മ്യാന്‍മറിലെ ചിന്‍ സംസ്ഥാനത്ത് കത്തോലിക്ക ദേവാലയത്തിനും ബാപ്റ്റിസ്റ്റ് ദേവാലയത്തിനും നേരെ വ്യോമാക്രമണം. കലായ് രൂപതയുടെ കീഴിലുള്ളതാണ് ആക്രമിക്കപ്പെട്ട കത്തോലിക്കാ ദേവാലയം. ടോന്‍സാങ് നഗരത്തിനടുത്തുള്ള ലങ്ടാക് ഗ്രാമത്തിലാണ് ആക്രമിക്കപ്പെട്ട ഇരു ദേവാലയങ്ങളും സ്ഥിതി ചെയ്യുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വ്യോമാക്രമണത്തില്‍ അഞ്ചു വീടുകളും തകര്‍ന്നു.
വിമതഗ്രൂപ്പുകള്‍ക്കെതിരെയുള്ള ആക്രമണത്തിന്റെ ഭാഗമായാണ് മ്യാന്മാര്‍ വ്യോമസേന ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങള്‍ക്കുനേരെ ബോംബാക്രമണം നടത്തിയത്. ദേവാലയത്തില്‍ ഉണ്ടായിരുന്ന ഫാ. ടൈറ്റസ് എന്‍ സാ ഖാന്‍ എന്ന വൈദികനും, മറ്റു വിശ്വാസികളും അടുത്തുള്ള കാടുകളില്‍ അഭയം തേടിയതായി ഏജന്‍സിയ ഫിദേസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലങ്ടാക് ഗ്രാമവും സമീപത്തുള്ള മറ്റു രണ്ടു ഗ്രാമങ്ങളും ആക്രമണത്തിലൂടെ മ്യാന്‍മറിലെ സൈന്യം പിടിച്ചെടുത്തു. ചിന്‍ സംസ്ഥാനത്തെ എണ്‍പത്തിയാറു ശതമാനം ജനങ്ങളും ക്രൈസ്തവരാണ്. ഇവിടെ നാളുകളായി ആളുകള്‍ക്കിടയില്‍ സംഘര്‍ഷങ്ങളും അക്രമങ്ങളും നിലനില്‍ക്കുന്നുണ്ട്. 2021-ല്‍ സൈന്യം ഭരണം പിടിച്ചെടുത്തതിനുശേഷം, പ്രദേശത്തുള്ള ചിലര്‍ പ്രതിരോധനിരയോട് ചേര്‍ന്ന് സൈന്യത്തിനെതിരെ പോരാട്ടം തുടരുകയാണ്. എന്നാല്‍ ഇതിന്റെ ഇരകളാകുന്നത് മ്യാന്‍മറിലെ സാധാരണ ജനങ്ങളാണ്.
എന്താണ് മ്യാന്‍മറില്‍ സംഭവിക്കുന്നത്?
നൊബേല്‍ പുരസ്‌കാര ജേതാവായ ഓങ് സാന്‍ സൂചിയുടെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചെടുക്കുന്നത് 2021-ലാണ്. ഇതിനു പിന്നാലെയാണ് ജനാധിപത്യവാദികളും പട്ടാളവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്. മൂന്നു വര്‍ഷത്തിനിടെ നിരവധി പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. വിമതരെ അടിച്ചമര്‍ത്താന്‍ സൈന്യം വ്യോമാക്രമണം നടത്തുന്നത് പതിവാണ്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലൊന്നായ മ്യാന്‍മര്‍ ഇന്ത്യയുമായി ഏകദേശം 1640 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളുമായാണ് മ്യാന്‍മര്‍ അതിര്‍ത്തി പങ്കിടുന്നത്. 2023 നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം രണ്ടു ലക്ഷത്തിലധികം പേര്‍ മ്യാന്‍മാറില്‍ നിന്ന് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.