ആര്‍ച്ചുബിഷപ്പ് സിറില്‍ വാസില്‍ എറണാകുളം-അങ്കമാലി അതിരൂപത പൊന്തിഫിക്കല്‍ ഡെലഗേറ്റ്

പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ മുന്‍ സെക്രട്ടറിയും സ്ലൊവാക്യായിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് സിറില്‍ വാസിലിനെ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ ഡെലഗേറ്റായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സീറോമലബാര്‍സഭയിലെ മറ്റു രൂപതകളിലെല്ലാം നടപ്പിലാക്കിയ സിനഡുതീരുമാനമനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു രൂപപ്പെട്ട പ്രതിസന്ധി പഠിക്കുന്നതിനും പരിഹാരമാര്‍ഗം നിര്‍ദേശിക്കുന്നതിനുമാണു പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രത്യേക പ്രതിനിധിയായി ആര്‍ച്ചുബിഷപ്പ് സിറില്‍ വാസിലിനെ നിയോഗിച്ചിരിക്കുന്നത്.

2023 മെയ് നാലിന് സീറോമലബാര്‍സഭയുടെ പെര്‍മനന്റ് സിനഡ് അംഗങ്ങള്‍ വത്തിക്കാനിലെത്തി സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെത്രോ പരോളിനുമായും പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ തലവന്‍ നിയുക്ത കര്‍ദിനാള്‍ ക്ലൗദിയോ ഗുജറോത്തിയുമായും നടത്തിയ ചര്‍ച്ചയില്‍ രൂപപ്പെട്ട നിര്‍ദേശമാണ് ഒരു പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ അയക്കുക എന്നത്. ഈ നിര്‍ദേശം പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ അനുഭാവപൂര്‍വം പരിഗണിക്കുമെന്നു പരിശുദ്ധ സിംഹാസനത്തില്‍ നിന്ന് അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍, 2023 ജൂണില്‍ കൂടിയ സീറോമലബാര്‍സഭയിലെ മെത്രാന്മാരുടെ പ്രത്യേക സിനഡുസമ്മേളനത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടി ഒരു പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ നിയമിക്കുന്നതിനെക്കുറിച്ചു ചര്‍ച്ചചെയ്യുകയും സിനഡിന്റെ അനുകൂലതീരുമാനം പരിശുദ്ധ സിംഹാസനത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഈ നടപടികളുടെ പൂര്‍ത്തീകരണമായാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ നിയമിച്ചിരിക്കുന്നത്.

ആര്‍ച്ചുബിഷപ്പ് സിറില്‍ വാസില്‍ ഓഗസ്റ്റ് നാലിനു എറണാകുളത്ത് എത്തുമെന്നാണറിയിച്ചിരിക്കുന്നത്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാനന്‍നിയമ പ്രൊഫസറും ഈശോസഭാംഗവുമായ ഫാ. സണ്ണി കൊക്കരവാലയില്‍ പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ അനുഗമിക്കുന്നുണ്ട്.

മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി പേപ്പല്‍ ഡെലഗേറ്റു പ്രവര്‍ത്തിക്കുമ്പോഴും എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണനിര്‍വഹണചുമതല അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് തുടര്‍ന്നും നിര്‍വഹിക്കുന്നതാണ്.

1965ല്‍ സ്ലൊവാക്യയിലെ കൊസിഷെയില്‍ ജനിച്ച ആര്‍ച്ചുബിഷപ്പ് സിറില്‍ വാസില്‍ പ്രാഥമികപഠനത്തിനുശേഷം സെമിനാരിപരിശീലനം പൂര്‍ത്തിയാക്കി 1987ല്‍ വൈദികനായി. സഭാനിയമത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യം അധ്യാപകനായും പിന്നീടു റെക്ടറായും സേവനമനുഷ്ഠിച്ചു. 2009ല്‍ പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ സെക്രട്ടറിയായി നിയമിതനായതിനൊപ്പം ആര്‍ച്ചുബിഷപ്പിന്റെ പദവിയോടുകൂടി മെത്രാനായി അഭിഷിക്തനായി. 2020ല്‍ കൊസിഷെ രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ അദ്ദേഹത്തെ 2021ല്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ആ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിച്ചു.

2011ല്‍ സീറോമലബാര്‍സഭയുടെ മുന്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് അഭിവന്ദ്യ മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവിന്റെ മൃതസംസ്‌കാരശുശ്രൂഷകളില്‍ മാര്‍പാപ്പയുടെ പ്രതിനിധിയായി പങ്കെടുത്തത് ആര്‍ച്ചുബിഷപ്പ് സിറില്‍ വാസില്‍ ആയിരുന്നു. 2018 ജനുവരിയില്‍ ഷംഷാബാദ് രൂപതാമെത്രാന്റെ സ്ഥാനാരോഹണത്തിന് എത്തിയ ആര്‍ച്ചുബിഷപ്പ് സിറില്‍ വാസില്‍ സിറോമലബാര്‍സഭയുടെ സിനഡിനെ അഭിസംബോധന ചെയ്തു സംസാരിച്ചിട്ടുണ്ട്.

ഫാ. മാത്യു പ്ലാത്തോട്ടത്തില്‍ നിര്യാതനായി

ഫാ. മാത്യു പ്ലാത്തോട്ടത്തില്‍ (83) നിര്യാതനായി. വാര്‍ദ്ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തലശ്ശേരി, മാനന്തവാടി, ഫിനിക്‌സ് (അമേരിക്ക) രൂപതകളില്‍ സേവനം ചെയ്തിട്ടുണ്ട്. വിരമിച്ച ശേഷം മേരിക്കുന്ന് ഗുഡ് ഷെപ്പേഡ് പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. കൂടരഞ്ഞി ഇടവകാംഗമാണ്.
മേരിക്കുന്ന് ഗുഡ് ഷെപ്പേര്‍ഡ് പ്രീസ്റ്റ് ഹോമില്‍ ലെ പൊതുദര്‍ശനത്തിന് ശേഷം കൂടരഞ്ഞിയിലുള്ള സഹോദരന്‍ ടോമി പ്ലാത്തോട്ടത്തിലിന്റെ ഭവനത്തില്‍ ഭൗതിക ശരീരം എത്തിച്ചു. സംസ്‌ക്കാര ശുശ്രൂഷകള്‍ ആഗസ്റ്റ് 1ഉച്ചകഴിഞ്ഞ് 2ന് സഹോദരന്റെ ഭവനത്തില്‍ നിന്ന് ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയത്തില്‍.

1967ല്‍ തലശ്ശേരി അതിരൂപതക്ക് വേണ്ടി തിരുപ്പട്ടം സ്വീകരിച്ച ഫാ. മാത്യു പ്ലാത്തോട്ടത്തില്‍ മാനന്തവാടി രൂപത സ്ഥാപിതമായപ്പോള്‍ രൂപതയുടെ ഭാഗമായി. രൂപതയുടെ സോഷ്യല്‍ സര്‍വീസ് സെന്ററിന്റെ ഡയറക്ടറായും കല്ലുവയല്‍, നിലമ്പൂര്‍, വാഴവറ്റ, മരകാവ് ഇടവകകളില്‍ വികാരിയായും ശുശ്രൂഷ ചെയ്തു. തുടര്‍ന്ന് 1992-ല്‍ അമേരിക്കയിലെ ഫീനിക്‌സ് രൂപതയില്‍ ചേര്‍ന്ന് ശുശ്രൂഷാജീവിതം നയിച്ചു.

മണിപ്പൂര്‍: അഖണ്ഡ ജപമാലയും ജപമാല റാലിയും സംഘടിപ്പിച്ചു

മരുതോങ്കര: മണിപ്പൂരില്‍ നടക്കുന്ന അതിക്രൂരമായ അക്രമങ്ങള്‍ക്കെതിരെ മരുതോങ്കര ഫൊറോനയ്ക്കു കീഴിലെ ഇടവകകള്‍ സംയുക്തമായി മരുതോങ്കരയില്‍ ഐക്യദാര്‍ഢ്യ ജപമാല റാലിയും അഖണ്ഡ ജപമാലയും സംഘടിപ്പിച്ചു. രാവിലെ 9ന് മുള്ളന്‍കുന്ന് അങ്ങാടിയിലെ കുരിശുപള്ളിയില്‍ ആരംഭിച്ച അഖണ്ഡജപമാലയ്ക്ക് ഫൊറോന വികാരി ഫാ. ജോര്‍ജ്ജ് കളത്തൂര്‍ നേതൃത്വം നല്‍കി.

വൈകുന്നേരം 5 മണിക്ക് ഫൊറോന പള്ളിയില്‍ നിന്നും ആരംഭിച്ച ജപമാല റാലിയില്‍ ഫൊറോനയ്ക്ക് കീഴിലെ വിവിധ ഇടവകകളില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ അണിനിരന്നു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ മാനന്തവാടി രൂപത പിആര്‍ഒ സാന്റോ എബ്രഹാം മേച്ചേരി മണിപ്പൂരില്‍ ഇപ്പോള്‍ നടക്കുന്ന ക്രൂരതകളുടെ കാരണങ്ങളും പ്രതിഷേധിക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് വിശദമാക്കി. തുടര്‍ന്ന് സീറോ മലബാര്‍ സഭാ വക്താവും തിരുവമ്പാടി അല്‍ഫോന്‍സ കോളജ് പ്രിന്‍സിപ്പലുമായ ഡോ. ചാക്കോ കാളംപറമ്പില്‍ മണിപ്പൂരിലെ അക്രമങ്ങളുടെ ഉത്ഭവവും അവയുടെ ഗതിയും ഇന്ത്യയില്‍ പലയിടങ്ങളിലായി നടക്കുന്ന അക്രമണങ്ങളുടെ കാരണങ്ങളും വിശദമാക്കി.

ഫാ. ജോര്‍ജ്ജ് വരിക്കശ്ശേരി, സെമിലി സുനില്‍, റിച്ചാര്‍ഡ് ജോണ്‍, ടോമി പെരുവിലങ്ങാട്ട്, ആന്‍സെലിന്‍ തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫാ. ജോര്‍ജ്ജ് കളത്തൂര്‍, ഫാ. ജോസഫ് കൂനാനിക്കല്‍, ഫാ. ഫ്രാന്‍സിസ് വെള്ളംമാക്കല്‍, ഫാ. സെബാസ്റ്റ്യന്‍ പാറത്തോട്ടത്തില്‍, ഫാ. ജിനോയി പനക്കല്‍, ഫാ. ജോസഫ് പുത്തേട്ടുപടവില്‍, തോമസ് കൈതക്കുളം, ജോസ് കുമ്പിടിയാങ്കല്‍, ബെന്നിച്ചന്‍ കറുകമാലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മദ്യത്തിനും മയക്കു മരുന്നിനുമെതിരെ പ്രതിഷേധം ശക്തമാക്കണം: ബിഷപ്

തിരുവമ്പാടി: മദ്യത്തിനും മയക്കു മരുന്നിനുമെതിരെ ശക്തമായി പ്രതികരിക്കണമെന്നും അത് ദൗത്യമായി ഏറ്റെടുക്കണമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കര്‍ഷക നേതാവ് ബേബി പെരുമാലിയിലിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

”മദ്യ – മയക്കുമരുന്ന് ലഹരിയിലായിരുന്നവരാണ് ബേബി പെരുമാലിയിലിന്റെ മരണത്തിന് കാരണമായ അപടകടത്തിന്റെ ഉത്തരവാദികള്‍. സമൂഹത്തില്‍ തുറന്നു വരുന്ന ലഹരിയുടെ വഴികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണം. മറ്റുള്ളവരെ സഹായിക്കാന്‍ എന്നും മുന്നിട്ടിറങ്ങിയ വ്യക്തിയായിരുന്നു ബേബി പെരുമാലില്‍. താലന്തുകളെ മണ്ണില്‍ കുഴിച്ച് മൂടാതെ വര്‍ദ്ധിപ്പിക്കുക എന്നതാണ് സ്വജീവിതത്തിലൂടെ അദ്ദേഹം നമ്മെ ഓര്‍മിപ്പിച്ചത്. സാമൂഹിക വിഷയങ്ങളില്‍ ശക്തമായി ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്. തിരുവമ്പാടിയേയും കത്തോലിക്കാ കോണ്‍ഗ്രസിനെയും ഇന്‍ഫാമിനേയും അദ്ദേഹം ശക്തമായി സ്‌നേഹിച്ചു.”- ബിഷപ് പറഞ്ഞു.

ബേബി പെരുമാലിയിലിന്റെ അനുസ്മരണാര്‍ത്ഥം തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന ദേവാലയം ഏര്‍പ്പെടുത്തിയ പ്രഥമ കര്‍ഷക അവാര്‍ഡ് ജോസ് റാണിക്കാട്ടിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സമ്മാനിച്ചു. 10,001 രൂപയും ഫലകവും അടങ്ങിയതാണ് അവാര്‍ഡ്. ബേബി പെരുമാലിയുടെ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കണമെന്നത് ദൈവിക പദ്ധതിയാണെന്നും തിരുവമ്പാടി ഫൊറോന പാരിഷ് കമ്മറ്റി ഇത്തരമൊരു തീരുമാനമെടുത്തത് ദൈവിക നിയോഗമാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

തിരുവമ്പാടി ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, ഫാ. ജോസ് പെണ്ണാപറമ്പില്‍, ഫാ. സബിന്‍ തൂമുള്ളില്‍, ഡോ. ചാക്കോ കാളംപറമ്പില്‍, അഗസ്റ്റിന്‍ പുളിക്കക്കണ്ടം, തോമസ് വലിയപറമ്പില്‍, തോമസ് പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

രക്ഷാപ്രവര്‍ത്തനം നടത്തിയ അഖില്‍ ചന്ദ്രന്‍, പി. കെ. പ്രജീഷ, എം. കെ. ജംഷീര്‍ എന്നിവരെ ആദരിച്ചു.

ബേബി പെരുമാലിയിലിന്റെ അനുസ്മരണാര്‍ത്ഥം തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന ദേവാലയം ഏര്‍പ്പെടുത്തിയ പ്രഥമ കര്‍ഷക അവാര്‍ഡ് ജോസ് റാണിക്കാട്ടിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സമ്മാനിക്കുന്നു

സാരിക്കായി മാത്രം ഒരു അലമാര

അഖില കേരള ബാലജന സഖ്യത്തിന്റെ കണ്ണൂരില്‍ നടന്ന ഉത്തര മേഖല ക്യാംപില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി. ലളിത
ജീവിതവും ഉയര്‍ന്ന ചിന്തയും എന്ന വിഷയത്തില്‍ ഗാന്ധിജിയെ പരാമര്‍ശിച്ച് സംസാരിച്ചപ്പോള്‍ ബിഷപ് പറഞ്ഞു.

‘ഓരോരുത്തര്‍ക്കും അഞ്ചും ആറും സാരിയൊക്കെയാണുള്ളത്. എന്തിനാ ഇത്രയും സാരി? ഇതെല്ലാം ഒന്നിച്ച് ഉടുക്കാന്‍ പറ്റുമോ?’

ഹൈസ്‌കൂള്‍ മുതല്‍ പ്രീഡിഗ്രി തലം വരെയുള്ള കുട്ടികളാണ് ക്യാംപില്‍. കൂടുതലും പെണ്‍കുട്ടികള്‍.

പിതാവിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ പെണ്‍കുട്ടികളുടെ ഇടയില്‍ ചിരി ഉയര്‍ന്നു.

‘എന്താ, എന്താ നിങ്ങള്‍ ചിരിക്കുന്നത്?’

