കെസിവൈഎം മേഖല യൂത്ത് കോണ്‍ഫറന്‍സുകള്‍ സമാപിച്ചു

കെസിവൈഎം താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ രൂപതയിലെ 11 മേഖലകളിലായി നടത്തിയ മേഖല യൂത്ത് കോണ്‍ഫറന്‍സുകള്‍ (എം.വൈ.സി.) സമാപിച്ചു. തിരുവമ്പാടി മേഖലയുടെ ആതിഥേയത്വത്തില്‍ തിരുവമ്പാടി അല്‍ഫോന്‍സാ കോളേജില്‍ നടന്ന സമാപന സമ്മേളനം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ യുവത്വം സമൂഹത്തിന്റെ പ്രതീക്ഷയാണെന്നും കാലഘട്ടത്തിനനുസരിച്ച മാറ്റങ്ങളുടെ വക്താക്കളാണെന്നും ഡോ. ബീന ഫിലിപ്പ് അഭിപ്രായപ്പെട്ടു.

രൂപത പ്രസിഡന്റ് റിച്ചാള്‍ഡ് ജോണ്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ 6 വര്‍ഷക്കാലമായി കെ.സി.വൈ.എം. താമരശ്ശേരി രൂപത ഡയറക്ടര്‍ ആയിരുന്ന ഫാ. ജോര്‍ജ്ജ് വെള്ളക്കാക്കുടിയിലിന് യാത്രയയപ്പും ഈ സമ്മേളന വേദിയില്‍ നടത്തപ്പെട്ടു. രൂപത ഡയറക്ടര്‍ ഫാ. മാത്യൂ തെക്കേക്കരമറ്റത്തില്‍, ജനറല്‍ സെക്രട്ടറി അലീന മാത്യൂ, മേഖല ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ വിലങ്ങുപാറ, ഫാ. ജോര്‍ജ്ജ് വെള്ളയ്ക്കാക്കുടിയില്‍, മേഖല പ്രസിഡന്റ് അജിത്ത്, എല്‍ ഡി എസ് പ്രതിനിധി ആല്‍ബിന്‍ സഖറിയാസ്, വൈസ് പ്രസിഡന്റ് അലോണ ജോണ്‍സന്‍ എന്നിവര്‍ സംസാരിച്ചു. ഏപ്രില്‍ 6-ന് പാറോപ്പടിയില്‍ ആരംഭിച്ച മേഖല യൂത്ത് കോണ്‍ഫറന്‍സില്‍ 11 മേഖലകളിലായി 1500-ലധികം യൂണിറ്റ് നേതാക്കളാണ് പങ്കെടുത്തത്.

മെയ് 28: വിശുദ്ധ ജെര്‍മ്മാനൂസ് മെത്രാന്‍

എണ്‍പതു സംവത്സരം ജീവിച്ച വിശുദ്ധ ജെര്‍മ്മാനുസു ഫ്രാന്‍സില്‍ 496-ല്‍ ഭൂജാതനായി. സഹോദരനായിരുന്ന ഫാദര്‍ സ്‌കാപിലിയോണാണു അദ്ദേഹത്തിനു ശിക്ഷണം നല്കിയത്. യുവാവായിരിക്കേ പാതിരാത്രി രണ്ടുകിലോ മീറ്ററോളം നടന്നു ദൈവാലയത്തില്‍ രാത്രി നമസ്‌കാരത്തില്‍ പങ്കെടുത്തിരുന്നു. വൈദികനായി അധികം താമസിയാതെതന്നെ അദ്ദേഹം വിശുദ്ധ സിംഫോറിയന്‍ ആശ്രമത്തിലെ ആബട്ടായി. ആശ്രമവാസികള്‍ നിദ്രയിലമര്‍ന്നിരുന്നപ്പോള്‍ ആബട്ടു ദീര്‍ഘമായ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു.

