മെയ് 30: വിശുദ്ധ ഫെര്‍ഡിനന്റ് തൃതീയന്‍ രാജാവ്

ഫ്രാന്‍സിലെ വിശുദ്ധ ലൂയി രാജാവിന്റെ അമ്മ ബ്ലാഞ്ചെ രാജ്ഞിയുടെ സഹോദരി ബെറാങ്കേരായുടെ മകനാണു ഫെര്‍ഡിനന്റു തൃതീയന്‍. പിതാവ് ലെയോണിലെ രാജാവായിരുന്ന അല്‍ഫോണ്‍സാണ്. 1217 ജൂണ്‍ ആറിന് ഫെര്‍ഡിനന്റ് പലെന്‍സിയാ, ബൂര്‍ഗോസ്, വില്ലഡോലിസ് എന്നീ പ്രദേശങ്ങളുടെ രാജാവായി. വിപ്ലവകാരിയായ ഡോം ആല്‍വരെസ് മുതലായവരെ സ്‌നേഹപൂര്‍വം കൈകാര്യം ചെയ്തു രാജ്യം സമാധാനത്തില്‍ മുന്നോട്ടു നീങ്ങി. അമ്മയുടെ ഉപദേശം രാജ്യഭരണത്തില്‍ അത്യന്തം സഹായകമായിരുന്നു. സമുന്നത രാജപദവിയിലും സമസ്തകാര്യങ്ങളിലും അദ്ദേഹം അമ്മയെ അനുസരിച്ചിരുന്നു. 1219-ല്‍ ഫെര്‍ഡിനന്റ് ജെര്‍മ്മന്‍ ചക്രവര്‍ത്തിയുടെ മകള്‍ സുകൃതിനിയായ ബെയാട്രിസിനെ വിവാഹം കഴിക്കുകയും സൗഭാഗ്യകരമായ ഈ വിവാഹത്തില്‍ പത്തു മക്കള്‍ ഉണ്ടാകുകയും ചെയ്തു.

ഫെര്‍ഡിനന്റ് തന്നോടു ചെയ്തിരുന്ന അപരാധങ്ങള്‍ വേഗം ക്ഷമിച്ചിരുന്നു. ക്രൈസ്തവ രാജാക്കന്മാരോടുള്ള തര്‍ക്കങ്ങള്‍ സമരംകൂടാതെ അവസാനിപ്പിച്ചിരുന്നു. സകല സമരങ്ങളിലും അദ്ദേഹത്തിന്റെ അപേക്ഷ ഇപ്രകാരമായിരുന്നു: ‘ഹൃദയങ്ങള്‍ പരിശോധിക്കുന്ന കര്‍ത്താവേ, എന്റെ മഹത്വമല്ല അങ്ങയുടെ മഹത്വമാണ് ഞാന്‍ അന്വേഷിക്കുന്നതെന്ന് അങ്ങേക്ക് അറിയാമല്ലോ. ക്ഷണികരാജ്യങ്ങളല്ല അങ്ങയുടെ പരിശുദ്ധമതത്തിന്റെയും അതിലുള്ള വിശ്വാസത്തിന്റെയും വളര്‍ച്ചമാത്രം ഞാന്‍ തേടുന്നു.’ യുദ്ധത്തിന്റെ തലേരാത്രി മുഴുവനും കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചിരുന്നു. സൈന്യം ദൈവമാതാവിന്റെ ഒരു രൂപം വഹിച്ചിരുന്നു; മിക്കപ്പോഴും ആ രൂപം അദ്ദേഹം സവാരിചെയ്യുന്ന കുതിരയുടെ പുറത്താണു വച്ചിരുന്നത്.

1230-ല്‍ ഫെര്‍ഡിനന്റിന്റെ പിതാവ് അല്‍ഫോണ്‍സ് മരിച്ചപ്പോള്‍ ലെയോന്‍രാജ്യവും കൂടി ഫെര്‍ഡിനന്റിന്റെ കീഴിലായി. മൂന്നു കൊല്ലമെടുത്തു ആ രാജ്യത്തു സമാധാനം സ്ഥാപിക്കാന്‍. 1234-ല്‍ ഫെര്‍ഡിനന്റ് മുഹമ്മദീയരുടെ നേരെ തിരിഞ്ഞ് അവരെ തോല്‍പിച്ചു. രാജ്ഞി ബെയാട്രിസ്സിന്റെ മരണശേഷം 1236-ല്‍ ഫ്രാന്‍സ് രാജകുടുംബത്തില്‍നിന്നു ഡോവഗര്‍ രാജ്ഞിയെ വിവാഹം കഴിച്ചു. പ്രസ്തുത വിവാഹത്തില്‍ മൂന്നു മക്കളുണ്ടായി.

ആഫ്രിക്കയില്‍ കയറിയ മുഹമ്മദീയരെ പിടിച്ചടക്കണമെന്ന് ഫെര്‍ഡിനന്റിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രോഗം അതു സമ്മതിച്ചില്ല. കണ്ണുനീരോടെ ഉറക്കെ കുമ്പസാരിച്ചു വിശ്വാസപ്രകരണം ചെയ്തു മക്കളെ വിളിച്ച് ഉപദേശിച്ചു ഒരു തിരി കത്തിച്ചുപിടിച്ച് ആത്മാവിനെ ദൈവത്തിനു സമര്‍പ്പിച്ചു. ദൈവമാതാവിന്റെ ലുത്തനിയായും ‘ദൈവമേ ഞങ്ങള്‍ അങ്ങയെ വാഴ്ത്തുന്നു.’ എന്നുള്ള സ്‌തോത്രഗീതവും പാടാന്‍ പറഞ്ഞു. തല്‍സമയം, 1252 മേയ് 30-ാം തീയതി ഫെര്‍ഡിനന്റ് ലോകത്തോടു വിട ചൊല്ലി.

