നിത്യതയിലേക്ക് തുറക്കുന്ന വാതില്‍

പരിമിതികളോടും, സാഹചര്യങ്ങളോടും നല്ല യുദ്ധം ചെയ്തു ജീവിതം പൂര്‍ത്തിയാക്കി നമുക്കു മുമ്പേ സ്വര്‍ഗീയ വസതിയണഞ്ഞ നമ്മുടെ പ്രിയപ്പെട്ടവരെ ഓര്‍ക്കുവാനുള്ള ദിനങ്ങളാണ് നവംബര്‍. ചുറ്റുമുള്ള ഓരോ അണുവിലും വ്യക്തമായ വിരലടയാളങ്ങള്‍ പതിപ്പിച്ച് കടന്നുപോയ തലമുറയുടെ ഓര്‍മകളാണ് നമുക്കു സ്വന്തമായുള്ളത്.

ജീവിതത്തെ സ്നേഹിക്കാനും, നല്ല ദിനങ്ങള്‍ മറ്റുള്ളവര്‍ക്കും സ്വന്തമായും സൃഷ്ടിക്കാന്‍ കഴിയുമ്പോഴുമാണ് ജീവിതം ധന്യമാകുക എന്ന് നമുക്കു മുമ്പേ പോയവര്‍ പറഞ്ഞു തരുന്നു. മരണാന്തര നിമിഷങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞാല്‍ എന്തൊക്കെ കാണാനും കേള്‍ക്കാനനുമായിരിക്കും നാം ഇഷ്ടപ്പെടുക.

ഉയര്‍ത്തെഴുന്നേറ്റ ലാസറിനെപ്പറ്റി പാരമ്പര്യങ്ങള്‍ പറയുന്നത് രണ്ടു വിധത്തിലാണ്. ഒരുകൂട്ടര്‍ പറയും, ലാസറൊരിക്കലും പിന്നീട് ചിരിച്ചിട്ടില്ലെന്ന്. ജീവന്‍, മരണം, നിത്യത തുടങ്ങിയവയെപ്പറ്റി അവബോധം ലഭിച്ചവന് എങ്ങനെയാണ് സാദാ തമാശകള്‍ കേട്ട് ചിരിക്കാനാകുക. വേറൊരുകൂട്ടര്‍ പറയും, ലാസര്‍ എപ്പോഴും ചിരിക്കുകയായിരുന്നെന്ന് ഓരോരുത്തരുടെയും പരക്കം പാച്ചിലുകളും മത്സരങ്ങളും കാണുമ്പോള്‍ അയാള്‍ക്ക് ചിരിയടക്കാനായിട്ടില്ലത്രേ?

എല്ലാ ഓട്ടമത്സരങ്ങളും പൂര്‍ത്തിയാകുന്നത് ആറടി മണ്ണിന്റെ സുരക്ഷിതത്വത്തിലാണ് എന്നറിയുന്നവന് ജീവിത നിലപാടുകളില്‍ വ്യത്യസ്തത വരുത്താനാകും. പരമാവധി 25000 ദിനങ്ങള്‍ നീളുന്ന ജീവിതമെത്രയോ വേഗം പൂര്‍ത്തിയാകുന്നു. പലപ്പോഴും ലക്ഷ്യം തേടിയുള്ള ദ്രുതചലനങ്ങള്‍ക്കൊടുവില്‍ കുഴഞ്ഞുവീഴുമ്പോള്‍ അധികമൊന്നും അകലത്തില്‍ എത്തിയിട്ടില്ലെന്നു നാമറിയുന്നു. മരിച്ചുപോയ പ്രിയപ്പെട്ടവരെയും മരിക്കാനുള്ള നമ്മെയും സംബന്ധിച്ച് ഏറെ ധ്യാനങ്ങളും വിചിന്തനങ്ങളും ആവശ്യമാണ്.

സെമിത്തേരികളെ നാമേറെ സ്നേഹിക്കുന്ന മാസമാണല്ലോ നവംബര്‍. ഏറെ ഓട്ടങ്ങള്‍ക്കൊടുവില്‍ നാം സ്വന്തമാക്കുന്ന വിശ്രമകേന്ദ്രം. ഈ വിശ്രമ ഇടങ്ങളെ നമുക്കല്‍പ്പംക്കൂടി പ്രസാദാത്മകമായി കാണാം. ക്രിസ്തു നല്‍കുന്ന ശൂന്യമായ കല്ലറയുടെ സൂചന നമുക്കന്യമാകരുത്. ജീവിച്ചിരിക്കുന്നവരെ നാമെന്തിനു മരിച്ചവര്‍ക്കിടയില്‍ അന്വേഷിക്കണം എന്ന തിരുത്തലില്‍ പൊതിഞ്ഞ ചോദ്യം നമുക്ക് പ്രതീക്ഷയുടെ കിരണങ്ങള്‍ നല്‍കും. മണ്ണടരുകള്‍ക്ക് ജീര്‍ണിപ്പിക്കാനാകുന്ന ചിലതൊക്കെയുണ്ട് എന്ന് തിരുശേഷിപ്പുകളില്ലാത്ത ശൂന്യമായ കല്ലറ നമ്മെ ഓര്‍മിപ്പിക്കുന്നു.

