കല, നര്‍മ്മം, സാംസ്‌കാരിക സംവാദം എന്നിവയുടെ ആഘോഷത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് പാപ്പാ ജൂണ്‍ 14 വെള്ളിയാഴ്ച വത്തിക്കാനില്‍ അന്താരാഷ്ട്ര ഹാസ്യനടീനടന്മാരുമായി കൂടിക്കാഴ്ച നടത്തും.
ജിമ്മി ഫാലന്‍, സ്റ്റീഫന്‍ കോള്‍ബര്‍ട്ട്, കോനന്‍ ഓബ്രിയന്‍, ക്രിസ് റോക്ക്, ഹൂപ്പി ഗോള്‍ഡ്‌ബെര്‍ഗ് തുടങ്ങിയ പ്രശസ്തര്‍ പാപ്പായുമായുള്ള കൂടികാഴ്ച്ചയില്‍ ഉള്‍പ്പെടുന്നതായി പരിശുദ്ധ സിംഹാസനത്തിന്റെ വാര്‍ത്താ കാര്യാലയം അറിയിച്ചു.
വത്തിക്കാന്റെ വിദ്യാഭ്യാസത്തിനും സംസ്‌കാരത്തിനുമായുള്ള ഡികാസ്റ്ററിയും, ആശയ വിനമയത്തിനായുള്ള ഡികാസ്റ്ററിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ നൂറിലധികം ഹാസ്യനടീനടന്മാര്‍ ഒത്തുചേരും.
ഹാസ്യത്തിന്റെ സാര്‍വ്വത്രിക ഭാഷയിലൂടെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും അന്തരീക്ഷം വളര്‍ത്തിക്കൊണ്ട് കത്തോലിക്കാ സഭയും ഹാസ്യകലാകാരന്മാരും തമ്മില്‍ ‘ഒരു ബന്ധം സ്ഥാപിക്കുക’ എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
‘മനുഷ്യ വൈവിധ്യത്തിന്റെ സൗന്ദര്യം ആഘോഷിക്കുക’, ‘സമാധാനം, സ്‌നേഹം, ഐക്യദാര്‍ഢ്യം എന്നിവയുടെ സന്ദേശം പ്രോത്സാഹിപ്പിക്കുക’ എന്നിവയാണ് ഈ യോഗത്തിന്റെ ലക്ഷ്യം. അമേരിക്കന്‍ ഹാസ്യനടന്മാരെക്കൂടാതെ യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും കലാകാരന്മാര്‍ എത്തുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നവരില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇറ്റലിയില്‍ നിന്നുള്ളവരാണ്.