സാമ്പത്തിക സംവരണം: പ്രായോഗിക നിര്‍ദ്ദേശങ്ങള്‍


എക്കണോമിക്കലിവീക്കര്‍ സെക്ഷന്‍സ്അഥവാസംവരണേതര വിഭാഗങ്ങളിലെ (ജനറല്‍ കാറ്റഗറി) സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നതാണ് EWS ന്റെ പൂര്‍ണരൂപം. കേരളത്തിന്റെ പശ്ചാത്തലത്തില്‍,നാളിതുവരെ യാതൊരു വിധ സംവരണവും ലഭിക്കാതിരുന്ന ബ്രാഹ്മണ, നായര്‍ അമ്പലവാസി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരിലേയും സുറിയാനി ക്രിസ്ത്യാനികളിലെയും ജാതി മത രഹിതരിലെയുംസാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രവേശന പരീക്ഷകളിലും യോഗ്യതാപരീക്ഷകളിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജോലികളിലും ഈ സംവരണം ലഭിക്കും. ഒബിസി സംവരണം നിലനില്‍ക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമാണ്10% EWS റിസര്‍വേഷന്‍ ബാധകമാകുന്നത്. ഒബിസി സംവരണം ഇല്ലാത്ത ഒരു സ്ഥാപനത്തിലും ഇഡബ്ലൂ എസ് സംവരണവും ലഭിക്കില്ല.

EWS സംവരണം ലഭിക്കുന്നതിനായി EWS സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. നിലവില്‍ രണ്ടു തരത്തിലുള്ള EWS സര്‍ട്ടിഫിക്കറ്റുകളാണ് പ്രാബല്യത്തിലുള്ളത്.

  1. കേന്ദ്ര സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള EWS സര്‍ട്ടിഫിക്കറ്റ്
  2. കേരള സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള EWS സര്‍ട്ടിഫിക്കറ്റ്

ഇവയ്ക്ക് ബാധകമായ മാനദണ്ഡങ്ങളുംസര്‍ട്ടിഫിക്കേറ്റ് ഫോര്‍മാറ്റും സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍അധികാരപ്പെട്ട ഉദ്യോഗസ്ഥരും വ്യത്യസ്തമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ EWS സര്‍ട്ടിഫിക്കറ്റ്

പത്ത് ശതമാനം EWS സംവരണത്തിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ UPSC, SSC, Railway, Banking സര്‍വീസിലും UGC NET, NEET തുടങ്ങിയ യോഗ്യതാ / മത്സര പരീക്ഷകളിലും വളരെ മികച്ച സാധ്യതകളാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡപ്രകാരം ആകെ കുടുംബ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപ, 5 ഏക്കര്‍ കൃഷിഭൂമി, പഞ്ചായത്ത് പ്രദേശത്ത് 4.2 സെന്റ് റസിഡന്‍ഷ്യല്‍ പ്ലോട്ട്, മുന്‍സിപ്പല്‍ കോര്‍പറേഷനില്‍2.1 സെന്റ് റസിഡന്‍ഷ്യല്‍ പ്ലോട്ട്, എല്ലായിടത്തും വീടിന്റെ വിസ്തീര്‍ണം 1000 സ്‌ക്വയര്‍ ഫീറ്റ് എന്നിവയാണ് ഇതിന്റെ ഉയര്‍ന്ന പരിധികള്‍. എല്ലാ മാനദണ്ഡങ്ങളുടെയും ഉള്ളില്‍ നില്‍ക്കുന്നവര്‍ക്കുമാത്രമേ കേന്ദ്ര EWS സര്‍ട്ടിഫിക്കേറ്റ് ലഭിക്കുകയുള്ളൂ.കേരളത്തില്‍ തികച്ചും അനീതിപരമായി കേന്ദ്ര മാനദണ്ഡമായ റസിഡന്‍ഷ്യല്‍ പ്ലോട്ടിനെ ഹൗസ് പ്ലോട്ട് എന്ന് ദുര്‍വ്യാഖാനിക്കുകയും, എല്ലാ പുരയിടങ്ങള്‍ എന്നു രേഖപ്പെടുത്തിയിരിക്കുന്ന കരഭൂമിയെയും ഹൗസ് പ്ലോട്ടായി കണക്കാക്കുകയും ചെയ്യുന്നതിനാല്‍ 4.2 സെന്റില്‍ കൂടുതല്‍ സ്ഥലം കരഭൂമിയായി ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. എന്നാല്‍ 5 ഏക്കറില്‍ താഴെ നെല്‍പ്പാടങ്ങളും വീടുവയ്ക്കാന്‍ സാധിക്കാത്ത മറ്റ് സ്ഥലങ്ങളും മാത്രം ഉള്ളവര്‍ക്ക് സര്‍ട്ടിഫിക്കേറ്റ് ലഭിക്കുന്നുണ്ട്. ഇതു ലഭിക്കാന്‍ നേരിട്ട് വില്ലേജ് ഓഫീസര്‍ വഴി തഹസീല്‍ദാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വില്ലേജ് ഓഫീസറില്‍ നിന്ന്ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍തഹസീല്‍ദാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിന്റെ സര്‍ട്ടിഫിക്കറ്റ് ഫോം അക്ഷയയില്‍ ലഭ്യമാണ്. വാങ്ങുമ്പോള്‍ കേന്ദ്ര / സംസ്ഥാന ഫോമുകള്‍ തമ്മില്‍ മാറിപ്പോകാതെ ശ്രദ്ധിക്കുക.

