ബഥാനിയായില്‍ അഖണ്ഡജപമാല സമര്‍പ്പണം ആരംഭിച്ചു

പുല്ലൂരാംപാറ: താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ ബഥാനിയ ധ്യാന കേന്ദ്രത്തില്‍ ഇരുപത്തിമൂന്നാമത് അഖണ്ഡ ജപമാല സമര്‍പ്പണം ആരംഭിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാല സമര്‍പ്പണവും നടന്നു.

രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ചാന്‍സിലര്‍ ഫാ. ചെറിയാന്‍ പൊങ്ങന്‍ പാറ, പുല്ലൂരാംപാറ ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍, കോടഞ്ചേരി സെന്റ് മേരീസ് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ഒക്ടോബര്‍ 27 വരെ നീളുന്ന 101 ദിനങ്ങളിലെ ഇടമുറിയാത്ത ജപമാല പ്രാര്‍ത്ഥനയുടെ നിയോഗം ലോകസമാധാനവും കുടുംബ വിശുദ്ധീകരണവുമാണ്.

23 വര്‍ഷം പിന്നിടുന്ന അഖണ്ഡ ജപമാലയില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. ഞായറാഴ്ചകളില്‍ ഒഴികെ രാവിലെ ആറിനും, ഉച്ചയ്ക്ക് 12നും, വൈകുന്നേരം ഏഴിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. അഖണ്ഡ ജപമാല ദിനങ്ങളില്‍ കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനും സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന് ബഥാനിയ ഡയറക്ടര്‍ ഫാ. ബിനു പുളിക്കല്‍ അറിയിച്ചു. ഇന്നു നടന്ന അഖണ്ഡ ജപമാല ആരംഭത്തിന് ഫാ. ബിനു പുളിക്കല്‍. ഫാ. ജോസ് പൂവണ്ണിക്കുന്നേല്‍, ഫാ. ജെസ്‌വിന്‍ തുറവയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കുട്ടികളിലെ ആസക്തി രോഗങ്ങള്‍

കോവിഡ് കാലത്ത് കുട്ടികള്‍ അധിക സമയവും ചെലഴിച്ചത് മൊബൈലിലാണ്. ക്ലാസുകള്‍ കൂടി മൊബൈലിലായതോടെ കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തില്‍ രക്ഷിതാക്കള്‍ക്കും ഇടപെടാന്‍ കഴിയാതായി. മൊബൈലിന്റെ നിരന്തര ഉപയോഗം ചില കുട്ടികളില്‍ അഡിക്ഷന് കാരമായി. മൊബൈലിനോടു മാത്രമേ അഡിക്ഷന്‍ തോന്നുകയുള്ളോ? കുട്ടികളെ ബാധിക്കുന്ന എന്തെല്ലാം അഡിക്ഷനുകളുണ്ട്? വിശദമായി അറിയാന്‍ തുടര്‍ന്നു വായിക്കുക:

ജീവിതത്തെ ബാധിക്കുന്നതരം പരിണിത ഫലങ്ങള്‍ ഉണ്ടാക്കുന്ന ചില നിയന്ത്രിത വസ്തുക്കള്‍ ഉപയോഗിക്കുന്നതോ ചില അസ്വഭാവിക സ്വഭാവങ്ങള്‍ തുടര്‍ന്ന് പ്രകടിപ്പിക്കുകയോ ചെയ്യുന്നതിനെയാണ് മനഃശാസ്ത്രത്തില്‍ ആസക്തി അഥവാ അഡിക്ഷന്‍ എന്ന് പറയുന്നത്. ഇന്നത്തെ കുട്ടികളില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ട അഡിക്ഷനുകളില്‍ ഉള്‍പ്പെടുന്നവയാണ് സ്‌ക്രീന്‍അഡിക്ഷന്‍ (ടിവി, മൊബൈല്‍, കമ്പ്യൂട്ടര്‍, ടാബ്), വായന അഡിക്ഷന്‍, സോഷ്യല്‍ മീഡിയ അഡിക്ഷന്‍, ഗെയിം അഡിക്ഷന്‍ , പോണ്‍ അഡിക്ഷന്‍ (അശ്ലീല വീഡിയോ) മധുരത്തോടുള്ള അഡിക്ഷന്‍, മദ്യത്തോടുള്ള അഡിക്ഷന്‍, ലഹരിപദാര്‍ത്ഥങ്ങളോടുള്ള അഡിക്ഷന്‍ തുടങ്ങിയവ.

എന്താണ് സ്‌ക്രീന്‍ അഡിക്ഷന്‍?

എന്തെങ്കിലും ഒരു സ്‌ക്രീനിന് മുന്‍പില്‍ (ടിവി, മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍) കൂടുതല്‍ സമയം ചിലവഴിക്കുന്നതിനാണ് സ്‌ക്രീന്‍ അഡിക്ഷന്‍ എന്ന് പൊതുവേ പറയപ്പെടുന്നത്. ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന രീതിയില്‍ സ്‌ക്രീന്‍ അഡിക്ഷന്‍ മാറുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.

സ്‌ക്രീന്‍ അഡിക്ഷന്‍ ലക്ഷണങ്ങള്‍

*ഫോണ്‍, ടിവി, ടാബ്, കമ്പ്യൂട്ടര്‍ ഇല്ലാതിരിക്കാന്‍ കഴിയാത്ത അവസ്ഥ.
*സദാ സമയവും ചിന്തകളെയും വികാരങ്ങളെയും സ്‌ക്രീന്‍ സ്വാധീനിക്കുന്നു.
*ചുറ്റുപാടില്‍ നിന്നും ഉള്‍വലിയുന്നു.
*പഠനത്തിലും മറ്റ് അനുദിനം ഉള്ള ദിന ചര്യകളിലുംതാല്‍പര്യക്കുറവ്.
മറികടക്കാനുള്ള മാര്‍ഗങ്ങള്‍
*കുട്ടികളില്‍ സ്‌ക്രീന്‍ അഡിക്ഷനെ കുറിച്ച് യഥാര്‍ത്ഥ അവബോധം ഉണര്‍ത്തുക.
*സ്‌ക്രീന്‍ ഉപയോഗിക്കുന്നതിനെ കൃത്യവും വ്യക്തവുമായ സമയം നിശ്ചയിക്കുക.
*കുട്ടികളുടെ ശ്രദ്ധ മാറ്റുവാന്‍ ഉതകുന്ന മറ്റ് പ്രവര്‍ത്തനങ്ങളിലും കായിക വിനോദങ്ങളിലും ആവശ്യമായ ശ്രദ്ധ നല്‍കുക.
*സ്‌ക്രീന്‍ ടൈമിന്് അപ്പുറത്തേക്ക് സന്തോഷം കണ്ടെത്താന്‍ സാധിക്കുന്ന കാര്യങ്ങളില്‍ മുന്‍ഗണന (promotise) ചെയ്യാന്‍ പഠിപ്പിക്കുക.
*ആഴ്ചയില്‍ ഒരു ദിവസമെങ്കിലും മുഴുവനായും യാതൊരുവിധ സ്‌ക്രീനും ഉപയോഗിക്കാതിരിക്കാന്‍ പരിശീലിപ്പിക്കുക.

