മേയ് 7: വിശുദ്ധ ഫ്‌ളാവിയാ ഡൊമിട്ടില്ലാ

വിശുദ്ധ ഫ്‌ളാവിയൂസു ക്‌ളമന്റിന്റെ സഹോദര പുത്രിയാണ് ഫ്‌ളാവിയാ ഡൊമിട്ടില്ല. ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ കല്പനയനുസരിച്ച് ഈ കന്യക പോണ്‍ഷിയാ എന്ന കൊച്ചുദ്വീപിലേക്ക് നാടുകടത്തപ്പെട്ടു. ട്രാജന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഡൊമിട്ടില്ലായുടേയും അവളുടെ ഭൃത്യരായ നെറെയൂസ്സിന്റെയും അക്കില്ലസ്സിന്റേയും ശിരസ്സുകള്‍ ഒരുമിച്ച് ഛേദിക്കപ്പെട്ടു.

വേറൊരു ചരിത്രവുംകൂടി പ്രചാരത്തിലുണ്ട്. രാജകുമാരി ഡൊമിട്ടില്ലാ ക്രിസ്ത്യാനിയാകുകയും ഒരു വിജാതീയനെ വിവാഹം കഴിക്കാന്‍ വൈമുഖ്യം പ്രദര്‍ശിപ്പിക്കുകയും ചെയ്തപ്പോള്‍ അവളെ നാടുകടത്തി. ടെറസീനായില്‍ വച്ച് ഫ്‌ളാവിയായുടെ വളര്‍ത്തുസഹോദരിമാരായ എവുപ്രോസീനായും തെയോഡോറയുമൊരുമിച്ച് അവള്‍ രക്തസാക്ഷിത്വ മകുടം ചൂടി. ഈ സംഭവം ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ രണ്ടാം നൂറ്റണ്ടിന്റെ ആരംഭത്തിലോ ആണെന്ന് പറയപ്പെടുന്നു.

ഒന്നാം ശതാബ്ദത്തില്‍ റോമന്‍ രാജകുടുംബത്തിലെ ഒരു കന്യകയില്‍ ഇത്രയും ധീരത പ്രകടമായത് നമ്മളെ വിസ്മയിപ്പിക്കേണ്ടതല്ലേ? ബന്ധുജനങ്ങള്‍ ക്രിസ്തുമത മര്‍ദ്ദകരായിരിക്കേ, ഈ രാജകുമാരി രാജകീയ പദവിയും സ്ഥാനവും ക്രിസ്തുവിനെപ്രതി പരിത്യജിച്ചതു നമുക്ക് പ്രചോദനമായിരിക്കട്ടെ.

മെയ് 6: വിശുദ്ധ ഡൊമിനിക് സാവിയോ

1842 ഏപ്രില്‍ രണ്ടിന് ഇറ്റലിയില്‍ റീവാ എന്ന പ്രദേശത്ത് ചാള്‍സ് – ബ്രിജീത്താ എന്നീ ദരിദ്രമാതാപിതാക്കന്മാരില്‍നിന്ന് ഡൊമിനക് ജനിച്ചു. അനുസരണയിലും സ്‌നേഹത്തിലും അവന്‍ വളര്‍ന്നു. കുട്ടിയായിരുന്ന ഡൊമിനിക് മാതാപിതാക്കന്മാരോട് പ്രദര്‍ശിപ്പിച്ചിരുന്ന സ്‌നേഹത്തിന് ഒരുദാഹരണം പറയാം. തൊഴില്‍ കഴിഞ്ഞുവരുന്ന പിതാവിന്റെ കൈയിലോ കഴുത്തിലോ പിടിച്ചിട്ട് അവന്‍ പറയും: ”പ്രിയ അപ്പാ, അപ്പന്‍ വളരെ ക്ഷീണിച്ചുവല്ലേ? അപ്പന്‍ എനിക്കുവേണ്ടി കഠിനവേല ചെയ്യുന്നു. ഞാന്‍ അപ്പന് ഒരസഹ്യ ഹേതുവാണ്. അപ്പനും അമ്മയ്ക്കും ആരോഗ്യം തരാനും ഞാന്‍ ഒരു നല്ല കുട്ടിയാകുവാനും ദൈവത്തോട് പ്രാര്‍ത്ഥിക്കും.” വീടിനുള്ളില്‍ കയറിക്കഴിയുമ്പോള്‍ ചെറിയകാര്യങ്ങളില്‍ അവന്‍ അപ്പനെ പരിചരിക്കും. നാല് വയസ്സായതില്‍പ്പിന്നെ ഒരിക്കലും പ്രഭാതജപം, രാത്രിജപം, ഭക്ഷണത്തിനുള്ള പ്രാര്‍ത്ഥനകള്‍, ത്രികാല ജപം എന്നിവ അവനെ അനുസ്മരിപ്പിക്കേണ്ടിയിരുന്നില്ല. മാതാപിതാക്കന്മാര്‍ മറന്നാല്‍ അവന്‍ അവരെ ഓര്‍മ്മിപ്പിച്ചിരുന്നു.