കേരളത്തില്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡ പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്. കൃഷിഭൂമിയെല്ലാം ഹൗസ് പ്ലോട്ട് എന്ന തരത്തിലുള്ളവ്യാഖ്യാനം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതില്‍ വന്നുചേര്‍ന്നിരിക്കുന്ന നിയമപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉന്നത തലത്തിലുള്ള ഇടപെടല്‍ ആവശ്യമാണ്.

കേരള സര്‍ക്കാരിന്റെ EWS സര്‍ട്ടിഫിക്കറ്റ്

EWS സംവരണത്തിലൂടെ കേരള സര്‍ക്കാരിന്റെ പ്ലസ് വണ്‍, മെഡിക്കല്‍-എന്‍ജിനിയറിംഗ്, പോളിടെക്‌നിക്, ബിഎസ്‌സി നഴ്‌സിങ്-പാരാമെഡിക്കല്‍, ഡിഗ്രി, പിജി, എല്‍എല്‍ബിതുടങ്ങിയ എല്ലാ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളിലേയ്ക്കും PSC വഴിയുള്ള സര്‍ക്കാര്‍ ജോലികളിലേക്കും 10% സംവരണം ലഭിക്കും. കഴിഞ്ഞ അക്കാദമികവര്‍ഷങ്ങളില്‍ ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ക്ക് 10% EWS റിസര്‍വേഷനിലൂടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിച്ചിട്ടുണ്ട്.

സംസ്ഥാന മാനദണ്ഡങ്ങള്‍ അനുസരിച്ച് ഉയര്‍ന്ന പരിധികള്‍ ഇപ്രകാരമാണ്. ആകെ കുടുംബ വാര്‍ഷികവരുമാനം 4 ലക്ഷം രൂപ,ആകെ ഭൂസ്വത്ത് പഞ്ചായത്തുകളില്‍ 2.5 ഏക്കര്‍, മുന്‍സിപ്പാലിറ്റികളില്‍ 75 സെന്റ്, കോര്‍പ്പറേഷനുകളില്‍50 സെന്റ് എന്നിവയാണ്. ഇതില്‍ ഏതെങ്കിലും ഒരു മാനദണ്ഡം ഉയര്‍ന്നുപോയാല്‍ സംസ്ഥാന EWS സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. ഇവിടെയും പഞ്ചായത്തിലൊഴികെ ഹൗസ് പ്ലോട്ട്, കൃഷിഭൂമി എന്ന വേര്‍തിരിവ് ഉണ്ട്. ഇതുപ്രകാരം മുനിസിപ്പാലിറ്റികളില്‍ 20 സെന്റും കോര്‍പ്പറേഷനുകളില്‍ 15 സെന്റും ഉള്ളവര്‍ക്കു മാത്രമേ പ്രായോഗികമായി സംസ്ഥാന EWS സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. ഇത്രയും മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍. നേരിട്ട് അപേക്ഷ നല്‍കി വില്ലേജ് ഓഫീസറില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഇതിന്റെ ക്രമീകരണം ഓണ്‍ലൈന്‍ വഴി ആരംഭിച്ചിട്ടില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുടുംബം എന്നതിന്റെ നിര്‍വചനം
ഒരു വിദ്യാര്‍ത്ഥി EWS സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അപേക്ഷിക്കുമ്പോള്‍ ആ കുട്ടിയുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനവും ഭൂസ്വത്തുമാണ് കണക്കിലെടുക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം (ജനുവരി 03 & മാര്‍ച്ച് 03/2020) താഴെ കൊടുത്തിരിക്കുന്നവര്‍ മാത്രമാണ് കുടുംബം എന്ന നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുന്നത്.

സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള ആള്‍ (വിദ്യാര്‍ത്ഥി/അപേക്ഷകന്‍/അപേക്ഷക). വിദ്യാര്‍ത്ഥി/അപേക്ഷകന്‍/അപേക്ഷകയുടെമാതാവ്, പിതാവ്, വിവാഹം കഴിഞ്ഞതെങ്കില്‍ ജീവിത പങ്കാളി. വിദ്യാര്‍ത്ഥി/അപേക്ഷകന്‍/അപേക്ഷകയുടെ18 വയസില്‍ താഴെയുള്ള സഹോദരങ്ങള്‍, 18 വയസ്സില്‍ താഴെയുള്ള മക്കള്‍ഉണ്ടെങ്കില്‍ അവര്‍.

കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചുള്ള കുടുംബത്തിന്റെ നിര്‍വചനവും ഇപ്രകാരം തന്നെയാണ്. വിദ്യാര്‍ത്ഥി / അപേക്ഷകന്‍/അപേക്ഷകയുടെ വല്യപ്പന്‍, വല്യമ്മ, 18 വയസിനു മുകളിലുള്ള സഹോദരങ്ങള്‍, 18 വയസിനു മുകളിലുള്ള മക്കള്‍, വീട്ടില്‍ താമസിക്കുന്ന മറ്റ് അംഗങ്ങള്‍ മുതലായവര്‍ ഇപ്രകാരം കുടുംബം എന്നതിന്റെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുന്നില്ല. റേഷന്‍ കാര്‍ഡിലെ പേര് വിവരം പ്രസക്തമല്ല. അവരുടെ പേരിലുള്ള ഭൂസ്വത്തോ വരുമാനമോ കണക്കാക്കേണ്ടതില്ല. വിവാഹം കഴിച്ച ഒരു സ്ത്രീക്ക് ആ സ്ത്രീയുടെയും സ്വന്തം മാതാപിതാക്കളുടെയും ഭര്‍ത്താവിന്റെയും സ്വത്തും വരുമാനവുമാണ് കണക്കാക്കേണ്ടത്. ഭര്‍ത്താവിന്റെ വീട്ടിലാണ് താമസിക്കുന്നതെങ്കിലും ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ സ്വത്തും വരുമാനവും കണക്കാക്കേണ്ടതില്ല. എന്നാല്‍ വിവാഹം കഴിഞ്ഞ് 6 മാസം പൂര്‍ത്തിയായ ഒരു സത്രീ ഭര്‍ത്താവിന്റെ വീട്ടിലാണ് താമസിക്കുന്നതെങ്കില്‍ ഭര്‍ത്താവിന്റെ സ്ഥലത്തെ വില്ലേജ് ഓഫീസില്‍ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

