പ്രതിസന്ധികളില്‍ വിശ്വാസസ്ഥിരതയോടെ സഭയോടു ചേര്‍ന്നുനില്‍ക്കണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കാക്കനാട്: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കാലത്തു മാത്രമല്ല പ്രതിസന്ധികളിലും സഹനങ്ങളിലും വിശ്വാസസ്ഥിരതയോടെ സഭയോടു ചേര്‍ന്നുനില്‍ക്കുന്നവരാകണം വിശ്വാസികളെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ അപ്പസ്‌തോലനുമായ മാര്‍തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിനോടും സഭാദിനത്തോടും അനുബന്ധിച്ച് സീറോമലബാര്‍സഭയുടെ കേന്ദ്രകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന വിശുദ്ധ കുര്‍ബാനയുടെ ആമുഖമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം’ എന്നു സഹശിഷ്യന്മാരോടു പറഞ്ഞ തോമാശ്ലീഹായുടെ ജീവിതമാതൃക പ്രയാസഘട്ടങ്ങളില്‍ പരാജയഭീതിയോടെ പിന്മാറുന്നതിനുപകരം ധീരതയോടെ അവയെ നേരിടാന്‍ നമ്മെ സഹായിക്കുന്നതാണെന്ന് കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിതമായതിന്റെ ശതാബ്ദി വര്‍ഷമെന്ന നിലയില്‍ ഇത്തവണത്തെ സഭാദിനാചരണത്തിന് കൂടുതല്‍ പ്രാധാന്യമുണ്ടെന്നും മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസംഗിക്കുന്നു

രാവിലെ 8.30ന് സീറോമലബാര്‍ കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ സഭാകാര്യാലയത്തില്‍ പതാക ഉയര്‍ത്തിയതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന ആഘോഷമായ റാസാ കുര്‍ബാനയില്‍ കൂരിയാ ബിഷപ്പ് കാര്‍മികത്വം വഹിച്ചു. സമര്‍പ്പിതസമൂഹങ്ങളുടെ മേജര്‍ സുപ്പീരിയേഴ്സും സെമിനാരികളുടെ റെക്ടര്‍മാരും മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ദൈവാലയങ്ങളുടെ വികാരിമാരും രൂപതകളെയും സമര്‍പ്പിതസമൂഹങ്ങളെയും പ്രതിനിധീകരിച്ച് വൈദികരും സന്ന്യാസിനികളും അല്മായരും വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്നു. ചെറുപുഷ്പ സന്ന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ ഫാ. ജോജോ വരകുകാലയില്‍ വചനസന്ദേശം നല്‍കി.

സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനത്തിന് മുന്നോടിയായി സീറോമലബാര്‍സഭ ഹയരാര്‍ക്കിയുടെ ചരിത്രമവതരിപ്പിക്കുന്ന ഡോക്കുമെന്ററി പ്രദര്‍ശിപ്പിച്ചു. പൊതുസമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, മാര്‍തോമാശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തിയില്‍നിന്ന് ജന്മമെടുത്ത സീറോമലബാര്‍സഭ, വിശ്വാസതീക്ഷണതയോടെ മുന്നേറേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. കണ്ണൂര്‍ രൂപതയുടെ അദ്ധ്യക്ഷനും കോട്ടപ്പുറം രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററുമായ റൈറ്റ് റവ. ഡോ. അലക്‌സ് വടക്കുംതല സീറോമലബാര്‍ സഭാദിനം തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളുടെ ഈ കാലഘട്ടത്തിലും ദൈവാനുഗ്രഹത്തിന്റെ കുളിര്‍മഴ കൃപയായി നമ്മില്‍ പെയ്തിറങ്ങാന്‍ ധീരരക്തസാക്ഷിയായ മാര്‍തോമാശ്ലീഹായുടെ മാധ്യസ്ഥം സഹായിക്കുമെന്ന് ബിഷപ്പ് വടക്കുംതല ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കൂരിയാ ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍, ഫാ. ജോജി കല്ലിങ്ങല്‍, സിസ്റ്റേഴ്‌സ് ഓഫ് ദി ഡെസ്റ്റിറ്റിയൂട്ട് സന്ന്യാസിനീസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സി. ലിസ് ഗ്രേസ്, സീറോമലബാര്‍ യൂത്ത് മൂവ്‌മെന്റ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. സാം സണ്ണി, മാതൃവേദി ഗ്ലോബല്‍ പ്രസിഡന്റ് ബീന ജോഷി എന്നിവര്‍ പ്രസംഗിച്ചു.