അപ്പോള്‍ ചിരി കുറച്ചു കൂടി പടര്‍ന്നു. പിതാവിന് ചിരിയുടെ കാരണം പിടികിട്ടിയില്ല. അപ്പോള്‍ ഒരു കുട്ടി പറഞ്ഞു.

”എന്റെ വീട്ടില്‍ അലമാരിയുടെ മൂന്ന് കള്ളി മുഴുവന്‍ മമ്മിയുടെ സാരികളാ”

”എന്റെ വീട്ടില്‍ ഒരു അലമാര സാരി വയ്ക്കാന്‍ മാത്രമാണ്” – മറ്റൊരു പെണ്‍കുട്ടി.

ഓരോരുത്തരും വീട്ടിലെ സാരിക്കഥകള്‍ പുറത്തിറക്കിയപ്പോള്‍ ക്യാംപ് ഒരു ചിരിക്യാംപായി മാറി.
വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനായി ഖദര്‍ വസ്ത്രം ധരിക്കുകയും പിന്നീട് ഖദര്‍ ളോഹ ധരിക്കുകയും ചെയ്ത വള്ളോപ്പിള്ളി പിതാവിന് അതൊരു പുതിയ അറിവായിരുന്നു.

നിങ്ങള്‍ വളരുമ്പോള്‍ ഇങ്ങനെ സാരി വാങ്ങിക്കൂട്ടരുതെന്ന് പിതാവ് ഉപദേശിച്ചു. എല്ലാവര്‍ക്കും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്, പക്ഷെ ആര്‍ത്തി തീര്‍ക്കാനുള്ളത് ഇല്ലെന്ന് ഓര്‍മിപ്പിച്ചാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്.

(ഈ ക്യാംപ് നടന്നത് 27 വര്‍ഷം മുമ്പാണ്. ഇപ്പോള്‍ സാരിവയ്ക്കാ
ന്‍ ഒന്നില്‍ കൂടുതല്‍ അലമാരകള്‍ പലവീടുകളിലും ഉണ്ടത്രേ. പട്ടുസാരിക്കൊന്ന്, കോട്ടണ് മറ്റൊന്ന് ഈ രീതിയില്‍)

ഈ ക്യാംപിന്റെ ഉദ്ഘാടകന്‍ സംസ്ഥാനത്തെ പോലീസ് മേധാവിയായി വിരമിച്ച ജേക്കബ് പുന്നൂസ് ആയിരുന്നു. അദ്ദേഹത്തിന്റെ വല്യപ്പന്‍ മരിച്ചപ്പോള്‍ അവശേഷിപ്പിച്ച സ്വകാര്യ സ്വത്തുക്കളുടെ കഥ അദ്ദേഹം പറഞ്ഞു.

2 മുറിക്കയ്യന്‍ ഷര്‍ട്ട്, രണ്ടു മുണ്ട്, ഒരു ഊന്നു വടി. ഏക്കറു കണക്കിന് ഭൂമിയും കൃഷിയും ഉണ്ടായിരുന്നു. മക്കളെയെല്ലാം പഠിപ്പിച്ചു നല്ല നിലയിലാക്കി. പക്ഷെ സ്വന്തമായി വാഹനമൊന്നും വാങ്ങിയില്ല. അനന്തര തലമുറയ്ക്ക് ഭദ്രമായ സാമ്പത്തിക അടിത്തറയിട്ട്, സംതൃപ്തനായി അദ്ദേഹം കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.

ലളിത ജീവിതം നയിച്ച ജന സമൂഹമായിരുന്നു നമ്മള്‍. ഉള്ളത് പുറത്തു കാണിക്കരുത്. നിഗളിക്കരുത്. അത് ദൈവ നിഷേധമാണ്. എന്നൊക്കെയായിരുന്നു അന്ന് കാരണവന്മാര്‍ ഉപദേശിച്ചിരുന്നത്.

എന്നാല്‍ ഇല്ലെങ്കിലും പൊലിപ്പിച്ചു കാണിക്കണമെന്നതാണ് പുതുകാലത്തിന്റെ തത്വശാസ്ത്രം. കൃഷി ആവശ്യത്തിന് വായ്പ നല്‍കാന്‍ മടിയാണെങ്കിലും വാഹനം വാങ്ങാനോ മറ്റ് അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കോ ബാങ്കുകള്‍ ഇഷ്ടം പോലെ വായ്പ നല്‍കുകയും ചെയ്യും.
ഒരു നാട്ടിന്‍പുറത്തുകാരന്‍ പന്ത്രണ്ടു ലക്ഷത്തിന്റെ കാര്‍ വാങ്ങിയപ്പോള്‍ എന്തിനാ ഇത്രയും വിലയുള്ള കാര്‍ വാങ്ങിയതെന്നു ചോദിച്ചു. പള്ളിയില്‍ പോകാനാണെന്നു മറുപടി. പള്ളിയിലേക്ക് അര കിലോമീറ്റര്‍ പോലുമില്ല. അദ്ദേഹത്തിനാണെങ്കില്‍ ഡ്രൈവിംഗും വശമില്ല. നാലഞ്ചു ലക്ഷത്തിന്റെ കാര്‍ മതിയായിരുന്നല്ലോ എന്നു പറഞ്ഞപ്പോള്‍ വിദേശത്തുള്ള മക്കളുടെ നിര്‍ബന്ധം കാരണമാണ് ബാങ്കുവായ്പ എടുത്ത് കാര്‍ വാങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കി. കുറച്ചു കാലം ഡ്രൈവറെ വച്ച് ടാക്‌സിയായി ഓടിച്ച ശേഷം കുറഞ്ഞ വിലയ്ക്ക് കാര്‍ വില്‍ക്കേണ്ടി വന്നു.

വീടു വയ്ക്കുമ്പോഴും വാഹനം വാങ്ങുമ്പോഴും അയല്‍വക്കത്തേക്കാണ് നോട്ടം. ഗള്‍ഫ് പണമോ അമേരിക്കന്‍ പണമോ വരുന്ന അയല്‍ക്കാരന്റെ വീടിനോട് മത്സരിക്കുമ്പോള്‍ സ്വന്തം സാമ്പത്തിക നിലയെ നിഷ്പക്ഷമായി വിലയിരുത്താനുള്ള കഴിവാണ് നഷ്ടപ്പെടുന്നത്.

ഇടത്തരക്കാരന് കൃഷി ഒരിക്കലും പണം വാരിയെടുക്കുന്ന തൊഴിലായിരുന്നില്ല. ഭക്ഷണത്തിനുള്ള വക സ്വന്തം ഉണ്ടാക്കും. കുരുമുളക്, ചുക്ക്, റബര്‍ തുടങ്ങിയവ വിറ്റു കിട്ടുന്ന തുക മക്കളുടെ വിദ്യാഭ്യാസ-കല്ല്യാണ ആവശ്യങ്ങള്‍ക്കായി സ്വരുക്കൂട്ടി വയ്ക്കും. ഫോണില്ല, വൈദ്യുതിയില്ല. നല്ല റോഡുകളില്ലാത്തതിനാല്‍ വാഹനവും വാങ്ങേണ്ട. കുട്ടികളുടെ പഠനം തൊട്ടടുത്ത സര്‍ക്കാര്‍ -എയ്ഡഡ് സ്‌കൂള്‍ കൊണ്ട് തീരും.

മൊത്തത്തില്‍ ജീവിതചിലവ് വളരെ കുറവ്. എന്തെങ്കിലും മിച്ചം പിടിക്കാന്‍ കഴിയും.

ഇപ്പോള്‍ ഫോണ്‍ ഒന്നല്ല. ഓരോ അംഗത്തിനും മൊബൈല്‍. വിദ്യാഭ്യാസ ആവശ്യത്തിന് ഇന്റര്‍നെറ്റ് കണക്ഷന്‍ വേണം. വാഹനവും അത്യാവശ്യമായി. വിദ്യാഭ്യാസം പണച്ചിലവുള്ള കാര്യമായി.

ഈ പെരുകുന്ന ചിലവുകള്‍ക്ക് അനുസൃതമായി മണ്ണില്‍ നിന്ന് വരുമാനമില്ല. കൂട്ടത്തില്‍ വരവറിയാത്ത ചിലവും കൂടിയായാലോ.

വിവാഹം മാത്രമല്ല, ഒത്തുകല്ല്യാണവും മാമോദീസയും വിവാഹച്ചിലവുകളെ മറികടക്കുന്ന രീതിയിലേക്ക് ആഡംബരപൂര്‍ണ്ണമായി. സ്ഥാപനങ്ങള്‍ പോലും പൊങ്ങച്ചം കാണിക്കുന്ന രീതിയിലാണ് ഇപ്പോള്‍ അണിയിച്ചൊരുക്കുന്നത്. ധൂര്‍ത്ത് പലപ്പോഴും ആത്മവിശ്വാസ ക്കുറവിനെയാണ് സൂചിപ്പിക്കുന്നത്. ഇത് വര്‍ജ്ജിക്കപ്പെടേണ്ട തിന്മയാണെന്ന കാര്യം പോലും മറന്നുപോകുന്നുണ്ടോ?

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ നായര്‍ സമുദായം കേരളത്തിലെ പ്രബല വിഭാഗമായിരുന്നു. ഭൂപ്രഭുക്കളും, രാജാക്കന്മാരോടു ചേര്‍ന്ന് പ്രവര്‍ത്തിച്ചവരും, പടയാളികളുമെല്ലാമായിരുന്നു അവര്‍. ഈ സമുദായത്തിലെ ധൂര്‍ത്തിനെതിരെ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ ആഞ്ഞടിച്ചു. കെട്ടുകല്ല്യാണവും അടിയന്തരങ്ങളും തിരണ്ടു കല്ല്യാണവും നടത്തി കുടുംബങ്ങള്‍ ക്ഷയിച്ചു പോകുന്നതിനെതിരെ ശക്തമായ താക്കീതാണ് അദ്ദേഹം നല്‍കിയത്. പഴയ പ്രൗഢിയിലേക്കും ഗാംഭീര്യത്തിലേക്കും മടങ്ങാന്‍ ആ സമുദായത്തിന് കഴിഞ്ഞില്ല എന്നത് നമുക്കും പാഠമാകണം.

വിശുദ്ധരോടുള്ള വണക്കം: സത്യവും മിഥ്യയും

ചോദ്യം: വിശുദ്ധരുടെ ചില രൂപങ്ങള്‍ക്ക് പ്രത്യേക ശക്തിയുണ്ടോ? ഉറങ്ങുന്ന യൗസേപ്പിതാവ്, കുതിരപ്പുറത്തിരുന്ന് പാമ്പിനെ കുന്തം കൊണ്ടു കുത്തുന്ന വിശുദ്ധ ഗീവര്‍ഗീസ്, മാതാവിന്റെ വിവിധ രൂപങ്ങള്‍ തുടങ്ങി ചില രൂപങ്ങള്‍ വിശ്വാസികള്‍ പ്രത്യേകമായി വണങ്ങുന്നതും കാണുന്നു. ഇതിനെക്കുറിച്ചുള്ള സഭാപരമായ പഠനമെന്താണ്?

കത്തോലിക്കാ സഭയിലെ വിശുദ്ധരോടുള്ള വണക്കം ഏറെ വിവാദങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും വിധേയമായിട്ടുള്ളതും ഇന്നും ചര്‍ച്ചാവിഷയമായിരിക്കുന്നതുമായ ഒരു യാഥാര്‍ത്ഥ്യമാണ്. മാതാവിന്റെയും വിശുദ്ധരുടെയും മാലാഖമാരുടെയും മാധ്യസ്ഥ്യത്തിന്റെ പ്രസക്തിയെയും ദൈവശാസ്ത്ര അടിസ്ഥാനത്തെയും കുറിച്ചുള്ള തര്‍ക്കങ്ങള്‍ ആദിമ നൂറ്റാണ്ടുകളില്‍ പ്രാദേശികമായ പ്രശ്‌നങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും കാരണമായിട്ടുണ്ട്.

ഈ വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളെയും ദൈവശാസ്ത്ര സമീപനങ്ങളുടെ വൈവിധ്യങ്ങളെയും അതുയര്‍ത്തിയ പ്രായോഗിക പ്രശ്‌നങ്ങളെയും ഒരളവുവരെ പരിഹരിച്ചത് ട്രെന്റ് കൗണ്‍സിലിന്റെ പ്രഖ്യാപനമായിരുന്നു. സൂനഹദോസ് ഇപ്രകാരം പ്രഖ്യാപിച്ചു: ”ക്രിസ്തുവിന്റെയും അവിടുത്തെ പരിശുദ്ധ അമ്മയുടെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ ഉണ്ടായിരിക്കണം; അവ നിലനിര്‍ത്തണം. പ്രത്യേകിച്ച് പള്ളികളില്‍ അര്‍ഹിക്കുന്ന ആദരവും വണക്കവും അവയ്ക്ക് നല്‍കണം. അവ ആദരിക്കപ്പെടേണ്ടത് ഏതെങ്കിലും ദൈവികതയോ പുണ്യമോ അവയ്ക്കുണ്ട് എന്ന വിശ്വാസത്തിലല്ല, മറിച്ച് അവയുടെ മൂലരൂപങ്ങള്‍ (proto type) പ്രതിനിധാനം ചെയ്യുന്നവയ്ക്കാണ് അവയ്ക്കു നല്‍കുന്ന വണക്കം ലഭിക്കുന്നത് എന്നതിനാലാണ്.”

2001 ല്‍, കൂദാശകളും ദൈവാരാധനയുമായി ബന്ധപ്പെട്ട വത്തിക്കാന്‍ കാര്യാലയം ജനകീയ ഭക്താഭ്യാസങ്ങളെക്കുറിച്ചുള്ള ഡയറക്ടറി പ്രസിദ്ധീകരിക്കുകയുണ്ടായി (Directory on Popular piety and the Liturgy: Principles and Guidelines). തെന്ത്രോസ് സൂനഹദോസിന്റെ പഠനങ്ങളോട് ചേര്‍ന്ന് ഇത്തരം ആചാരങ്ങളെക്കുറിച്ച് ഡയറക്ടറിയില്‍ പറയുന്നത് ശ്രദ്ധേയമാണ്. തിരുസ്വരൂപങ്ങളോടുള്ള വണക്കം ആപേക്ഷികമാണെന്ന് ഈ രേഖ പറയുന്നു (നമ്പര്‍ 241). ഓരോ സംസ്‌ക്കാരത്തിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഭക്താഭ്യാസങ്ങളെ അവയിലൂടെ വെളിപ്പെടുന്ന ദൈവകൃപയുടെ വെളിച്ചത്തിലാണ് വിശകലനം ചെയ്യേണ്ടത്. ദൈവമഹത്വത്തിനും വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതിനും സംസ്‌കാരികപരമായ തനിമ നിലനിര്‍ത്തുന്നതിനും ഓരോ ജനതയും തങ്ങളുടെ സംസ്‌കാരത്തോടും സമൂഹത്തോടും അടുത്ത് നില്‍ക്കുന്ന ഇത്തരം ആചാരങ്ങള്‍ തുടരുന്നത് നല്ലതാണ് (നമ്പര്‍ 243) എന്നും വത്തിക്കാന്‍ തിരുസംഘത്തിന്റെ ഡയറക്ടറിയില്‍ പറയുന്നു.