കേരള സര്‍ക്കാര്‍ EWS സംവരണം സംബന്ധിച്ച് പ്രധാനപ്പെട്ട 3 ഉത്തരവുകളാണ് ആദ്യഘട്ടത്തില്‍ ഇറക്കിയിട്ടുള്ളത്. 2020 ജനുവരി 03, ഫെബ്രുവരി 12, മാര്‍ച്ച് 03 തീയതികളില്‍ ആണ് ഇവ. ഇതില്‍ ഫെബ്രുവരി 12 ലെ ഉത്തരവില്‍ ഒരു വീട്ടില്‍ താമസിക്കുന്ന എല്ലാവരെയും കുടുംബം എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും മാര്‍ച്ച് 03 ലെ തിരുത്തല്‍ ഉത്തരവ് പ്രകാരം മുകളില്‍ പറഞ്ഞ നിര്‍വചനം പുനസ്ഥാപിച്ചു. പല വില്ലേജ് ഓഫീസുകളിലും ഫെബ്രുവരി 12 ലെ ഉത്തരവാണ് ഉപയോഗിക്കുന്നത്. മാര്‍ച്ച് മൂന്നിലെ ഉത്തരവിന്റെ കാര്യം പലര്‍ക്കും അറിയില്ല എന്ന കാര്യം അപേക്ഷകര്‍ ശ്രദ്ധിക്കണം. ഇപ്പോള്‍ ഉപയോഗിക്കുന്ന സാധാരണ അപേക്ഷാ ഫോറത്തിന്റെ അനുബന്ധത്തിലും ഇതു സംബന്ധിച്ചു ചേര്‍ത്തിരിക്കുന്ന നിര്‍ദ്ദേശം തെറ്റാണ് എന്ന കാര്യം ശ്രദ്ധിക്കുക.

ഇല്ലാത്ത മാനദണ്ഡങ്ങള്‍

സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡപ്രകാരം വീടിന്റെ വിസ്തീര്‍ണ്ണം, പഞ്ചായത്തുകളില്‍ ഹൗസ്‌പ്ലോട്ടിന്റെ വിസ്തീര്‍ണ്ണം എന്നിവയുടെ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും എടുത്തുകളഞ്ഞിട്ടുണ്ട്. മുകളില്‍ പറഞ്ഞതുപോലെ 18 വയസ്സിന് മുകളിലുള്ള സഹോദരങ്ങളും മറ്റ് അംഗങ്ങളും കുടുംബം എന്നതിന്റെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുന്നില്ല എന്നത് സംബന്ധിച്ചും വ്യക്തമായ സര്‍ക്കാര്‍ ഉത്തരവുണ്ട്. പക്ഷേ വില്ലേജ് ഓഫീസുകളിലെ ചില ഉദ്യോഗസ്ഥര്‍ ഇല്ലാത്ത മാനദണ്ഡങ്ങള്‍ നിലവിലുണ്ട് എന്നു പറഞ്ഞ് ആളുകളെ കബളിപ്പിക്കുന്നുണ്ട്. സംസ്ഥാന സര്‍ട്ടിഫിക്കേറ്റിന് വീട് അളക്കേണ്ട ആവശ്യമില്ലാതിരുന്നിട്ടും വീട് അളക്കുന്നുണ്ട്.