മരണം അടഞ്ഞ വാതിലല്ല. നിത്യതയിലേക്ക് തുറക്കപ്പെടുന്നൊരു വാതിലാണെന്ന അറിവിന്റെ പ്രകാശത്തില്‍ ജീവിതത്തെ കൂറേക്കൂടി പ്രസാദ പൂര്‍ണമാക്കാം. നല്ല ജീവിതങ്ങള്‍ക്ക് മരണമെന്ന യാഥാര്‍ഥ്യം തിരശീല വീഴ്ത്തുകയല്ല മറിച്ച് തുടര്‍ച്ച നല്‍കുകയാണെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. നിത്യതയിലേക്ക് നോക്കി ജീവിക്കാന്‍ നമുക്കാകണം. നിത്യതയില്‍ ഒരുമിക്കുന്നതുവരെ മാത്രമാണ് നമുക്കുമുമ്പേ മരണമടഞ്ഞവര്‍ നമുക്കകലെയാകുന്നത്.

ക്രിസ്തു തൊടുമ്പോള്‍ മൃതപ്രായമായതെന്തും ജീവന്‍ നേടും. ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമായി വന്ന ക്രിസ്തുവിനെ പോലെ ഭൂമിയിലെ ജീവനെ വീണ്ടെടുക്കുക എന്നതാവണം ക്രിസ്തുശിഷ്യന്റെ ധര്‍മ്മം. അതിനാലാണ് പറഞ്ഞയക്കുമ്പോള്‍, ‘മൃതരെ ഉയര്‍പ്പിക്കാനുള്ള കല്‍പ്പനകൂടി അവന്‍ പ്രിയ ശിഷ്യര്‍ക്കേകുന്നത്’. ക്രിസ്തുവിനോട് ചേര്‍ന്ന് ജീവിക്കണമെന്നര്‍ത്ഥം. എവിടെയൊക്കെ മൃതമായ അവസ്ഥയുണ്ടോ, അവിടെയൊക്കെ ജീവന്റെ പ്രചാരകരാകണം. അവിടെ ദൈവത്തിന്റെ പകരക്കാരനാകണം.

ജീവിക്കുക എന്നതിന് മനുഷ്യോചിതമായി വ്യാപരിക്കുക എന്നാണര്‍ത്ഥം. മരണമെന്ന യാഥാര്‍ഥ്യത്തെ സ്വര്‍ഗയാത്രയുടെ കവാടമായി കണ്ട് നമുക്ക് ഈ ജീവിതത്തെ സ്നേഹിക്കാം. നാമെല്ലാവരും ക്രിസ്തുവിന്റെ മുമ്പില്‍ ഒന്നുചേരുന്ന ദിനമാണ് നമ്മുടെ ലക്ഷ്യം. മൃതരുണരുന്ന നിത്യവിരുന്നില്‍ അവനോടൊപ്പം പങ്കുചേരാനുള്ള മോഹം നമ്മുടെ എല്ലാവരുടെയും ജീവിതങ്ങളെ കൂടുതല്‍ പ്രകാശമുള്ളതാക്കും.

ഡിജിറ്റലൈസേഷന്‍ പ്രോജക്ട്: കോ-ഓഡിനേറ്റര്‍മാരുടെ സംഗമം നടത്തി

താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന ഡിജിറ്റലൈസേഷന്‍ പ്രോജക്ടിന്റെ ഭാഗമായി ഇടവക കോ-ഓര്‍ഡിനേറ്റര്‍മാരുടെ സംഗമവും പരിശീലനവും ബിഷപ്‌സ് ഹൗസില്‍ സംഘടിപ്പിച്ചു. 75-ല്‍ അധികം ഇടവക പ്രതിനിധികള്‍ പങ്കെടുത്തു. രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. കുര്യാക്കോസ് മുഖാലയില്‍ ഉദ്ഘാടനം ചെയ്തു.

