ആല്‍ഫാ അക്കാദമിയില്‍ ജര്‍മന്‍ ഭാഷ പരിശീലനം

തിരുവമ്പാടി: ജര്‍മ്മന്‍ ഭാഷയില്‍ പ്രാവിണ്യം നേടുന്നതിനും വിദേശ ജോലി സ്വപ്‌നം കാണുന്നവര്‍ക്കുമായി താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫ മരിയ അക്കാദമിയില്‍ ജര്‍മന്‍ ഭാഷ പരിശീലന ക്ലാസ്സുകള്‍ ജൂലൈ 17 മുതല്‍ ആരംഭിക്കുന്നു. കുന്നമംഗലം സെന്ററിലാണ് എ1, എ2, ബി1 ക്ലാസുകള്‍ ആരംഭിക്കുന്നത്.
പരിചയസമ്പന്നരായ അധ്യാപകരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ജര്‍മ്മനിയിലേക്ക് പ്ലേസ്‌മെന്റ് സഹായവും നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 7907028758.

യുവജനങ്ങള്‍ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നവരാകണം: ബിഷപ്

പാറോപ്പടി: കെസിവൈഎം യുവജന ദിനാഘോഷവും തിരുശേഷിപ്പ് പ്രയാണ സമാപനവും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. യുവജനങ്ങളാണ് രൂപതയുടെ ശക്തിയെന്നും കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്ന ശക്തവും ഊര്‍ജ്ജസ്വലവുമായ പ്രസ്ഥാനമാണ് താമരശ്ശേരി രൂപതാ കെസിവൈഎം എന്നും ബിഷപ് പറഞ്ഞു.

”ആഴമായ ആത്മീയ അടിത്തറ ഉണ്ടെങ്കില്‍ മാത്രമേ യുവജന പ്രസ്ഥാനങ്ങള്‍ക്ക് സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കൂ. സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നവരാകണം യുവജനങ്ങള്‍. സുവിശേഷമായി തീരും എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ യുവജനങ്ങള്‍ക്ക് സാധിക്കണം.” ബിഷപ് കൂട്ടിച്ചേര്‍ത്തു. താമരശ്ശേരി രൂപതാ കെസിവൈഎമ്മിന് ചടുലമായ നേതൃത്വം നല്‍കുന്ന ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളയ്ക്കാക്കുടിയിലിനെ ബിഷപ് അനുമോദിച്ചു.

കെസിവൈഎം രൂപതാ പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ അധ്യക്ഷനായിരുന്നു. കെസിവൈഎം എസ്എംവൈഎം ജനറല്‍ സെക്രട്ടറി ഫാ. ജോര്‍ജ് വെള്ളയ്ക്കാക്കുടിയില്‍ ആമുഖപ്രഭാഷണം നടത്തി.

കെസിവൈഎം മുഖപത്രം യുവദര്‍ശനം ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയ്ക്കു നല്‍കി ബിഷപ് പ്രകാശനം ചെയ്തു. നാട് എങ്ങോട്ട് പോകണം എന്ന് തീരുമാനിക്കുന്നത് യുവജനങ്ങളാണെന്നും കരുണയുടെ ഹൃദയമുള്ളവരാകണം യുവജനങ്ങളെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. ”നന്നാവാനും ചീത്തയാവാനും ഒട്ടേറെ അവസരമുള്ള കാലമാണിത്. അവസരങ്ങളെ നല്ലതിന് വേണ്ടി ഉപയോഗപ്പെടുത്തണം. മാരക വിപത്തായ മയക്കുമരുന്നിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കണം. കര്‍മ്മം ചെയ്തുകൊണ്ടിരുന്നാല്‍ പ്രതിഫലം ദൈവം തരും.” അദ്ദേഹം പറഞ്ഞു.

അമല്‍ ജ്യോതി വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചതിന് സൈബര്‍ ആക്രമണം നേരിടേണ്ടിവന്ന അലോഹ മരിയ ബെന്നി വിശിഷ്ടാതിഥിയായിരുന്നു. ”പ്രതിസന്ധി ഘട്ടങ്ങളില്‍ ചങ്കുറപ്പോടെ സഭയോടൊപ്പം നില്‍ക്കാന്‍ കഴിയണം. സഭയെ കുറ്റം പറയുന്നവരോടൊപ്പം കൂടാതെ കാര്യങ്ങളെക്കുറിച്ച് സ്വതന്ത്രമനസോടെ പഠിക്കാന്‍ ശ്രമിക്കണം. ഉള്ളിലുള്ള വിശ്വാസത്തിന്റെ തീ അണയാതെ കാക്കാന്‍ കൃത്യമായ ബോധ്യത്തോടെയുള്ള വിശ്വാസത്തിലേക്ക് വളരണം. ഏതു പ്രതിസന്ധി ഘട്ടത്തിലും ഒറ്റയ്ക്കല്ല, ഒപ്പം ക്രിസ്തു ഉണ്ടെന്നുള്ള കാര്യം ഓര്‍ക്കണം.” അലോഹ പറഞ്ഞു.

പാറോപ്പടി ഫൊറോന വികാരി ഫാ. ജോസഫ് കളരിക്കല്‍, ഫാ. ആല്‍ബിന്‍ സ്രാമ്പിക്കല്‍, സിസ്റ്റര്‍ റൊസീന്‍ എസ്എബിഎസ്, ജസ്റ്റിന്‍ സൈമണ്‍, വിശാഖ് തോമസ്, അരുണ്‍ ജോഷി, ബെന്‍ ജോസഫ്, ആഷ്‌ലി തെരേസ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

പേഴ്‌സണാലിറ്റി ട്രെയ്‌നര്‍ ആന്റണി ജോയ് ക്ലാസ് നയിച്ചു. തിരുശേഷിപ്പ് പ്രയാണ സ്വീകരണശേഷം നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ഫീദെസ് ഫാമിലി ക്വിസ്: തിരുവമ്പാടി ഒന്നാമത്

താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫീദെസ് ഫാമിലി ക്വിസ് മത്സരത്തില്‍ തിരുവമ്പാടി ഇടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവമ്പാടി ഇടവകയിലെ ഷൈനി താമരക്കാട്ട് ആന്റ് ഫാമിലിയാണ് ഒന്നാം സ്ഥാനം നേടിയത്. രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം തെയ്യപ്പാറ, തേക്കുംകുറ്റി ഇടവകകള്‍ കരസ്ഥമാക്കി. തെയ്യപ്പാറ ഇടവകയിലെ സ്‌കറിയ വള്ളിയാംപൊയ്കയില്‍ ആന്റ് ഫാമിലി, തേക്കുംകുറ്റി ഇടവകയിലെ ജോമോന്‍ പാഴിയാങ്കല്‍ ആന്റ് ഫാമിലി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. 15 ടീമുകളാണ് മേരിക്കുന്ന് പിഎംഒസിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തത്.

