ഒക്ടോബര്‍ 4: ഫാ. ജെയിംസ് മുണ്ടക്കല്‍ അനുസ്മരണ ദിനം
ദിവ്യകാരുണ്യത്തിന്റെ വലിയ ഉപാസകനായ ഫാ. ജെയിംസ് മുണ്ടക്കല്‍ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ തന്റെ ജീവിതം കരുണാമയന്റെ പാദങ്ങളിലര്‍പ്പിച്ച സമാനതകളില്ലാത്ത പുരോഹിതനായിരുന്നു. നാലര പതിറ്റാണ്ടുകള്‍ നീ പൗരോഹിത്യ വഴിത്താരയില്‍ മനസില്‍ പതിഞ്ഞതൊക്കെയും പാവങ്ങളുടെ മുഖമായിരുന്നു. അനാഥരോടും അഗതികളോടുമുള്ള പക്ഷംചേരല്‍ ദൈവത്തോടു തന്നെയുള്ള പക്ഷംചേരലായി അദ്ദേഹം കരുതി.
പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തി ഏറെ തീക്ഷ്ണമായിരുന്നു ഫാ. ജെയിംസ് മുണ്ടക്കലിന്. അച്ചന്‍ ജനിച്ചതും മരിച്ചതും ജപമാല മാസമായ ഒക്‌ടോബറിലാണെന്നത് മറ്റൊരു കൗതുകം. ദിവസവും പലവുരു ജപമാല ചൊല്ലിയിരുന്ന അച്ചന് മാതാവ് ദര്‍ശനം നല്‍കിയ സ്ഥലങ്ങളോടും വ്യക്തികളോടും പ്രത്യേക മമതയും വണക്കവും ഉണ്ടായിരുന്നു.
മുണ്ടക്കല്‍ വര്‍ക്കി-ത്രേസ്യ ദമ്പതികളുടെ ഏഴു മക്കളിലൊരുവനായി 1943 ഒക്‌ടോബര്‍ 12-ന് തിരുവമ്പാടിയില്‍ ജനിച്ച ജെയിംസ് അച്ചന്റെ പ്രാഥമിക വിദ്യാഭ്യാസം തിരുവമ്പാടിയില്‍ തന്നെയായിരുന്നു. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ സെമിനാരി പഠനം. 1968 ഡിസംബര്‍ 21-ന് തലശേരി രൂപതാധ്യക്ഷനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു.
നിരാലംബരായവര്‍ക്ക് ആലംബമാവുകയെന്നത് അച്ചന്‍ തന്റെ ജീവിതത്തിന്റെ വലിയ നിയോഗമായി കരുതി. രൂപതയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ആധ്യാത്മിക ഉപദേഷ്ടാവായി ദീര്‍ഘകാലം സേവനം ചെയ്തു.
രൂപതയുടെ അനാഥാലയത്തിന്റെ ചുമതലയും അച്ചന്‍ വഹിച്ചിട്ടുണ്ട്. അവിടെ പഠിച്ച മക്കള്‍ക്ക് തുടര്‍ വിഭ്യാഭ്യാസം നല്‍കുക, തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്കു പറഞ്ഞയയ്ക്കുക തുടങ്ങിയവയൊക്കെ അച്ചന് ഏറെ ആത്മസംതൃപ്തിയേകുന്ന സുകൃതങ്ങളായിരുന്നു.
പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന കുടിയേറ്റ ജനതയുടെ സ്വപ്‌നത്തെക്കാള്‍ ഒരു പടികൂടി മുമ്പിലായിരുന്നു മുണ്ടക്കലച്ചന്റെ പ്രയത്‌നങ്ങള്‍. സ്‌കൂള്‍ നിര്‍മാണത്തിലുള്ള മികവു മാത്രമല്ല, കുട്ടികളുടെ അച്ചടക്കത്തിലും സമഗ്രവ്യക്തിത്വ വളര്‍ച്ചയിലും അച്ചന്‍ ഏറെ ശ്രദ്ധിച്ചിരുന്നു. ചെമ്പനോട, വിലങ്ങാട്, കൂടരഞ്ഞി, വേനപ്പാറ, പുല്ലൂരാംപാറ, മരിയാപുരം, കല്ലാനോട് എന്നീ സ്‌കൂളുകളെ ഏറെ മികവുറ്റതാക്കി തീര്‍ക്കുവാന്‍ അച്ചന്റെ വ്യക്തിപരമായ ശ്രമങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്.
ദേവാലയ സംഗീതത്തെ വളരെ ഗൗരവത്തില്‍ അച്ചന്‍ ശ്രദ്ധിച്ചിരുന്നു. നല്ലൊരു ഗായകനായിരുന്നെങ്കിലും പള്ളിയിലെ ഗായകസംഘത്തെ മികവുറ്റതാക്കി വളര്‍ത്തിക്കൊണ്ടു വരുന്നതിലാണ് അച്ചന്‍ കാര്യമായി ശ്രദ്ധിച്ചിരുന്നത്. യൗവന കാലത്ത് ഹാര്‍മോണിയവും തബലയും വലിയ ഹരമായിരുന്നു. അവയും അച്ചന്‍ അനായാസം കൈകാര്യം ചെയ്തിരുന്നു.
