താമരശ്ശേരി രൂപതയുടെ പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടറായി റവ. ഡോ. കുര്യന്‍ പുരമഠത്തിലിനെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിയമിച്ചു. വിദേശ രാജ്യങ്ങളിലും കേരളത്തിനു പുറത്തുമുള്ള താമരശ്ശേരി രൂപതാംഗങ്ങളെ ഒരുമിച്ചു കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവാസി അപ്പോസ്തലേറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
പ്രവാസികളായവര്‍ക്ക് താമരശ്ശേരി രൂപതയുമായുള്ള ബന്ധം ഊഷ്മളമാക്കാനും അവരുടെ ആധ്യാത്മിക കാര്യങ്ങളില്‍ ക്രമീകരിക്കുവാനും കൂട്ടായ്മകള്‍ രൂപീകരിക്കുവാനും ഇതിലൂടെ കഴിയും.
താമരശ്ശേരി രൂപതയുടെ അജപാലന കേന്ദ്രമായ മേരിക്കുന്ന് പിഎംഒസിയുടെയും ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോതെറാപ്പിയുടെയും ഡയറക്ടറാണ് റവ. ഡോ. കുര്യന്‍ പുരമഠം.
തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയും കെസിവൈഎം യൂണിറ്റും സ്മാഷ് ബാഡ്മിന്റന്‍ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന വൈദികര്‍ക്കായുള്ള ഡബിള്‍സ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നാളെ (2024 സെപ്റ്റംബര്‍ 25) വൈകിട്ട് 04.30 മുതല്‍ ഒമ്പതു വരെ തോട്ടുമുക്കം സ്മാഷ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും.
താമരശ്ശേരി രൂപതയില്‍ സേവനം ചെയ്യുന്ന രൂപതാ, സന്യസ്ത വൈദികര്‍ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. 14 ടീമുകള്‍ ഏറ്റുമുട്ടും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5,000 രൂപയും ട്രോഫിയും സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 3,000 രൂപയും 2,000 രൂപയും ട്രോഫികളുമാണ് സമ്മാനം.
കേരള സ്‌കൂള്‍ ഒളിമ്പിക്സിനായുള്ള കോഴിക്കോട് ജില്ലാ ഫുട്ബോള്‍ ടീമിലേക്ക് കല്ലാനോട് ഇടവകാംഗങ്ങളായ മൂന്നു മിടുക്കികള്‍ തെരഞ്ഞെടുക്കപ്പെട്ടു. ആന്‍ഡ്രിയ ജോമോന്‍, കാശ്മീര സജി, എമില്‍ റോസ് എനനിവര്‍ക്കാണ് ജില്ലാ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചത്.
പുല്ലംപ്ലാവില്‍ ജോമോന്‍ ജോസഫിന്റെയും അമ്പിളിയുടെയും മകളായ ആന്‍ഡ്രിയ കല്ലാനോട് സെന്റ് മേരീസ് എച്ച്എസ്എസ് പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്. സീനിയര്‍ ഗേള്‍സ് ജില്ലാ ഫുട്ബോള്‍ ടീമിലേക്കാണ് ആന്‍ഡ്രിയ തെരഞ്ഞെടുക്കപ്പെട്ടത്.
വിള്ളമാക്കല്‍ സജി ജോസഫിന്റെയും ഷാലിയുടെയും മകളാണ് കാശ്മീര. കല്ലാനോട് സെന്റ് മേരീസ് എച്ച്എസ്എസ് പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്. സീനിയര്‍ ഗേള്‍സ് ജില്ലാ ഫുട്ബോള്‍ ടീമിലേക്കാണ് കാശ്മീരയ്ക്കും സെലക്ഷന്‍ ലഭിച്ചത്.