ഒന്നും രണ്ടും മൂന്നും സമ്മാനാര്‍ഹര്‍ക്ക് യഥാക്രമം 15,000 രൂപ, 10,000 രൂപ, 5000 രൂപ എന്നിങ്ങനെ സമ്മാനങ്ങള്‍ ലഭിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു. കെം ഫാര്‍മ മഞ്ചേരി, ഫാത്തിമ ഡ്രഗ് ലൈന്‍ മഞ്ചേരി, അഡ്വ. ബീന ജോസഫ് പാലയൂര്‍ മഞ്ചേരി എന്നിവരാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ വിശ്വാസ പരിശീലനം (50%), വിശുദ്ധ കുര്‍ബാന പുസ്തകം- റാസക്രമം (20%), താമരശ്ശേരി രൂപത കലണ്ടര്‍ (20%), സഭാസംബന്ധമായ പൊതു ചോദ്യങ്ങള്‍ (10%) എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ ക്വിസ് മത്സരത്തില്‍ കൂട്ടാലിട കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ജോസ് സെബാസ്റ്റ്യന്‍ വാതല്ലൂര്‍ ക്വിസ് മാസ്റ്ററായിരുന്നു. താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്‍ കണ്‍വീനര്‍ ഫാ. ജോസഫ് കളത്തില്‍, രൂപത ലിറ്റര്‍ജി കമ്മീഷന്‍ അംഗം റിജോ കൂത്രപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

‘തളര്‍ത്താനാണ് ശ്രമമെങ്കില്‍, തളരാന്‍ ഉദ്ദേശമില്ല’: അലോഹ ബെന്നി

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജിലെ വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഭവ വികാസങ്ങള്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നീക്കമായി വഴി മാറി. നിരവധി പേര്‍ കഴമ്പില്ലാത്ത ആരോപണങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നു. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെ ജനവികാരം ഇളക്കിവിടാനുള്ള പരിശ്രമങ്ങളായി അത് മാറി. അത്തരമൊരു സന്ദര്‍ഭത്തിലാണ് കാഞ്ഞിരപ്പള്ളി രൂപതാംഗം അലോഹ മരിയ ബെന്നി സോഷ്യല്‍ മീഡിയ ലൈവിലൂടെ ഇതുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകള്‍ പങ്കുവച്ചത്. തുടര്‍ന്ന് അലോഹയെ ടാര്‍ജറ്റ് ചെയ്തുകൊണ്ടുള്ള സൈബര്‍ ആക്രമങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. അലോഹയുടെ പിതാവിന്റെ സ്ഥാപനത്തില്‍ നിന്നും ഭക്ഷണം കഴിക്കരുത് എന്നതരത്തിലുള്ള ക്യാംപെയ്ന്‍ പോലും സാമൂഹിക വിരുദ്ധര്‍ പടച്ചുവിട്ടു. സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട അലോഹ ആ അനുഭവങ്ങളെക്കുറിച്ച് മനസു തുറക്കുകയാണ്:

ചോദ്യം: അഭിപ്രായം തുറന്നു പറഞ്ഞതിന് വളരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് അലോഹയ്ക്ക് നേരിടേണ്ടി വന്നത്. ആ അനുഭവം ഒന്നു പങ്കുവയ്ക്കാമോ? ആ ദിവസങ്ങളില്‍ കരുത്ത് പകര്‍ന്നത് എന്തായിരുന്നു?

അലോഹ: ഒരുപാട് ഹേറ്റഡ് കമന്റ്‌സ് ഉണ്ടായി. ക്രിസങ്കിയെന്നും കാര്യങ്ങള്‍ വളച്ചൊടിച്ച് രൂപതയ്ക്കുവേണ്ടി നുണ പറയുന്നവളെന്നുമെല്ലാം വിശേഷിപ്പിക്കപ്പെട്ടു. ഇതെല്ലാം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. കൃത്യമായ ബോധ്യത്തോടെയാണ് ഞാന്‍ സംസാരിച്ചത്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളൊന്നും എന്നെ വേദനിപ്പിച്ചില്ല. ധാരാളം ട്രോളുകളും ഇറങ്ങിയിരുന്നു. ട്രോളുകളില്‍ കൂടി ഞാന്‍ പറഞ്ഞ കാര്യം കൂടുതല്‍ പേരിലേക്ക് എത്തിയല്ലോ എന്ന സന്തോഷമേ എനിക്കുള്ളു.
ഇതിനു മുമ്പും പല വിഷയങ്ങളിലും റിയാക്ഷന്‍സ് വീഡിയോകള്‍ ചെയ്തിട്ടുണ്ട്. മോഡണൈസായി സംസാരിക്കാന്‍ കഴിവുള്ള വിദ്യാര്‍ത്ഥി എന്ന നിലയിലായിരുന്നു എന്നെ പലരും ഇതിന് മുമ്പ് അടയാളപ്പെടുത്തിയിരുന്നത്. പക്ഷെ, ഇപ്പോള്‍ മോഡണൈസായ കാത്തലിക് ബിലീവര്‍ എന്ന് എന്നെ പലരും വിശേഷിപ്പിക്കുന്നു. ഈ പ്രശ്‌നങ്ങളൊക്കെ നടക്കുമ്പോഴും ഒരിക്കലും ഒറ്റയ്ക്കാണെന്ന് എനിക്ക് തോന്നിയിട്ടില്ല. മാതാപിതാക്കളും എസ്എംവൈഎം പ്രവര്‍ത്തകരും വൈദികരും സിസ്റ്റര്‍മാരും എന്നോടൊപ്പം ഉണ്ടായിരുന്നു. കര്‍ത്താവിനു വേണ്ടിയല്ലേ, നീ ധൈര്യമായി ചെയ്‌തോ എന്നാണ് എന്റെ അപ്പന്‍ എന്നോട് പറഞ്ഞത്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സുവിശേഷ പ്രഘോഷണത്തിന്റെ ഭാഗമാണെന്ന ബോധ്യമാണ് എനിക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നത്.

ചോദ്യം: പിതാവിന്റെ ഹോട്ടല്‍ ബഹിഷ്‌ക്കരിക്കാന്‍ സൈബറിടങ്ങളില്‍ ആഹ്വാനമുണ്ടായി. അത് എത്രത്തോളം ബാധിച്ചു?