മെയ് 29: വിശുദ്ധ മാക്‌സിമിനൂസ്

തിരുസഭയുടെ ഒരു മഹാവിപത്തില്‍ ദൈവം അയച്ച ഒരു വിശുദ്ധനാണ് മാക്‌സിമിനുസ്. ഇദ്ദേഹം പോയിറ്റിയേഴ്‌സില്‍ ഒരു കുലീന കുടുംബത്തില്‍ ജനിച്ചു. ട്രിയേഴ്‌സിലെ ബിഷപ് വിശുദ്ധ അഗ്രീഷിയസിന്റെ ജീവിതവിശുദ്ധി മാക്‌സിമിനൂസിനെ ആ നഗരത്തിലേക്കാനയിച്ചു. അവിടെ ഒരു വൈദികനുവേണ്ട ശിക്ഷണം ലഭിച്ചതിനുശേഷം പൗരോഹിത്യം സ്വീകരിക്കുകയും അഗ്രീഷിയസ് കാലംചെയ്തപ്പോള്‍ 332-ല്‍ ട്രിയേഴ്സിന്റെ മെത്രാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

336-ല്‍ വിശുദ്ധ അത്തനേഷ്യസ് നാടുകടത്തപ്പെട്ടപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ചതു ബിഷപ് മാക്‌സിമിനൂസാണ്. രണ്ടുകൊല്ലം മാര്‍ അത്തനേഷ്യസ് വിമാക്സിമിനുസിന്റെ
കൂടെ സര്‍വവിധ ബഹുമതികളോടുകൂടെത്തന്നെ താമസിച്ചു. കോണ്‍സ്റ്റാന്റിനോപ്പിളിലെ ബിഷപ് പോള്‍ നാടുകടത്തപ്പെട്ടപ്പോഴും ബിഷപ് മാക്‌സിമിനുസുതന്നെയാണ് അദ്ദേഹത്തിനും അഭയം നല്കിയത്. ആര്യന്‍ പാഷണ്ഡികളുടെ കെണിയില്‍പെടാതെ സൂക്ഷിക്കാന്‍ കോണ്‍സ്റ്റന്‍സു ചക്രവര്‍ത്തിയെ അദ്ദേഹം ഉപദേശിച്ചു.

347-ലെ സാര്‍ഡിക്കാ സൂനഹദോസില്‍ ആര്യന്‍ പാഷണ്ഡതയെ ബിഷപ് മാക്‌സിമിനുസ് വീറോടെ എതിര്‍ത്തു. തന്നിമിത്തം ആര്യരുടെ ദൃഷ്ടിയില്‍ മാര്‍ അത്തനേഷ്യസുപോലെ ഒരു നോട്ടപ്പുളളിയായിത്തീര്‍ന്നു. 349-ല്‍ മാക്‌സ്സിമിനുസ് ദിവംഗതനായി.

കെസിവൈഎം മേഖല യൂത്ത് കോണ്‍ഫറന്‍സുകള്‍ സമാപിച്ചു

കെസിവൈഎം താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ രൂപതയിലെ 11 മേഖലകളിലായി നടത്തിയ മേഖല യൂത്ത് കോണ്‍ഫറന്‍സുകള്‍ (എം.വൈ.സി.) സമാപിച്ചു. തിരുവമ്പാടി മേഖലയുടെ ആതിഥേയത്വത്തില്‍ തിരുവമ്പാടി അല്‍ഫോന്‍സാ കോളേജില്‍ നടന്ന സമാപന സമ്മേളനം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ യുവത്വം സമൂഹത്തിന്റെ പ്രതീക്ഷയാണെന്നും കാലഘട്ടത്തിനനുസരിച്ച മാറ്റങ്ങളുടെ വക്താക്കളാണെന്നും ഡോ. ബീന ഫിലിപ്പ് അഭിപ്രായപ്പെട്ടു.

രൂപത പ്രസിഡന്റ് റിച്ചാള്‍ഡ് ജോണ്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ 6 വര്‍ഷക്കാലമായി കെ.സി.വൈ.എം. താമരശ്ശേരി രൂപത ഡയറക്ടര്‍ ആയിരുന്ന ഫാ. ജോര്‍ജ്ജ് വെള്ളക്കാക്കുടിയിലിന് യാത്രയയപ്പും ഈ സമ്മേളന വേദിയില്‍ നടത്തപ്പെട്ടു. രൂപത ഡയറക്ടര്‍ ഫാ. മാത്യൂ തെക്കേക്കരമറ്റത്തില്‍, ജനറല്‍ സെക്രട്ടറി അലീന മാത്യൂ, മേഖല ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ വിലങ്ങുപാറ, ഫാ. ജോര്‍ജ്ജ് വെള്ളയ്ക്കാക്കുടിയില്‍, മേഖല പ്രസിഡന്റ് അജിത്ത്, എല്‍ ഡി എസ് പ്രതിനിധി ആല്‍ബിന്‍ സഖറിയാസ്, വൈസ് പ്രസിഡന്റ് അലോണ ജോണ്‍സന്‍ എന്നിവര്‍ സംസാരിച്ചു. ഏപ്രില്‍ 6-ന് പാറോപ്പടിയില്‍ ആരംഭിച്ച മേഖല യൂത്ത് കോണ്‍ഫറന്‍സില്‍ 11 മേഖലകളിലായി 1500-ലധികം യൂണിറ്റ് നേതാക്കളാണ് പങ്കെടുത്തത്.

