ചൈനയില്‍ കത്തോലിക്കരുടെ എണ്ണം വര്‍ധിക്കുന്നു

ചൈനയില്‍ ഓരോവര്‍ഷവും ജ്ഞാനസ്‌നാനം സ്വീകരിച്ചു കത്തോലിക്കാ സഭയില്‍ അംഗങ്ങളാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഈ വര്‍ഷം ഉയിര്‍പ്പുതിരുനാള്‍ ദിവസം മാത്രം ഷാങ്ഹായില്‍ 470 ആളുകള്‍ മാമ്മോദീസ സ്വീകരിച്ചു. ചൈനയിലെ മറ്റു കത്തോലിക്കാ രൂപതകളിലും നിരവധി ആളുകളാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചുകൊണ്ട് സഭയില്‍ അംഗങ്ങളായത്.

മാമ്മോദീസ സ്വീകരിച്ച 470 പേരില്‍ 349 ആളുകള്‍ക്ക് പ്രാരംഭകൂദാശകളായ മാമോദീസ, സ്ഥൈര്യലേപനം, വിശുദ്ധ കുര്‍ബാന എന്നിവ ഒരുമിച്ച് നല്‍കി.

ഷാങ്ഹായ്ക്കു പുറമെ, ബെയ്ജിങ്, വെന്‌ലിങ്, തായ്ജൂ എന്നീ രൂപതകളിലും നൂറുകണക്കിന് ആളുകള്‍ സ്‌നാനം സ്വീകരിച്ചു പുതിയതായി കത്തോലിക്കാ തിരുസഭയില്‍ അംഗങ്ങളായി. വെന്‌ലിങ്ങില്‍ ഒരു പുതിയ ദേവാലയത്തിന്റെ കൂദാശയും ഈസ്റ്റര്‍ ദിനത്തില്‍ നടന്നു. നിംഗ്‌ബോ മെത്രാന്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് സേവ്യര്‍ ജിന്‍ യാങ്കെ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കടുത്ത നിയന്ത്രണങ്ങള്‍ക്കു വിധേയമായാണ് ചൈനയിലെ കത്തോലിക്കര്‍ ആരാധനയും പ്രാര്‍ത്ഥനയും നടത്തുന്നത്. പള്ളികള്‍ ഏകപക്ഷീയമായി അടച്ചു പൂട്ടുന്നതും വിശ്വാസികളെ നിരന്തരം നിരീക്ഷിക്കുന്നതും തടവിലാക്കുന്നതും ചൈനയില്‍ പതിവാണ്. ഓപ്പണ്‍ ഡോര്‍സ് തയ്യാറാക്കുന്ന ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്ന രാജ്യങ്ങളുടെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ 19-ാം സ്ഥാനമാണ് ചൈനയ്ക്ക്. 9 കോടി 67 ലക്ഷം ക്രിസ്ത്യാനികള്‍ ചൈനയിലുണ്ടെന്നാണ് ഓപ്പണ്‍ ഡോര്‍സ് റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നത്.

പൊതുദര്‍ശനം നാളെ: സംസ്‌ക്കാരം വെള്ളിയാഴ്ച കുറവിലങ്ങാട്ട്

അന്തരിച്ച താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. ജോര്‍ജ് ആശാരിപറമ്പിലിന്റെ മൃതദേഹം നാളെ മേരിക്കുന്ന് പിഎംഒസിയില്‍ പൊതുദര്‍ശനിത്തിനുവെക്കും. രാവിലെ 11 മുതല്‍ 11.30 വരെ ഗുഡ് ഷെപ്പേഡ് പ്രീസ്റ്റ് ഹോമിലും തുടര്‍ന്ന് രാത്രി 11 വരെ പിഎംഒസിയിലുമാണ് പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് 05.15-ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പിഎംഒസിയില്‍ ദിവ്യബലിയര്‍പ്പിക്കും. രാത്രി 11-ന് മൃതദേഹം കുറവിലങ്ങാട്ടേക്ക് കൊണ്ടുപോകും.

