ഡിസംബര്‍ 2: വിശുദ്ധ ബിബിയാന രക്തസാക്ഷി

റോമില്‍ അപ്രോണിയാനൂസ് ഗവര്‍ണറായിരുന്ന കാലത്ത് രക്തസാക്ഷിത്വം വരിച്ച ഒരു കന്യകയാണ് ബിബിയാന. ഫ്‌ളാവിയന്‍ എന്ന ഒരു റോമന്‍ യോദ്ധാവിന്റെയും ഡഫ്രോസായുടെയും മകളായിരുന്നു ബിബിയാന. ക്രിസ്ത്യാനികളെ അതിക്രൂരമായി ഗവര്‍ണര്‍ ഉപദ്രവിച്ചിരുന്നു. ഭക്തരായ ക്രിസ്ത്യാനികളായിരുന്നതുകൊണ്ട് ബിബിയാനയുടെ മാതാപിതാക്കളെയും ഗവര്‍ണ്ണറുടെ വിധി പ്രകാരം വധിച്ചു. അവരുടെ വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തു.

ബിബിയാനയും സഹോദരി ദെമേത്രിയായും ദാരിദ്രത്തിലമര്‍ന്നു. അഞ്ച് മാസം പ്രാര്‍ത്ഥനയും ഉപവാസവുമായി കഴിഞ്ഞു. ക്രിസ്തുമതം ഉപേക്ഷിക്കുന്നതിനായി പലതരത്തില്‍ അവര്‍ പ്രലോഭിക്കപ്പെട്ടു. ദെമേത്രിയാ തന്റെ വിശ്വാസം ഏറ്റുപറഞ്ഞ് വീണു മരിച്ചു. നാരകീയ വശീകരണങ്ങള്‍ പ്രയോഗിച്ചിട്ടും മാനസാന്തരപ്പെടുന്നില്ല എന്ന് കണ്ട ബിബിയാനയെ ഒരു തൂണില്‍ കെട്ടി അടിച്ചുകൊല്ലുവാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. സന്തോഷത്തോടെ ബിബിയാന ഈ ശിക്ഷ സ്വീകരിച്ചു.

‘നിനക്ക് ഇഷ്ടമുള്ളിടത്തേക്ക് പോകാം, ഇഷ്ടമുള്ളത് അന്വേഷിക്കാം, എന്നാല്‍ കുരിശിന്റെ വഴിയേക്കാള്‍ ഭേദവും ഭദ്രവുമായ ഒരുമാര്‍ഗം ഒരിടത്തുമില്ല’ എന്ന ക്രിസ്ത്യാനുകരണം ജീവിതത്തില്‍ പകര്‍ത്തിയ വിശുദ്ധ ബിബിയാനയെപ്പോലെ കുരിശിന്റെ വഴിയെ ഏറെ സ്‌നേഹത്തോടെ നമുക്കും പുല്‍കാം.

ഡിസംബര്‍ 1: വിശുദ്ധ എലീജിയൂസ് മെത്രാന്‍

ഫ്രാന്‍സില്‍ കാത്തെലാത്ത് എന്ന് പ്രദേശത്താണ് എലീജിയൂസ് ജനിച്ചത്. ഭക്തരായ മാതാപിതാക്കള്‍ മകനെയും ദൈവഭക്തിയില്‍ വളര്‍ത്തി. ദൈവവിശ്വാസത്തിലും സ്വഭാവ നൈര്‍മല്യത്തിലും ഏറെ മുമ്പിലായിരുന്നു അദേഹം. ദൈവാലയത്തിലെ പ്രാര്‍ത്ഥനകളും പ്രസംഗങ്ങളും അദ്ദേഹം ഒരിക്കലും ഉപേക്ഷിച്ചിരുന്നില്ല. സ്വര്‍ണ്ണപ്പണിയില്‍ അതീവ സമര്‍ത്ഥനായിരുന്ന അദ്ദേഹത്തെ പാരീസിലെ ക്‌ളോട്ടയര്‍ ദ്വീതീയന്‍ രാജാവ് സ്വര്‍ണ്ണഖനികളുടെ നിയന്താവായി നിയോഗിച്ചു. ജോലിക്കിടയിലും സദ്ഗ്രന്ഥങ്ങള്‍ വായിക്കുവാന്‍ അദേഹം ശ്രദ്ധിച്ചു.

തനിക്കുണ്ടായിരുന്ന വിശേഷ വസ്ത്രങ്ങളെല്ലാം ദരിദ്രര്‍ക്കായി സമ്മാനിച്ച അദ്ദേഹം ദരിദ്രരെ സഹായിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ചിലപ്പോള്‍ രണ്ടും മൂന്നും ദിവസങ്ങള്‍ തുടര്‍ച്ചയായി ഉപവസിച്ച് പ്രാര്‍ത്ഥനയില്‍ ചിലവഴിക്കും. സുകൃതജീവിതവും പാണ്ഡിത്യവും അദ്ദേഹത്തെ പുതിയ ജീവിതാന്തസിലേക്ക് നയിച്ചു. വൈദികനായും തുടര്‍ന്ന് മെത്രാനായും നിയോഗിക്കപ്പെട്ടു. പുതിയ അന്തസില്‍ ഉപവാസവും ജാഗരണവും അദ്ദേഹം വര്‍ദ്ധിപ്പിച്ചു. എളിമയിലും ദരിദ്രാരൂപിയിലും, പ്രാര്‍ത്ഥനയിലും പ്രായശ്ചിത്തത്തിലും ദിനം പ്രതി അദേഹം മുന്നേറിക്കൊണ്ടിരുന്നു. മരണത്തിനായി ഏറെ സന്തോഷത്തോടെ കാത്തിരുന്ന അദ്ദേഹം തന്റെ 71-ാമത്തെ വയസില്‍ നിത്യസമ്മാനത്തിനായി ദിവ്യനാഥന്റെ പക്കലേക്ക് യാത്രയായി.

