ഫ്രാന്‍സിസ്‌കന്‍ ചൈതന്യം തുളുമ്പുന്ന ഒരു സെറാഫിക് വേദപാരംഗതനാണ് ബോനെവഞ്ചര്‍ മധ്യ ഇറ്റലിയില്‍ ബാഞ്ഞോറേജിയോ എന്ന നഗരത്തില്‍ 1221-ല്‍ ജോണ്‍ ഫിഡെന്‍സാ-മേരി റിഞ്ഞല്ലി ദമ്പതികളുടെ മകനായി ജനിച്ചു. നാലു വയസ്സുള്ളപ്പോള്‍ കുട്ടിക്ക് കഠിനമായ ഒരു രോഗം പിടിപെട്ടു. അമ്മ ഫാന്‍സിസ് അസീസിയെ സമീപിച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടു. കുട്ടി പൂര്‍ണ്ണസുഖം പ്രാപിച്ചു. വിശുദ്ധന്‍ പിന്നീട് കുട്ടിയെ കണ്ടപ്പോള്‍ സമാധിയില്‍ ‘ബോനാവെന്തൂരാ’ അതായത്, ‘ഉത്തമ ഭാഗ്യം’ എന്നുവിളിച്ചു. അങ്ങനെ ബോനവെന്തൂരാ എന്ന് പേരുണ്ടായി.
22-ാമത്തെ വയസ്സില്‍ അദ്ദേഹം റോമയില്‍ ഫ്രാന്‍സിസ്‌കന്‍ സഭാവസ്ത്രം സ്വീകരിച്ചു. അലെക്‌സ് സാന്റര്‍ ഹെയില്‍സു മുതലായ പണ്ഡിതന്മാരുടെ കീഴില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1257-ല്‍ തന്റെ സ്‌നേഹിതന്‍ തോമസ് അക്വിനാസിനോടൊപ്പം ഡോക്ടറേറ്റു നേടി. അലസമായ ജിജ്ഞാസയായിരുന്നില്ല പഠനലക്ഷ്യം; പ്രാര്‍ത്ഥനാപൂര്‍വ്വം പഠിച്ചുകൊണ്ടിരുന്നു. വിശുദ്ധ തോമസ് അക്വിനാസ് ഒരിക്കല്‍ ബൊനവന്തൂരയെ സന്ദര്‍ശിച്ചപ്പോള്‍ ഈ ജ്ഞാനമൊക്കെ എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചു. ബൊനവെന്തുരാ കുരിശുരൂപം കാണിച്ചുകൊടുത്തുകൊണ്ട് പറഞ്ഞു: ‘ഇതാണ് എന്റെ വിജ്ഞാനത്തിന്റെ ഉറവ; ഞാന്‍ ക്രൂശിതനായ യേശുക്രിസ്തുവിനെ മാത്രം പഠിക്കുന്നു.’
പൗരോഹിത്യത്തിന് വളരെ പ്രാര്‍ത്ഥനയോടും ഉപവാസത്തോടും കൂടെയാണ് ബൊനവെന്തൂരാ ഒരുങ്ങിയത്. 35 വയസ്സുമാത്രം പ്രായമുള്ളപ്പോള്‍ സഭയുടെ ജനറലായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന് കേട്ടപ്പോള്‍ ഭയവിഹ്വലനായി സാഷ്ടാംഗം വീണു വളരെ കണ്ണുനീരോടുകൂടെ അനുഗ്രഹങ്ങള്‍ക്കായി അപേക്ഷിച്ചു.
വിശുദ്ധ ഫ്രാന്‍സിസിന്റെ നിയമങ്ങള്‍ അതേപടി വേണമെന്ന് ഒരു കൂട്ടരും മയപ്പെടുത്തണമെന്ന് വേറൊരു കൂട്ടരും വാദിക്കുന്ന കാലമായിരുന്നു. ബൊനവെന്തുരാ മദ്ധ്യമാര്‍ഗ്ഗം സ്വീകരിച്ചു. അക്കാലത്താണ് അദ്ദേഹം ഈശോയുടെ ദാരിദ്ര്യമെന്ന ഗ്രന്ഥമെഴുതിയത്. ഒരിക്കല്‍ തോമസ് അക്വിനാസ് വന്നപ്പോള്‍ ബൊനവെന്തുരാ ഫ്രാന്‍സിസ് അസീസ്സിയുടെ ജീവചരിത്രമെഴുതുന്നതു കണ്ടു പറഞ്ഞു: ‘ഒരു പുണ്യവാന്റെ ചരിത്രം വേറൊരു പുണ്യവാന്‍ എഴുതട്ടെ.’