ഓരോ വിശുദ്ധനെയും ചിത്രീകരിക്കുന്നത് ആ വിശുദ്ധനുമായി ബന്ധപ്പെട്ട ഏതെങ്കിലും സാഹചര്യത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ്. മാതാവിന്റെ എണ്ണമറ്റ രൂപങ്ങളും ചിത്രങ്ങളും നിലവിലുണ്ട്. വ്യത്യസ്ത സംസ്‌കാരങ്ങളും സാഹചര്യങ്ങളും മാതാവിന്റെ വേഷവും മുഖഭാവവും മാറ്റിക്കൊണ്ടിരിക്കുന്നു. കുതിരപ്പുറത്തിരുന്ന് വ്യാളിയെ വധിച്ച് രാജകുമാരിയെ ഗീവര്‍ഗീസ് രക്ഷിച്ചു എന്ന ഐതിഹ്യമാണ് വിശുദ്ധ ഗീവര്‍ഗീസിനെ അപ്രകാരം അവതരിപ്പിക്കുന്നതിന് കാരണം. മരത്തില്‍ കെട്ടി അമ്പ് എയ്യപ്പെട്ടതിനാല്‍ വിശുദ്ധ സെബസ്ത്യാനോസിനെ അമ്പുകളോടെ രൂപപ്പെടുത്തിയിരിക്കുന്നു. വിശുദ്ധ ഫ്രാന്‍സീസ് അസീസി, വിശുദ്ധ അന്തോനീസ്, വിശുദ്ധ അമ്മ ത്രേസ്യ, വിശുദ്ധ കൊച്ചുത്രേസ്യ തുടങ്ങിയവരുടെയെല്ലാം രൂപങ്ങള്‍ അവരുടെ ജീവിതമായോ അവര്‍ക്കു ലഭിച്ച ദര്‍ശനങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്നവയാണ്.

ഓരോ പ്രദേശത്തിന്റെയും സംസ്‌കാരത്തിന്റെയും പശ്ചാത്തലത്തിലും വിശുദ്ധരുടെ രൂപങ്ങള്‍ വ്യത്യസ്തമായി വരാറുണ്ട്. ഉദാഹരണത്തിന്, കൊരട്ടിമുത്തിയും വല്ലാര്‍പാടത്തമ്മയും വേളാങ്കണ്ണിമാതാവും ഒരേ മാതാവ് തന്നെയാണ്. ഇതില്‍ ഏതു രൂപത്തിനാണ് കൂടുതല്‍ സിദ്ധി എന്നു ചോദിച്ചാല്‍, ഈ തിരുസ്വരൂപങ്ങളെ വണങ്ങാന്‍ അതാത് സ്ഥലങ്ങളിലെത്തിച്ചേരുന്ന വിശ്വാസിയുടെ വ്യക്തിപരമായ വിശ്വാസമാണ് അത് നിശ്ചയിക്കുന്നത് എന്ന് മാത്രമേ പറയാന്‍ സാധിക്കൂ. അതിനപ്പുറത്തേക്ക് കേവലമായ (absolute) മാനദണ്ഡം അതിനില്ല.

ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ രൂപത്തിന് പ്രത്യേക സിദ്ധിയൊന്നുമില്ല. കിടന്നുറങ്ങുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ രൂപവും നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒരു പാഠം ഇവിടെ പ്രസക്തമാണ്. ജീവിതത്തിന്റെ ഏതു പ്രതിസന്ധി ഘട്ടങ്ങളിലും ദൈവഹിതമെന്തെന്ന് അറിയുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. മാനുഷികമായ പരിഹാരങ്ങള്‍ക്കായി നോക്കാതെ ദൈവേഷ്ടമറിയുക എന്നത് പരമപ്രധാനമാണ്. ഈ സന്ദേശം വിശ്വാസിക്കു ലഭിച്ചാല്‍ കിടന്നുറങ്ങുന്ന വിശുദ്ധയൗസേപ്പിന്റെ രൂപം ഫലപ്രാപ്തിയുള്ളതാകും.

ചുരുക്കത്തില്‍, ഒരു രൂപത്തിനും ദൈവിക സിദ്ധിയില്ല. വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ നമ്മെ ആത്യന്തികമായി ദൈവത്തിങ്കലേക്ക് അടുപ്പിക്കുന്നതാകണം. ഓരോ പ്രദേശത്തും നിലനില്‍ക്കുന്ന വിശുദ്ധരുടെ പ്രത്യേക വണക്കം വിശ്വാസ വളര്‍ച്ചയ്ക്കും ദൈവമഹത്വത്തിനും ഉതകുന്ന രീതിയില്‍ പ്രോത്സാഹിപ്പിക്കപ്പെടണം. അവയെ പാടെ നിരാകരിക്കുന്നതിലും വിശുദ്ധിയില്ല. അതേ സമയം, വിശുദ്ധ കുര്‍ബാന പരസ്യമായി എഴുന്നള്ളിച്ചുവച്ചിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഈശോയുടെ പ്രത്യേക സാന്നിധ്യമായ ദിവ്യകാരുണ്യത്തിനു മുമ്പില്‍ ഒന്നു തലകുനിക്കുക പോലും ചെയ്യാതെ ഒരു കയ്യില്‍ അപേക്ഷയും നേര്‍ച്ച പൈസയും മറുകയ്യില്‍ മെഴുകുതിരിയുമായി വിശുദ്ധരുടെ രൂപക്കൂടുകളിലേക്ക് ഓടുന്ന വിശ്വാസിയുടെ ചിത്രം ഇക്കാര്യത്തില്‍ ഇനിയും ബോധവത്ക്കരണം ആവശ്യമാണ് എന്ന് നമ്മെ എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്നു.

ഉള്ളു പൊള്ളിക്കുന്ന കനലുകള്‍

ഒരാളോട് ദേഷ്യവും പകയും മനസില്‍ കൊണ്ടുനടക്കുന്നത് അയാളെ എറിയാന്‍ ചുട്ടുപഴുത്ത കല്‍ക്കരി സ്വന്തം കയ്യില്‍ വയ്ക്കുന്നതുപോലെയാണെന്ന് ശ്രീബുദ്ധന്‍ പറയുന്നു. അയാളെ എറിയുന്നതിനു മുമ്പ് കൈ പൊള്ളി നാശമായിട്ടുണ്ടാകും.
ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് ക്ഷമിക്കാനാവാതെ കഴിഞ്ഞു കൂടുന്നവരെയും മാനസികവ്യഥ ജ്വലിക്കുന്ന കനലായി ഏറെ ക്ലേശിപ്പിക്കും. എതിരാളി തകരണമെന്ന ആഗ്രഹമാണ് മുന്നില്‍ നില്‍ക്കുക. പലപ്പോഴും ഇത് സംഭവിക്കണമെന്നില്ല. അപ്പോള്‍ നിരാശ പടരും. വൈരാഗ്യം ഇരട്ടിക്കും. അത് ആത്മസംഘര്‍ഷം കൂട്ടും.

കുടുംബത്തോടു ചെയ്ത അനീതിക്കെതിരെ പകരം വീട്ടാന്‍ കുട്ടിക്കാലം മുതല്‍ കാത്തിരുന്ന് അവസാനം പ്രതിയോഗിയെ മുച്ചൂടും നശിപ്പിക്കുന്ന പ്രതികാര ദാഹിയായ നായകന്‍ പണ്ടുമുതല്‍ സിനിമകളുടെ ഇഷ്ടവിഷയമാണ്. വില്ലനെ ഇടിച്ചു പരത്തുമ്പോള്‍ കാണികള്‍ കൈ അടിച്ച് പ്രോത്സാഹിപ്പിക്കും.

പക്ഷെ സിനിമയല്ലല്ലോ ജീവിതം. നിസാര കാര്യങ്ങളില്‍ നിന്നാണ് പലപ്പോഴും പകയും വൈരാഗ്യവും പൊട്ടിമുളയ്ക്കുന്നത്. ചെറിയ സൗന്ദര്യപ്പിണക്കങ്ങള്‍ തലമുറകളിലേക്കു നീങ്ങുന്ന സംഘര്‍ഷങ്ങളിലേക്കു നയിക്കും.

നല്ല കുടുംബങ്ങളില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ മുതിര്‍ന്നവര്‍ ഇടപെട്ട് അപ്പപ്പോള്‍ പരിഹാരം കാണും. നിര്‍ഭാഗ്യവശാല്‍ പല വീടുകളിലും ഇതല്ല സ്ഥിതി. ചെറിയ പ്രശ്‌നങ്ങള്‍ പോലും സഹോദരങ്ങള്‍ ഗ്രൂപ്പായി തിരിഞ്ഞ് ആളിക്കത്തിക്കും. അവസാനം കെടുത്താന്‍ പറ്റാത്ത കാട്ടുതീയായി അത് വളരുകയും ചെയ്യും. അത് അവരുടെ ആത്മാവിനെ മാത്രമല്ല, ഭൗതിക വളര്‍ച്ചയെയും മുരടിപ്പിക്കും.

മാതാപിതാക്കളുടെ അവഗണനയാണ് ചിലരുടെ മനസില്‍ പകയുടെ വിത്തിടുന്നത്. ചിലപ്പോള്‍ അവഗണനയല്ല, അങ്ങനെ ചെയ്‌തെന്ന തോന്നലായിരിക്കാം പ്രശ്‌നത്തിനു കാരണമാകുക. മാനസികമായി മുറിവേറ്റ ബാല്യം പലരുടെയും വ്യക്തിത്വങ്ങളെ തകര്‍ത്തു കളയുന്നുണ്ട്.

രമ്യപ്പെട്ട മനസുമായി മാത്രമേ ബലിപീഠത്തില്‍ എത്താവൂ എന്ന് യേശു പഠിപ്പിക്കുന്നു. ‘നീ ബലിപീഠത്തില്‍ കഴ്ച അര്‍പ്പിക്കുമ്പോള്‍ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ടുപോയി സഹോദരനോടു രമ്യപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക’ (മത്തായി 05: 23-26).

കുറ്റബോധമാണ് ഏദന്‍ തോട്ടത്തില്‍ ആദിമാതാപിതാക്കളെ ലജ്ജിതരാക്കിയത്. ആത്മവിശ്വാസം നഷ്ടപ്പെടുന്നവരുടെ നിരാശ വര്‍ധിക്കും. ഇത് ശാരീരിക രോഗങ്ങളിലേക്കു നയിക്കും. എപ്പോഴും ദേഷ്യപ്പെടുന്നവര്‍ക്ക് രോഗപ്രതിരോധ ശക്തി കുറയുമെന്ന് വൈദ്യശാസ്ത്രം പറയുന്നു. ഹൃദയതാളം തെറ്റാം. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുവാനുള്ളള ശക്തിയും കുറയാം.

റഷ്യന്‍ സാഹിത്യകാരനായ ദസ്‌തേയ്‌വ്‌സികിയുടെ പ്രശസ്ത നോവല്‍ ‘കുറ്റവും ശിക്ഷയും’ കുറ്റം ചെയ്ത വ്യക്തി അനുഭവിക്കുന്ന ഭീകമായ മാനസികാവസ്ഥയാണ് വരച്ചിടുന്നത്. കൊലപാതകം നടത്തുന്ന റാസ്‌കല്‍ നിക്കോവ് ഒറ്റപ്പെടലും നിരാശയും കുറ്റബോധവും കൊണ്ടു നീറുന്നു. കിട്ടാവുന്ന യഥാര്‍ത്ഥ ശിക്ഷയേക്കാള്‍ എത്രയോ വലിയ മാനസിക പീഡനത്തിലൂടെയാണ് അയാള്‍ കടന്നു പോകുന്നത്.

വില്യം ഷേക്‌സ്പിയറിന്റെ ‘മാക്‌ബെത്ത്’ നാടകത്തിലും കൊലപാതകം നടത്തിയ മാക്‌ബെത്തിനെക്കാള്‍ മാനസിക വ്യഥ അനുഭവിക്കുന്നത് കൊലപാതകത്തിനു പ്രേരിപ്പിച്ച ലേഡി മാക്‌ബെത്താണ്. അറേബ്യയിലെ സുഗന്ധദ്രവ്യങ്ങള്‍ക്കൊന്നും തന്റെ കൈകളിലെ കൊലപാതകക്കറയുടെ ദുര്‍ഗന്ധം കഴുകിക്കളയാനാവില്ലെന്ന് നിദ്രാടനത്തിനിടയില്‍ അവര്‍ വിലപിക്കുന്നു.

സഹോദരിയെ കുത്തിക്കൊന്ന ഘാതകനോട് ക്ഷമിച്ച സിസ്റ്റര്‍ സെല്‍മിയും അവരുടെ കുടുംബവും ക്ഷമയുടെ മഹനീയ മാതൃകയാണ് ലോകത്തിനു മുമ്പില്‍ സാക്ഷ്യപ്പെടുത്തുന്നത്.

മധ്യപ്രദേശിലെ ഉദയ്‌നഗറില്‍ ബസില്‍ വച്ച് 1995-ല്‍ സിസ്റ്റര്‍ റാണിമരിയ ആക്രമിക്കപ്പെട്ടു. ബസില്‍ വച്ച് 54 കുത്തുകള്‍ ഏല്‍പ്പിച്ച സിസ്റ്ററുടെ ശരീരം സമുന്ദര്‍ സിങ് എന്ന കൊലയാളി പുറത്തേക്കു വലിച്ചെറിഞ്ഞു. ശിക്ഷിക്കപ്പെട്ട സമുന്ദര്‍ സിങിനെ സഹോദരി സിസ്റ്റര്‍ സെല്‍മി ജയിലില്‍ സന്ദര്‍ശിച്ചു. കുടുംബം അയാളോട് ക്ഷമിച്ചതായി അറിയിച്ചു. സഹോദര ബന്ധം സ്ഥാപിച്ചതിന്റെ സൂചനയായി ഉത്തരേന്ത്യന്‍ മാതൃകയില്‍ അയാളുടെ കയ്യില്‍ രാഖി കെട്ടി. മാനസാന്തരം വന്ന സമുന്ദര്‍ സിങ് പിന്നീട് സിസ്റ്റര്‍ റാണിമരിയയുടെ കേരളത്തിലെ മാതാപിതാക്കളെ സന്ദര്‍ശിച്ച സംഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

ക്ഷമിക്കാന്‍ കഴിയുന്നവര്‍ക്കേ ജീവിതത്തിന്റെ സൗന്ദര്യവും സ്വാതന്ത്ര്യം നല്‍കുന്ന ലാഘവത്വവും അതില്‍ നിന്നുള്ള ഊര്‍ജവും അനുഭവിക്കാന്‍ കഴിയുകയുള്ളു.

മണിപ്പൂര്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം അപലപനീയം: സീറോമലബാര്‍ മാതൃവേദി

കാക്കനാട്: മണിപ്പൂരില്‍ യുവതികളെ നഗ്‌നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവം അപലപനീയമാണെന്ന് സീറോമലബാര്‍ മാതൃവേദി. രണ്ടര മാസത്തോളമായി തുടരുന്ന മണിപ്പൂര്‍ കലാപത്തിന്റെ വേദനിപ്പിക്കുന്ന വാര്‍ത്തകള്‍ക്കിടയിലാണ് അതിഹീനവും മനുഷ്യത്വരഹിതവുമായ രീതിയില്‍ യുവതികളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. ഇതുപോലെ എത്രയോ സംഭവങ്ങള്‍ നടന്നിരിക്കുന്നു എന്ന് ലളിതവത്കരിക്കുന്ന മണിപ്പൂര്‍ മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയും മൗനാനുവാദം നല്‍കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം അതിക്രൂരവും ലജ്ജാകരവുമായ കുറ്റകൃത്യം നടത്തിയവര്‍ക്കെതിരെ സത്വര നടപടി സ്വീകരിക്കണമെന്ന് സീറോമലബാര്‍ ഗ്ലോബല്‍ മാതൃവേദി ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍ ആവശ്യപ്പെട്ടു.