മനുഷ്യന്റെ അന്ത്യങ്ങള്‍

നവംബര്‍ 2: സകല മരിച്ചവരുടെയും ഓര്‍മ്മ

ആധുനികകാലഘട്ടത്തില്‍ മരണാനന്തരജീവിതത്തെക്കുറിച്ച് ആളുകളുടെ ഇടയില്‍ ധാരാളം സംശയങ്ങള്‍ രൂപപ്പെട്ടുവരുന്നുണ്ട്. ക്രിസ്തീയവിശ്വാസത്തെ ക്ഷതപ്പെടുത്തുന്ന ബാഹ്യശക്തികള്‍ക്കൊപ്പം ദൈവശാസ്ത്രപരമായ അറിവില്ലായ്മയും നമുക്കു ചുറ്റും വ്യാപിക്കുന്നുണ്ട്. മരണാനന്തര ജീവിതത്തെക്കുറിച്ചും അന്ത്യവിധിയെക്കുറിച്ചുമുള്ള ദൈവശാസ്ത്രപരമായ തര്‍ക്കവിതര്‍ക്കങ്ങള്‍ വിശ്വാസികളെ പലപ്പോഴും വിഷമസന്ധിയിലാക്കുന്നു. വിവിധതരത്തിലുള്ള വിഘടിത്രഗ്രൂപ്പുകള്‍ ഈ പ്രതിസന്ധിയെ മുതലെടുത്തു രംഗത്തുവരുന്നുണ്ട്. ഭൗതികവാദം, ഭീകരവാദം നിരീശ്വരവാദം തുടങ്ങിയവയെല്ലാം മരണാനന്തരജീവിതത്തെക്കുറിച്ചുള്ള ചിന്തയില്‍ നിന്നും മനുഷ്യനെ അകറ്റുന്നു. ദൈവശാസ്ത്ര പഠനങ്ങളെക്കുറിച്ചുള്ള അജ്ഞത നമ്മെ പലപ്പോഴും നിസ്സംഗതയിലേക്കു നയിക്കുന്നു. സാമൂഹിക ഉത്തരവാദിത്വങ്ങള്‍ മറന്ന് ഭക്തിപ്രസ്ഥാനത്തില്‍ മുഴുകുന്നതും ഭാവിലോകത്തെക്കുറിച്ചുള്ള ചിന്തയില്ലാതെ ഭൗമികകാര്യങ്ങളില്‍ മാത്രം വ്യാപരിക്കുന്നതും ക്രൈസ്തവവിശ്വാസത്തിനു ഭൂഷണമല്ല.

മനുഷ്യന്റെ അന്ത്യങ്ങളായ മരണം, വിധി, സ്വര്‍ഗ്ഗം, നരകം എന്നിവയുടെ വിശകലനമാണ് ചുവടെ.

മരണം

മരണം പ്രകൃതിയുടെ ഒരു പ്രവര്‍ത്തനമാണ്. അതു ജീവനുള്ള എല്ലാവരും അനുഭവിക്കേണ്ടിവരുന്ന യാഥാര്‍ത്ഥ്യമാണ്. മരണം മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു പൊതുതത്ത്വമാണ് അല്ലെങ്കില്‍ അനിവാര്യമായ ഒരു പ്രതിഭാസം. വിശുദ്ധ ഗ്രന്ഥവും ഇതുതന്നെയാണു പഠിപ്പിക്കുന്നത്. ജോഷ്വാ തന്റെ ഈലോകജീവിതാന്ത്യം അടുത്തപ്പോള്‍ ഈ പൊതുനിയമത്തെക്കുറിച്ച് ഇങ്ങനെ ഓര്‍മ്മിപ്പിച്ചു: ”ഇതാ, സകല മര്‍ത്യരും പോകേണ്ട വഴിയേ എനിക്കും പോകാറായിരുക്കുന്നു” (ജോഷ്വ 21, 14). ഇസ്രായേലിന്റെ എക്കാലത്തെയും ശക്തനായ രാജാവും ദൈവത്തിന്റെ പ്രീതിപാത്രവുമായ ദാവീദ് തന്റെ മരണമടുത്തപ്പോള്‍ സോളമനെ അടുത്തുവിളിച്ചു പറഞ്ഞു: ”മര്‍ത്യന്റെ പാതയില്‍ ഞാനും പോകുന്നു. ധീരനായിരിക്കുക. പൗരുഷത്തോടെ പെരുമാറുക” (1 രാജ 2, 2).