554-ല്‍ അദ്ദേഹം പാരീസിലെ മെത്രാനായി സ്ഥാനമാറ്റം ഉപവാസത്തിലും തപസ്സിലും മാറ്റമൊന്നും വരുത്തിയില്ല. രാത്രി മുഴുവനും ദൈവാലയത്തില്‍ പ്രാര്‍ത്ഥനയില്‍ കഴിച്ചുപോന്നു. ദരിദ്രരും അവശരും അദ്ദേഹത്തിന്റെ വസതിയില്‍ തിങ്ങിക്കൂടുമായിരുന്നു പല ഭിക്ഷുക്കള്‍ക്കും സ്വന്തം മേശയില്‍ അദ്ദേഹം ഭക്ഷണം കൊടുത്തിരുന്നു

ബിഷപ്പു ജെര്‍മ്മാനൂസിന്റെ പ്രസംഗങ്ങള്‍ക്കു നല്ല വശ്യശക്തിയുണ്ടായിരുന്നു. അതിമോഹിയും ലൗകായതികനുമായിരുന്ന ചില്‍ഡ്ബെര്‍ട്ട് രാജാവ് അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വഴി ഭക്തനും ധര്‍മ്മിഷ്ഠനുമായി മാറി. അദ്ദേഹത്തിന്റെ അനുജന്‍ ക്ളോവിഡുരാജാവും ആര്‍ച്ചുബിഷപ്പിന്റെ വിശുദ്ധിയില്‍ നല്ല വിശ്വാസമുള്ളവനായിരുന്നു. ക്‌ളോവിഡ് രാജാവ് ഒരിക്കല്‍ പനിയായി കിടക്കുമ്പോള്‍ ആര്‍ച്ചുബിഷപ്പിനെ വിളിച്ചുവരുത്തി അദ്ദേ ഹത്തിന്റെ ഉടുപ്പ് വേദനയുള്ള സ്ഥലത്തു ചേര്‍ത്തുപിടിക്കുകയും ചെയ്തു. അതോടെ അദ്ദേഹത്തിന്റെ അസുഖം മാറുകയും ചെയ്തു.

വാര്‍ദ്ധക്യത്തില്‍ തീക്ഷ്ണതയ്‌ക്കോ പ്രാര്‍ത്ഥനക്കോ കുറവുവരുത്തിയില്ല. പ്രായശ്ചിത്തങ്ങളും ആശാനിഗ്രഹങ്ങളും വര്‍ദ്ധിപ്പിച്ചതേയുള്ളൂ. അദ്ദേഹത്തിന്റെ തീക്ഷ്ണതയാല്‍ വിഗ്രഹാരാധനയുടെ അവശിഷ്ടങ്ങള്‍ കൂടി ഫ്രാന്‍സില്‍നിന്നു തുടച്ചുമാറ്റപ്പെട്ടു. പാപികളുടെ മാനസാന്തരത്തിന് അവസാന നിമിഷംവരെ അദ്ദേഹം അധ്വാനിച്ചു 80-ാമത്തെ വയസ്സില്‍ 576-ല്‍ മെയ് 28-ാം തീയതി ആര്‍ച്ചുബിഷപ്പു ജെര്‍മ്മാനുസു കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.