ഡിജിറ്റലൈസേഷന്‍ രൂപത കോ-ഓഡിനേറ്റര്‍ ഫാ. ജോര്‍ജ് വെള്ളയ്ക്കാകുടിയില്‍, കോര്‍ഹബ് സൊല്യൂഷന്‍സ് സിഇഒ സിജോ കുഴിവേലില്‍, ബ്ര. ജസ്വിന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

ബിഷപ്‌ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, വികാരി ജനറാല്‍ മോണ്‍. അബ്രാഹം വയലില്‍, ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കവളക്കാട്ട് എന്നിവരുടെ അകമഴിഞ്ഞ പിന്തുണയോടെയാണ് സംഗമം നടത്തിയത്. 2026-ല്‍ ഡിജിറ്റലൈസേഷന്‍ പ്രോജക്ട് പൂര്‍ത്തിയാകുന്നതോടെ സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍ അടക്കമുള്ളവ ഏറെ എളുപ്പമാകും. കൂടാതെ എല്ലാ ഇടവകകള്‍ക്കും വെബ്‌സൈറ്റ് ആരംഭിക്കും. വിവിധ ഭക്തസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും രൂപതാംഗങ്ങളുടെ ക്ഷേമത്തിനായി പദ്ധതികള്‍ വിഭാവനം ചെയ്യുവാനും ഡിജിറ്റലൈസേഷന്‍ ഉപകരിക്കും.

ഹാലോവീന്‍: പൈശാചിക ആഘോഷമാക്കരുതെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍

സകല വിശുദ്ധരുടെയും തിരുനാള്‍ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ഹലോവീന്‍ ആചരണത്തെ വിചിത്രവും പൈശാചികവുമായ ആഘോഷങ്ങളാക്കി മാറ്റുന്നതിനെതിരെ ജാഗ്രത വേണമെന്നു കെസിബിസി ജാഗ്രത കമ്മീഷന്‍.

നവംബര്‍ ഒന്ന് സകല വിശുദ്ധരുടെയും തിരുനാള്‍ ദിനത്തോടനുബന്ധിച്ച് തലേദിവസം നടത്തുന്ന ആചരണം ലക്ഷ്യമാക്കിയിരുന്നത് വിശുദ്ധരുടെ മാതൃകകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള വിചിന്തനവും ധ്യാനവുമായിരുന്നെങ്കില്‍, അത്തരമൊരു പവിത്രമായ ആചരണത്തിന്റെ കച്ചവടവല്‍ക്കരണം വിചിത്രവും പൈശാചികവുമായ ആഘോഷങ്ങളായി മാറ്റിയെന്ന് ജാഗ്രത കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സാത്താനിക വേഷഭൂഷാദികളും മുഖമൂടികളും ചേഷ്ഠകളും അനുകരിച്ചുകൊണ്ടുള്ള ആഘോഷപരിപാടികളാണ് പലയിടങ്ങളിലും ഹാലോവീന്‍ ദിനത്തോടനുബന്ധിച്ച് കണ്ടുവരുന്നത്.

സമീപകാലത്താണ് കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ പ്രത്യേകിച്ച് കോളജുകളില്‍ ഹാലോവീന്‍ ദിനാഘോഷം കണ്ടുതുടങ്ങിയത്. അര്‍ത്ഥമറിയാതെ വിദ്യാര്‍ഥികള്‍ നടത്തുന്ന ആഘോഷങ്ങളില്‍ അവഹേളനപരമായ രീതിയില്‍ സമര്‍പ്പിത വസ്ത്രങ്ങളും പൈശാചിക മുഖമൂടികളും മറ്റും ധരിച്ചുകൊണ്ടുള്ള പ്രകടനങ്ങള്‍ കാണാറുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഹാലോവീന്‍ ദിനമായ ഒക്ടോബര്‍ 31 ന് കേരളത്തിലെ ചില കോളജുകളില്‍ അരങ്ങേറിയ ആഘോഷപരിപാടികള്‍ ക്രൈസ്തവ വിരുദ്ധതയുടെ അരങ്ങേറ്റമായി മാറുകയും വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

സന്യാസത്തെയും പൗരോഹിത്യത്തെയും അവഹേളിക്കുന്നതും പൈശാചികതയെ ദ്യോതിപ്പിക്കുന്നതുമായ വേഷവിധാനങ്ങളും നൃത്ത നൃത്യങ്ങളും ഹാലോവീന്‍ ആഘോഷങ്ങളുടെ മറവില്‍ അരങ്ങേറുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല.

പങ്കെടുക്കുന്നവരിലും കാഴ്ചക്കാരിലും തെറ്റായ അഭിമുഖ്യങ്ങള്‍ ജനിപ്പിക്കാനിടയുള്ള ഹാലോവീന്‍ ആഘോഷങ്ങളില്‍നിന്ന് യുവജനങ്ങളും കുട്ടികളും അകന്നുനില്‍ക്കണമെന്ന മുന്നറിയിപ്പുകള്‍ പലപ്പോഴായി നല്‍കപ്പെട്ടിട്ടുണ്ടെങ്കിലും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു.

ക്രൈസ്തവ സമൂഹവും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കണമെന്നും കത്തോലിക്കാ വിശ്വാസത്തെയും, ക്രൈസ്തവ മൂല്യങ്ങളെയും കളങ്കപ്പെടുത്തുന്നതൊന്നും വിദ്യാലയങ്ങളില്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍ പറഞ്ഞു.