മനുഷ്യന്റെ ഈ ലോകജീവിതത്തിന്റെ അന്ത്യമാണു മരണം. ശരീരം ചലനമറ്റതാകുന്നു. ഒരു വ്യക്തിയെ എന്നും ജീവനോടെ സൂക്ഷിച്ചിരുന്ന ദൈവികാംശത്തിന്റെ വേര്‍പെടലും ഇവിടെ നടക്കുന്നു. എല്ലാ ബന്ധങ്ങളും ചരിത്രവും അവസാനിക്കുന്ന വേദനാജനകമായ അവസ്ഥയും അനുഭവവുമാണു മരണം. മരണത്തിന്റെ അര്‍ത്ഥപൂര്‍ണ്ണവുമായ മറ്റൊരു വശത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ മരണമില്ലാതെ ഉത്ഥാനം സാധ്യമല്ല എന്നതാണു യാഥാര്‍ത്ഥ്യം. മരണം ഇഹലോകജീവിതത്തിന്റെ അന്ത്യം എന്നു പറയുമ്പോള്‍ നിത്യതയിലേയ്ക്ക് മനുഷ്യന്‍ നടത്തുന്ന തീര്‍ത്ഥാടനത്തിന്റെ അന്ത്യമെന്നാണു മനസ്സിലാക്കേണ്ടത്. ഈ ലോകത്തിലെ അന്ത്യം നിത്യജീവന്റെ ആരംഭമാണ്. ഈ അവസ്ഥയിലേയ്ക്ക് കടന്നു കഴിഞ്ഞാല്‍ ജീവിതനവീകരണത്തിനും പ്രായശ്ചിത്തത്തിനും ഒരിക്കലും സാധ്യമല്ല. ഉപമകളിലൂടെ സുവിശേഷം ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട് (യോഹ 3, 4; മത്താ 24, 42, 25, 13). മരണമെന്നതു കര്‍ത്താവിലുള്ള മരണമാണെന്നു മനസ്സിലാക്കിയാല്‍ മരണത്തോടെ കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ മഹത്വത്തിലുള്ള ജീവിതം ആരംഭിക്കുകയാണ് എന്നു ബോധ്യമാകും. ദൈവിക വെളിപാടിന്റെ വെളിച്ചത്തില്‍ ചിന്തിക്കുമ്പോള്‍ മരണം ഒരു രഹസ്യമാണ്. മനുഷ്യന്‍ സ്ഥലകാല പരിമിതികളെ മറികടന്ന് അനന്തതയെ പുല്‍കുന്ന അവസരമാണ് മരണം.

വിധി

മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കാന്‍ കര്‍ത്താവു യുഗാന്ത്യത്തില്‍ മഹത്വത്തോടെ എഴുന്നള്ളി വരുമെന്നതു സഭയുടെ വിശ്വാസസത്യമാണ്. അതേസമയം, മരണത്തോടെ ഓരോ മനുഷ്യനും തന്റെ ജീവിതകാലത്തു നടത്തിയ തിരഞ്ഞെടുപ്പുകള്‍ക്കനുസൃതമായി കര്‍ത്താവിന്റെ അനന്തകരുണയുടെ മുന്നില്‍ നിന്നുകൊണ്ടു ശരീരത്തില്‍നിന്നു വേര്‍പെട്ട് ആത്മാവു താന്‍ ആയിരുന്ന സ്ഥിതിയും ആയിരിക്കാമായിരുന്ന അവസ്ഥയും മനസ്സിലാക്കുന്നു. ഇതു മനസ്സിലാക്കുന്ന ആത്മാവ് സ്വര്‍ഗത്തിലോ നരകത്തിലോ ശുദ്ധീകരണ സ്ഥലത്തോ എത്തിച്ചേരുന്നു. ഇതാണു തനതുവിധി. ഇതു സഭയുടെ വിശ്വാസപാരമ്പര്യത്തില്‍ വളര്‍ന്നുവന്ന ഒരു സാധാരണ പ്രബോധനമാണ്. തനതുവിധിയെപ്പറ്റിയുള്ള വിശുദ്ധ തോമസ് അക്വീനാസിന്റെ പഠനവും വാദഗതികളും മനസ്സിലാക്കുന്നത് ഉചിതമാണെന്നു തോന്നുന്നു. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും മനോഭാവങ്ങള്‍ക്കും പ്രതിഫലവും യോഗ്യതയും നമുക്കു ലഭിക്കണം. ഇതിനുള്ള സാധ്യത മരണത്തോടെ അവസാനിക്കുകയാണ്. അതുകൊണ്ട്, അതിനുള്ള വിധി മരണത്തോടെ നടന്നിരിക്കണം. ആയതിനാല്‍, തന്റെ വിധിയുടെ ഫലത്തെക്കുറിച്ച് അയാള്‍ അജ്ഞനും ഉത്കണ്ഠാകുലനുമായി കര്‍ത്താവിന്റെ മഹത്വത്തിലുള്ള വരവുവരെ തുടരേണ്ടിവരും. അതിനാല്‍, മരണത്തോടെ ഓരോ വ്യക്തിയുടെയും വിധി നടത്തിയിരിക്കണമെന്നാണു വിശുദ്ധന്റെ ദൈവശാസ്ത്രനിഗമനം. കൂടുതല്‍ വ്യക്തമായ ഭാഷയില്‍ ഈ ആശയം വിശുദ്ധന്‍ തന്നെ തുടരുന്നതിങ്ങനെയാണ്; ദൈവതിരുമുമ്പിലായിരിക്കുന്ന ആത്മാവു ദൈവത്തിന്റെ തീരുമാനം മനസ്സിലാക്കുന്നു. പൊതുവിധിയില്‍ ഇത് സകല സൃഷ്ടികളുടെയും മുന്‍പില്‍ വെളിവാക്കുന്ന ”വിധിവാചകം ദൈവം ഉച്ചരിക്കുന്നു. എന്നാല്‍, തനതുവിധിയില്‍ ഇതു നടക്കുന്നില്ല; ആത്മാവുതന്നെയാണു തീരുമാനത്തിലെത്തുന്നത്. മരണത്തോടെ തനതുവിധി ഉണ്ടാകുമെന്നതിനു വിശുദ്ധ ഗ്രന്ഥത്തില്‍ (2 കൊറി 5, 10) തെളിവുണ്ട്. പാരമ്പര്യത്തിലും സഭയുടെ പഠനങ്ങളിലും ഇതിനു കൂടുതല്‍ വ്യക്തത തരുന്ന രേഖകള്‍ കാണാം.