മെയ് 28: വിശുദ്ധ ജെര്‍മ്മാനൂസ് മെത്രാന്‍

എണ്‍പതു സംവത്സരം ജീവിച്ച വിശുദ്ധ ജെര്‍മ്മാനുസു ഫ്രാന്‍സില്‍ 496-ല്‍ ഭൂജാതനായി. സഹോദരനായിരുന്ന ഫാദര്‍ സ്‌കാപിലിയോണാണു അദ്ദേഹത്തിനു ശിക്ഷണം നല്കിയത്. യുവാവായിരിക്കേ പാതിരാത്രി രണ്ടുകിലോ മീറ്ററോളം നടന്നു ദൈവാലയത്തില്‍ രാത്രി നമസ്‌കാരത്തില്‍ പങ്കെടുത്തിരുന്നു. വൈദികനായി അധികം താമസിയാതെതന്നെ അദ്ദേഹം വിശുദ്ധ സിംഫോറിയന്‍ ആശ്രമത്തിലെ ആബട്ടായി. ആശ്രമവാസികള്‍ നിദ്രയിലമര്‍ന്നിരുന്നപ്പോള്‍ ആബട്ടു ദീര്‍ഘമായ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു.

554-ല്‍ അദ്ദേഹം പാരീസിലെ മെത്രാനായി സ്ഥാനമാറ്റം ഉപവാസത്തിലും തപസ്സിലും മാറ്റമൊന്നും വരുത്തിയില്ല. രാത്രി മുഴുവനും ദൈവാലയത്തില്‍ പ്രാര്‍ത്ഥനയില്‍ കഴിച്ചുപോന്നു. ദരിദ്രരും അവശരും അദ്ദേഹത്തിന്റെ വസതിയില്‍ തിങ്ങിക്കൂടുമായിരുന്നു പല ഭിക്ഷുക്കള്‍ക്കും സ്വന്തം മേശയില്‍ അദ്ദേഹം ഭക്ഷണം കൊടുത്തിരുന്നു

ബിഷപ്പു ജെര്‍മ്മാനൂസിന്റെ പ്രസംഗങ്ങള്‍ക്കു നല്ല വശ്യശക്തിയുണ്ടായിരുന്നു. അതിമോഹിയും ലൗകായതികനുമായിരുന്ന ചില്‍ഡ്ബെര്‍ട്ട് രാജാവ് അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വഴി ഭക്തനും ധര്‍മ്മിഷ്ഠനുമായി മാറി. അദ്ദേഹത്തിന്റെ അനുജന്‍ ക്ളോവിഡുരാജാവും ആര്‍ച്ചുബിഷപ്പിന്റെ വിശുദ്ധിയില്‍ നല്ല വിശ്വാസമുള്ളവനായിരുന്നു. ക്‌ളോവിഡ് രാജാവ് ഒരിക്കല്‍ പനിയായി കിടക്കുമ്പോള്‍ ആര്‍ച്ചുബിഷപ്പിനെ വിളിച്ചുവരുത്തി അദ്ദേ ഹത്തിന്റെ ഉടുപ്പ് വേദനയുള്ള സ്ഥലത്തു ചേര്‍ത്തുപിടിക്കുകയും ചെയ്തു. അതോടെ അദ്ദേഹത്തിന്റെ അസുഖം മാറുകയും ചെയ്തു.

വാര്‍ദ്ധക്യത്തില്‍ തീക്ഷ്ണതയ്‌ക്കോ പ്രാര്‍ത്ഥനക്കോ കുറവുവരുത്തിയില്ല. പ്രായശ്ചിത്തങ്ങളും ആശാനിഗ്രഹങ്ങളും വര്‍ദ്ധിപ്പിച്ചതേയുള്ളൂ. അദ്ദേഹത്തിന്റെ തീക്ഷ്ണതയാല്‍ വിഗ്രഹാരാധനയുടെ അവശിഷ്ടങ്ങള്‍ കൂടി ഫ്രാന്‍സില്‍നിന്നു തുടച്ചുമാറ്റപ്പെട്ടു. പാപികളുടെ മാനസാന്തരത്തിന് അവസാന നിമിഷംവരെ അദ്ദേഹം അധ്വാനിച്ചു 80-ാമത്തെ വയസ്സില്‍ 576-ല്‍ മെയ് 28-ാം തീയതി ആര്‍ച്ചുബിഷപ്പു ജെര്‍മ്മാനുസു കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.

