പാലൂര്‍ക്കോട്ട സെന്റ് മേരീസ് ദേവാലയം കൂദാശ ചെയ്തു

പെരിന്തല്‍മണ്ണ ഫൊറോനയിലെ പാലൂര്‍ക്കോട്ടയില്‍ നിര്‍മിച്ച പുതിയ ദേവാലയത്തിന്റെ കൂദാശാ കര്‍മ്മം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. തീഷ്ണമായ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും ദൈവകരുതലിന്റെയും പ്രതീകമാണ് ദേവാലയമെന്ന് ബിഷപ് പറഞ്ഞു.

വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, സീറോ മലബാര്‍ സഭ ചാന്‍സലര്‍ ഫാ. അബ്രഹാം കാവില്‍പുരയിടത്തില്‍ എന്നിവര്‍ കൂദാശാ കര്‍മ്മത്തില്‍ സഹകാര്‍മ്മികരായി.

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടന്ന യോഗത്തില്‍ പാലൂര്‍ക്കോട്ട വികാരി ഫാ. ജോമോന്‍ പാട്ടശ്ശേരി, ദേവാലയ നിര്‍മാണ കോണ്‍ട്രാക്ടര്‍ ജേക്കബ് ലോറന്‍സ്, മേല്‍നോട്ടം വഹിച്ച വിഡ്‌കോ കണ്‍സ്ട്രക്ഷന്‍സ് പ്രതിനിധി ജിതിന്‍, ട്രസ്റ്റിമാരായ ജോസഫ് കൂത്രപ്പള്ളി, ബേബി കരിയംപള്ളി, ലിനു പച്ചിലമാക്കല്‍, ജോബി ചെന്നിക്കര എന്നിവരെ ബിഷപ് ആദരിച്ചു.

പാലൂര്‍ക്കോട്ട ദേവാലയ ചിത്രങ്ങള്‍

ദേവാലയ കൂദാശാ കര്‍മ്മം വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യൂ:

ഏപ്രില്‍ 21: വിശുദ്ധ ആന്‍സലം

ഇറ്റലിയിലെ അവോസ്ത എന്ന സ്ഥലത്ത് 1033 ലാണ് വിശുദ്ധ ആന്‍സലം ജനിച്ചത്. ഒരു പുരോഹിതനാകാന്‍ അതിയായി ആഗ്രഹിച്ചിരുന്ന ആല്‍സലം 15 വയസ്സായതോടെ അതിനായി ശ്രമിച്ചെങ്കിലും പിതാവിന്റെ എതിര്‍പ്പ് മൂലം അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചില്ല. അതിനാല്‍ വിശുദ്ധന്‍ സ്വഗ്രഹം വിട്ട് ഫ്രാന്‍സിലെ പല വിദ്യാലയങ്ങളിലും പ്രവേശിച്ച് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇങ്ങനെ 12 വര്‍ഷത്തോളം അദ്ദേഹം ചെലവഴിച്ചു.

സന്യാസി ആകാനുള്ള ആഗ്രഹം വീണ്ടും തീവ്രമായി. ഉടന്‍തന്നെ ആന്‍സലം ഇംഗ്ലണ്ടിലെ ബെക്ക് എന്ന സ്ഥലത്തെ ഒരു ആശ്രമത്തില്‍ പ്രവേശിച്ചു. പുണ്യത്തില്‍ അനുദിനം അഭിവൃദ്ധിപ്പെട്ടു കൊണ്ടിരുന്ന വിശുദ്ധന്‍ 1063-ല്‍ പ്രസ്തുത ആശ്രമത്തിലെ പ്രിയോരായി. ആന്‍സലത്തിന്റെ പുണ്യയോഗ്യതകളെക്കുറിച്ച് കേട്ടറിഞ്ഞ ഇംഗ്ലണ്ട് രാജാവ് വില്യം റൂഫസ് വിശുദ്ധനെ തന്റെ ജ്ഞാന ഗുരുവായി നിയമിച്ചു.

കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ വിശുദ്ധനെ ആര്‍ച്ച് ബിഷപ്പായി നിയമിച്ചു. വിശുദ്ധന്‍ തന്റെ സംഭവബഹുലമായിരുന്ന ജീവിതത്തിനിടയിലും ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. തത്വ ശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യം പ്രശസ്തമാണ്. ഇതിനെല്ലാമുപരിയായി ദൈവമാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിലും വിശുദ്ധന്‍ മുമ്പിലായിരുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ അമലോല്‍ഭവ മാതാവിന്റെ ഭക്തി ആദ്യമായി പ്രചരിപ്പിച്ചത് ആന്‍സലമാണ്. 1109-ല്‍ വിശുദ്ധന്‍ നിര്യാതനായി.

ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന് പുതിയ സാരഥികള്‍

ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ മദര്‍ ജനറലായി സിസ്റ്റര്‍ ടീന കുന്നേല്‍ തെരഞ്ഞെടുക്കപ്പെട്ടു. അസി. ജനറലായി സിസ്റ്റര്‍ ലിന്‍സ മഴുവഞ്ചേരിയും ജനറല്‍ കൗണ്‍സിലര്‍മാരായി സിസ്റ്റര്‍ ഗ്ലാഡിസ് മഞ്ഞാമറ്റത്തില്‍, സിസ്റ്റര്‍ നാന്‍സി ഓരത്തേല്‍, സിസ്റ്റര്‍ മെര്‍ളി മഞ്ഞപ്പിള്ളി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ഏപ്രില്‍ 20: മോന്തെപുള്‍ചിയാനോയിലെ വിശുദ്ധ ആഗ്‌നെസ് കന്യക

ശിശുപ്രായം മുതല്‍ ദൈവകാര്യങ്ങളില്‍ തീക്ഷ്ണത പ്രദര്‍ശിപ്പിച്ച ഒരു ഡൊമിനിക്കന്‍ സന്യാസിനിയാണ് ടസ്‌കനിയില്‍ 1274-ല്‍ ജനിച്ച ആഗ്‌നെസ്. ബാല്യത്തില്‍ത്തന്നെ ‘കര്‍തൃജപവും’, ‘നന്മനിറഞ്ഞ മറിയമേ..’ എന്ന പ്രാര്‍ത്ഥനയും ഒരു മുറിയുടെ മൂലയില്‍ മുട്ടിന്മേല്‍നിന്ന് അവള്‍ ചൊല്ലിക്കൊണ്ടിരുന്നുവത്രെ. 9-ാമത്തെ വയസ്സില്‍ മാതാപിതാക്കന്മാര്‍ ആഗ്‌നെസ്സിനെ മോന്തെ പുള്‍ചിയാനോയിലെ ഒരു ഫ്രാന്‍സിസ്‌ക്കന്‍ മഠത്തില്‍ താമസിപ്പിച്ചു. അവള്‍ അവിടെ സുകൃതങ്ങളുടെ ഒരു മാതൃകയായിരുന്നു.

15-ാമത്തെ വയസ്സില്‍ ആഗ്‌നെസ് പ്രോസെനോയിലെ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. ഉടനെ അവിടെ മഠാധിപയായി. അക്കാലത്ത് അവള്‍ നിലത്താണ് കിടന്നിരുന്നത്; തലയണ ഒരു പാറക്കല്ലും. 15 വര്‍ഷം അപ്പവും വെള്ളവും കഴിച്ചുജീവിച്ചു. അധികാരികള്‍ അവളുടെ ആരോഗ്യം പരിഗണിച്ച് ഈ പ്രായശ്ചിത്തങ്ങള്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. അവളുടെ നാട്ടുകാര്‍ സ്വഗ്രാമത്തില്‍ ഒരാശ്രമം പണിതുകൊണ്ട് അവളെ ആ മഠത്തിലേക്കു ക്ഷണിച്ചു.