രണ്ട് നാഴിക നടന്നാണ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയത് ഏഴാമത്തെ വയസ്സില്‍ അവന്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. തലേദിവസം അവന്‍ അമ്മയോട് പറഞ്ഞു: ‘ഞാന്‍ ആദ്യകുര്‍ബാന സ്വീകരിക്കാന്‍ പോകയാണ്. എന്റെ കുറ്റങ്ങളെല്ലാം എന്നോട് ക്ഷമിക്കണമേ. ഭാവിയില്‍ ഞാന്‍ നന്നായി പെരുമാറിക്കൊള്ളാം. ഞാന്‍ ക്ലാസ്സില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കും. കൂടുതല്‍ ആദരവും അനുസരണയുമുള്ളവനായിരിക്കും. അമ്മ പറയുന്നതെല്ലാം ഞാന്‍ ചെയ്യും.’ അമ്മ ആനന്ദാശുക്കള്‍ പൊഴിച്ചു.

പ്രഥമ ദിവ്യകാരുണ്യ സ്വീകരണധ്യാനത്തില്‍ അവന്‍ എടുത്ത പ്രതിജ്ഞകള്‍ എല്ലാ കുട്ടികള്‍ക്കും മാതൃകയായിരിക്കും.

  1. ഞാന്‍ അടുക്കലടുക്കല്‍ കുമ്പസാരിക്കും: കുമ്പസാരക്കാരന്‍ അനുവദിക്കുന്നതനുസരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കും.
  2. കടമുള്ള ദിവസങ്ങള്‍ ഞാന്‍ വിശുദ്ധമായി ആചരിക്കും.
  3. ഈശോയും മറിയവും എന്റെ സ്‌നേഹിതന്മാരായിരിക്കും
  4. പാപത്തേക്കാള്‍ മരണം ഭേദം

പത്താമത്തെ വയസ്സില്‍ വീട്ടില്‍നിന്ന് ദിനംപ്രതി 14 കിലോമീറ്റര്‍ നടന്ന് കാസ്റ്റെല്‍നോവോയില്‍ പഠനമാരംഭിച്ചു. 1852-ല്‍ സാവിയോ മോണ്ടോനോയോയിലേക്കു കുടുംബം താമസം മാറ്റി. 1854-ല്‍ ഡൊമിനിക് പൗരോഹിത്യത്തെ ഉദ്ദേശിച്ച് ടൂറിനിലുള്ള ഡോണ്‍ബോസ്‌കോയുടെ ഓററ്ററിയില്‍ ചേര്‍ന്നു. അവിടെ അവന്‍ ഡോണ്‍ബോസ്‌കോയുടെ കണ്ണിലുണ്ണിയായി. അക്കൊല്ലമാണ് ദൈവമാതാവിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. അന്നത്തെ ആഘോഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഡോമിനിക്കു ഉരുവിട്ടു: ‘ഓ മറിയമേ, എന്റെ ഹൃദയം അങ്ങേക്കു തരുന്നു. അത് എന്നും നിന്റേതായി സൂക്ഷിക്കണമേ. ഈശോ മറിയമേ, എന്റെ സ്‌നേഹിതരായിരിക്കേണമേ.’ അധികാരികളുടെ അനുവാദത്തോടുകൂടി അമലോത്ഭവ ഭക്തി പ്രോത്സാഹിപ്പിക്കാനായി 1856-ല്‍ ഡോമിനിക്കു ഒരു സൊഡാലിറ്റി സ്ഥാപിച്ചു.

