ഭരണഘടനയ്ക്കും മീതെ വഖഫ് നീരാളി


ഇന്ത്യയില്‍ സായുധസേനയും റെയില്‍വേയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭൂസ്വത്തുള്ളത് വഖഫിനാണ്. ഏതാണ്ട് ഒമ്പതരലക്ഷം ഏക്കര്‍! ഇത് ഡല്‍ഹി സംസ്ഥാനവും ഇന്ത്യയിലെ എല്ലാ കേന്ദ്രഭരണപ്രദേശങ്ങളും ചേരുന്ന ആകെ വിസ്തീര്‍ണത്തേക്കാള്‍ കൂടുതലാണ്. ഗോവയുടെ വിസ്തീര്‍ണത്തേക്കാള്‍ കൂടുതല്‍ സ്ഥലം ഇന്ത്യയില്‍ വഖഫ് അധീനതയില്‍ ഉണ്ട്. ആ വസ്തുക്കളുടെ ഭരണത്തിലും കാര്യസ്ഥതയിലും കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ ഭേദഗഗതി ബില്‍.

1995 മുതല്‍ 32 വഖഫ് ബോര്‍ഡുകളാണ് ഇന്ത്യയില്‍ നിലവിലുള്ളത്. 1995-ല്‍ പാസാക്കിയ നിയമമനുസരിച്ച്, യാതൊരു രേഖയുമില്ലാതെ വഖഫ് ബോര്‍ഡ് അവകാശം ഉന്നയിക്കുന്ന പ്രദേശങ്ങളിലുള്ള വസ്തുവകകളുടെ രേഖകള്‍ ഹാജരാക്കാന്‍ ബാധ്യതയുള്ളത് ആ പ്രദേശവാസികള്‍ക്കാണ്. അവര്‍ തെളിവുകളുമായി പോകേണ്ടത് കോടതിയിലേക്കല്ല വഖഫ് ട്രൈബ്യൂണല്‍ കോര്‍ട്ടിലേക്കാണ്. അത്തരം ജനദ്രോഹമായ നിയമനിര്‍മ്മാണമാണ് മുസ്ലിം പ്രീണനത്തില്‍ അതിവൈദഗ്ധ്യം തെളിയിച്ചിട്ടുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അന്നു നടത്തിയത്.

ആഗസ്റ്റ് എട്ടിന് ന്യൂനപക്ഷ വകുപ്പുമന്ത്രി കിരണ്‍ റിജിജു ലോകസഭയില്‍ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നു. ഒരു വസ്തു അഥവാ ഭൂമി വഖഫിന്റെതാണോയെന്നു നിര്‍ണ്ണയിക്കാന്‍ വഖഫ് ബോര്‍ഡിന് അധികാരം നല്‍കുന്ന 1995 വഖഫ് ആക്ടിലെ 40-ാം അനുച്ഛേദം അധികാര ദുര്‍വിനിയോഗത്തിന് വഴിയൊരുക്കുന്നു എന്ന ആരോപണം പണ്ടേ ഉള്ളതാണ്. കൂടാതെ സൂക്ഷിപ്പുകാരന്റെയും (മുതവല്ലി) കാര്യസ്ഥന്റെയും നിയമനത്തിലുള്ള അഴിമതി ആരേപണങ്ങളും നിലവിലുണ്ട്. അതിനാല്‍ 40-ാം അനുച്ഛേദം പൂര്‍ണ്ണമായി ഒഴിവാക്കാനും ജില്ലാ കലക്ടര്‍മാരില്‍ ആ ദൗത്യം നിക്ഷിപ്തമാക്കാനുമുള്ള ഭേദഗതികളാണ് ബില്ലിലുള്ളത്.

