മധുരിക്കും ചെറുതേന്‍ ബിസിനസ്

ചെറുതേനിന് ഇന്ന് വന്‍ ഡിമാന്റാണ്. നല്ല വിലയും ആവശ്യക്കാരെറെയും ഉണ്ടെങ്കിലും അത്രയും ഉല്‍പന്നം വിപണിയിലെത്തിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. വിപണിയിലെത്തുന്ന ചെറുതേനില്‍ കൂടുതലും വ്യാജനാണുതാനും.

പഴയ കെട്ടിടങ്ങളുടെയും തറയിലും മരപ്പൊത്തുകളിലുമൊക്കെയാണ് ചെറുതേന്‍ കൂടുകള്‍ കാണപ്പെടുക. അവിടെ നിന്ന് തറ പൊളിച്ചോ മരം മുറിച്ചോ ഒക്കെയാണ് തേനീച്ചകളെ കൂട്ടിലാക്കുന്നത്. ചിലപ്പോഴെങ്കിലും അനുകൂല സാഹചര്യമല്ലെന്നു കണ്ട് തേനീച്ചകള്‍ ഇത്തരം കൂട് ഉപേക്ഷിച്ച് പോകാറുമുണ്ട്. എന്നാല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ ഇത്തരം ചെറുതേനീച്ച കോളനികളെ നശിച്ചു പോകാത്ത വിധത്തില്‍ മറ്റൊരു കൂട്ടിലേക്ക് മാറ്റാനാകും.

ചെറുതേനീച്ചയുടെ കൂടുണ്ടാക്കിയ സ്ഥലം അടര്‍ത്തി മാറ്റാന്‍ പറ്റുന്നതാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് ചെറുതേനീച്ച ഉണ്ടാക്കിയ പ്രവേശനക്കുഴല്‍ ശ്രദ്ധിച്ച് കേടുപാടു വരാതെ എടുത്ത് മാറ്റിവയ്ക്കുകയാണ്. ചെറുതേനീച്ചയുടെ കോളനി വളരെ ശ്രദ്ധിച്ച് പൊളിക്കുക. കൂട്ടിലെ ഈച്ചയ്ക്കോ മുട്ടയ്ക്കോ ക്ഷതം വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മരത്തിന്റെ പെട്ടി, മുളങ്കൂട്, മണ്‍കലം പോലുള്ള പുതിയ കൂട്ടിലേക്ക് മുട്ട, പൂമ്പൊടി, തേനറ എന്നിവയെല്ലാം എടുത്തുവയ്ക്കുക. റാണി ഈച്ചയെ കിട്ടുകയാണെങ്കില്‍ കൈകൊണ്ട് തൊടാതെ ചെറിയ പ്ലാസ്റ്റിക് കൂടോ കടലാസോ ഉപയോഗിച്ച് പിടിച്ച് പുതിയ കൂട്ടില്‍ വയ്ക്കുക. പുതിയ കൂടിന്റെ ദ്വാരത്തില്‍ അടര്‍ത്തി മാറ്റിവച്ച പ്രവേശനക്കുഴല്‍ ഒട്ടിക്കുക. ഈച്ചകള്‍ മുഴുവനും കയറിക്കഴിഞ്ഞ് സന്ധ്യയായാല്‍ യോജ്യമായ സ്ഥലത്തേക്കു മാറ്റിവച്ച് വളര്‍ത്താം.

പൊളിക്കാന്‍ കഴിയാത്ത സ്ഥലത്താണെങ്കില്‍ ഈച്ചകളെ സ്വാഭാവിക രീതിയില്‍ പ്രവേശിപ്പിക്കുന്നതിന് പറ്റിയ കൂട് വയ്ക്കേണ്ടിവരും. അതിന് ആദ്യം പ്രവേശനക്കുഴല്‍ അടര്‍ത്തിയെടുത്തു മാറ്റിവയ്ക്കുക. ഒരടി ഉയരമുള്ള മണ്‍കലമെടുത്ത് അടിയില്‍ ആണികൊണ്ട് ചെറിയ ദ്വാരമിടുക. ചെറുതേനീച്ചക്കൂടിന്റെ പ്രവേശനദ്വാരം നടുക്കുവരുന്ന രീതിയില്‍ മണ്‍കലം ഭിത്തിയോടോ തറയോടോ ചേര്‍ത്തു വയ്ക്കണം. മണ്‍കലത്തില്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെ മാത്രമേ ഈച്ച അകത്തേക്കും പുറത്തേക്കും പോകാന്‍ പാടുള്ളൂ.