തിരക്കുകള്‍ക്കിടയിലും അള്‍ത്താരയുടെ തണലില്‍ ആത്മനാഥനോടൊത്ത് മണിക്കൂറുകള്‍ തങ്ങളുടെ വല്യച്ചന്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നത് മുണ്ടക്കലച്ചന്റെ ശിഷ്യഗണങ്ങള്‍ക്കെല്ലാം അറിവുള്ളതാണ്.
മുണ്ടക്കലച്ചന്റെ വചന പ്രഘോഷണങ്ങള്‍ ഹൃദയസ്പര്‍ശിയാണ്. സുദീര്‍ഘമായ വചന ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കും ശേഷമേ അച്ചന്‍ വചനം പങ്കുവയ്ക്കാറുള്ളു. ഞായറാഴ്ചകളിലടക്കം പങ്കുവച്ച വചനത്തിന്റെ ലിഖിത രൂപം അച്ചന്‍ എന്നും കൈവശം സൂക്ഷിക്കുന്ന പതിവ് ഉണ്ടായിരുന്നു. പ്രാര്‍ത്ഥനയോടെ പദ്ധതികളാവിഷ്‌കരിക്കുകയെന്നതായിരുന്നു അച്ചന്റെ ജീവിത രീതി.
അന്നം മുടങ്ങിയാലും യാമപ്രാര്‍ത്ഥന മുടങ്ങുകയെന്നത് അച്ചന് അചിന്ത്യമായിരുന്നു. പ്രാര്‍ത്ഥനയാലും നിഷ്ഠയാലും ക്രമപ്പെടുത്തിയ ജീവിതശൈലി ജീവിതത്തില്‍ വലിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുവാന്‍ അച്ചന് ശക്തി പകര്‍ന്നു. താമരശേരി രൂപതയുടെ ചാന്‍സലറായി 1987 – 90 വരെ മങ്കുഴിക്കരി പിതാവിന്റെ മനസിനിണങ്ങിയ ശുശ്രൂഷകനാകാന്‍ കഴിഞ്ഞത് അച്ചന്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതി.
താമരശേരി രൂപതയുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രൂപതയുടെ സമ്പൂര്‍ണ ചരിത്രഗ്രന്ഥമായ സ്മരണിക ‘കുടിയേറ്റത്തിന്റെ രജത പാതയില്‍’ എന്ന ബൃഹദ് ഗ്രന്ഥത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനത്തിരുന്ന് ആ സദുദ്യമത്തെ അതിന്റെ സകല സൗന്ദര്യത്തോടും കൂടി ആവിഷ്‌കരിച്ചു.
മുണ്ടക്കലച്ചന്‍ ചിത്രകലാ വിദഗ്ധന്‍ കൂടിയായിരുന്നു. അള്‍ത്താര രൂപകല്‍പന ചെയ്യുക, അള്‍ത്താരയിലെ ചിത്രപ്പണികള്‍, പെയിന്റിങ്, ഡ്രോയിങ് തുടങ്ങിയ ജോലികള്‍ അച്ചന്‍ സേവനം ചെയ്ത മിക്ക ഇടവകകളിലും അതിമനോഹരമായി ചെയ്തിട്ടുണ്ട്. വേനപ്പാറയിലെ പഴയ ദേവാലയത്തിന്റെ അള്‍ത്താര രൂപകല്‍പന ചെയ്ത് നവീകരിച്ചത് മുണ്ടക്കലച്ചനായിരുന്നു.
മരിയാപുരം ഫൊറോന പള്ളി, ചെമ്പനോടയിലെ പഴയ പള്ളി, പുതുപ്പാടി പള്ളി എന്നിവിടങ്ങളിലെ അള്‍ത്താരകള്‍ മുണ്ടക്കലച്ചന്റെ കരവിരുതും കൈ അടയാളവും പതിഞ്ഞവയാണ്. കരിക്കോട്ടക്കരി, മൈലെള്ളാംപാറ, ചക്കിട്ടപാറ എന്നിവിടങ്ങളിലും അച്ചന്‍ വികാരിയായിരുന്നു. തന്റെ ഇടവക ജീവിതത്തിലെ അവസാന നാളുകള്‍ 2009 മുതല്‍ 2014 വരെ പുതുപ്പാടിയിലായിരുന്നു.
2014 ഫെബ്രുവരി രണ്ടിന് പുതുപ്പാടിയില്‍ നിന്നു റിട്ടയര്‍ ചെയ്ത് മേരിക്കുന്ന് പ്രീസ്റ്റ് ഹോമിലേക്ക് താമസം മാറുമ്പോള്‍ ഗുരുതര രോഗങ്ങളാല്‍ തീര്‍ത്തും അവശനായിക്കഴിഞ്ഞിരുന്നു അദ്ദേഹം. ഒക്‌ടോബര്‍ നാലിന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
ഓര്‍മവച്ച നാള്‍ മുതല്‍ ഓര്‍മവെടിയും നാള്‍വരെയും സമ്പൂര്‍ണമായും ക്രിസ്തുവിന്റെ വിശ്വസ്ഥ ദാസനും ധീര പ്രേക്ഷിതനുമായിരുന്നു മുണ്ടക്കലച്ചന്‍.