RCSC പ്രശ്‌നം

RCSC എന്നാണ് പല വിദ്യാര്‍ത്ഥികളുടെയും SSLC സര്‍ട്ടിഫിക്കറ്റിലും മറ്റും സമുദായത്തിന്റെ പേര് ആയി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ 2021 ജൂണ്‍ 4 ന് സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളുടെ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഇതില്‍ 163-ാം നമ്പറായി നമ്മുടെ സമുദായത്തെ സിറിയന്‍ കാത്തലിക്ക് (സീറോ മലബാര്‍ കാത്തലിക്) എന്നാണ് പേര് ചേര്‍ത്തിരിക്കുന്നത്. SSLC സര്‍ട്ടിഫിക്കറ്റില്‍ ഈ പേരല്ല എന്ന സാങ്കേതിക പ്രശ്‌നം ഉന്നയിച്ച് പല അധികാരികളും അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മറ്റ് യാതൊരു സംവരണവും ലഭിക്കാത്ത ‘ജനറല്‍ കാറ്റഗറി’ എന്ന് ചേര്‍ത്തിരിക്കുന്ന എല്ലാവര്‍ക്കും മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെങ്കില്‍ ഈ സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ട്. ഇത് സംബന്ധിച്ച വ്യക്തമായ സര്‍ക്കാര്‍ ഉത്തരവ് 2022 മെയ് 07 ശനിയാഴ്ച പുറത്തിറങ്ങിയിട്ടുണ്ട്.അതുപ്രകാരം മുന്‍ ഉത്തരവുകളിലെ മുന്നാക്ക വിഭാഗത്തിലെ എന്നത് ഒഴിവാക്കി പകരം ‘സംവരണാനുസൃതം പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലോ മറ്റ് പിന്നാക്ക വിഭാഗങ്ങളിലോ ഉള്‍പ്പെടാത്തതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ വിഭാഗം’ എന്ന് ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. അതിനാല്‍ SSLC സര്‍ട്ടിഫിക്കറ്റിലെ സമുദായ നാമം എന്തുതന്നെയാണെങ്കിലും ജനറല്‍ കാറ്റഗറി എന്ന് കൂടെ ചേര്‍ത്തിട്ടുണ്ടെങ്കില്‍ സാമ്പത്തിക മാനദണ്ഡമനുസരിച്ച് EWS സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ട്. ഇവയൊക്കെ സൂചിപ്പിച്ചിട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വീണ്ടും പ്രശ്‌നം ഉന്നയിക്കുകയാണെങ്കില്‍ ആദ്യം ഇടവക വികാരിയുടെ കത്ത് ഹാജരാക്കുക. എന്നിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെങ്കില്‍ തഹസീല്‍ദാര്‍ തുടങ്ങി ആവശ്യാനുസരണം മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുക.

സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റ്

കേന്ദ്ര സര്‍ക്കാരിനും കേരള സര്‍ക്കാരിനും വ്യത്യസ്തമായ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകളാണ് ഉള്ളത്. ഇത് പ്രത്യേകം ശ്രദ്ധിക്കണം. സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റ്മാറി പോയതിന്റെ പേരില്‍ അഡ്മിഷന്‍ നഷ്ടപ്പെട്ട ഏതാനം വിദ്യാര്‍ത്ഥികളുടെ മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിന് ഇപ്പോള്‍ 4 സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകളാണ് ഉള്ളത്
ബിപിഎല്‍ – വിദ്യാഭ്യാസം
ബിപിഎല്‍ – തൊഴില്‍
എപിഎല്‍ – വിദ്യാഭ്യാസം
എപിഎല്‍ – തൊഴില്‍
ഇവ മാറിപ്പോകാതെ ശ്രദ്ധിക്കുക

കൂടാതെ വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പൂര്‍ണമായും വ്യക്തമായുംപൂരിപ്പിച്ചിട്ടുണ്ടെന്നും വില്ലേജ് ഓഫീസറുടെ ഒപ്പ്, Name &Designation സീലുകള്‍, ഓഫീസ് സീല്‍ എന്നിവ യഥാസ്ഥാനത്ത്പതിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കണം. അപേക്ഷിക്കുന്ന വ്യക്തിയുടെ ഫോട്ടോയും നിര്‍ബന്ധമായും സര്‍ട്ടിഫിക്കറ്റില്‍ ഒട്ടിച്ച് അതില്‍ വില്ലേജ് ഓഫീസറുടെ സീല്‍ വാങ്ങിയിരിക്കണം.

ആവശ്യമായ രേഖകള്‍

വിദ്യാര്‍ത്ഥി / അപേക്ഷകന്‍ /അപേക്ഷക (18 വയസ് പൂര്‍ത്തിയായിട്ടില്ലെങ്കില്‍മാതാപിതാക്കള്‍) നിശ്ചിത ഫോര്‍മാറ്റില്‍ EWS സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയും സത്യവാങ്മൂലവും സമര്‍പ്പിക്കുക. (അപേക്ഷയുടെ ഫോര്‍മാറ്റും, വില്ലേജ് ഓഫീസര്‍ പൂരിപ്പിച്ചു തരാനുള്ള സര്‍ട്ടിഫിക്കറ്റിന്റെ ഫോര്‍മാറ്റും ആവശ്യമുള്ളവര്‍ക്ക്www.carpchanganacherry.com എന്ന വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.)

റേഷന്‍ കാര്‍ഡ്, സമുദായം തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡ്, കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്കുകളുടെ കോപ്പി എന്നിവ കയ്യില്‍ കരുതുക.