അലോഹ: അന്നു ചെയ്ത വീഡിയോ എന്റെ അപ്പന്റെ രാഷ്ട്രീയത്തേയും ഞങ്ങളുടെ സ്ഥാപനത്തെയും ബാധിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. പക്ഷെ, എല്ലാം നല്ലതിന് എന്ന് ചിന്തിക്കുന്നയാളാണ് ഞാന്‍. കട ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം വന്നതു മുതല്‍ ചുരുങ്ങിയത് അഞ്ച് ശതമാനം കൂടുതല്‍ കച്ചവടമാണ് ലഭിക്കുന്നത്. ഈയൊരു കാരണം കൊണ്ടു മാത്രം ഞങ്ങളുടെ കടയിലേക്ക് വളരെ ദൂരെ നിന്നുപോലും ആളുകള്‍ വരുന്നുണ്ട്. വൈദികരും സിസ്റ്റര്‍മാരും അല്‍മായരും ഞങ്ങളെ കാണാനും പിന്തുണ അറിയിക്കാനും എത്താറുണ്ട്. ഞാന്‍ പറഞ്ഞതുപോലെ പറയാന്‍ ആഗ്രഹിക്കുന്ന കുറേ സാധാരണക്കാരുണ്ട്. അവരൊക്കെ കടയില്‍ എത്തി എന്നോട് സംസാരിക്കാറുണ്ട്.

ചോദ്യം: അലോഹ വര്‍ഗീയത പറയുന്നു, ശശികലയോട് ഉപമിക്കപ്പെടുന്നു ഇത്തരം ആരോപണങ്ങളെ എങ്ങനെ കാണുന്നു?

അലോഹ: കോഴിയെ കട്ടവന്റെ തലയില്‍ പപ്പുണ്ടാകുമെന്ന് പറയുന്നത് പോലെ, ഞാന്‍ പറഞ്ഞത് ചിലര്‍ക്ക് നന്നായി കൊണ്ടിട്ടുണ്ട്. അവരാണ് ഇത്തരമൊരു പ്രചരണം അഴിച്ചു വിടുന്നത്. അത്തരം കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറേയില്ല. പറഞ്ഞ് തളര്‍ത്താനാണ് ശ്രമിക്കുന്നതെങ്കില്‍ അങ്ങനെ തളരാന്‍ ഉദ്ദേശമില്ല എന്നതാണ് എന്റെ നിലപാട്. ശശികലയോട് ഉപമിച്ച് വീഡിയോകളും ട്രോളുകളും കണ്ടിരുന്നു. പക്ഷെ, അതൊന്നും എന്നെ ബാധിച്ചിട്ടില്ല. ഇങ്ങനെ ലഭിക്കുന്ന പോപ്പുലാരിറ്റി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്താന്‍ കാരണമായി എന്നാണ് എനിക്ക് തോന്നുന്നത്.

ചോദ്യം: വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ ക്രൈസ്തവര്‍ തഴയപ്പെടുകയാണോ?

അലോഹ: വോട്ടിന്റെ എണ്ണം കുടുതല്‍ എവിടെയാണോ അവിടെ അടിയുറച്ച് നില്‍ക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നത്. അതിനൊരു മാറ്റം വരണമെങ്കില്‍ നമ്മുടെ സമുദായത്തില്‍ നിന്ന് കൂടുതല്‍ നേതാക്കളെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. കൂടെ നില്‍ക്കുന്നവരെ കൂടുതല്‍ ഉയര്‍ത്തിയാല്‍ മാത്രമേ സമുദായം ശക്തമാകുകയുള്ളു. അതിനുള്ള പരിശ്രമങ്ങള്‍ എല്ലാവരുടെ ഭാഗത്തു നിന്നും ഉണ്ടാകണം.
ഒന്നെങ്കില്‍ ഇടത് അല്ലെങ്കില്‍ വലത്, കേരളത്തിലെ ക്രൈസ്തവര്‍ ഇതിനപ്പുറം പോകില്ലെന്ന ഉറപ്പാണ് ഇരു മുന്നണികളുടെയും ആത്മവിശ്വാസം. ഒരു ബദല്‍ ഉയര്‍ന്നു വരില്ലെന്ന് അവര്‍ വിശ്വസിക്കുന്നു. ആ ഒരു വിശ്വാസം മൂലമാണ് ക്രൈസ്തവരുടെ ശബ്ദം ഇരു മുന്നണികളും പലപ്പോഴും അവഗണിക്കുന്നത്.

ചോദ്യം: അലോഹ ഒരു മാതൃകയാണ്. സഭ അകാരണമായി ആക്രമിക്കപ്പെട്ടപ്പോള്‍ അലോഹ ധൈര്യത്തോടെ വസ്തുതകള്‍ വിളിച്ചു പറഞ്ഞു. ഇന്നത്തെ യുവജനങ്ങളോട് അലോഹയ്ക്ക് എന്താണ് പങ്കുവയ്ക്കാനുള്ളത്?

അലോഹ: പല വേദികളിലും എന്നെ ഒരു മാതൃകയായി അവതരിപ്പിക്കാറുണ്ട്. പക്ഷെ, ദൈവം എന്നെക്കൊണ്ട് സംസാരിപ്പിക്കുന്നു എന്നു മാത്രമാണ് ഞാന്‍ കരുതുന്നത്. ഒന്നും എന്റെ കഴിവല്ല. ഇതുപോലുള്ള ശബ്ദങ്ങള്‍ ഇനിയും മുഴങ്ങിക്കേള്‍ക്കണം എന്നാണ് എന്റെ ആഗ്രഹം. ഞാന്‍ അമല്‍ ജ്യോതി വിഷയത്തില്‍ ചെയ്ത റിയാക്ഷന്‍ വീഡിയോ അഞ്ചോ പത്തോ പേര്‍കൂടി ആ അവസരത്തില്‍ ചെയ്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.
എന്നെക്കൊണ്ട് ഇത്രയും പറ്റുമെങ്കില്‍ നിങ്ങളെക്കൊണ്ട് ഇതിലും കൂടുതല്‍ പറ്റുമെന്നാണ് യുവജനങ്ങളോട് എനിക്ക് പറയാനുള്ളത്. എന്നെക്കാളും അറിവുള്ള, സംസാരിക്കാന്‍ കഴിവുള്ള, കാര്യങ്ങളെ കൃത്യമായി അപഗ്രഥിക്കുന്ന ചെറുപ്പക്കാരുണ്ട്. ഉള്ളിലുള്ള നുറുങ്ങ് ഭയം കൊണ്ടായിരിക്കും അവര്‍ പരസ്യമായി പ്രതികരിക്കാത്തത്. അത്തരം ഭയങ്ങളെ തൂത്തെറിഞ്ഞ് ഒരുവട്ടമെങ്കിലും പരസ്യമായി പ്രതികരിക്കാന്‍ കഴിയണം. ക്രിസ്തുവിനു വേണ്ടി മരിക്കുന്നതിനേക്കാള്‍ പുണ്യം മറ്റൊന്നില്ലല്ലോ. മറ്റുള്ളവരോട് ഒപ്പംകൂടി സഭയെ കുറ്റം പറയുന്ന ക്രൈസ്തവര്‍ ആത്മവഞ്ചനയാണ് നടത്തുന്നത്. സഭ അകാരണമായി ആക്രമിക്കപ്പെടുമ്പോള്‍ ഉറച്ച നിലപാടും തെളിഞ്ഞ മറുപടിയും നല്‍കാനുള്ള വിവരവും ബോധവും യുവജനങ്ങള്‍ക്കുണ്ടാകണം. ഒരു വിഷയം വരുമ്പോള്‍ അതിനെപ്പറ്റി പഠിക്കാതെയാണ് പലരും കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നത്. അത് വലിയ പരാജയമാണ്.
ഇന്ന് മണിപ്പൂരില്‍ നടക്കുന്നത് നാളെ കേരളത്തിലും നടക്കാം. അത്തരമൊരു സാഹചര്യത്തില്‍ കര്‍ത്താവിനു വേണ്ടി നിലകൊള്ളാനും, നമുക്കും അവനോടൊപ്പം പോയി മരിക്കാം എന്നു പറയാനുമുള്ള ചങ്കുറ്റം നമുക്ക് ഉണ്ടാകണം. വരും തലമുറകള്‍ക്ക് കാട്ടിക്കൊടുക്കാന്‍ അതിലും വലിയ മാതൃക മറ്റൊന്നില്ല.