അരിക് ഭാഗം മുഴുവന്‍ ചെളിയോ മെഴുകോ കൊണ്ട് അടയ്ക്കണം. ആറുമാസം കഴിയുന്നതോടെ കലത്തില്‍ പുതിയ കോളനി ഉണ്ടായിട്ടുണ്ടാകും. സന്ധ്യാസമയത്ത് മണ്‍കലം ഇളക്കിയെടുത്ത് വായ്ഭാഗം അടച്ച് യോജ്യമായ സ്ഥലത്ത് മാറ്റിവയ്ക്കാം.

ചില സ്ഥലങ്ങളില്‍ മണ്‍കലം വയ്ക്കാന്‍ സാധിച്ചെന്നു വരില്ല. അങ്ങനെയുള്ള സ്ഥലത്ത് ട്യൂബ് വഴി കെണിക്കൂട് വയ്ക്കേണ്ടി വരും. ചെറുതേനീച്ചക്കൂടിന്റെ പ്രവേശനദ്വാരം അടര്‍ത്തിമാറ്റി വയ്ക്കുക. ആ ദ്വാരത്തില്‍ ഒരു ഫണല്‍ അല്ലെങ്കില്‍ സുതാര്യമായ പ്ലാസ്റ്റിക് പൈപ്പ് (അഞ്ച് ഇഞ്ച്) ഘടിപ്പിക്കുക. രണ്ടുദിവസം ഈച്ച ഈ ഫണലിലൂടെ മാത്രമേ പുറത്തുപോകാന്‍ പാടുള്ളൂ.

രണ്ടുദിവസം കഴിഞ്ഞ് 14-15 ഇഞ്ച് നീളവും നാല് ഇഞ്ച് വീതിയും കാല്‍ ഇഞ്ച് കനവുമുള്ള ഒരു മരത്തിന്റെ കൂടുണ്ടാക്കി രണ്ടുവശങ്ങളിലും ഓരോ ദ്വാരമിടുക. ഒന്നര അടി നീളവും അര ഇഞ്ച് വണ്ണവുമുള്ള പ്ലാസ്റ്റിക് ട്യൂബെടുത്ത് ഒരറ്റം ഫണലിന്റെ വാല്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് പൈപ്പില്‍ ഘടിപ്പിക്കുക.

പ്ലാസ്റ്റിക് ട്യൂബിന്റെ മറ്റേ അറ്റം മരത്തിന്റെ കൂട്ടിലെ ദ്വാരത്തില്‍ രണ്ടിഞ്ച് ഉള്ളിലേക്കു തള്ളിവയ്ക്കുക. മരക്കൂടിന്റെ മറുവശത്തെ ദ്വാരത്തില്‍ പ്രവേശനക്കുഴല്‍ ഉറപ്പിച്ചു വയ്ക്കുക. ഈച്ച ഈ പ്രവേശനക്കുഴലിലൂടെ മരത്തിന്റെ കൂട്ടിലേക്കു കയറി പ്ലാസ്റ്റിക് ട്യൂബിലൂടെ ഭിത്തിയിലേക്കോ തറയിലേക്കോ പ്രവേശിക്കും. കൂടിന്റെ മുകളില്‍ വെയിലോ മഴയോ തട്ടാതെ ശ്രദ്ധിക്കണം.

ആറു മാസം കഴിഞ്ഞ് പെട്ടി തുറന്നുനോക്കി പെട്ടിയില്‍ റാണി, മുട്ട, പൂമ്പൊടി, തേനറ ഉണ്ടെങ്കില്‍ സന്ധ്യാസമയത്ത് ട്യൂബ് പെട്ടിയില്‍ നിന്നു വേര്‍പെടുത്തി ആ ദ്വാരം അടച്ചശേഷം യോജ്യമായ സ്ഥലത്തേക്കു മാറ്റിവയ്ക്കാം.