സ്വര്‍ഗ്ഗം

വിശുദ്ധ അഗസ്തീനോസ് സ്വര്‍ഗത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരം ആണ് ‘ദൈവത്തില്‍ എത്തുക എന്നത് മനുഷ്യനില്‍ ദൈവം നിക്ഷേപിച്ചിരിക്കുന്ന ആഗ്രഹവും കഴിവും ആണ്. ഈ ആഗ്രഹ പൂര്‍ത്തീകരണത്തിനായി മനുഷ്യന്‍ പര്‍ശ്രമിക്കേണ്ടിയിരിക്കുന്നു. ഈ പരിശ്രമഫലമായി ദൈവത്തോട് ഒപ്പമായിരിക്കുന്നതാണ് സ്വര്‍ഗവും സ്വര്‍ഗീയ അനുഭവവും.
ശരീരങ്ങളുടെ ഉയിര്‍പ്പ് ലോകാവസാനത്തിലേ സംഭവിക്കുകയുള്ള എങ്കിലും ദൈവവുമായുള്ള പൂര്‍ണ്ണമായ ഐക്യത്തില്‍ മരിക്കുന്നവര്‍ ഉടനെ സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിക്കുന്നു. പാപം ചെയ്തിട്ടില്ലാത്തവരും യഥാര്‍ത്ഥ പശ്ചാത്താപത്തിലൂടെ പാപത്തില്‍നിന്നു പൂര്‍ണ്ണമായ മുക്തി കിട്ടിയവരുമാണ് ഇപ്രകാരം മോക്ഷം പ്രാപിക്കുക: ”നീ ഇന്ന് എന്നോടുകൂടെ പറുദീസായിലായിരിക്കും” (ലൂക്കാ 23, 43) എന്ന യേശുവിന്റെ വാഗ്ദാനം ഇതിനു തെളിവാണ്. സ്വര്‍ഗ്ഗഭാഗ്യത്തെക്കുറിച്ച് അനേകം ഉപമകളിലൂടെയും ഉപമകള്‍ കൂടാതെയും യേശുനാഥന്‍ പഠിപ്പിച്ചിട്ടുണ്ട്. ”എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍. ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കപ്പെട്ടിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍” (മത്താ 25, 34) ഉദാഹരണമാണ്.

സ്വര്‍ഗ്ഗം എവിടെയാണെന്ന ചോദ്യത്തിനു സഭ ഇങ്ങനെയാണു ഉത്തരം നല്‍കുന്നത്. ”സ്വര്‍ഗ്ഗത്തില്‍ ജീവിക്കുക എന്നതു ക്രിസ്തുവിനോടുകൂടെ ആയിരിക്കുക എന്നതാണ്. തെരെഞ്ഞെടുക്കപ്പെട്ടവര്‍ അവിടുന്നില്‍ ജീവിക്കണം. എന്നാല്‍, അവര്‍ തങ്ങളുടെ യഥാര്‍ത്ഥമായ വ്യക്തിത്വവും തങ്ങളുടെ തന്നെ പേരും നിലനിര്‍ത്തുന്നു. അഥവാ കണ്ടെത്തുന്നു. ക്രിസ്തുവിനോടുകൂടെ ആയിരിക്കുക എന്നതാണു ജീവിതം. കാരണം, ക്രിസ്തു എവിടെയോ അവിടെയാണു രാജ്യം” (CCC 1025). മഹത്വീകൃതനായ മിശിഹാ ആയിരിക്കുന്ന പിതാവിന്റെ ഭവനമാണു സ്വര്‍ഗ്ഗം. അതുകൊണ്ട്, സ്വര്‍ഗ്ഗം എവിടെ ചോദ്യത്തിന് പ്രസക്തി ഇല്ല. സ്വര്‍ഗ്ഗം എന്താണ് എന്ന ചോദ്യത്തിനും മതബോധന ഗ്രന്ഥം ഉത്തരം നല്‍കുന്നുണ്ട് അതുപ്രകാരം ആണ് ”തന്റെ മരണവും ഉത്ഥാനവും വഴി ഈശോമിശിഹാ നമുക്കു സ്വര്‍ഗ്ഗം തുറന്നുതന്നു. ക്രിസ്തു പൂര്‍ത്തിയാക്കിയ രക്ഷ യുടെ ഫലങ്ങള്‍ തികവോടും പൂര്‍ണ്ണതയോടുംകൂടി സ്വന്തമാക്കുന്നതിലാണ് അനുഗ്രഹീതരുടെ ജീവിതം അടങ്ങിയിരിക്കുന്നത്. അവിടുന്നില്‍ വിശ്വസിക്കുകയും അവിടുത്തെ ഇഷ്ടത്തോടു വിശ്വസ്തത പുലര്‍ത്തുകയും ചെയ്തവരെ അവിടുന്നു തന്റെ സ്വര്‍ഗ്ഗീയ മഹത്വീകരണത്തില്‍ പങ്കുകാരാകുന്നു. പരിപൂര്‍ണ്ണമായി അവിടുന്നിലേയ്ക്കു ചേര്‍ന്നവരുടെ അനുഗൃഹീത സമൂഹമാണു സ്വര്‍ഗ്ഗം” (CCC 1026).