മണിപ്പൂരില്‍ രണ്ടുമാസക്കാലമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ഗ്ഗീയകലാപം അമര്‍ച്ച ചെയ്യുന്നതിനും എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സത്വരമായി ഇടപെടണമെന്ന സീറോമലബാര്‍സഭയുടെ പ്രമേയം കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡണ്ട് അഡ്വ. ബിജു പറയന്നിലം അവതരിപ്പിച്ചു. സീറോമലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ 34-ാമത് പുസ്തകമായ ‘വര്‍ത്തമാനപുസ്തകത്തെക്കുറിച്ചുള്ള പഠനം’ ബിഷപ്പ് അലക്‌സ് വടക്കുംതല പ്രകാശനം ചെയ്തു. തുടര്‍ന്ന് ഇന്റര്‍നെറ്റ് മിഷന്റെ ആഭിമുഖ്യത്തില്‍ സീറോമലബാര്‍ മാട്രിമോണിയുടെ നവീകരിച്ച ലോഗോയുടെയും വെബ്‌സൈറ്റിന്റെയും മൊബൈല്‍ ആപ്ലിക്കേഷന്റെയും പ്രകാശനകര്‍മ്മം നടന്നു. പൊതുസമ്മേളനത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. സ്‌നേഹവിരുന്നുമുണ്ടായിരുന്നു.

സീറോമലബാര്‍ കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ സഭാകാര്യാലയത്തില്‍ പതാക ഉയര്‍ത്തുന്നു.

ബഥാനിയായില്‍ അഖണ്ഡ ജപമാല സമര്‍പ്പണം ജൂലൈ 19ന് ആരംഭിക്കും

പുല്ലൂരാംപാറ: താരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ 101 ദിനരാത്രങ്ങള്‍ നീളുന്ന അഖണ്ഡ ജപമാല സമര്‍പ്പണം ജൂലൈ 19 ന് ആരംഭിക്കും. ലോക സമാധാനവും കുടുംബ വിശുദ്ധീകരണവുമാണ് ഈ വര്‍ഷത്തെ നിയോഗം. 24 മണിക്കൂറും ജപമാലയും ദിവ്യകാരുണ്യ ആരാധനയുമുണ്ടാകും. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ആറിനും ഉച്ചയ്ക്ക് 12നും വൈകുന്നേരം ഏഴിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. പുലര്‍ച്ചെ മൂന്നിനും വൈകുന്നേരം മൂന്നിനും കരുണക്കൊന്തയും കുരിശിന്റെ വഴിയും. എല്ലാ ദിവസവും പകല്‍ സമയങ്ങളില്‍ വിശുദ്ധ കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

എല്ലാ വര്‍ഷവും നടത്തിവരുന്ന അഖണ്ഡ ജപമാലയിലും ദിവ്യകാരുണ്യ ആരാധനയിലും വിവിധ ജില്ലകളില്‍ നിന്നായി നിരവധി വിശ്വാസികള്‍ പങ്കെടുക്കാറുണ്ട്. പൊതുവായ നിയോഗങ്ങളോടൊപ്പം വ്യക്തിപരമായ നിയോഗങ്ങളും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാവുന്നതാണ്. ആരാധനയ്ക്ക് ആവശ്യമായ എണ്ണ, മെഴുകുതിരി, കുന്തിരിക്കം എന്നിവ നേര്‍ച്ചയായി സമര്‍പ്പിക്കാനുള്ള സൗകര്യവുമുണ്ട്.

കെസിവൈഎം യുവജന ദിനാഘോഷം ജൂലൈ എട്ടിന്

താമരശ്ശേരി: കെസിവൈഎം രൂപതാ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യുവജന ദിനാഘോഷം ജൂലൈ എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് പാറോപ്പടി സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തില്‍ നടക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് നോര്‍ത്ത് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ ചടങ്ങില്‍ മുഖ്യഥിതിയാകും. താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. ജോയ്‌സ് വയലില്‍, അമല്‍ ജ്യോതി കോളജ് വിഷയത്തില്‍ പ്രതികരിച്ചതിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ട അലോക ബെന്നി, എസ്എം വൈഎം സംസ്ഥാന പ്രസിഡന്റ് വിശാഖ് തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.

ആവേശത്തോടെ, ഇന്നിന്റെ സഭയുടെ കാവലാളാകുവാന്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരാനും കഴിഞ്ഞകാലത്തിന്റെ ഓര്‍മകളില്‍ ആഹ്ലാദിക്കുക്കാതെ വര്‍ത്തമാനകാലത്തില്‍ ധൈര്യത്തോടും ഭാവിയിലുള്ള പ്രത്യാശയോടുംകൂടി മുന്നേറുവാനും പ്രതിഫലം നോക്കാതെയും പരിഹാസത്തിനു ചെവികൊടുക്കാതെയും ഉത്തമബോധ്യത്തോടെ സഭയോട് ചേര്‍ന്ന് നിന്ന് യേശുക്രിസ്തുവിന്റെ വിളിക്ക് പ്രത്യുത്തരം നല്‍കി വിശ്വസ്തരായി ജീവിക്കുവാനും യുവജന ദിനം പ്രചോദനമാകുമെന്ന് കെസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ. മെല്‍ബിന്‍ വെള്ളയ്ക്കാക്കുടിയില്‍ പറഞ്ഞു.

