മുനമ്പം നിവാസികള്‍ക്ക് നീതി ഉറപ്പാക്കണം: താമരശ്ശേരി രൂപത

കിടപ്പാടം സംരക്ഷിക്കുന്നതിനും വഖഫ് നിയമത്തിന്റെ മറവില്‍ കുടിയിറക്കാനുള്ള ഗൂഢനീക്കം തടയുന്നതിനുമായി സമരമുഖത്തുള്ള മുനമ്പം നിവാസികള്‍ക്ക് ഉടന്‍ നീതി ഉറപ്പാക്കണമെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന താമരശ്ശേരി രൂപതാ പാസ്റ്റര്‍ കൗണ്‍സില്‍ യോഗം സംസ്ഥാന സര്‍ക്കാരിനോടും വഖഫ് അധികൃതരോടും ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉടമകള്‍ക്ക് വില നല്‍കി തീറാധാരം രജിസ്റ്റര്‍ ചെയ്ത് നികുതിയടച്ച് ക്രയവിക്രയ സ്വാതന്ത്ര്യത്തോടെ മുനമ്പം നിവാസികള്‍ കൈവശംവച്ചനുഭവിച്ചുവരുന്ന ഭൂമി അവരുടെ മാത്രം സ്വത്താണെന്നും അത് വഖഫിന്റേതാണെന്ന പ്രചാരണം വാസ്തവമല്ലെന്നും സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും ഭരണ-പ്രതിപക്ഷ നേതാക്കന്മാരും രാഷ്ട്രീയരംഗത്തെ പ്രമുഖരും മുസ്ലിം സംഘടനകളും ഫാറൂഖ് കോളജ് അധികൃതരും പരസ്യമായി പ്രഖ്യാപിച്ചിട്ടും നീതി നടപ്പിലാക്കുന്നതില്‍ സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും പുലര്‍ത്തുന്ന നിസ്സംഗത അംഗീകരിക്കാനാവില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് ഡോ. ചാക്കോ കാളംപറമ്പില്‍ അവതരിപ്പിച്ച പ്രമേയം കൗണ്‍സില്‍ യോഗം ഏകകണ്ഠമായി അംഗീകരിച്ചു.

ചങ്ങനാശ്ശേരി അതിരൂപതാ പാസ്റ്ററര്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖ മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോണ്‍ ഒറവുങ്കര, ഫാ. അഭിലാഷ് ചിലമ്പിക്കുന്നേല്‍, ഫാ. ബിനു കുളത്തിങ്കല്‍ എന്നിവര്‍ വിവിധ കര്‍മ്മപദ്ധതികളുടെ രൂപരേഖയും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോസ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

വയനാട്ടിലെയും വിലങ്ങാട്ടിലെയും ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് ഉചിതമായ പുനഃരധിവാസ പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്ന് അഡ്വ. ബീന ജോസ് അവതരിപ്പിച്ച പ്രമേയത്തിലൂടെ യോഗം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

ദേശീയ അവാര്‍ഡ് ജേതാവ് ജോഷി ബെനഡിക്ട്, ഫാ. സ്‌കറിയ മങ്കര, മാര്‍ട്ടിന്‍ തച്ചില്‍ എന്നിവരെ യോഗം ആദരിച്ചു.

ഫാ. ജോസ് പെണ്ണാപറമ്പില്‍ രചിച്ച ‘ടുവേഡ്‌സ് ദി ട്രൂത്ത്’ എന്ന ഗ്രന്ഥം ബിഷപ് പ്രകാശനം ചെയ്തു. രൂപതാതലത്തില്‍ മികച്ച കുടുംബയൂണിറ്റുകള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും ബിഷപ് വിതരണം ചെയ്തു.

താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി കര്‍മ്മപദ്ധതികളും മാര്‍പാപ്പ പ്രഖ്യാപിച്ച മഹാജൂബിലിയുടെ ഒരുക്കങ്ങളും യോഗം വിലയിരുത്തി.