മെയ് 27: കാന്റര്‍ബറിയിലെ വിശുദ്ധ അഗസ്റ്റിന്‍ മെത്രാന്‍

ഇംഗ്ലണ്ടിലെ അപ്പസ്‌തോലനും കാന്റര്‍ബറിയിലെ പ്രഥമ ആര്‍ച്ചു ബിഷപ്പുമായ അഗസ്റ്റിന്‍ റോമിലാണ് ജനിച്ചത്. ചേളിയന്‍ എന്ന സ്ഥലത്തുണ്ടായിരുന്ന വി. ആന്‍ഡ്രുവിന്റെ ആശ്രമത്തില്‍നിന്നു മുപ്പതുപേരെ 596-ല്‍ അവരുടെ പ്രിയോരായിരുന്ന അഗസ്റ്റിന്റെ നേത്യത്വത്തില്‍ ഇംഗ്ലണ്ടിലെ അംഗ്ലി എന്ന വര്‍ഗ്ഗത്തെ ആഞ്ചെലി (മാലാഖമാര്‍) ആക്കാന്‍ മഹാനായ ഒന്നാം ഗ്രിഗറി മാര്‍പ്പാപ്പാ ഇംഗ്ലണ്ടിലേക്ക് അയച്ചു. ക്രൂരരായ കാട്ടു ജാതിക്കാരാണ് ആംഗ്‌ളി എന്നു കേട്ടപ്പോള്‍ അഗുസ്റ്റിന്‍ മടങ്ങിപ്പോരാന്‍ തുടങ്ങി. അപ്പോള്‍ തീക്ഷ്ണമതിയായ ഗ്രിഗറി എഴുതി: ”ദൈവനാമത്തില്‍ മുന്നോട്ടു പോകുക. കഷ്ടതകള്‍ എത്രകണ്ടു കൂടുന്നുവോ അത്രകണ്ടു വിശിഷ്ടമായിരിക്കും കിരീടം. സര്‍വ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹം അങ്ങയെ പരിപാലിക്കട്ടെ അങ്ങയുടെ അധ്വാനത്തിന്റെ ഫലം സ്വര്‍ഗ്ഗരാജ്യത്തില്‍ ദര്‍ശിക്കാന്‍ എനിക്കു അനുഗ്രഹം ലഭിക്കുമാറാകട്ടെ, എനിക്ക് അങ്ങയുടെ അധ്വാനത്തില്‍ പങ്കെടുക്കുവാന്‍ കഴിയുകയില്ലെങ്കിലും അങ്ങയുടെ കൊയ്ത്തില്‍ ഞാന്‍ പങ്കെടുക്കുമാറാകട്ടെ. സന്മനസ്സിന് എനിക്ക് ഒരു കുറവുമില്ലെന്നു ദൈവം അറിയുന്നുണ്ടല്ലോ.’

വി അഗസ്റ്റിനും കൂട്ടുകാര്‍ക്കും അപ്രതീക്ഷിതമായ ഒരു വിജയം ഇംഗ്ലണ്ടിലുണ്ടായി. കെന്റിലെ രാജാവായ എഥെല്‍ബര്‍ട്ടിന്റെ ഭാര്യ ഒരു ക്രൈസ്തവ വനിത ആയിരുന്നു. വിശുദ്ധ അഗുസ്റ്റിന്റെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഉടനടി പൂവണിഞ്ഞു. 596-ല്‍ത്തന്നെ എഥെല്‍ബര്‍ട്ടു രാജാവും പതിനായിരം പ്രജകളും ഒരുമിച്ചു ജ്ഞാനസ്നാനം സ്വീകരിച്ചു. ക്രമേണ ക്രിസ്തീയ വിശ്വാസം ഇംഗ്ലണ്ടില്‍ പരന്നു. അഗുസ്റ്റിന്‍ ഫ്രാന്‍സില്‍ പോയി മെത്രാഭിഷേകം സ്വീകരിച്ചു മടങ്ങി.

ആര്‍ച്ചു ബിഷപ്പ് അഗുസ്റ്റിന്‍ ആംഗ്ലോസാക്സണ്‍ ക്രിസ്ത്യാനികളേയും പൂര്‍വ്വ ബ്രിട്ടണ്‍ ക്രിസ്ത്യാനികളേയും രമ്യപ്പെടുത്താന്‍ ചെയ്ത പരിശ്രമം വിജയിച്ചില്ല. പൂര്‍വ്വക്രിസ്ത്യാനികള്‍ സ്വീകരിച്ചിരുന്ന കെല്‍ട്ടിക്ക് സമ്പ്രദായങ്ങള്‍ റോമന്‍ സമ്പ്രദായങ്ങളില്‍നിന്നു വിഭിന്നങ്ങളായിരുന്നു. ”വിജാതീയ ക്ഷേത്രങ്ങളെ പവിത്രീകരിക്കുക നശിപ്പിക്കേണ്ടതില്ല, വിജാതീയ ഉത്സവങ്ങളും കര്‍മ്മങ്ങളും കഴിയുന്നത്ര സ്വീകരിക്കുക, എന്ന മാര്‍പാപ്പയുടെ ഉപദേശം എത്രയും പുരോഗമനാത്മകമായി കരുതണം. എന്നിട്ടും ആംഗ്ലോ സാക്‌സണ്‍ ക്രിസ്ത്യാനികളും പൂര്‍വ്വ ബ്രിട്ടന്‍ ക്രിസ്ത്യാനികളും ഐക്യപ്പെട്ടില്ല. 8 കൊല്ലത്തെ കഠിനമായ അധ്വാനത്തിനുശേഷം ആര്‍ച്ച് ബിഷപ്പ് അഗസ്റ്റിന്‍ 604 ല്‍ ദിവംഗതനായി.