വഖഫ് ബോര്‍ഡുകളിലെ അംഗത്വവും അതിന്റെ പ്രവര്‍ത്തനങ്ങളും വിവരിക്കുന്ന 9, 14 എന്നീ അനുച്ഛേദങ്ങളില്‍ മാറ്റംവരുത്തല്‍, വനിതാപ്രാതിനിധ്യം നിര്‍ബന്ധമാക്കല്‍ എന്നിവയും ഭേദഗതിയിലുണ്ട്. വഖഫ് ഭൂമി പുതുതായി അളന്നു തിട്ടപ്പെടുത്താനും വസ്തുക്കളുടെ ലിസ്റ്റ് തയ്യാറാക്കാനും ജില്ല ജഡ്ജിമാരുടെ മേല്‍നോട്ടം ബില്‍ വ്യവസ്ഥ ചെയ്യുന്നു. പൊതുജനത്തിന്റെ സ്വത്തിനും മൗലിക അവകാശങ്ങള്‍ക്കും രാജ്യത്തിന്റെ മതേതരത്വത്തിനും വെല്ലുവിളിയായി മാറിയേക്കാവുന്ന ചട്ടങ്ങളും നിയമങ്ങളും നീക്കം ചെയ്ത് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആശങ്കകള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തിയേ തീരൂ.

വഖഫ് എന്ന അറബി വാക്കിന്റെ അര്‍ത്ഥം നിയന്ത്രണം, നിരോധനം എന്നൊക്കെയാണ്. വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലാത്ത വിധം അല്ലാഹുവിന് നല്‍കപ്പെട്ടത് എന്നര്‍ത്ഥം. ശരിഅത്ത് നിയമം അനുസരിച്ച് വഖഫ് ഒരിക്കല്‍ പ്രഖ്യാപിക്കപ്പെട്ടാല്‍ അത് എന്നന്നേക്കുമായി വഖഫ് ആണ്.

ഡല്‍ഹിയില്‍ സുല്‍ത്താന്‍ ഭരണം നടന്ന കാലത്തോടു ബന്ധപ്പെട്ട ചരിത്രമാണ് വഖഫിനുള്ളത്. സുല്‍ത്താന്‍ മുയീസുദ്ദീന്‍ സാംഗവോര്‍ ജുമാ മസ്ജിദ് നിര്‍മ്മിക്കാന്‍ വേണ്ടി മുള്‍ട്ടാനിലെ രണ്ടു ഗ്രാമങ്ങള്‍ വിട്ടുകൊടുത്തു. തുടര്‍ന്നു ഇസ്ലാമിക ഭരണത്തിന് കീഴില്‍ വഖഫ് ഭൂമികള്‍ വര്‍ധിച്ചു. 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കോടതി വഖഫിനെ ഏറ്റവും മോശമായതും വിനാശകരമായ ഏര്‍പ്പാട് എന്ന് വിശേഷിപ്പിച്ചുകൊണ്ട് അസാധുവാക്കി.

എന്നാല്‍ 1913-ലെ മുസല്‍മാന്‍ വഖഫ് സാധൂകരണ നിയമത്തിലൂടെ വഖഫ് പുനസ്ഥാപിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിനു ശേഷം 1945 ല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വഖഫ് ആക്ട് പാസാക്കി വഖഫുകളുടെ കേന്ദ്രീകരണത്തിന് വഴിയൊരുക്കി. 1964 ല്‍ സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന സംവിധാനം നിലവില്‍ വന്നു. 1995 ല്‍ നിയമ ഭേതഗതി വഖഫ് ബോര്‍ഡിന്റെ കടന്നുകയറ്റത്തിന് പച്ചപ്പരവതാനി വിരിച്ചു കൊടുത്തു. നവംബര്‍ 22 ന് പാസാക്കിയ ഈ നിയമം വഖഫ് കൗണ്‍സിലിന്റെയും സ്റ്റേറ്റ് വഖഫ് ബോര്‍ഡുകളുടെയും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുടെയും മുതവല്ലിയുടെയും (മാനേജര്‍) അധികാരവും പ്രവര്‍ത്തനങ്ങളും വ്യക്തമാക്കി അതനുസരിച്ച് വഖഫ് ട്രൈബ്യൂണലിനു സിവില്‍ കോടതികളില്‍ ചോദ്യം ചെയ്യാനാവാത്ത വിധി തീര്‍പ്പവകാശം അനുവദിച്ച് കൊടുത്തു. 2013 ലെ വഖഫ് ആക്ട് വഖഫ് വസ്തുക്കളുടെ ആഭ്യന്തര ഭരണവും നടത്തിപ്പും കൂടുതല്‍ സുതാര്യവും ഉത്തരവാദിത്വ പൂര്‍ണ്ണവുമാക്കി. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് എന്നിവ നിലവിലുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version