ഓറ്ററിയില്‍ പഠനത്തില്‍ സാമര്‍ത്ഥ്യമില്ലാത്തവരെ ഡൊമിനിക് സഹായിച്ചിരുന്നു. അന്യര്‍ ചെയ്യുന്ന കുറ്റം അവന്‍ തലയില്‍ ആരോപിച്ച് ശാസിക്കപ്പെട്ടാലും അവന്‍ സ്വയം നീതികരിച്ചിരുന്നില്ല.

പരിശുദ്ധനായ ഈ ബാലന്‍ ലോകത്തില്‍ അധികം ജീവിക്കാന്‍ ദൈവം തിരുമനസ്സായില്ല. ഓറ്ററിയില്‍ വന്നപ്പോള്‍ ക്ഷീണിതഗാത്രനായിരുന്ന ഡൊമിനിക്ക് ഓറട്ടറിയിലെ 3 കൊല്ലത്തെ ജീവിതംകൊണ്ട് ഒന്നുകൂടി ക്ഷീണിതനായി. ഡോണ്‍ ബോസ്‌കോയുടെ ഒരു സ്‌നേഹിതന്‍ വല്ലൗരി കുട്ടിയെ പരിശോധിച്ചിട്ട് പറഞ്ഞു ഡൊമിനിക്കിന്റെ ജീവിതരീതി മാറുന്നത് നന്നായിരിക്കും എന്ന്. വളരെ മനസ്താപത്തോടെ അവന്‍ ഭവനത്തിലേക്ക് പോയി അവിടെ മരണത്തിനുള്ള ഒരുക്കമായിരുന്നു കുട്ടിയുടെ പ്രത്യേക ഭക്തി. 1857 മാര്‍ച്ച് ഒമ്പതിന് ഡൊമിനിക് സാവിയോ മരിച്ചു 1954 ജൂണ്‍ 12-ന് പന്ത്രണ്ടാംപീയൂസ് മാര്‍പാപ്പ ഈ 15കാരനെ വിശുദ്ധന്‍ എന്ന് പ്രഖ്യാപനം ചെയ്തു

മെയ് 5: ജെറുസലേമിലെ വിശുദ്ധ ആഞ്ചെലൂസ്

ക്രിസ്തുമതത്തിലേക്ക് മാനസാന്തരപ്പെട്ട യഹൂദ മാതാപിതാക്കന്മാരില്‍ നിന്ന് വിശുദ്ധ നഗരമായ ജെറുസലേമില്‍ ആഞ്ചെല്ലൂസ് ജനിച്ചു. ഏകാന്തതയോട് ബാലനായ ആഞ്ചെല്ലൂസ് പ്രത്യേക താല്‍പര്യം പ്രദര്‍ശിപ്പിച്ചിരുന്നു. അതിനാല്‍ ആഞ്ചെലൂസ് കാര്‍മെല്‍ മലയില്‍ താമസിച്ചിരുന്ന സന്യാസികളുടെ ഗണത്തില്‍ ചേര്‍ന്നു. അന്ന് പ്രിയോരായിരുന്ന വിശുദ്ധ ബ്രോക്കാര്‍ഡ് കര്‍മ്മലീത്താ സഭ സ്ഥാപിച്ചുവെന്നു പറയാം. ജെറൂസലേമിലെ പേട്രിയാര്‍ക്ക് വിശുദ്ധ ആള്‍ബെര്‍ട്ട് പുതിയ സഭയ്ക്കുവേണ്ട നിയമം എഴുതിയുണ്ടാക്കി. 1203 പുതിയ സഭ രൂപംകൊണ്ടപ്പോള്‍ ആഞ്ചെലൂസ് ആ സഭയില്‍ അംഗമായി.

