സുവിശേഷമൂല്യങ്ങള്‍ ജീവിക്കുക, യൂറോപ്പിലെ തങ്ങളുടെ പ്രാധാന്യം തിരിച്ചറിയുക, ഐക്യത്തിലും കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിലും മാതൃകയായി തുടരുക എന്നീ ആഹ്വാനങ്ങളോടെ ഫ്രാന്‍സിസ് പാപ്പയുടെ ലെക്‌സംബര്‍ഗ് അപ്പസ്‌തോലിക യാത്രയ്ക്ക് സമാപനമായി.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ വിവിധ ഭാഷാ, സംസ്‌കാരങ്ങളുടെ അതിര്‍വരമ്പായി നില്‍ക്കുന്ന ലക്‌സംബര്‍ഗ്, യൂറോപ്പുമായി ബന്ധപ്പെട്ട ചരിത്രപരമായ പല സംഭവങ്ങളുടെയും സംഗമവേദിയായി മാറിയിട്ടുണ്ടെന്നും, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍, രണ്ടു വട്ടം കൈയേറ്റത്തിന്റെയും, പിടിച്ചടക്കലിന്റെയും, സ്വാതന്ത്ര്യത്തിന്റെയും അനുഭവങ്ങളിലൂടെ രാജ്യം കടന്നുപോയിട്ടുണ്ടെന്നും പാപ്പാ അനുസ്മരിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, ഒരുമയും ഐക്യവുമുള്ള, ഓരോ രാജ്യങ്ങള്‍ക്കും തങ്ങളുടേതായ ചുമതലയുള്ള, ഒരു യൂറോപ്പിനെ പണിതുയര്‍ത്തുന്നതില്‍ ലക്‌സംബര്‍ഗ് തന്റേതായ പങ്കുവഹിച്ചിട്ടുണ്ട്.
മനുഷ്യാന്തസ്സിന് പ്രാധാന്യം കൊടുക്കുകയും അവന്റെ അടിസ്ഥാനസ്വാതന്ത്രത്തെ ഉറപ്പാക്കുകയും ചെയ്യുന്ന ഈ രാജ്യത്തിന്റെ ശക്തമായ ജനാധിപത്യപ്രസ്ഥാനം, ഇത്തരമൊരു സുപ്രധാനമായ ഉത്തരവാദിത്വത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ഒരു രാജ്യത്തിന്റെ വിസ്തൃതിയോ അവിടുത്തെ ജനസംഖ്യയോ അല്ല, ആ രാജ്യം അന്താരാഷ്ട്രതലത്തില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കാനോ, സാമ്പത്തികരംഗത്തിന്റെ കേന്ദ്രമായി മാറാനോ ഉള്ള യോഗ്യത. മറിച്ച്, അവഗണനയും വിവേചനവും ഒഴിവാക്കി, വ്യക്തിയെയും, പൊതുനന്മയെയും പ്രധാനപ്പെട്ടതായി കണ്ടുകൊണ്ട് തുല്യതയുടെയും നിയമവാഴ്ചയുടെയും അടിസ്ഥാനത്തില്‍ അവരുടെ ജീവിതങ്ങളെ നിയന്ത്രിക്കുന്ന വിവേകപൂര്‍വ്വമുള്ള നിയമങ്ങളും സംഘടനാസ്ഥാപനങ്ങളും നിര്‍മ്മിക്കുന്നതാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
യൂറോപ്യന്‍ ഭൂഖണ്ഡത്തിലും, വിഭജനങ്ങളും ശത്രുതാമനോഭാവവും, സന്മനസ്സും, പരസ്പരസംവാദങ്ങളും നയതന്ത്രപ്രവര്‍ത്തനങ്ങളും വഴി പരിഹരിക്കേണ്ടതിനുപകരം, തുറന്ന ശത്രുതയോടെ നാശവും മരണവും വിതയ്ക്കുന്നത് നമുക്ക് കാണാനാകുമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. മനുഷ്യര്‍ക്ക് തങ്ങളുടെ ഓര്‍മ്മകള്‍ കാത്തുസൂക്ഷിക്കാനുള്ള കഴിവില്ലെന്നും, അതുകൊണ്ടുതന്നെ യുദ്ധങ്ങളുടെ പരിതാപകരമായ വഴികളിലൂടെ അവര്‍ വീണ്ടും സഞ്ചരിക്കുന്നതായി തോന്നുന്നുവെന്നും പാപ്പാ അപലപിച്ചു. മനുഷ്യര്‍ വലിയ വില കൊടുക്കേണ്ടിവരുന്നതും രാജ്യങ്ങളെ പതനത്തിലേക്ക് നയിക്കുന്നതുമായ ഇത്തരം രോഗത്തെ മാറ്റാന്‍, നാം ഉന്നതങ്ങളിലേക്ക് നോക്കണമെന്നും, ഇന്നത്തെ മാനവികതയുടെ വളര്‍ന്ന സാങ്കേതികശക്തിയുടെ കൂടെ വെളിച്ചത്തില്‍, പഴയകാലത്തെ തെറ്റുകളിലേക്ക് തിരികെപ്പോകാതിരിക്കാന്‍വേണ്ടി, ജനതകളുടെയും, ഭരണകര്‍ത്താക്കളുടെയും അനുദിനജീവിതം ആഴമേറിയ അദ്ധ്യാത്മികമൂല്യങ്ങളാല്‍ നയിക്കപ്പെടുന്നതുമാകണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.