കുടുംബങ്ങള്‍ സുവിശേഷ പ്രഘോഷണ വേദികള്‍: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

കുടുംബങ്ങള്‍ സുവിശേഷ പ്രഘോഷണ വേദികളാണെന്നും ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രേഷിത പ്രവര്‍ത്തനം കുടുംബ വിശുദ്ധീകരണമാണെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.

‘കുടുംബങ്ങള്‍ പ്രേഷിത മേഖലയാണെന്ന് പഠിപ്പിക്കുന്നതാണ് വിശുദ്ധ അല്‍ഫോന്‍സയുടെ ജീവിതം. വിശുദ്ധിയുടെ ആദ്യപാഠങ്ങള്‍ അല്‍ഫോന്‍സാമ്മ പഠിച്ചത് കുടുംബത്തില്‍ നിന്നാണ്. കുടുംബങ്ങളെ ശാക്തീകരിക്കാനും വിശുദ്ധീകരിക്കാനും അല്‍ഫോന്‍സാമ്മ ആഹ്വാനം ചെയ്യുന്നു. കുടുംബങ്ങള്‍ ഇന്ന് ഏറെ വെല്ലുവിളി നേരിടുകയാണ്. കമ്പോള സംസ്‌ക്കാരം കുടുംബങ്ങളുടെ അടിത്തറയിളക്കുന്നു. കുടുംബങ്ങളുടെ തകര്‍ച്ച സഭയുടെ അടിത്തറയിളക്കുമെന്നത് ഭീതിയോടെ നാം ഓര്‍ക്കണം. കുടുംബങ്ങളുടെ ശക്തിയാണ് സഭയുടെ നിലനില്‍പ്പിന്റെ അനിവാര്യത. വിവാഹം 25 വയസിനു മുമ്പ് നടത്തുവാനും കുറഞ്ഞത് മൂന്ന് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കുവാനും ശ്രദ്ധിക്കണം. കുടുംബങ്ങളില്‍ നിന്ന് ദൈവവിളിയുണ്ടാകാന്‍ വേണ്ടിയും പ്രാര്‍ത്ഥിക്കണം’ – ബിഷപ് പറഞ്ഞു.

ഫാ. ബെന്നി മുണ്ടനാട്ട്, ഫാ. ജോസഫ് കളരിക്കല്‍, ഫാ. ജെയിംസ് കുഴിമറ്റത്തില്‍, ഫാ. ജേക്കബ് അരീത്ര എന്നിവര്‍ സഹകാര്‍മികരായിരുന്നു. താമരശ്ശേരി രൂപതയില്‍ നിന്നു നിരവധി വൈദികരും വിശ്വാസികളും തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിയിരുന്നു.

അല്‍ഫോന്‍സാ തീര്‍ത്ഥാടനം ജൂലൈ 23-ന്

താമരശ്ശേരി രൂപതയുടെ സ്വര്‍ഗീയ മധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്തേക്കുള്ള രൂപതാതല തീര്‍ത്ഥാടനം ജൂലൈ 23-ന് നടക്കുമെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സര്‍ക്കുലറിലൂടെ അറിയിച്ചു.

അല്‍ഫോന്‍സാമ്മയിലൂടെ കഴിഞ്ഞ 38 വര്‍ഷങ്ങളിലായി രൂപതാ കുടുംബത്തിനു ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനുള്ള അവസരമാണ് ഭരണങ്ങാനം തീര്‍ത്ഥാടനമെന്നും ഇടവകകളോ, വിവിധ ഇടവകകള്‍ ചേര്‍ന്നോ വാഹന സൗകര്യമൊരുക്കിയാല്‍ തീര്‍ത്ഥാടകര്‍ക്ക് ഉപകാരപ്രദമാകുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

തീര്‍ത്ഥാടന കേന്ദ്രത്തിലെ പ്രാര്‍ത്ഥനയ്ക്കും അനുബന്ധ ശുശ്രൂഷകള്‍ക്കും ജൂലൈ 23-ന് നേതൃത്വം നല്‍കുന്നത് താമരശ്ശേരി രൂപതയാണ്. രാവിലെ 11-ന് വിശുദ്ധ കുര്‍ബാനയും അനുബന്ധ ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്.