വികാരി ജനറല്‍ മോണ്‍. അബ്രാഹം വയലില്‍, ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. ഫാ. കുര്യാക്കോസ് മുഖാല, തോമസ് വലിയപറമ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഭരണഘടനയ്ക്കും മീതെ വഖഫ് നീരാളി

ഇന്ത്യയില്‍ സായുധസേനയും റെയില്‍വേയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭൂസ്വത്തുള്ളത് വഖഫിനാണ്. ഏതാണ്ട് ഒമ്പതരലക്ഷം ഏക്കര്‍! ഇത് ഡല്‍ഹി സംസ്ഥാനവും ഇന്ത്യയിലെ എല്ലാ കേന്ദ്രഭരണപ്രദേശങ്ങളും ചേരുന്ന ആകെ വിസ്തീര്‍ണത്തേക്കാള്‍ കൂടുതലാണ്. ഗോവയുടെ വിസ്തീര്‍ണത്തേക്കാള്‍ കൂടുതല്‍ സ്ഥലം ഇന്ത്യയില്‍ വഖഫ് അധീനതയില്‍ ഉണ്ട്. ആ വസ്തുക്കളുടെ ഭരണത്തിലും കാര്യസ്ഥതയിലും കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ ഭേദഗഗതി ബില്‍.

1995 മുതല്‍ 32 വഖഫ് ബോര്‍ഡുകളാണ് ഇന്ത്യയില്‍ നിലവിലുള്ളത്. 1995-ല്‍ പാസാക്കിയ നിയമമനുസരിച്ച്, യാതൊരു രേഖയുമില്ലാതെ വഖഫ് ബോര്‍ഡ് അവകാശം ഉന്നയിക്കുന്ന പ്രദേശങ്ങളിലുള്ള വസ്തുവകകളുടെ രേഖകള്‍ ഹാജരാക്കാന്‍ ബാധ്യതയുള്ളത് ആ പ്രദേശവാസികള്‍ക്കാണ്. അവര്‍ തെളിവുകളുമായി പോകേണ്ടത് കോടതിയിലേക്കല്ല വഖഫ് ട്രൈബ്യൂണല്‍ കോര്‍ട്ടിലേക്കാണ്. അത്തരം ജനദ്രോഹമായ നിയമനിര്‍മ്മാണമാണ് മുസ്ലിം പ്രീണനത്തില്‍ അതിവൈദഗ്ധ്യം തെളിയിച്ചിട്ടുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അന്നു നടത്തിയത്.

ആഗസ്റ്റ് എട്ടിന് ന്യൂനപക്ഷ വകുപ്പുമന്ത്രി കിരണ്‍ റിജിജു ലോകസഭയില്‍ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നു. ഒരു വസ്തു അഥവാ ഭൂമി വഖഫിന്റെതാണോയെന്നു നിര്‍ണ്ണയിക്കാന്‍ വഖഫ് ബോര്‍ഡിന് അധികാരം നല്‍കുന്ന 1995 വഖഫ് ആക്ടിലെ 40-ാം അനുച്ഛേദം അധികാര ദുര്‍വിനിയോഗത്തിന് വഴിയൊരുക്കുന്നു എന്ന ആരോപണം പണ്ടേ ഉള്ളതാണ്. കൂടാതെ സൂക്ഷിപ്പുകാരന്റെയും (മുതവല്ലി) കാര്യസ്ഥന്റെയും നിയമനത്തിലുള്ള അഴിമതി ആരേപണങ്ങളും നിലവിലുണ്ട്. അതിനാല്‍ 40-ാം അനുച്ഛേദം പൂര്‍ണ്ണമായി ഒഴിവാക്കാനും ജില്ലാ കലക്ടര്‍മാരില്‍ ആ ദൗത്യം നിക്ഷിപ്തമാക്കാനുമുള്ള ഭേദഗതികളാണ് ബില്ലിലുള്ളത്.