വെള്ളി രാവിലെ ആറു മുതല്‍ കുറവിലങ്ങാട്ടെ കുടുംബവീട്ടില്‍ പൊതുദര്‍ശനം. മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ ഉച്ച കഴിഞ്ഞ് രണ്ടിന് വീട്ടില്‍ നിന്ന് ആരംഭിച്ച് കുറവിലങ്ങാട് മര്‍ത്താ മറിയം മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ ദേവാലയ സെമിത്തേരിയില്‍. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

കുടരഞ്ഞി ഇടവകയില്‍ അസി. വികാരിയായും കണ്ണോത്ത്, തിരുവമ്പാടി, മരുതോങ്കര, കട്ടിപ്പാറ, കല്ലാനോട്, കുണ്ടുതോട്, ചമല്‍, കൂരാച്ചുണ്ട്, മാലാപറമ്പ്, മരിയാപുരം, ചക്കിട്ടപാറ, താഴേക്കോട്, വാണിയമ്പലം ഇടവകകളില്‍ വികാരിയായും ഫാ. ജോര്‍ജ് ആശാരിപറമ്പില്‍ സേവനം ചെയ്തിരുന്നു.

ഏപ്രില്‍ 12: വിശുദ്ധ സെനോ മെത്രാന്‍

വെറോണയിലെ മെത്രാനായ വിശുദ്ധ സെനോ വിശുദ്ധ അബ്രോസിന്റെ സമകാലികനാണ്. അദ്ദേഹം ഒരു വന്ദകനായിരുന്നുവെന്നും രക്തസാക്ഷിയായിരുന്നുവെന്നും അഭിപ്രായാന്തരങ്ങളുണ്ട്. മതത്യാഗിയായ ജൂലിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത് 362-ല്‍ സെനോ വെറോണയിലെ മെത്രാനായി. പ്രസംഗംവഴി എല്ലാ കൊല്ലവും അനേകം വിജാതീയരേയും ആര്യന്‍ പാഷണ്ഡികളേയും അദ്ദേഹം ജ്ഞാനസ്‌നാനപ്പെടുത്തിയിരുന്നു. കോണ്‍സ്റ്റന്റിയന്‍, വാലെന്‍സ് എന്നീ ചക്രവര്‍ത്തികളുടെ പിന്തുണ പാഷണ്ഡികള്‍ക്കുണ്ടായിട്ടും ബിഷപ് സെനോയ്ക്ക് അനേകരുടെ മനസ്സു തിരിക്കാന്‍ കഴിഞ്ഞു.

ദരിദ്രജീവിതംവഴി പണമുണ്ടാക്കി ദരിദ്ര സഹായത്തിന് വിനിയോഗിച്ചതും അടിമകളെ സ്വതന്ത്രരാക്കാന്‍ വെറോണയിലെ ജനങ്ങള്‍ നിര്‍ല്ലോഭം സഹായിച്ചതും ശ്രദ്ധേയമാണ്. വിശുദ്ധരുടെ കബറിടങ്ങളില്‍ നടത്തിയിരുന്ന സ്‌നേഹവിരുന്ന് അമിതമായ മദ്യപാനത്തിനും മായാസ്തുതിക്കും കാരണമാകുന്നുണ്ടെന്നു കണ്ട് സെനോ അത് നിരുത്സാഹപ്പെടുത്തി. അങ്ങനെ ആ ആചാരം ഇല്ലാതായി. അതിന് വിശുദ്ധ അഗസ്തിനോസ് സെനോയെ അത്യധികം സ്തുതിച്ചു. മരിച്ചവരുടെ ശേഷക്രിയകള്‍ നടക്കുമ്പോളുണ്ടായിരുന്ന അമിതമായ വിലാപം വിശുദ്ധ സെനോ നിര്‍ത്തലാക്കി.