മെയ് 27: കാന്റര്‍ബറിയിലെ വിശുദ്ധ അഗസ്റ്റിന്‍ മെത്രാന്‍

ഇംഗ്ലണ്ടിലെ അപ്പസ്‌തോലനും കാന്റര്‍ബറിയിലെ പ്രഥമ ആര്‍ച്ചു ബിഷപ്പുമായ അഗസ്റ്റിന്‍ റോമിലാണ് ജനിച്ചത്. ചേളിയന്‍ എന്ന സ്ഥലത്തുണ്ടായിരുന്ന വി. ആന്‍ഡ്രുവിന്റെ ആശ്രമത്തില്‍നിന്നു മുപ്പതുപേരെ 596-ല്‍ അവരുടെ പ്രിയോരായിരുന്ന അഗസ്റ്റിന്റെ നേത്യത്വത്തില്‍ ഇംഗ്ലണ്ടിലെ അംഗ്ലി എന്ന വര്‍ഗ്ഗത്തെ ആഞ്ചെലി (മാലാഖമാര്‍) ആക്കാന്‍ മഹാനായ ഒന്നാം ഗ്രിഗറി മാര്‍പ്പാപ്പാ ഇംഗ്ലണ്ടിലേക്ക് അയച്ചു. ക്രൂരരായ കാട്ടു ജാതിക്കാരാണ് ആംഗ്‌ളി എന്നു കേട്ടപ്പോള്‍ അഗുസ്റ്റിന്‍ മടങ്ങിപ്പോരാന്‍ തുടങ്ങി. അപ്പോള്‍ തീക്ഷ്ണമതിയായ ഗ്രിഗറി എഴുതി: ”ദൈവനാമത്തില്‍ മുന്നോട്ടു പോകുക. കഷ്ടതകള്‍ എത്രകണ്ടു കൂടുന്നുവോ അത്രകണ്ടു വിശിഷ്ടമായിരിക്കും കിരീടം. സര്‍വ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹം അങ്ങയെ പരിപാലിക്കട്ടെ അങ്ങയുടെ അധ്വാനത്തിന്റെ ഫലം സ്വര്‍ഗ്ഗരാജ്യത്തില്‍ ദര്‍ശിക്കാന്‍ എനിക്കു അനുഗ്രഹം ലഭിക്കുമാറാകട്ടെ, എനിക്ക് അങ്ങയുടെ അധ്വാനത്തില്‍ പങ്കെടുക്കുവാന്‍ കഴിയുകയില്ലെങ്കിലും അങ്ങയുടെ കൊയ്ത്തില്‍ ഞാന്‍ പങ്കെടുക്കുമാറാകട്ടെ. സന്മനസ്സിന് എനിക്ക് ഒരു കുറവുമില്ലെന്നു ദൈവം അറിയുന്നുണ്ടല്ലോ.’

വി അഗസ്റ്റിനും കൂട്ടുകാര്‍ക്കും അപ്രതീക്ഷിതമായ ഒരു വിജയം ഇംഗ്ലണ്ടിലുണ്ടായി. കെന്റിലെ രാജാവായ എഥെല്‍ബര്‍ട്ടിന്റെ ഭാര്യ ഒരു ക്രൈസ്തവ വനിത ആയിരുന്നു. വിശുദ്ധ അഗുസ്റ്റിന്റെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഉടനടി പൂവണിഞ്ഞു. 596-ല്‍ത്തന്നെ എഥെല്‍ബര്‍ട്ടു രാജാവും പതിനായിരം പ്രജകളും ഒരുമിച്ചു ജ്ഞാനസ്നാനം സ്വീകരിച്ചു. ക്രമേണ ക്രിസ്തീയ വിശ്വാസം ഇംഗ്ലണ്ടില്‍ പരന്നു. അഗുസ്റ്റിന്‍ ഫ്രാന്‍സില്‍ പോയി മെത്രാഭിഷേകം സ്വീകരിച്ചു മടങ്ങി.

ആര്‍ച്ചു ബിഷപ്പ് അഗുസ്റ്റിന്‍ ആംഗ്ലോസാക്സണ്‍ ക്രിസ്ത്യാനികളേയും പൂര്‍വ്വ ബ്രിട്ടണ്‍ ക്രിസ്ത്യാനികളേയും രമ്യപ്പെടുത്താന്‍ ചെയ്ത പരിശ്രമം വിജയിച്ചില്ല. പൂര്‍വ്വക്രിസ്ത്യാനികള്‍ സ്വീകരിച്ചിരുന്ന കെല്‍ട്ടിക്ക് സമ്പ്രദായങ്ങള്‍ റോമന്‍ സമ്പ്രദായങ്ങളില്‍നിന്നു വിഭിന്നങ്ങളായിരുന്നു. ”വിജാതീയ ക്ഷേത്രങ്ങളെ പവിത്രീകരിക്കുക നശിപ്പിക്കേണ്ടതില്ല, വിജാതീയ ഉത്സവങ്ങളും കര്‍മ്മങ്ങളും കഴിയുന്നത്ര സ്വീകരിക്കുക, എന്ന മാര്‍പാപ്പയുടെ ഉപദേശം എത്രയും പുരോഗമനാത്മകമായി കരുതണം. എന്നിട്ടും ആംഗ്ലോ സാക്‌സണ്‍ ക്രിസ്ത്യാനികളും പൂര്‍വ്വ ബ്രിട്ടന്‍ ക്രിസ്ത്യാനികളും ഐക്യപ്പെട്ടില്ല. 8 കൊല്ലത്തെ കഠിനമായ അധ്വാനത്തിനുശേഷം ആര്‍ച്ച് ബിഷപ്പ് അഗസ്റ്റിന്‍ 604 ല്‍ ദിവംഗതനായി.