പുല്ലംപ്ലാവില്‍ ജെയ്മോന്‍ ജോസഫിന്റെയും സൗമ്യയുടെയും മകളായ എമില്‍ റോസ് കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ജൂനിയര്‍ ഗേള്‍സ് ജില്ലാ ഫുട്ബോള്‍ ടീമിലേക്കാണ് എമില്‍ തെരഞ്ഞെടുക്കപ്പെട്ടത്.
പരിസ്ഥിതി ലോല മേഖല നിര്‍ണയം സംബന്ധിച്ച് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മാപ്പില്‍ കട്ടിപ്പാറയിലെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉള്‍പ്പെടുത്തിയതില്‍ കത്തോലിക്ക കോണ്‍ഗ്രസ് കട്ടിപ്പാറ യൂണിറ്റ് ശക്തമായി പ്രതിഷേധിക്കുകയും വഞ്ചനാദിനം ആചരിക്കുകയും ചെയ്തു.
പ്രതിഷേധയോഗത്തില്‍ കട്ടിപ്പാറ പ്രദേശത്തെ മലയോര കര്‍ഷക ജനത ഇഎസ്എ വിജ്ഞാപനം മൂലം നേരിടുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സംബന്ധിച്ച് വികാരി ഫാ. മില്‍ട്ടണ്‍ മുളങ്ങാശ്ശേരി സംസാരിച്ചു. പ്രസിഡണ്ട് ജോഷി മണിമല അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ബാബു ചെട്ടിപ്പറമ്പില്‍, ബാബു കുരിശിങ്കല്‍, ഡെന്നീസ് ചിറ്റക്കാട്ടുകുഴിയില്‍, ജോര്‍ജ് വായ്പുകാട്ടില്‍, അരുണ്‍ പള്ളിയോടിയില്‍, സോജി ഏറത്ത്, ജിന്‍സി കൊച്ചുവീട്ടില്‍, ജിന്‍സി പറപ്പള്ളിയില്‍ എന്നിവര്‍ സംസാരിച്ചു.
വിലങ്ങാടിന്റെ പുനരുദ്ധാരണത്തിനായി കെസിവൈഎം രൂപതാതലത്തില്‍ സമാഹരിച്ച 6,42,210 രൂപ കൈമാറി
കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നടന്ന കെസിവൈഎം രൂപതാ കലോത്സവം ‘യുവ 2024’-ല്‍ 276 പോയിന്റുകളോടെ മരുതോങ്കര മേഖല ഓവര്‍ഓള്‍ കിരീടം സ്വന്തമാക്കി. യഥാക്രമം 229, 210 പോയിന്റുകളുമായി തിരുവമ്പാടി, കോടഞ്ചേരി മേഖലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
‘വിലങ്ങാടിനെ പുനരുദ്ധരിക്കുക’ എന്ന ആപ്തവാക്യം സ്വീകരിച്ച് ദുരിതബാധിത മേഖലകളുടെ പേരുകളാണ് അഞ്ചു വേദികള്‍ക്കും നല്‍കിയത്. 37 ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍.
കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് കലോത്സവം ഉദ്ഘാടനം ചെയ്തു. വിലങ്ങാടിന്റെ പുനരുദ്ധാരണത്തിനായി രൂപതാ തലത്തില്‍ യുവജനങ്ങള്‍ സമാഹരിച്ച 6,42,210 രൂപ രൂപതാ പ്രൊക്കുറേറ്റര്‍ ഫാ. കുര്യാക്കോസ് മുകാലയിലിന് കെസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, രൂപതാ പ്രസിഡന്റ് റിച്ചാള്‍ഡ് ജോണ്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.
കൂടത്തായി സെന്റ് മേരീസ് സ്‌കൂള്‍ മാനേജര്‍ ഫാ. ബിബിന്‍ മഞ്ചപ്പള്ളി സിഎംഐ, ജനറല്‍ സെക്രട്ടറി അലീന മാത്യു ചെട്ടിപ്പറമ്പില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ റൊസീന്‍ എസ്എബിഎസ്, കലോത്സവം കോ-ഓര്‍ഡിനേറ്റര്‍ ആഗി മരിയ ജോസഫ്, മേഖല പ്രസിഡന്റ് അഞ്ചല്‍. കെ. ജോസഫ്, യൂണിറ്റ് പ്രസിഡന്റ് ജോഫിന്‍ എന്നിവര്‍ പ്രസംഗിച്ചു.