ഏപ്രില്‍ 7: വിശുദ്ധ ജോണ്‍ ബാപ്റ്റിസ്റ്റ് ദെ ലാസാല്‍

ഫ്രാന്‍സില്‍ സമ്പന്നമായ ഒരു കുലീന കുടുംബത്തില്‍ ജോണ്‍ ജനിച്ചു. സുമുഖനായിരുന്ന ജോണ്‍ 27-ാമത്തെ വയസ്സില്‍ പുരോഹിതനായി. വൈദികലോകത്ത് ഒരു ഉയര്‍ന്ന സ്ഥാനം ന്യായമായി ജോണിനു പ്രതീക്ഷിക്കാമായിരുന്നെങ്കിലും അദ്ദേഹം റാവെനില്‍ ദരിദ്രബാലന്മാര്‍ക്ക് സ്‌ക്കൂള്‍ നടത്താനാണ് തീരുമാനമെടുത്തത്. ആദ്യം അധ്യാപകജോലി വിരസമായിത്തോന്നിയെങ്കിലും ക്രമേണ പൂര്‍ണ്ണഹൃദയവും വിദ്യാഭ്യാസത്തിനു സമര്‍പ്പിക്കാന്‍ തുടങ്ങി.

റീംസിലെ കാനണ്‍ സ്ഥാനവും കുടുംബ ബന്ധങ്ങളും ഉപേക്ഷിച്ച് സ്‌കൂള്‍ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണമായി മുഴുകി. ‘ക്രിസ്തീയ സഹോദരന്മാര്‍’ എന്ന സന്യാസ സഭ അദ്ദേഹം സ്ഥാപിച്ചു. ഈ സഭ അതിവേഗം വളര്‍ന്നു. കുട്ടികളെ പഠിപ്പിക്കാനും അധ്യാപകര്‍ക്ക് ശിക്ഷണം നല്കാനും പുതിയ പദ്ധതികള്‍ അദ്ദേഹം ആരംഭിച്ചു. തന്നിമിത്തം മറ്റു സ്‌ക്കൂളുകള്‍ അസൂയാലുക്കളായി. ജാന്‍സെനിസ്റ്റ് പാഷണ്ഡികള്‍ അദ്ദേഹത്തെ എതിര്‍ത്തു. ഏങ്ങലും വാതവും പിടിച്ച് 69-ാമത്തെ വയസ്സില്‍ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. 1900-ാമാണ്ടില്‍ അദ്ദേഹത്തെ വിശുദ്ധനെന്ന് നാമകരണം ചെയ്തു. 1950-ല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ അദ്ദേഹത്തെ സ്‌ക്കൂള്‍ അദ്ധ്യാപകരുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചു.

മേഖലാ യൂത്ത് കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ചെയ്തു

കെസിബിസി യുവജന വര്‍ഷത്തിന്റെ ഭാഗമായി രൂപതയിലെ കെസിവൈഎം യൂണിറ്റ് ഭാരവാഹികള്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന യുവജന കോണ്‍ഫ്രന്‍സിന്റെ രൂപതാതല ഉദ്ഘാടനം പാറോപ്പടി മേഖലയില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. ജോഫിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ. സായി പാറന്‍കുളങ്ങര, ഫാ. ആല്‍ബിന്‍ സ്രാമ്പിക്കല്‍, ജോബി മുണ്ടയ്ക്കല്‍, കരോള്‍ ജോണ്‍, സിസ്റ്റര്‍ പാവന സിഎംസി, അതുല്യ, ആന്‍മരിയ റോയ് എന്നിവര്‍ പ്രസംഗിച്ചു. മുന്‍ പ്രസിഡന്റുമാരെ ആദരിച്ചു.

