മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്

സീറോമലബാര്‍സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി ഷംഷാബാദ് രൂപതയുടെ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിനെ സീറോമലബാര്‍സഭയുടെ മെത്രാന്‍സിനഡു തെരഞ്ഞെടുത്തു. സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനുള്ള കാനോനിക ക്രമീകരണങ്ങള്‍ ചെയ്തു. പുതിയ മേജര്‍ആര്‍ച്ചുബിഷപ്പിന്റെ തെരഞ്ഞെടുപ്പു വാര്‍ത്ത വത്തിക്കാനിലും സീറോമലബാര്‍സഭയുടെ കേന്ദ്രകാര്യാലയത്തിലും ഒരേ സമയം അറിയിച്ചു.

മുപ്പത്തിരണ്ടാമതു മെത്രാന്‍സിനഡിന്റെ ഒന്നാം സമ്മേളനമാണ് വോട്ടെടുപ്പിലൂടെ പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തെരഞ്ഞെടുത്തത്. കാനോനിക നടപടികള്‍ പൂര്‍ത്തിയാക്കി മേജര്‍ ആര്‍ച്ചുബിഷപ്പിനെ തെരഞ്ഞെടുത്ത വിവരം പരിശുദ്ധ പിതാവിനെ അറിയിച്ചുകൊണ്ടു സിനഡില്‍ പങ്കെടുത്ത പിതാക്കന്മാരെല്ലാം ഒപ്പുവെച്ച കത്തും തന്റെ തെരഞ്ഞെടുപ്പിന് അംഗീകാരം നല്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് സ്വന്തം കൈപ്പടയില്‍ നിയുക്ത മേജര്‍ ആര്‍ച്ചുബിഷപ് എഴുതിയ കത്തും അപ്പസ്‌തോലിക് നുന്‍ഷ്യേച്ചര്‍വഴി മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പിന് അംഗീകാരം നല്കികൊണ്ടുള്ള കത്തു ലഭിച്ചതിനെത്തുടര്‍ന്നു നിയുക്ത മേജര്‍ ആര്‍ച്ചുബിഷപ് സിനഡിനുമുന്‍പില്‍ വിശ്വാസപ്രഖ്യാപനവും മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തതയോടെ നിര്‍വഹിക്കുമെന്നുള്ള പ്രതിജ്ഞയും നടത്തി.

ഇന്ന് വൈകുന്നേരം 4.30നു സഭയുടെ കേന്ദ്ര കാര്യാലയത്തിലെ സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തെരഞ്ഞെടുപ്പു സിനഡു സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ തെരഞ്ഞെടുപ്പു വിവരം പ്രഖ്യാപിച്ചു. തുടര്‍ന്ന് പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സിനഡു സെക്രട്ടറി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ ചേര്‍ന്ന് ഓഡിറ്റോറിയത്തിലേക്കു ആനയിച്ചു. പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിന് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പിതാവു ബൊക്കെ നല്കി ആശംസകള്‍ അര്‍പ്പിച്ചു. മേജര്‍ ആര്‍ച്ചുബിഷപ് എമിരറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ദൈവത്തിനും സിനഡുപിതാക്കന്മാര്‍ക്കും മറുപടി പ്രസംഗത്തില്‍ മാര്‍ റാഫേല്‍ തട്ടില്‍ കൃതജ്ഞതയര്‍പ്പിച്ചു.