വഖഫ് ബോര്‍ഡുകളിലെ അംഗത്വവും അതിന്റെ പ്രവര്‍ത്തനങ്ങളും വിവരിക്കുന്ന 9, 14 എന്നീ അനുച്ഛേദങ്ങളില്‍ മാറ്റംവരുത്തല്‍, വനിതാപ്രാതിനിധ്യം നിര്‍ബന്ധമാക്കല്‍ എന്നിവയും ഭേദഗതിയിലുണ്ട്. വഖഫ് ഭൂമി പുതുതായി അളന്നു തിട്ടപ്പെടുത്താനും വസ്തുക്കളുടെ ലിസ്റ്റ് തയ്യാറാക്കാനും ജില്ല ജഡ്ജിമാരുടെ മേല്‍നോട്ടം ബില്‍ വ്യവസ്ഥ ചെയ്യുന്നു. പൊതുജനത്തിന്റെ സ്വത്തിനും മൗലിക അവകാശങ്ങള്‍ക്കും രാജ്യത്തിന്റെ മതേതരത്വത്തിനും വെല്ലുവിളിയായി മാറിയേക്കാവുന്ന ചട്ടങ്ങളും നിയമങ്ങളും നീക്കം ചെയ്ത് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആശങ്കകള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തിയേ തീരൂ.

വഖഫ് എന്ന അറബി വാക്കിന്റെ അര്‍ത്ഥം നിയന്ത്രണം, നിരോധനം എന്നൊക്കെയാണ്. വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലാത്ത വിധം അല്ലാഹുവിന് നല്‍കപ്പെട്ടത് എന്നര്‍ത്ഥം. ശരിഅത്ത് നിയമം അനുസരിച്ച് വഖഫ് ഒരിക്കല്‍ പ്രഖ്യാപിക്കപ്പെട്ടാല്‍ അത് എന്നന്നേക്കുമായി വഖഫ് ആണ്.

ഡല്‍ഹിയില്‍ സുല്‍ത്താന്‍ ഭരണം നടന്ന കാലത്തോടു ബന്ധപ്പെട്ട ചരിത്രമാണ് വഖഫിനുള്ളത്. സുല്‍ത്താന്‍ മുയീസുദ്ദീന്‍ സാംഗവോര്‍ ജുമാ മസ്ജിദ് നിര്‍മ്മിക്കാന്‍ വേണ്ടി മുള്‍ട്ടാനിലെ രണ്ടു ഗ്രാമങ്ങള്‍ വിട്ടുകൊടുത്തു. തുടര്‍ന്നു ഇസ്ലാമിക ഭരണത്തിന് കീഴില്‍ വഖഫ് ഭൂമികള്‍ വര്‍ധിച്ചു. 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കോടതി വഖഫിനെ ഏറ്റവും മോശമായതും വിനാശകരമായ ഏര്‍പ്പാട് എന്ന് വിശേഷിപ്പിച്ചുകൊണ്ട് അസാധുവാക്കി.

എന്നാല്‍ 1913-ലെ മുസല്‍മാന്‍ വഖഫ് സാധൂകരണ നിയമത്തിലൂടെ വഖഫ് പുനസ്ഥാപിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിനു ശേഷം 1945 ല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വഖഫ് ആക്ട് പാസാക്കി വഖഫുകളുടെ കേന്ദ്രീകരണത്തിന് വഴിയൊരുക്കി. 1964 ല്‍ സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന സംവിധാനം നിലവില്‍ വന്നു. 1995 ല്‍ നിയമ ഭേതഗതി വഖഫ് ബോര്‍ഡിന്റെ കടന്നുകയറ്റത്തിന് പച്ചപ്പരവതാനി വിരിച്ചു കൊടുത്തു. നവംബര്‍ 22 ന് പാസാക്കിയ ഈ നിയമം വഖഫ് കൗണ്‍സിലിന്റെയും സ്റ്റേറ്റ് വഖഫ് ബോര്‍ഡുകളുടെയും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുടെയും മുതവല്ലിയുടെയും (മാനേജര്‍) അധികാരവും പ്രവര്‍ത്തനങ്ങളും വ്യക്തമാക്കി അതനുസരിച്ച് വഖഫ് ട്രൈബ്യൂണലിനു സിവില്‍ കോടതികളില്‍ ചോദ്യം ചെയ്യാനാവാത്ത വിധി തീര്‍പ്പവകാശം അനുവദിച്ച് കൊടുത്തു. 2013 ലെ വഖഫ് ആക്ട് വഖഫ് വസ്തുക്കളുടെ ആഭ്യന്തര ഭരണവും നടത്തിപ്പും കൂടുതല്‍ സുതാര്യവും ഉത്തരവാദിത്വ പൂര്‍ണ്ണവുമാക്കി. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് എന്നിവ നിലവിലുണ്ട്.