യുവജന വര്‍ഷ കര്‍മ്മപരിപാടികള്‍, പ്രസംഗപരിശീലന കളരി, സംഘടന സംവിധാനാത്മകത, ഭാരതവളര്‍ച്ചയ്ക്കായി ക്രൈസ്തവര്‍ നല്‍കിയ സംഭാവനകള്‍, റൂബി ജൂബിലി യൂത്ത് ഫോര്‍മേഷന്‍ പ്രൊജക്ട് – പ്രാഥമിക ചര്‍ച്ച, ആനുകാലിക വിഷയത്തെ സംബന്ധിച്ച പൊതുപരിപാടി തുടങ്ങിയവയാണ് മേഖലാ യൂത്ത് കോണ്‍ഫ്രന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിവിധ മേഖലകളില്‍ യൂത്ത് കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കുന്ന തീയതികള്‍:
ഏപ്രില്‍ 13: തോട്ടുമുക്കം, ഏപ്രില്‍ 14: കോടഞ്ചേരി, ഏപ്രില്‍ 20: കൂരാച്ചുണ്ട്, ഏപ്രില്‍ 21: മലപ്പുറം, ഏപ്രില്‍ 27: പെരിന്തല്‍മണ്ണ, മേയ് 4: താമരശ്ശേരി, മേയ് 11: കരുവാരക്കുണ്ട്, മേയ് 18: മരുതോങ്കര, മേയ് 25: വിലങ്ങാട്, മേയ് 26: തിരുവമ്പാടി.

ഏപ്രില്‍ 6: വിശുദ്ധ സെലസ്റ്റിന്‍ പ്രഥമന്‍ പാപ്പാ

റോമാനഗരവാസിയായിരുന്നു സെലസ്റ്റിന്‍. ബോനിഫസു മാര്‍പാപ്പായുടെ ചരമത്തിനുശേഷം 422 സെപ്റ്റംബറില്‍ അദ്ദേഹം റോമാ സിംഹാസനത്തിലേക്ക് ആരോഹണം ചെയ്തു. പത്തുവര്‍ഷക്കാലം തിരുസഭയെ ഭരിച്ചു. മാര്‍പ്പാപ്പായായ ഉടനെ വിയെന്നായിലേയും നര്‍ബോണിലേയും മെത്രാന്മാരോട് അവരുടെ തെറ്റായ ചില നടപടികള്‍ തിരുത്താന്‍ അദ്ദേഹം ആജ്ഞാപിച്ചു.

മരണനേരത്ത് ആത്മാര്‍ത്ഥമായി പാപമോചനം ആവശ്യപ്പെടുന്ന അനുതാപികള്‍ക്ക് പാപത്തിന്റെ പഴക്കം നോക്കാതെ മോചനം നല്കാന്‍ മാര്‍പാപ്പ നിര്‍ദ്ദേശിച്ചു. റോമയില്‍ ഒരു സൂനഹദോസ് സെലസ്റ്റിന്‍ പാപ്പ വിളിച്ചുകൂട്ടി, നെസ്റ്റോറിയസിന്റെ സിദ്ധാന്തങ്ങള്‍ പരിശോധിക്കുകയും അദ്ദേഹത്തെ മഹറോന്‍ ചൊല്ലുകയും ചെയ്തു.

അടുത്ത വര്‍ഷമാണ് എഫേസൂസ് സൂനഹദോസ് നെസ്‌റ്റോറിയന്‍ പാഷണ്ഡതയെ ശപിച്ചത്. ബ്രിട്ടനില്‍ പെലാജിയന്‍ പാഷണ്ഡത പ്രചരിപ്പിച്ചുകൊണ്ടിരുന്ന സവേരിയാനൂസ് ബിഷപ്പിനെ ഓക്‌സേറിലെ വിശുദ്ധ ജെര്‍മ്മാനൂസ് മെത്രാനച്ചനെ അയച്ച് തിരുത്തിച്ചു.

അബദ്ധങ്ങളെ ചെറുക്കുന്നതിലും വേദപ്രചാരത്തിലും സെലസ്റ്റിന്‍ പാപ്പാ പ്രദര്‍ശിപ്പിച്ച തീക്ഷ്ണത അദ്ദേഹത്തെ ഒരു പുണ്യവാനാക്കി.

Exit mobile version