രോഗിണിയായിത്തീര്‍ന്നിരുന്ന ആഗ്‌നെസ്സിന്റെ എളിമയും ദൈവസ്‌നേഹവും അവളെ ദൈവത്തിങ്കലേക്ക് അടുപ്പിച്ചു. അത്ഭുതങ്ങളും പ്രവചനങ്ങളും അവളുടെ വിശുദ്ധി പ്രഖ്യാതമാക്കി 1017 ഏപ്രില്‍ 20-ാം തീയതി 43-ാമത്തെ വയസ്സില്‍ ആഗ്‌നെസ് സ്വര്‍ല്ലോക പ്രാപ്തതയായി 1726-ല്‍ 13-ാം ബെനഡിക്ട് മാര്‍പാപ്പ അവളെ വിശുദ്ധയെന്നു നാമകരണം ചെയ്തു.

ഏപ്രില്‍ 19: വിശുദ്ധ ലെയോ ഒന്‍പതാം മാര്‍പാപ്പ

ഇപ്പോള്‍ ഫ്രാന്‍സിന്റെ ഭാഗമായ ആല്‍സെസ് എന്ന രാജ്യത്ത് കോണ്‍റാഡ് ചക്രവര്‍ത്തിയോട് ബന്ധപ്പെട്ട ഒരു കുടുംബത്തില്‍ 1002-ല്‍ ലെയോ ഭൂജാതനായി. ജ്ഞാനസ്‌നാന നാമം ബ്രൂണോ എന്നായിരുന്നു. ടൂളിലെ ബിഷപ് ബെര്‍ത്തോള്‍ഡാണ് കുട്ടിക്ക് വിദ്യാഭ്യാസം നല്കിയത്. വിദ്യാഭ്യാസശേഷം കത്തീഡ്രല്‍ ദേവാലയത്തില്‍ കാനനായി. അക്കാലത്ത് പ്രാര്‍ത്ഥനയും ജ്ഞാനവായനയും പഠനവുമായിരുന്നു അദ്ദേഹത്തിന്റെ ജോലി. ഉല്ലാസസമയത്ത് ആശുപത്രി സന്ദര്‍ശിക്കുകയോ സാധുക്കളെ പഠിപ്പിക്കുകയോ ചെയ്തുകൊണ്ടിരുന്നു. 1026-ല്‍ 24-ാമത്തെ വയസ്സില്‍ ടൂളിലെ ബിഷപ്പായി നിയമിതനായിയെന്നു പറയുമ്പോള്‍ ബ്രൂണോയുടെ വിദ്യാഭ്യാസവും സുകൃതവും എത്ര ശ്രേഷ്ഠമായിരുന്നിരിക്കണം. വൈദികരുടെയും സന്യാസികളുടെയും ജീവിതപരിഷ്‌കരണമായിരുന്നു യുവാവായ ബിഷപ്പിന്റെ പ്രഥമലക്ഷ്യം. കാനോന നമസ്‌കാരവും ദൈവാലയഗാനങ്ങളും ഉചിതമായി ചൊല്ലുന്നതിന് അദ്ദേഹം അത്യന്തം നിഷ്‌കര്‍ഷിച്ചു.

എളിമയുടെ പരിശീലനത്തിനായി ദിവസംതോറും ഏതാനും ദരിദ്രരുടെ പാദങ്ങള്‍ ബിഷപ്പ് ബ്രൂണോ കഴുകുമായിരുന്നു. അനുസ്യൂത പ്രായശ്ചിത്തമായിരുന്നു ജീവിതം. ക്ഷമയും ശാന്തതയുമാകുന്ന കരങ്ങള്‍കൊണ്ടാണ് വൈരാഗ്യത്തെയും അസൂയയേയും വിജയിച്ചിരുന്നത്. വേംസില്‍ നടത്തിയ പ്രതിനിധി സമ്മേളനത്തില്‍ മാര്‍പാപ്പാസ്ഥാനത്തേക്ക് ബിഷപ് ബ്രൂണോയുടെ നാമം നിര്‍ദ്ദേശിച്ചപ്പോള്‍ ആ ഭാരത്തില്‍നിന്നു തന്നെ ഒഴിവാക്കണമെന്ന് കേണപേക്ഷിച്ചു. മൂന്നുദിവസത്തെ പ്രാര്‍ത്ഥനാപരമായ ചിന്തയ്ക്കുശേഷമാണ് തിരഞ്ഞെടുപ്പിന് സമ്മതം കൊടുത്തത്. 1049 ഫെബ്രുവരി 12-ന് 47-ാമത്തെ വയസ്സില്‍ സാര്‍വത്രികമായ അംഗീകാരത്തോടെ ബിഷപ് ബ്രൂണോ പാപ്പാസ്ഥാനം ഏറ്റെടുത്തു.