ബുര്‍ക്കിന ഫാസോ: പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് പുരോഹിതന്‍

ബുര്‍ക്കിന ഫാസോയുടെ കിഴക്ക് ഭാഗത്തുള്ള ഫാദ എന്‍ ഗൗര്‍മ രൂപതയിലെ പിയേല, സാറ്റെംഗ ഇടവകകളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ നിരവധി പേര്‍ മരിക്കുകയും ഏറെ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തതോടെ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് പുരോഹിതന്‍.

‘ആക്രമണങ്ങള്‍ പെരുകുകയാണ്. നിങ്ങളുടെ തീവ്രമായ പ്രാര്‍ത്ഥന ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇരകള്‍ക്കും അതിജീവിതര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക,’ ഫാദ എന്‍ ഗൗര്‍മ രൂപതയിലെ ഒരു വൈദികന്‍ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന അന്താരാഷ്ട്ര പൊന്തിഫിക്കല്‍ ഫൗണ്ടേഷനോട് പറഞ്ഞു.

ഇരകള്‍ക്കുവേണ്ടിയും സമാധാനത്തിനുവേണ്ടിയും പ്രാര്‍ഥിക്കാന്‍ വൈദികന്‍ ആഹ്വാനം ചെയ്തു. ‘രാജ്യത്തിനും മാലി, നൈജര്‍ എന്നിവയുള്‍പ്പെടെ എല്ലാ ദിവസവും കൊലപാതക ആക്രമണങ്ങളാല്‍ ആക്രമിക്കപ്പെടുന്ന എല്ലാ രാജ്യങ്ങള്‍ക്കും ഉക്രെയ്ന്‍, ഇസ്രായേല്‍, ലെബനന്‍ തുടങ്ങിയ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ക്കും സമാധാനം തിരികെ ലഭിക്കാന്‍ കര്‍ത്താവിനോട് അപേക്ഷിക്കാം. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ പ്രാര്‍ത്ഥന നമ്മെ നയിക്കട്ടെ: കര്‍ത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഉപകരണമാക്കേണമേ. വിദ്വേഷമുള്ളിടത്ത് ഞാന്‍ സ്നേഹം കൊണ്ടുവരട്ടെ.’ അദ്ദേഹം പറഞ്ഞു.

പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോ ആഗോള ഭീകരവാദ സൂചികയില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്.

പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ‘വിശ്വാസ വിഷയങ്ങള്‍ ഒരു സമഗ്രപഠനം’ മൂന്നാം ബാച്ച് ഉദ്ഘാടനം ഇന്ന്

രാത്രി 8.30-ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും

താമരശ്ശേരി രൂപതയുടെ ദൈവശാസ്ത്ര-ബൈബിള്‍ പഠന കേന്ദ്രമായ പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ‘വിശ്വാസ വിഷയങ്ങള്‍ ഒരു സമഗ്രപഠനം’ എന്ന ഏകവത്സര ഓണ്‍ലൈന്‍ പഠന കോഴ്സിന്റെ മൂന്നാമത് ബാച്ചിന്റെ ഉദ്ഘാടനവും രണ്ടാമത് ബാച്ചിന്റെ സമാപനവും ഇന്ന് നടക്കും. രാത്രി 8.30-ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ. ഡോ. ബിനു മാത്യു കുളത്തിങ്കല്‍ സ്വാഗതം ആശംസിക്കും. പൗരസ്ത്യവിദ്യപീഠം പ്രസിഡന്റ് റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. തോമസ് വടക്കേല്‍ എന്നിവര്‍ പ്രസംഗിക്കും.

