താമരശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി വിട പറഞ്ഞിട്ട് ജൂണ്‍ പതിനൊന്നിന് 30 വര്‍ഷം പൂര്‍ത്തിയാകുന്നു. അന്ത്യനിമിഷത്തില്‍ ഒപ്പമുണ്ടായിരുന്ന ഫാ. മാത്യു പനച്ചിപ്പുറം ആ ദിനം അനുസ്മരിക്കുന്നു
1994 ജൂണ്‍ 11 ശനി. ആര്‍ത്തലച്ച് മഴ പെയ്തുകൊണ്ടേയിരുന്നു. പുലര്‍ച്ചെ അഞ്ചു മണിക്ക് ഉണര്‍ന്ന അറുപത്തിയഞ്ചുകാരനായ ബിഷപ് ആറുമണിയോടെ പ്രഭാതകൃത്യങ്ങള്‍ പൂര്‍ത്തിയാക്കി ധ്യാനനിരതനായി. ഏഴുമണിയോടെ ബലിയര്‍പ്പണത്തിന് ചാപ്പലില്‍ വന്നു. ഗാംഭീര്യമുള്ള ശബ്ദം ശ്രുതിതാഴ്ത്തി ഒരു കവിത ചൊല്ലുന്ന ലാഘവത്തോടെ, കുര്‍ബാന ക്രമത്തിന്റെ പേജുകള്‍ മറിച്ചുകൊണ്ട്, പ്രാര്‍ത്ഥനകള്‍ ഉരുവിട്ടു. കുര്‍ബാന മധ്യേയുള്ള ബൈബിള്‍ വായന മത്തായി 10, 16-25 ആയിരുന്നു.
ബലിയര്‍പ്പണം പൂര്‍ത്തിയാക്കി പത്രങ്ങള്‍ ഓടിച്ചു നോക്കി സഹപ്രവര്‍ത്തകര്‍ക്കും അതിഥികള്‍ക്കുമൊപ്പം പ്രഭാത ഭക്ഷണത്തിന് പോയി.
8.30ന് ഔദ്യോഗിക യാത്രയ്ക്കുള്ള വാഹനം തയ്യാറായതായി ഡ്രൈവര്‍ അറിയിച്ചു. തുടര്‍ന്ന് 8.45ന് കൂരാച്ചുണ്ടിലേക്ക്. ഞെഴുകുംകാട്ടില്‍ കുര്യന്റെ പുതിയ വീടു വെഞ്ചരിപ്പിനുള്ള യാത്രയായിരുന്നു അത്.
ആദ്യകാല കുടിയേറ്റക്കാരനായ ഞെഴുകുംകാട്ടില്‍ കുര്യന്റെ പുതിയ ഭവനത്തിന്റെ ആശീര്‍വാദപ്രാര്‍ത്ഥന 9.30ന് തന്നെ തുടങ്ങി. വെഞ്ചരിപ്പിനുശേഷം ഒരു അപ്പവും കറിയും ചായയും അല്‍പ്പം മധുരപലഹാരവും കഴിച്ച് കുറച്ചു സമയം വീട്ടുകാരുമായി കുശലം പറഞ്ഞ ശേഷം അവിടെ നിന്നു തിരിച്ചു.
കൂരാച്ചുണ്ടില്‍ അന്ന് ഒരാള്‍ മരിച്ചിട്ടുണ്ടായിരുന്നു. ചിലമ്പില്‍ കുട്ടിയുടെ ഭാര്യ. വഴിയ്ക്ക് ആ വീട്ടില്‍ കയറി അവരെ ആശ്വസിപ്പിക്കുകയും മരിച്ച ആളിനു വേണ്ടി ഒപ്പീസു ചൊല്ലുകയും ചെയ്തു.