മലയോര ജനതയെ സാരമായി ബാധിക്കുന്ന ഇഎസ്എ വിഷയത്തില്‍ ജനതയുടെ ആശങ്കകള്‍ പങ്കുവച്ച് പശ്ചിമഘട്ട ജനസംരക്ഷണ സമിതി രക്ഷാധികാരിയും താമരശ്ശേരി രൂപതാ ബിഷപ്പുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലും സിബിസിഐ പ്രസിഡന്റും തൃശ്ശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്തും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
തൃശ്ശൂര്‍ രാമനിലയിത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ജോസ് കെ. മാണി എംപി, വി. ഫാം ചെയര്‍മാന്‍ ജോയി കണ്ണഞ്ചിറ എന്നിവരും മെത്രാന്മാരോടൊപ്പമുണ്ടായിരുന്നു. വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇഎസ്എ റിപ്പോര്‍ട്ടും ഇഎസ്എ ജിയോ കോര്‍ഡിനേറ്റ്‌സ് മാപ്പും ബയോഡൈവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതിനെ സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
ഇഎസ്എ റിപ്പോര്‍ട്ടും ഈ അടുത്തകാലത്ത് തയ്യാറാക്കി എന്ന് പറയുന്ന പുതിയ ഇഎസ്എ ജിയോ കോഡിനേറ്റ്‌സ് മാപ്പും എത്രയും വേഗം ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ് സൈറ്റില്‍ ലഭ്യമാക്കിയാലെ ആറാമത്തെ ഇഎസ്എ കരടില്‍ സൂചിപ്പിക്കുന്നത് പ്രകാരം പരാതി സമര്‍പ്പിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുകയുള്ളുവെന്നും മറ്റ് സൈറ്റിലെ ഭൂപടത്തെ അടിസ്ഥാനമാക്കി അയക്കുന്നതായ ആക്ഷേപങ്ങള്‍ കരട് വിജ്ഞാപനത്തിനെതിരെയുള്ള ആക്ഷേപങ്ങളായി പരിഗണിക്കുക പോലും ഇല്ലയെന്നും സംഘം മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
ആറാമത്തെ കരട് വിജ്ഞാപനത്തില്‍ മാത്രം പ്രതിപാദിക്കുന്ന ഇഎസ്എയുടെ കഡസ്ട്രല്‍ മാപ്പും ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ലഭ്യമല്ല. ജിയോ കോഡിനേറ്റ്‌സ് മാപ്പിനൊപ്പം കഡസ്ട്രല്‍ മാപ്പും ജനങ്ങള്‍ക്ക് പരിശോധിക്കാന്‍ സൈറ്റില്‍ ലഭ്യമാക്കിയ ശേഷം പൊതുജനങ്ങള്‍ക്ക് ആക്ഷേപം സമര്‍പ്പിക്കാന്‍ 60 ദിവസത്തെ എങ്കിലും അവസരം നല്‍കണമെന്നും കേരളസര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും പ്രസ്തുത മാപ്പുകള്‍ (ജിയോ കോഡിനേറ്റ്‌സ് & കഡസ്ട്രല്‍ മാപ്പ്) പ്രസിദ്ധീകരിക്കുന്നതിന് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
2024 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടെ ഭേദഗതി വരുത്തി നല്‍കിയ ഇഎസ്എ രേഖകള്‍ തീരുമാനമെടുക്കാനായി ജൂണ്‍ മാസത്തില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് കത്ത് ലഭിച്ചിരുന്നു. എങ്കിലും ആറാമത്തെ കരട് വിജ്ഞാപനത്തിന് മുന്‍പോ ഇതുവരെയോ അന്തിമ ഭൂപടം ഉള്‍പ്പെടുന്ന ഈ രേഖകള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടില്ല, അവ ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടില്ല എന്ന വസ്തുതയും സംഘം മുഖ്യമന്ത്രിയെ അറിയിച്ചു.