സ്റ്റാര്‍ട്ടില്‍ 100 മണിക്കൂര്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്

കോഴിക്കോട്: താമരശ്ശേരി രൂപതയുടെ പരീക്ഷാ പരിശീന കേന്ദ്രമായ സ്റ്റാര്‍ട്ടില്‍ 100 മണിക്കൂര്‍ കോംപ്രഹന്‍സീവ് ആന്റ് സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍ ജൂലൈ 22ന് ആരംഭിക്കും. ബിരുദ, ബിരുദാനന്തര ബിരുദധാരികള്‍ക്ക് പങ്കെടുക്കാം. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രഗല്‍ഭരായ അധ്യാപകരാണ് ക്ലാസ് നയിക്കുന്നത്. ശനിയാഴ്ചകളിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മള്‍ട്ടി നാഷണല്‍ കമ്പനികളിലേക്കുള്ള ഇന്റര്‍വ്യൂകള്‍, മറ്റ് ഹൈ ലെവല്‍ ഇന്റര്‍വ്യൂകള്‍ എന്നിവയ്ക്കുള്ള പ്രത്യേക പരിശീലനവും കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അഡ്മിഷനും മറ്റു വിവരങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍: 0495 2357843, 9037107843, 9744458111

മനോമയയില്‍ ‘കുട്ടികളുടെ മനഃശാസ്ത്രം’ ഓണ്‍ലൈന്‍ കോഴ്‌സ് പ്രവേശനം ആരംഭിച്ചു

മനോമയ സെന്റര്‍ ഫോര്‍ സൈക്കോളജിക്കല്‍ സ്റ്റഡീസ് സംഘടിപ്പിക്കുന്ന ‘കുട്ടികളുടെ മനഃശാസ്ത്രം’ എന്ന രണ്ട് മാസത്തേ ഓണ്‍ലൈന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. രാത്രി 8.30 മുതല്‍ 9.30 വരെ ഓണ്‍ലൈനായാണ് ക്ലാസുകള്‍. ജീവന്റെ തുടിപ്പ് ആരംഭിക്കുന്ന നിമിഷം മുതല്‍ കൗമാരത്തില്‍ എത്തുന്നതുവരെയുള്ള വിശദമായ പഠനമാണ് കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് ആദ്യ വാരം കോഴ്‌സ് ആരംഭിച്ച് സെപ്റ്റംബറില്‍ അവസാനിക്കും. 40 മണിക്കൂറാണ് കോഴ്‌സ് ദൈര്‍ഘ്യം.

ഒരു കുഞ്ഞിന്റെ ജീവിതത്തില്‍ ഗര്‍ഭാവസ്ഥയുടെ പ്രാധാന്യം, മാനസിക – വൈകാരിക – വ്യക്തിത്വ – സ്വഭാവരൂപീകരണം തുടങ്ങിയവയെക്കുറിച്ചും ഈ മേഖലകളില്‍ മാതാപിതാക്കള്‍, ബന്ധുക്കള്‍, മറ്റു സുപ്രധാന വ്യക്തികള്‍ തുടങ്ങിയവരുടെ പങ്കിനെകുറിച്ചും വിശദമായി പഠിപ്പിക്കുന്നു. കൂടാതെ കുട്ടികളിലുള്ള വിവിധ തരത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും പഠനവൈകല്യത്തെക്കുറിച്ചുമുള്ള ക്ലാസുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാതാപിതാക്കന്മാര്‍, അംഗനവാടി, നേഴ്‌സറി ടീച്ചര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, സ്‌കൂള്‍ ടീച്ചര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിര്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍മാര്‍, എംസ്ഡബ്ല്യു-സൈക്കോളജി വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് ഈ കോഴ്‌സ് ഉപകാരപ്രദമായിരിക്കുമെന്ന് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്ന കുട്ടികളുടെ മനഃശാസ്ത്ര സ്‌പെഷ്യലിസ്റ്റും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും മനോമയ ഡയറക്ടറുമായ ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍ പറഞ്ഞു.

‘മാഷേ, ചെറിയോരു ഡൗട്ട്’

ഇംഗ്ലണ്ടില്‍ കാള്‍ മാര്‍ക്‌സിന്റെ കബറിടത്തില്‍ സ്യൂട്ടും കോട്ടുമിട്ട് മുഷ്ടി ചുരുട്ടി നിന്നപ്പോള്‍ അണികളുടെ മാഷിന് മാര്‍ക്‌സിന്റെ ‘കറുപ്പ്’ അല്‍പം തലയ്ക്ക് പിടിച്ചു. ഫ്യൂഡല്‍ സമൂഹത്തിന്റെ നവകൊളോണിയലിസ ബൂര്‍ഷ്വ സംസ്‌ക്കാര ജീര്‍ണത പാടേ മറന്നു. (ഒന്നും മനസിലായില്ല അല്ലേ? പാര്‍ട്ടി ക്ലാസില്‍ പോകാത്തതുകൊണ്ടാണ്!) മികച്ച ആതുരസേവനവും അഗതികള്‍ക്കും ആലംബഹീനര്‍ക്കും അത്താണിയും ഉന്നത വിദ്യാഭ്യാസവും സേവനത്തിന്റെയും സ്‌നേഹത്തിന്റെയും നിറവില്‍ ഒരുക്കുന്ന സന്യാസിനികളെ അപമാനിച്ചിരിക്കുകയാണ് തൊഴിലാളികളുടെ മുതലാളി നേതാവ്. സ്ത്രീകളെ ആദരിക്കുന്ന മോഡേണ്‍ പാര്‍ട്ടിയുടെ കുത്സിത ലക്ഷ്യം എന്തായാലും കന്യാസ്ത്രീകളെ തൊഴിലാളികളാക്കി മാറ്റി, പുതിയൊരു ട്രേഡ് യൂണിയന്‍ കോണ്‍വെന്റുകളില്‍ സ്ഥാപിച്ച് കൊടികുത്തി ബക്കറ്റ് പിരിവിന് ഇറക്കാനുള്ള പതിനെട്ടാം അടവായി സംശയിച്ചാല്‍ മാമനോട് ഒന്നും തോന്നരുത് മക്കളെ.