പുതിയ നിയമ സംഹിതയ്ക്ക് അംഗീകാരം വാങ്ങിക്കാന്‍ നിയുക്തനായത് ഫ്രായര്‍ ആഞ്ചെലൂസാണ്. അദ്ദേഹം റോമില്‍ പോയി മൂന്നാം ഹൊണോരിയൂസു മാര്‍പ്പാപ്പായെ കണ്ട് കാര്യം ബോധിപ്പിച്ചു. അവിടെനിന്ന് അദ്ദേഹം സിസിലിയില്‍ പോയി സുവിശേഷ പ്രസംഗം നടത്തി. അവിടെ അദ്ദേഹം സ്‌നാപക യോഹന്നാനെപ്പോലെ ഒരു ദുര്‍മ്മാര്‍ഗ്ഗിയെ ശാസിച്ചു. കുപിതനായ പാപി ഫ്രയര്‍ ആഞ്ചെലൂസിനെ വധിച്ചു.

ഫാ. മാത്യു മാവേലിക്ക് താമരശ്ശേരി രൂപതയുടെ അശ്രുപൂജ:സംസ്‌ക്കാരം നാളെ കൈനകരിയില്‍

താമരശ്ശേരി രൂപത മുന്‍ വികാരി ജനറലും, മുന്‍ കോര്‍പ്പറേറ്റ് മാനേജരും, കല്ലുരുട്ടി സെന്റ് തോമസ് ഇടവകയുടെ ഇപ്പോഴത്തെ വികാരിയുമായിരുന്ന ഫാ. മാത്യു മാവേലിയുടെ സംസ്‌ക്കാരം നാളെ (07-05-2024) നടക്കും. നാളെ ആലപ്പുഴ കൈനകരിയിലുള്ള സഹോദരന്‍ സഖറിയാസ് മാവേലിയുടെ ഭവനത്തില്‍ പൊതുദര്‍ശനം. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ സഹോദരന്റെ ഭവനത്തില്‍ നിന്ന് ആരംഭിച്ച് അറുനൂറ്റംപാടം സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കും അനുബന്ധ ശുശ്രൂഷകള്‍ക്കും ശേഷം കൈനകരിയിലുള്ള സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

സ്വഭവനമായ കൈനകരിയിലേക്കുള്ള യാത്രാമദ്ധ്യേ ട്രെയിനില്‍ ദേഹാസ്ഥ്വാഥ്യം അനുഭവപ്പെട്ട ഫാ. മാത്യു മാവേലിയെ ആലുവയിലെ രാജഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നു രാവിലെ 07.41 ന് മരണമടയുകയായിരുന്നു.

1949 ജൂണ്‍ 19ന് ചങ്ങനാശ്ശേരി അതിരൂപതയിലെ കൈനകരി ഇടവകയിലെ പരേതരായ മാവേലില്‍ മാത്യു – അന്നമ്മ ദമ്പതികളുടെ അഞ്ചു മക്കളില്‍ നാലാമത്തെ മകനായി ജനിച്ചു. കൈനകരിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1964-ല്‍ അഭിഭക്ത തലശ്ശേരി രൂപത മൈനര്‍ സെമിനാരിയില്‍ വൈദിക പഠനം ആരംഭിച്ചു. കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ തത്വശാസ്ത്ര – ദൈവശാസ്ത്ര പഠനം നടത്തി. തലശ്ശേരി രൂപതയ്ക്കുവേണ്ടി 1973 ഡിസംബര്‍ 18ന് കൈനകരി സെന്റ് ഏലിയാസ് ആശ്രമത്തില്‍, മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളയില്‍ നിന്ന് വൈദികപട്ടം സ്വീകരിക്കുകയും പ്രഥമ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു.