സീറോ മലബാര്‍ കമ്മീഷനുകളില്‍ പുതിയ നിയമനങ്ങള്‍

സീറോമലബാര്‍സഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ സെക്രട്ടറിയായി പാലാ രൂപതാംഗമായ ഫാ. തോമസ് (സിറില്‍) തയ്യില്‍ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന ഫാ. ചെറിയാന്‍ കറുകപ്പറമ്പില്‍ സേവന കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഫാ. തയ്യിലിനെ നിയമിച്ചിരിക്കുന്നത്. പാലാ രൂപതയിലെ ചോലത്തടം സെന്റ് മേരീസ് ഇടവക വികാരിയായി സേവനം ചെയ്യുന്ന ഫാ. തയ്യില്‍ കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപകനും സുറിയാനി ഭാഷയില്‍ പ്രാവീണ്യമുള്ള വ്യക്തിയുമാണ്.

സീറോമലബാര്‍സഭയുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെ സെക്രട്ടറിയായി പാലാ സെന്റ് തോമസ് ടീച്ചേഴ്സ് ട്രെയിനിങ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ടി. സി. തങ്കച്ചന്‍ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന ഫാ. ബെര്‍ക്കുമന്‍സ് കുന്നുംപുറം പുതിയ ശുശ്രൂഷയിലേക്ക് പ്രവേശിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം.

അധ്യാപക പരിശീലന മേഖലയില്‍ 24 വര്‍ഷമായി സേവനം ചെയ്യുന്ന ഡോ. തങ്കച്ചന്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
സീറോമലബാര്‍ സഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ ചെയര്‍മാനും വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെ കണ്‍വീനറുമായ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് പെര്‍മനന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനങ്ങള്‍ നടത്തിയത്.

ഒക്ടോബര്‍ 25: വിശുദ്ധ ക്രിസ്പിനും ക്രിസ്പീരിയാനും

പ്രസിദ്ധരായ ഈ രക്ത സാക്ഷികള്‍ ഗോളില്‍ മിഷന്‍പ്രവര്‍ത്തനത്തിനായി പോയ രണ്ട് റോമന്‍ സഹോദരരാണ്. അവര്‍ സ്വാസ്റ്റോണില്‍ താമസിച്ചു സുവിശേഷം പ്രസംഗിച്ച് അനേകരെ ക്രിസ്തുമതത്തിലേക്കാനയിച്ചു. രാത്രി ചെരുപ്പു കുത്തിയുണ്ടാക്കിയും മറ്റും ഉപജീവനം കഴിച്ചുവന്നു. അവരുടെ മാതൃകാജീവിതം, ഉപവി, നിസ്സ്വാര്‍ത്ഥത, ദൈവസ്‌നേഹം, സ്ഥാനമാനങ്ങളോടുള്ള അവജ്ഞ എന്നിവ അനേകരുടെ മാനസാന്തരത്തിന് കാരണമായി.

കുറേകൊല്ലം കഴിഞ്ഞപ്പോള്‍ മാക്‌സിമിയന്‍ ഹെര്‍കുലിസ് ചക്രവര്‍ത്തി ആ പ്രദേശത്തു വരാനിടയായി. ക്രിസ്പിന്‍ സഹോദരന്മാര്‍ ജനങ്ങളെ വഴിതെറ്റിക്കുന്നുവെന്ന് ചിലര്‍ ചക്രവര്‍ത്തിയുടെ മുമ്പാകെ ആവലാതി ബോധിപ്പിച്ചു. അന്ധവിശ്വാസിയായ ചക്രവര്‍ത്തി അവരെ റിക്ടിയൂസുവാരൂസ് എന്ന ഗവര്‍ണറുടെ അടുക്കലേക്കാനയിക്കാന്‍ ഉത്തരവായി.

ആ ഗവര്‍ണര്‍ ക്രിസ്ത്യാനികളുടെ ബദ്ധ ശത്രുവായിരുന്നു. അവരെ വെള്ളത്തില്‍ മുക്കിയും തിളപ്പിച്ചും കൊല്ലാന്‍ ആജ്ഞാപിച്ചു. ഇവയൊന്നും അവരെ കൊല്ലാന്‍ പര്യാപ്തമായില്ല. നിരാശയോടെ റിക്ടിയൂസു ക്രിസ്പിന്‍ സഹോദരര്‍ക്കായി തയ്യാറാക്കിയ ചിതയില്‍ ചാടിച്ചത്തു. ഉടനെ ചക്രവര്‍ത്തി അവരുടെ ശിരസ്സു ഛേദിക്കുവാന്‍ കല്പിച്ചു. അങ്ങനെ അവര്‍ രക്തസാക്ഷിത്വമകുടം ചൂടി.