മെയ് 26: വിശുദ്ധ ഫിലിപ്പു നേരി

എളിമയ്ക്കും സന്തുഷ്ടിക്കും പ്രസിദ്ധനും റോമയുടെ അപ്പസ്‌തോലനുമായ ഫിലിപ്പുനേരി 1515-ല്‍ ഫ്‌ളോറെന്‍സില്‍ ഒരു കുലീന കുടുംബത്തില്‍ ജാതനായി. അഞ്ചു വയസ്സുമുതല്‍ യാതൊരു കാര്യത്തിലും ഫിലിപ്പു മാതാപിതാക്കന്മാരെ അനുസരിക്കാതിരുന്നിട്ടില്ല. വ്യാകരണവും സാഹിത്യ പഠനവും കഴിഞ്ഞു ഫിലിപ്പിനെ മോന്തെകസീനോയിലുള്ള ചിറ്റപ്പന്റെ അടുക്കലേക്ക് പിതാവ് അയച്ചു. അന്നു ഫിലിപ്പിന് 18 വയസ്സുപ്രായമേ ഉണ്ടായിരുന്നുള്ളൂ . ചിറ്റപ്പന്റെ അവകാശിയായി സസുഖം ജിവിക്കാമായിരുന്നെങ്കിലും പൗരോഹിത്യത്തെ ഉന്നം വച്ചിരുന്ന ഫിലിപ്പു റോമില്‍ പോയി ഒരു ഫ്‌ളൊറെന്റെയിന്‍ പ്രഭുവിന്റെ വീട്ടില്‍ താമസിച്ചു കുട്ടികളെ പഠിപ്പിക്കുകയും ഉപരിപഠനം നടത്തുകയും ചെയ്തു. അവിടെ താമസിക്കുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയെപ്പറ്റിയുളള റിപ്പോര്‍ട്ടുകള്‍ റോമിലും ഫ്‌ളോറെന്‍സിലും പരന്നു. എല്ലാവരും അദ്ദേഹത്തോടു സംസാരിക്കുവാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഫിലിപ്പു വ്യര്‍ത്ഥഭാഷണത്തിന്റെ ദോഷങ്ങളെപ്പറ്റി ബോധവാനായിരുന്നു. പ്രാര്‍ത്ഥനയും ഉപവാസവും ഇന്ദ്രിയനിഗ്രഹവും വഴിയാണ് തന്റെ കന്യാത്വം അഭംഗമായി പാലിച്ചത്. ദൈവാലയ സന്ദര്‍ശനവും ആശുപത്രി സന്ദര്‍ശനവുമായിരുന്നു അദ്ദേഹത്തിന്റെ വ്യായാമം. ഒരു യുവ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ തെരുവീഥികളില്‍ നിന്ന് ആത്മാക്കളെ ദൈവത്തിനു നേടുന്നതിനു പരിശ്രമിച്ചിരുന്നു

1550-ലെ ജൂബിലി വര്‍ഷത്തില്‍ ഫിലിപ്പ് ആരംഭിച്ച ആശുപത്രി ഇന്നും റോമയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയുന്നു. ഫിലിപ്പും രോഗികളെ ശുശ്രൂഷിച്ചിരുന്നു. തീര്‍ത്ഥകരുടെ പാദങ്ങള്‍ കഴുകിയിരുന്നു.