ദുക്‌റാനതിരുനാളും സഭാദിനാഘോഷവും മൗണ്ട് സെന്റ് തോമസില്‍

കാക്കനാട്: ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ അപ്പസ്‌തോലനുമായ മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മതിരുനാളും സീറോമലബാര്‍സഭാദിനവും സംയുക്തമായി സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആഘോഷിക്കും. സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിതമായതിന്റെ ശതാബ്ദി വര്‍ഷമെന്ന നിലയില്‍ ഇത്തവണത്തെ സഭാദിനാചരണത്തിനു കൂടുതല്‍ പ്രാധാന്യവും പങ്കാളിത്തവുമുണ്ട്.

തിരുനാള്‍ ദിനമായ ജൂലൈ മൂന്നാം തിയതി തിങ്കളാഴ്ച്ച രാവിലെ 8.30ന് സഭാകേന്ദ്രത്തില്‍ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. ഒന്‍പതു മണിക്ക് ആരംഭിക്കുന്ന ആഘോഷമായ റാസകുര്‍ബാനയില്‍ അഭിവന്ദ്യ പിതാക്കന്മാരോടൊപ്പം മേജര്‍ സുപ്പീരിയേഴ്‌സും സെമിനാരി റെക്ടര്‍മാരും മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ഇടവക വികാരിമാരും രൂപതകളെയും സന്ന്യാസസഭകളെയും പ്രതിനിധീകരിച്ച് വൈദികരും അല്‍മായരും പങ്കുചേരും.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിനു മുന്നോടിയായി സീറോമലബാര്‍സഭയുടെ ഹയരാര്‍ക്കിയുടെ ചരിത്രം അവതരിപ്പിക്കുന്ന ഡോക്യുമെന്റെറി പ്രദര്‍ശിപ്പിക്കും. കണ്ണൂര്‍ ലത്തീന്‍ രൂപതയുടെ അദ്ധ്യക്ഷനും കോട്ടപ്പുറം രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററുമായ റൈറ്റ് റവ. ഡോ. അലക്‌സ് വടക്കുംതല മുഖ്യപ്രഭാഷണം നടത്തും.

മിഷന്‍ ലീഗ്: ജൂനിയര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

താമരശ്ശേരി: ചെറുപുഷ്പ മിഷന്‍ ലീഗ് മേഖല ഡയറക്ടേഴ്‌സ്, വൈസ് ഡയറക്ടേഴ്‌സ് മീറ്റീങ്ങും മാനേജിങ് കമ്മറ്റിയും താമരശേരി രൂപതാ ഭവനില്‍ സംഘടിപ്പിച്ചു. അഡ്വ. ജിജില്‍ ജോസഫ് ക്ലാസുകള്‍ നയിച്ചു. മിഷന്‍ ലീഗിന്റെ അനുദിന പ്രവര്‍ത്തനങ്ങളെ കുറിച്ച് ബാബു ചെട്ടിപ്പറമ്പിലും, പുതിയ വര്‍ഷത്തെ അനുദിന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായിലും സംസാരിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചാനാനിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജൂനിയര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്: അഷേര്‍ ബെന്നി പൈകയില്‍ (മരുതോങ്കര), വൈസ് പ്രസിഡന്റ്: ഇവ മെറില്‍ ജോണ്‍ ഇലവുങ്കല്‍ (മാലാപറമ്പ്), സെക്രട്ടറി: മാര്‍ട്ടിന്‍ പുളിന്താനത്ത് (പെരുവണ്ണാമൂഴി), ജോയിന്റ് സെക്രട്ടറി: എം. ബി. ദിയ മൂലമുറിയില്‍ (മരിയാപുരം), എക്‌സിക്യൂട്ടീവ് അംഗം: എല്‍റോയ് പാറത്തലയ്ക്കല്‍ (കണ്ണോത്ത്).

ചെറുപുഷ്പ മിഷന്‍ ലീഗ് മേഖല ഡയറക്ടേഴ്‌സ്, വൈസ് ഡയറക്ടേഴ്‌സ് മീറ്റിങ്ങിലും മാനേജിങ് കമ്മറ്റിയിലും പങ്കെടുത്തവര്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിനും ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരാംകാലായിലിനുമൊപ്പം
Exit mobile version