11.30ന് രൂപതാകേന്ദ്രത്തില്‍ തിരിച്ചെത്തിയ ബിഷപ്പിനെ കാണാന്‍ ഏതാനും സന്ദര്‍ശകര്‍ ഉണ്ടായിരുന്നു. അവരില്‍ പലരേയും കാണുകയും സംസാരിക്കുകയും ചെയ്തു. 12.30ന് ‘കര്‍ത്താവിന്റെ മാലാഖ’ പ്രാര്‍ത്ഥന ചൊല്ലി സഹപ്രവര്‍ത്തകരുമൊത്ത് ഉച്ചഭക്ഷണത്തിനിരുന്നു. പതിവിലും ലഘുവായിരുന്നു അന്നത്തെ ഉച്ചഭക്ഷണം. ഭക്ഷണ സമയം മുഴുവനും മത്സ്യം പിടിക്കുന്ന വിവിധ രീതികള്‍ വര്‍ണിച്ച് കൂടയുണ്ടായിരുന്നവരെ ബിഷപ് രസിപ്പിച്ചു. ചിരകാല സുഹൃത്തായിരുന്ന ഫാ. സെബാസ്റ്റ്യന്‍ തുരുത്തേലുമായി കുരിശുമല ആശ്രമം സന്ദര്‍ശിച്ചതും മറ്റു വിനോദയാത്രകളും ബിഷപ് പങ്കുവച്ചു. രൂപതാ വൈദികരുമൊന്നിച്ച് നടത്തിയ വിനോദയാത്രയെക്കുറിച്ചും പറഞ്ഞു.
ഉച്ചഭക്ഷണത്തിനുശേഷം ഒന്നരയോടെ മുറ്റത്തു നടക്കുവാന്‍ തുടങ്ങി. തോട്ടത്തിലെ ചെടികളുടെ സംവിധാനങ്ങളെക്കുറിച്ച് വികാരി ജനറല്‍ മോണ്‍. ഫ്രാന്‍സിസ് ആറുപറയിലുമായി സംസാരിച്ചുകൊണ്ടുള്ള നടത്തം അവസാനിച്ചത് അല്‍ഫോന്‍സാ ഭവനിലായിരുന്നു. അതായിരുന്നു ബിഷപ്പിന്റെ ആദ്യത്തെ താമസസ്ഥലവും രൂപതയുടെ ആസ്ഥാനവും. അവിടെ നടക്കുന്ന റിപ്പയറിങ് പണികളും മറ്റും കണ്ട് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി രണ്ടരയോടെ സ്വന്തം മുറിയിലേക്ക് നടന്നു. പെട്ടെന്ന് മഴ ചാറി. തലയില്‍ തൂവാലയിട്ട് ഓടിയാണ് ബിഷപ് രൂപതാഭവനില്‍ എത്തിയത്. ഒരു പക്ഷെ, ഇതായിരിക്കാം വരാനിരുന്ന വലിയ സംഭവത്തിന് തിരികൊളുത്തിയത്.
കാത്തിരുന്ന സന്ദര്‍ശകരെ കണ്ട ശേഷം മുറിയിലെത്തിയ ബിഷപ്പിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു തുടങ്ങി. ചെറിയ തലകറക്കവും വയറ്റില്‍ അസ്വസ്ഥതയും കൈകള്‍ക്ക് വേദനയും. മൂന്നരയായപ്പോള്‍ ചാന്‍സലര്‍ ഫാ. ജോസഫ് കീലത്തിനെ വിളിപ്പിച്ചു. തൊട്ടടുത്തുള്ള ചാവറ ആശുപത്രിയില്‍ നിന്ന് ഡോക്ടറെ വിളിക്കുവാനും വേനപ്പാറ ഓര്‍ഫനേജില്‍ കുട്ടികളെ സന്ദര്‍ശിക്കുവാന്‍ നിശ്ചയിച്ചിരുന്ന പരിപാടി റദ്ദു ചെയ്യുവാനും ബിഷപ് ആവശ്യപ്പെട്ടു. നിമിഷങ്ങള്‍ക്കകം സന്ദേശം പോയി. ചാവറ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മേരി റോസും സഹായിയും ഉടന്‍ പാഞ്ഞെത്തി. സമയം മൂന്നേമുക്കാലിനോടടുത്തു. ആദ്യ പരിശോധനയില്‍ ബിഷപ്പിന്റെ രക്ത സമ്മര്‍ദ്ദം പതിവില്ലാത്തവിധം ഉയരുന്നതായി മനസിലാക്കിയ ഡോക്ടര്‍ ആശുപത്രിയിലേക്കോടി മരുന്നുമായി തിരിച്ചെത്തി. കൂടുതല്‍ പരിശോധനയും ഇ.സി.ജി നോക്കലും ആവശ്യമാണെന്ന് ഡോക്ടര്‍ പറഞ്ഞു. അതിനിടെ സഹപ്രവര്‍ത്തകനായ ഫാ. പോള്‍ കളപ്പുരയോട് കുമ്പസാരമെന്ന കൂദാശ ആവശ്യപ്പെടുന്നു. തൊട്ടടുത്ത ഗസ്റ്റ് റൂമില്‍ പ്രവേശിച്ച് കുമ്പസാരം നടത്തി. ഡോക്ടര്‍ കൊണ്ടുവന്ന മരുന്നു കഴിച്ച് കിടക്കയില്‍ വിശ്രമിച്ചു.