മെയ് 26: വിശുദ്ധ ഫിലിപ്പു നേരി

എളിമയ്ക്കും സന്തുഷ്ടിക്കും പ്രസിദ്ധനും റോമയുടെ അപ്പസ്‌തോലനുമായ ഫിലിപ്പുനേരി 1515-ല്‍ ഫ്‌ളോറെന്‍സില്‍ ഒരു കുലീന കുടുംബത്തില്‍ ജാതനായി. അഞ്ചു വയസ്സുമുതല്‍ യാതൊരു കാര്യത്തിലും ഫിലിപ്പു മാതാപിതാക്കന്മാരെ അനുസരിക്കാതിരുന്നിട്ടില്ല. വ്യാകരണവും സാഹിത്യ പഠനവും കഴിഞ്ഞു ഫിലിപ്പിനെ മോന്തെകസീനോയിലുള്ള ചിറ്റപ്പന്റെ അടുക്കലേക്ക് പിതാവ് അയച്ചു. അന്നു ഫിലിപ്പിന് 18 വയസ്സുപ്രായമേ ഉണ്ടായിരുന്നുള്ളൂ . ചിറ്റപ്പന്റെ അവകാശിയായി സസുഖം ജിവിക്കാമായിരുന്നെങ്കിലും പൗരോഹിത്യത്തെ ഉന്നം വച്ചിരുന്ന ഫിലിപ്പു റോമില്‍ പോയി ഒരു ഫ്‌ളൊറെന്റെയിന്‍ പ്രഭുവിന്റെ വീട്ടില്‍ താമസിച്ചു കുട്ടികളെ പഠിപ്പിക്കുകയും ഉപരിപഠനം നടത്തുകയും ചെയ്തു. അവിടെ താമസിക്കുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയെപ്പറ്റിയുളള റിപ്പോര്‍ട്ടുകള്‍ റോമിലും ഫ്‌ളോറെന്‍സിലും പരന്നു. എല്ലാവരും അദ്ദേഹത്തോടു സംസാരിക്കുവാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഫിലിപ്പു വ്യര്‍ത്ഥഭാഷണത്തിന്റെ ദോഷങ്ങളെപ്പറ്റി ബോധവാനായിരുന്നു. പ്രാര്‍ത്ഥനയും ഉപവാസവും ഇന്ദ്രിയനിഗ്രഹവും വഴിയാണ് തന്റെ കന്യാത്വം അഭംഗമായി പാലിച്ചത്. ദൈവാലയ സന്ദര്‍ശനവും ആശുപത്രി സന്ദര്‍ശനവുമായിരുന്നു അദ്ദേഹത്തിന്റെ വ്യായാമം. ഒരു യുവ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ തെരുവീഥികളില്‍ നിന്ന് ആത്മാക്കളെ ദൈവത്തിനു നേടുന്നതിനു പരിശ്രമിച്ചിരുന്നു

1550-ലെ ജൂബിലി വര്‍ഷത്തില്‍ ഫിലിപ്പ് ആരംഭിച്ച ആശുപത്രി ഇന്നും റോമയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയുന്നു. ഫിലിപ്പും രോഗികളെ ശുശ്രൂഷിച്ചിരുന്നു. തീര്‍ത്ഥകരുടെ പാദങ്ങള്‍ കഴുകിയിരുന്നു.

ഒരു അല്‍മേനിയെന്ന നിലയില്‍ ദൈവത്തെ ശുശ്രൂഷിക്കാന്‍ എളിമ ഫിലിപ്പിനെ പ്രേരിപ്പിച്ചുവെങ്കിലും 36-ാമത്തെ വയസ്സില്‍ ആത്മീയ പിതാവിന്റെ നിര്‍ദ്ദേശപ്രകാരം വൈദികനായി അദ്ദേഹത്തോടുകൂടെ താമസിച്ചു. അത് അദ്ദേഹം സ്ഥാപിച്ച ഓററ്റോറിയന്‍ സഭയുടെ അടിസ്ഥാനമായി . വി.കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ അദ്ദേഹം കരഞ്ഞുകൊണ്ടിരുന്നു. പലപ്പോഴും സമാധി ഉണ്ടായിരുന്നതിനാല്‍ കുര്‍ബാനയ്ക്കു രണ്ടു മണിക്കൂര്‍ എടുത്തിരുന്നു. തന്നിമിത്തം സ്വകാര്യമായിട്ടാണ് അദ്ദേഹം കുര്‍ബാന ചൊല്ലിയിരുന്നത്.

