അത്ഭുത സംഭവങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി വത്തിക്കാനിലെ വിശ്വാസപ്രബോധനത്തിനു വേണ്ടിയുള്ള കാര്യാലയം പുതിയ പ്രമാണരേഖ പുറത്തിറക്കി. ‘പ്രകൃത്യാതീതമെന്ന് അറിയപ്പെടുന്ന സംഭവങ്ങള്‍ വിവേചിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍’ എന്ന രേഖ വിശ്വാസകാര്യാലയ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് പ്രകാശനം ചെയ്തു. അത്ഭുതങ്ങളെ കുറിച്ച് എന്തെങ്കിലും പ്രഖ്യാപനം നടത്താന്‍ രൂപതാ മെത്രാന് അധികാരമില്ല. അതേസമയം സംഭവത്തെ കുറിച്ച് വിശകലനം ചെയ്ത ശേഷം അവിടെ ഭക്തകൃത്യങ്ങളോ മറ്റോ പ്രോത്സാഹിപ്പിക്കുവാന് മെത്രാന് അധികാരമുണ്ട്.
‘അത്ഭുതകര’മായ ഒരു സംഭവമുണ്ടായാല്‍ രൂപതാ മെത്രാന്‍ അക്കാര്യം വിശദമായി പഠിച്ചതിനുശേഷം വിശ്വാസ കാര്യാലയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വിഷയത്തില്‍ പഠനം നടത്താന്‍ ഒരു ദൈവശാസ്ത്രജ്ഞനും കാനന്‍ നിയമവിദഗ്ധനും ഒരു വിദഗ്ധനും ഉള്‍പ്പെടുന്ന സമിതിയെ നിയോഗിക്കണം. വസ്തുതകള്‍ അന്വേഷിച്ചുകഴിഞ്ഞാല്‍, ബിഷപ് പഠനഫലങ്ങള്‍ ഡിക്കാസ്റ്ററിയിലേക്ക് അയയ്ക്കണം. ലഭിച്ച വിവരങ്ങളും പിന്തുടരുന്ന നടപടിക്രമങ്ങളും ഡിക്കാസ്റ്ററി വിശകലനം ചെയ്യും.
വിശ്വാസ കാര്യാലയം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതുവരെ അത്ഭുത പ്രതിഭാസത്തിന്റെ ആധികാരികതയെയോ അമാനുഷികതയെയോ സംബന്ധിച്ച് പൊതുപ്രഖ്യാപനം നടത്താന്‍ ബിഷപ്പുമാര്‍ക്ക് അനുവാദമുണ്ടാകില്ല. അത്ഭുതം ഒന്നിലധികം രൂപതകളുടെ ഭാഗമാകുന്നുണ്ടെങ്കില്‍ ഈ പ്രതിഭാസത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു ഇന്റര്‍ഡയോസിസന്‍ കമ്മീഷന്‍ രൂപീകരിക്കണമെന്നും രേഖയില്‍ പറയുന്നു. യഥാര്‍ത്ഥ ദൈവവിശ്വാസം വളര്‍ത്താനും അത് അന്ധവിശ്വാസമായി അധഃപതിക്കാതിരിക്കാനും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഉതകുമെന്ന് കര്‍ദ്ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് പ്രത്യാശ പ്രകടിപ്പിച്ചു. പന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ രേഖ പ്രാബല്യത്തില്‍ വരും.