തീര്‍ത്ഥാടന ദേവാലയത്തിന്റെ നവീകരണവും മോടിപിടിപ്പിക്കലും അവസാന ഘട്ടത്തിലാണ്. ജൂലൈ 19 മുതല്‍ 28 വരെയാണ് തിരുനാള്‍. 19-ന് രാവിലെ 11.15-ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിന് കൊടിയേറ്റും. പ്രധാന തിരുനാള്‍ ദിനമായ 28-ന് പുലര്‍ച്ചെ 4.45 മുതല്‍ രാത്രി 9.30 വരെ ഓരോ മണിക്കൂറിലും വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും.

ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ അല്‍ഫോന്‍സിയന്‍ ആത്മീയ വര്‍ഷം

ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ സ്ലീവ 2024-25 എന്ന പേരില്‍ അല്‍ഫോന്‍സിയന്‍ ആത്മീയവര്‍ഷമായി ആഘോഷിക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിക്കും. മെയ് 19-ന് രാവിലെ ആറിനുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷമാണ് ഉദ്ഘാടന ചടങ്ങുകള്‍.

ഭരണങ്ങാനം ഫൊറോനപള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് ഡയറക്ടര്‍ ജനറല്‍ റവ. ഡോ. വിന്‍സന്റ കദളിക്കാട്ടില്‍ പുത്തന്‍പുര, എഫ്സിസി ഭരണങ്ങാനം പ്രോവിന്‍സ് പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജസി മരിയ ഓലിക്കല്‍, അസീസി ആശ്രമം സുപ്പീരിയര്‍ ഫാ. മാര്‍ട്ടിന്‍ മാന്നാത്ത്, ഡിഎസ്ടി സന്യാസിനീസമൂഹം സൂപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സലോമി മൂക്കന്‍തോട്ടം എന്നിവര്‍ പ്രസംഗിക്കും.

ആത്മീയ സാധനയെ സംബന്ധിച്ച ദേശീയ, അന്തര്‍ദേശീയ സെമിനാറുകള്‍, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ നടത്തുന്ന അല്‍ഫോന്‍സാ പഠനശിബിരങ്ങള്‍ ഉള്‍പ്പെടെ ആത്മീയ ഉണര്‍വ് പകരുന്ന അമ്പതിന പ്രോഗ്രാമുകളാണ് അല്‍ഫോന്‍സാ സ്പിരിച്വാലിറ്റി സെന്റര്‍ വിഭാവനം ചെയ്തിരിക്കുന്നത്.

അല്‍ഫോന്‍സിയന്‍ കൂട്ടായ്മ, അല്‍ഫോന്‍സിയന്‍ കുടുംബം, ഭക്തി, പഠനം, ആത്മീയത, ആഘോഷങ്ങള്‍, നവീകരണങ്ങള്‍, സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍, ശിശുക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സമര്‍പ്പിതര്‍ക്കും വൈദികര്‍ക്കും വേണ്ടിയുള്ള നവീകരണ പ്രോഗ്രാമുകള്‍, അല്‍ഫോന്‍സിയന്‍ സാംസ്‌കാരികവേദി, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കുംവേണ്ടിയുള്ള ശുശ്രൂഷകള്‍, അല്‍ഫോന്‍സാ ഗാര്‍ഡന്‍, കള്‍ച്ചറല്‍ മ്യൂസിയം എന്നിവയും അല്‍ഫോന്‍സിയന്‍ ആത്മീയവര്‍ഷത്തിന്റെ കര്‍മപരിപാടികളുടെ ഭാഗമാണ്.

Exit mobile version