ഇഎസ്എ പ്രദേശങ്ങളിലെ ആധാരങ്ങളില്‍ പരിസ്ഥിതി സംവേദക മേഖല (ഇഎസ്എ) എന്ന് എഴുതി ചേര്‍ക്കുന്നത് ജനങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. അത്തരം ആധാരങ്ങള്‍ വെച്ച് ലോണ്‍ എടുക്കാനോ സ്ഥലം വില്‍ക്കാനോ സാധിക്കില്ല.
ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തെറ്റായി രേഖപ്പെടുത്തിയ വനവിസ്തൃതി, (9107 ച. കി. മീ.), സംസ്ഥാന സര്‍ക്കാര്‍ തിരുത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കണം. ഇല്ലെങ്കില്‍ ഈ വില്ലേജുകളിലെ 01.01.1968 നും 01.01.1977നും മുന്‍പ് നല്‍കിയ സര്‍ക്കാര്‍ അംഗീകൃത പട്ടയഭൂമികള്‍ വരെ ഇതനുസരിച്ച് വനഭൂമിയില്‍ ഉള്‍പ്പെട്ടു പോകും.
ഇഎസ്എ നിയമത്തിന്റെ അടിസ്ഥാന യൂണിറ്റ് വില്ലേജായിരിക്കെ, കേരളത്തില്‍ റവന്യൂ വില്ലേജുകളില്‍ നിന്നും ഫോറസ്റ്റ് വില്ലേജുകളെ വേര്‍തിരിച്ചില്ലെങ്കില്‍ നിലവിലുള്ള സ്ഥിതിയനുസരിച്ച് ഒരു വില്ലേജിന്റെ പേരും അതിന്റെ അതിര്‍ത്തി കാണിക്കുന്ന മാപ്പുകളും ഇഎസ്എ നിയന്ത്രണങ്ങളില്‍പെട്ടാല്‍ റവന്യൂ വില്ലേജുകള്‍ മുഴുവന്‍ ഈ നിയമത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുവാന്‍ കാരണമാകും.
123 വില്ലേജുകളിലെ 13108 ച. കി. മീ നാച്ചുറല്‍ ലാന്‍ഡ്‌സ്‌കേപ്പ് എന്നത് കേരളത്തിലെ ആകെ നാച്ചുറല്‍ ലാന്‍ഡ്‌സ്‌കേപ്പിനെക്കാള്‍ 631 ച. കി. മീ കൂടുതലാണ്. ഇഎസ്എ നിലനില്‍ക്കുന്ന മറ്റ് അഞ്ചു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്തണം – മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മെത്രാന്മാര്‍ ആവശ്യപ്പെട്ടു.
സ്‌പെയ്‌നിലെ ബാഴ്‌സലോണയ്ക്കു സമീപം മൊണ്‍സെറാറ്റില്‍ സ്ഥിതി ചെയ്യുന്ന സാന്താ മരിയ ആശ്രമത്തിന്റെ മില്ലേനിയം ജൂബിലി ആഘോഷത്തില്‍ ശ്രദ്ധേയമായത് ഡ്രോണുകള്‍കൊണ്ട് ആകാശത്തു തീര്‍ത്ത കന്യകാ മറിയത്തിന്റെ ചിത്രമായിരുന്നു. 200ഡ്രോണുകള്‍ ഉപയോഗിച്ചാണ് ദൃശ്യ വിസ്മയം ഒരുക്കിയത്.
ആശ്രമത്തിന്റെ സംസ്‌ക്കാരം, ചരിത്രം എന്നിവ ഉള്‍ക്കൊള്ളുന്ന 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡ്രോണ്‍ഷോയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.