സോഷ്യല്‍ മീഡിയ അഡിക്ഷന്‍

സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായുള്ള ബന്ധം നിലനിര്‍ത്താനായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിന്റെ ഉപയോഗം ഇപ്പോള്‍ ഗണ്യമായി വര്‍ദ്ധിച്ചു വരികയാണ്. കുട്ടികളിലും, കൗമാരക്കാരിലും, ചെറുപ്പക്കാരിലും, മധ്യവയസ്‌കരിലും ഇതിന്റെ അനിയന്ത്രിത ഉപയോഗം കാണാം. കുട്ടികളിലെ സോഷ്യല്‍ മീഡിയഉപയോഗം അവരെ പുറത്തിറങ്ങി കളിക്കാനുള്ള താല്പര്യവും പഠിക്കാനുള്ള ഇഷ്ടവും കുറയുന്നതിന്കാരണമാകുന്നു. വീടുകളില്‍ ക്രിയാത്മകമായി സമയം ചിലവിടാനുള്ള സാഹചര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കാത്തതും കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് കാരണമാകുന്നു.

തലച്ചോറിന് വിവിധ സാഹചര്യവുമായി പൊരുത്തപ്പെട്ട് പോകാനുള്ള കഴിവ് കൂടുന്ന ഒരു കാലഘട്ടമാണ് ‘ബാല്യം ഈ ഒരു സമയത്ത് സോഷ്യല്‍ മീഡിയ സര്‍വ്വവുമായി കാണുന്നത് അവരിലെ കഴിവിനെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. കൂടാതെ അവരില്‍ ആത്മവിശ്വാസക്കുറവ് ഉണ്ടാക്കുകയും സ്വയം താന്‍ ഒരു പരാജയമാണെന്ന് ചിന്ത ഉണ്ടാവുകയും ചെയ്യുന്നു.

ഗെയിം അഡിക്ഷന്‍

കുട്ടികളിലെ ഗെയിം അഡിക്ഷന്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്. കുട്ടികളിലെ ഗെയിം ഉപയോഗം അവരെ രൂക്ഷമായി ബാധിക്കുന്നു. അതില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഫ്രീ ഫയര്‍ ഗെയിം. ഒരു കൗതുകത്തിന് വേണ്ടി തുടങ്ങുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ പിന്നീട് അവരുടെ ജീവനെടുക്കുന്ന മരണക്കളിയായി മാറുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് ഗെയിമിന്റെ ഉപയോഗം അവരുടെ കാഴ്ചശക്തിയെ ബാധിക്കുന്നു തലവേദനയും പഠനത്തില്‍ പിന്നോക്കം ആവുകയും കളിക്കാന്‍ ഫോണ്‍ കിട്ടിയില്ലെങ്കില്‍ അക്രമാസക്തരാകുന്ന പ്രവണതയും കണ്ടുവരുന്നു. ഗെയിം കളിച്ച അമ്മയുടെ ഫോണില്‍ നിന്നും 300000 നഷ്ടപ്പെടുത്തിയ ഒന്‍പതാം ക്ലാസുകാരന്റെ വാര്‍ത്ത ഞെട്ടലോടെ നാം അറിഞ്ഞ ഒന്നാണ്‌. മക്കള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയും സമയം നിയന്ത്രിക്കുകയും വേണം. അതുപോലെതന്നെ അവരെ മറ്റു കാര്യങ്ങളില്‍ പ്രാപ്തരാക്കാനും ആശയവിനിമയം നടത്താനുമുള്ളസമയം രക്ഷിതാക്കള്‍ കണ്ടുപിടിക്കണം. കുട്ടികളെ കായിക വിനോദത്തില്‍ ഏര്‍പ്പെടുത്തുന്നതിലൂടെ അവരുടെ ശാരീരിക മാനസിക ആരോഗ്യം കൈവരിക്കാന്‍ അവരെ പ്രാപ്തരാക്കുക.

റീഡിങ് അഡിക്ഷന്‍ (വായന ആസക്തി)

മുകളില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ട ആസക്തിയാണ് റീഡിങ് അഡിക്ഷന്‍. അമിതമായ വായനയ്ക്ക് അടിമപ്പെടുന്ന കുട്ടികള്‍ അവര്‍ക്ക് കിട്ടുന്ന ഭൂരിഭാഗം സമയവും വായനയ്ക്ക് മാത്രമായി മാറ്റിവയ്ക്കുകയും മറ്റ് കായിക വിനോദ പഠന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്യുന്നു. വായനയ്ക്ക് അടിമപ്പെടുന്ന കുട്ടികള്‍ അവര്‍ക്ക് കിട്ടുന്ന എല്ലാ സ്രോതസ്സില്‍ നിന്നും ഉദാഹരണമായി ഇന്റര്‍നെറ്റില്‍ നിന്നും ബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്തും ഫേസ്ബുക്ക്, ട്വിറ്റര്‍, റീഡിങ് ആപ്പ്‌സ് എന്നിങ്ങനെ ഒട്ടനവധി മാര്‍ഗങ്ങള്‍ അവര്‍ വായനയ്ക്കായി സ്വീകരിക്കുന്നു. ഇതിന്റെ ഫലമായി കുട്ടികള്‍ക്ക് വായിക്കാനുള്ള കാര്യങ്ങള്‍ കഴിഞ്ഞുപോകുന്ന അവസ്ഥ ഉണ്ടാവുകയും തല്‍ഫലമായി ഇവരില്‍ ഒറ്റപ്പെടല്‍, ആശങ്കരോഗങ്ങള്‍, വിഷാദരോഗങ്ങള്‍, ഉല്‍ക്കണ്ഠരോഗങ്ങള്‍ എന്നീ മാനസിക ബുദ്ധിമുട്ടുകള്‍ ഉടലെടുക്കുന്നു.
റീഡിങ് അഡിക്ഷനില്‍ പ്രധാനപ്പെട്ടവയാണ് Otaku (Biblio mania). ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ക്ക് പുസതകങ്ങള്‍ വായിക്കാനും അത് ശേഖരിച്ചുവയ്ക്കാനുള്ള നിരന്തര അഭിനിവേശം ഉണ്ടാകുന്നു.