ഭാരതാംബയുടെ മാനം കവര്‍ന്നിട്ടും ഭരണാധികാരികള്‍ നിഷ്‌ക്രിയത്വം തുടരുന്നത് അപമാനകരമാണ്. ഇത്തരം ഹീനമായ പ്രവര്‍ത്തികള്‍ക്കെതിരെ ഭാരതത്തിന്റെ മനഃസാക്ഷി ഉണരണമെന്നും കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനും പരമാവധി ശിക്ഷ ഉറപ്പാക്കാനും ഭരണകൂടം തയ്യാറാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ഇരയായ സഹോദരിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുണ്ടായ നഷ്ട്ടം അവരുടെ മാത്രമല്ല ഭാരതീയരായ നാം ഒരോരുത്തരുടേതുമാണ്. രാജ്യമെമ്പാടും ഈ ക്രൂരതക്കെതിരെ പ്രതിഷേധമുയര്‍ത്തണമെന്നും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നിയമപാലകരും ബന്ധപ്പെട്ട അധികാരികളും ജാഗ്രത പുലര്‍ത്തണമെന്നും സീറോമലബാര്‍ മാതൃവേദി അഭ്യര്‍ത്ഥിച്ചു.

ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ജീസ സി.എം.സി, പ്രസിഡന്റ് ബീന ജോഷി, ജനറല്‍ സെക്രട്ടറി ആന്‍സി മാത്യു, ട്രഷറര്‍ സൗമ്യ സേവ്യര്‍, വൈസ് പ്രസിഡന്റുമാരായ ഗ്രേസി ജെയ്ക്കബ്, ആന്‍സി മാത്യു, ജോയിന്റ് സെക്രട്ടറിമാരായ ഡിംബിള്‍ ജോസ്, ഷീജ ബാബു, മാതൃവേദി സെനറ്റ് അംഗങ്ങള്‍ എന്നിവര്‍ പ്രതിഷേധയോഗത്തിന് നേതൃത്വം നല്‍കി.

സഹനങ്ങള്‍ വിശുദ്ധിയിലേക്കുള്ള വഴി: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ രണ്ടാം ദിനം ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന നൊവേനയിലും വിശുദ്ധ കുര്‍ബാനയിലും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. എബ്രഹാം വയലില്‍, ദീപിക മാനേജിങ് ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട് എന്നിവര്‍ സഹകാര്‍മികരായി.

സഹനങ്ങള്‍ വിശുദ്ധിയിലേക്കുള്ള വഴിയാണെന്ന് ബിഷപ് വചന സന്ദേശത്തില്‍ പറഞ്ഞു. ”അല്‍ഫോന്‍സാമ്മ എളിമയുടെ മാര്‍ഗ്ഗമാണ് സ്വീകരിച്ചിരുന്നത്. ദൈവം സഹനങ്ങള്‍ അനുവദിക്കുന്നത് നമ്മെ എളിമപ്പെടുത്താനാണ്. അത് വിശുദ്ധിയിലേക്ക് നമ്മെ നയിക്കും. എളിമയുടെ വഴിയേ സഞ്ചരിക്കണമെങ്കില്‍ ഈശോയെ പൂര്‍ണമായും സ്‌നേഹിക്കണമെന്ന് സ്വജീവിതത്തിലൂടെ അല്‍ഫോന്‍സാമ്മ കാണിച്ചു തന്നു. വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതൃകയാണ് അല്‍ഫോന്‍സാമ്മ പിന്തുടര്‍ന്നിരുന്നത്. അല്‍ഫോന്‍സാമ്മ സഹനങ്ങളെ സ്വീകരിച്ചതുപോലെ നമുക്കും സഹനങ്ങളെ സ്വീകരിക്കാന്‍ കഴിയണം. ഈ തിരുനാള്‍ ദിനങ്ങളില്‍ അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥ്യം യാചിക്കുന്നതോടൊപ്പം വിശുദ്ധയുടെ മാതൃക ജീവിതത്തില്‍ പകര്‍ത്താനും നമുക്ക് സാധിക്കണം. വിശുദ്ധരെ സ്‌നേഹിക്കുമ്പോള്‍ അവര്‍ നമ്മെയും സ്‌നേഹിക്കും” – ബിഷപ് പറഞ്ഞു.

”കൃതജ്ഞതയോടെയാണ് അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ നില്‍ക്കുന്നത്. താമരശ്ശേരി രൂപതയുടെ ഓരോ ചുവടുവയ്പ്പിലും വിശുദ്ധയുടെ മാധ്യസ്ഥ്യമുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ വിശുദ്ധയുടെ മാധ്യസ്ഥ്യം യാചിക്കുമ്പോള്‍ അത്ഭുതങ്ങളാണ് നടക്കുന്നത്” – ബിഷപ് കൂട്ടിച്ചേര്‍ത്തു.

അടുക്കുംതോറും അകലുന്നുവോ!

വിവാഹം കുടുംബത്തിന്റെ തുടക്കമാണ് ശാരീരികമായ ഒരു കൂട്ടായ്മയെകാള്‍ അത് ആത്മീയവും ചിന്താപരവും വൈകാരികവുമായ ഒരു കൂടിച്ചേരല്‍ കൂടിയാണ്. പങ്കാളിയെയും കുട്ടികളെയും സേവിക്കുമ്പോള്‍ നിസ്വാര്‍ത്ഥതയില്‍ വളരാനുള്ള അവസരവും ഇതു നല്‍കുന്നു. ദമ്പതികളുടെ രൂപീകരണത്തിനും അനന്തരഫലമായ സന്താനത്തിനും കാരണമാകുന്ന ഒരു ജീവിത സംഭവമായി വിവാഹത്തെ സൂചിപ്പിക്കാം. പക്ഷേ സമൂഹത്തിന്റെ ചിന്തയും ജീവിതരീതിയും മാറുന്നതിനനുസരിച്ച് കുടുംബജീവിതത്തില്‍ പൊരുത്തക്കേടുകള്‍ വന്നുതുടങ്ങി. പ്രശ്‌നങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കാനോ പരസ്പരം മനസ്സിലാക്കാനോ ശ്രമിക്കുന്നില്ല. ഇതിന്റെ പരിഹാരമായി ഇന്നത്തെ ദമ്പതികള്‍ തിരഞ്ഞെടുക്കുന്ന ഒരു പോംവഴിയാണ് വിവാഹമോചനം.”അടിസ്ഥാനപരമായി ഇണയുടെ മരണത്തിനു മുന്‍പ് വിവാഹബന്ധം അവസാനിപ്പിക്കുന്ന നിയമപരമായ നടപടിയാണ് വിവാഹമോചനം.” കുട്ടികളുടെയും ദമ്പതികളുടെയും മറ്റു കുടുംബാംഗങ്ങളുടെയും ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഒരു അനുഭവമാണ് വിവാഹമോചനം എന്നത്. വിവാഹമോചനം നടന്നിട്ടുള്ള കുടുംബങ്ങളിലെ കുട്ടികളില്‍ വളരെ വലിയ പ്രത്യാഘാതങ്ങള്‍ കണ്ടുവരുന്നു. വൈജ്ഞാനിക വൈകാരിക പെരുമാറ്റ മേഖലകളില്‍ ഇവര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് 2020-ല്‍ സംസ്ഥാനത്ത് 6379 വിവാഹങ്ങളും 315 വിവാഹമോചനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ 2021 മെയ് വരെ 4313 വിവാഹങ്ങളും 108 വിവാഹമോചനങ്ങളും രജിസ്റ്റര്‍ ചെയ്തതായി അടിസ്ഥാനപരമായ കണക്കുകള്‍ സൂചിപ്പിക്കുന്നു.

വിവാഹമോചനവും സാമൂഹിക പശ്ചാത്തലങ്ങളും

പലകാരണങ്ങള്‍ വിവാഹമോചനത്തിലേക്ക് നയിക്കുന്നു. ഒരു വ്യക്തിയുടെ സാമൂഹിക പശ്ചാത്തലവും വിവാഹമോചനത്തിലേക്ക് നയിക്കാറുണ്ട് എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രായം, ലിംഗഭേദം, സാമ്പത്തിക സ്ഥിതി, സാമൂഹിക മേഖല, വിദ്യാഭ്യാസം, ജോലി തുടങ്ങിയ
പ്രായം ഒരു മുഖ്യഘടകമാണ്. ചെറുപ്രായത്തില്‍ വിവാഹിതരായവരില്‍ വിവാഹമോചനം അധികമായി കാണുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കൂടുതലായും ചെറുപ്രായത്തില്‍ വിവാഹിതരായ സ്ത്രീകളാണ് വിവാഹമോചിതരാകുന്നത്. ഭര്‍ത്തൃഗൃഹത്തിലേക്ക് എത്തുന്ന സ്ത്രീകള്‍ പലപ്പോഴും തന്റെ ശീലങ്ങളും രീതികളും മാറുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇത് മനസ്സിലാക്കാനോ അവരെ അംഗീകരിക്കാനോ കുടുംബാംഗങ്ങള്‍ തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതുവഴി ബന്ധത്തില്‍ വിള്ളലുകള്‍ വന്നുചേരുന്നു.

മുന്‍കൈയെടുക്കുന്നത് ആര്? ആരാണ് കൂടുതലായി വിവാഹമോചനത്തിലേക്ക് മുന്‍കൈയെടുക്കുന്നത് എന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്. സ്ത്രീയോ? പുരുഷനോ?. കേരളത്തില്‍ നടത്തിയ പല പഠനങ്ങളിലും സ്ത്രീകളാണ് മുന്‍കൈ എടുക്കുന്നതും പരാതികള്‍ സമര്‍പ്പിക്കുന്നതും എന്ന് വ്യക്തമാകുന്നു. 20 മുതല്‍ 30 വയസ്സു വരെയുള്ള സ്ത്രീകളും 31 മുതല്‍ 40 വയസ്സ് വരെയുള്ള പുരുഷന്മാരിലുമാണ് വിവാഹമോചനം നടക്കുന്നത് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു . ദാമ്പത്യ ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ കഴിയുന്നില്ല എന്ന തോന്നലും, പരസ്പരം അഭിപ്രായം പങ്കു വെക്കുന്നില്ല, പ്രോത്സാഹിപ്പിക്കുന്നില്ല, കൈത്താങ്ങാവുകയും ചെയ്യുന്നില്ല എന്ന തോന്നലുമാണ് ഇതിന്റെ ഒരു കാരണം.

വിവാഹമോചനവും കാരണങ്ങളും

വിവാഹമോചനത്തിലേക്ക് നയിക്കാന്‍ ചെറുതും വലുതുമായ നിരവധി കാരണങ്ങളാണ് കണ്ടുവരുന്നത്. വ്യക്തിപരവും, സാമൂഹ്യപരവും, പരസ്പര ബന്ധങ്ങളില്‍ ഉള്ള ബുദ്ധിമുട്ടുകളുമാണവ. വിശ്വാസം നഷ്ടപ്പെടുക, പരസ്പരം മനസ്സിലാക്കാന്‍ പറ്റാതാവുക, ദമ്പതികളിലൊരാള്‍ ചൂഷണത്തിന് ഇരയാവുക തുടങ്ങിയ കാരണങ്ങളും വിവാഹമോചനത്തിലേക്ക് നയിക്കാറുണ്ട്.

വിവാഹമോചനത്തിലേക്ക് എത്താന്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണ് അവയെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍, സാമൂഹികമായ കാരണങ്ങള്‍, പരസ്പര ബന്ധത്തിലെ വിള്ളലുകള്‍ എന്നിവയായി തിരിക്കാം. വിവാഹമോചനം പല രീതിയിലാണ് കുടുംബാംഗങ്ങളെ ബാധിക്കുന്നത്. വിവാഹമോചനം നടന്ന കുടുംബത്തിലെ സ്ത്രീകളിലും പുരുഷന്‍മാരിലും ഉത്കണ്ഠ, സമ്മര്‍ദം എന്നീ മാനസികപ്രശ്‌നങ്ങള്‍ കുറഞ്ഞതായും പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. എങ്കിലും ഒരുപാട് പ്രത്യാഘാതങ്ങളും വിവാഹമോചനം കാരണം ഉണ്ടായതായി കാണപ്പെടുന്നു. കുടുംബബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗ് ഒരു മുഖ്യ ഘടകമാണ് മനശാസ്ത്ര വിദഗ്ധന്മാരുടെ ഇടപെടല്‍ വേണ്ട സാഹചര്യങ്ങളില്‍ ലഭ്യമാകാത്തതും വിവാഹമോചനത്തില്‍ എത്തിക്കാറുണ്ട്. പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് , മാരിറ്റല്‍ കൗണ്‍സിലിംഗ്, ഡിവോഴ്‌സ് കൗണ്‍സിലിംഗ് തുടങ്ങിയവയുടെ പ്രാധാന്യം ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

1. വ്യക്തിപരമായ കാരണങ്ങള്‍

ഓരോ വിവാഹമോചനത്തിനും ഓരോ കാരണങ്ങള്‍ കാണുന്നുവെങ്കിലും വ്യക്തിപരമായ കാരണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. വിവാഹജീവിതത്തിലെ ആദ്യകാലങ്ങളില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എപ്പോഴും പ്രാധാന്യമര്‍ഹിക്കുന്നതാണ്, കുടുംബാംഗങ്ങളോടും ജീവിത സാഹചര്യങ്ങളോടും ചേര്‍ന്ന് പോകാന്‍ പറ്റാത്ത അവസ്ഥയാണ് ഒട്ടുമിക്ക വിവാഹമോചനത്തിനും കാരണം. കുടുംബാംഗങ്ങള്‍ പെരുമാറുന്ന രീതി അവരുടെ അമിതമായ ഇടപെടല്‍ അഭിപ്രായവ്യത്യാസങ്ങള്‍ എല്ലാം ഇതില്‍ ഉള്‍പ്പെടുത്താം.
യഥാര്‍ഥ്യമല്ലാത്ത വൈവാഹിക സങ്കല്‍പ്പങ്ങള്‍: യഥാര്‍ഥ്യമല്ലാത്ത വൈവാഹിക സങ്കല്‍പ്പങ്ങള്‍ എപ്പോഴും കുടുംബജീവിതത്തില്‍ ഒരു കരടാണ്. ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ സങ്കല്പത്തിനു ചേരാത്ത പങ്കാളി തനിക്കും തന്റെ വീട്ടുകാര്‍ക്കും ചേരാത്ത വ്യക്തിയാണ് എന്ന് പറഞ്ഞ് ഒട്ടേറെ വിവാഹമോചനങ്ങള്‍ നടക്കുന്നു.

പങ്കാളികള്‍ക്കിടയിലുള്ള മദ്യപാനം: കേരളത്തിലെ ദമ്പതികളെ സംബന്ധിച്ചിടത്തോളം വിവാഹമോചനം എന്ന ചിന്തയിലെത്തിക്കുന്ന ഒരു പ്രധാനകാരണമാണ് പങ്കാളികള്‍ക്കിടയിലുള്ള മദ്യപാനം. മദ്യപാനത്തിനും ലഹരിക്കും അടിമ പെടുന്നവര്‍ക്ക് യുക്തിപൂര്‍വ്വം ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിയാതെവരുന്നു അത് പലപ്പോഴും കുടുംബങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. തര്‍ക്കങ്ങളും വഴക്കുകളും ശാരീരിക ഉപദ്രവത്തിലേക്ക് എത്തിക്കുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ വിവാഹമോചനത്തിനു പങ്കാളിയെ നിര്‍ബന്ധിതരാക്കുന്നു.