1564-ല്‍ ഓററ്റോറിയന്‍ സഭ രൂപം പ്രാപിച്ചു. ചരിത്രകാരനായ കാര്‍ഡിനല്‍ ബരോണിയൂസ് അതിലെ അംഗമായിരുന്നു. ചരിത്രമെഴുതാന്‍ ഫാദര്‍ ഫിലിപ്പ് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. മരണം വരെ ഫാദര്‍ ഫിലിപ്പുത ന്നെയായിരുന്നു ഓററ്ററിയുടെ ജനറല്‍. താന്‍ ഒരു പുണ്യവാനാണെന്നു ജനസംസാരം ഉണ്ടായപ്പോള്‍ തെരുവീഥിയില്‍നിന്ന് ബിയര്‍ കുടിച്ചുകൊണ്ട് ഒരു പാപിയാണെന്ന് ഭാവിച്ചിരുന്നു. ഒരിക്കല്‍ ദൈവമാതാവു ഫാദര്‍ ഫിലിപ്പിനു പ്രത്യക്ഷപ്പെട്ടു. അപ്പോള്‍ അദ്ദേഹം വിളിച്ചുപറഞ്ഞു: ‘അങ്ങ് എന്റെ അടുക്കല്‍ വരാന്‍ ഞാനെന്തു ചെയ്തു?’ മുറിയിലുണ്ടായിരുന്ന ഭിഷഗ്വരന്മാരും മറ്റും ദൈവമാതാവിനെ കണ്ടില്ലെന്നു മനസ്സിലായപ്പോള്‍ ഈ സംഗതി ആരോടും പറയരുതെന്ന് അവരോടഭ്യര്‍ത്ഥിച്ചു. കാര്‍ഡിനല്‍ ബരോണിയസു തിരുപാഥേയം കൊണ്ടുവന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: ”കണ്ടാലും എന്റെ സ്‌നേഹമേ, കണ്ടാലും എന്റെ സ്‌നേഹമേ, എന്റെ ആത്മാവിന്റെ ഏകാനന്ദം ഇതാ വരുന്നു. എന്റെ സ്‌നേഹം എനിക്കു വേഗം തരിക.’ ലൂഥറിന്റെ വിപ്ലവം വരുത്തിയ നാശം പരിഹരിക്കാന്‍ വളരെയേറെ പ്രവര്‍ത്തിച്ച ഈ വിശുദ്ധന്‍ മുന്‍കൂട്ടി അറിയിച്ചിരുന്നതുപോലെ 1585 മേയ് 26-ാം തീയതി സൂര്യോദയത്തിനു മുമ്പു ദിവംഗതനായി.

ആല്‍ഫാ മരിയ അക്കാദമിയില്‍ അഡ്മിഷന്‍ ആരംഭിച്ചു

ജര്‍മ്മന്‍ ഭാഷാ പരിശീലനം

എട്ട് മാസം കൊണ്ട് B2 ലെവല്‍ പൂര്‍ത്തിയാകുന്ന ജര്‍മ്മന്‍ ഭാഷ പരിശീലനം. പരിചയസമ്പന്നരായ അധ്യാപകര്‍ക്ക് ഒപ്പം താമസിച്ച് പഠിക്കാം. ഒപ്പം ജര്‍മ്മനിയില്‍ പഠിക്കാനുള്ള സഹായവും ചെയ്തു കൊടുക്കുന്നു.

നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് ഫ്രീ ആയി ജര്‍മന്‍ പഠിക്കാനും ഫ്രീയായി ജര്‍മ്മനിയില്‍ പോകാനും അവസരമൊരുക്കുന്നു. ഓണ്‍ലൈന്‍ ഓഫ്ലൈന്‍ ക്ലാസുകള്‍.

ട്യൂഷന്‍ ക്ലാസുകള്‍

ആല്‍ഫാ മരിയ അക്കാദമി തിരുവമ്പാടിയിലും കുന്നമംഗലത്തും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയസമ്പന്നരായ അധ്യാപകരുടെ ട്യൂഷന്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. അനീഷ് പുളിച്ചമാക്കല്‍ (9497567689), ഫാ. ജിതിന്‍ പന്തലാടിക്കല്‍ (8157044071).

പോളിടെക്‌നിക് കോളജുകളിലേക്ക് അപേക്ഷിക്കാം

സംസ്ഥാനത്തെ പോളിടെക്നിക്ക് കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ തുടങ്ങി. www.polyadmission.org എന്ന വെബ്സൈറ്റില്‍ പ്രോസ്പെക്ടസ് ലഭ്യമാണ്. ഈ സൈറ്റില്‍ ജൂണ്‍ 11ന് അകം ഓണ്‍ലൈനായി ഫീസടച്ച് ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തണം. അപേക്ഷാഫീ 200 രൂപ.

രജിസ്ട്രേഡ് മൊബൈല്‍ നമ്പര്‍/രജിസ്ട്രേഷന്‍ നമ്പര്‍, ഒടിപി വഴി ലോഗിന്‍ ചെയ്ത് കാന്‍ഡിഡേറ്റ്സിന് ഡാഷ്ബോര്‍ഡിലെത്താം. വിവരങ്ങള്‍ നല്‍കി ജൂണ്‍ 12 ന് അകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ആകെ 27710 സീറ്റുകളുണ്ട്. ഇത്തവണ സംസ്ഥാനതല അലോട്ട്മെന്റ് രണ്ട് തവണ മാത്രമാണ്. ഇതിനു ശേഷവും സീറ്റ് ഒഴിവുണ്ടെങ്കില്‍ ഒരു ജില്ലാതല കൗണ്‍സിലിങും അതതു സ്ഥാപനങ്ങളില്‍ 2 സ്പോട്ട് അഡ്മിഷനും നടത്തും.