സ്വീറ്റ് അഡിക്ഷന്‍ (മധുരത്തോടുള്ള ആസക്തി)

കുട്ടികളില്‍ കാണപ്പെടുന്ന മറ്റൊരാസക്തിയാണ് മധുരത്തോടുള്ള അമിതമായ ഇഷ്ടം ഈ ആസക്തി ചില പെരുമാറ്റ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. എടുത്തുചാട്ടം, അമിതമായ ദേഷ്യം, മൂഡ് ചേഞ്ച് എന്നിവ ഇവരില്‍ കൂടുതലായി കാണപ്പെടുന്നു. ഉയര്‍ന്ന അളവിലുള്ള പഞ്ചസാര കഴിക്കുന്നത് കുട്ടികളില്‍ പ്രമേഹം പൊണ്ണത്തടി ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു. ഈ അവസരത്തില്‍ മാതാപിതാക്കള്‍ കുട്ടികളില്‍ആരോഗ്യപരമായ ഭക്ഷണരീതി വളര്‍ത്തുക കൂടാതെ സമ്പുഷ്ടമായ തരത്തിലുള്ള ആരോഗ്യപരമായ ഭക്ഷണം തയ്യാറാക്കി നല്‍കുകയും ചെയ്യുക.

ഫോണ്‍ അഡിക്ഷന്‍

നിരന്തരമായ സൗജന്യ ഇന്റര്‍നെറ്റ് ഉപയോഗം കുട്ടികളെ സോഷ്യല്‍ മീഡിയ ഫ്‌ളാറ്റ്‌ഫോമിന് പുറത്തേക്ക് എത്തിക്കുന്നു. പരിമിതമായ എണ്ണത്തില്‍ നിന്നും പോണ്‍ സൈറ്റുകള്‍ ഏറെവളര്‍ന്നിരിക്കുന്നു. ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും ഏതുതരത്തിലുള്ള ലൈംഗിക ജിജ്ഞാസയും വളരുന്നുണ്ട്. അശ്ലീല വീഡിയോകള്‍ക്ക് അടിമപ്പെടുന്നവരെ കുറിച്ച് കേന്ദ്ര യൂണിവേഴ്‌സിറ്റിഗവേഷകര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ആണ്. അശ്ലീല വീഡിയോകള്‍ തലച്ചോറില്‍ പ്രവര്‍ത്തിക്കുന്നത് മയക്കുമരുന്ന് പോലെയാണ്. അതുകൊണ്ടുതന്നെ ഈ ഉപയോഗം കുട്ടികളുടെ പെരുമാറ്റത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. പഠനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. കൂട്ടുകെട്ടുകള്‍ ശിഥിലമാകുന്നു. കുട്ടികള്‍ ഇത്തരം പോണ്‍ ൈസറ്റുകളില്‍ കാണുന്ന പലതും യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കുന്നതല്ല എന്ന് തിരിച്ചറിയാതെ പോകുന്നു. ഇത് അവര്‍ക്ക് ഭാവിയിലേക്ക് സുരക്ഷിതമായ ലൈംഗിക ആസ്വാദനത്തിന് ദോഷമായി തീരും. ഇത്തരം പ്രതിസന്ധികളില്‍ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ്. കുട്ടികള്‍ കാണത്തക്ക വിധത്തില്‍ അശ്ലീല വീഡിയോകളും സൈറ്റുകളും ഉപയോഗിക്കാതിരിക്കുക. കുട്ടികളുടെ ഊര്‍ജ്ജം കൃഷിയിലും വളര്‍ത്തുമൃഗങ്ങളുടെ കൂടെയും കായിക വിനോദത്തിനുവേണ്ടി വിനിയോഗിക്കാനും ശീലിപ്പിക്കുക അതുപോലെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വേണ്ട ലൈംഗിക വിദ്യാഭ്യാസം മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ഉറപ്പുവരുത്തുക.

ലഹരിയില്‍ അടിമപ്പെടുന്ന കുട്ടികള്‍

ഈ അടുത്ത കുറെ നാളുകളായി മയക്കുമരുന്നിന്റെ ഉപയോഗത്തെപ്പറ്റി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വളരെ ആശ ങ്കാജനകമാണ്. നമ്മുടെ കുഞ്ഞുങ്ങളെയും യുവജനങ്ങളെയും കാര്‍ന്നു തിന്നാന്‍ ശക്തി നേടി ലഹരി മാഫിയകള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു പണ്ട് മദ്യം മാത്രമായിരുന്നെങ്കില്‍ ഇന്ന് റ്റുബാക്കോ, മറിജ്വാനോ, എംഡിഎം, എഎല്‍എസ്ഡി എന്ന് തുടങ്ങി ലഹരികളുടെ ഒരു നീണ്ട നിര തന്നെ ലഭ്യമാണ് നമ്മുടെ കുഞ്ഞുങ്ങള്‍ സ്‌കൂള്‍ മുതല്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വലിയ പ്രശ്‌നമായി ഇത് വളര്‍ന്നു കഴിഞ്ഞു. എന്റെ കുട്ടിയെ എനിക്കറിയാം അവന്‍ അങ്ങനെ ചെയ്യില്ല പലപ്പോഴും മാതാ പിതാക്കള്‍ നല്‍കുന്ന ഉത്തരമാണ് ഇത്. എന്റെ അറിവിനും അപ്പുറത്തേക്ക് അവന്‍ അല്ലെങ്കില്‍ അവള്‍ വളര്‍ന്നു കഴിഞ്ഞു എന്ന് സ്വയം എല്ലാവരും ഒന്ന് അവലോകനം ചെയ്യണം.

മാതാപിതാക്കള്‍ കുട്ടികളില്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

പ്രത്യേകിച്ച് കാരണമില്ലാതെ പഠനനിലവാരത്തില്‍ പിന്നോട്ട് പോകുക, മുറിക്കകത്ത് അസാധാരണമായ മണങ്ങള്‍ അനുഭവപ്പെടുക, രഹസ്യങ്ങള്‍ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന സ്വഭാവം, കൂടുതല്‍ പോക്കറ്റ് മണി ആവശ്യപ്പെടുക, വീടുകളില്‍ നിന്ന് പൈസ കളവ് പോവുക, വിലപിടിപ്പുള്ള സാധനങ്ങള്‍ കാണാതെ പോകുക, ഉറക്കത്തിന്റെ രീതിയില്‍ വരുന്ന വ്യത്യാസം, അമിതമായ ഉറക്കം, കൂടുതല്‍ സമയം മുറി അടച്ചിടുക. അപരിചിതരോ പ്രായത്തില്‍ മുതിര്‍ന്നവരോ ആയ പുതിയ കൂട്ടുകാര്‍, കൈകളിലോ ദേഹത്തോ കുത്തിവെയ്പ്പിന്റെ പാടുകളോ അസാധാരണമായ നിറവ്യത്യാസം കാണുക, വസ്ത്രധാരണയില്‍ വരുന്ന പെട്ടെന്നുള്ള വ്യത്യാസങ്ങള്‍.