ലൈംഗികബന്ധത്തിലെ അഭിപ്രായവ്യത്യാസവും പൊരുത്തക്കേടുകളും കുടുംബ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്, പക്ഷെ മിക്ക ദമ്പതികളും ഇത് മറച്ചുവെക്കുകയും പരിഹരിക്കാനുള്ള മുന്‍കൈ എടുക്കുകയും ചെയ്യുന്നില്ല. ലൈംഗികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണ, അഭിപ്രായവ്യത്യാസങ്ങള്‍, പങ്കാളിയുടെ ആവശ്യം നിഷേധിക്കുന്നത്, പരിഹാസങ്ങള്‍, ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരാക്കുന്നത്, ശാരീരിക അടുപ്പ് കുറവ്, ലൈംഗിക രോഗങ്ങള്‍ എന്നിവ വിവാഹമോചനത്തിലേക്ക് നയിക്കുന്നു.

കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി: മറ്റുകാരണങ്ങള്‍ പോലെതന്നെ പ്രധാനപ്പെട്ടതാണ്. സാമ്പത്തികപരമായി ഇടത്തരക്കാരിലും, ഉയര്‍ന്ന തരത്തിലുള്ളവരിലുമാണ് കൂടുതലായി വിവാഹമോചനം നടന്നു വരുന്നത്. സാമ്പത്തികം കൈകാര്യം ചെയ്യുന്നതിലുള്ള അഭിപ്രായവ്യത്യാസം, പങ്കാളിയില്‍ ഉത്കണ്ഠ ഉണ്ടാക്കുന്ന തരത്തിലുള്ള ധൂര്‍ത്ത്, സാമ്പത്തികപ്രതിസന്ധി, സാമ്പത്തിക തീരുമാനങ്ങള്‍ പങ്കു വെക്കാതിരിക്കുക, സ്ത്രീകളിലുള്ള സാമ്പത്തിക ഉയര്‍ച്ച, വരവു ചിലവിനെ കുറിച്ചുള്ള ധാരണയില്ലായ്മ എന്നിവ വിവാഹമോചനത്തിന് കാരണമാവുന്നു.

മാനസികപ്രശ്‌നങ്ങള്‍: മാനസികവും ശാരീരികവുമായിട്ടുള്ള ബുദ്ധിമുട്ട് ദമ്പതികള്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അതില്‍ മാനസിക ബുദ്ധിമുട്ടാണ് പ്രധാനമായും വിവാഹമോചനത്തിലേക്ക് വഴിമാറുന്നത്. പങ്കാളിയില്‍ ഉള്ള സംശയം, ഉന്മാദ വിഷാദ രോഗം, ചിത്തഭ്രമം, അമിതമായ ഉത്കണ്ഠ, വ്യക്തിപരമായ രോഗങ്ങള്‍ ഇവയൊക്കെയാണ് വേര്‍പിരിയലിലേക്ക് എത്തിക്കുന്നത്. മാനസിക രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മ, വേണ്ടത്ര പ്രാധാന്യം നല്‍കാതിരിക്കുന്നത്, രോഗാവസ്ഥ നിര്‍ണയിക്കാതിരിക്കുന്നത്, ചികിത്സ ഉപകാരപ്പെടുത്താതിരിക്കുന്നത്, മാനസികരോഗം നിര്‍ണയിച്ചിട്ടും ആവശ്യമായ പിന്തുണ നല്‍കാതിരിക്കുന്നതും ദമ്പതികള്‍ക്കിടയിലുള്ള ബന്ധങ്ങള്‍ വഷളാവാന്‍ കാരണമാകുന്നു.

2. സാമൂഹികമായ കാരണങ്ങള്‍

തുല്യതാബോധം സ്ത്രീകളും പുരുഷന്മാരും ഒരുപോലെ സമ്പാദിക്കുന്ന കാലമാണ് ഇപ്പോള്‍ എങ്കിലും ആ തരത്തിലുള്ള ബഹുമാനമോ തുല്യതയോ ലഭിക്കുന്നില്ല എന്നതും പ്രധാനപ്പെട്ടതാണ്. പങ്കാളിയില്‍ വരുന്ന സ്ഥാന കയറ്റങ്ങളില്‍ അഭിമാനിക്കതെ അതൊരു അപമാനമായി കാണുകയാണ് പലരും. അധികാരങ്ങള്‍ക്കും അവകാശങ്ങള്‍ക്കും പലപ്പോഴും അവര്‍ കീഴ്‌പെട്ടുപോകുന്നു അതുവഴി ബന്ധങ്ങളില്‍ വിള്ളല്‍ ഉണ്ടാവുന്നു.

മത്സരബുദ്ധി: ഞാനോ നീയോ എന്ന മത്സരബുദ്ധിയിലാണ് ദമ്പതികള്‍ എന്നെക്കാള്‍ ഉയരനോ എന്നെ നിയന്ത്രിക്കാനോ പാടില്ല എന്ന കര്‍ശനങ്ങള്‍ പല കുടുംബങ്ങളിലും കണ്ടുവരുന്നു. ഇവിടെ നീ സംസാരിക്കേണ്ട ഞാന്‍ തീരുമാനിച്ചോളാം എന്ന മുദ്രാവാക്യങ്ങള്‍ നിലനില്‍ക്കുന്നു എന്നത് വിവാഹബന്ധം വേര്‍പിരിയുന്നതലേക്ക് നയിക്കും.

പുരുഷാധിപത്യം: പണ്ടുമുതലേ കേരള സമൂഹത്തില്‍ നിലനിന്നിരുന്ന ഭരണാധിപത്യമാണ് പുരുഷാധിപത്യം. വീട്ടുകാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതും സ്ത്രീകളെ ഇറയത്ത് കാണരുത് എന്ന വ്യവസ്ഥകളും നിലനിന്നിരുന്നു. മാറുമറയ്ക്കല്‍ സമരം മുതല്‍ തുല്യാവകാശ പോരാട്ടങ്ങള്‍ നിലനില്‍ക്കുമ്പോഴും മാഞ്ഞു പോവാതെ നിലനില്‍ക്കുന്ന ഒന്നാണ് പുരുഷാധിപത്യം.

മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും തുല്യതാവകാശം എപ്പോഴും ദമ്പതികളുടെ ഇടയില്‍ കലഹം സൃഷ്ടിക്കാറുണ്ട്. ഒരു വശത്ത് പുരുഷാധിപത്യം ആണ് വിഷയം എങ്കില്‍ മറുവശത്ത് ഫെമിനിസവും പ്രശ്‌നമാകാറുണ്ട്. സ്ത്രീകളില്‍ ഉണ്ടാവുന്ന തുല്യതാ വകാശബോധം പങ്കാളിയുമായുള്ള തര്‍ക്കത്തിലേക്ക് എത്താറുണ്ട്. ദമ്പതികള്‍ ഒന്നാണ് എന്നുള്ള ചിന്തയും രണ്ടുപേരും പരസ്പരം ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ അവരുടെ ബന്ധം വളരുകയും നല്ലൊരു കുടുംബം പടുത്തുയര്‍ത്താനും അവര്‍ക്ക് സാധിക്കും.

സോഷ്യല്‍ മീഡിയ: വിവാഹമോചനത്തെക്കുറിച്ചുള്ള ആധുനിക വീക്ഷണം ഉണ്ടായിരുന്നിട്ടും, പുതിയ ഘടകങ്ങള്‍ വേര്‍പിരിയലിന് കാരണമാകുന്നു. വിവാഹങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന സോഷ്യല്‍ മീഡിയയാണ് ഇതിന് പ്രധാന കാരണം. സമൂഹ്യമാധ്യമങ്ങള്‍ കുടുംബബന്ധങ്ങളില്‍ നല്ലതും മോശവുമായ പങ്കുവഹിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയുട അമിത ഉപയോഗവും, ഇത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് നിരവധി പഠനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പുതിയ തലമുറയുടെ വിവാഹജീവിതത്തിലെ താളപ്പിഴകള്‍ സോഷ്യല്‍ മീഡിയ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്.ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വിവാഹങ്ങള്‍ അവസാനിപ്പിക്കാന്‍ മാത്രമല്ല അവ വിവാഹമോചന നടപടികളെ സാരമായി ബാധിക്കുകയും ഒരു കേസിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു.

സോഷ്യല്‍ മീഡിയ ഒരു ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന ഏറ്റവും സാധാരണമായ ചില വഴികള്‍ ഇവയാണ്. സോഷ്യല്‍ മീഡിയയോടുള്ള അമിതമായ ആസക്തി ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് കുടുംബപരമായ ഉത്തരവാദിത്വത്തില്‍ ശ്രദ്ധ കുറയുന്നതിന് കാരണമാകുന്നു മിക്കപ്പോഴും വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുന്ന ദമ്പതികളില്‍ സാമൂഹിക മാധ്യമമായ വാട്‌സ്ആപ്പ് ,ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയുടെ ശക്തമായ ഇടപെടലുകള്‍ കാണാന്‍ കഴിയുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് മിക്കപ്പോഴും തുടങ്ങുന്നത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോസില്‍ നിന്നാണ്. കൂടുതല്‍ ലൈക്ക് കിട്ടുന്ന, അല്ലെങ്കില്‍ ഫോളോവേഴ്‌സിനെ ലഭിക്കുന്നത് പങ്കാളികള്‍ക്ക്ക്കിടയില്‍ തര്‍ക്കങ്ങള്‍ക്കും അസൂയയ്ക്കും കാരണമാകുന്നു. ഇതു മാത്രമല്ല സോഷ്യല്‍ മീഡിയ ഉപയോഗം കുടുംബപരമായ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ വീഴ്ച വരുത്തുന്നു. സോഷ്യല്‍ മീഡിയയുടെ ഉപയോഗം കൂടുന്നതിനനുസരിച്ച് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ആശയവിനിമയം കുറയുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമാവാറുണ്ട്. സോഷ്യല്‍ മീഡിയ വഴി ചെയ്യുന്ന ബിസിനസുകളും കുടുംബബന്ധം തകരുന്നതിന് കാരണമാവാറുണ്ട്. സോഷ്യല്‍ മീഡിയ ബിസിനസില്‍ താല്‍പര്യം കാണിക്കുന്ന അല്ലെങ്കില്‍ വലിയ വിജയം കൈവരിച്ച ദമ്പതികള്‍ക്ക് കുടുംബബന്ധത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ കഴിയാതെ പോകുന്നു. ഇത് കുടുംബബന്ധത്തില്‍ തര്‍ക്കങ്ങള്‍ സൃഷ്ടിക്കുകയും
തന്റെ ബിസിനസിന് കുടുംബം ഒരു തടസ്സമാണെന്നുമുള്ള തോന്നല്‍ പങ്കാളിയില്‍ ഉടലെടുക്കുന്നു.

സാമൂഹ്യ മാധ്യമം ദമ്പതികളില്‍ ആത്മവിശ്വാസക്കുറവിന് കാരണമാവുന്നു. ദമ്പതികളില്‍ ഒരാളുടെ സൗന്ദര്യത്തെ മറ്റൊരു പങ്കാളി എത്രത്തോളം പ്രശംസിച്ചാലും ആത്മവിശ്വാസക്കുറവും ആത്മാഭിമാനവും സംശയവും പങ്കാളിയില്‍ തളം കെട്ടി നില്‍ക്കുന്നു. അതുപോലെതന്നെ മറ്റുള്ളവരുടെ തികഞ്ഞ ജീവിതവുമായി തന്റെ ജീവിതത്തെ താരതമ്യം ചെയ്യുകയും തല്‍ഫലമായി കുടുംബ ബന്ധത്തില്‍ പിരിമുറുക്കവും അസന്തുഷ്ടതയും ഉണ്ടാക്കുന്നു.

3. പരസ്പര ബന്ധങ്ങളിലെ വിള്ളല്‍

പൊരുത്തപ്പെടല്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളിലെ അടുപ്പകുറവ് ദമ്പതികളില്‍ അകല്‍ച്ച ഉണ്ടാകാന്‍ മറ്റൊരു പ്രധാനപ്പെട്ട കാരണമാണ്. പങ്കാളിക്ക് കുടുംബാംഗങ്ങളുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയാതെ വരുന്നത് ഇപ്പോള്‍ ഒട്ടുമിക്ക കുടുംബങ്ങളിലും കാണാന്‍ സാധിക്കുന്നു. പങ്കാളിയുടെ മാതാപിതാക്കളും സഹോദരങ്ങളുമായി ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങള്‍, സ്ത്രീധനത്തിന്റെ പേരിലുള്ള വഴക്കുകള്‍, ദമ്പതികളുടെ ഇടയിലേക്ക് മാതാപിതാക്കളുടെ കടന്നുകയറ്റം തുടങ്ങിയവ പ്രധാന വിഷയങ്ങളാണ്.

സ്ത്രീധനം: സ്ത്രീധനം ഗുരുതരമായ ഒരു പ്രശ്‌നം തന്നെയാണ്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണെന്ന് മുദ്രാവാക്യമായി കൊണ്ട് നടക്കുന്നുണ്ടെങ്കിലും സ്വര്‍ണത്തിലോ, പണത്തിലോ കുറവ് വന്നാല്‍ അവിടെ കലഹം തുടങ്ങും.അതിന്റെ പേരില്‍ വാക്ക് തര്‍ക്കങ്ങളും ഇറക്കിവിടലുകളും ഒട്ടും കുറവല്ല.

ലൈംഗികപീഡനങ്ങള്‍: ശാരീരിക മാനസിക ലൈംഗികപീഡനങ്ങള്‍ ദമ്പതികളുടെ ഇടയില്‍ കൂടിവരുന്നതായി കാണാം. പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ വരുമ്പോള്‍ അത് ശാരീരിക പീഡനത്തലേക്ക് എത്തിക്കുന്നു സ്ത്രീധനത്തിന്റെ പേരിലോ സംശയത്തിന്റെ പേരിലോ വ്യക്തിസ്വാതന്ത്ര്യം കൊടുക്കാതിരിക്കുകയും ചെയ്യുമ്പോള്‍ പങ്കാളികള്‍ മാനസികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. പങ്കാളിക്ക് താല്‍പര്യമില്ലാത്ത രീതിയിലുള്ള ശാരീരിക ബന്ധങ്ങളും വിവാഹമോചനത്തിലേക്ക് എത്തിക്കുന്നു.

വൈവാഹിക ജീവിതത്തിനപ്പുറമുള്ള മറ്റു ബന്ധങ്ങള്‍: പങ്കാളിയില്‍ ആര്‍ക്കെങ്കിലും വൈവാഹിക ജീവിതത്തിന് പുറത്തുണ്ടാകുന്ന വൈകാരികബന്ധം വിവാഹമോചനത്തിന് ഒരു പ്രധാന കാരണമായി കാണാറുണ്ട്. താന്‍ വഞ്ചിക്കപ്പെട്ടുകയാണ് എന്ന് പങ്കാളി തിരിച്ചറിയുമ്പോള്‍ ആ ബന്ധം തുടര്‍ന്നു പോകാന്‍ ആഗ്രഹിക്കുന്നില്ല. പങ്കാളിയെക്കാള്‍ അടുപ്പം മറ്റു വ്യക്തികളോട് തോന്നുകയും ദമ്പതികളുടെ ഇടയിലുള്ള ശാരീരിക അകല്‍ച്ചയ്ക്ക് അത് കാരണമാവുകയും ചെയ്യും. പങ്കാളിയെ സ്‌നേഹിക്കാന്‍ കഴിയുന്നില്ല, പങ്കാളിയുമായി ശാരീരിക അടുപ്പം തോന്നുന്നില്ല, ശാരീരികബന്ധത്തില്‍ സന്തോഷം കിട്ടുന്നില്ല, പങ്കാളിയില്‍ നിന്ന് സ്‌നേഹം ലഭിക്കുന്നില്ല എന്നുള്ള പ്രശ്‌നങ്ങള്‍ പ്രധാനമായും കണ്ടുവരുന്നു.