കുറച്ചു കാലമായി ‘ചുവപ്പി’ന് ‘പച്ച’യോട് ഒരു പ്രണയമാണ്. കാഞ്ഞിരപ്പിള്ളിയിലെ ആറാട്ട് കണ്ട് അടിയന് തോന്നിയതാണേ… ‘ലൈന്‍’ വണ്‍വേയാവട്ടെ ടുവേയാവട്ടെ ഇന്ത്യയിലെ ഏറ്റവും മികച്ച ക്രൈസ്തവ വിദ്യാഭ്യാസ ആതുര സേവന സ്ഥാപനങ്ങളില്‍ കലാപം സൃഷ്ടിച്ച് മുതലെടുപ്പ് നടത്തി ‘വെടക്കാക്കി തനിക്കാക്കു’യെന്ന നവപ്രത്യയശാസ്ത്രം അരിഭക്ഷണം കഴിക്കുന്ന എല്ലാവര്‍ക്കും മനസിലാകും. ദേശാഭിമാനി കാപ്‌സ്യൂള്‍ തൊണ്ട തൊടാതെ വിഴുങ്ങുന്നവര്‍ക്ക് ഇതൊന്നും തിരിയില്ല. മാഷേ, ഞങ്ങള്‍ക്കായി ചോര ചിന്തിയ തമ്പുരാന്റെ ചോരയാണ് ഞങ്ങളുടെ സിരകളിലെന്ന് ഓര്‍ക്കണം.

കുറ്റനാട് നിന്നും കൊച്ചിക്ക് അപ്പം കൊണ്ടുവന്ന അമ്മായി ഇപ്പോള്‍ തമിഴ്‌നാട്ടിലേക്കും കര്‍ണ്ണാടകയിലേക്കുമാണ് പോകുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകളോടുള്ള ആദരവിന്റെ ഭാഗമായി സൗജന്യ യാത്ര നല്‍കുമ്പോള്‍ നമ്മുടെ നാട് എന്തൊരു ശോകമാണ് മാഷേ? ബംഗാളിലും ത്രിപുരയിലും ലോകത്തിലെ എവിടെയൊക്കെ നിങ്ങളുണ്ടോ അവിടെയെല്ലാം ഭരിച്ച് മുടിപ്പിച്ചില്ലേ? ദേശത്തിനും ജനത്തിനും വേണ്ടി സമര്‍പ്പിത ജീവിതം നയിക്കുന്ന കന്യാസ്ത്രീകളുടെ സേവനത്തെ പുച്ഛിക്കുന്നത് വാഴ വിപ്ലവം നടത്തുന്നവരുടെ ചിന്തയില്ലാത്തവരുടെയും വ്യാജ സര്‍ട്ടിഫിക്കറ്റുകൊണ്ട് യൂണിവേഴ്‌സിറ്റികള്‍ ഭരിക്കാന്‍ കച്ചകെട്ടിയിറങ്ങിയവരെയും കൂട്ടുപിടിച്ചല്ലേ? പുച്ഛം മാത്രം മാഷേ, പുച്ഛം മാത്രം.

പള്ളികളോടു ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കേരള നവോത്ഥാനത്തിന് അടിത്തറ പാകിയ വൈദികരെയും സന്യാസിനികളെയും വിസ്മരിക്കരുത്. പഞ്ഞത്തിന്റെയും പകര്‍ച്ചവ്യാധികളുടെയും കാലത്ത് ജനത്തിന് ശരണമായിരുന്നവരെ അധിക്ഷേപിച്ച ഗര്‍വുകൊണ്ടൊന്നും തളരുന്നതല്ല ക്രിസ്തു സ്ഥാപിച്ച സഭ.

പ്രതിരോധ ജാഥയില്‍ ആളെക്കൂട്ടിയതുപോലെയല്ല സമര്‍പ്പിത ജീവിതത്തിലേക്ക് അംഗങ്ങള്‍കടന്നു വരുന്നത്. ഓരോ സമര്‍പ്പിതരും ദൈവത്താല്‍ വിളിക്കപ്പെട്ടവരും വിശുദ്ധീകരിക്കപ്പെട്ടവരുമാണെന്ന് ബോധ്യമുണ്ടാകാനുള്ള ജ്ഞാനം കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം നല്‍കില്ല. പാമ്പാടിയിലെ ജനകീയ പ്രതിരോധ ജാഥയില്‍ യോഗം പൊളിക്കുന്നത് എങ്ങനെ എന്ന് ഗവേഷണം നടത്തുന്നവരെക്കുറിച്ച് ഗീര്‍വാണം മുഴക്കിയ അങ്ങ്, കാലങ്ങളായി പൊളിക്കുവാന്‍ നിങ്ങള്‍ ഗവേഷണം നടത്തുന്ന സഭയുടെ അടിസ്ഥാനത്തെക്കുറിച്ച് വല്ല വിവരവുമുണ്ടോ? രാഷ്ട്രീയം തൊഴിലാക്കി മാറ്റിയ തൊഴിലാളി പാര്‍ട്ടിയുടെ മുതലാളി നേതാവേ, ബ്രഹ്മപുരത്തെ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തെക്കാള്‍ ജീര്‍ണിച്ച പ്രത്യയശാസ്ത്രം തലയിലേറ്റി കത്തോലിക്കാ സഭയെ അധിക്ഷേപിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് നിലവാരമില്ലാത്ത അങ്ങയുടെ സ്ഥാനത്തിന്റെ നിലവാരത്തകര്‍ച്ച തന്നെയാണ്.