മാതാപിതാക്കള്‍ അറിയേണ്ട കാര്യങ്ങള്‍

ഇന്നത്തെ കുട്ടികള്‍ക്ക് ലഹരി ഉപയോഗിക്കുന്നത് മറച്ചുവയ്ക്കുന്ന മനോഭാവം ഇല്ല. ഇത് ഞങ്ങളുടെ ജീവിത രീതിയാണ് എന്നാണ് അവര്‍ പറയുന്നത്. മറ്റുള്ളവര്‍ ജീവിതം ജീവിച്ചു തീര്‍ക്കുമ്പോള്‍ ഞങ്ങള്‍ ജീവിതം ആസ്വദിക്കുന്നു എന്നാണ് ന്യാ യം. കുറച്ചുനേരം റിലാക്‌സ് ചെയ്യാനുള്ള മാര്‍ഗ്ഗം മാത്രമാണ് അവര്‍ക്ക് മയക്കുമരുന്നുകള്‍. ത്രില്ലിന് വേണ്ടി ലഹരി ഉപയോഗിക്കുന്നവരും ഒരുപാടുണ്ട്. കൂട്ടുകാരുമായി ഒത്തുകൂടുമ്പോള്‍ സുഖാനുഭൂതിക്ക് മയക്കുമരുന്നിനെ കൂട്ടുപിടിക്കുന്നവര്‍ക്ക് ആശ്രയം, ലഹരി ഒഴുകുന്ന പാര്‍ട്ടികളും മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഹീറോയിസം ആണെന്ന് കാഴ്ചപ്പാട് പുലര്‍ത്തുന്നവരും യുവതലമുറയില്‍ ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. സ്വന്തം വീട്ടില്‍ നിന്നാണ് 70% കുട്ടികളും ലഹരിയുടെ ആദ്യപാഠം പഠിക്കുന്നത് മിക്ക കുട്ടികളും ആദ്യം ലഹരിയുടെ രുചി അറിയുന്ന മദ്യപാനത്തിലൂടെയും പുകവലിയുടെയും അച്ഛന്‍ മദ്യം കഴിക്കുമ്പോള്‍ നീ ബിയര്‍ കഴിച്ചു കൊള്ളുകഎന്ന് പറയുന്ന വീട്ടുകാരും ബാറില്‍ പോകുമ്പോള്‍മക്കളെ ഒപ്പം കൂട്ടുന്ന അച്ഛന്മാരും സോഷ്യല്‍ ഡ്രിങ്ക്‌സ് പ്രോത്സാഹിപ്പിക്കുന്ന സമൂഹവും ചേര്‍ന്ന് കുട്ടികളെ ലഹരിയിലേക്ക് കൈപിടിച്ച് കയറ്റുന്നു.

ലഹരി നുണയുന്ന സൗഹൃദങ്ങള്‍

മക്കളുടെ എത്ര കൂട്ടുകാരെ നിങ്ങള്‍ക്കറിയാം? അവരില്‍ എത്ര പേരെ നേരിട്ട് കണ്ടിട്ടുണ്ട്? ലഹരിക്ക് അടിമപ്പെട്ട് ചികിത്സയ്ക്ക് എത്തുന്ന കുട്ടികളില്‍ പലരുടെ കഥയിലും സുഹൃത്തുക്കള്‍ക്ക് റോള്‍ ഉണ്ട്. സമ
പ്രായക്കാര്‍ മാതാപിതാക്കളെക്കാള്‍സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണ് കൗമാരം. കുട്ടികളെ മയക്കുമരുന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ചങ്ങല കണ്ണികളില്‍ പലപ്പോഴും സൗഹൃദത്തിന് പങ്കുണ്ടാകും. ഒരിക്കല്‍ ലഹരിയില്‍ നിന്ന് രക്ഷിച്ചാലും സുഹൃത്തുക്കളുടെ സാന്നിധ്യം മൂലം വീണ്ടും അതിലേക്ക് പോകാനുള്ള സാധ്യത വളരെകൂടുതലാണ്.

അഡിക്ഷന്‍ എന്ന രോഗവും മറ്റ് മാനസിക പ്രശ്‌നങ്ങളും

മുമ്പ് ഉപയോഗിച്ചിരുന്ന അതേ അളവില്‍ ഒരു ലഹരിപദാര്‍ത്ഥം ഉപയോഗിക്കുമ്പോള്‍ പഴയതോതില്‍ ലഹരി അനുഭവപ്പെടാതെ വരികയും നല്ല ലഹരി കിട്ടണമെങ്കില്‍ ആ ലഹരിപദാര്‍ത്ഥം പഴയതിലും കൂടുതല്‍ അളവില്‍ ഉപയോഗിക്കേണ്ടി വരികയും ചെയ്യുക, ലഹരിപദാര്‍ത്ഥത്തിന്റെ ഉപയോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോള്‍ പിന്മാറ്റ അസ്വാസ്ഥ്യങ്ങള്‍ പ്രത്യക്ഷപ്പെടുക, ഇത് ഒഴിവാക്കാന്‍ വേണ്ടി ആ ലഹരിപദാര്‍ത്ഥം തുടര്‍ച്ചയായി ഉപയോഗിക്കേണ്ട അവസ്ഥയുണ്ടാവുക, കുറഞ്ഞ അളവില്‍ ലഹരിപദാര്‍ത്ഥം ഉപയോഗിക്കാന്‍ തീരുമാനിച്ചാലും അതിനു പറ്റാതെ വരിക, ലഹരി ഉപയോഗം നിയന്ത്രിക്കാനോ നിര്‍ത്താനോ അതിയായ ആഗ്രഹമുണ്ടാവുകയോ അതിനുള്ള പരിശ്രമങ്ങള്‍ നിരന്തരം പരാജയപ്പെടുകയും ചെയ്യുക. ലഹരി ഉപയോഗം കാരണം ജോലിയോ മറ്റ് ഉത്തരവാദിത്വങ്ങളോ ശരിയായി നിര്‍വഹിക്കാന്‍ പറ്റാതെ വരിക, ലഹരി ഉപയോഗം കാരണം ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന ഉത്തമ ബോധ്യമുണ്ടായിട്ടും പ്രസ്തുത ലഹരിപദാര്‍ത്ഥം തുടര്‍ന്നും ഉപയോഗിച്ചു കൊേണ്ടയിരിക്കുക കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇതില്‍ ഏതെങ്കിലും മൂന്ന് ലക്ഷണങ്ങള്‍ ഒരു വ്യക്തിയില്‍ പ്രകടമാകുന്നുഎങ്കില്‍ അയാള്‍ക്ക് ബസ്റ്റാന്‍ഡ് ഡിപ്പെന്‍ഡന്‍സ് ഉണ്ട് എന്ന് പറയാം. ഇത്രയ്ക്ക് വഷളാവാത്തതുംഅതേസമയം ആ വ്യക്തിക്ക് ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ലഹരി ഉപയോഗത്തെ സബ്സ്റ്റന്‍സ് അബ്യൂസ് എന്ന് വിളിക്കുന്നു. ലഹരി ഉപയോഗംമൂലം രൂപപ്പെടുന്ന മാനസിക പ്രശ്‌നങ്ങളെ സബ്സ്റ്റന്‍സ് അബ്യൂസ്ഡ് ഡിസോര്‍ഡേഴ്‌സ് എന്ന് വിളിക്കുന്നുഅടുത്തിടെ നടത്തിയ ക്രിനോളജി കാറ്റ്‌മെന്റ് ഏരിയ സര്‍വ്വേ എന്ന പഠനത്തില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് മാനസിക സുഖങ്ങള്‍ വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച 2.7 ഇരട്ടിയാണെന്ന് കെണ്ടത്തുകയുണ്ടായി. വിഷാദരോഗം ബൈപോളാര്‍ ഡിസോര്‍ഡര്‍, സ്‌കീസോഫ്രീനിയ, ഉത്കണ്ഠാ രോഗങ്ങള്‍, ആന്റി സോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ തുടങ്ങിയവയാണ് ലഹരി ഉപയോഗിക്കുന്നവരില്‍ കൂടുതലായി കണ്ടുവരുന്ന മാനസികപ്രശ്‌നങ്ങള്‍.