കടന്നുകയറ്റം: മാതാപിതാക്കളുടെയോ, ബന്ധുക്കളുടെയോ, സഹോദരങ്ങളുടെയോ, സുഹൃത്തുക്കളുടെയോ കടന്നുകയറ്റവും ഒരു പ്രധാന വിഷയമാണ്. കുടുംബജീവിതത്തില്‍ ദമ്പതികളുടെ അതിര്‍ത്തിയില്‍ കടന്നുകയറി അവരുടെ ജീവിത കാര്യങ്ങളില്‍ തീരുമാനം എടുക്കുകയും അതിലൂടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതും സാധാരണമാണ്. ദമ്പതികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവരുടെ ജീവിതത്തിലെ പ്രധാന കാര്യങ്ങളില്‍ (ജോലി കുട്ടികള്‍ തുടങ്ങിയവ) അഭിപ്രായങ്ങള്‍ പറയുകയും അവരുടെ കാര്യങ്ങളില്‍ നിയന്ത്രണം വയ്ക്കുകയും ചെയ്യുമ്പോള്‍ ബന്ധങ്ങള്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്.

വിവാഹമോചനവും കോടതി നടപടികളും

പരസ്പരം ഒന്നിച്ചു പോവാന്‍ കഴിയില്ല എന്ന കാരണത്താല്‍ ഭാര്യക്കോ ഭര്‍ത്താവിനോ വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കുവാന്‍ അവകാശമുണ്ട്. വിവാഹമോചന കേസുകള്‍ കേള്‍ക്കാനും തീര്‍പ്പുകല്‍പ്പിക്കാനുമുള്ള അധികാരം ഭാര്യാഭര്‍ത്താക്കന്മാരായി അവസാനമായി താമസിച്ച സ്ഥലത്തെ കുടുംബകോടതിക്കാണ്.

പരസ്പര സമ്മതത്തോടെയുള്ള വേര്‍പിരിയല്‍ (മ്യൂചല്‍ ഡിവോസ്)

ദമ്പതികള്‍ക്കിടയില്‍ കണ്ടുവരുന്ന ഒരു വിവാഹമോചനമാണ് പരസ്പര സമ്മതത്തോടെയുള്ള വേര്‍പിരിയല്‍ അഥവാ (മ്യൂചല്‍ ഡിവോസ്). ഭാര്യയും ഭര്‍ത്താവും പരസ്പരസമ്മതത്തോടെ ഈ വിവാഹം തുടര്‍ന്നു പോവാന്‍ കഴിയില്ല എന്ന് തീരുമാനിച്ചാല്‍ അവര്‍ക്ക് വിവാഹമോചനത്തിന് അവകാശമുണ്ട്.
പരസ്പരസമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ നല്‍കുന്ന ദമ്പതികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷമായി വേര്‍പെട്ടു ജീവിക്കുന്നു, രണ്ടുപേരും ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ല എന്ന് സമ്മതിച്ചിട്ടുണ്ട്, ഒരാള്‍ മറ്റൊരാളുടെ നിര്‍ബന്ധത്തിനു വഴങ്ങിയല്ല പരാതി നല്‍കുന്നത് എന്നീ കാര്യങ്ങളാണ് കുടുംബകോടതിയില്‍ പരിഗണിക്കപ്പെടുന്നത്. ഇങ്ങനെ കോടതിയിലെത്തുന്ന ഒരു അപേക്ഷ കോടതി ആറുമാസ കാലത്തേക്ക് പരിഗണിക്കാതെ വെക്കുന്നു ഈ കാലയളവില്‍ ദമ്പതികള്‍ക്ക് തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഈ സമയത്ത് ദമ്പതികള്‍ കൗണ്‍സിലിംഗ് നടപടിയില്‍ കൂടി കടന്നു പോവുന്നു. വിവാഹമോചന വ്യവഹാര പ്രക്രിയ അല്ലെങ്കില്‍ നടപടിയില്‍ കൂടി കടന്നുപോകുന്ന ദമ്പതികള്‍ ഈ ഘട്ടത്തില്‍ അനുഭവിക്കുന്ന ഉത്കണ്ഠ, തീരുമാനമെടുക്കാന്‍ കഴിയാത്ത സ്ഥിതി, നിസ്സഹായവസ്ഥ, വിവാഹമോചനത്തിനുശേഷം എങ്ങനെ അതിനെ അതിജീവിക്കാം ഈ തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ കൗണ്‍സിലിംഗ് സമയത്ത് മനശാസ്ത്ര വിദഗ്ധന്‍ മനസ്സിലാക്കി അതിനെ അതിജീവിക്കാനുള്ള വഴികള്‍ ശാസ്ത്രീയമായ രീതിയില്‍ നല്‍കുന്നു.

CONTESTING DIVORCE

വിവാഹമോചനത്തില്‍ ദമ്പതികള്‍ക്കിടയില്‍ കണ്ടുവരുന്ന മറ്റൊരു രീതിയാണ് പങ്കാളിയില്‍ ഒരാള്‍ വേര്‍പിരിയല്‍ ആഗ്രഹിക്കുകയും മറ്റൊരാള്‍ അതിനെ നിരസിക്കുകയും ചെയ്യുന്നത് (Contesting divorce). ഇങ്ങനെയുള്ള വിവാഹമോചന രീതിക്ക് ഒരു സമയ പരിധിയും കോടതി നിശ്ചയിക്കുന്നില്ല. എന്നാല്‍ ഈ തരത്തിലുള്ള വിവാഹമോചന രീതി സ്വീകരിക്കാന്‍ ധാരാളം കാരണങ്ങളുണ്ട്.

കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ളത് :{CHILD CUSTODY} വിവാഹമോചനത്തിന് അപേക്ഷ നല്‍കുന്ന ദമ്പതികള്‍ ഈ പരാതി കൂടാതെ ഇതുമായി ബന്ധപ്പെട്ട് മറ്റു പരാതികളും നല്‍കുന്നു, അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ളത് (child custody). വിവാഹമോചനം ആഗ്രഹിക്കുന്ന ദമ്പതികളുടെ കുട്ടികളുടെ ചുമതല ആര്‍ക്ക് എന്നതാണ് ഇവിടെ നിശ്ചയിക്കുന്നത്. കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലിയുള്ള പരാതി കുടുംബകോടതിയില്‍ നല്‍കിയാല്‍ ജഡ്ജി വ്യക്തമായി പരിശോധിച്ച് മാത്രമേ വിധി പറയാറുള്ളൂ. ഇവിടെ പ്രധാനമായും കോടതി ശ്രദ്ധകേന്ദ്രീകരിക്കുന്നത് കുട്ടിക്ക് ജീവിക്കാനുള്ള നല്ല ചുറ്റുപാട്, സാമ്പത്തികം, വിദ്യാഭ്യാസം, കുട്ടിയെ നല്ല ഒരു വ്യക്തിയായി വളര്‍ത്താന്‍ ആര്‍ക്കാണ് സാധിക്കുക എന്നത് മനസ്സിലാക്കുകയും കുട്ടിയുടെ താല്‍പര്യം അറിഞ്ഞതിനു ശേഷവും മാത്രമേ വിധി പറയാറുള്ളു. ഇങ്ങനെയൊരു പരാതി കോടതിയിലെത്തുന്നത് വഴി ദമ്പതികള്‍ക്കും അവരുടെ കുട്ടികള്‍ക്കും പലതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായി കണ്ടുവരുന്നു ഈ അവസ്ഥയില്‍ മനശാസ്ത്ര കൗണ്‍സിലറുടെ പിന്തുണ അത്യാവശ്യമാണ്.

വിവാഹ മോചിതയാവുന്ന തൊഴില്‍രഹിതയായ സ്ത്രീക്കും അവരുടെ കുട്ടികളെ സംബന്ധിച്ച് അവര്‍ക്ക് ആവശ്യമായ പണം ഭര്‍ത്താവ് നല്‍കണമെന്ന് നിയമവ്യവസ്ഥയുണ്ട്. ഇതിനു വേണ്ടിയും കോടതിയില്‍ പരാതികള്‍ നല്‍കുന്നതായി കാണാറുണ്ട്. ഇങ്ങനെ നല്‍കുന്ന പരാതി ജീവനാംശത്തിന് ഉള്ളതായി കണക്കാക്കുന്നു.

വിവാഹമോചന പരാതികളുമായി കോടതിയെ സമീപിക്കുന്ന ദമ്പതികള്‍ക്ക് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ കോടതിയുടെ അഭിപ്രായപ്രകാരം വേര്‍പിരിഞ്ഞു താമസിക്കാം. ഒരുവര്‍ഷ കാലാവധിയാണ് ഇതിന്‍ കോടതി നല്‍കുന്നത്. ഈ കാലയളവില്‍ ദമ്പതികളില്‍ മാനസാന്തരം ഉണ്ടായി യോജിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിവാഹമോചനത്തിന് കോടതിയെ വീണ്ടും സമീപിക്കാവുന്നതാണ്.

കുടുംബ കോടതിയില്‍ എത്തുന്ന പരാതികള്‍ കോടതിയുടെ അകത്തുനിന്ന് രമ്യമായി പരിഹരിക്കാന്‍ വേണ്ടി കോടതി തന്നെ ഇടപെട്ട് മധ്യസ്ഥ ചര്‍ച്ചകള്‍ വാഹിക്കാറുണ്ട്, അതിനൊപ്പം തന്നെ കൗണ്‍സിലിംഗ് പ്രക്രിയയില്‍ പങ്കെടുക്കുവാനും ദമ്പതികള്‍ നിര്‍ബന്ധിതരാവുന്നു.

മധ്യസ്ഥത പ്രക്രിയ

ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കുടുംബ കോടതി നല്‍കുന്ന ഒരു വഴിയാണ് മധ്യസ്ഥത പ്രക്രിയ അല്ലെങ്കില്‍ മീഡിയേഷന്‍ പ്രോസസ്. ദമ്പതികള്‍ക്കിടയില്‍ മൂന്നാമതായി ഒരാള്‍ നില്‍ക്കുന്നു ഈ വ്യക്തിയാണ് മധ്യസ്ഥത വഹിക്കുന്നത്. ഒരു വ്യത്യസ്തമായ ആശയവിനിമയവും ചില അഭിപ്രായ സമന്യയങ്ങളും ഉപയോഗിച്ച് ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. മധ്യസ്ഥത വഹിക്കുന്ന വ്യക്തി ദമ്പതികളുടെ ആവശ്യങ്ങളും, അവകാശങ്ങളും, ഇഷ്ടങ്ങലിലുമാണ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഈ പ്രക്രിയ തുറന്ന ഒരു ആശയവിനിമയമാണ്, ഇതില്‍ നിന്നും ഭാര്യയ്ക്കും ഭര്‍ത്താവിനും യോജിച്ചു പോവാന്‍ കഴിയുന്ന തരത്തിലുള്ള ഒരു തീരുമാനമെടുക്കാന്‍ കഴിയുന്നവര്‍ ഒരു വ്യവസ്ഥ ഉണ്ടാക്കി വേര്‍പിരിയല്‍ എന്ന തീരുമാനത്തില്‍ നിന്ന് പിന്മാറുകയും അത് കോടതിയെ ബോധിപ്പിക്കുകയും ചെയ്യുന്നു.

കൗണ്‍സിലിംഗ് പ്രക്രിയ

കുടുംബ കോടതിയുടെ ഒരു ഭാഗമാണ് കൗണ്‍സിലിംഗ് പ്രക്രിയ. പരാതിയുമായി കോടതിയെ സമീപിക്കുന്നത് ദമ്പതികള്‍ക്ക് നിര്‍ബന്ധമായും കൗണ്‍സിലിങ്ങിന് പങ്കെടുക്കുവാന്‍ ജഡ്ജി ഉത്തരവിടുന്നു. മനശാസ്ത്ര വിദഗ്ധര്‍ ദമ്പതികള്‍ക്കിടയില്‍ ഉള്ള പ്രശ്‌നങ്ങള്‍ വളരെ വ്യക്തമായി മനസ്സിലാക്കുകയും പരിഹരിക്കാന്‍ പറ്റുന്നതരത്തിലുള്ളവയാണോ എന്ന് നോക്കി കൃത്യമായി ഇടപെട്ട് ദമ്പതികളെ പരിഹരിക്കാന്‍ സഹായിക്കുകയും അവരില്‍ ഒരു ഉള്‍ക്കാഴ്ച നല്‍കുകയും ചെയ്യുന്നു.
കൗണ്‍സിലിംഗിനായി കോടതിയില്‍ നിന്നു വരുന്ന ദമ്പതികള്‍ക്ക് വ്യക്തിഗത കൗണ്‍സിലിംഗ് നല്‍കുന്നു. ഇങ്ങനെ നല്‍കുന്നതുവഴി ദമ്പതികളുടെ ഉല്‍ക്കണ്ഠയും പേടിയും സമ്മര്‍ദ്ദവും മനസ്സിലാക്കുകയും വ്യക്തിഗത പിന്തുണ നല്‍കുകയും ചെയ്യുന്നു. അതുപോലെതന്നെ ഈ വിവാഹ ബന്ധം തുടര്‍ന്നാല്‍ ജീവിത പങ്കാളിയും കുട്ടികള്‍ക്കും ആപത്ത് സംഭവിക്കുമെന്ന തരത്തില്‍ ഉള്ളതാണെങ്കില്‍ അല്ലെങ്കില്‍ പങ്കാളിയില്‍ ഒരാള്‍ മാനസിക രോഗത്തിന് അടിമയാണെങ്കില്‍ ഒന്നിച്ചു പോകാന്‍ പങ്കാളിക്ക് കഴിയാത്ത സാഹചര്യമാണെങ്കില്‍ മനശാസ്ത്ര വിദഗ്ധര്‍ അത് കോടതിയെ അറിയിക്കുകയും ഉചിതമായ ഒരു തീരുമാനം എടുക്കുകയും ചെയ്യുന്നു.

കോടതി നടപടിയും ദമ്പതികള്‍ അഭിമുഖീകരിക്കുന്ന മാനസിക പ്രശ്‌നങ്ങളും

വേര്‍പിരിയല്‍ നടപടിയെ അഭിമുഖീകരിക്കുന്ന ദമ്പതികള്‍ ധാരാളം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചെലവ് (Expense). കോടതിയെ അഭിമുഖീകരിക്കുന്ന ദമ്പതികള്‍ അവര്‍ക്കുവേണ്ടി കോടതിയെ പ്രതിനിധാനം ചെയ്യുന്നത് അഭിഭാഷകന്‍ മുഖേനയാണ്. അഭിഭാഷകന്റെ കഴിവും, പ്രവര്‍ത്തി പരിചയവും അനുസരിച്ച് വലിയൊരു തുക അവര്‍ നല്‍കേണ്ടതായി വരുന്നു. അതുമാത്രമല്ല നിരന്തരമായി കോടതിയെ സമീപിക്കുന്നത് വഴി യാത്ര ചിലവ്, ജോലിക്കു പോവാന്‍ കഴിയാത്ത അവസ്ഥ സാമ്പത്തിക ഉത്ക്കണ്ഠ ഉണ്ടാവാന്‍ കാരണമാവുന്നു.
വിവാഹമോചന നടപടിയിലേക്ക് കടക്കുന്ന ദമ്പതികള്‍ക്ക് പൊതുവേ വീട്ടുകാരില്‍ നിന്നോ, ബന്ധുക്കളില്‍ നിന്നോ വേണ്ടത്ര പിന്തുണ ലഭിക്കാറില്ല. അതു മാത്രമല്ല അവരെ സമൂഹത്തില്‍ നിന്ന് അവഗണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇത് വിവാഹമോചന പ്രക്രിയയിലൂടെ കടന്നു പോകുന്ന ദമ്പതികളെ സംബന്ധിച്ച് മാനസികമായും കൂടുതല്‍ തളരാന്‍ കാരണമാവുന്നു.

