താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ 101 ദിവസങ്ങളായി തുടര്‍ന്ന അഖണ്ഡ ജപമാല സമര്‍പ്പണം സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം ഉപകരിക്കുമെന്നും ലോകസമാധാനത്തിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടണമെന്നും ബിഷപ് പറഞ്ഞു. രൂപതാ വികാരി ജനറല്‍ മോണ്‍. ജോയിസ് വയലില്‍, ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍, ഫാ. രാജേഷ് പള്ളിക്കാവയലില്‍, ഫാ. ജേക്കബ് അരീത്തറ, ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍, ഫാ. ആന്റോ ജോണ്‍ മൂലയില്‍, ഫാ. അന്വേഷ് പാലക്കീല്‍, ഫാ. ജിനു മംഗലാമഠത്തില്‍, ഫാ. ജോസഫ് പുത്തന്‍പുര, ഫാ. നിര്‍മ്മല്‍ പുലയന്‍പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായി. ജപമാല സമര്‍പ്പണത്തോടനുബന്ധിച്ച് ദിവ്യകാരുണ്യ ആരാധനയും തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു.
ലോക സമാധാനം, കുടുംബ വിശുദ്ധീകരണം എന്നീ നിയോഗങ്ങളോടെയാണ് ഇത്തവണ അഖണ്ഡ ജപമാല സമര്‍പ്പിച്ചത്. സമാപന ദിനത്തില്‍ വിവിധ ഇടവകകളില്‍ നിന്നായി നിരവധി പേര്‍ പങ്കുചേര്‍ന്നു. സമാപന ശുശ്രൂഷകള്‍ക്ക് ബഥാനിയ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുളിക്കല്‍, അസി. ഡയറക്ടര്‍ ഫാ. ജെസ്വിന്‍ തുറവയ്ക്കല്‍, ഫാ. ജോസ് പൂവന്നിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.