ഒരിക്കല്‍ ബ്രദര്‍ ഗൈല്‍സ് ബൊനവെന്തൂരയോട് ‘ഒരു പടുവിഡ്ഢിക്കു പണ്ഡിതരെപ്പോലെ ദൈവത്തെ സ്‌നേഹിക്കാന്‍ കഴിയുമോ?’ എന്നു ചോദിച്ചു. ‘ഒരു ദരിദ്ര വൃദ്ധയ്ക്ക് ഒരു ദൈവശാസ്ത്രപണ്ഡിതനെക്കാള്‍ കൂടുതലായി ദൈവത്തെ സ്‌നേഹിക്കാന്‍ കഴിയു’മെന്നായിരുന്നു മറുപടി. ബ്രദര്‍ ഗൈല്‍സ് വിളിച്ചു പറഞ്ഞു: ‘ദരിദ്രരേ, പാവപ്പെട്ട വൃദ്ധകളെ വരുവിന്‍, നിങ്ങള്‍ക്കു പണ്ഡിതനായ ബൊനവെന്തൂരാ മല്പാനെക്കാള്‍ കൂടുതല്‍ ദൈവത്തെ സ്‌നേഹിക്കാം.’
1265-ല്‍ യോര്‍ക്കിലെ ആര്‍ച്ചു ബിഷപ്പായി ബൊനവെന്തൂരായെ നിയമിച്ചു. തന്നെ ആ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചു. അപ്പോള്‍ അദ്ദേഹത്തെ അല്‍ബാനോയിലെ ബിഷപ്പും കാര്‍ഡിനലുമായി നിയമിച്ചുകൊണ്ടുള്ള കല്പന രണ്ടു പ്രതിനിധികള്‍ വഴി മാര്‍പ്പാപ്പാ കൊടുത്തയച്ചു. പേപ്പല്‍ പ്രതിനിധികള്‍ വന്നപ്പോള്‍ അദ്ദേഹം ഫ്‌ളോറന്‍സിനടുത്ത് മിഗെല്‍ ആശ്രമത്തില്‍ പാത്രങ്ങള്‍ കഴുകുകയായിരുന്നു. സ്ഥാനചിഹ്നങ്ങള്‍ അടുത്തു നിന്നിരുന്ന മരത്തിന്മേല്‍ തൂക്കിയിടാന്‍ നിര്‍ദ്ദേശിച്ചു. പാത്രം കഴുകിക്കഴിഞ്ഞശേഷം പേപ്പല്‍ പ്രതിനിധികളെ അദ്ദേഹം യഥോചിതം സ്വീകരിച്ചു.
ലിയോണ്‍സ് സൂനഹദോസില്‍ പത്താം ഗ്രിഗറി മാര്‍പാപ്പായുടെ വലത് വശത്തിരുന്ന് സൂനഹദോസു നടപടികളില്‍ പങ്കെടുത്തു. 1274 ജൂലൈ 15-ന് പ്രഭാതത്തില്‍ സൂനഹദോസിനിടയ്ക്ക് 53-ാമത്തെ വയസ്സില്‍ ബൊനവെന്തൂരാ നിര്യാതനായി. സുന്ദരങ്ങളായ അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കുമ്പോള്‍ ഒരു യഥാര്‍ത്ഥ ഫ്രാന്‍സിസ്‌കനെ നാം അവയില്‍ കണ്ടുമുട്ടുന്നു. അദ്ദേഹത്തെ കണ്ടുമുട്ടിയിരുന്നവരെല്ലാം അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നു.