സെബാസ്റ്റ്യന്‍ ആലഞ്ചേരി, സിസ്റ്റര്‍ ജാസ്മിന്‍ സിഎംസി, സിസ്റ്റര്‍ നോബിള്‍ മരിയ എസ്എച്ച്, ഡിക്‌സി അഗസ്റ്റിന്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കും.

സ്വര്‍ഗ്ഗം ഇന്ന് തിയറ്ററുകളില്‍

മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തില്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത യാഥാര്‍ഥ്യങ്ങളെ ദൃശ്യവല്‍ക്കരിക്കുന്ന ‘സ്വര്‍ഗ്ഗം’ ഇന്ന് തിയറ്ററുകളിലെത്തും. ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’ എന്ന സിനിമയുടെ വന്‍ വിജയത്തിന് ശേഷം റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് സ്വര്‍ഗം.

ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായാണ് ‘സ്വര്‍ഗ’ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. ചിത്രത്തിലെ കല്യാണപാട്ടും കപ്പ പാട്ടും സ്‌നേഹ ചൈതന്യമേ എന്ന ഗാനവും സോഷ്യല്‍മീഡിയയില്‍ ഏവരുടേയും ശ്രദ്ധ കവര്‍ന്നിട്ടുണ്ട്. രസകരവും ഹൃദയസ്പര്‍ശിയുമായ ഒട്ടേറെ രംഗങ്ങള്‍ ചേര്‍ത്തുവെച്ച ട്രെയിലര്‍ ശ്രദ്ധനേടിയിരുന്നു.

ഒരു കൂട്ടം പ്രവാസികള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അജു വര്‍ഗ്ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. സിജോയ് വര്‍ഗീസ്, വിനീത് തട്ടില്‍, സജിന്‍ ചെറുകയില്‍, അഭിറാം രാധാകൃഷ്ണന്ര്‍, രഞ്ജി കങ്കോല്‍, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശനാട് കനകം (‘ജയ ജയ ഹേ’ ഫെയിം), തുഷാര പിള്ള, മേരി ചേച്ചി (‘ആക്ഷന്‍ ഹീറോ ബിജു’ ഫെയിം), മഞ്ചാടി ജോബി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങളായ സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താന്‍, റിതിക റോസ് റെജിസ്, റിയോ ഡോണ്‍ മാക്സ്, സിന്‍ഡ്രല്ല ഡോണ്‍ മാക്സ് എന്നിവരും അഭിനയിക്കുന്നുണ്ട്.

എസ്. ശരവണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ബിജിബാല്‍, മോഹന്‍ സിത്താര, ജിന്റോ ജോണ്‍, ലിസി ഫെര്‍ണാണ്ടസ് എന്നിവരാണ് സംഗീതസംവിധായകര്‍. ലിസി കെ ഫെര്‍ണാണ്ടസിന്റെ കഥയെ ആസ്പദമാക്കി റെജിസ് ആന്റണിയും റോസ് റെജിസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മിഷന്‍ ലീഗ് സംസ്ഥാന പ്രേഷിത കലാമേള നവംബര്‍ 9ന്

ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പ്രേഷിത കലാമേള ‘സര്‍ഗ ദീപ്തി-24’ പാലക്കാട് യുവക്ഷേത്ര കോളജില്‍ നടക്കും. രാവിലെ 08.30-ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 9.10-ഓടെ കലാമേളയ്ക്ക് തുടക്കമാകും. ഏഴു വേദികളിലായി 20 ഇനങ്ങളില്‍ മത്സരം നടക്കും.

മുനമ്പം: കത്തോലിക്കാ കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യ-പ്രതിഷേധ ദിനം നവംബര്‍ 10ന്

വഖഫ് കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് താമരശ്ശേരി രൂപതയിലെ മുഴുവന്‍ യൂണിറ്റ് കേന്ദ്രങ്ങളിലും നവംബര്‍ 10-ന് ഐക്യദാര്‍ഢ്യ-പ്രതിഷേധ ദിനമായി ആചരിക്കും.