വലിയകൊല്ലി അല്‍ഫോന്‍സ കോണ്‍വെന്റ് വെഞ്ചരിച്ചു

എഫ്‌സിസി താമരശ്ശേരി സെന്റ് ഫ്രാന്‍സിസ് പ്രൊവിന്‍സിന്റെ കീഴില്‍ വലിയകൊല്ലിയില്‍ പുതുതായി നിര്‍മ്മിച്ച അല്‍ഫോന്‍സ കോണ്‍വെന്റ് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വെഞ്ചരിച്ചു. കോണ്‍വെന്റ് ചാപ്പല്‍ കൂദാകര്‍മ്മവും ബിഷപ് നിര്‍വഹിച്ചു.

എഫ്‌സിസി താമരശ്ശേരി പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ലില്ലി ജോണ്‍, പ്രൊവിന്‍ഷ്യല്‍ ടീം അംഗങ്ങളും, വലിയകൊല്ലി വികാരി ഫാ. ജിയോ പുതുശ്ശേരിപുത്തന്‍പുരയില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഫ്രാന്‍സിസ് പാപ്പയുടെ ചാക്രിക ലേഖനം ദിലെക്‌സിത് നോസ് പ്രസിദ്ധീകരിച്ചു

ആധുനിക യുഗത്തില്‍ യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയെക്കുറിച്ചും ഈ സ്‌നേഹസംസ്‌കാരം നേരിടുന്ന നിരവധി വെല്ലുവിളികളെക്കുറിച്ചുമുള്ള ഒരു പുതിയ അവബോധത്തിനായി ആഹ്വാനം ചെയ്തുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ പുതിയ ചാക്രിക ലേഖനം ഡിലെക്സിത് നോസ് (‘അവിടുന്ന നമ്മെ സ്നേഹിച്ചു’) പുറത്തിറക്കിയത്.

ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതുന്നു: ”ഉപരിപ്ലവതയുടെ ഒരു യുഗത്തില്‍, എന്തുകൊണ്ടെന്നറിയാതെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ഭ്രാന്തമായി പായുകയും, നമ്മുടെ ജീവിതത്തിന്റെ ആഴമേറിയ അര്‍ത്ഥത്തെക്കുറിച്ച് ഉത്കണ്ഠയില്ലാത്ത കമ്പോളത്തിന്റെ സംവിധാനങ്ങളുടെ തൃപ്തികരമല്ലാത്ത ഉപഭോക്താക്കളും അടിമകളുമായി നമ്മുടെ ജീവിതം അവസാനിക്കുകയും ചെയ്യുന്നു’ (no 2).
‘യേശുക്രിസ്തുവിന്റെ തിരുഹൃദയത്തിന്റെ മാനുഷികവും ദൈവികവുമായ സ്‌നേഹത്തെക്കുറിച്ചുള്ള കത്ത്’ എന്ന ഉപശീര്‍ഷകത്തിലുള്ള ഈ രേഖ 1956-ല്‍ പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ഹൗരിയേറ്റിസ് അക്വാസിന് ശേഷം പൂര്‍ണ്ണമായും തിരുഹൃദയത്തിനായി സമര്‍പ്പിക്കപ്പെട്ട ആദ്യത്തെ ചാക്രിക ലേഖനമാണ്.
2024 ഒക്ടോബര്‍ 24-ന് പ്രസിദ്ധീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നാലാമത്തെ ചാക്രിക ലേഖനം, യേശുവിന്റെ തിരുഹൃദയത്തിലൂടെ പ്രകടമാകുന്ന ദൈവികവും മാനുഷികവുമായ സ്നേഹത്തിന്റെ അഗാധമായ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പതിനേഴാം നൂറ്റാണ്ടില്‍ വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന് ഈശോ പ്രത്യക്ഷപ്പെട്ടത് മുതലും, അതിനു മുമ്പുമുള്ള തിരുഹൃദയഭക്തിയുടെ സമ്പന്നമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ് ലേഖനം. യുദ്ധം, സാമൂഹിക അസന്തുലിതാവസ്ഥ, വ്യാപകമായ ഉപഭോക്തൃ സംസ്‌കാരം, സാങ്കേതിക ആധിപത്യം എന്നിവയുടെ ആധുനിക വെല്ലുവിളികള്‍ക്കിടയില്‍ സ്‌നേഹത്തിന്റെ പരിവര്‍ത്തന ശക്തിയെ വീണ്ടും കണ്ടെത്തുന്നതിന് ഈ സന്ദേശത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ സഭയെയും ലോകത്തെയും ക്ഷണിക്കുന്നു.