അഞ്ചുകൊല്ലത്തെ ഭരണത്തിനിടയ്ക്ക് അഴിമതികള്‍ തിരുത്താന്‍ അദ്ദേഹം അങ്ങേയറ്റം പണിപ്പെട്ടു. വസ്തുഭേദത്തിനെതിരായി ബെറെങ്കേരിയൂസ് ഉന്നയിച്ച പാഷണ്ഡതയെ അദ്ദേഹം ശപിച്ചു. വെര്‍സെല്ലിയില്‍ സമ്മേളിച്ച പ്രാദേശിക സൂനഹദോസ് ആ ശാപം അംഗീകരിക്കുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസ് മൈക്കള്‍ സെളാരിയൂസ് പൗരസ്ത്യശീശ്മ പൂര്‍ത്തിയാക്കി. ലെയോ പാപ്പയുടെ ഹൃദയത്തെ ഭേദിച്ച സംഭവമാണിത്.

നോര്‍മന്‍കാര്‍ പേപ്പല്‍ രാജ്യങ്ങള്‍ ആക്രമിക്കുകയും മാര്‍പാപ്പയെ തടവിലാക്കുകയും ചെയ്തു. പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ജയില്‍ വാസം കഴിച്ചു. നിലത്താണ് മാര്‍പാപ്പ കിടന്നിരുന്നത്; ഒരു പാറക്കല്ലായിരുന്നു തലയണ, രോമച്ചട്ട ധരിച്ചിരുന്നു. ഒരു കൊല്ലത്തോളം ജയിലില്‍ കിടന്നു, അങ്ങനെ മാര്‍പാപ്പ രോഗിയായി. നോര്‍മന്‍കാര്‍ അദ്ദേഹത്തെ ബഹുമാനപൂര്‍വം റോമയിലെത്തിച്ചു. 1054 ഏപ്രില്‍ 19-ാം തീയതി ലെയോ മാര്‍പാപ്പ ദിവംഗതനായി.

സമര്‍പ്പിതര്‍ വെല്ലുവിളികളെ അതിജീവിക്കേണ്ടവര്‍: ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍

താമരശ്ശേരി രൂപത സംഘടിപ്പിച്ച വൈദിക സന്യസ്ത സംഗമത്തില്‍ സമര്‍പ്പിത ജീവിതത്തിലെ വെല്ലുവിളികളെയും പരിഹാര മാര്‍ഗങ്ങളെയുംകുറിച്ച് അദിലബാദ് രൂപതാ ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ മുഖ്യപ്രഭാഷണത്തില്‍ വിശദീകരിച്ചു. ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍:

സമര്‍പ്പിത ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും കണ്ടെത്താന്‍ ഇന്ന് പലര്‍ക്കും സാധിക്കുന്നില്ല. പല വൈദികരും സന്യസ്തരും നിരാശയിലേക്ക് കൂപ്പുകുത്തുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നു. കര്‍ത്താവിനെ പിന്തുടരുന്നവര്‍ക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് ചിന്തിക്കണം. ശ്രേഷ്ഠമായത് കണ്ടെത്തി എന്ന ചിന്തയില്‍ നിന്നാണ് സന്തോഷവും സംതൃപ്തിയും ഉണ്ടാകുന്നത്. ഉപേക്ഷിച്ചതിനെക്കാളും വലുത് കണ്ടെത്തിയാല്‍ മാത്രമേ സന്തോഷം സ്വന്തമാകു. കണ്ടെത്താന്‍ വേണ്ടിയുള്ള ഉപേക്ഷിക്കലാണ് സുവിശേഷം ആവശ്യപ്പെടുന്നത്. ക്രിസ്തുവിനെ നേടാന്‍, ക്രിസ്തുവിനോടു ചേര്‍ന്നിരിക്കാനാണ് നമ്മള്‍ ഉപേക്ഷിക്കേണ്ടത്. അല്ലെങ്കില്‍ വേദനിക്കേണ്ടി വരും. നിരന്തരമായ യേശുവിനെ കണ്ടെത്തല്‍ ആവശ്യമാണ്. വെറുതെ ഉപേക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ജീവിതത്തില്‍ നിരന്തരം യേശുവിനെ കണ്ടെത്താന്‍ സാധിക്കണം.