ഭീതിയല്ല കരുതല്‍ മതി

കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നതായി കെണ്ടത്തിയാല്‍ അവരെ കുറ്റപ്പെടുത്താതിരിക്കുക. അത് കൂടുതല്‍ ദൂഷ്യമേ ചെയ്യൂ. മയക്കുമരുന്ന് ഉപയോഗിക്കുന്നത് തലച്ചോറിന് ചീത്തയാണ,് അത് കുട്ടിയുടെ ജീവന്‍ എടുക്കും എന്നൊക്കെയുള്ള ഉപദേശം കൊണ്ട് അവര്‍ നേര്‍വഴിക്ക് വന്നു കൊള്ളുമെന്ന് കരുതരുത്. ലഹരി നല്‍കുന്ന കൂട്ടുകാര്‍ അവരോട് പറയുന്നത് നീട്ടികിട്ടുന്നത് യൗവനം അല്ലല്ലോ വാര്‍ദ്ധക്യം അല്ലേ പിന്നെ എന്തിനാണ് സന്തോഷം വേെണ്ടന്ന് വയ്ക്കുന്നത് എന്നതാണ്. ഇന്റര്‍നെറ്റിലും മൊബൈലിലും ലഹരിയെ വാഴ്ത്തിപ്പാടുന്ന മെസ്സജേുകളും ചിത്രങ്ങളുംവരുമ്പോള്‍ അവരുടെ മനസ്സും അതിന്റെ പുറകെപോകും. കാണുന്ന സിനിമകളില്‍ കയ്യില്‍ മദ്യക്കുപ്പിയും വിരലുകള്‍ക്കിടയില്‍ കഞ്ചാവുമായി സൂപ്പര്‍താരം നില്‍ ക്കുന്നത് കാണുമ്പോള്‍ കുട്ടികള്‍ക്ക് അനുകരിക്കാന്‍ തോന്നും. അതുകൊണ്ട് ഒരു മനഃശാസ്ത്രജ്ഞനെ കണ്ട് ആവശ്യമായ കൗണ്‍സിലിംേഗാ സൈക്കോതെറാപ്പിയോ സ്വീകരിക്കുക. മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ആവശ്യമാണോ എന്ന് ഡോക്ടറോട് ചോദിക്കാം.

കുട്ടികളിലെ ലഹരിയുടെ ഉപയോഗം തുടക്കത്തിലെ കെണ്ടത്താന്‍ മാതാപിതാക്കള്‍ക്ക് ഒപ്പം അധ്യാപകര്‍ക്കും സാധിക്കണം. പണം സമ്പാദിക്കാനുള്ള എളുപ്പവഴി കൂടിയാണ് അവര്‍ക്ക് ലഹരി. ആവശ്യക്കാര്‍ക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ‘കാരിയേഴ്‌സ്’ ആയി മാറുന്നതിനു മുന്‍പേ അവരെ രക്ഷിക്കണം. അതിന് ഫലപ്രദമായ ബോധവല്‍ക്കരണ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. തീയേറ്ററുകളില്‍ പുകയിലക്കെതിരെയുള്ള ബോധവല്‍ക്കരണം പോലും പേടിയിലൂടെയാണ് നടത്തുന്നത്.


കുട്ടികളുടെ അടുത്ത് ഈ രീതി ഫലപ്രദമാകില്ല. ഇത്തരം ബോധവല്‍ക്കരണങ്ങളെ മറികടക്കുന്ന തരത്തിലുള്ള ബ്രെയിന്‍ വാഷിംഗ് നടത്താന്‍ ലഹരിമാഫിയക്ക് സാധിക്കുന്നു. അതിനാല്‍ അവരുടെ ഉള്ളില്‍ തറയ്ക്കുന്ന തരത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ ലഹരി എന്താണെന്ന് പുറംലോകത്തുനിന്ന് അറിഞ്ഞു തുടങ്ങുന്നതിന് മുമ്പേ അതിന്റെ ദൂഷ്യവശങ്ങള്‍ കുട്ടികളെ പഠിപ്പിക്കണം. അവരുടെ ശ്രദ്ധ മറ്റു ഗു ണപരമായ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവിടുന്നത് ഫലവത്തായ മാര്‍ഗമാണ്. ലഹരിക്കെതിരെയുള്ള മികച്ച മരുന്നാണ് സ്‌പോര്‍ട്‌സ്. ആരോഗ്യം നിലനിര്‍ത്തുന്നതിനൊപ്പം കുട്ടികളുടെ ശരീരവും മനസും അലസമാകാതിരിക്കാനും ഇത് സഹായിക്കും.

ലേഖനം തയ്യാറാക്കിയത്: റവ. ഡോ. അനീഷ് തടത്തില്‍

(ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് NIT കാലിക്കറ്റ്, ഡയറക്ടര്‍, CAMP വേനപ്പാറ)

മരിച്ചവരുടെ പുനരുത്ഥാനവുംമൃതദേഹം ദഹിപ്പിക്കലും

ചോദ്യം: ക്രൈസ്തവവിശ്വാസിയുടെ മൃതദേഹം ദഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സഭയുടെ നിലപാട് എന്താണ്? അത് സഭയുടെ വിശ്വാസവുമായി ചേര്‍ന്നുപോകുന്നതാണോ?