1974-ല്‍ കൂടരഞ്ഞി ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി അജപാലന ദൗത്യം ആരംഭിച്ചു. പേരാവൂര്‍, ആലക്കോട് എന്നിവടങ്ങളിലും അസിസ്റ്റന്റ് വികാരിയായി. തുടര്‍ന്ന് വാലില്ലാപ്പുഴ, തലയാട്-വയലിട, റയറോം, വിളക്കാംതോട്, തേക്കുംകുറ്റി, കൂമുള്ളി, ആനക്കാംപൊയില്‍, കൂരാച്ചുണ്ട്, താമരശ്ശേരി എന്നിവിടങ്ങളില്‍ വികാരിയായും സേവനമനുഷ്ഠിച്ചു. തലശ്ശേരി രൂപത മൈനര്‍ സെമിനാരിയില്‍ സ്പിരിച്ച്വല്‍ ഡയറക്ടറായും താമരശ്ശേരി രൂപത മൈനര്‍ സെമിനാരിയില്‍ റെക്ടറായും സ്പിരിച്ച്വല്‍ ഡയറക്ടറായും താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 മുതല്‍ 2018 വരെ താമരശ്ശേരി രൂപതയുടെ വികാരി ജനറാലായിരുന്നു. 2022 മുതല്‍ കല്ലുരുട്ടി സെന്റ് തോമസ് ഇടവകയിലെ വികാരിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

സഹോദരങ്ങള്‍: പരേതനായ ജോസഫ് മാത്യു കൈതവന, പരേതനായ തോമസ് മാത്യു കൈനകരി, സഖറിയാസ് മാത്യു കൈനകരി, തങ്കമ്മ ജെയിംസ് കൂപ്ലിക്കാട്.

മേയ് 3: ശ്ലീഹന്‍മാരായ വിശുദ്ധ ഫിലിപ്പും യാക്കോബും

ഗലീലിയിലുള്ള ബത്ത്സയിദായില്‍ നിന്നാണ് ഫിലിപ്പ്. പത്രോസും അന്ത്രയോസും വിളിക്കപ്പെട്ടതിന്റെ പിറ്റേദിവസമാണ് ഫിലിപ്പിന്റെ വിളി. ഫിലിപ്പ് അന്ന് വിവാഹിതനായിരുന്നു. ധാരാളം പെണ്‍മക്കളുമുണ്ടായിരുന്നു. എന്നിട്ടും കര്‍ത്താവിനെ അനുധാവനം ചെയ്യാന്‍ അത് ഒരു പ്രതിബന്ധമായിരുന്നില്ല. നിയമവും പ്രവചനവും വായിച്ച് രക്ഷകനെ കണ്ടുപിടിക്കാന്‍ ഉല്‍സുകനായിരിക്കുമ്പോഴാണ് ഈശോയുടെ വിളി. രക്ഷകനെ ഗ്രഹിച്ച ഉടനെ തന്റെ ഭാഗ്യത്തില്‍ നഥാനിയേലിനെ പങ്കുകാരനാക്കി (യോഹ 1:43)

അയ്യായിരം പേര്‍ക്ക് അപ്പം വര്‍ധിപ്പിച്ചുകൊടുക്കുന്നതിന് മുമ്പ് ഫിലിപ്പിന്റെ വിശ്വാസം പരീക്ഷിക്കാന്‍വേണ്ടി ഈശോ ചോദിച്ചു: ‘ഇവര്‍ക്കു ഭക്ഷിക്കാന്‍ നാം എവിടെനിന്നാണ് അപ്പം വാങ്ങുക?’ (യോഹ 65) ഫിലിപ്പിന്റെ മറുപടി: ”ഇവര്‍ക്കോരോരുത്തര്‍ക്കും അല്പമെങ്കിലും ലഭിക്കാന്‍ ഇരുന്നൂറു ദനാറയുടെ അപ്പം മതിയാകയില്ല’ (യോഹ. 4:7).

പിതാവിനെ അറിയുന്നവന്‍ തന്നെയും അറിയുമെന്ന് ഈശോ പ്രസ്താവിച്ചതു കേട്ടപ്പോള്‍ ഫിലിപ്പ് അവിടുത്തോട് അഭ്യര്‍ഥിച്ചു. കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ചുതരിക. അങ്ങള്‍ക്ക് അതുമാത്രം മതി.
പെന്തക്കുസ്ത കഴിഞ്ഞ് അദ്ദേഹം ഫ്രീജിയായില്‍ സുവിശേഷം പ്രസംഗിക്കുകയും ഹീറാപ്പോളീസില്‍ വച്ച് രക്തസാക്ഷിത്വമകുടം ചൂടുകയും ചെയ്തു എന്നാണ് പാരമ്പര്യം!