ഒരു അല്‍മേനിയെന്ന നിലയില്‍ ദൈവത്തെ ശുശ്രൂഷിക്കാന്‍ എളിമ ഫിലിപ്പിനെ പ്രേരിപ്പിച്ചുവെങ്കിലും 36-ാമത്തെ വയസ്സില്‍ ആത്മീയ പിതാവിന്റെ നിര്‍ദ്ദേശപ്രകാരം വൈദികനായി അദ്ദേഹത്തോടുകൂടെ താമസിച്ചു. അത് അദ്ദേഹം സ്ഥാപിച്ച ഓററ്റോറിയന്‍ സഭയുടെ അടിസ്ഥാനമായി . വി.കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ അദ്ദേഹം കരഞ്ഞുകൊണ്ടിരുന്നു. പലപ്പോഴും സമാധി ഉണ്ടായിരുന്നതിനാല്‍ കുര്‍ബാനയ്ക്കു രണ്ടു മണിക്കൂര്‍ എടുത്തിരുന്നു. തന്നിമിത്തം സ്വകാര്യമായിട്ടാണ് അദ്ദേഹം കുര്‍ബാന ചൊല്ലിയിരുന്നത്.

1564-ല്‍ ഓററ്റോറിയന്‍ സഭ രൂപം പ്രാപിച്ചു. ചരിത്രകാരനായ കാര്‍ഡിനല്‍ ബരോണിയൂസ് അതിലെ അംഗമായിരുന്നു. ചരിത്രമെഴുതാന്‍ ഫാദര്‍ ഫിലിപ്പ് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. മരണം വരെ ഫാദര്‍ ഫിലിപ്പുത ന്നെയായിരുന്നു ഓററ്ററിയുടെ ജനറല്‍. താന്‍ ഒരു പുണ്യവാനാണെന്നു ജനസംസാരം ഉണ്ടായപ്പോള്‍ തെരുവീഥിയില്‍നിന്ന് ബിയര്‍ കുടിച്ചുകൊണ്ട് ഒരു പാപിയാണെന്ന് ഭാവിച്ചിരുന്നു. ഒരിക്കല്‍ ദൈവമാതാവു ഫാദര്‍ ഫിലിപ്പിനു പ്രത്യക്ഷപ്പെട്ടു. അപ്പോള്‍ അദ്ദേഹം വിളിച്ചുപറഞ്ഞു: ‘അങ്ങ് എന്റെ അടുക്കല്‍ വരാന്‍ ഞാനെന്തു ചെയ്തു?’ മുറിയിലുണ്ടായിരുന്ന ഭിഷഗ്വരന്മാരും മറ്റും ദൈവമാതാവിനെ കണ്ടില്ലെന്നു മനസ്സിലായപ്പോള്‍ ഈ സംഗതി ആരോടും പറയരുതെന്ന് അവരോടഭ്യര്‍ത്ഥിച്ചു. കാര്‍ഡിനല്‍ ബരോണിയസു തിരുപാഥേയം കൊണ്ടുവന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: ”കണ്ടാലും എന്റെ സ്‌നേഹമേ, കണ്ടാലും എന്റെ സ്‌നേഹമേ, എന്റെ ആത്മാവിന്റെ ഏകാനന്ദം ഇതാ വരുന്നു. എന്റെ സ്‌നേഹം എനിക്കു വേഗം തരിക.’ ലൂഥറിന്റെ വിപ്ലവം വരുത്തിയ നാശം പരിഹരിക്കാന്‍ വളരെയേറെ പ്രവര്‍ത്തിച്ച ഈ വിശുദ്ധന്‍ മുന്‍കൂട്ടി അറിയിച്ചിരുന്നതുപോലെ 1585 മേയ് 26-ാം തീയതി സൂര്യോദയത്തിനു മുമ്പു ദിവംഗതനായി.

Exit mobile version