തൃശ്ശൂര്‍ അതിരൂപതയിലെ വ്യാകുലമാതാവിന്റെ ബസിലിക്ക ഇടവകയില്‍ തട്ടില്‍ ഔസേപ്പ്-ത്രേസ്യ ദമ്പതികളുടെ പത്തുമക്കളില്‍ ഇളയവനായി 1956 ഏപ്രില്‍ 21നു ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം തൃശ്ശൂര്‍ അതിരൂപതയുടെ തോപ്പ് സെന്റ് മേരീസ് മൈനര്‍ സെമിനാരിയില്‍ വൈദികപരിശീലനത്തിനായി ചേര്‍ന്നു. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍നിന്നു തത്വശാസ്ത്രദൈവശാസ്ത്ര പരിശീലനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1980 ഡിസംബര്‍ 21നു മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. അരണാട്ടുകര സെന്റ് തോമസ് പള്ളിയില്‍ അസിസ്റ്റന്റ് വികാരി, മൈനര്‍ സെമിനാരിയില്‍ തുടര്‍ന്ന് ഉപരിപഠനത്തിനായി റോമിലേക്കു പോയി. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു കാനന്‍നിയമത്തില്‍ ഡോക്ടറേറ്റു നേടി. റോമിലെ ഉപരിപഠനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം തൃശ്ശൂര്‍ അതിരൂപതയില്‍ വൈസ് ചാന്‍സലര്‍, ചാന്‍സലര്‍, ജുഡീഷ്യല്‍ വികാരി, ജഡ്ജി, സിഞ്ചെല്ലൂസ്, പ്രോട്ടോസിഞ്ചെല്ലൂസ്, ഡി. ബി. സി. എല്‍. സി. യുടെയും വിശ്വാസപരിശീലന വിഭാഗത്തിന്റെയും ഡയറക്ടര്‍, തൃശ്ശൂര്‍ മേരിമാതാ സെമിനാരിയുടെ പ്രഥമ റെക്ടര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു.

2010 ഏപ്രില്‍ 10നു തൃശ്ശൂര്‍ അതിരൂപതയുടെ സഹായമെത്രാനായും ബ്രൂണി രൂപതയുടെ സ്ഥാനികമെത്രാനുമായി ഫാ. റാഫേല്‍ തട്ടില്‍ നിയമിക്കപ്പെട്ടു. 2014-ല്‍ സീറോമലബാര്‍ സഭയുടെ അധികാരപരിധിക്കുപുറത്തുള്ള വിശ്വാസികളുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമതിനായി. 2017 ഒക്ടോബര്‍ 10നു ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ തട്ടിലിനെ ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായി നിയമിച്ചു. 2018 ജനുവരി 7നു സ്ഥാനമേറ്റ മാര്‍ റാഫേല്‍ തട്ടില്‍ ഷംഷാബാദ് രൂപതയുടെ മെത്രാനായി സേവനംചെയ്തു വരവേയാണു പുതിയ നിയമനം. മലയാളം, ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ പ്രാവീണ്യമുള്ള വ്യക്തിയാണ് അദ്ദേഹം.

പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ സ്ഥാനാരോഹണം 2024 ജനുവരി 11 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 2.30നു സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കും.

ഉപരിപഠനത്തിനായി അനുയോജ്യമായ കോഴ്സ് എങ്ങനെ കണ്ടെത്താം

വ്യത്യസ്തമായ നിരവധി കോഴ്സുകള്‍കൊണ്ട് സമ്പന്നമായ കാലത്ത് ഏതു കോഴ്സിലേക്ക്, എങ്ങിനെയൊക്കെ തിരിയണം എന്ന കാര്യത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. കോഴ്സുകളുടെ തിരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കാം.

താല്‍പ്പര്യം
നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കുക. നിങ്ങള്‍ക്ക് എന്താണ് ഇഷ്ടമെന്ന് നിങ്ങള്‍ അറിഞ്ഞാല്‍, അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കാന്‍ എളുപ്പമാകും.

കഴിവുകള്‍
നിങ്ങളുടെ കഴിവുകള്‍ എന്താണെന്നും ഏതിലൊക്കെയാണെന്നും അറിഞ്ഞിരിക്കുക. ആ കഴിവുകള്‍ വികസിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള കോഴ്സുകള്‍ തെരഞ്ഞെടുക്കുക.