വിശ്വാസ സംരക്ഷണത്തിനുവേണ്ടി വിശുദ്ധ സെനോ അനുഭവിച്ചിട്ടുള്ള സഹനങ്ങള്‍ അവര്‍ണ്ണനീയമാണ്. സ്വന്തം അനുഭവത്തെ അടിസ്ഥാനപ്പെടുത്തി ക്ഷമയെപ്പറ്റി വിശുദ്ധ സെനോ എഴുതിയിട്ടുള്ള ഈ വാക്കുകള്‍ എല്ലാ തലമുറകള്‍ക്കും അനുയോജ്യമാണ്. ‘എല്ലാ പുണ്യങ്ങളുടേയും രാജ്ഞി, ക്ഷമയേ, നിന്റെ സ്തുതികള്‍ പാടാന്‍ ഞാന്‍ എത്രമാത്രം ആഗ്രഹിക്കുന്നു വാക്കാലല്ല. എന്റെ ജീവിതത്താലും പ്രവര്‍ത്തനങ്ങളാലും അങ്ങ് കന്യാത്വത്തിന്റെ തുണയാണ്. വിധവകള്‍ക്ക് സുരക്ഷിത തുറമുഖമാണ്. വിവാഹജീവിതത്തിന് വഴികാട്ടിയും മാര്‍ഗ്ഗനിയന്താവുമാണ്. സ്‌നേഹത്തിന്റെ അടിസ്ഥാനമാണ്. അടിമത്തത്തിന്റെ ആശ്വാസവും ആനന്ദവുമാണ്, അങ്ങാണല്ലോ പലപ്പോഴും അടിമത്തത്തിനുള്ള സ്വാതന്ത്ര്യം അങ്ങുവഴി ദാരിദ്ര്യം സമാധാനത്തോടെ ആസ്വദിക്കുന്നു.’

ഏപ്രില്‍ 11: ക്രാക്കോയിലെ വിശുദ്ധ സ്റ്റനിസ്‌ളാവുസ് മെത്രാന്‍

പോളണ്ടിന്റെ മധ്യസ്ഥനായ ക്രാക്കോ ബിഷപ് സ്റ്റനിസ്‌ളാവുസിനെപ്പറ്റി പൗരസ്ത്യ യൂറോപ്യന്‍ ചരിത്രത്തില്‍ വായിച്ചിട്ടില്ലാത്തവരാരും ഉണ്ടാകുകയില്ല. വിശുദ്ധ തോമസ് മൂറിനേയും വിശുദ്ധ തോമസ് ബെക്കറ്റിനേയും പോലെ, അനീതി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗവണ്‍മെന്റിനെ സ്റ്റനിസ്‌ളാവൂസ് ചെറുത്തുകൊണ്ടിരുന്നു.

1030 ജൂലൈ 26-ന് ക്രാക്കോയ്ക്കു സമീപമുള്ള സഷെ പാനോവില്‍ അദ്ദേഹം ജനിച്ചു. നിസ്‌നോയിലെ കത്തീഡ്രല്‍ സ്‌ക്കൂളുകളിലും പാരീസിലും പഠിച്ച് പുരോഹിതനായി. അദ്ദേഹത്തിന്റെ സന്മാതൃകയും പ്രസംഗങ്ങളുംവഴി അനേകര്‍ മാനസാന്തരപ്പെട്ടു. 1072-ല്‍ അദ്ദേഹം ക്രാക്കോയിലെ മെത്രാനായി.

ബിഷപ്പായതിനുശേഷം ബൊലെസ്‌ളാവൂസ് ദ്വിതീയന്‍ രാജാവിന്റെ അനീതികളേയും നീതിരഹിതമായ യുദ്ധങ്ങളേയും കര്‍ഷകരുടെ തിന്മകളേയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. രാജാവ് അനുതാപത്തിന്റെ ലക്ഷണം കാണിച്ചെങ്കിലും മെത്രാനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി. ബിഷപ് സ്റ്റനിസ്‌ളാവൂസ് അദ്ദേഹത്തെ മഹറോന്‍ ചൊല്ലി. കുപിതനായ രാജാവ് പടയാളികളോടു ബിഷപ്പിനെ വധിക്കാന്‍ ആജ്ഞാപിച്ചു. അവര്‍ വിസമ്മതിക്കയാല്‍ രാജാവു തന്നെ ബിഷപ്പ് സ്റ്റനിസ്‌ളാവൂസിനെ വധിച്ചു. രാജാവ് ഹങ്കറിയിലേക്ക് പലായനം ചെയ്തു. അവിടെവച്ച് അനുതപിച്ച് ശേഷംകാലം ഓസിയിക്ക് ബെനഡിക് ടന്‍ ആശ്രമത്തില്‍ താമസിച്ചു.

