വാര്‍ദ്ധക്യം അനുഗ്രഹത്തിന്റെ അടയാളം: ഫ്രാന്‍സിസ് പാപ്പാ


ആഗോള വയോജന ദിനത്തിനൊരുക്കമായി ഫ്രാന്‍സിസ് പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചു. വാര്‍ദ്ധക്യത്തിന്റെ മഹത്വം എടുത്തു പറയുന്ന വചന ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ എല്ലാവരെയും അഭിസംബോധന ചെയ്യുന്നത്. ജൂലൈ 28-നാണ് ആഗോള വയോജന ദിനം. ദൈവം ഒരിക്കലും തന്റെ മക്കളെ കൈവിടുന്നില്ല എന്ന പ്രത്യാശയുടെ വാക്കുകള്‍ അടിവരയിട്ടുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്.

നമ്മുടെ ജീവിതത്തിന്റെ ഏതു സാഹചര്യത്തിലും, നമ്മോട് കരുണ കാണിച്ചുകൊണ്ട് നമ്മെ പരിപാലിക്കുന്നത്, തന്റെ വിശ്വസ്തസ്‌നേഹത്തിന്റെ വ്യതിരിക്തതയാണെന്നു പാപ്പാ എടുത്തു പറഞ്ഞു. ഈ സ്‌നേഹം നമ്മുടെ വാര്‍ധക്യത്തില്‍ പോലും തുടരുന്നുവെന്നും, അതിനാല്‍ വാര്‍ദ്ധക്യം അനുഗ്രഹത്തിന്റെ അടയാളമാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. സാമീപ്യത്തിന്റെ ഉറപ്പു ഒരു വശത്തു നിലനില്‍ക്കുമ്പോള്‍ തന്നെയും, ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം വരുന്നത് മാനുഷികമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. വാര്‍ദ്ധക്യത്തില്‍ അനുഭവിക്കുന്ന ഏകാന്തതയുടെ വേദനയും പാപ്പാ പങ്കുവച്ചു. അര്‍ജന്റീനയില്‍ ഇത്തരത്തില്‍ വൃദ്ധസദനങ്ങള്‍ സന്ദര്‍ശിക്കുന്ന അവസരത്തില്‍, മെത്രാനെന്ന നിലയില്‍ തന്നോട് പങ്കുവച്ച ഒഴിവാക്കലുകളുടെയും, ഒറ്റപ്പെടലുകളുടെയും അനുഭവസാക്ഷ്യങ്ങളും പാപ്പായുടെ സന്ദേശത്തില്‍ അടിവരയിട്ടു പറഞ്ഞു.

ചെറുപ്പക്കാരെ പ്രീതിപ്പെടുത്താന്‍ പ്രായമായവരെ അവഗണിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്യേണ്ടത് ആവശ്യമാണെന്ന മട്ടില്‍ പെരുമാറുന്ന രീതി ഒഴിവാക്കപ്പെടേണ്ടതാണെന്നും പാപ്പാ പറയുന്നു. എന്നാല്‍ ബന്ധങ്ങള്‍ ഊഷ്മളമാകുവാന്‍ തലമുറകള്‍ തമ്മിലുള്ള ഐക്യം ഏറെ അത്യന്താപേക്ഷിതമെന്നും, അതിനു പരസ്പരമുള്ള സഹകരണം ഊട്ടിയുറപ്പിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

തിരസ്‌കരണത്തിലേക്കും ഏകാന്തതയിലേക്കും നയിക്കുന്ന സ്വാര്‍ത്ഥ മനോഭാവവുമായി പൊരുത്തപ്പെടാതെ, ‘ഞാന്‍ നിങ്ങളെ ഉപേക്ഷിക്കുകയില്ല’ എന്നു പറഞ്ഞുകൊണ്ട് വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കുവാന്‍ പാപ്പാ തന്റെ സന്ദേശത്തിലൂടെ ലോകത്തോട് ആഹ്വാനം ചെയ്യുന്നു.


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version