മൂല്യങ്ങള്‍
നിങ്ങളുടെ മൂല്യങ്ങള്‍ എന്താണെന്ന് അറിയുക. നിങ്ങള്‍ക്ക് എന്താണ് പ്രധാനമെന്ന് നിങ്ങള്‍ അറിഞ്ഞാല്‍, നിങ്ങള്‍ക്ക് അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കാന്‍ അത് സഹായകരമാകും.

തൊഴില്‍ സാധ്യതകള്‍
തിരഞ്ഞെടുക്കുന്ന കോഴ്സിന് തൊഴില്‍ സാധ്യതകള്‍ എത്രമാത്രമുണ്ടെന്ന് പരിഗണിക്കുക. അതേപ്പറ്റി അറിയാന്‍ ജോലികളില്‍ മെന്ററിങ് നടത്തുന്നവരുടെ സേവനം പ്രയോജനപ്പെടുത്തണം.

ഫീസ്/സ്‌കോളര്‍ഷിപ്പുകള്‍
കോഴ്സിന്റെ ഫീസുകള്‍ അറിഞ്ഞിരിക്കണം. ഫീസുകള്‍ നിങ്ങളുടെ രക്ഷിതാക്കള്‍ക്ക് താങ്ങാനാവുന്നതാണ് എന്ന് ഉറപ്പാക്കണം. കോഴ്സുകള്‍ക്ക് കിട്ടുന്ന സ്‌കോളര്‍ഷിപ്പുകള്‍ അറിയുകയും അതിനു വേണ്ടി ശരിയായ രീതിയില്‍ അപേക്ഷിക്കയും വേണം.

ഒരു ജോലിയല്ല, പല ജോലി
കരിയര്‍ തിരഞ്ഞെടുപ്പ് ഒരു തീരുമാനമല്ല, ഒരു പ്രക്രിയയാണ്. നിങ്ങളുടെ താല്‍പ്പര്യങ്ങള്‍, കഴിവുകള്‍, മൂല്യങ്ങള്‍ എന്നിവ മാറുന്നതനുസരിച്ച് നിങ്ങളുടെ കരിയര്‍ ലക്ഷ്യങ്ങളും മാറാം. അതുകൊണ്ട്, കരിയര്‍ തിരഞ്ഞെടുപ്പിനെ ഒരു തുടര്‍ച്ചയായ പ്രക്രിയയായി കാണുക. മള്‍ട്ടിസ്‌കില്ലിന്റെ ലോകമാണ് വരുന്നത്, ഒരു ജോലിയില്‍ തന്നെ ഉറച്ചു നില്‍ക്കുക എന്നത് മാറിക്കൊണ്ടിരിക്കയാണ്. കാലത്തിനനുസരിച്ചു കരിയറും മാറുന്ന കാഴ്ചകളാണ് വരും കാലത്തു കാണാന്‍ പോകുന്നത്.

പരാജയമില്ല
കരിയര്‍ തിരഞ്ഞെടുപ്പില്‍ പരാജയം എന്നൊന്നില്ല. ഒരു കരിയര്‍ തിരഞ്ഞെടുക്കുന്നതില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റിയാല്‍, അത് പരിഹരിക്കാന്‍ സമാന്തരമായ മറ്റൊരു പാതയിലൂടെ സഞ്ചരിക്കാന്‍ നിങ്ങള്‍ക്ക് എപ്പോഴും അവസരമുണ്ട്.

ഉപദേശം തേടാം
കരിയര്‍ കൗണ്‍സിലര്‍മാര്‍ നിങ്ങളുടെ താല്‍പ്പര്യങ്ങള്‍, കഴിവുകള്‍, മൂല്യങ്ങള്‍ എന്നിവ മനസ്സിലാക്കി നിങ്ങള്‍ക്ക് അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കാന്‍ സഹായിക്കും.