1025-ല്‍ സ്ഥാപിതമായ ആശ്രമം 14-ാം നൂറ്റാണ്ടു മുതല്‍ തീര്‍ത്ഥാടന കേന്ദ്രമായിരുന്നു. ആശ്രമത്തിനു സമീപത്ത് ബസലിക്ക നിര്‍മിച്ചത് 1811-ലാണ്. 1811-ല്‍ നെപ്പോളിയന്റെ സ്‌പെയിന്‍ അധിനിവേശ വേളയില്‍ നെപ്പോളിയന്റെ സൈന്യം ആശ്രമം കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 1844-വരെ ആശ്രമം പൂട്ടികിടന്നു.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫ്രിബര്‍ഗില്‍ ആരംഭിച്ച കത്തോലിക്കാ വിദ്യാര്‍ത്ഥികളുടെ അന്താരാഷ്ട്ര സംഘടനയായ ‘പാക്‌സ് റൊമാന’ അംഗങ്ങള്‍ ഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തി. സര്‍വ്വകലാശാല പരിതസ്ഥിതികളെ സുവിശേഷവല്‍ക്കരിക്കുക, യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള വിമര്‍ശനാത്മക കാഴ്ചപ്പാടില്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുക, അവരുടെ സാമൂഹിക അന്തരീക്ഷത്തിന്റെ പരിവര്‍ത്തനത്തോടുള്ള പ്രതിബദ്ധത വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്.
കത്തോലിക്കാ വിശ്വാസം ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട്, മാനവിക കുടുംബത്തോടുള്ള ദൈവത്തിന്റെ അനന്ത സ്‌നേഹത്തിനനുസൃതമായി സാമൂഹിക നീതിയും സമഗ്രമായ മാനവിക വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിബദ്ധതയെ പാപ്പാ പ്രത്യേകം എടുത്തു പറഞ്ഞു.
‘സ്വയം സമര്‍പ്പിക്കലിന്റെയും, സേവനത്തിന്റെയും വിപ്ലവനായകരാകുവാന്‍’ യുവജനങ്ങളോടു പാപ്പാ ആഹ്വാനം ചെയ്തു. സാമൂഹികപ്രശ്‌നങ്ങളെ വിശകലനം ചെയ്തുകൊണ്ട്, ആഗോളപൗരത്വം വളര്‍ത്തുന്നതിനും, സാമൂഹികമാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും, സംഘടന സ്വീകരിച്ചിട്ടുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങളെ പാപ്പാ അഭിനന്ദിച്ചു.
സിനഡാത്മകതയില്‍ വേരുറച്ച ഒരു യുവസമൂഹമായി വളര്‍ന്നുവരുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി പാപ്പ പറഞ്ഞു. പങ്കുവയ്ക്കലിന്റെയും, ശ്രവിക്കലിന്റെയും, പങ്കാളിത്തത്തിന്റെയും, വിവേചനാത്മകതയുടെയും നന്മകള്‍ ഉള്‍ക്കൊള്ളുന്ന സിനഡല്‍ യാത്രയില്‍ പങ്കാളികളാകുവാനും, പരിശുദ്ധാത്മാവിന്റെ മധുരശബ്ദം ശ്രവിക്കുവാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു. 2025 ജൂബിലി വര്‍ഷം വ്യക്തിഗത നവീകരണത്തിനും, ആത്മീയ സമൃദ്ധിക്കുമുള്ള ഒരു പ്രത്യേക അവസരമായി ഉള്‍ക്കൊണ്ട് സ്വാഗതം ചെയ്യുവാനും പാപ്പാ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചു.
പരിശുദ്ധ അമ്മ നിരവധി തവണ പ്രത്യക്ഷപ്പെട്ടുവെന്ന് കരുതപ്പെടുന്ന യൂറോപ്യന്‍ രാജ്യമായ ബോസ്‌നിയയിലെ മജുഗോറിയ മരിയന്‍ ഭക്തികേന്ദ്രവുമായി ബന്ധപ്പെട്ട ആത്മീയനന്മകള്‍ അംഗീകരിച്ചുകൊണ്ട് പരിശുദ്ധ സിംഹാസനം സുപ്രധാനമായ രേഖ പുറത്തിറക്കി.