ദിലെക്‌സിത് നോസ് (അവിടുന്ന് നമ്മെ സ്‌നേഹിച്ചു) എന്ന തലക്കെട്ട് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ക്രിസ്തുവിന്റെ സ്‌നേഹത്തെ ഊന്നിപ്പറയുകയും ഈ സ്‌നേഹത്തെക്കുറിച്ച് ധ്യാനിക്കുന്നത് വ്യക്തിപരവും സഭാപരവുമായ നവീകരണത്തിലേക്ക് എങ്ങനെ നയിക്കുമെന്ന് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. നൂറ്റാണ്ടുകളുടെ ആത്മീയപാരമ്പര്യത്തില്‍ ആഴ്ന്നിറങ്ങിയ ഈ ഭക്തി, ധാര്‍മ്മികവും ആത്മീയവുമായ കേന്ദ്രം നഷ്ടപ്പെട്ടതായി തോന്നുന്ന ഒരു ലോകത്തിന് പ്രത്യാശയുടെയും ദിശാസൂചനയുടെയും വെളിച്ചം നല്‍കുന്നതെങ്ങനെയെന്ന് വിശദീകരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ലേഖനത്തിലൂടെ.

വിശുദ്ധ മാര്‍ഗ്ഗരറ്റ് മേരി അലകൊക്കിന് തിരുഹൃദയത്തിന്റെ പ്രത്യക്ഷീകരണം ഉണ്ടായതിന്റെ 350-ാംവാര്‍ഷിക പശ്ചാത്തലത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ ചാക്രിക ലേഖനം, തിരുവചനത്തിന്റെയും സഭാ പാരമ്പര്യങ്ങളുടെയും വെളിച്ചത്തില്‍, മുന്‍പാപ്പമാരുടെ ഈ വിഷയത്തിലുള്ള പഠനങ്ങളെയും ആഴത്തില്‍ ചിന്താവിഷയമാക്കുന്നുണ്ട്. മനുഷ്യപാപത്താല്‍ മുറിവേറ്റിട്ടും മനുഷ്യരാശിക്ക് അതിരുകളില്ലാത്ത കരുണയും സ്‌നേഹവും ചൊരിയുന്ന ക്രിസ്തുവിന്റെ ഹൃദയത്തെക്കുറിച്ച് ചിന്തിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്ന ഈ രേഖ സമകാലിക പശ്ചാത്തലത്തില്‍ തിരുഹൃദയ ഭക്തി ആഴപ്പെടുത്താന്‍ വീണ്ടും നിര്‍ദ്ദേശിക്കുന്നു. അങ്ങനെ, ഇന്നത്തെ പ്രതിസന്ധികളോട് അനുകമ്പയോടും ധാര്‍മ്മികമായ സത്യസന്ധതയോടും കൂടെ പ്രതികരിക്കാന്‍ വിശ്വാസികളെ വഴികാട്ടി, സ്നേഹത്തിന്റെയും വിനയത്തിന്റെയും സേവനത്തിന്റെയും മാതൃകയായി തിരുഹൃദയത്തെ സ്വീകരിക്കണമെന്ന് ഡിലെക്സിത് നോസിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്യുകയാണ്.

അഞ്ച് അദ്ധ്യായങ്ങളിലായി രചിക്കപ്പെട്ട ഈ ചാക്രിക ലേഖനത്തിന്റെ പ്രധാന പ്രതിപാദന വിഷയങ്ങള്‍ താഴെപ്പറയുന്നയാണ്:

യേശുവിന്റെ ദിവ്യവും മാനുഷികവുമായ സ്‌നേഹം:
യേശുക്രിസ്തുവിന്റെ തിരു ഹൃദയത്തിലൂടെ പ്രകടമാകുന്ന സ്‌നേഹം ദൈവികവും, ദൈവത്തിന്റെ നിരുപാധികമായ കാരുണ്യത്തെ പ്രതിഫലിപ്പിക്കുന്നതും, മാനുഷികവുമാണ്; ഈ ലോകത്തില്‍ യേശുവിന്റെ അനുകമ്പയുള്ള സാന്നിധ്യം അത് ഉയര്‍ത്തിക്കാട്ടുന്നു.

സഭാ നവീകരണം:
ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ അധിഷ്ഠിതമായി, സഭയ്ക്കുള്ളില്‍ ഒരു നവീകരണത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു. തിരുഹൃദയത്തെക്കുറിച്ച് ധ്യാനിക്കുന്നത് സഭാപരവും ആത്മീയവുമായ നവീകരണത്തിലേക്കുള്ള പാത പ്രകാശിപ്പിക്കുമെന്നും സഭയെ കൂടുതല്‍ സ്നേഹമുള്ളതും ഉള്‍ക്കൊള്ളുന്നതുമായ ഒരു സമൂഹമായി മാറാന്‍ സഹായിക്കുമെന്ന് ഈ ചാക്രിക ലേഖനം ഊന്നിപ്പറയുന്നു.

ആഗോള പ്രതിസന്ധികളോടുള്ള പ്രതികരണം:
യുദ്ധം, സാമൂഹിക അസമത്വം, ഉപഭോക്തൃ സംസ്‌കാരം, സാങ്കേതികവിദ്യയുടെ അന്യവല്‍ക്കരിക്കുന്ന പാര്‍ശ്വഫലങ്ങള്‍ എന്നിവ പോലുള്ള സമകാലിക ആഗോള വെല്ലുവിളികളെ ഈ ചാക്രിക ലേഖനം അഭിസംബോധന ചെയ്യുന്നു. ഈ പ്രശ്നങ്ങളെ ചെറുക്കുന്നതിന്, സ്നേഹത്തോടും അനുകമ്പയോടും കൂടി സഹവസിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മനുഷ്യരാശിയോട് അഭ്യര്‍ത്ഥിക്കുന്നു.