കോഴ്സുകളെക്കുറിച്ച് പഠിക്കുക
വിവിധ കോഴ്സുകളെക്കുറിച്ച് പഠിക്കുക. കോഴ്സുകളുടെ വിഷയം, ദൈര്‍ഘ്യം, തൊഴില്‍ സാധ്യതകള്‍ എന്നിവ പരിഗണിക്കുക.

വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് പഠിക്കുക
കോഴ്സുകള്‍ ലഭ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് പഠിക്കുക. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ശയസ്സ്, ഫീസ്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും പരിഗണിക്കുക.

(കല്ലാനോട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനാണ് ലേഖകന്‍)

ജനുവരി 11: വിശുദ്ധ തെയോഡോഷ്യസ്

106-ാമത്തെ വയസില്‍ നിര്യാതനായ തെയോഡോഷ്യസ് കപ്പദോച്യായില്‍ ജനിച്ചു. കലാഞ്ചിനൂസ് എന്ന ഗുരുവിന്റെ കീഴില്‍ ഏതാനും കാലം സന്യാസ ജീവിതം നയിച്ചു. പിന്നീട് ഒരു മലയില്‍ കയറി ഒരു ഗുഹയില്‍ പ്രാര്‍ത്ഥനയും ഉപവാസവുമായി കഴിഞ്ഞു. വനസസ്യങ്ങളും പയറും ഭക്ഷിച്ച് 30 വര്‍ഷം അദ്ദേഹം ജീവിച്ചു. ക്രമേണ ശിഷ്യന്മാര്‍ വന്നുകൂടി.

ഒരു ഉയിര്‍പ്പു തിരുനാള്‍ ദിവസം 12 അംഗങ്ങളുണ്ടായിരുന്ന ആ ആശ്രമത്തില്‍ ഭക്ഷിക്കാനൊന്നിമില്ലായിരുന്നു. ചിലര്‍ പിറുപിറുത്തപ്പോള്‍ തെയോഡോഷ്യസ് പറഞ്ഞു: ‘ദൈവത്തില്‍ ശരണം വയ്ക്കൂ. അവിടുന്ന് തരും.’ താമസിയാതെ ഭക്ഷണമെത്തി. തെയോഡോ്യസിന്റെ ആശ്രമം ബേസ്‌ളഹത്തിന് സമീപമായിരുന്നു. അവിടെ അദ്ദേഹം വൃദ്ധര്‍ക്കും വികലാംഗര്‍ക്കും സന്യാസത്യാഗികള്‍ക്കും വെവ്വേറെ ശുശ്രൂഷാ കേന്ദ്രം സ്ഥാപിച്ചു. നാലു പള്ളികളും പണിതു. രോഗികളുടെ ശുശ്രൂഷയും അപരിചിതരുടെ സംസ്‌ക്കാരവും ക്രമമായി നടന്നു.

സന്യാസ പരിപൂര്‍ണ്ണതയുടെ അടിസ്ഥാനം മരണസ്മരണയാണെന്ന് ശിഷ്യരെ പഠിപ്പിക്കാന്‍ ഒരു ശവക്കുഴി അദ്ദേഹമുണ്ടാക്കി. ഒരു ദിവസം തെയോഡോഷ്യസ് ശിഷ്യരോടു ചോദിച്ചു, ‘ശവകുടീരം തയാറാക്കിയിരിക്കുകയാണല്ലോ. ആര് സമര്‍പ്പണം നടത്തും?’ ബാസില്‍ എന്ന പുരോഹിതന്‍ പറഞ്ഞു, ‘ഞാന്‍ തയ്യാര്‍.’ അവര്‍ മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലി. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ആരോഗ്യവാനായിരുന്ന ബാസില്‍ മരിച്ചു. ലോകത്തിലെ നിരവധി ആര്‍ഭാടങ്ങളുടെയും പ്രലോഭനങ്ങളുടെയും മധ്യേ സന്യാസജീവിതം വിശുദ്ധിക്ക് എത്രയും സഹായകരമാണെന്ന് തെയോഡോഷ്യസിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.

Exit mobile version