നരകം

സഭയുടെ വിശ്വാസത്തില്‍ നിത്യശിക്ഷ ഉണ്ട്. എന്നാല്‍ ദൈവം ആരെയും അതിലേക്ക് തള്ളിവിടുന്നില്ല. ഒരുവന്‍ പോലും നരഗത്തില്‍ നിത്യശിക്ഷ അനുഭവിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. നരകം നിത്യമായി നിലനില്‍ക്കുന്ന ഒന്നാണ്. എന്റെ തന്നെ തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഞാന്‍ നരകത്തില്‍ ആയിരിക്കുക. ദൈവം സമ്മാനമായി നല്‍കിയ സ്വാതന്ത്ര്യം ഞാന്‍ ദൈവത്തിനെതിരായി നിരന്തരം ഉപയോഗിച്ച് തിരഞ്ഞെടുക്കുന്നതാണ് നരകം. ഇതില്‍നിന്നു മനസ്സിലാക്കാവുന്നത് നരകം ഒരു യാഥാര്‍ത്ഥ്യമാണ് എന്നതാണ്. അതിലായിരിക്കുക എന്നത് ഒരു സാധ്യതയാണ്, അനുതപിക്കാതെയും പാപമോചനം നേടാതെയും മാരകപാപാവസ്ഥയില്‍ മരിക്കുന്നവര്‍ തനതുവിധിയിലൂടെ ദൈവത്തെയും അവന്റെ സാന്നിദ്ധ്യത്തെയും നിഷേധിച്ച് അവന്റെ മുഖദര്‍ശനത്തില്‍നിന്നു നിത്യമായി അകന്നിരിക്കുന്ന അവസ്ഥയാണ് നരകം.

മാരകമായ പാപം വഴി ദൈവികജീവനില്‍ നിന്നു വിച്ഛേദിക്കപ്പെട്ടവര്‍ മരണത്തോടെ നിത്യശിക്ഷയ്ക്ക് ഇരയായിത്തീരുന്നു: ”ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍നിന്നകന്ന് പിശാചിനും അവന്റെ ദൂതന്മാര്‍ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്‌നിയിലേക്കു പോകുവിന്‍” (മത്താ 25, 41) എന്ന വചനം നിത്യശിക്ഷയുടെ ഉദാഹരണമാണ്. ദൈവത്തില്‍നിന്ന് എന്നേയ്ക്കുമായി അകറ്റപ്പെടുക (മത്താ 7, 23), വിരുന്നുശാലയില്‍ നിന്നു പുറത്താക്കപ്പെടുക (മത്താ 22, 13), മണവറയില്‍ പ്രവേശനം നിഷേധിക്കപ്പെടുക (മത്താ 25, 13), അഗ്നികുണ്ടത്തിലേക്കു വലിച്ചെറിയപ്പെടുക (മത്താ 13, 42) എന്നിങ്ങനെ അനേകം പ്രതീകങ്ങളിലൂടെ നിത്യശിക്ഷയെക്കുറിച്ച് യേശു പഠിപ്പിച്ചിട്ടുണ്ട്. കത്തോലിക്കാസഭയുടെ പ്രബോധനം വളരെ വ്യക്തമാണ്: മനസ്തപിച്ച് ദൈവത്തിന്റെ കരുണാര്‍ദ്രമായ സ്‌നേഹം സ്വീകരിക്കാതെ മാരകപാപത്തില്‍ മരിക്കുക എന്നതിന്റെ അര്‍ത്ഥം, നമ്മുടെ സ്വതന്ത്രമായ തീരുമാനപ്രകാരം എന്നേക്കുമായി ദൈവത്തില്‍നിന്ന് വേര്‍പെട്ടുനില്ക്കുക എന്നതാണ്. ദൈവത്തോടും വാഴ്ത്തപ്പെട്ടവരോടും ഉള്ള സംസര്‍ഗത്തില്‍ നിന്ന് സുനിശ്ചിതമായി നമ്മെ വേര്‍പെടുത്തി നിറുത്തുന്ന അവസ്ഥയെ നരകം എന്നു വിളിക്കുന്നു (CCC 1033).

ശുദ്ധീകരണം

ഈ ഭൂമിയിലായിരുന്ന കാലത്ത് ചെയ്ത ചെറിയ തെറ്റുകള്‍ക്കുള്ള താല്കാലിക ശിക്ഷയില്‍ നിന്ന് വിടുതല്‍ നേടി സ്വര്‍ഗത്തില്‍ പ്രവേശിക്കുവാന്‍ ദൈവം നല്‍കുന്ന അവസരമാണ് ശുദ്ധീകരണസ്ഥലം. ശുദ്ധീകരണസ്ഥലം എന്നാല്‍ ഒന്നാമതായി അത് നിത്യമായ ഒരവസ്ഥയല്ല ഈശോയുടെ രണ്ടാമത്തെ ആഗമനംവരെ മാത്രം നിലനില്‍ക്കുന്ന ഒരവസ്ഥയാണ്. രണ്ടാമതായി എല്ലാ ശുദ്ധീകരണാത്മാക്കളും അന്തിമമായി സ്വര്‍ഗത്തില്‍ എത്തിച്ചേരുന്നു.