മരണാനന്തരജീവിതത്തില്‍ വിശ്വസിക്കാത്ത റോമാക്കാര്‍ തങ്ങളുടെ മരിച്ചവരെ ദഹിപ്പിച്ചിരുന്നു. എന്നാല്‍, മരണാനന്തരജീവിതത്തില്‍ വിശ്വാസമര്‍പ്പിച്ച ക്രിസ്ത്യാനികള്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കുകയാണ് ചെയ്തത്. ദഹിപ്പിക്കല്‍ തങ്ങളുടെ വിശ്വാസത്തിന് എതിരായി അവര്‍ കരുതിയിരുന്നു. 1917-ല്‍ രൂപപ്പെടുത്തിയ സഭാനിയമസംഹിതയില്‍ (1917 Code of Canon Law) മൃതദേഹം അതിവേഗം നീക്കംചെയേണ്ട സാഹചര്യങ്ങളില്‍മാത്രം (ഉദാ: പ്ലേഗ്, ദുരന്തങ്ങള്‍ തുടങ്ങിയവ) മൃതദേഹം ദഹിപ്പിക്കുന്നതിന് അനുമതി നല്കിയിരുന്നു. 1963- ല്‍ അന്നത്തെ വിശ്വാസ തിരുസംഘം പുറപ്പെടുവിച്ച ഒരു രേഖയിലൂടെയാണ് (Piam et Constantem) കത്തോലിക്കസഭയുടെ ഈ വിഷയത്തിലുളള നിലപാടില്‍ അയവുവരുന്നത്.

മൃതദേഹം സംസ്‌കരിക്കുന്നതാണ് ശരിയായ രീതിയെന്ന് അടിവരയിട്ടു പറയുന്ന ആ രേഖയില്‍ ദഹിപ്പിക്കല്‍ അതില്‍ത്തന്നെ ക്രൈസ്തവവിശ്വാസത്തിന് എതിരല്ല എന്ന കാഴ്ചപ്പാട് നല്കുകയുണ്ടായി. മരണശേഷം മൃതദേഹം ദഹിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന വ്യക്തി ക്രൈസ്തവവിശ്വാസസംഹിതയെയോ പുനരുത്ഥാനത്തിലുളള വിശ്വാസത്തെയോ എതിര്‍ക്കുന്നതിന് വേണ്ടിയായിരിക്കരുത് ഇപ്രകാരം ചെയ്യുന്നത് എന്നത് ഉറപ്പുവരുത്തേണ്ടിയിരുന്നു എന്നുമാത്രം.

1963-ലെ വത്തിക്കാന്‍രേഖയുടെ അടിസ്ഥാനത്തില്‍വന്ന മൃതദേഹം ദഹിപ്പിക്കലുമായി ബന്ധപ്പെട്ട പുതിയ കാഴ്ചപ്പാട് 1983-ലും 1990-ലും തയ്യാറാക്കിയ കാനന്‍നിയമസംഹിതകളില്‍ പ്രതിഫലിച്ചു.

പൗരസ്ത്യസഭകളുടെ കാനന്‍നിയമത്തില്‍ ഇപ്രകാരം പറയുന്നു. ”തങ്ങളുടെ ശരീരം ദഹിപ്പിക്കണമെന്നു തീരുമാനമെടുത്തവര്‍ ക്രിസ്തീയ ജീവിതത്തിന് വിരുദ്ധമായ കാരണങ്ങളാലല്ല അങ്ങനെ ചെയ്തതെങ്കില്‍ അവര്‍ക്കു സഭാപരമായ മൃതസംസ്‌കാരം നല്‍കേണ്ടതാണ്. എങ്കിലും ദഹിപ്പിക്കുന്നതിനെക്കാള്‍ സംസ്‌കരിക്കുന്നതിനാണു സഭ കൂടുതല്‍ മുന്‍ഗണന കൊടുക്കേണ്ടതെന്നു മൃതസംസ്‌കാര ശുശ്രൂഷയില്‍ വ്യക്തമാക്കേണ്ടതും ഉതപ്പ് ഒഴിവാക്കേണ്ടതുമാണ്” (CCEO. c. 876 § 3). വിശ്വാസവിരുദ്ധമായ കാരണങ്ങളാലാണു മൃതദേഹം ദഹിപ്പിക്കുന്നതെങ്കില്‍ അനുവാദം നിഷേധിക്കണമെന്നു ലത്തീന്‍ കാനന്‍നിയവും അനുശാസിക്കുന്നു (CIC. c. 1176).

കാനന്‍നിയമങ്ങളില്‍ പ്രതിപാദിച്ച വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് വിശ്വാസികളുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നരീതി ക്രമേണ യൂറോപ്യന്‍രാജ്യങ്ങളിലും അമേരിക്കന്‍സംസ്ഥാനങ്ങളിലും സ്വീകാര്യത നേടുകയുണ്ടായി. വിവിധമെത്രാന്‍സമിതികള്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും ഈ വിഷയത്തില്‍ വ്യക്തമായ പൊതുനിര്‍ദ്ദേശങ്ങള്‍ വത്തിക്കാന്‍ നല്‍കുന്നത് 2016-ലാണ്.

2016 ആഗസ്റ്റ് 15-ന് പുറത്തിറക്കിയ ഔദ്യോഗികരേഖയിലാണ് (Ad Resurgendum cum Cristo) മൃതദേഹം ദഹിപ്പിക്കുന്ന സാഹചര്യത്തെക്കുറിച്ചും ചിതാഭസ്മം എപ്രകാരമാണ് സൂക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്നത്. സഭയിലെ രണ്ട് കാനന്‍നിയമസംഹിതകളുടെയും സാര്‍വത്രികസഭയുടെ മതബോധനഗ്രന്ഥത്തിന്റെയും ഈ വിഷയത്തില്‍ നല്‍കപ്പെട്ട 1963-ലെ വത്തിക്കാന്‍ രേഖയുടെയും അടിസ്ഥാനത്തിലാണ് പുതിയമാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

