മാര്‍ത്തോമ്മ ക്രിസ്ത്യാനികളുടെ മാതൃഭക്തി ശ്ലാഘനീയമാണ്. ഈശോയുടെ അമ്മ നമ്മുടെ അമ്മയാണ്. കാനായിലെ വിവാഹവിരുന്നുശാലയില്‍ എന്ന പോലെ തന്റെ പുത്രന്‍ പറയുന്നതുപോലെ ചെയ്യാന്‍ നമ്മെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ട് നമുക്ക് അരികില്‍ നില്‍ക്കുന്ന ഈ അമ്മ നമുക്കെന്നും അഭയനഗരമാണ്. ദുഃഖവും ക്ലേശവും നമ്മെ അലട്ടുമ്പോള്‍ സാന്ത്വനത്തിനായി ഓടിയണയാവുന്ന പാര്‍പ്പിടമാണവള്‍. സഭാപിതാക്കന്മാര്‍ ഈശോയുടെ മനുഷ്യാവതാരമെന്ന മഹാസംഭവം യാഥാര്‍ത്ഥ്യമാക്കുവാന്‍ മനുഷ്യവംശം ദൈവത്തിനു നല്‍കിയ സംഭാവനയായാണ് മറിയത്തെ അവതരിപ്പിക്കുന്നത്. നസ്രത്തിലെ ആ കന്യകയുടെ അധരത്തില്‍ നിന്നും ദൈവികപദ്ധതിക്കായുള്ള ‘ആമ്മേന്‍’ അടര്‍ന്നു വീണപ്പോള്‍ മനുഷ്യചരിത്രം വിസ്മയങ്ങള്‍ക്ക് സാക്ഷിയായി.
ലോകനിയന്താവ് കന്യകയുടെ ഉദരത്തില്‍ ഉരുവായി, പരിശുദ്ധ മാതാവ് ദൈവപുത്രന്റെ സ്‌നേഹക്കൊട്ടാരമായിത്തീര്‍ന്നു. ദൈവപുത്രന്റെ നിറസാന്നിധ്യം പേറുന്ന ജീവനുള്ള സക്രാരിയായി. ദൈവഹിതത്തിനു മറിയം നല്‍കിയ ‘ആമ്മേന്‍’ അവളെ ഈശോയുടെ മാത്രമല്ല തലമുറകളുടെ മുഴുവന്‍ മാതാവാക്കി. മറിയം ദൈവപുത്രനായി അവളുടെ ശരീരം നല്‍കി. തന്റെ മുഴുവന്‍ അസ്തിത്വത്തെയും ദൈവത്തിന്റെ ഇഷ്ടത്തിനു വിധേയയാക്കി. അവന്റെ സാന്നിധ്യത്തിന്റെ സ്ഥലമായി തീര്‍ന്നു. മറിയത്തിന്റെ ഹിതം പിതാവിന്റെ അതുല്യമായ സ്‌നേഹപദ്ധതിയില്‍ പുത്രന്റെ ഹിതവുമായി പൊരുത്തപ്പെട്ടു. മറിയം മനുഷ്യവംശത്തിന് പ്രത്യാശയുടെ അടയാളമായി പരിണമിച്ചു. നാം ഒരിക്കലും തനിച്ചല്ല, നമ്മുടെ ദൈവം നമ്മെ സന്ദര്‍ശിച്ചു എന്നോര്‍മ്മിപ്പിക്കുന്ന അടയാളം. മറിയം നമുക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള ഗോവണിയായി. ആ ഗോവണി വഴി ദൈവം ഇറങ്ങി വന്നത് മനുഷ്യര്‍ ദൈവം വഴി സ്വര്‍ഗ്ഗത്തിലേക്ക് കയറി പോകാനാണ്.
പുത്രന്റെ സ്‌നേഹക്കൊട്ടാരമായ, ജീവനുള്ള ഭവനമായ അമ്മ നമ്മുടെയും അഭയ നഗരമായി പ്രശോഭിക്കുമ്പോള്‍ മനുശ്യവംശം മുഴുവനുമായി പ്രത്യാശയുടെ സുവിശേഷമാണ് പ്രഘോഷിക്കപ്പെടുന്നത്. മിശിഹായുടെ അമ്മ നമ്മുടെയും അമ്മയാണ്. അവള്‍ സ്വര്‍ഗകവാടം നമുക്ക് തുറന്നു തരുന്നു. അവളുടെ പുത്രന്റെ ഇഷ്ടത്തിലേക്ക് പ്രവേശിക്കാന്‍ നമ്മെ സഹായിക്കുന്നു. അതിനാല്‍ ഈ ലോകത്ത് ദൈവപുത്രന്റെ സ്‌നേഹക്കൊട്ടാരവും നമ്മുടെ അഭയനഗരവും, നമ്മുടെ ഭവനവുമായ പരിശുദ്ധ അമ്മ നല്‍കുന്നത് ഒരു ബോധ്യമാണ്, നാം സുരക്ഷിതരാണെന്ന ബോധ്യം. അമ്മ നമ്മെ മിശിഹായുടെ ഭവനത്തിലേക്ക് നയിക്കുന്നു. നാം എല്ലാവരും സഹോദരി സഹോദരന്മാരാണ് എന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു.
സ്വയം പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പകരം ദൈവഹിതത്തിന് ആമ്മേന്‍ പറയാന്‍ ദൈവത്തിന്റെ സാന്നിധ്യം നമ്മുടെ സ്വാതന്ത്ര്യത്തിന് പരിധി വെയ്ക്കുമെന്ന ഭയം നീക്കി യഥാര്‍ത്ഥ ദൈവമക്കളുടെ സ്വാതന്ത്ര്യം ആസ്വദിക്കാന്‍ നമുക്ക് കരുത്ത് മാതാവ് നല്‍കുന്നു. സ്വയം കേന്ദ്രീകൃതരാകാതെ പ്രാര്‍ത്ഥനയിലും പരസ്‌നേഹ പ്രവൃത്തികളിലും വ്യാപൃതരാകുവാന്‍ അമ്മ നമ്മെ പഠിപ്പിക്കുന്നു. മറിയത്തിന്റെ പരിശീലന കളരിയില്‍ നിന്നും ജീവിതയാത്രയിലെ നേരായ വഴികള്‍ നമുക്ക് പഠിക്കാം. മറ്റുള്ളവരെ തരം താഴ്ത്തുകയോ, തട്ടി മാറ്റുകയോ, അവരോട് മോശമായി പെരുമാറുകയോ, അവിശ്വസിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന രീതി മറിയത്തിന്റെ തട്ടകത്തിലില്ല. മറിയത്തിന്റെ മാഹാത്മ്യവും അവളുടെ പുത്രന്‍ പഠിപ്പിച്ച സാഹോദര്യത്തിന്റെ കുലീനത്വവും നമുക്ക് അഭ്യസിക്കാം. പുത്രനെ പരിശീലിപ്പിച്ച അമ്മയുടെ പരിശീലനത്തിന് നമുക്ക് സ്വയം വിട്ടുകൊടുക്കാം. ആ ത്യാഗമാകട്ടെ നമ്മുടെ മാതൃഭക്തി.
തയ്യാറാക്കിയത്: സിസ്റ്റര്‍ റോസ്‌ലിന്‍ എം.ടി.എസ്.