മാരകമായ പാപത്തോടെയല്ലെങ്കിലും ദൈവസ്‌നേഹത്തിന്റെ പൂര്‍ണ്ണത കൈവരിക്കാതെ മരണമടയുന്നവര്‍ക്ക് സ്വര്‍ഗ്ഗപ്രവേശനത്തിന് ഒരുക്കമായ ശുദ്ധീകരണത്തിന് സാധ്യത ദൈവം നല്‍കുന്നുണ്ടെന്ന് അനേകം സൂചനകള്‍ ബൈബിളില്‍ കാണാം. ശുദ്ധീകരണസ്ഥലത്തിലായിരിക്കുന്ന ആത്മാക്കള്‍ക്ക് മാത്രമാണ് നമ്മുടെ പ്രാര്‍ത്ഥനകള്‍ കൊണ്ടും മരണാനന്തര കര്‍മ്മങ്ങള്‍കൊണ്ടും എന്തെങ്കിലും പ്രയോജനം ഉണ്ടാകുന്നത്. കാരണം സ്വര്‍ഗത്തിലായിരിക്കുന്നവര്‍ക്ക് നമ്മുടെ പ്രാര്‍ത്ഥനാസഹായം ആവശ്യമില്ല. അവര്‍ ദൈവത്തെ മുഖാമുഖം കണ്ട് വിശുദ്ധ പദവിയില്‍ എത്തിക്കഴിഞ്ഞവരാണ്. നരകത്തിലായിരിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിലും കാര്യമില്ല. കാരണം നരകത്തിലായിരിക്കുന്നവര്‍ നിത്യനാശത്തിലാണ്. അവരെ അവിടെ നിന്ന് ആര്‍ക്കും ഒരിക്കലും രക്ഷിക്കാന്‍ ആവില്ല. കാരണം നരകം നിത്യമാണ്. എന്നാല്‍ ശുദ്ധീകരണസ്ഥലം വ്യത്യസ്തമായ അവസ്ഥയാണ്. അതുകൊണ്ടുതന്നെ ശുദ്ധീകരണസ്ഥലത്തായിരിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് അര്‍ത്ഥമുണ്ട്. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടുന്ന 2 മക്കാ 12, 42-45 ഈ വിഷയത്തില്‍ ഏറ്റം പ്രധാനപ്പെട്ട ബൈബിള്‍ ഭാഗമാണ്. മരണശേഷം ലഭിക്കുന്ന ലഘുവായ ശിക്ഷയെയും മോചനത്തെയും കുറിച്ചുള്ള പുതിയനിയമത്തിലെ പരാമര്‍ശങ്ങളും ഒരു ശുദ്ധീകരണത്തെ സൂചിപ്പിക്കുന്നു. ”അറിയാതെയാണ് ഒരുവന്‍ ശിക്ഷാര്‍ഹമായ തെറ്റു ചെയ്തതെങ്കില്‍ അവന്‍ ലഘുവായ പ്രഹരിക്കപ്പെടുകയുള്ളൂ (ലൂക്കാ 12, 44), ‘അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം അവിടെനിന്നു പുറത്തുവരുകയില്ല” (മത്താ 15, 16) എന്ന വചനം കാലികമായ ഒരു ശിക്ഷയെ സൂചിപ്പിക്കുന്നു. വിശുദ്ധ പൗലോസ് കോറിന്തോസിലെ സഭയെ ‘അഗ്‌നിയിലൂടെന്നവണ്ണം രക്ഷപ്രാപിക്കുന്ന” വരെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നുണ്ട് (1 കോറി 3, 15). വചനത്തിലും പാരമ്പര്യത്തിലും മരണശേഷം ആത്മാവിന് സംഭവിക്കുന്ന ശുദ്ധീകരണത്തെക്കുറിച്ച് നിരവധി പരാമര്‍ശങ്ങള്‍ ഉണ്ട്.

ഭൗമികജീവിതത്തില്‍ ഓരോ വ്യക്തിയും എടുക്കുന്ന തീരുമാനങ്ങളാണ് അയാളുടെ നിത്യജീവന്റെ അടിസ്ഥാനമായി നില്‍ക്കുന്നത്. ജീവിതത്തില്‍ ക്രിസ്തുവെന്ന രക്ഷകനില്‍ വിശ്വസിച്ചുകൊണ്ടും അവനുവേണ്ടിയും എടുക്കുന്ന തീരുമാനങ്ങളാണു കര്‍ത്താവില്‍ മരിക്കുവാനുള്ള തീരുമാനത്തിലെത്തിക്കുന്നത്. ഈ അര്‍ത്ഥത്തില്‍, മരണം ജീവിതത്തിലെ എല്ലാ തീരുമാനങ്ങളുടെയും തീരുമാനമാണ്. ഈ അന്തിമതീരുമാനമാണു മരണത്തോടുള്ള മനോഭാവം രൂപപ്പെടുത്തുന്നതും മരണാനന്തരജീവിതം ക്രമപ്പെടുത്തുന്നതും. ക്രിസ്തുവിലുള്ള വിശ്വാസവും പ്രതീക്ഷയും ജീവിതത്തില്‍ കൈമുതലായി ഉള്ളവന് മരണം നിത്യ ജീവനിലേക്ക് കടക്കുവനുള്ള വാതില്‍ മാത്രമാണ്. നിരന്തരം ഒരുങ്ങി കടന്നു പോകേണ്ട യാഥാര്‍ത്ഥ്യമാണ് മരണം അതിനാല്‍ മരണത്തില്‍ നിന്നും ഓടി അകലാതെ പാപത്തില്‍ നിന്നും അകന്നു ജീവിക്കാന്‍ പരിശ്രമിക്കാം.