വിശ്വാസതിരുസംഘം നല്കിയിരിക്കുന്ന രേഖയില്‍ മൃതസംസ്‌കാരമാണ് ശരീരത്തിന്റെ ഉയിര്‍പ്പിലുളള പ്രത്യാശയും വിശ്വാസവും പ്രകടിപ്പിക്കുന്നതിനുളള ഏറ്റവും അനുയോജ്യമായ മാര്‍ഗമെന്ന് വ്യക്തമാക്കുന്നുണ്ട്. ശരീരത്തിന്റെ ഉയിര്‍പ്പിലുളള വിശ്വാസമാണ് മൃതദേഹങ്ങള്‍ സിമിത്തേരിപോലുളള സ്ഥലങ്ങളില്‍ അടക്കം ചെയ്യുന്നതിന്റെയും അവിടെപോയി വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനം. മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മിലുളള ബന്ധത്തിന്റെ ഏറ്റം ശക്തമായ പ്രകടനമാണ് മരിച്ചവരെ സംസ്‌കരിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുളള പ്രാര്‍ത്ഥനയെന്നും വത്തിക്കാന്‍രേഖ വ്യക്തമാക്കുന്നു.
അതേസമയം, മൃതദേഹം ദഹിപ്പിക്കുന്നതിന് ന്യായമായകാരണങ്ങള്‍ (ആരോഗ്യപാലനം, സാമ്പത്തികം, സാമൂഹികം) നിലനില്‍ക്കുമ്പോള്‍ ആ രീതി സ്വീകരിക്കുന്നതിനു സഭ അനുമതി നല്‍കുന്നു. മൃതദേഹം ദഹിപ്പിക്കുന്നതു മരിച്ചവ്യക്തിയുടെ ആത്മാവിനെ ബാധിക്കാത്തതിനാലും മരിച്ചവരില്‍നിന്ന് ഈ വ്യക്തിയെ ഉയിര്‍പ്പിക്കുന്നതില്‍ സര്‍വ്വശക്തനായ ദൈവത്തെ തടസ്സപ്പെടുത്താത്തിനാലും ഇക്കാര്യത്തില്‍ സൈദ്ധാന്തികമായ (doctrinal) തടസ്സം സഭയ്ക്കില്ല. മൃതദേഹം ദഹിപ്പിക്കുന്നത് അതിനാല്‍തന്നെ ആത്മാവിന്റെ അമര്‍ത്യതയെയോ, ശരീരത്തിന്റെ ഉയിര്‍പ്പിനെയോ നിഷേധിക്കുന്നില്ലായെന്നും ഈ രേഖ വ്യക്തമാക്കുന്നു. മണ്ണില്‍ അലിഞ്ഞുചേരുന്ന ശരീരത്തെ അന്തിമദിനത്തില്‍ ഉയിര്‍പ്പിക്കുന്ന ദൈവത്തിന്, ദഹിപ്പിച്ച് ചാരമായി മാറിയ ശരീരത്തെയും ഉയിര്‍പ്പിക്കുന്നതിന് സാധിക്കുമെന്നതില്‍ സംശയത്തിന് പ്രസക്തിയില്ല.

മൃതദേഹം ദഹിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി മരിച്ചവരുടെ പുനരുത്ഥാനത്തില്‍ വിശ്വസിക്കുന്ന ആളായിരിക്കണം. സഭയുടെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായതൊന്നും ഈ മാര്‍ഗം സ്വീകരിക്കുന്നതില്‍ ഉണ്ടാകരുത്. മൃതദേഹം ദഹിപ്പിക്കണം എന്ന് ആഗ്രഹിക്കുന്ന വ്യക്തി അപ്രകാരം ചെയ്യുന്നതു പുനരുത്ഥാനത്തിലുള്ള വിശ്വാസത്തെ നിഷേധിക്കാന്‍ ആയിരിക്കരുത്. തന്റെ ശരീരം ചാരമായി ഒന്നുമില്ലായ്മയിലേക്കു പോകുന്നതുപോലെ തന്റെ ജീവിതവും അവസാനിച്ചു എന്ന സന്ദേശമായിരിക്കരുതു ദഹിപ്പിക്കല്‍ നടത്തുന്നതിലൂടെ മറ്റുള്ളവര്‍ക്കു നല്‍കുന്നത്. അങ്ങനെയുള്ളവര്‍ക്കു സഭാപരമായ സംസ്‌കാരം നല്‍കാന്‍ പാടില്ല. ഉതപ്പ് ഒഴിവാക്കണം എന്ന് നിയമം നിര്‍ദ്ദേശിക്കുന്നത് ഇക്കാര്യത്തിലാണ്.

മൃതസംസ്‌കാരശുശ്രൂഷകള്‍ക്കുശേഷമാണ് മൃതദേഹം ദഹിപ്പിക്കാനായി കൊണ്ടുപോകേണ്ടത് എന്നാണ് വത്തിക്കാന്‍രേഖ നല്‍കുന്ന നിര്‍ദ്ദേശം. ഭാരതത്തിലെ കത്തോലിക്കാസഭയില്‍ മൃതദേഹം ദഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കര്‍മ്മരീതികള്‍ പ്രത്യേകമായി ഇതുവരെ രൂപപ്പെട്ടിട്ടില്ല. സാധാരണയായി മൃതസംസ്‌കാരകര്‍മ്മങ്ങള്‍ നടത്തിയശേഷമാണ് ദഹിപ്പിക്കാന്‍ കൊണ്ടുപോകേണ്ടത്. എന്നാല്‍, ചിലഘട്ടങ്ങളില്‍ ആവശ്യമായ അനുവാദത്തോടെ ആദ്യം മൃതദേഹം ദഹിപ്പിക്കുകയും പിന്നീട് ചിതാഭസ്മം വച്ചുകൊണ്ട് മൃതസംസ്‌കാരകര്‍മ്മങ്ങള്‍ നടത്തുകയുംചെയ്യുന്ന പതിവ് പാശ്ചാത്യസഭയില്‍ നിലവിലുണ്ട്.

ചിതാഭസ്മം സൂക്ഷിക്കുന്ന വിധം

വത്തിക്കാന്‍ രേഖ ചിതാഭസ്മം സൂക്ഷിക്കേണ്ടവിധത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്:
*സഭാധികാരികളുടെ തീരുമാനപ്രകാരം ചിതാഭസ്മം സൂക്ഷിക്കേണ്ടത് സെമിത്തേരിയിലോ അല്ലെങ്കില്‍ അതിനായി സഭാധികാരികളുടെ തീരുമാനപ്രകാരം പ്രത്യേകം മാറ്റിവച്ചിരിക്കുന്ന സ്ഥലങ്ങളിലോ മാത്രമായിരിക്കണം. ഇപ്രകാരം ചെയ്യുന്നതുവഴി മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് വിശ്വാസികള്‍ക്ക് അവസരമുണ്ടാകുന്നതിനും മരണമടഞ്ഞവര്‍ വിസ്മരിക്കപ്പെടാതിരിക്കുന്നതിനും കാരണമാകുന്നു. അതുപോലെ അടിസ്ഥാനമില്ലാത്ത അന്ധവിശ്വാസങ്ങളെ തടയാനും ഇത് സഹായിക്കുന്നു.