വിവാഹമോചനവും അനന്തരഫലങ്ങളും

വിവാഹമോചനം ദമ്പതികള്‍ക്കിടയില്‍ ശാരീരികവും, വൈകാരികവും, മാനസികവും, സാമ്പത്തികവും, സാമൂഹികവുമായ നിരവധി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ചില ദാമ്പത്യ ബന്ധങ്ങളില്‍ വിവാഹമോചനം വളരെ പ്രാധാന്യമര്‍ഹിക്കുന്നു എന്നതും ഒരു യാഥാര്‍ഥ്യമാണ്. ചില ദമ്പതികളില്‍ വിവാഹമോചനം അവരുടെ ജീവിതത്തില്‍ സന്തോഷവും വെളിച്ചവും സൃഷ്ടിക്കും. അതേസമയം അത് വേദനാജനകമായ ഒരു അനുഭവം കൂടിയാകുന്നു. വിവാഹമോചനം ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ സ്വാഗതാര്‍ഹമായി സംഭവിക്കുന്ന ഒന്നല്ല. പലതവണ ശ്രമിച്ചാലും ചില ബന്ധങ്ങളില്‍ വിവാഹമോചനം അനിവാര്യമായ ഘടകമായി മാറുന്നു. ആ വഴികളിലൂടെ കടന്നു പോകുമ്പോഴും അത് കഴിഞ്ഞു ഉണ്ടാകുന്ന വേദനകള്‍ ചില വ്യക്തികളുടെ ജീവിതത്തെ എന്നും വേട്ടയാടുന്നതാണ്.

വൈകാരിക പ്രശ്‌നങ്ങള്‍

സ്വയം വഞ്ചിക്കപ്പെട്ടു എന്ന തോന്നല്‍, കുറ്റബോധം, വിവാഹമോചനത്തിന് ഭാഗമായി കണ്ടേക്കാവുന്ന ആഘാതം എന്നീ വൈകാരിക പ്രതിഫലനങ്ങള്‍ പല ദമ്പതികളിലും കണ്ടുവരുന്നു. സ്വന്തം പങ്കാളിയില്‍ നിന്ന് നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി എന്ന യാഥാര്‍ത്ഥ്യം കുറച്ചുനാളത്തേക്ക് അംഗീകരിക്കാന്‍ കഴിയാതെ വരുന്നു. ഇത് വ്യക്തിയില്‍ വളരെയധികം മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന. യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ മനസ്സ് തയ്യാറാവുന്നില്ല അതിലുപരി നിങ്ങള്‍ ആ വ്യക്തിയാല്‍ വഞ്ചിക്കപ്പെട്ടതായും ഉപേക്ഷിക്കപ്പെട്ടതായും അനുഭവപ്പെടുന്നു.
ചില ദമ്പതികളില്‍ വിവാഹമോചനത്തിനുശേഷം ഏറ്റവും കാണപ്പെടുന്ന ഒരു മാനസികഭാവമാണ് കുറ്റബോധം. തന്റെ തെറ്റു കൊണ്ടാണ് വിവാഹം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നത് എന്ന തോന്നല്‍ അവരില്‍ കുറ്റബോധത്തിന് തുടക്കം കുറിക്കുന്നു. വിവാഹമോചനം പലരിലും ഹൃദയം തകര്‍ക്കുന്ന ഒരു അനുഭവമായിരിക്കും ഒരുമിച്ചുണ്ടായിരുന്ന നാളുകളെ കുറിച്ചുള്ള ചിന്തകള്‍ സന്തോഷകരവും വേദനാജനകവുമായ ഓര്‍മ്മകള്‍ അവരുടെ മനസ്സിനെ അലട്ടുന്നതും അസ്വസ്ഥപ്പെടുത്തുന്നതുംയിരിക്കും. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാനും അതില്‍ നിന്ന് കരകയറാനും ഒരുപാട് കാലം എടുത്തെന്നിരിക്കും.

ഒരു വ്യക്തിയെ സംബന്ധിച്ച് ജീവിതത്തില്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടാവുന്നത് സ്വാഭാവികമാണ്. വിവാഹമോചിതരായ ഒരു വ്യക്തിയെ അനുബന്ധിച്ച് കുറച്ചുകാലം ജീവിതത്തില്‍ കോപം, നീരസം, സങ്കടം, ആശ്വാസം, ഭയം , ആശയകുഴപ്പം എന്നീ നിരവധി വൈരുദ്ധ്യാത്മക വികാരങ്ങള്‍ അനുഭവപ്പെടുന്നു. ഈ വികാരങ്ങളെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നതിന് പകരം പലപ്പോഴും ഈ വേദനാജനകമായ വികാരത്തെ അടിച്ചമര്‍ത്തുകയും അവഗണിക്കുവാനും ശ്രമിക്കുന്നു. ഇത് ദീര്‍ഘകാല വൈകാരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

മാനസിക പ്രശ്‌നങ്ങള്‍

വിവാഹമോചനത്തിന് ശേഷമുള്ള ആദ്യനാളുകളില്‍ വ്യക്തികളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് വിഷാദരോഗത്തിന് ചില വ്യക്തമായ ലക്ഷണങ്ങളാണ്. ഒരുപാട് പ്രതീക്ഷകളോടെ വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന സ്ത്രീക്കും പുരുഷനും അവരുടെ ദാമ്പത്യം ഒരു പരാജയമായിരുന്നു എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുന്നു. ജീവിതത്തിലുടനീളം തന്റെ സന്തോഷത്തിലും ദുഃഖത്തിലും കൂടെ ഉണ്ടാകും എന്ന് വിശ്വസിച്ചിരുന്ന വ്യക്തി മുന്നോട്ടുള്ള ജീവിതത്തില്‍ തനിക്കൊപ്പം ഇല്ല എന്ന യാഥാര്‍ത്ഥ്യം അവരെ വിഷാദരോഗത്തിന് അടിമയാക്കിയേക്കാം. എന്നാല്‍ ചിലരില്‍ പ്രതീക്ഷയില്ലാത്ത മുന്നോട്ടുള്ള ജീവിതം അവരെ ആത്മഹത്യാപ്രവണതയുണ്ടാക്കുന്നു. ഒറ്റപ്പെടല്‍, താല്പര്യമില്ലായ്മ, സന്തോഷ കുറവ്, വ്യക്തിത്വ പ്രശ്‌നങ്ങള്‍, ഉത്കണ്ഠ എന്നീ മാനസിക പ്രശ്‌നങ്ങളും അവരില്‍ കണ്ടുവരുന്നുണ്ട.
വിവാഹമോചനത്തിനു ശേഷം താന്‍ പങ്കാളിയാല്‍ ചതിക്കപ്പെട്ടു എന്ന തോന്നല്‍ അവരില്‍ ദേഷ്യം അല്ലെങ്കില്‍ വെറുപ്പ് എന്ന വികാരം രൂപപ്പെടാന്‍ കാരണമാകുന്നു. ചിലര്‍ അവരെക്കാള്‍ കൂടുതല്‍ കുട്ടികളുടെ ഭാവിയെകുറിച്ച് ഓര്‍ത്ത് വ്യാകുലതപെടും അത് പിന്നീട് ഉത്കണ്ഠ എന്ന മാനസിക രോഗത്തിലേക്ക് വഴിമാറും.

സാമ്പത്തിക പ്രശ്‌നങ്ങള്‍

സമ്പത്ത് കെട്ടിപ്പടുക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഉള്ള ഏറ്റവും നല്ല വഴികളിലൊന്നാണ് സ്ഥിരതയുള്ള ദാമ്പത്യം. എന്നാല്‍ വിവാഹമോചനം വളരെ ചിലവേറിയതാകുന്നു. വിവാഹമോചനത്തിനുശേഷം സ്ത്രീകളാണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കാരണം ഇന്നും കേരള സമൂഹത്തില്‍ സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗം ഇല്ലാതെ അവള്‍ വിവാഹം ചെയ്ത അവളുടെ ഭര്‍ത്താവിനെ സാമ്പത്തികമായി ആശ്രയിക്കുന്നത് സാധാരണമാണ്. വിവാഹമോചനത്തിന് ശേഷം തങ്ങളുടെ ആവശ്യത്തിനായി അവര്‍ ഒരുപാട് കഷ്ടതകള്‍ അനുഭവിക്കുന്നു. എന്നാല്‍ വിവാഹമോചനം ലഭിച്ചതിനുശേഷം ചില പുരുഷന്മാര്‍ കൂടുതല്‍ സമ്പാദിക്കേണ്ടതായി വരുന്നു. നിയമപരമായി ബന്ധം വേര്‍പെടുത്തുമ്പോള്‍ പുരുഷന്‍ അവന്റെ പങ്കാളിക്കും മക്കള്‍ക്കും ജീവനാംശം കൊടുക്കേണ്ടതായി വരുന്നു. പിന്നീട് പുരുഷന്‍ മറ്റൊരു വിവാഹബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അത് സാമ്പത്തിക ചെലവുകള്‍ വര്‍ധിച്ചുവരുന്നതിന് കാരണമാവുന്നു. പല പിതാക്കന്മാരും കുട്ടികളുടെ പിന്തുണ നല്‍കുന്നതില്‍ പരാജയപ്പെടുന്നു അതിനാല്‍ അതിജീവനത്തിനായി സ്ത്രീകള്‍ ഒന്നിലധികം ജോലികള്‍ ചെയ്യുന്നത് അസാധാരണമല്ല. പല കുട്ടികളും അത്യാവശ്യ കാര്യങ്ങള്‍ പോലും നിറവേറ്റാതെ ജീവിക്കുന്നു എന്നതും വേദനാജനകമാണ്.

സാമൂഹിക പ്രശ്‌നങ്ങള്‍

മുന്‍കാലങ്ങളില്‍ വിവാഹമോചനം നിയമപരമാണെങ്കിലും അത് തെറ്റായി കാണപ്പെട്ടിരുന്നു. ഈ തെറ്റിദ്ധാരണയാണ് മിക്ക വ്യക്തികളുടെയും വിവാഹമോചനത്തിനുശേഷമുള്ള അവരുടെ സാമൂഹ്യജീവിതം കുറഞ്ഞു വരാന്‍ കാരണമാകുന്നത്. വേര്‍പിരിയലിന് ശേഷമുള്ള ആദ്യനാളുകളില്‍ അവര്‍ മറ്റുള്ളവരോട് ഇടപെടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നു, ഇതിന്റെ പ്രധാന കാരണം മറ്റുള്ളവരുടെ ചോദ്യങ്ങളും കുറ്റപ്പെടുത്തലുകളുമാണ്. വിവാഹമോചനത്തിന്റെ കാരണം താനാണെന്ന് മറ്റുള്ളവര്‍ ചിന്തിക്കുമോ എന്ന് ഉത്ക്കണ്ഠ അവരില്‍ ഉടലെടുക്കുന്നു. വിവാഹമോചിതരായവരെ സമൂഹം മാറ്റിനിര്‍ത്തുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്.

വിവാഹമോചനത്തിന്റെ പ്രതിഫലനങ്ങള്‍ കുട്ടികളെ എങ്ങനെ ബാധിക്കുന്നു

മാതാപിതാക്കള്‍ വിവാഹമോചനം നേടുമ്പോള്‍ അതിന്റെ അനന്തരഫലംതിന ബലിയാടാകുന്നത് അവരുടെ കുട്ടികളും കൂടിയാണ്. വിവാഹമോചനം നേടിയ ദമ്പതികളുടെ കുട്ടികളില്‍ നിഷേധാത്മക വികാരങ്ങള്‍, ആത്മാഭിമാനമില്ലായ്മ, പെരുമാറ്റ പ്രശ്‌നങ്ങള്‍, വിഷാദം, മാനസിക വൈകല്യങ്ങള്‍ എന്നിവ കാണപ്പെടുന്നു.

വിവാഹമോചനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പലതരത്തിലുള്ള സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ കുട്ടികളാണ് ഇതില്‍ കൂടുതലും കഷ്ടതകള്‍ അനുഭവിക്കുന്നത്. ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് പോകാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ഈ സാഹചര്യത്തിലൂടെ കടന്നു പോകുന്ന കുട്ടികളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന അവസ്ഥ ഒറ്റപ്പെടലാണ്. തന്നെ ആര്‍ക്കും വേണ്ടെന്ന തോന്നല്‍ അവരെ നിരന്തരം വേട്ടയാടുന്ന. ഈ കാരണത്താല്‍ പല കുട്ടികളും കുടുംബത്തിനു പുറത്ത് അവര്‍ക്ക് പ്രാധാന്യപെട്ട വൈകാരിക ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ നിര്‍ബന്ധിതരാവുന്നു.

കുട്ടികള്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാതൃകയാണ് മാതാപിതാക്കള്‍, അതിനാല്‍ തന്നെ കുട്ടികള്‍ അവരുടെ മാതാപിതാക്കളുടെ പെരുമാറ്റം അനുകരിക്കുന്നത് സ്വാഭാവികമാണ്. മാതാപിതാക്കള്‍ പരസ്പരം നടത്തുന്ന ഇടപെടലുകള്‍ കുട്ടികള്‍ക്ക് ആത്മ ബന്ധങ്ങളെകുറിച്ചുള്ള ധാരണ സംബന്ധിച്ച് മോശം അനുഭവമാകും ഉണ്ടാവുക. ഇത് അവരുടെ സ്വഭാവ രൂപവത്കരണത്തിന് സ്വാധീനിക്കുകയും അതുവഴി ഭാവിയില്‍ അവര്‍ ഉണ്ടാക്കുന്ന ബന്ധങ്ങളില്‍ അവര്‍ മാതാപിതാക്കളുടെ പെരുമാറ്റം അനുകരിക്കാനും സാധ്യത കൂടുതലാണ്. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് വലുതാകുമ്പോള്‍ വേര്‍പിരിയനോട് അടുപ്പം കാണിക്കുകയും എല്ലാവരില്‍ നിന്നും അകന്നു നില്‍ക്കാനും ശ്രമിക്കും.

മാതാപിതാക്കള്‍ തമ്മിലുള്ള കലഹങ്ങള്‍ കുട്ടികളുടെ മനസ്സില്‍ എന്നും ഒരു വേദനയായി അവശേഷിക്കും. കുട്ടികളുടെ മുന്നില്‍ വെച്ച് പരസ്പരം വഴക്കിടുന്ന മാതാപിതാക്കള്‍ യഥാര്‍ത്ഥത്തില്‍ സ്വന്തം കുട്ടികളുടെ ജീവിതം ആഴത്തിലുള്ള കുഴിയിലേക്ക് വലിച്ചെറിയുകയാണ്. അവരുടെ മനസ്സില്‍ പ്രകാശത്തിന്റെ തിരി തെളിയിക്കേണ്ടവര്‍ തന്നെ അങ്ങനെ ചെയ്യുമ്പോള്‍ അത് കുഞ്ഞുങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. പിന്നീട് കുട്ടികള്‍ക്ക് അവരുടെ വികാരങ്ങളെ ആവശ്യമായ രീതിയില്‍ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തിച്ചേരും. മറ്റുള്ളവരുമായി സംസാരിക്കാനോ, ഇടപെടാനോ അവര്‍ തയ്യാറാവില്ല. സമൂഹത്തില്‍നിന്ന് ഈ രീതിയില്‍ അവര്‍ പിന്‍വലിക്കുമ്പോള്‍ നല്ല ഒരു സാമൂഹിക അന്തരീക്ഷം അവര്‍ക്ക് നഷ്ടമാകുന്നു. ചില കുട്ടികള്‍ അവരുടെ പഠന കാര്യത്തിലും വളരെ പിന്നോട്ട് പോവുന്നതായി നമുക്ക് കാണാന്‍ കഴിയും.

