മേയ് 22: കാഷ്യായിലെ വിശുദ്ധ റീത്താ

മര്‍ഗരീത്താ എന്നായിരുന്ന ജ്ഞാനസ്‌നാന നാമം ലോപിച്ച് പുണ്യവതിയുടെ പേര് റീത്താ എന്നായത്. അബ്രിയായിലെ അപ്പിനയിന്‍ പര്‍വതത്തിലെ കര്‍ഷകരായിരുന്നു അവളുടെ മാതാപിതാക്കന്മാര്‍. യേശുക്രിസ്തുവിന്റെ സമാധാനപാലകര്‍ എന്നാണ് അയല്‍ക്കാര്‍ അവരെ സ്‌നേഹപൂര്‍വം വിളിച്ചിരുന്നത്. വാര്‍ദ്ധക്യത്തില്‍ അവര്‍ക്ക് ജനിച്ച ഏകപുത്രി റീത്താ ഏകാന്തതയെ ഉന്നംവച്ചു കാഷിയായിലെ അഗുസ്തീനിയന്‍ മഠത്തില്‍ ചേരാന്‍ തുടങ്ങിയതാണ്. എന്നാല്‍ മാതാപിതാക്കന്മാര്‍ അജ്ഞാതമായ ഏതോ കാരണത്താല്‍ അവളെ ഭയങ്കരനും മുന്‍കോപിയുമായ പോള്‍ ഫെര്‍ഡിനന്റിന് വിവാഹം കഴിച്ചുകൊടുത്തു. അവരുടെ ഇഷ്ടം ദൈവതിരുമനസായി റീത്താ സ്വീകരിച്ചു.

ഭര്‍ത്താവിന് റീത്തയുടെ ഭക്തി ഇഷ്ടപ്പെട്ടില്ല. കുടിച്ചു മദോന്മത്തനായി വരുമ്പോള്‍ അവളെ അവന്‍ കഠിനമായി ദ്രോഹിച്ചിരുന്നു. രണ്ട് ആണ്‍കുട്ടികള്‍ അവര്‍ക്കുണ്ടായി. അവര്‍ ദിനംപ്രതി അമ്മയോടുകൂടെ ദിവ്യപൂജ കണ്ടിരുന്നു. അവളുടെ പ്രാര്‍ത്ഥനകളും പ്രായശ്ചിത്തങ്ങളും ദരിദ്രസന്ദര്‍ശനങ്ങളും അവസാനം പൂവണിഞ്ഞു, ഭര്‍ത്താവ് മാനസാന്തരപ്പെട്ടു. എന്നാല്‍ താമസിയാതെ ഒരു വനത്തില്‍വച്ച് ആരോ അയാളെ വധിച്ചു. റീത്താ ഘാതകരോട് ക്ഷമിച്ചു; എന്നാല്‍ മക്കള്‍ പ്രതികാരം ചെയ്യണമെന്ന് ദൃഢവ്രതരായിരുന്നു. അവര്‍ ആ കൊലപാതകം നടത്തുന്നതിനു മുമ്പ് മരിച്ചാല്‍ മതിയെന്ന് റീത്താ പ്രാര്‍ത്ഥിച്ചു; ആ വര്‍ഷംതന്നെ രണ്ടുമക്കളും പിതൃഘാതകരോടു ക്ഷമിച്ചുകൊണ്ടു മരിച്ചു.

അന്ന് റീത്തയ്ക്ക് മുപ്പതുവയസ്സു പ്രായമേ ഉണ്ടായിരുന്നുള്ളൂ. കാഷിയായിലെ അഗുസ്റ്റീനിയന്‍ മഠത്തില്‍ ചേരാന്‍ അനുമതി ചോദിച്ചു. മൂന്നു പ്രാവശ്യം അനുമതി നിഷേധിക്കപ്പെട്ടു. 1417-ല്‍ ഒരു രാത്രി വിശുദ്ധ അഗുസ്റ്റിനും സ്നാപകയോഹന്നാനും ടൊളെന്റിനോയിലെ വിശുദ്ധ നിക്കൊളാസും വന്ന് റീത്തായെ കൂട്ടിക്കൊണ്ടു മഠം കപ്പേളയിലാക്കി രാവിലെ സഹോദരിമാര്‍ റീത്തയെ കണ്ടപ്പോള്‍ വിസ്മയിച്ചുപോയി വാതില്‍ അതുവരെ ആരും തുറന്നിരുന്നുമില്ല. റീത്തയുടെ വാക്കുകള്‍ മഠാധിപ സ്വീകരിച്ച് അവളെ മഠത്തില്‍ ചേര്‍ത്തു. നൊവീഷ്യേറ്റുമുതല്‍ റീത്താ വിശുദ്ധിയില്‍ പിന്നെയും വളര്‍ന്നുകൊണ്ടിരുന്നു.