*ഒരു വ്യക്തിയുടെ ചിതാഭസ്മം വീടുകളില്‍ സൂക്ഷിക്കാന്‍ അനുവാദമില്ല. ഏതെങ്കിലും സാഹചര്യത്തില്‍ ഇളവ് ആവശ്യമാണെങ്കില്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പ്രാദേശിക മെത്രാന്‍സമിതികളോ, പൗരസ്ത്യസഭകളിലെ മെത്രാന്‍ സിനഡോ ആയിരിക്കും.

*മൃതദേഹത്തിന് നല്‍കുന്ന ആദരവും പരിഗണനയും ചിതാഭസ്മത്തിനും നല്‍കണം. അതിനാല്‍ ചിതാഭസ്മം കുടുംബത്തിലെ അംഗങ്ങള്‍ വീതിച്ചെടുക്കാന്‍ ഒരിക്കലും പാടില്ല.

*മരിച്ചവരുടെ പുനരുത്ഥാനവുമായി ബന്ധപ്പെട്ട കത്തോലിക്കാസഭയുടെ വിശ്വാസത്തിനെതിരു നില്‍ക്കുന്ന തത്വശാസ്ത്രങ്ങളുടെ ആചാരമനുസരിച്ച്, ചിതാഭസ്മം അന്തരീക്ഷത്തിലോ മലമുകളിലോ വിതറുന്നതോ നദിയിലോ കടലിലോ ഒഴുക്കുന്നതോ അനുവദനീയമല്ല. അതുപോലെതന്നെ, ആഭരണങ്ങളിലോ മറ്റുവസ്തുക്കളിലോ ചിതാഭസ്മത്തിന്റെ അംശങ്ങള്‍ ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുന്നു.

*പൊതുവില്‍ ക്രൈസ്തവവിശ്വാസത്തെയും ശരീരങ്ങളുടെ ഉയിര്‍പ്പിലുള്ള വിശ്വാസത്തെ പ്രത്യേകമായും തള്ളിപ്പറയുന്നവരുടെ മൃതദേഹം ദഹിപ്പിക്കുന്നസാഹചര്യത്തില്‍ സഭാപരമായ സംസ്‌കാരശുശ്രൂഷകള്‍ നടത്താന്‍ പാടില്ല എന്ന് വത്തിക്കാന്‍രേഖ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, ‘ഞാന്‍ മരിച്ചാല്‍ എന്റെ ചിതാ ഭസ്മം വീട്ടുവളപ്പിലെ മരങ്ങള്‍ക്ക് വളമായിടണം’ എന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ഒരുവ്യക്തിക്ക് സഭാപരമായ സംസ്‌കാരം നിഷേധിക്കണമെന്നര്‍ത്ഥം.

ക്രിസ്തുവിനോടുകൂടെ മാമ്മോദീസ സ്വീകരിച്ചവര്‍ അവിടുത്തെ മരണത്തിലും ഉയിര്‍പ്പിലും പങ്കുകാരാകുന്നു എന്നത് സഭയുടെ അടിസ്ഥാനവിശ്വാസപ്രമാണമാണ്. മരിച്ചവരെ സംസ്‌കരിക്കുന്ന രീതിയാണ് സഭ പ്രോത്സാഹിപ്പിക്കുന്നതെങ്കിലും ന്യായീകരിക്കാവുന്ന കാരണങ്ങളാല്‍ മൃതദേഹം ദഹിപ്പിക്കുന്നതിനെ സഭ അംഗീകരിക്കുന്നു. മൃതദേഹം സംസ്‌കരിച്ചാലും ദഹിപ്പിച്ചാലും അത് മരണമടഞ്ഞ വ്യക്തിയുടെ ആത്മരക്ഷയെ ബാധിക്കുന്നതല്ല എന്ന് സഭ വ്യക്തമായി പഠിപ്പിക്കുന്നു. അതിനാല്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിലും പുനരുത്ഥാനത്തിലുള്ള പ്രത്യാശയിലും ജീവിക്കുന്ന ഒരുവ്യക്തിയെ സംബന്ധിച്ച് വിശ്വാസജീവിതത്തിന്റെ അനിവാര്യമായ തുടര്‍ച്ചയാണ് മരണവും നിത്യജീവനും. അതിനാല്‍, സഭാധികാരികളിലൂടെ നല്‍കപ്പെട്ടിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതും ചിതാഭസ്മം സൂക്ഷിക്കുന്നതും വിശ്വാസ ജീവിതത്തില്‍നിന്നോ, സഭയുടെ പ്രബോധനത്തില്‍നിന്നോ ഉളള വ്യതിയാനമായി കാണേണ്ടതില്ല.

ബഥാനിയായില്‍ അഖണ്ഡ ജപമാല സമര്‍പ്പണം ഇന്ന് ആരംഭിക്കും

പുല്ലൂരാംപാറ: താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ 101 ദിനരാത്രങ്ങള്‍ നീളുന്ന അഖണ്ഡ ജപമാല സമര്‍പ്പണത്തിന് ഇന്ന് തുടക്കമാകും. രാവിലെ 9.30ന് ഗാനശുശ്രൂഷയും 10 ന് കുരിശിന്റെ വഴിയും നടക്കും. 10.45ന് ദിവ്യകാരുണ്യ ആരാധന. 11.30ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ലോക സമാധാനവും കുടുംബ വിശുദ്ധീകരണവുമാണ് ഈ വര്‍ഷത്തെ നിയോഗം.

തുടര്‍ന്ന് ഒരു മണിയോടെ ദിവ്യകാരുണ്യ ആരാധനയും ജപമാല സമര്‍പ്പണവും ആരംഭിക്കും. 1.15ന് നേര്‍ച്ച ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. വൈകിട്ട് 3ന് കരുണക്കൊന്തയും കുരിശിന്റെ വഴിയും നടക്കും. വൈകുന്നേരം എഴു മണിക്ക് വിശുദ്ധ കുര്‍ബാനയുണ്ടാകും.

എല്ലാ വര്‍ഷവും നടത്തിവരുന്ന അഖണ്ഡ ജപമാലയിലും ദിവ്യകാരുണ്യ ആരാധനയിലും വിവിധ ജില്ലകളില്‍ നിന്നായി നിരവധി വിശ്വാസികള്‍ പങ്കെടുക്കാറുണ്ട്. പൊതുവായ നിയോഗങ്ങളോടൊപ്പം വ്യക്തിപരമായ നിയോഗങ്ങളും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാവുന്നതാണ്. ആരാധനയ്ക്ക് ആവശ്യമായ എണ്ണ, മെഴുകുതിരി, കുന്തിരിക്കം എന്നിവ നേര്‍ച്ചയായി സമര്‍പ്പിക്കാനുള്ള സൗകര്യവുമുണ്ട്. എല്ലാ ദിവസവും പകല്‍ സമയങ്ങളില്‍ വിശുദ്ധ കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Exit mobile version