നാലരയോടെ ഡോ. ബേബി ജോസഫ് രൂപതാഭവനില്‍ എത്തി. പരിശോധനയ്ക്കു ശേഷം സ്വന്തം കാറില്‍ ചാവറ ആശുപത്രരിയിലേക്ക് ബിഷപ്പിനെ കൊണ്ടുപോകുന്നു. സഹപ്രവര്‍ത്തകരായ വൈദികര്‍ ബിഷപ്പിനെ അനുഗമിച്ചു. വൈകിട്ട് അഞ്ചുമണിയോടെ ബിഷപ്പിന് ഹൃദയാഘാതത്തിന്റെ ഗുരുതരമായ ലക്ഷണങ്ങളാണെന്ന് ഇ.സി.ജി. പരിശോധനയില്‍ നിന്നു വ്യക്തമായി. സംസാരം പോലും അരുതെന്ന് ഡോക്ടര്‍മാരുടെ വിലക്ക്. യാത്ര അപകടകരമായതിനാല്‍ ആശുപത്രിയില്‍ തന്നെ തുടര്‍ ചികിത്സ മതിയെന്ന് തീരുമാനമായി. ചികിത്സാ നടപടികള്‍ അതിവേഗം തുടരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മരുന്നിനായുള്ള ഓട്ടം. ഒരു മണിക്കൂറിനുള്ളില്‍ കൈനടി ജോസ് മരുന്നുമായി എത്തുന്നു. ചികിത്സ തുടരുന്നു.
മണിക്കൂറുകളോളം മാറി നിന്ന മഴ വീണ്ടും ശക്തിയായി പെയ്യാന്‍ തുടങ്ങി. കോടഞ്ചേരി ഹോളി ക്രോസ് ആശുപത്രിയില്‍ നിന്നു ഡോ. ആഗസ്തിയും ചികിത്സാ ഉപകരണങ്ങളുമായി എത്തിയിരുന്നു.
ഏഴു മണിക്ക് വൈദ്യുതി നിലച്ചു. കറന്റു കട്ടിന്റെ സമയമായിരുന്നു. നിമിഷങ്ങള്‍ക്കകം എമര്‍ജന്‍സി വൈദ്യുതി ലൈന്‍ പ്രവര്‍ത്തന സജ്ജമായി. ഏകദേശം ഏഴരയോടെ ഹൃദയമിടിപ്പ് ക്രമരഹിതമാകുന്നതായി ബിഷപ്പിന്റെ പരാതി. ഉടനെ ഛര്‍ദ്ദിയും തുടങ്ങി. പടിപടിയായി ബിഷപ്പിന്റെ നില മോശമായിക്കൊണ്ടിരുന്നു. രോഗം മൂര്‍ദ്ധന്യത്തിലെത്തി.
ശ്വാസതടസം നേരിട്ടപ്പോള്‍ ഓക്‌സിജന്‍ കൊടുത്തു. അടുത്തുണ്ടായിരുന്ന മോണ്‍ ഫ്രാന്‍സിസ് ആറുപറയിലും ഫാ. ജോസഫ് കീലത്തും ലേഖകനും അവസാനാശീര്‍വാദവും രോഗീലേപനവും നല്‍കി. നിമിഷങ്ങള്‍ക്കകം അദ്ദേഹം അന്ത്യശാസം വലിച്ചു. സമയം 7.45. ആ പുണ്യ ജീവിതം അവസാനിച്ചു. ആ ഓട്ടം പൂര്‍ത്തിയായി. അവസാന നിമിഷം വരെ താഴ്ന്ന സ്വരത്തില്‍ ‘ഈശോ… ഈശോ…’എന്നു അദ്ദേഹം പ്രാര്‍ത്ഥിച്ചിരുന്നു. ദൈവത്തിന്റെ അനന്തവും അജ്ഞാതവുമായ പദ്ധതികള്‍ക്കു മുമ്പില്‍ നിസഹായരായി പകച്ചു നിന്ന ഡോക്ടര്‍മാര്‍ താമരശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ മരണം സ്ഥിരീകരിച്ചു. പുറത്ത് മഴ ചന്നം പിന്നം പെയ്തുകൊണ്ടിരുന്നു.