സാമ്പത്തിക വര്‍ഷം

സര്‍ക്കാര്‍ ഉത്തരവു പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷത്തിനു തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷത്തില്‍ പ്രസ്തുത മാനദണ്ഡങ്ങള്‍ക്കുള്ളില്‍ സ്വത്ത് വരുമാനങ്ങള്‍ ഉള്ള കുടുംബത്തിലെ വ്യക്തിയാണ് എന്നാണ് EWS സര്‍ട്ടിഫിക്കറ്റില്‍ സാക്ഷ്യപ്പെടുത്തേണ്ടത്. അതായത് 2022 ഡിസംബര്‍ മാസത്തില്‍ (നടപ്പ് സാമ്പത്തിക വര്‍ഷം 2022-23) സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന ഒരു വ്യക്തി 2021 ഏപ്രില്‍ 1 – 2022 മാര്‍ച്ച് 31 സാമ്പത്തിക വര്‍ഷത്തിലെ വിവരങ്ങളാണ് ബോധിപ്പിക്കേണ്ടത്. ഈ സര്‍ട്ടിഫിക്കറ്റിന് ഇഷ്യൂ ചെയ്യുന്ന തീയതി മുതല്‍ ആ സാമ്പത്തികവര്‍ഷം തീരുന്നതുവരെ ആയിരിക്കും കാലാവധി.

സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കില്‍ എന്തു ചെയ്യണം

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നമ്മള്‍ നല്‍കുന്ന അപേക്ഷകള്‍ക്ക് 10 ദിവസത്തിനകം മറുപടി ലഭിക്കേണ്ടതുണ്ട്. ഇതിനായി അപേക്ഷ നല്‍കുമ്പോള്‍ കൈപ്പറ്റ് രസീത് എഴുതി വാങ്ങുക. നിയമപ്രകാരം സര്‍ക്കാര്‍ ഓഫീസുകളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് ഉദ്യോഗസ്ഥര്‍ അവ കൈപ്പറ്റി എന്ന് രസീത് നല്‍കേണ്ടതുണ്ട്. തുടര്‍ന്ന് 7 ദിവസമായിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കുകയോ തടസങ്ങള്‍ ഉന്നയിക്കുകയോ ചെയ്താല്‍ വില്ലേജ് ഓഫീസറുടെ പക്കല്‍ നിന്നും എന്തുകൊണ്ട് സര്‍ടിഫിക്കറ്റ് നല്‍കാന്‍ സാധിക്കില്ല എന്നത്കാരണം സഹിതം എഴുതി വാങ്ങുക. നമ്മുടെ പക്ഷത്താണ് ന്യായം എന്നു തോന്നുന്നുവെങ്കില്‍ തഹസീല്‍ദാരുടെ അടുത്ത് പരാതി കൊടുക്കുക. അവിടെയും നീതി ലഭിക്കുന്നില്ലെങ്കില്‍ കളക്ടര്‍ക്ക് പരാതി നല്‍കുക.

EWS സംവരണം ഉള്ളതിനാല്‍ പഠനം അല്പം കുറഞ്ഞാലും അവസരം ലഭിക്കുമെന്ന തെറ്റിദ്ധാരണ പാടില്ല. EWS സംവരണത്തിന് അര്‍ഹരായവരില്‍ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുന്നവര്‍ മാത്രമേ 10% സീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുള്ളൂ. ഏറ്റവും ആത്മാര്‍ത്ഥമായി തയ്യാറെടുക്കുക. സംവരണസീറ്റിലും ഓപ്പണ്‍ മെറിറ്റിലും ഒരുപോലെ അവസരം ലഭിക്കും.

തയ്യാറാക്കിയത്: ഫാ. ജയിംസ് കൊക്കാവയലില്‍
(ചങ്ങനാശേരി അതിരൂപതയിലെ കാര്‍പ്പ് (CARP) ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറും സീറോ മലബാര്‍ പബ്ലിക് അ ഫയേഴ്‌സ് കമ്മീഷന്റെ അസി. സെക്രട്ടറിയുമാണ് ലേഖകന്‍)


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version