അനുകമ്പയുടെയും സഹനത്തിന്റെയും പ്രതീകമായി ഹൃദയം:
മനുഷ്യപാപത്താല്‍ മുറിവേറ്റ തിരുഹൃദയം, കഷ്ടപ്പാടുകളുടെയും അതിരുകളില്ലാത്ത കരുണയുടെയും പ്രതീകമായി അവതരിപ്പിക്കപ്പെടുന്നു. ഈ ആശയം, വ്യക്തിപരവും സാമൂഹ്യവുമായ പാപത്തെക്കുറിച്ചുള്ള പര്യാലോചനയും ധ്യാനവും ആവശ്യപ്പെടുന്നുണ്ട്. ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്‌നേഹത്തിന് നാം കൂടുത ഊന്നല്‍ നല്‍കേണ്ടത് ഏറ്റവും പ്രസക്തമാണ്.

തിരുഹൃദയത്തോടുള്ള ഭക്തി:
യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയുടെ പ്രസക്തി, പ്രത്യേകിച്ച്, ഈ വെളിപാടിന്റെ 350-ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍, ഈ ചാക്രിക ലേഖനം വീണ്ടും ഉറപ്പിക്കുന്നു. പാപികളെ സുഖപ്പെടുത്താനും വീണ്ടെടുക്കാനുമുള്ള ക്രിസ്തുവിന്റെ ദൗത്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അവബോധവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ഭക്തിയെ ബന്ധിപ്പിക്കുന്നു.

ചുരുക്കത്തില്‍, അഭൂതപൂര്‍വമായ ധാര്‍മ്മികവും സാമൂഹികവുമായ വെല്ലുവിളികള്‍ നേരിടുന്ന ഒരു ലോകത്ത് ക്രിസ്തുവിന്റെ സ്‌നേഹം ഉള്‍ക്കൊള്ളാനും പ്രചരിപ്പിക്കാനുമുള്ള സഭയുടെ ദൗത്യം ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ചാക്രിക ലേഖനത്തിലൂടെ വീണ്ടും ഉറപ്പിക്കുകയാണ്. യേശുവിന്റെ തിരുഹൃദയത്തെ നമ്മുടെ ജീവിതത്തിലൂടെ പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുക വഴി, സഭയും സമൂഹവും, കാരുണ്യത്തിലും അനുകമ്പയിലും അധിഷ്ഠിതമായ ജീവിത നവീകരണത്തിലേക്ക് നടന്നടുക്കുമെന്ന് മാര്‍പാപ്പ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ആത്യന്തികമായി, എല്ലാ വിശ്വാസികളെയും, അവരുടെ വ്യക്തിജീവിതത്തിലും അവരുടെ സമൂഹത്തിലും ഒരു പരിവര്‍ത്തന ശക്തിയായി ‘ഈ സ്‌നേഹം’ സ്വീകരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ എഴുത്തിലൂടെ പ്രോത്സാഹിപ്പിക്കുന്നു.

തയ്യാറാക്കിയത്: ഡോ. രഞ്ജിത് ചക്കുംമൂട്ടില്‍

പ്രവാസി അപ്പോസ്തലേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

താമരശ്ശേരി രൂപതയില്‍ ആരംഭിച്ച പ്രവാസി അപ്പോസ്തലേറ്റിന്റെ ഓഫീസ് മേരിക്കുന്ന് ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.

വിദേശ രാജ്യങ്ങളിലും കേരളത്തിനു പുറത്തുമുള്ള താമരശ്ശേരി രൂപതാംഗങ്ങളെ ഒരുമിച്ചു കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവാസി അപ്പോസ്തലേറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും പ്രവാസികളായ താമരശ്ശേരി രൂപതാംഗങ്ങളുടെ ആദ്യ സംഗമം ഡിസംബര്‍ 22-ന് താമരശ്ശേരിയില്‍ നടക്കുമെന്നും ബിഷപ് പറഞ്ഞു.

പ്രവാസികളായവര്‍ക്ക് താമരശ്ശേരി രൂപതയുമായുള്ള ബന്ധം ഊഷ്മളമാക്കാനും അവരുടെ ആധ്യാത്മിക കാര്യങ്ങള്‍ ക്രമീകരിക്കുവാനും കൂട്ടായ്മകള്‍ രൂപീകരിക്കുവാനും പ്രവാസി അപ്പസ്‌തോലേറ്റിന്റെ പ്രവര്‍ത്തനത്തിലൂടെ കഴിയുമെന്ന് ഡയറക്ടര്‍ ഫാ. കുര്യന്‍ പുരമഠത്തില്‍ പറഞ്ഞു.

മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിലെ അംഗം

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിലെ അംഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മാര്‍ റാഫേല്‍ തട്ടിലിനെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഒന്‍പത് മെത്രാന്‍മാരേ കൂടി പ്രസ്തുത കാര്യാലയത്തിലെ അംഗങ്ങളായി നിയമിതരായിട്ടുണ്ട്. കത്തോലിക്കാസഭയിലെ പൗരസ്ത്യ റീത്തുകളില്‍പെട്ട വ്യക്തിസഭകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ മാര്‍പാപ്പയെ സഹായിക്കുന്ന കാര്യാലയമാണിത്.

കര്‍ദ്ദിനാള്‍ ക്ലൗദിയോ ഗുജറോത്തിയാണ് പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്റ്റ്. മേജര്‍ ആര്‍ച്ചുബിഷപ്പിനു നല്കിയിരിക്കുന്ന ഈ നിയമനം സീറോമലബാര്‍സഭയോടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കരുതലിന്റെയും ആഗോളസഭയില്‍ സീറോമലബാര്‍സഭയ്ക്കുള്ള പ്രാധാന്യത്തിന്റെയും അടയാളപ്പെടുത്തലാണെന്ന് സീറോ മലബാര്‍ സഭയുടെ പി.ആര്‍.ഒയും മീഡിയ കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. ഡോ. ആന്റണി വടക്കേകര വി.സി പത്രക്കുറുപ്പില്‍ പറഞ്ഞു.

ലോഗോസ്: രൂപതാ വിജയികള്‍

കെസിബിസി ബൈബിള്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ലോഗോസ് ക്വിസിന്റെ ആദ്യഘട്ട മത്സരം പൂര്‍ത്തിയായി. രൂപതാതലത്തില്‍ വിജയിച്ച് സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടിയ ഓരോ കാറ്റഗറിയിലേയും ആദ്യ മൂന്നു റാങ്കുകാര്‍ യഥാക്രമം (ബ്രായ്ക്കറ്റില്‍ നല്‍കിയിരിക്കുന്നത് ഇടവക):

എ കാറ്റഗറി: സഞ്ജീവ് ജോഷി അറക്കപ്പറമ്പില്‍ (പടത്തുകടവ്), ലെവിന്‍ സുനില്‍ കേഴപ്ലാക്കല്‍ (കൂരോട്ടുപാറ), ജെറോണ്‍ ടോം ജോഷി പൊന്നാമറ്റം (കൂടത്തായി).

ബി കാറ്റഗറി: ലിയ ട്രീസ സുനില്‍ കേഴപ്ലാക്കല്‍ (കൂരോട്ടുപാറ) അന്ന സനീഷ് തോണക്കര (കൂടരഞ്ഞി), ഏയ്ഞ്ചല്‍ സെബാസ്റ്റ്യന്‍ പുത്തന്‍പുരയ്ക്കല്‍ (വിലങ്ങാട്).

സി കാറ്റഗറി: സിസ്റ്റര്‍ ജോസ്‌ന മരിയ എഫ്‌സിസി (പാറോപ്പടി), കെ. എസ്. സിമി മരിയ കൊള്ളന്നൂര്‍ (പാറോപ്പടി), എലിസബത്ത് തുരുത്തിമറ്റം (തേക്കുംകുറ്റി).

ഡി കാറ്റഗറി: ഡോണ വിന്‍സെന്റ് പുളിയിലക്കാട്ട് (കൂരോട്ടുപാറ), ജിസി അഗ മരോട്ടിക്കുഴി (കൂരാച്ചുണ്ട്), ടിന്റു ജേക്കബ് മേടയില്‍പുത്തന്‍വീട്ടില്‍ (അമലാപുരി).

ഇ കാറ്റഗറി: ഡോ. സെലീന പെരുംപള്ളി (ഈസ്റ്റ്ഹില്‍), ബീന ജോസഫ് വയലില്‍ (മാങ്കാവ്), സെലിന്‍ പുരയിടത്തില്‍ (തോട്ടുമുക്കം).

എഫ് കാറ്റഗറി: മാത്യു തൈക്കുന്നുംപുറത്ത് (കൂരാച്ചുണ്ട്), റോസമ്മ ജോസ് മാടപ്പാട്ട് (പാറോപ്പടി), സാലി ജോര്‍ജ് കപ്പിലുമാക്കല്‍ (പന്തല്ലൂര്‍).

സംസ്ഥാനതല മത്സരം നവംബര്‍ 10-ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. നവംബര്‍ 23,24 തീയതികളിലാണ് മെഗാഫൈനല്‍. ലോഗോസ് പ്രതിഭയ്ക്ക് അമ്പതിനായിരം രൂപയില്‍ അധികമാണ് ക്യാഷ് അവാര്‍ഡ്.

Exit mobile version