഇമ്മാനുവേല്‍, അച്ചുനാഥ്, ലിവിന സിബി, കെ. എസ് ഷബീര്‍, അമല റോസ്, അലന്‍ മാത്യു, കെ. എ രാഹുല്‍ ലിനെറ്റ് തങ്കച്ചന്‍, എം. അരവിന്ദ്, ജെറാള്‍ഡ് ടോം, ആല്‍ബിന്‍ പോള്‍സണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപകരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായിയാണ് കോളജിന് ബഹുമതി ലഭിച്ചതെന്ന് പ്രിന്‍സിപ്പല്‍ ഡോ. ചാക്കോ കാളംപറമ്പില്‍, മാനേജര്‍ ഫാ. സജി മങ്കരയില്‍ എന്നിവര്‍ പറഞ്ഞു.

നാല്‍പതുമണി ആരാധനയ്ക്ക് തുടക്കമായി

താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന നാല്‍പതുമണി ആരാധനയ്ക്ക് തുടക്കമായി. വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ആരംഭം കുറിച്ച നാല്‍പതു മണി ആരാധനയ്ക്ക് ഫൊറോന വികാരി ഫാ. ബെന്നി കാരക്കാട്ട്, പാലൂര്‍ വികാരി ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, മഞ്ഞക്കുന്ന് വികാരി ഫാ. റ്റില്‍സ് മറ്റപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഇതോടനുബന്ധിച്ച് നടത്തി. ഒക്ടോബര്‍ ഏഴു വരെ വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നാല്‍പതുമണി ആരാധന നടക്കും.

രൂപതയിലെ എല്ലാ ഇടവകകളിലും നാല്‍പതു മണിക്കൂര്‍ ആരാധന സംഘടിപ്പിക്കുന്നുണ്ട്. ഓരോ പള്ളിയിലും നാലു ദിവസങ്ങളായാണ് ആരാധന നടക്കുക. നാല്‍പതു മണി ആരാധന നടക്കുന്ന വിലങ്ങാട് ഫൊറോനയിലെ പള്ളികളും ദിവസങ്ങളും ചുവടെ: വിലങ്ങാട് (ഒക്ടോബര്‍ 4-7), വാളൂക്ക് (ഒക്ടോബര്‍ 9-12), പാലൂര്‍ (ഒക്ടോബര്‍ 13-17), മഞ്ഞക്കുന്ന് (ഒക്ടോബര്‍ 18-21), വടകര (ഒക്ടോബര്‍ 23-26), വളയം (ഒക്ടോബര്‍ 27-31). നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ രണ്ടു വരെ മരുതോങ്കര ഫൊറോനയിലെ പള്ളികളില്‍ നാല്‍പതുമണി ആരാധന നടക്കും.

കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ അന്തരിച്ചു

ഏഷ്യയിലെ ഗോത്ര വിഭാഗത്തില്‍ നിന്ന് കര്‍ദ്ദിനാള്‍ പദവിയിലെത്തിയ ഏക വ്യക്തിയും റാഞ്ചി അതിരൂപതയുടെ മുന്‍ ആര്‍ച്ചുബിഷപ്പുമായിരുന്നു കര്‍ദ്ദിനാള്‍ ടെലസ്‌ഫോര്‍ പ്ലാസിഡസ് ടോപ്പോ (84). വാര്‍ധക്യ സഹചമായ രോഗങ്ങളെത്തുടര്‍ന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. സംസ്‌ക്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.

കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ, കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ എന്നിവയുടെ അധ്യക്ഷ പദവി വഹിച്ചിട്ടുണ്ട്. 2003 ഒക്ടോബര്‍ 21ന് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെയും ഫ്രാന്‍സിസ് മാര്‍പാപ്പയെയും തിരഞ്ഞെടുത്ത കര്‍ദ്ദിനാള്‍ സംഘത്തില്‍ അംഗമായിരുന്നു. റാഞ്ചി അതിരൂപത അധ്യക്ഷ സ്ഥാനത്തു നിന്ന് 2018 ജൂണിലാണ് വിരമിച്ചത്.

1939 ഒക്ടോബര്‍ 15ന് ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലെ ജാര്‍ഗാവില്‍ അംബ്രോസ് ടോപ്പോയുടെയും സോഫിയയുടെയും പത്തു മക്കളില്‍ എട്ടാമനായി ജനനം. റാഞ്ചി സര്‍വകലാശാലയിലും റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബന്‍ സര്‍വകലാശാലയിലും ഉന്നത പഠനം നടത്തി. 1969ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1968ല്‍ ധുംക രൂപതയുടെ ബിഷപ്പായി നിയമിതനായി. ജാര്‍ഖണ്ഡിലെ പ്രാദേശിക ഭാഷകള്‍ക്ക് പുറമെ ഹിന്ദി, ഇംഗ്ലീഷ്, ഇറ്റാലിയന്‍ ഭാഷകളിലും പ്രാവീണ്യം നേടി. 1985ല്‍ റാഞ്ചി അതിരൂപതാ മെത്രാനായി. ‘കര്‍ത്താവിന് വഴിയൊരുക്കുവിന്‍’ (ഏശയ്യ 40:3) എന്നതായിരുന്നു അദ്ദേഹത്തിന്റെ മോട്ടോ. വത്തിക്കാനിലെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട കര്‍ദ്ദിനാള്‍മാരുടെ സമിതിയില്‍ അംഗമായിരുന്നു. 2016-ല്‍ ശ്രീലങ്കയില്‍ നടന്ന ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് പ്ലീനറി അംസബ്ലിയില്‍ ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക പ്രതിനിധിയായി പങ്കെടുത്തത് കര്‍ദ്ദിനാള്‍ ടോപ്പോയായിരുന്നു. 2002-ല്‍ ജാര്‍ഖണ്ഡ് രത്‌ന പുരസ്‌ക്കാരം നേടി. 54 വര്‍ഷം നീണ്ട പൗരോഹിത്യ ജീവിത്തില്‍ 44 വര്‍ഷം ബിഷപ്പായും 19 വര്‍ഷം ആര്‍ച്ച് ബിഷപ്പായും സേവനം ചെയ്തു.

Exit mobile version