തയ്യാറാക്കിയത്: ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

പരിശുദ്ധ അമ്മയുടെ സമര്‍പ്പിത ജീവിതത്തിന്റെ കാലികപ്രസക്തി

ഒക്ടോബര്‍, ജപമാല റാണിക്ക് പ്രതിഷ്ഠിതമായ മാസം. ഈ നാളില്‍ സഭാമക്കള്‍ ജപമാല ചൊല്ലി പ്രത്യേകമാംവിധം പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടുന്നു. സഹരക്ഷക, അഭിഭാഷക, ലോകമധ്യസ്ഥ, സ്ത്രീകളില്‍ ഭാഗ്യവതി തുടങ്ങി നിരവധി വിശേഷണങ്ങള്‍ അമ്മയ്ക്ക് സ്വന്തം.

‘ഇതാ കര്‍ത്താവിന്റെ ദാസി അവിടുത്തെ വചനം എന്നില്‍ നിറവേറട്ടെ’ എന്ന സമര്‍പ്പണം അമ്മയുടെ ജീവിതത്തിന്റെ ഊടും പാവുമാണ്. സഹനത്തിന്റെ കരകാണാകടലില്‍ ആയിത്തീരുമ്പോഴും ഇടറി വീഴാതെ അമ്മയെ നയിച്ചത് ‘വിശ്വാസം’ എന്ന നങ്കൂരമാണ്. ദൈവവചനം ഹൃദയത്തില്‍ സൂക്ഷിക്കുകയും അതിനെക്കുറിച്ചു ധ്യാനിക്കുകയും അതില്‍ നിന്ന് ശക്തി ആര്‍ജിക്കുകയും ചെയ്തതാണ് അമ്മയുടെ വിശ്വാസ ജീവിതം. അവിടെ സമര്‍പ്പണമുണ്ട്, അടിയറവെക്കലുണ്ട്. തന്നെ വിളിച്ചവന്‍ ശക്തനാണെന്നും, വിശ്വസ്തനാണെന്നും, അവിടുത്തേക്ക് എല്ലാം സാധ്യമാണെന്നും ഈ വിശ്വാസം അവളെ പഠിപ്പിച്ചു. ‘ഇതാ കര്‍ത്താവിന്റെ ദാസി’ എന്ന പ്രത്യുത്തരം തന്റെ ഇഷ്ടങ്ങളുടെ മരണപത്രത്തിലെ ഒപ്പുവയ്ക്കലായിരുന്നു. ദാസി-യജമാനന്റെ ഹിതം മാത്രം അന്വേഷിക്കുകയും നിറവേറ്റുകയും ചെയ്യുന്നവളും അതില്‍ ആനന്ദം കണ്ടെത്തുന്നവളുമാണ്. അമ്മയുടെ സമര്‍പ്പണത്തിന്റെ ആഴം എല്ലാ യുക്തിക്കും ബുദ്ധിക്കും അതീതമാണ് ദൈവഹിതത്തിന്റെ വെളിപ്പെടുത്തലുകള്‍ എല്ലാം പൂര്‍ണമായി മനസിലാക്കാത്തപ്പോഴും ഒന്നിനെക്കുറിച്ചും പരാതിയോ പരിഭവമോ പ്രകടിപ്പിക്കാതെ, അവയെ അറിയാന്‍ തിടുക്കം കൂട്ടാതെ, ദൈവതിരുമനസ്സിനോട് പൂര്‍ണമായി സഹകരിക്കുന്ന വ്യക്തിത്വമാണ് നാം കാണുന്നത്.

വിശുദ്ധരുടെ ഓര്‍മ്മകള്‍ അമാനുഷിക തലങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുമ്പോള്‍ പരിശുദ്ധ അമ്മയെ സംബന്ധിച്ചിടത്തോളം അനുനിമിഷം ദൈവഹിതത്തിന് കീഴ്‌വഴങ്ങി ജീവിച്ചു എന്നതൊഴിച്ചാല്‍ തികഞ്ഞ സാധാരണത്വം ആ ജീവിതത്തിന്റെ സവിശേഷതയാണ്. മറിയം തന്നെതന്നെ പരിശുദ്ധാത്മാവിന്റെ ആലയമാക്കി മാറ്റി. തന്റെ അസ്തിത്വത്തിലേക്ക് ഈശോയെ നിറച്ചു.

മര്‍ത്ത്യന്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ‘നിത്യത’ മാത്രമാണ് ജീവിതത്തിന്റെ അന്ത്യം. നിത്യതയെ പരിപോഷിപ്പിക്കുന്നവ, ഭൗതീക ജീവിതത്തില്‍ ദൈവഹിതാന്വേഷണവും അതിന്റെ നിര്‍വഹണവുമാണെന്ന് ജീവിതം സാക്ഷിയാക്കി അമ്മ തെളിയിച്ചു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വിശ്വാസം, നിത്യത, ദൈവഹിതം എന്നിവ എങ്ങനെ വ്യക്തി ജീവിതത്തില്‍ യാഥാര്‍ത്യമാക്കാം എന്നതിന്റെ ഏറ്റവും ലളിതമായ പാഠപുസ്തകമാണ് പരിശുദ്ധ അമ്മ.

