ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച ആഗോള ബാലദിനം മേയ് 25, 26 തീയതികളില്‍ റോമില്‍ നടക്കും. ആദ്യമായാണ് കത്തോലിക്കാ സഭയില്‍ ആഗോള ബാലദിനം ആചരിക്കുന്നത്. ആഗോള യുവജന ദിനം പോലെ കുട്ടികള്‍ക്കും ഒരു ദിനം വേണമെന്ന് ഒന്‍പതു വയസുകാരനായ അലക്‌സാന്ദ്രോ എന്ന ബാലന്റെ ആവശ്യപ്രകാരമാണ് കഴിഞ്ഞ ഡിസംബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബാലദിനം പ്രഖ്യാപിച്ചത്. ‘ഞാന്‍ എല്ലാം പുതുക്കുന്നു’ എന്ന വെളിപാട് വാക്യമാണ് ആദ്യത്തെ ബാലദിനത്തിന്റെ പ്രമേയം.
പ്രാര്‍ത്ഥന നമ്മുടെ ഹൃദയങ്ങളെ പ്രകാശംകൊണ്ടും ഊഷ്മളതകൊണ്ടും നിറയ്ക്കുമെന്നും എല്ലാ കാര്യങ്ങളും ആത്മവിശ്വാസത്തോടെയും മനസമാധാനത്തോടെയും ചെയ്യാന്‍ അത് നമ്മെ പ്രാപ്തരാക്കുമെന്നും ആഗോള ബാലദിനത്തിന് മുന്നോടിയായി ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ച സന്ദേശത്തില്‍ പറഞ്ഞു. എല്ലാ ദിവസവും രാവിലെയും വൈകിട്ടും കുടുംബാംഗങ്ങളോടൊപ്പം സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ചൊല്ലണമെന്ന് ഫ്രാന്‍സിസ് പാപ്പ കുട്ടികളോട് ആവശ്യപ്പെട്ടു.
”കര്‍ത്താവു പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ വാക്കുകള്‍ വെറുതെ ഉരുവിട്ടാല്‍ പോര. അതിന്റെ അര്‍ത്ഥം മനസിലാക്കി വേണം ചൊല്ലാന്‍. കൂടുതല്‍ മാനവികവും നീതിനിഷ്ഠവും സമാധാനപൂര്‍ണവുമായ ഒരു നവലോകത്തിന്റെ നിര്‍മിതിക്കായി ആ പ്രാര്‍ത്ഥനയിലൂടെ ക്രിസ്തു നമ്മെ ക്ഷണിക്കുന്നു. കരുണയുടെ ചെറിയ പ്രവര്‍ത്തനങ്ങളിലൂടെ പ്രാദേശിക തലത്തിലാണ് വലിയ സേവനങ്ങള്‍ ആരംഭിക്കേണ്ടത്. നാമെല്ലാവരും ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയാല്‍ നമ്മുടെ ലോകം മാറും.” – ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
മേയ് 25ന് റോമിലെ ഒളിംപിക്‌സ് സ്റ്റേഡിയത്തില്‍ ആഗോള ബാലദിന സമ്മേളനം ആരംഭിക്കും. 26ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലാണ് ചടങ്ങുകള്‍. രണ്ടു ദിവസങ്ങളിലും ഫ്രാന്‍സിസ് പാപ്പ കുട്ടികളുമായി സംവദിക്കും.