ആഴമായ ദൈവാനുഭവത്തില്‍ കുറവു വരുമ്പോഴാണ് നിര്‍വികാരത ഉണ്ടാകുന്നത്. ക്രിസ്തുവിനെ കണ്ടിട്ടുള്ളവര്‍ക്കും കേട്ടിട്ടുള്ളവര്‍ക്കും നിര്‍വികാരതയുണ്ടാകില്ല. നിര്‍വികാരത പതിയെ പതിയെ സന്യസ്ത ജീവിതത്തെ തകര്‍ത്തു കളയും. പല തിന്മകളെയുംകാള്‍ അപകടകരമാണ് നിര്‍വികാരത. യേശുവിനോടുള്ള ആഴമായ സ്‌നേഹം വ്യക്തി ജീവിതത്തില്‍ വളര്‍ത്തിയെടുക്കുമ്പോള്‍ നിഷ്‌ക്രിയത വഴിമാറും. ഉള്ളില്‍ നിന്നാണ് നാം തീകൂട്ടേണ്ടത്. പുറമേ നിന്ന് തീകൂട്ടാന്‍ ആര്‍ക്കും സാധിക്കില്ല.

സമൂഹത്തിന്റെ മാറ്റം വേഗത്തിലാണ്. അതിനൊപ്പമെത്താന്‍ നമുക്ക് കഴിയുന്നില്ല. കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയണം. മാറ്റങ്ങളോടു ക്രിയാത്മകമായി ഇടപെടണം. മാറ്റങ്ങള്‍ മനസ്സിലാക്കണം. ശക്തമായ പദ്ധതിയോടെ മുന്നോട്ടു പോകണം.

ക്രിസ്ത്യാനികള്‍ വിദേശികളാണെന്നു പറയുന്ന കാലമാണ് ഇത്. ക്രിസ്ത്യാനികളെക്കുറിച്ചുള്ള വികലമായ ധാരണകള്‍ സമൂഹത്തില്‍ പരത്താന്‍ ചില ശക്തികള്‍ സംഘടിതമായി ശ്രമിക്കുന്നുണ്ട്. സന്യസ്തരെ താറടിച്ചു കാണിക്കുകയും പൗരോഹിത്യത്തെ വിലകുറച്ചു കാണുകയും ചെയ്യുന്ന ഈ കാലത്ത് ആശയ ദൃഢതയോടെ മുന്നോട്ടു പോകാന്‍ സാധിക്കണം. സമൂഹ മാധ്യമങ്ങളിലെ ആരോപണങ്ങള്‍ക്കുള്ള മറുപടി അതേ മാധ്യത്തിലൂടെ തന്നെ നല്‍കണം. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ എല്ലാ സമര്‍പ്പിതരും ശ്രദ്ധിക്കണം. സമൂഹ മാധ്യമങ്ങളെ പ്രേഷിത പ്രവര്‍ത്തനത്തിന് ഉപയോഗിക്കണം.