ഇംഗ്ലണ്ടില്‍ ചെന്നപ്പോള്‍ നദിപോലെ സഖാക്കള്‍ ഒഴുകി വന്നു എന്ന് വിടുവായത്തരം പറഞ്ഞ അങ്ങ് തിരിച്ചറിയണം, കേരളത്തില്‍ തൊഴിലില്ലായ്മയും കേരളം വ്യവസായ സംരംഭ സൗഹൃദ സംസ്ഥാനമല്ലാത്തതിനാലും ജീവിക്കാന്‍ വേണ്ടി ഗതികേടുകൊണ്ടു പോയവരാണ് ഇവരെല്ലാമെന്ന്. എന്നാലും എന്റെ മാഷേ, ചെറിയോരു ഡൗട്ട്, തളിപ്പറമ്പിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനത്തിന് സഭയെ വലിച്ചിഴച്ചത് എന്ത് ഉദ്ദേശത്തിലാണ്? കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ലല്ലോ. നിലവാരമില്ലാത്ത കോമഡി പറഞ്ഞ് സ്വയം ഇനിയും കോമാളിയാകല്ലേ…

ഗോവിന്ദന്‍ മാസ്റ്റര്‍ എയറിലാണ്!

അടിക്കടിയുള്ള വിവാദ പ്രസ്താവനകളിലൂടെ സൈബര്‍ ലോകത്ത് എയറിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍. ഏറ്റവും ഒടുവിലായി ഇംഗ്ലണ്ടിലെ പള്ളികള്‍ വിശ്വാസികള്‍ ഇല്ലാത്തതിനാല്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണെന്ന പ്രസ്താവന മാസ്റ്ററെ വീണ്ടും എയറിലാക്കി. തളിപ്പറമ്പിലെ ബ്ലോക്കു പഞ്ചായത്ത് ഓഫീസിന്റെ നവീകരിച്ച ഹാളുകളുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ഗോവിന്ദന്‍ മാസ്റ്ററുടെ വിവാദ പ്രസ്താവന.

ഇംഗ്ലണ്ടില്‍ ശമ്പള വര്‍ധനവിനായി വൈദികര്‍ സമരത്തിലാണെന്നും കന്യാസ്ത്രീകളുടെ സേവനം തൊഴില്‍ പോലെയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ തട്ടിവിട്ടു. ഇംഗ്ലണ്ട് സന്ദര്‍ശനം കഴിഞ്ഞെത്തിയതിന്റെ ആവേശം പ്രസംഗിച്ച് തീര്‍ത്തപ്പോള്‍ സൈബര്‍ ലോകത്ത് മാസ്റ്റര്‍ക്കെതിരെ കമന്റുകളുടെ കുത്തൊഴുക്കായി. ഇംഗ്ലണ്ടില്‍ കെ ഹോട്ടല്‍ നടത്താമെന്നും കെ റെയില്‍ ഇംഗ്ലണ്ട് വരെ നീട്ടിയാല്‍ അവിടെ പോയി അപ്പം വില്‍ക്കാമെന്നും രസികര്‍ കമന്റിട്ടു. ബംഗാളിലെയും ത്രിപുരയിലെയും പാര്‍ട്ടി ഓഫീസുകള്‍ക്ക് എന്ത് സംഭവിച്ചെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കണമെന്നും അവശ്യം ഉയരുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാക്കളുടെ ശവക്കല്ലറയിലെ പുല്ല് പറിക്കാന്‍ കേരളത്തില്‍ നിന്ന് ആളെ അയക്കേണ്ട ഗതികേടിലാണ് ആഗോളതലത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെന്നും ചിലര്‍ പരിഹസിച്ചു. ക്യൂബ സന്ദര്‍ശന വിവരങ്ങളും തുറന്നു പറയണമെന്ന് ആവശ്യപ്പെട്ടവരും നിരവധി.

എം. വി. ഗോവിന്ദന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ വിവിധ ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധിച്ചു.

കോടിയേരി ബാലകൃഷ്ണന്‍ അനാരോഗ്യത്തെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞപ്പോള്‍ മിതവാദിയും പാര്‍ട്ടിയുടെ താത്വിക മുഖമായിരുന്ന എം. വി. ഗോവിന്ദന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുകയായിരുന്നു. സ്ഥാനമേറ്റെടുത്ത ശേഷം വിവിധ സന്ദര്‍ഭങ്ങളില്‍ നടത്തിയ പ്രസ്താവനകള്‍ വിവാദമാകുകയും അദ്ദേഹത്തിന്റെ താത്വിക മുഖം അഴിഞ്ഞു വീഴുകയും ചെയ്തു. കെ റെയില്‍ നിലവില്‍ വന്നാല്‍, പാലക്കാട് കൂറ്റനാട് നിന്ന് അപ്പമുണ്ടാക്കി കൊച്ചിയില്‍ കൊണ്ടുപോയി വിറ്റ് ഉച്ച ഭക്ഷണത്തിന് മുമ്പ് തിരിച്ചെത്താമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി. കുടുംബശ്രീ പ്രവര്‍ത്തകര്‍ വന്ദേ ഭാരത് ട്രെയ്‌നില്‍ അപ്പവുമായി പോയാല്‍ രണ്ടാം ദിവസം മാത്രമേ എത്താന്‍ സാധിക്കുകയുള്ളുവെന്നും അപ്പം കേടാകുമെന്നും പറഞ്ഞ് പിന്നീട് അദ്ദേഹം തന്റെ പ്രസ്താവനയെ ന്യായീകരിച്ചു. എക്‌സൈസ് മന്ത്രിയായിരിക്കെ യുവജന സംഘടനകളിലെ അംഗങ്ങളില്‍ ഭൂരിഭാഗവും കുടിയന്മാരാണെന്ന് പറഞ്ഞും പുലിവാല് പിടിച്ചു.

ഇന്ത്യന്‍ സമൂഹത്തില്‍ വൈരുധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്ന എം. വി. ഗോവിന്ദന്റെ പ്രസ്താവന ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സര്‍ക്കാര്‍ – എസ്എഫ്‌ഐ വിരുദ്ധ ക്യാംപയിന്‍ നടത്തിയതിന് മുമ്പും കേസെടുത്തിട്ടുണ്ടെന്നും ഇനിയും കേസ് എടുക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന പിന്നീട് അദ്ദേഹത്തിന് തന്നെ തിരുത്തേണ്ടിവന്നു. സിപിഎം നടത്തിയ ജനകീയ പ്രതിരോധ ജാഥയ്ക്കിടെ മൈക്ക് ശരിയായി പ്രവര്‍ത്തിക്കാത്തതിന് എം. വി. ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററോട് ”നിന്റെ മൈക്കിന് ഞാനാ ഉത്തരവാദി” എന്ന് ചോദിച്ച് ക്ഷുഭിതനായത് വലിയ വാര്‍ത്തയായിരുന്നു.

ഇത്തരത്തില്‍ തുടരെ തുടരെയുള്ള ചിന്തയില്ലാത്ത വര്‍ത്തമാനങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

നഴ്‌സറിയില്‍ നിന്ന് പകല്‍ വീട്ടിലേക്ക്‌

പ്രശസ്തമായ ഒരു സ്വര്‍ണശാല അയല്‍ നഗരങ്ങളില്‍ ശാഖകള്‍ തുറക്കുന്ന കാലമായിരുന്നത്. എതിരാളി സ്ഥാപനം തുടങ്ങുന്നതിനു മുമ്പ് അവിടെ ശാഖ തുറക്കാനുള്ള കടുത്ത മത്സരം.