സെബദി പുത്രനായ യാക്കോബില്‍ നിന്ന് തിരിച്ചറിയാനാണ് ചെറിയ യാക്കോബ് എന്ന് ഈ അപ്പസ്‌തോലനെ വിളിക്കുന്നത്. അന്‍ഫേയൂസിന്റെയും ദൈവമാതാവിന്റെ ഒരു സഹോദരിയായ മേരിയുടെയും മകനത്രേ ഈ യാക്കോബ്. ഇദ്ദേഹത്തിന്റെ സഹോദരനാണ് വിശുദ്ധ യൂദാ. യാക്കോബിന്റെ രക്തസാക്ഷിത്വം ഹേജേസിപ്പൂസ് വിവരിക്കുന്നുണ്ട്. ക്രിസ്തുവിലുള്ള വിശ്വാസം നിഷേധിക്കുവാന്‍ യഹൂദന്മാര്‍ യാക്കോബിനോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം കോട്ടയില്‍ കയറി നിന്നു പറഞ്ഞു. മനുഷ്യപുത്രനായ യേശു സര്‍വ്വനാഥന്റെ വലതുഭാഗത്ത് ഇരിക്കുന്നു. നിയമജ്ഞരും ഫരിസെയരും ഉടനെ ഉദ്‌ഘോഷിച്ചു. നീതിമാനായ മനുഷ്യനും അബദ്ധം പുലമ്പുന്നു. അവര്‍ കയറിച്ചെന്ന് അദ്ദേഹത്തെ താഴേക്ക് തള്ളിയിട്ടു. താഴെ നിന്നിരുന്നവര്‍ അദ്ദേഹത്തെ അടിച്ചുകൊന്നു. ചക്രവര്‍ത്തിയുടെ വാഴ്ചയുടെ പത്താം വര്‍ഷം 62 ഏപ്രില്‍ പത്താം തീയതി പെസഹാ തിരുനാള്‍ ദിവസം ആയിരുന്നു ഈ രക്തസാക്ഷിത്വം. വി. ഫിലിപ്പ് പരിശുദ്ധമായ ആഗ്രഹങ്ങള്‍ക്ക്, വിശ്വാസത്തിന് പ്രാധാന്യം നല്‍കുന്നു. യാക്കോബ് പ്രവര്‍ത്തിക്കും. രണ്ടും നമുക്ക് ഒരുപോലെ ആവശ്യമുള്ളതാകയാല്‍ ഈ രണ്ട് അപ്പസ്‌തോലന്മാരുടെ തിരുനാള്‍ ഒരുമിച്ച് ആഘോഷിക്കുന്നു.

മേയ് 2: വിശുദ്ധ അത്തനേഷ്യസ് മെത്രാന്‍

നിക്യാ സൂനഹദോസ് കഴിഞ്ഞ് മൂന്നാം വര്‍ഷം മുതല്‍ 45 വര്‍ഷം അലക്‌സാന്‍ഡ്രിയയിലെ പേട്രിയാര്‍ക്കായിരുന്നു ആ നാട്ടുകാരന്‍ തന്നെയായ ഡോക്ടര്‍ അത്തനേഷ്യസ്. 17 വര്‍ഷവും വിപ്രവാസത്തിലായിരുന്നു. യേശു ക്രിസ്തുവിന്റെ ദൈവത്വം അംഗീകരിച്ച് നിക്യാ സൂനഹദോസിലെ വിശ്വാസ പ്രമാണം സര്‍വ്വരാലും സ്വീകൃതമാക്കുവാന്‍ ചെയ്ത പരിശ്രമങ്ങളാണ് അദ്ദേഹത്തെ വിപ്രവാസത്തിലേക്ക് ഇറക്കിയത്. ഡോ. ഗ്രിഗരിനസിയാന്‍ സെന്‍ അത്തനേഷ്യസിനെ ഇങ്ങനെ വിവരിച്ചിരിക്കുന്നു: ‘അദ്ദേഹം അപരിചിതരെ സല്ക്കരിക്കുന്നവനാണ്; ആശ്രിതരോട് കൃപാലുവാണ്; സകലര്‍ക്കും അഭിഗമ്യനാണ്. വേഗം കോപിക്കുന്നവനല്ല; സംഭാഷണചതുരനാണ്. സ്വഭാവം മധുരമാണ്. വാക്കിലെന്നപോലെ പ്രവൃത്തികളിലും കാര്യക്ഷമത പ്രകടമാണ്; ഭക്തകൃത്യങ്ങളില്‍ ഉത്സാഹിയാണ്; എല്ലാത്തരക്കാരും പ്രായക്കാരുമായ ക്രിസ്ത്യാനികള്‍ക്ക് സഹായകനുമാണ്.’