പ്രതിസന്ധികള്‍ അകത്തു നിന്നും പുറത്തു നിന്നും സഭയെ ബലഹീനയാക്കുന്ന കാലമാണിത്. പ്രേഷിത പ്രവര്‍ത്തനമാണ് സഭയ്ക്ക് പുതുജീവന്‍ നല്‍കാന്‍ ഏക മാര്‍ഗം. പ്രേഷിത ചൈതന്യം കുറഞ്ഞു പോകുമ്പോഴാണ് തകര്‍ച്ചകള്‍ ആരംഭിക്കുന്നത്. ജീവവായുവാണ് പ്രേഷിത പ്രവര്‍ത്തനം. പ്രതിസന്ധികളെ തരണം ചെയ്യാന്‍ പ്രേഷിത ചൈതന്യം വേണം. എല്ലാ സുവിശേഷങ്ങളും അവസാനിക്കുന്നത് പ്രേഷിത പ്രവര്‍ത്തനമെന്ന ആഹ്വാനത്തോടെയാണ്. സുവിശേഷം പ്രസംഗിക്കുകയെന്നതാണ് നമ്മുടെ പ്രധാന കടമ.

കൂട്ടായ്മയുടെ ആഘോഷമായി ‘അര്‍പ്പിതം 2024’

താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘അര്‍പ്പിതം 2024’ കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും ആഘോഷമായി. തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന സംഗമത്തില്‍ ആയിരത്തോളം വൈദികരും സന്യസ്തരും പങ്കെടുത്തു.

സഭയാകുന്ന വലിയ രഹസ്യത്തിലേക്കാണ് ഓരോ സമര്‍പ്പിതരും വിളിക്കപ്പെട്ടിരിക്കുന്നതെന്നും സഭയുടെ തൂണും സത്യത്തിന്റെ കോട്ടയുമാണ് അവരെന്നും ആമുഖ പ്രഭാഷണത്തില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

‘യേശുവിന്റെ ശരീരത്തെയാണ് ഓരോ സമര്‍പ്പിതരും ശുശ്രൂഷിക്കുന്നത്. കൂട്ടായ്മയോടെ ഒരുമിച്ചു നില്‍ക്കുന്നത് വലിയൊരു പ്രേഷിത പ്രവര്‍ത്തനമാണ്. പ്രതിസന്ധികളും വെല്ലുവിളികളും എല്ലാ കാലവും ഉണ്ടാകും. അതിനെ നാം സമീപിക്കുന്നത് എങ്ങനെയെന്നതാണ് പ്രധാനം. ദൈവം നമ്മുടെ കൂടെയുണ്ടെന്ന് എപ്പോഴും ഓര്‍ക്കണം’ – ബിഷപ് കൂട്ടിച്ചേര്‍ത്തു.

താമരശ്ശേരി രൂപതയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ വൈദിക സന്യസ്ത സംഗമം സംഘടിപ്പിക്കുന്നതെന്ന് ബിഷപ് പറഞ്ഞു. രൂപതയില്‍ നിന്ന് വൈദികരും സന്യസ്തരുമായ 3000-ല്‍ അധികം പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്നുണ്ട്.

സൗഹൃദവും കൂട്ടായ്മയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൈദിക സന്യസ്ത സംഗമം സംഘടിപ്പിക്കുകയെന്നത് റെമീജിയോസ് പിതാവിന്റെ ആഗ്രഹമായിരുന്നെന്ന് സ്വാഗത പ്രസംഗത്തില്‍ രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രാഹം വയലില്‍ പറഞ്ഞു.

ഡോ. ജെയിംസ് കിളിയനാനി രചിച്ച രണ്ടു ഗ്രന്ഥങ്ങള്‍ ചടങ്ങില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രകാശനം ചെയ്തു. അഭിഷിക്തനും അഭിഷേകവും എന്ന ഗ്രന്ഥത്തിന്റെ ആദ്യ പ്രതി മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ ഏറ്റുവാങ്ങി. വിശ്വാസത്തിന്റെ വിജയാഘോഷം എന്ന ഗ്രന്ഥത്തിന്റെ ആദ്യ പ്രതി എംഎസ്എംഐ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എല്‍സി വടക്കേമുറിയില്‍ ഏറ്റുവാങ്ങി.