പത്രങ്ങളില്‍ പരസ്യവും നടിമാരെക്കൊണ്ടുള്ള ഉദ്ഘാടന ചിത്രങ്ങളുമെല്ലാമായി നിറഞ്ഞു നില്‍ക്കുന്ന അവസരത്തില്‍ സ്ഥാപകനായ കാരണവര്‍ ഇപ്പോള്‍ സ്ഥാപനത്തിന്റെ ശാഖകള്‍ നടത്തുന്ന മക്കള്‍ക്ക് ഒരു കുറിപ്പ് കൊടുത്തയച്ചു.

‘ഇത്ര സ്പീഡ് വേണ്ട’

മത്സരത്തിന്റെ ലഹരി കയറി മക്കള്‍ എതിരാളിയെ പിന്നിലാക്കാനുള്ള ശ്രമത്തില്‍ സ്വന്തം ശക്തി ദൗര്‍ബല്യങ്ങള്‍ മറന്ന് കാലിടറി വീഴരുതെന്നുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു ആ കുറിപ്പ്.

പ്രായത്തിന്റെ വിവേകമുള്ള ശബ്ദം മനസിലാക്കി മക്കള്‍ വേഗതയ്ക്കു നിയന്ത്രണം വച്ചപ്പോള്‍ സ്ഥാപനം സുസ്ഥിര വളര്‍ച്ചാ പാതയിലായി.

പാറപ്പുറത്തിന്റെ പ്രശസ്തമായ നോവല്‍ ‘അരനാഴിക നേര’ത്തിലെ കുഞ്ഞോനാച്ചന്‍ മക്കളും പേരക്കിടാങ്ങളും അവരുടെ മക്കളുമടങ്ങിയ വലിയ ക്രൈസ്തവ കുടുംബത്തിന്റെ കാരണവരാണ്. ദുരഭിമാനം കൊണ്ടും അഹങ്കാരംകൊണ്ടും മക്കളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കുടുംബത്തെ ആടി ഉലയ്ക്കുമ്പോള്‍ കുഞ്ഞോനാച്ചന്റെ വിവേകമുള്ള തീരുമാനമാണ് പരിഹാരത്തിനു വഴി തെളിയ്ക്കുന്നത്.

പേരും പ്രശസ്തിയുമുള്ള സ്ഥാപനങ്ങളില്‍ യുവാക്കള്‍ക്കൊപ്പം മുതിര്‍ന്ന ജീവനക്കാരുമുണ്ടാകും. വളര്‍ച്ചയുടെ കുതിപ്പിനൊപ്പം പാരമ്പര്യത്തിന്റെ തിരിച്ചറിവും പാകതയും ചേര്‍ന്നാലേ അത് നിലനില്‍ക്കുന്ന പുരോഗതിയിലേക്ക് വഴി തെളിക്കൂ.
വീടുകളെ സംബന്ധിച്ചും ഈ ചേരുവ പ്രസക്തമാണ്. മുതിര്‍ന്ന മക്കളും കൊച്ചുമക്കളും വല്യപ്പനും വല്യമ്മയുമെല്ലാം ചേരുമ്പോള്‍ അത് വൃദ്ധിക്ഷയങ്ങളെല്ലാമുള്ള മനുഷ്യ ജീവിതത്തിന്റെ കൊച്ചുപതിപ്പാകുന്നു.

‘യുവാക്കളുടെ മഹത്വം അവരുടെ കരുത്താണ്. നരച്ച മുടി വൃദ്ധരുടെ അലങ്കാരവും’ എന്ന് സുഭാഷിതങ്ങളില്‍ (20: 29) പറയുന്നു. കരുത്തിനൊപ്പം വിവേകം ചേരുമ്പോഴാണ് ജീവിതം കടിഞ്ഞാണ്‍ കെട്ടിയ കുതിരയാവുക.

ചെയ്യാന്‍ കഴിയുന്ന കൊച്ചുജോലികള്‍ വീട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കും നല്‍കണം. പണ്ട് ഓടിച്ചാടി നടന്ന സ്ഥലങ്ങള്‍ കാണാന്‍ അവര്‍ക്ക് കൊതിയുണ്ടാകും. അതിനാല്‍ ഇടയ്ക്കു പുറത്തുകൊണ്ടുപോകുക.

അണുകുടുംബങ്ങളുടെ കാലത്ത് പ്രായമായവരുടെ ജീവിതം പഴയതുപോലെ സുഖകരമല്ല.

സ്വാതന്ത്ര്യം കിട്ടുമ്പോള്‍ കേരളത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 36 വയസായിരുന്നു. നല്ല ഭക്ഷണവും മരുന്നും ചികിത്സയും കിട്ടുന്നതിനാല്‍ ഇപ്പോള്‍ അത് 74 വയസായി ഉയര്‍ന്നു. കഴിഞ്ഞ സെന്‍സസ് പ്രകാരം 60 വയസിനു മുകളിലുള്ളവര്‍ ജനസംഖ്യയുടെ 11.8 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാരുടെ പ്രശ്‌നങ്ങളും അതുണ്ടാക്കുന്ന സങ്കീര്‍ണതകളും കൂടിക്കൊണ്ടിരിക്കുന്നു.

മക്കള്‍ ജോലിക്കായി അന്യനാടുകളിലേക്കു പോകേണ്ടിവരുന്നതിനാല്‍ പല വീടുകളിലും വൃദ്ധര്‍ മാത്രമേയുള്ളു. പത്തനംതിട്ട ജില്ലയിലൂടെ യാത്ര ചെയ്യുമ്പോള്‍ വൃദ്ധര്‍ക്കുള്ള വസ്ത്രങ്ങളും ഉപകരണങ്ങളും വില്‍ക്കുന്ന കടകളുടെ ഏറെ പരസ്യങ്ങള്‍ കാണാം. സിനിമാ നടിമാര്‍ക്കു പകരം അപ്പച്ചന്മാരും അമ്മച്ചിമാരുമാണ് അവിടെ പരസ്യങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

വിദേശത്തുള്ള മക്കള്‍ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്നു. അല്ലെങ്കില്‍ പരിചരണത്തിന് ഹോം നഴ്‌സിനെ വയ്ക്കുന്നു. മലബാറിലെ കുടിയേറ്റ പ്രദേശങ്ങളും ഈ രീതിയിലേക്കാണ് നീങ്ങുന്നത്.