ഏപ്രില്‍ 10: വിശുദ്ധന്മാരുടെ മൈക്കള്‍

സ്പാനിഷ് കറ്റലോണിയായില്‍ വിക്ക് എന്ന പ്രദേശത്ത് വിശുദ്ധ മൈക്കള്‍ ജനിച്ചു. പ്രായശ്ചിത്ത പ്രിയനായിരുന്ന ഈ യുവാവ് 22-ാമത്തെ വയസ്സില്‍ ബാഴ്‌സലോണിയായിലെ ട്രിനിറ്റേരിയന്‍ പാദുകസഭയില്‍ ചേര്‍ന്ന് എല്ലാവര്‍ക്കും സന്മാതൃക നല്കിക്കൊണ്ട് പരിശുദ്ധമായ ജീവിതം നയിച്ചു. നാലാമത്തേവര്‍ഷം 1607-ല്‍ വ്രതവാഗ്ദാനം ചെയ്തു. സന്യാസ സഭയില്‍ വിശു ദ്ധന്മാരുടെ മൈക്കള്‍ എന്ന നാമത്തിലാണ് അറിയപ്പെട്ടിരുന്നത്.

തീക്ഷ്ണമതിയായ മൈക്കളിന് പാദുക ത്രിനിറ്റേരിയന്‍ സഭയിലെ നിയമങ്ങള്‍ ആധ്യാത്മിക സംതൃപ്തി നല്‍കിയില്ല. കൂടുതല്‍ പ്രായശ്ചിത്തവും പ്രാര്‍ത്ഥനയും അന്വേഷിച്ച് അദ്ദേഹം 1607-ല്‍ നിഷ്പാദുക ട്രിനിറ്റേറിയന്‍ സഭയില്‍ ചേര്‍ന്ന് അല്‍കാലാ ആശ്രമത്തില്‍വച്ച് വ്രതങ്ങള്‍ നവീകരിച്ചു. വൈദികപട്ടം സ്വീകരിച്ചശേഷം വള്ളഡോളിഡ് ആശ്രമത്തില്‍ രണ്ടുപ്രാവശ്യം സുപ്പീരിയറായി. വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതില്‍ അത്യുത്സാഹം പ്രദര്‍ശിപ്പിച്ചിരുന്ന വിശുദ്ധ മൈക്കള്‍ സ്‌പെയിനിലെ വിശുദ്ധ കുര്‍ബാനയുടെ പ്രേഷിതന്മാരില്‍ ഉന്നത സ്ഥാനം നേടിയിയാണ് 34-ാമത്തെ വയസ്സില്‍ ദിവ്യകാരുണ്യ ഈശോയുടെ സമ്മാനം വാങ്ങാന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞത്.

കോര്‍പ്പറേറ്റ് സ്‌കൂളുകളില്‍ അധ്യാപക ഒഴിവ്: അപേക്ഷ ക്ഷണിച്ചു

താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള വിവിധ സ്‌കൂളുകളില്‍ അടുത്ത വര്‍ഷങ്ങളില്‍ ഉണ്ടാകാനിടയുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (HSST History), ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ (PET), ഉറുദു ടീച്ചര്‍ (HST & JLT Urdu) ഒഴിവുകളിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍നിന്നും അപേക്ഷ അപേക്ഷ ക്ഷണിച്ചു.

എഴുത്തു പരീക്ഷ, കൂടിക്കാഴ്ച, പ്രായോഗിക ക്ലാസ്സ്, അക്കാദമിക മികവ് എന്നിവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം. നിയമാനുസൃത യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം 2024 ഏപ്രില്‍ 15 മുതല്‍ അപേക്ഷിക്കാം. 2024 മെയ് 15ന് മുമ്പ് അപേക്ഷകള്‍ താമരശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി ഓഫീസില്‍ ലഭിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2965617

Exit mobile version