1442-ല്‍ കര്‍ത്താവിന്റെ പീഡാനുഭവത്തെപ്പറ്റി ധ്യാനിച്ചുകൊണ്ടിരിക്കു മ്പോള്‍ മഠത്തിന്റെ ഭിത്തിയിലുണ്ടായിരുന്ന കര്‍തൃ രൂപത്തിലെ മുള്‍മുടിയില്‍ നിന്ന് പ്രകാശം ചിന്തുന്ന കുറെ രശ്മികള്‍ അവളുടെ നെറ്റിയില്‍ പതിച്ചു. ഒരു മുള്ള് അവളുടെ നെറ്റിയില്‍ പതിഞ്ഞു. ആ മുറിവ് ഉണങ്ങാത്തതിനാല്‍ അവളുടെ കൊച്ചുമുറിയില്‍ 8 വര്‍ഷം ഏകാകിനിയായി താമസിച്ചു. മുറിവ് പഴുത്തു ദുര്‍ഗ്ഗന്ധം പുറപ്പെട്ടിരുന്നു. 1450-ല്‍ വിശുദ്ധവത്സരത്തില്‍ സീയെന്നായിലെ ബര്‍ണര്‍ഡിന്റെ നാമകരണത്തിന് റോമയില്‍ പോകാന്‍ ആഗ്രഹിച്ചു. ഉടനടി വ്രണം സുഖപ്പെട്ടു. 144 കിലോമീറ്റര്‍ നടന്ന് അവള്‍ റോമയിലെത്തി നാമകരണ ചടങ്ങില്‍ പങ്കുകൊണ്ടു. ഏഴാം വര്‍ഷം റീത്ത മരിച്ചു. അസാധാരണ കാര്യങ്ങളുടെ മധ്യസ്ഥ എന്നാണ് സ്‌പെയിന്‍കാര്‍ റീത്തയെ സംബോധന ചെയ്യുന്നത്.

മെയ് 21: വിശുദ്ധ ഗോഡ്രിക്ക്

ഇംഗ്ലണ്ടില്‍ നോര്‍ഫോള്‍ക്കില്‍ താഴ്ന്ന ഒരു കുടുംബത്തില്‍ ഗോഡ്രിക്ക് ജനിച്ചു. യുവാവായിരിക്കുമ്പോള്‍ സാധനങ്ങള്‍ വീടു തോറും കൊണ്ടുനടന്ന് വിറ്റാണ് ഉപജീവനം കഴിച്ചിരുന്നത്. യാത്രകളില്‍ വിശുദ്ധ കുത്ത്ബര്‍ട്ടിന്റെ അന്തിമ വിശ്രമകേന്ദ്രം സന്ദര്‍ശിച്ച് ആ വിശുദ്ധനെ അനുകരിക്കാനുള്ള അനുഗ്രഹം പ്രാര്‍ത്ഥിച്ചു. അതോടെ ഒരു പുതിയ ജീവിതമാരംഭിച്ചു. പ്രായശ്ചിത്തബഹുലമായ ഒരു തീര്‍ത്ഥയാത്ര ജറുസലേമിലേക്കു നടത്തി.

നോര്‍ഫോള്‍ക്കില്‍ തിരിച്ചെത്തിയശേഷം ഒരു മുതലാളിയുടെ വീട്ടില്‍ കുറെനാള്‍ കാര്യസ്ഥനായി നിന്നു. മറ്റു ഭ്യത്യരെ നയിക്കാന്‍ കഴിയാഞ്ഞതുകൊണ്ട് ആ ഉദ്യോഗം അധികം നാള്‍ നീണ്ടുനിന്നില്ല. റോമയും ഫ്രാന്‍സില്‍ വിശുദ്ധ ഗൈല്‍സിന്റെ തീര്‍ത്ഥ കേന്ദ്രവും സന്ദര്‍ശിച്ചശേഷം ഗോഡ്രിക്ക് നോര്‍ഫോള്‍ക്കിലേക്ക് തിരിയെ വന്നു.