ഭാരതത്തിന്റെ ഭരണാഘടനയെയും ജനാധിപത്യത്തിന്റെ നെടുംതൂണുകളായ നിയമനിര്‍മാണ സഭകളെയും നീതിന്യായ വ്യവസ്ഥിതിയെയും കാര്യനിര്‍വഹണ സംവിധാനങ്ങളെയും പൗരന്റെ മൗലീകവകാശങ്ങളെയും നോക്കുകുത്തിയായിനിര്‍ത്തുന്ന വഖഫ് കാടന്‍ നിയമം മൂലം നീതി നിഷേധിക്കപ്പെടുന്ന മുനമ്പം ജനതയുടെ ഭൂസ്വത്തിലും ജീവനോപാദികളിലും വഖഫ് അവകാശവാദം അവസാനിപ്പിക്കുക, വഖഫ് നിയമ ഭേദഗതി മുന്‍കാല പ്രാബല്യത്തോടെ നടപ്പില്‍ വരുത്തുക, ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിന്‍വലിക്കുക, ഇരകളെ നീക്കിനിര്‍ത്തിയുള്ള കപട പ്രശ്‌നപരിഹാരചര്‍ച്ചകള്‍ ഒഴിവാക്കുക, മുനമ്പം ഭൂമി വഖഫ് അല്ല എന്ന സത്യം നിയമസഭ പ്രഖ്യാപിക്കുക, വഖഫിന്റെ മറവില്‍ വഖഫ് അല്ലാത്ത ഭൂമിക്ക് പകരം സര്‍ക്കാര്‍ ഭൂമിനല്‍കാനുള്ള രാഷ്ട്രീയപ്രീണനവും കാപട്യവും അവസാനിപ്പിക്കുക, പാര്‍ട്ടികളുടെയും നേതാക്കന്മാരുടെയും ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ഐക്യദാര്‍ഢ്യ ദിനം ആചരിക്കുന്നതെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് താമരശ്ശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളം പറമ്പില്‍, ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍, ജനറല്‍ സെക്രട്ടറി ഷാജി കണ്ടത്തില്‍, ട്രഷറര്‍ സജി കരോട്ട് എന്നിവര്‍ അറിയിച്ചു.

നവംബര്‍ 10-ന് കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റ് കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗങ്ങളും റാലികളും നടത്തും.

കെസിവൈഎം സംസ്ഥാന കലോത്സവം നവംബര്‍ 9, 10 തീയതികളില്‍

കെസിവൈഎം സംസ്ഥാന കലോത്സവം ‘ഉത്സവ് 2024’ തിരുവനന്തപുരം ലത്തീന്‍ രൂപതയുടെ ആതിഥേയത്വത്തില്‍ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജില്‍ നവംബര്‍ 9, 10 തീയതികളില്‍ നടക്കും.

ഒമ്പതിന് രാവിലെ 8.30-ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് 9.15-ന് പതാക ഉയര്‍ത്തും. 11-നാണ് ഉദ്ഘാടന ചടങ്ങുകള്‍. നാലു വേദികളിലായി 24 ഇനങ്ങളിലാണ് മത്സരങ്ങള്‍.

‘ദിലെക്‌സിത് നോസിന്റെ’ ഇന്ത്യന്‍ പതിപ്പ് പുറത്തിറങ്ങി

ഫ്രാന്‍സീസ് പാപ്പായുടെ പുതിയ ചാക്രിക ലേഖനം, ‘അവന്‍ നമ്മെ സ്‌നേഹിച്ചു’ എന്നര്‍ത്ഥം വരുന്ന ‘ദിലെക്‌സിത് നോസിന്റെ’ ഇന്ത്യന്‍ പതിപ്പ് ഡല്‍ഹിയില്‍ പ്രകാശനം ചെയ്തു.

യേശുക്രിസ്തുവിന്റെ തിരുഹൃദയത്തിന്റെ മാനുഷികവും ദൈവികവുമായ സ്‌നേഹത്തെ അധികരിച്ചുള്ള ‘ദിലെക്‌സിത് നോസ്’ എന്ന ചാക്രികലേഖനം പാപ്പാ ഒക്ടോബര്‍ 24-നാണ് പുറപ്പെടുവിച്ചത്.