325-ലെ നിക്യാ സൂനഹദോസില്‍വച്ച് അത്തനേഷ്യസിന്റെ പ്രതിഭയും പ്രശസ്തിയും പ്രകാശിതമായി. പിതാവും പുത്രനും സാരാംശത്തില്‍ സമന്മാരാണെന്നുള്ള വസ്തുത ശക്തിയായി സൂനഹദോസില്‍ വാദിച്ചു. സൂനഹദോസു കഴിഞ്ഞ് അഞ്ചാംമാസം അലെക്സാന്‍ട്രിയായിലെ പേട്രിയാര്‍ക്കായിരുന്ന അലെക്‌സാന്‍ര്‍ മരിച്ചു. ജനങ്ങള്‍ ഏകസ്വരത്തില്‍ ആര്‍പ്പുവിളിച്ചു: ‘ഞങ്ങള്‍ക്ക് അത്തനേഷ്യസിനെ തരിക; അദ്ദേഹം ഒരു നല്ല മെത്രാനായിരിക്കും.’ ഈജിപ്തിലെ മെത്രാന്മാര്‍ അദ്ദേഹത്തെ തന്നെ തിരഞ്ഞെടുത്തു. അന്ന് അദ്ദേഹത്തിന് മുപ്പതു വയസ്സു പ്രായമേ ഉണ്ടായിരുന്നുള്ളൂ.

ആര്യന്‍ പാഷണ്ഡികള്‍ ചക്രവര്‍ത്തിമാരുടെ അനുഭാവം നേടി അത്തനേഷ്യസിനെ അഞ്ചു പ്രാവശ്യം നാടുകടത്തി. പല പ്രാവശ്യം അദ്ദേഹത്തെ വധിക്കാന്‍ ഉദ്യമിക്കുകയും ചെയ്തു. ദൈവം അദ്ദേഹത്തെ കാത്തു. അത്തനേഷ്യസിനു ശത്രുക്കളുണ്ടായിരുന്നെങ്കില്‍ അതുപോലെതന്നെ അദ്ദേഹത്തിന് മിത്രങ്ങളുമുണ്ടായിരുന്നു. വിപ്രവാസം കഴിഞ്ഞു മടങ്ങിവരുമ്പോഴെല്ലാം അലെക്‌സാന്‍ട്രിയന്‍ ജനത അദ്ദേഹത്തിന് രാജകീയ സ്വീകരണമാണ് നല്കിയിരുന്നത് .അപ്പസ്‌തോലന്മാര്‍ക്കുശേഷം ക്രിസ്തുമതത്തിലെ പരിശുദ്ധ സത്യങ്ങള്‍ സമ്യക്കായി പഠിപ്പിച്ച ഒരാളാണ് അത്തനേഷ്യസ് എന്നത്രേ കാര്‍ഡിനല്‍ ന്യൂമന്‍ പറഞ്ഞിട്ടുള്ളത്.

അദ്ദേഹത്തിന്റെ ശാസ്ത്രീയ ഗ്രന്ഥങ്ങള്‍ ആര്യന്‍ പാഷണ്ഡതയുടെ വിവിധ വശങ്ങളെ പറ്റിയാണ്. മരുഭൂമിയിലെ വിശുദ്ധ ആന്റണിയുടെ ജീവചരിത്രം തപോജീവിത പ്രചാരണത്തിനു വളരെ ഉപകരിച്ചിട്ടുണ്ട്

Exit mobile version