ഫ്രാന്‍സിസ് പാപ്പായുടെ അംഗീകാരപ്രകാരം, വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ വിക്ടര്‍ മാനുവേല്‍ ഫെര്‍ണാണ്ടസ് ഒപ്പിട്ട് പ്രസിദ്ധീകരിച്ച രേഖ ഇവിടുത്തെ ആത്മീയഫലങ്ങളിലെ നന്മകളെ ഏറ്റുപറയുന്നതാണ്.
മജുഗോറിയ മരിയന്‍ ഭക്തികേന്ദ്രത്തില്‍ ലഭിച്ച ഫലങ്ങള്‍ വിശ്വാസികളില്‍ തിക്തഫലങ്ങള്‍ ഉളവാക്കുന്നവയല്ലെന്ന് രേഖ വിശദീകരിക്കുന്നു. സെപ്റ്റംബര്‍ 19-ന് പ്രസിദ്ധീകരിച്ച രേഖ മെജുഗോറിയയില്‍ പരിശുദ്ധ അമ്മയുമായി ബന്ധപ്പെട്ട പൊതുവായ വണക്കം അംഗീകരിക്കുന്നതാണ്.
ലോകം മുഴുവനും നിന്നുള്ള തീര്‍ത്ഥാടകര്‍ മജുഗോറിയയിലേക്ക് എത്തുന്നത് എടുത്തുപറയുന്ന പരിശുദ്ധസിംഹാസനത്തിന്റെ രേഖ, ആരോഗ്യകരമായ വിശ്വാസജീവിതത്തിലേക്ക് നയിക്കുന്ന കാര്യങ്ങളാണ് മജുഗോറിയ മുന്നോട്ടുവയ്ക്കുന്നതെന്ന് അനുസ്മരിക്കുന്നു.
നിരവധിയാളുകളാണ് ഈ ഭക്തികേന്ദ്രത്തില്‍ വിശ്വാസം തിരികെ കണ്ടെത്തി പരിവര്‍ത്തനത്തിലേക്ക് എത്തിയതെന്ന് പരിശുദ്ധസിംഹാസനം എഴുതി. നിരവധി രോഗശാന്തികളും, കുടുംബഅനുരഞ്ജനങ്ങളും ഈ കേന്ദ്രവുമായി ബന്ധപ്പെട്ട് പറയപ്പെടുന്നു. മജുഗോറിയ ഇടവക ആരാധനയുടെയും, പ്രാര്‍ത്ഥനയുടെയും, യുവജനനസംഗമങ്ങളുടെയും ഇടമായി മാറിയിട്ടുണ്ട്. ഇസ്ലാം മതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഇവിടേക്കെത്തുന്നുണ്ട്.
മജുഗോറിയയിലെ സന്ദേശങ്ങളുമായി ബന്ധപ്പെട്ട് ‘അമാനുഷികമായ’ എന്തെങ്കിലും ഉണ്ടോ എന്നതിനെക്കുറിച്ചുള്ള പ്രസ്താവനകള്‍ നടത്താതിരിക്കുമ്പോഴും, പരിശുദ്ധ സിംഹാസനത്തിന്റെ അനുമതിയോടെ മൊസ്താര്‍ ഇടവകദ്ധ്യക്ഷന്‍ പുറപ്പെടുവിച്ച ‘നുള്ള ഓസ്താ’ രേഖ അനുസരിച്ച്, മജുഗോറിയയില്‍, വിശ്വാസികള്‍ക്ക്, അവിടെയുള്ള പൊതുവായ ആരാധനയും പ്രാര്‍ത്ഥനകളും വഴി, തങ്ങളുടെ ക്രൈസ്തവജീവിതത്തിനായുള്ള പ്രചോദനം സ്വീകരിക്കുന്നതിന് പരിശുദ്ധ സിംഹാസനം അംഗീകാരം നല്‍കി.