ഇന്ത്യന്‍ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത് ഭാരതത്തിലെ കത്തോലിക്ക മെത്രാന്മാരുടെ സമിതി സിസിബിഐ ആണ്. ഹിന്ദിയിലാണ് ഇത് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

ചാക്രികലേഖനത്തിന്റെ ആദ്ധ്യാത്മിക ഗുണങ്ങള്‍ സ്വീകരിക്കാനും ജീവിതത്തിനാവശ്യമായ പ്രചോദനം അതില്‍ നിന്നുള്‍ക്കൊള്ളാനും വിവര്‍ത്തനം ഭാരതത്തിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് സഹായകമാകുമെന്ന് സിസിബിഐയുടെ പൊതുകാര്യദര്‍ശി ഡല്‍ഹി ആര്‍ച്ചുബിഷപ്പ് അനില്‍ ജോസഫ് കൂത്തൊ പ്രകാശനവേളയില്‍ അനുസ്മരിച്ചു.

സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്: വിജ്ഞാപനം ഉടന്‍, ഗ്ലാമര്‍ പോസ്റ്റിനായി ഇപ്പോഴേ പഠിച്ച് തുടങ്ങാം

കേരള പിഎസ്സി നടത്തുന്ന പരീക്ഷകളില്‍ കെഎഎസ് കഴിഞ്ഞാല്‍ ഏറ്റവും മികച്ച പോസ്റ്റുകളിലേക്കുള്ള പരീക്ഷയാണ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടത്തുന്ന പരീക്ഷയുടെ വിജ്ഞാപനം ഡിസംബറില്‍ പുറത്തു വിടുമെന്ന് കേരള പിഎസ്സി അറിയിച്ചു. ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പരീക്ഷാ ഘടന

പ്രിലിംസ്, മെയിന്‍സ്, ഇന്റര്‍വ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ. നൂറു മാര്‍ക്ക് ചോദ്യങ്ങളുള്ള പ്രിലിംസ് പരീക്ഷ 2025 മാര്‍ച്ച് മാസത്തില്‍ നടക്കും. അതിനുശേഷം നൂറു മാര്‍ക്കിന്റെ രണ്ട് പേപ്പറുകള്‍ അടങ്ങിയ മുഖ്യ പരീക്ഷ ജൂണില്‍ നടത്താനാണ് സാധ്യത. മൂന്നാംഘട്ടമായി ഇന്റര്‍വ്യൂ നടത്തി ഉദ്യോഗാര്‍ത്ഥികളെ സെലക്ട് ചെയ്യും. സെക്രട്ടറിയേറ്റ് ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഭാവിയില്‍ ഉന്നത തസ്തികയില്‍ പ്രവര്‍ത്തിക്കേണ്ടവരായതിനാലാണ് ഇത്തരമൊരു പരിഷ്‌കാരം നടപ്പാക്കുന്നത്.

തുറന്നിടുന്നത് വന്‍ സാധ്യതകള്‍

കേരളത്തിന്റെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ജോലി വഴി സംസ്ഥാനത്തെ തന്ത്രപ്രധാനമായ പോസ്റ്റുകളിലേക്ക് എത്തിപ്പെടാന്‍ ഉദ്യോഗാര്‍ത്ഥിക്ക് സാധിക്കും. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പോസ്റ്റില്‍ സര്‍വീസ് ആരംഭിക്കുന്ന വ്യക്തി കുറഞ്ഞ സമയത്തിനുള്ളില്‍ സെക്ഷന്‍ ഓഫീസറായി പ്രമോഷന്‍ ലഭിക്കും. പിന്നീട് അണ്ടര്‍ സെക്രട്ടറി, ജോയിന്‍ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി പോസ്റ്റുകളിലേക്ക് ജോലിക്കയറ്റം ലഭിക്കാം. ഏറെ നാളത്തെ സര്‍വീസ് ഉള്ളവര്‍ക്ക് ഐഎഎസ് കോണ്‍ഫര്‍ ചെയ്യാറുണ്ട്.

തയ്യാറാക്കിയത്: സുബിന്‍ മാത്യു കൂനംതടത്തില്‍

Exit mobile version