വിലങ്ങാട് മേഖലയില്‍ ‘ലൂമിന’ സംഘടിപ്പിച്ചു

വിലങ്ങാട്: പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ വിശ്വാസ പരിശീലനം നടത്തുന്ന യുവജനങ്ങളെ യേശുവില്‍ നവീകരിച്ച് ലോകത്തിന്റെ പ്രകാശമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ താമരശ്ശേരി രൂപതാ മതബോധന കേന്ദ്രം ഫൊറോന തലത്തില്‍ നടത്തുന്ന ‘ലൂമിന’ വിലങ്ങാട് മേഖലയില്‍ ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. ഒരു കരം യേശുവിന്റെ കരത്തോട് ചേര്‍ത്തു പിടിച്ചു വേണം ജീവിതയാത്രയില്‍ മുന്നോട്ടു പോകേണ്ടതെന്ന് ഫ്രാന്‍സിസ് പാപ്പയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

‘ഞാനാണ് ജീവന്റെ അപ്പം’ (യോഹ. 6:48) എന്ന മതബോധന പ്രമേയത്തെ അടിസ്ഥാനമാക്കി രൂപതാ മതബോധന ഡയറക്ടര്‍ ഫാ. ജോണ്‍ പള്ളിക്കാവയലിലും എല്ലാം ക്രിസ്തുവില്‍ നവീകരിക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കി ടോമി പെരുവിലങ്ങാടും ക്ലാസുകള്‍ നയിച്ചു.

ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നായി 84 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. നൂബിന്‍ ജോസഫ്, ബര്‍ണാഡ് ജോസ് എന്നിവര്‍ സംഗീത പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മതബോധന മേഖലാ പ്രസിഡന്റ് റോയി ജോസഫ് കരിനാട്ട് പ്രസംഗിച്ചു.

അല്‍ഫോന്‍സ കോളജില്‍ വായനാ വാരാഘോഷം സമാപിച്ചു

തിരുവമ്പാടി: അല്‍ഫോന്‍സ കോളജില്‍ വായനവാരാഘോഷ സമാപനം ‘സര്‍ഗ്ഗത്മ 23’ ദേവഗിരി കോളജ് അധ്യാപകനും എഴുത്തുകാരനുമായ ബിബിന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യത്തിലെ വായനാനുഭവങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിന് അദ്ദേഹം നേതൃത്വം നല്‍കി. വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ചയായി ഡിപ്പാര്‍ട്‌മെന്റുകളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പ്രിന്‍സിപ്പല്‍ ഡോ. കെ. വി. ചാക്കോ, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഷെനീഷ് ആഗസ്റ്റിന്‍, ലിറ്റററി ക്ലബ് കോഡിനേറ്റര്‍ ദീപ ഡോമിനിക്, അലന്‍ വി. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. 2022-23 അദ്ധ്യയന വര്‍ഷത്തില്‍ കോളജ് ലൈബ്രറിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ച അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു.

പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളജുകളിലേക്ക് 2023-24 വര്‍ഷത്തെ ബിഎസ്‌സി നഴ്‌സിങ്, ബിഎസ്‌സി എം.എല്‍.റ്റി, ബിഎസ്‌സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബിഎസ്‌സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി, ബിഎസ്‌സി ഒപ്‌റ്റോമെട്രി, ബി.പി.റ്റി, ബി.എ.എസ്സ് എല്‍.പി., ബി.സി.വി.റ്റി, ബിഎസ്‌സി ഡയാലിസിസ് ടെക്‌നോളജി, ബിഎസ്‌സി പേഴ്‌സണല്‍ തെറാപ്പി, ബിഎസ്‌സി മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി, ബിഎസ്‌സി മെഡിക്കല്‍ റേഡിയോതെറാപ്പി ടെക്‌നോളജി, ബിഎസ്‌സി ന്യൂറോ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

http://www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ഫീസ് ഓണ്‍ലൈന്‍ മുഖേനയോ അല്ലെങ്കില്‍ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അടക്കാം.

2023 ജൂണ്‍ 30 വരെ അപേക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്. ജനല്‍, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 ജൂലൈ 3. പ്രോസ്‌പെക്ടസ്റ്റ് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ബി.എസ്.സി നഴ്‌സിംഗ്, ബി.എ.എസ്സ്.എല്‍.പി. ഒഴികെയുള്ള മറ്റ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തത്തില്‍ 50% മാര്‍ക്കോടെ ജയിച്ചവര്‍ പ്രവേശനത്തിന് അര്‍ഹരാണ്.

ബി.എ.എസ്സ്.എ.പി. കോഴ്‌സസിന് കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡിന്റെ +2 ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമറ്റിക്‌സ് കമ്പ്യൂട്ടര്‍ സയന്‍സ് / സ്റ്റാറ്റിസ്റ്റിക്‌സ് / ഇലക്ട്രോണിക്‌സ്, സൈക്കോളജി എന്നിവയ്ക്കു മൊത്തത്തില്‍ 50% മാര്‍ക്കോടെ ജയിച്ചവര്‍ ആയിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി മാത്തമറ്റിക്‌സ് / കമ്പ്യൂട്ടര്‍ സയന്‍സ് സ്റ്റാറ്റിസ്റ്റിക് ഇലക്ട്രോണിക്‌സ് / സൈക്കോളജി ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം.

അപേക്ഷാര്‍ത്ഥികള്‍ 17 വയസ് പൂര്‍ത്തീകരിച്ചിരിക്കണം. ബിഎസ്‌സി നഴ്‌സിങ് കോഴ്‌സിനുള്ള ഉയര്‍ന്ന പ്രായപരിധി 31 വയസ്സാണ്. നിശ്ചിത പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതല്ല. പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് സര്‍വീസ് ക്വോട്ടയില്‍ അപേക്ഷിക്കുന്നവര്‍ ഒഴികെയുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല

Exit mobile version