ഡര്‍ഹാം ആശ്രമത്തില്‍ കുറെനാള്‍ താമസിച്ചിരുന്ന ഗോഡ്വിന്‍ എന്ന ഒരു ഭക്തന്റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം കാര്‍ലൈലിന് വടക്കുള്ള ഒരു വനാന്തരത്തില്‍ സന്യാസമുറയനുസരിച്ച് ഗോഡ്രിക്ക് താമസിച്ചു. രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ ഗോഡ്വിന്‍ മരിച്ചു. അനന്തരം രണ്ടാംപ്രാവശ്യം ജറുസലേമിലേക്ക് ഗോഡ്രിക്ക് ഒരു തീര്‍ത്ഥാടനം നടത്തി. മടങ്ങി വന്നശേഷം വിറ്റ്ബിക്കു സമീപമുള്ള ഏകാന്തത്തില്‍ ഒന്നരവര്‍ഷത്തോളം ചെലവഴിച്ചു അവിടെനിന്നു ഡര്‍ഹാമില്‍ വിശുദ്ധ ഡര്‍ഹാമിന്‍ തീര്‍ത്ഥത്തില്‍ കുറെനാള്‍ താമസിച്ചശേഷം അഞ്ചു കിലോമീറ്റര്‍ ദൂരെയുളള ഹിറ്റ്‌ലി മരുഭൂമിയില്‍ താമസംതുടങ്ങി. അവിടെ അദ്ദേഹം അനുഷ്ഠിച്ച പ്രായശ്ചിത്തങ്ങള്‍ അനുകരണാതീതമായിത്തോന്നുന്നു. പ്രാര്‍ത്ഥനയും പ്രായശ്ചിത്തവും തന്നെയായിരുന്നു ജീവിതം. ധ്യാനത്തിന് പകലും രാത്രിയും മതിയാകാഞ്ഞപോലെയാണ് അദ്ദേഹത്തിന് തോന്നിയത്. രോഗങ്ങളും വ്രണങ്ങളുടെ വേദനയും മറ്റു ക്ലേശങ്ങളും സസന്തോഷം സഹിച്ച അദ്ദേഹത്തിന്റെ ക്ഷമ അസാധാരണവും എളിമയും ശാന്തതയും വിസ്മയാവഹവുമായിരുന്നു.

ഡര്‍ഹാമിലെ പ്രിയോരുടെ അനുവാദത്തോടുകൂടെ വന്നിരുന്നവര്‍ക്ക് അദ്ദേഹം ഉപദേശം നല്കിയിരുന്നതുകൊണ്ട് തന്റഎ കഴിവുകള്‍ മുഴുവനും അദ്ദേഹത്തിന് മറച്ചുവയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. മരിക്കുന്നതിനു മുമ്പ് ദീര്‍ഘനാള്‍ തളര്‍ന്നു കിടന്നിരുന്നെങ്കിലും അദ്ദേഹത്തിന്റെ നാവു ദൈവത്തിന്റെ സ്തുതികള്‍ പ്രകീര്‍ത്തിക്കുന്നതില്‍ നിന്നു വിരമിച്ചില്ല. അങ്ങനെ 1170-ല്‍ ഗോഡ്രിക്ക് സ്വര്‍ഗ്ഗപ്രാപ്തനായി.

കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ സമിതിക്ക് പുതിയ സാരഥികള്‍

കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപതാ പ്രസിഡന്റായി ഡോ. ചാക്കോ കാളംപറമ്പിലും ജനറല്‍ സെക്രട്ടറിയായി ഷാജി കണ്ടത്തിലും ട്രഷററായി സജി കരോട്ടും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികള്‍: ഷാന്റോതകിടിയേല്‍, അനീഷ് വടക്കേല്‍, വി. അല്‍ഫോന്‍സ, ഷില്ലി സെബാസ്റ്റ്യന്‍ (വൈസ് പ്രസിഡന്റുമാര്‍).
പ്രിന്‍സ് തിനംപറമ്പില്‍, സാബു വടക്കേപടവില്‍, തേജസ് മാത്യു കറുകയില്‍, ജോണ്‍സണ്‍ കക്കയം, ഡോ. ജോണ്‍ കട്ടക്കയം (സെക്രട്ടറിമാര്‍). ബേബി കിഴക്കുംഭാഗം (ഗ്ലോബല്‍ പ്രതിനിധി)

തിരഞ്ഞെടുപ്പിനും സത്യപ്രതിജ്ഞക്കും ശേഷം നടന്ന പൊതുസമ്മേളത്തില്‍ ഡോ. ചാക്കോ കാളം പറമ്പില്‍ അധ്യക്ഷം വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തി. രൂപതാ ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍, ഷാജി കണ്ടത്തില്‍ അഡ്വ. ജിമ്മി ജോര്‍ജ്, ട്രീസ ഞരളക്കാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു.

എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് പ്രൗഢഗംഭീര തുടക്കം

താമരശ്ശേരി രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ പ്രൗഢഗംഭീര തുടക്കം. തലശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അസംബ്ലി ഉദ്ഘാടനം ചെയ്തു. രൂപതയുടെ വളര്‍ച്ചയ്ക്ക് അസംബ്ലി ഏറെ പ്രധാനപ്പെട്ടതാണെന്ന് ബിഷപ് അഭിപ്രായപ്പെട്ടു.

”വിശ്വാസ കൈമാറ്റവും കുടുംബങ്ങളിലെ ശിക്ഷണവും വളരെയേറെ പ്രതിസന്ധികള്‍ നേരിടുന്ന കാലമാണിത്. ക്രൈസ്തവ സമുദായവും വെല്ലുവിളികളിലൂടെയാണ് കടന്നു പോകുന്നത്. വിശ്വാസത്തെക്കുറിച്ച് പല കുട്ടികള്‍ക്കും ശരിയായ ബോധ്യം ലഭിക്കുന്നില്ല. ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം പോലും മനസിലാക്കാതെയാണ് പലപ്പോഴും കുട്ടികള്‍ വളര്‍ന്നു വരുന്നത്. പുതിയ തലമുറയിലേക്ക് വിശ്വാസ ചൈതന്യം പകരാന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും പ്രയോജനപ്പെടുത്തണം. കുടുംബങ്ങള്‍ പഠന കളരികളാണ്. വിശ്വാസവും പരസ്‌നേഹവും വ്യക്തിത്വവികാസവും സംഭവിക്കുന്നത് കുടുംബങ്ങളില്‍ നിന്നാണ്. എന്നാല്‍ ഇന്ന് കുട്ടികളെ എങ്ങനെ പരിശീലിപ്പിക്കണം എന്ന് അറിയാത്ത മാതാപിതാക്കളുടെ എണ്ണം വര്‍ധിക്കുകയാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ച് പുതിയ തലമുറയിലേക്ക് അവ പകരാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.” മാര്‍ ജോര്‍ജ് ഞരളക്കാട്ട് പറഞ്ഞു.

ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് അധ്യക്ഷത വഹിച്ചു. വിശ്വാസം, കുടുംബം, സമുദായം എന്നീ വിഷയങ്ങളില്‍ രൂപതയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളും ഭാവിയില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കണമെന്നും ചര്‍ച്ച ചെയ്യുന്ന വേദിയാണ് രൂപതാ അസംബ്ലിയെന്ന് ബിഷപ് അഭിപ്രായപ്പെട്ടു. ‘രൂപതയുടെ പരിച്ഛേദമാണ് എപ്പാര്‍ക്കിയല്‍ അസംബ്ലി. ഫ്രാന്‍സീസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടതുപോലെ എല്ലാ വിഭാഗങ്ങളെയും കേള്‍ക്കാനുള്ള അവസരമാണ് അസംബ്ലിയിലൂടെ ലഭിക്കുന്നത്. ദീര്‍ഘ വീക്ഷണത്തോടെ ഭാവി പദ്ധതികള്‍ രൂപീകരിക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് അസംബ്ലി അംഗങ്ങള്‍ക്കുള്ളത്. ആദിമ സഭയുടെ ചൈതന്യത്തിലേക്ക് വളരാനും പീഠത്തില്‍ തെളിച്ചുവച്ച ദീപമായി മാറുവാനും രൂപതയെ ഒരുക്കുകയാണ് അസംബ്ലിയുടെ ലക്ഷ്യം.’ ബിഷപ് പറഞ്ഞു.

രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ഫാ. ജോണ്‍ ഒറവുങ്കര, സിസ്റ്റര്‍ ടിന എസ്‌കെഡി, സ്വപ്‌ന ഗിരീഷ്, വിശാഖ് തോമസ്, ബെന്നി ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു. എപ്പാര്‍ക്കിയല്‍ അസംബ്ലി ജനറല്‍ കണ്‍വീനര്‍ ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന അസംബ്ലിയുടെ നടപടിക്രമങ്ങള്‍ പങ്കുവച്ചു.

വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാലു സെഷനുകളായാണ് അസംബ്ലി ക്രമീകരിച്ചിരിക്കുന്നത്. ബുധനാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാബ്ലാനി മുഖ്യപ്രഭാഷണം നടത്തും. മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് അധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് അനുഗ്രഹപ്രഭാഷണം നടത്തും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും.

വിവിധ വിഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 120 അംഗങ്ങളാണ് എപ്പാര്‍ക്കിയല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നത്.

Exit mobile version