എന്നാല്‍ ഇതില്‍ വിശ്വസിക്കണമെന്ന് പരിശുദ്ധ സിംഹാസനം ആരെയും നിര്‍ബന്ധിക്കുന്നില്ല എന്നും രേഖയില്‍ പറയുന്നു. മജുഗോറിയയിലെ സന്ദേശങ്ങളിലെ ഭൂരിഭാഗത്തെക്കുറിച്ചുമുള്ള പോസിറ്റിവായ മൂല്യനിര്‍ണ്ണയം, അവയെല്ലാം അമാനുഷികമാണെന്ന ഒരു പ്രഖ്യാപനമല്ല എന്നും പരിശുദ്ധ സിംഹാസനം വ്യക്തമാക്കുന്നുണ്ട്.
പ്രാദേശികസഭകളോട്, ഈ സന്ദേശങ്ങള്‍ക്ക് പിന്നിലെ അജപാലനമൂല്യം തിരിച്ചറിയാനും, അവയിലെ അധ്യാത്മികപ്രചോദനം ഏവരിലേക്കുമെത്തിക്കുന്നതിന് ശ്രമിക്കാനും പരിശുദ്ധ സിംഹാസനം നിര്‍ദ്ദേശിച്ചു. മജുഗോറിയയിലേക്ക് തീര്‍ത്ഥാടനം നടത്തുന്നവരോട്, അവിടെ, പരിശുദ്ധ അമ്മയുടെ സന്ദേശം സ്വീകരിക്കുന്നവരെ കാണാനല്ല, മറിച്ച്, സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയെ കണ്ടുമുട്ടാനാണ് നിങ്ങള്‍ പോകേണ്ടതെന്നും പരിശുദ്ധ സിംഹാസനം ഓര്‍മ്മിപ്പിക്കുന്നു.
ഈ വര്‍ഷത്തെ അസെറ്റ് അധ്യാപക അവാര്‍ഡ് പടത്തുകടവ് രണ്ടുപ്ലാക്കല്‍ ബിന്ദു ജോസഫിന്. പേരാമ്പ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി ആന്റ് എംപവര്‍മെന്റ് ട്രസ്റ്റ് സെക്കന്‍ഡറി സ്‌ക്കൂള്‍ അധ്യാപകര്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്.
ലൈഫ് സ്‌കില്‍ ട്രെയ്നര്‍, ഫാര്‍മേഴ്സ് ട്രെയ്നര്‍, മോട്ടിവേഷന്‍ സ്പീക്കര്‍, സംരംഭക, കര്‍ഷക, യൂട്യൂബര്‍, കൗണ്‍സിലര്‍ തുടങ്ങിയ മേഖലകളിലെ സംഭാവനകളാണ് ബിന്ദുവിനെ അവാര്‍ഡിന് അര്‍ഹയാക്കിയത്. 20 വര്‍ഷത്തെ അധ്യാപന പരിചയമുള്ള ബിന്ദു ഇപ്പോള്‍ വടകര അമൃത വിദ്യാലയത്തില്‍ കൗണ്‍സിലിങ് സൈക്കോളജിസ്റ്റായും അക്കാദമിക്ക് കോ-ഓര്‍ഡിനേറ്ററായും ജോലി ചെയ്യുകയാണ്.
10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് നവംബര്‍ ഒന്നിന് ശശി തരൂര്‍ വിതരണം ചെയ്യും. 2022-ല്‍ ഐ.സി.എ.ആര്‍ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ഭര്‍ത്താവ്: ജോജോ ജേക്കബ്. മക്കള്‍: ഇഷാന്‍, എമിലിയോ. വയനാട് ചുണ്ടയില്‍ ഒലിവുമല കരുന്തയില്‍ ജോസഫ് – മേരി ദമ്പതികളുടെ മകളാണ്.