ഏപ്രില്‍ 18: വിശുദ്ധ ഗാല്‍ഡിന്‍ മെത്രാന്‍

വിശുദ്ധ അംബ്രോസും വിശുദ്ധ ചാള്‍സ് ബോറോമിയോയും കഴിഞ്ഞാല്‍ മിലാന്‍ നിവാസികള്‍ക്ക് ഏറ്റവും ഇഷ്ടം വിശുദ്ധ ഗാല്‍ഡിനെയാണ്. അദ്ദേഹം മിലാനിലെ ദെല്ലാ സ്‌കാലാ കുടുംബത്തിലെ അംഗമാണ്. സമര്‍ത്ഥനായ ഗാല്‍ഡിന്‍, പൗരോഹിത്യം സ്വീകരിച്ചശേഷം മിലാന്‍ അതിരൂപതയുടെ ചാന്‍സലറായി സേവനം ചെയ്തു. റോമിലെ പാപ്പാസ്ഥാനത്തെ പിന്തുണച്ചും ആന്റിപോപ്പായിരുന്ന വിക്ടര്‍ നാലാമനെ എതിര്‍ത്തും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു.

വിക്ടര്‍ നാലാമനെ അനുകൂലിച്ചിരുന്ന ഫ്രഡറിക് ബാര്‍ബറോസ്സ മിലാന്‍ പിടിച്ചെടുക്കുന്നതിനു 1161-ല്‍ പടയോട്ടം നടത്തി. ബാര്‍ബറോസ്സാ ചക്രവര്‍ത്തി വരുന്നു എന്ന് കേട്ടപ്പോഴേ ഗാല്‍ഡിന്‍ പലായനം ചെയ്തു. ബാര്‍ബറോസ് പിന്‍വാങ്ങിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും അദ്ദേഹത്തെ മിലാന്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുത്തു; മാത്രമല്ല 1163-ല്‍ കര്‍ദ്ദിനാളുമാക്കി.

ബാര്‍ബറോസ്സാ മിലാന്‍ നഗരം നശിപ്പിച്ച് തരിപ്പണമാക്കിയിരുന്നു. ഗാല്‍ഡിന്‍ തിരിച്ചുവന്നു നഗരം പുനരുദ്ധരിക്കുന്നതിന് ജനങ്ങളോടൊപ്പം പരിശ്രമിച്ചു. തീക്ഷ്ണമായ ദൈവസ്‌നേഹത്തോടെ അദ്ദേഹം ചെയ്തിരുന്ന പ്രസംഗങ്ങള്‍ മിലാന്‍ ജനതയെ ആവേശഭരിതരാക്കി. 76-ാമത്തെ വയസ്സില്‍ കത്തീഡ്രലില്‍ ഒരു പ്രസംഗം ചെയ്തുകഴിഞ്ഞ ഉടനെയാണ് ഗാല്‍ഡിന്‍ തന്റെ പ്രസംഗങ്ങളുടെയും അധ്വാനങ്ങളുടെയും പ്രതിഫലം വാങ്ങാന്‍ സ്വര്‍ഗത്തിലേക്ക് യാത്രയായത്.

അലക്‌സാണ്ടര്‍ മൂന്നാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തു. മിലാന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥരിലൊരാളായി വിശുദ്ധ ഗാല്‍ഡിന്‍ ആദരിക്കപ്പെടുന്നു.

ഭീകരവാദത്തിനെതിരെ പോരാടുന്ന അസീറിയന്‍ ഓര്‍ത്തോഡോക്‌സ് ബിഷപ് അക്രമിക്കപ്പെട്ടു

വചനപ്രഘോഷകനും അസീറിയന്‍ ഓര്‍ത്തഡോക്‌സ് ബിഷപ്പുമായ മാര്‍ മാരി ഇമ്മാനുവേലിന് നേരെ നടന്നത് ഭീകരാക്രമണമാണെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ്. മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു.

ക്രിസ്തീയ വിശ്വാസ വിഷയങ്ങളില്‍ ആഴമേറിയ പാണ്ഡിത്യവും ധാര്‍മ്മിക വിഷയങ്ങളില്‍ ക്രിസ്തീയത മുറുകെ പിടിച്ച് വചനം പ്രഘോഷണം നടത്തി ലോകശ്രദ്ധ നേടിയ വ്യക്തിയാണ് മാര്‍ മാരി ഇമ്മാനുവേല്‍. ഇസ്ലാമിക ഭീകരവാദത്തിനും ഭ്രൂണഹത്യയ്ക്കും സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ക്കും ദയാവധത്തിനും എതിരെയും അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ ശ്രദ്ധേയമാണ്.