പ്രവേശന യോഗ്യത

ഉപരിപഠനത്തിന് അര്‍ഹതയോടെ 2 ചാന്‍സിനകം എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി/ തുല്യപരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. മാത്സും സയന്‍സും പഠിച്ചവര്‍ക്കു എന്‍ജിനീയറിങ്, കൊമേഴ്സ് എന്നീ രണ്ട് കൈവഴികളിലേക്കും ശ്രമിക്കാം. മാത്സ് വിഷയം പഠിച്ചെങ്കിലും മറ്റ് സയന്‍സ് വിഷയങ്ങള്‍ പഠിക്കാത്തവര്‍ക്കു കൊമേഴ്സ് കൈവഴിയിലേക്കു മാത്രമേ അപേക്ഷിക്കാനാവൂ.

സേ/ബെറ്റര്‍മെന്റ് അധിക ചാന്‍സല്ല. സിബിഎസ്സികാര്‍ ബോര്‍ഡ് പരീക്ഷ ജയിച്ചിരിക്കണം. എസ്എസ്എല്‍സി തുല്യ പരീക്ഷയിലെ ടോട്ടല്‍ ഗ്രേഡ് പോയിന്റ് ആവറേജില്‍ കുട്ടിയുടെ പശ്ചാത്തലമനുസരിച്ച് ആവശ്യമായ ബോണസ് മാര്‍ക്ക് ചേര്‍ത്തും രണ്ടാം ചാന്‍സിന് മാര്‍ക്കു കുറച്ചും ഇന്‍ഡക്സ് മാര്‍ക്ക് കണക്കാക്കും. ഈ ഇന്‍ഡക്സും വിദ്യാര്‍ഥിയുടെ താല്‍പര്യവും പരിഗണിച്ച് സംവരണത്തിന് വിധേയമായിട്ടാണ് സിലക്ഷനും അലോട്ട്മെന്റും.

ടിഎച്ച്എസ്എല്‍സിക്കാര്‍ക്ക് എന്‍ജിനീയറിങ്/ ടെക്നോളജി ശാഖകളില്‍ 10% സീറ്റ് സംവരണമുണ്ട്. വിഎച്ച്എസ്ഇക്കാര്‍ക്ക് അര്‍ഹതകയുള്ള ശാഖകളില്‍ രണ്ട് ശതമാനം. എല്ലാ ശാഖകളിലും നിര്‍ദിഷ്ടസീറ്റുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് 5% എന്ന തോതില്‍ സംവരണം ലഭിക്കും. പ്രഫഷണല്‍ കോളജ് പ്രേവേശനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള 40% സാമുദായിക സംവരണവും പാലിക്കും. പട്ടികവര്‍ഗ്ഗക്കാര്‍ക്കുമാത്രം വരുമാനം നോക്കാതെ തന്നെ സംവരണം ലഭിക്കും. സാമ്പത്തിക്ക പിന്നാക്ക വിഭാഗത്തിന് 10% സംവരണമുണ്ട്.

ഇവയ്ക്കു പുറമേ സ്പോര്‍ട്സ്, എന്‍സിസി, വിമുക്ത ഭടന്മാരുടെ കുട്ടികള്‍, യുദ്ധത്തില്‍ വീരചരമമടഞ്ഞവരുടെ ആശ്രിതര്‍, ട്രാന്‍സ്ജെന്‍ഡര്‍, വിവിധ നോമിനികള്‍ മുതലായ വിഭാഗങ്ങള്‍ക്കു വിശേഷസംവരണമുണ്ട്. 60 ഡിബിയെങ്കിലും കേള്‍വിത്തകരാറുള്ള കുട്ടികള്‍ക്ക് കോഴിക്കോട്, കളമശ്ശേരി, തിരുവനന്തപുരം (വനിത) എന്നീ സര്‍ക്കാര്‍ പോളിടെക്നിക്കുകളില്‍ വിശേഷബാച്ചുകളുണ്ട്.

വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസ് വിശുദ്ധ പദവിയിലേക്ക്

ലാപ്ടോപ്പും സാമൂഹ്യ മാധ്യമങ്ങളും ജപമാലയും ജീവിതത്തില്‍ സമന്വയിപ്പിച്ച് വിശ്വാസപ്രചരണത്തില്‍ പുതിയ പാത തുറന്ന വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസ് വിശുദ്ധ പദവിയിലേക്ക്. വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിന്റെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാരം നല്കിയതായി കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായാണ് വിവരം. ആഗോള കത്തോലിക്കാ സഭ 2025-ല്‍ ജൂബിലി വര്‍ഷമായി ആചരിക്കുവാനിരിക്കെ ജൂബിലി മധ്യേ കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കാര്‍ലോയുടെ മധ്യസ്ഥതയില്‍ കോസ്റ്ററിക്കയില്‍ നിന്നുള്ള കൗമാരക്കാരി ഫ്ളോറന്‍സില്‍ വിദ്യാര്‍ഥിയായിരുന്ന വലേറിയയ്ക്ക് അപകടത്തെ തുടര്‍ന്നുണ്ടായ ഗുരുതരാവസ്ഥയില്‍ നിന്ന് സൗഖ്യം ലഭിച്ചത് രണ്ടാമത്തെ അത്ഭുതമായി സമിതി അംഗീകരിച്ചു. ബ്രസീലില്‍ ഒരു ബാലന്‍ രോഗസൗഖ്യം നേടിയത് കാര്‍ലോയുടെ മധ്യസ്ഥതയിലാണെന്നു സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്ന് 2020 ഒക്ടോബര്‍ 10 നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ഈ നൂറ്റാണ്ടില്‍ വിശുദ്ധ പദവി നേടിയവരില്‍ പ്രായം കുറഞ്ഞയാളും കംപ്യൂട്ടര്‍ പ്രതിഭയുമാണ് കാര്‍ലോ. ലണ്ടനില്‍ ജനിച്ച് മിലാനില്‍ വളര്‍ന്ന കാര്‍ലോ 11-ാം വയസില്‍ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിന് തുടക്കമിട്ടത്.

ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓണ്‍ലൈന്‍ ശേഖരം നന്നേ ചെറിയ പ്രായത്തിനുള്ളില്‍ കാര്‍ലോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടി. നമ്മള്‍ ദിവ്യകാരുണ്യം എത്രയധികമായി സ്വീകരിക്കുന്നുവോ, അത്രമാത്രം നാം യേശുവിനെ പോലെയാകുമെന്നും അങ്ങനെ ഈ ഭൂമിയില്‍ നമുക്ക് സ്വര്‍ഗ്ഗത്തിന്റെ ഒരു മുന്നാസ്വാദനം ഉണ്ടാകുമെന്നും കാര്‍േലാ പതിനൊന്നാമത്തെ വയസ്സില്‍ കുറിച്ചു. 15-ാം വയസില്‍ നിര്യാതനായി.

ഭാവിയിലേക്ക് വഴികാട്ടാന്‍ എയ്ഡര്‍ എഡ്യൂകെയര്‍ – ഫ്യൂച്ചറിസ്റ്റിക് എഡ്യൂക്കേഷന്‍ പ്രൊജക്റ്റ്

തൊഴില്‍ സാധ്യതകളും വ്യക്തിത്വഗുണങ്ങളും പരിഗണിച്ച് വിദ്യാഭ്യാസമേഖലകള്‍ നിശ്ചയിക്കാനും മികച്ച സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കാനും പ്രവേശന പരീക്ഷകള്‍ എഴുതാനും വിദ്യാര്‍ത്ഥികളെ ഒരുക്കുന്ന എയ്ഡര്‍ എഡ്യൂകെയര്‍ – ഫ്യൂച്ചറിസ്റ്റിക് എഡ്യൂക്കേഷന്‍ പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്തു. എപ്പാര്‍ക്കിയല്‍ അസംബ്ലി സമാപന സമ്മേളനത്തില്‍ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാബ്ലാനി വിദ്യാര്‍ത്ഥികള്‍ക്ക് ലോഗോ കൈമാറിയാണ് പ്രൊജക്ട് ഉദ്ഘാടനം ചെയ്തത്.

താമരശ്ശേരി രൂപതയിലെ ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വരും വര്‍ഷങ്ങളില്‍ നേരിട്ടും ഓണ്‍ലൈന്‍ മുഖേനയും ബന്ധപ്പെടുകയും ഒരു വര്‍ഷത്തോളം അവരെ വ്യക്തിപരമായി പഠിച്ച് കഴിവുകള്‍, അപ്റ്റിറ്റിയൂഡ്, താത്പര്യം, ആനുകൂല്യങ്ങള്‍ക്കുള്ള അര്‍ഹത, കുടുംബ പശ്ചാത്തലം, വ്യക്തിപരമായ പ്രശ്നങ്ങള്‍ എന്നിവ മനസിലാക്കി കുട്ടികള്‍ക്ക് ഭാവിയിലേക്കുള്ള വഴിതെളിക്കുന്ന പദ്ധതിയാണ് എയ്ഡര്‍ എഡ്യൂകെയര്‍ – ഫ്യൂച്ചറിസ്റ്റിക് എഡ്യൂക്കേഷന്‍ പ്രൊജക്ട്.

വിദ്യാപീഠം, എയ്ഡര്‍ എഡ്യൂകണക്ട് എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഈ പ്രൊജക്ടിന്റെ ഭാഗമായി ഉപയോഗപ്പെടുത്തി വരുന്നു. ചെറുപ്പത്തില്‍ തന്നെ തൊഴില്‍ ബന്ധിതമായ കരിക്കുലം വീത്തേ വിദ്യാപീഠം മുഖേന നിര്‍മ്മിച്ച് സൂക്ഷിക്കാനും അഭിരുചികള്‍ക്കനുസരിച്ച ആഡ് ഓണ്‍ കോഴ്സുകള്‍ ചെയ്യാനും കുട്ടികള്‍ക്ക് സാധിക്കും.

ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭ മലബാര്‍ ഭദ്രാസനം മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ്, മോണ്‍. അബ്രഹാം വയലില്‍, എയ്ഡര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍, എയ്ഡര്‍ എഡ്യൂകെയര്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളയ്ക്കാക്കുടിയില്‍, ഫാ. അഭിലാഷ് ചിലമ്പിക്കുന്നേല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍.

എഡ്യൂകെയര്‍ മെന്റര്‍മാരാ സിസ്റ്റര്‍ സജിനി ജോര്‍ജ്, സിസ്റ്റര്‍ റ്റിസി ജോസ്, സിസ്റ്റര്‍ സ്‌നേഹ മെറിന്‍, സിസ്റ്റര്‍ സോന മരിയ, സിസ്റ്റര്‍ ടെസ്ന ജോര്‍ജ്, സിസ്റ്റര്‍ ക്രിസ്റ്റീന റോസ് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.

Exit mobile version