മാതാപിതാക്കള്‍ വേര്‍പിരിയുമ്പോള്‍ അതിന്റെ ഉത്തരവാദി താനാണെന്ന് കുട്ടികള്‍ കരുതുന്നു. ജീവിതത്തിലെ വൈകാരികവും വികാസ്പരവുമായ ഘട്ടങ്ങള്‍ കാരണം ഈ പ്രായത്തിലുള്ള കുട്ടികള്‍ വിവാഹമോചനത്തിനു തങ്ങള്‍ കാരണക്കാരാണെന്ന് കരുതുന്നത് സാധാരണമാണ്.

മിക്കപ്പോഴും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടുള്ള കടമകളുണ്ട്. മാതാപിതാക്കള്‍ കുട്ടിയെ പരിപാലിക്കുന്നു, കുട്ടി വളര്‍ച്ചയിലും വികാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന. എന്നാല്‍ ചിലപ്പോള്‍ ഈ റോളുകള്‍ വിപരീതമായി സംഭവിക്കാം ഒരു കുട്ടി സ്വയം ഒരു പരിചാരകനായി പ്രവര്‍ത്തിക്കുന്നു അവര്‍ ചെറുപ്പത്തില്‍ വീട് വൃത്തിയാക്കുകയോ കുടുംബകലഹങ്ങളില്‍ ഇടപെടുക പോലുള്ള മുതിര്‍ന്ന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തെക്കാം. ഈ റോള്‍ റിവേഴ്‌സല്‍ parentification എന്നറിയപ്പെടുന്നു. ഇത് ദീര്‍ഘകാല വൈകാരികവും മാനസികവുമായ പ്രത്യാഘാതങ്ങളുണ്ടാക്കും. രണ്ടുതരത്തിലാണ് parentification ഉള്ളത്. Instrumental parentification അല്ലെങ്കില്‍ emotional parentification. പ്രായത്തിന് അനുയോജ്യമല്ലാത്ത ഉത്തരവാദിത്വങ്ങള്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കുമ്പോഴാണ് instrumental parentification സംഭവിക്കുന്നത്. ഇത് കൂടുതലായും കണ്ടുവരുന്നത് ആണ്‍കുട്ടികളിലാണ്. പ്രതിവാര പലചരക്ക് സാധനങ്ങള്‍ വാങ്ങുക, ബില്ലുകള്‍ അടയ്ക്കുക, കുടുംബത്തിന് ഭക്ഷണം പാകം ചെയ്യുക,അല്ലെങ്കില്‍ രോഗിയായ ഒരു സഹോദരനെ പരിപാലിക്കുക തുടങ്ങിയ ജോലികള്‍ ഇതിനര്‍ത്ഥം.

മാതാപിതാക്കളുടെ പ്രത്യേക വൈകാരിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഒരു കുട്ടി നീങ്ങുമ്പോള്‍ Emotional parentification സംഭവിക്കുന്നു. ഇത് കൂടുതലായും കാണുന്നത് പെണ്‍കുട്ടികളിലാണ്. മാതാപിതാക്കളുടെ വൈകാരിക ആവശ്യങ്ങള്‍ മനസ്സിലാക്കാനും ആവശ്യത്തോട് പ്രതികരിക്കാനും പിന്തുണ നല്‍കാനും ഈ തരത്തിലുള്ള കുട്ടികള്‍ ആഗ്രഹിക്കുന്നു.

വിവാഹമോചനത്തിന്റെ പ്രതിഫലനങ്ങള്‍ കുടുംബാംഗങ്ങളെ എങ്ങനെ ബാധിക്കുന്നു വിവാഹമോചനം കുട്ടികളിലെന്നപോലെ കുടുംബാംഗങ്ങളെയും പലരീതിയില്‍ ബാധിക്കുന്നു. കുടുംബങ്ങളില്‍ വിവാഹമോചനം നടക്കുമ്പോള്‍ കുടുംബത്തിലെ അംഗങ്ങള്‍ക്ക് അവര്‍ പലപ്പോഴും ഒരു ബാധ്യതയായി മാറുന്നു, ഇതില്‍ കൂടുതലായും ബുദ്ധിമുട്ട് അനുഭവിക്കുന്നത് സ്ത്രീകളുടെ കുടുംബങ്ങള്‍ക്കാണ്. സ്വന്തം പങ്കാളിയില്‍ നിന്ന് വേര്‍പിരിഞ്ഞതിനുശേഷം അവര്‍ കുട്ടിയുമായോ അല്ലെങ്കില്‍ തനിച്ചോ സ്വന്തം വീട്ടില്‍ വന്നു നില്‍ക്കുന്നു ഇത് മാതാപിതാക്കളില്‍ മാനസികസമ്മര്‍ദ്ദവും ഉത്ക്കണ്ഠയും ഉണ്ടാക്കുന്നു. എന്നാല്‍ ചില വിവാഹമോചനത്തില്‍ സ്ത്രീകള്‍ സ്വന്തമായി എന്തും നേരിടാനുള്ള കഴിവുകള്‍ ഉള്ളവരായിരിക്കും. അവരുടെ സാമ്പത്തിക ചെലവുകള്‍ അവര്‍ സ്വയം വഹിക്കുകയും കുടുംബത്തില്‍ നിന്നു മാറി താമസിക്കുകയും ചെയ്യുന്നു.

വിവാഹ മോചന കൗണ്‍സിലിംഗ് അഥവാ ഡിവോഴ്‌സ് കൗണ്‍സിലിംഗിന്റെ ആവശ്യകത

വിവാഹമോചനത്തിനോടനുബന്ധിച്ചുള്ള കൗണ്‍സിലിംഗ് അഥവാ ഡിവോഴ്‌സ് കൗണ്‍സിലിംഗ് എന്നത് വിവാഹ മോചന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അവരുടെ കുട്ടികള്‍ക്കും ഉള്ളതാണ്. ഇത് സ്വകാര്യമോ കോടതിയുടെ ഉത്തരവോ മൂലം ആയിരിക്കും. വേര്‍പിരിയലിന് ശേഷമുള്ള എല്ലാവിധ പ്രയാസങ്ങളും മറികടക്കാന്‍ വേണ്ടി ഒരു സൈക്കോളജിസ്റ്റിന്റെ പ്രൊഫഷണല്‍ സഹായം തേടുന്നു. ചില സാഹചര്യങ്ങളില്‍ വിവാഹ മോചന പ്രക്രിയയില്‍ രണ്ടു വ്യക്തികളും അവരുടെ സ്വന്തം ജീവിതത്തിലേക്ക് സന്തോഷമായി മുന്നോട്ടു പോകുന്നത് നമുക്ക് കാണാം എന്നാല്‍ ചിലരില്‍ ദമ്പതികളില്‍ ഒരാള്‍ക്കോ അല്ലെങ്കില്‍ രണ്ടുപേര്‍ക്കും നഷ്ടബോധം, ഭയം, ആശയക്കുഴപ്പം, ഉത്ക്കണ്ഠ, സ്വയം സംശയം, വിഷാദം ദേഷ്യം എന്നിവ അനുഭവപ്പെടാം. ഈ തരത്തിലുള്ള വികാരങ്ങള്‍ സ്വയം വിനാശകരമായ പെരുമാറ്റങ്ങള്‍ക്ക് വഴിതെളിയിക്കും. ചില സന്ദര്‍ഭങ്ങളില്‍ ഭാവിയെ കുറിച്ചോര്‍ത്ത് അവര്‍ വ്യാകുലപ്പെടുന്നതായും കാണാം. വിവാഹമോചനം ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ആത്മീയവും മാനസികവും ശാരീരികവുമായിട്ടുള്ള കഴിവിനെ മരവിപ്പിക്കും. മാനസിക സുഖം പ്രാപിക്കാനും, മുന്നോട്ടുപോകാനും ഈ അനുഭവത്തില്‍നിന്ന് വളരാനും ഡിവോഴ്‌സ് കൗണ്‍സിലിംഗ് ആവശ്യമായി വരുന്നു.

ഡിവോഴ്‌സ് കൗണ്‍സിലിംഗില്‍ വ്യക്തിയില്‍ ശക്തിയുടേയും, പ്രത്യാശയുടെയും ഒരു നവോന്മേഷം നല്‍കിക്കൊണ്ട് അവരുടെ ദുഃഖം,നഷ്ടം, നാണക്കേട് അല്ലെങ്കില്‍ കായ്പ്പ് എന്നിവയില്‍ അവര്‍ക്ക് സ്വന്തമായി നേരിടാനുള്ള പ്രാപ്തി ഉണ്ടാക്കാന്‍ ഓരോ മനശാസ്ത്ര കൗണ്‍സിലറും നിങ്ങളെ സഹായിക്കുന്നു. സ്വന്തമായി സന്തോഷം കണ്ടെത്താനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കാര്യങ്ങളില്‍ തീരുമാനമെടുക്കാനും മുന്നോട്ടുള്ള ജീവിതത്തിലെ പ്രതിസന്ധികള്‍ നേരിടാനും വിവാഹമോചന കൗണ്‍സിലിംഗ് വളരെ പ്രധാനപെട്ടതാകുന്നു.

ജീവിതത്തില്‍ വിവാഹമോചനം എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ തകര്‍ന്ന് പോകുന്നവരാണ് ഒട്ടനവധിപേരും എന്നാല്‍ ഈ ജീവിതാവസ്ഥയെ ധൈര്യപൂര്‍വ്വം നേരിടുന്നതാണ് ആരോഗ്യപരമായ ഒരു പരിഹാരമാര്‍ഗ്ഗ. അതിനുവേണ്ടി Calicut Center for Advanced Mental Health Care and Psychotherapy നിങ്ങള്‍ക്ക് വേണ്ടത്ര സഹായങ്ങള്‍ ചെയ്യുന്നതായിരിക്കും. മാനസിക ആരോഗ്യ വിദഗ്ധരുടെ നേതൃത്വത്തില്‍ സൈക്കോതെറാപ്പിയും ഡിവോഴ്‌സ് കൗണ്‍സിലിംഗും ഇവിടെ പ്രധാനം ചെയ്യുന്നു. അത് അവരുടെ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോവാന്‍ വളരെയധികം സഹായകമാവുന്നു. ദാമ്പത്യ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ Behavioural marital therapy , Insight oriented marital therapy , Emotionally focused couple therapy, Self control therapy തുടങ്ങിയവ ഫലപ്രദമായ ഇടപെടലുകളായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

Behavioural marital therapy ആശയവിനിമയത്തിനും പ്രശ്‌നപരിഹാരനൈപുണ്യത്തിലും ഒരുവശത്ത് പരിശീലനവും പെരുമാറ്റ വിനിമയ നടപടിക്രമങ്ങളും ഉള്‍പ്പെടുന്നു, മറുവശത്ത് ഈ സമീപനത്തിലേക്ക് ഒരു വൈജ്ഞാനിക ഘടകം ചേര്‍ക്കുമ്പോള്‍ വിനാശകരമായ വിശ്വാസങ്ങള്‍, അനുമാനങ്ങള്‍, ബന്ധങ്ങള്‍ എന്നിവയെ വെല്ലുവിളിക്കാന്‍ ദമ്പതികളെ സഹായിക്കുന്നു.

Insight oriented marital therapy, Emotionally focused couple therapy എന്നീ തെറാപ്പികള്‍ ദാമ്പത്യബന്ധത്തില്‍ ദുര്‍ബലതയുടെയും നിറവേറ്റാത്ത ആവശ്യങ്ങളുടെയും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ദമ്പതികളെ സഹായിക്കുകയും ഈ വികാരങ്ങളും ആവശ്യങ്ങളും ബന്ധത്തിനുള്ളിലെ മോശമായ അവസ്ഥയ്ക്ക് അടിവരയിടുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ ദമ്പതികളെ സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ തെറാപ്പിയിലൂടെ ലക്ഷ്യമിടുന്നത്.

Self Control therapyഎന്നാല്‍ ദാമ്പത്യ ബന്ധത്തിനുള്ളിലെ വിള്ളലുകള്‍ക്ക് കാരണമാകുന്ന അവരുടെ വ്യക്തിപരമായ സംഭാവന എന്താണെന്ന് തിരിച്ചറിയാനും , അത് മാറ്റാന്‍ ഓരോ വ്യക്തിയേയും പ്രാപ്തരാക്കുന്നതിലൂടെ ദാമ്പത്യ ബന്ധത്തിലെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു .

ഫലപ്രദമായ couple therapy ഏകദേശം 20 സെക്ഷനുകള്‍ ഉള്‍പ്പെടുന്നു. ഇതില്‍ രണ്ടു പങ്കാളികളും ഉള്‍പ്പെട്ടിരിക്കണം , എന്നിരുന്നാലും individual sessions വ്യക്തിഗത പ്രശ്‌നങ്ങളെ മറികടക്കാന്‍ ഫലപ്രദമാക്കുന്നു. Couple Therapy ഒരു പങ്കാളിയുടെ മേല്‍ ആനുപാതികമല്ലാത്ത കുറ്റം ചുമത്താതെ അതില്‍ രണ്ടു പേര്‍ക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി മുന്നോട്ടുപോവുക, കൂടാതെ ഗാര്‍ഹിക പീഡനത്തിന്റെ കാര്യത്തില്‍ ശാരീരികമായി ആക്രമണകാരിയായ പങ്കാളി അവരുടെ അക്രമത്തിന് ഉത്തരവാദിത്വം ഏറ്റെടുക്കണം. ഈ പങ്കിട്ട ധാരണ പങ്കാളികളെ പരസ്പരം സഹാനുഭൂതി കാണിക്കാന്‍ അനുവദിക്കുകയും അവര്‍ ഇരുവരും ഒരു വിനാശകരമായ പ്രശ്‌നവ്യവസ്ഥയില്‍ കുടുങ്ങിക്കിടക്കുന്നത് കാണുകയും വേണം. ഫലപ്രദമായ Couple Therapy ആശയവിനിമയത്തിന്റെയും പ്രശ്‌നപരിഹാര നൈപുണ്യത്തിന്റെയും വികസനം പ്രോത്സാഹിപ്പിക്കണം, അതുവഴി ദമ്പതികള്‍ക്ക് പരസ്പരം ആവശ്യമുള്ള അടുപ്പത്തിനും സ്വയംഭരണത്തിന്നും വേണ്ടിയുള്ള ആവശ്യങ്ങള്‍ എങ്ങനെ നിറവേറ്റാമെന്ന് ചര്‍ച്ച ചെയ്യാനും അതിനുള്ള പ്രായോഗിക പദ്ധതികള്‍ വികസിപ്പിക്കാനും കഴിയും. ആശയവിനിമയവും പ്രശ്‌നപരിഹാര കഴിവുകളും കുടുംബജീവിതത്തിന്റെ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്തില്‍ ദമ്പതികളെ പരസ്പരം പിന്തുണയ്ക്കാന്‍ അനുവദിക്കുന്നു.

തയ്യാറാക്കിയത്: ഡോ. അനീഷ് തടത്തില്‍ (ചീഫ് കോണ്‍സല്‍ടെന്റ് & ക്ലിനിക്കല്‍ സൈക്കോളജിസ്‌റ് CAMP- വേനപ്പാറ), അഞ്ജന വി, അഞ്ജന എല്‍ ആര്‍, അഞ്ജലി ബാബു, ഫാത്തിമ ഫെര്‍നാസ് (കോണ്‍സല്‍ടെന്റ് സൈക്കോളജിസ്‌റ്‌സ് CAMP- വേനപ്പാറ).

Exit mobile version