സിഡ്‌നിയില്‍നിന്ന് 30 കിലോമീറ്ററോളം അകലെയുള്ള വാക്ക്ലെയിലെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ദേവാലയത്തിലാണ് കുത്തിക്കുത്ത് നടന്നത്. പള്ളിയില്‍ ശുശ്രൂഷ നടക്കുന്നതിനിടെ മാര്‍ മാരി ഇമ്മാനുവേലിനു നേരെ പാഞ്ഞടുത്ത അക്രമി തുരുതുരെ കുത്തുകയായിരുന്നു. പള്ളിയിലുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വലിയ ദുരന്തം ഒഴിവായി. ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അക്രമിയെ അറസ്റ്റ് ചെയ്തു. 16 വയസുകാരനാണ് അക്രമിയെന്ന് പൊലീസ് സ്ഥിതീകരിച്ചു.

ബിഷപ് മാര്‍ മാരി ഇമ്മാനുവേലിന് തലയ്ക്കും ശരീരത്തിനും മര്‍ദ്ദനമേറ്റുവെന്നും പള്ളി വികാരി ഫാ. ഐസക് റോയലെയ്ക്കും പരിക്കുണ്ടെന്നും ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ചര്‍ച്ച് വൃത്തങ്ങള്‍ അറിയിച്ചു. കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമിക്കുമേല്‍ കൈവച്ച് കര്‍ത്താവായ യേശുക്രിസ്തു താങ്കളെ രക്ഷിക്കട്ടെയെന്ന് ബിഷപ് മാര്‍ മാരി ഇമ്മാനുവേല്‍ പറഞ്ഞതായി ദൃസാക്ഷിയെ ഉദ്ധരിച്ച് ഫെയര്‍ ഫീല്‍ഡ് സിറ്റി ഡെപ്യൂട്ടി മേയര്‍ ചാള്‍ബെല്‍ സാലിബ പറഞ്ഞു.

പള്ളിയിലെ തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേഷണം ചെയ്യുന്നതിനാല്‍ സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. രണ്ടുദിവസം മുന്‍പാണ് സിഡ്നിയിലെ ഷോപ്പിങ് മാളില്‍ കത്തിയാക്രമണം നടന്നത്. ഇതിന്റെ നടുക്കം മാറുംമുന്‍പേയാണ് സിഡ്നിയിലെ ക്രിസ്ത്യന്‍ പള്ളിയിലും സമാനമായ ആക്രമണം അരങ്ങേറിയത്. ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ ആറുപേരാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞിനെ അടക്കം അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു.

‘അര്‍പ്പിതം’ വൈദിക, സന്യസ്ത സംഗമം നാളെ

താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വൈദിക, സന്യസ്ത സംഗമം ‘അര്‍പ്പിതം 2024’ നാളെ തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്.

ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആമുഖ പ്രഭാഷണം നടത്തും. അദിലബാദ് രൂപതാ ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍, സിനിമാതാരം സിജോയ് വര്‍ഗീസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും. ഇന്ററാക്ടീവ് സെഷന് ഫാ. കുര്യന്‍ പുരമഠം നേതൃത്വം നല്‍കും.

വൈദിക, സന്യസ്ത സംഗമം അപൂര്‍വമായി ലഭിക്കുന്ന അവസരമാണെന്നും കൂട്ടായ്മ ശക്തിപ്പെടുത്താന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അഭിപ്രായപ്പെട്ടു. രൂപതാംഗങ്ങളായ വൈദികരും സന്യസ്തരും രൂപതയില്‍ സേവനം ചെയ്യുന്ന വൈദികരും സന്യസ്തരുമടക്കം ആയിരത്തോളം പേര്‍ സംഗമത്തില്‍ പങ്കെടുക്കും.

Exit mobile version