വാര്‍ദ്ധക്യം സുനിശ്ചിതമായതിനാല്‍ യൗവനകാലത്തു തന്നെ അതിനായി ആസൂത്രണം ചെയ്യണം. സാമ്പത്തികത്തില്‍ മാത്രമല്ല മക്കളുടെ കാര്യത്തിലും നീതിപൂര്‍ണമായ തീരുമാനങ്ങളും അതനുസരിച്ചുള്ള നടപടികളും എടുക്കണം. വിവേകപൂര്‍വം ജീവിച്ചവരെക്കുറിച്ചാണ് സങ്കീര്‍ത്തനങ്ങളില്‍ (92: 12,14) പറയുന്നത്- ‘നീതിമാന്മാര്‍ പനപോലെ തഴയ്ക്കും. ലബനോനിലെ ദേവതാരുപോലെ വളരും. വാര്‍ദ്ധക്യത്തിലും അവര്‍ ഫലം പുറപ്പെടുവിക്കും. അവര്‍ എന്നും ഇല ചൂടി പുഷ്ടിയോടെ നില്‍ക്കും.’

മക്കള്‍ക്കു ഭാരമാകാതെ ജീവിക്കാന്‍ പ്രായമായ ദമ്പതികള്‍ അടുത്തടുത്തു കഴിയുന്ന ഹൗസിങ് കോളനികള്‍ കേരളത്തിലും ഉയര്‍ന്നു വരുന്നു. പൊതുഅടുക്കളയും ചികിത്സാസൗകര്യങ്ങളും അവിടെയുണ്ടാകും. കണ്ണൂര്‍ പരിയാരത്ത് മുന്‍ ഡിജിപി കെ.ജെ.ജോസഫ് നടത്തുന്ന ‘വിശ്രാന്തി’ പ്രായമായ ദമ്പതികളുടെ പാര്‍പ്പിട സമുച്ചയമാണ്.

കോഴിക്കോട് എരഞ്ഞിപ്പാലത്ത് മലബാര്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ വൃദ്ധര്‍ക്കുള്ള ‘പകല്‍ വീട്’ ആരംഭിച്ചു കഴിഞ്ഞു. പകല്‍ സമയത്ത് പ്രായമായവരെ അവിടെ എത്തിക്കുന്നു. വായിക്കാനും കളിക്കാനും മാനസികോല്ലാസത്തിനുമുള്ള അവസരങ്ങള്‍ അവിടെയുണ്ട്. വൈകിട്ട് അവരെ തിരിച്ച് വീട്ടിലെത്തിക്കും.

കുട്ടിക്കാലത്ത് നഴ്‌സറി, വയസുകാലത്ത് പകല്‍ വീട്.
ആറും അറുപതും ഒരുപോലെ എന്ന പഴമൊഴി ഇവിടെയും ചേരുമെന്നുതോന്നുന്നു.

‘പ്രിയപ്പെട്ട പ്രധാനമന്ത്രി, മണിപ്പൂരിലേക്ക് പോകൂ…’ – ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

താമരശ്ശേരി: മണിപ്പൂരില്‍ കലാപം തുടരുമ്പോഴും അധികാരികള്‍ നിസംഗത പാലിക്കുന്നതിനെ നിശിതമായി വിമര്‍ശിച്ച് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ” മണിപ്പൂര്‍ കത്തുമ്പോള്‍ ഭരണാധികാരികള്‍ ഉറങ്ങുകയാണ്. പ്രധാനമന്ത്രി വിദേശ രാജ്യങ്ങളിലേക്കല്ല പോകേണ്ടത്, കത്തുന്ന മണിപ്പൂരിലേക്കാണ്. 1947-ല്‍ സ്വാതന്ത്ര്യം ലഭിക്കുന്ന വേളയില്‍ ഗാന്ധിജി കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സമാധാനത്തിനായുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു. ആ മാതൃക പകര്‍ത്താന്‍ പ്രധാനമന്ത്രിയും അധികാരികളും തയ്യാറാകണം. അധികാരികള്‍ അലസരായി കണ്ണു മൂടിയിരുന്നാല്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടും. ഭരണ ഘടനയെ നോക്കുകുത്തിയാക്കി ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നത് ഭയത്തോടെയാണു കാണുന്നത് – ബിഷപ് പറഞ്ഞു. മണിപ്പൂരിലെ നരനായാട്ടിനെതിരെ താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.

മണിപ്പൂരിലെ കഷ്ടതയനുഭവിക്കുന്ന ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ബിഷപ് ആഹ്വാനം ചെയ്തു. മണിപ്പൂരിലെ ആയിരം കുടുംബങ്ങളെ പാര്‍പ്പിക്കാന്‍ തയ്യാറാണെന്നും ബിഷപ് പറഞ്ഞു. ”ന്യൂനപക്ഷങ്ങള്‍ ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം മണിപ്പൂരിലെ ജനതയ്ക്ക് ലഭിക്കണം. അതിനായി ഒറ്റക്കെട്ടായി പൊരുതണം. കുരിശില്‍ മരിച്ച ക്രിസ്തുവിന്റെ മാതൃക നമ്മെ ശക്തിപ്പെടുത്തും. സ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ല, അവകാശമാണ്.” ബിഷപ് കൂട്ടിച്ചേര്‍ത്തു.

മേരി മാതാ കത്തീഡ്രലില്‍ നിന്ന് പഴയ ബസ്റ്റാന്റിലേക്ക് നടത്തിയ പ്രതിഷേധ റാലിയില്‍ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് ആയിരങ്ങള്‍ അണി നിരന്നു. പ്രതിഷേധ സംഗമത്തില്‍ ഡോ. ചാക്കോ കാളാംപറമ്പില്‍ വിഷയാവതരണം നടത്തി. എകെസിസി രൂപതാ ഡയറക്ടര്‍ ഫാ. മാത്യു തൂമുള്ളി, കെസിവൈഎം രൂപതാ പ്രസിഡന്റ് അഭിലാഷ് കുടിപാറ, മാതൃവേദി രൂപതാ പ്രസിഡന്റ് ലിസി ടീച്ചര്‍, മരിയന്‍ പ്രൊ-ലൈഫ് രൂപതാ പ്രസിഡന്റ് സജീവ് പുരയിടത്തില്‍, ഷില്ലി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. ചാക്കോ കാളാംപറമ്പില്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

രൂപതാ വികാരി ജനറല്‍ മോണ്‍. ജോയ്‌സ് വയലില്‍, രൂപതാ ചാന്‍സിലര്‍ ഫാ. ജിബി പൊങ്ങന്‍പാറ, കെസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ. മെല്‍ബിന്‍ വെള്ളയ്ക്കാക്കുടിയില്‍, ഫാ. സായി പാറന്‍കുളങ്ങര എന്നിവര്‍ നേതൃത്വം നല്‍കി.

Exit mobile version