അജ്ഞതയുടെ അന്ധകാരത്തില്‍ കാലിടറാതെ ഭൗതീകതയുടെ കുത്തെഴുക്കില്‍ ഒഴുകിയകലാതെ ആധുനിക തലമുറയുടെ മാര്‍ഗ്ഗദര്‍ശിയും നിത്യസംരക്ഷകയുമായി പരിശുദ്ധ അമ്മ കൂടെയുണ്ടായിരിക്കട്ടെ. എന്നും എക്കാലവും നമുക്ക് അമ്മയോട് ചേര്‍ന്നു നില്‍ക്കാം. അമ്മ നമ്മെയെല്ലാവരെയും ഈശോയില്‍ ചേര്‍ത്തു നിര്‍ത്തട്ടെ.

തയ്യാറാക്കിയത്: സിസ്റ്റര്‍ കാര്‍മ്മലറ്റ് എം.എസ്.ജെ.

പരിശുദ്ധ കന്യാമറിയം: ദൈവപുത്രന്റെ സ്‌നേഹക്കൊട്ടാരം

മാര്‍ത്തോമ്മ ക്രിസ്ത്യാനികളുടെ മാതൃഭക്തി ശ്ലാഘനീയമാണ്. ഈശോയുടെ അമ്മ നമ്മുടെ അമ്മയാണ്. കാനായിലെ വിവാഹവിരുന്നുശാലയില്‍ എന്ന പോലെ തന്റെ പുത്രന്‍ പറയുന്നതുപോലെ ചെയ്യാന്‍ നമ്മെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ട് നമുക്ക് അരികില്‍ നില്‍ക്കുന്ന ഈ അമ്മ നമുക്കെന്നും അഭയനഗരമാണ്. ദുഃഖവും ക്ലേശവും നമ്മെ അലട്ടുമ്പോള്‍ സാന്ത്വനത്തിനായി ഓടിയണയാവുന്ന പാര്‍പ്പിടമാണവള്‍. സഭാപിതാക്കന്മാര്‍ ഈശോയുടെ മനുഷ്യാവതാരമെന്ന മഹാസംഭവം യാഥാര്‍ത്ഥ്യമാക്കുവാന്‍ മനുഷ്യവംശം ദൈവത്തിനു നല്‍കിയ സംഭാവനയായാണ് മറിയത്തെ അവതരിപ്പിക്കുന്നത്. നസ്രത്തിലെ ആ കന്യകയുടെ അധരത്തില്‍ നിന്നും ദൈവികപദ്ധതിക്കായുള്ള ‘ആമ്മേന്‍’ അടര്‍ന്നു വീണപ്പോള്‍ മനുഷ്യചരിത്രം വിസ്മയങ്ങള്‍ക്ക് സാക്ഷിയായി.

ലോകനിയന്താവ് കന്യകയുടെ ഉദരത്തില്‍ ഉരുവായി, പരിശുദ്ധ മാതാവ് ദൈവപുത്രന്റെ സ്‌നേഹക്കൊട്ടാരമായിത്തീര്‍ന്നു. ദൈവപുത്രന്റെ നിറസാന്നിധ്യം പേറുന്ന ജീവനുള്ള സക്രാരിയായി. ദൈവഹിതത്തിനു മറിയം നല്‍കിയ ‘ആമ്മേന്‍’ അവളെ ഈശോയുടെ മാത്രമല്ല തലമുറകളുടെ മുഴുവന്‍ മാതാവാക്കി. മറിയം ദൈവപുത്രനായി അവളുടെ ശരീരം നല്‍കി. തന്റെ മുഴുവന്‍ അസ്തിത്വത്തെയും ദൈവത്തിന്റെ ഇഷ്ടത്തിനു വിധേയയാക്കി. അവന്റെ സാന്നിധ്യത്തിന്റെ സ്ഥലമായി തീര്‍ന്നു. മറിയത്തിന്റെ ഹിതം പിതാവിന്റെ അതുല്യമായ സ്‌നേഹപദ്ധതിയില്‍ പുത്രന്റെ ഹിതവുമായി പൊരുത്തപ്പെട്ടു. മറിയം മനുഷ്യവംശത്തിന് പ്രത്യാശയുടെ അടയാളമായി പരിണമിച്ചു. നാം ഒരിക്കലും തനിച്ചല്ല, നമ്മുടെ ദൈവം നമ്മെ സന്ദര്‍ശിച്ചു എന്നോര്‍മ്മിപ്പിക്കുന്ന അടയാളം. മറിയം നമുക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള ഗോവണിയായി. ആ ഗോവണി വഴി ദൈവം ഇറങ്ങി വന്നത് മനുഷ്യര്‍ ദൈവം വഴി സ്വര്‍ഗ്ഗത്തിലേക്ക് കയറി പോകാനാണ്.

പുത്രന്റെ സ്‌നേഹക്കൊട്ടാരമായ, ജീവനുള്ള ഭവനമായ അമ്മ നമ്മുടെയും അഭയ നഗരമായി പ്രശോഭിക്കുമ്പോള്‍ മനുശ്യവംശം മുഴുവനുമായി പ്രത്യാശയുടെ സുവിശേഷമാണ് പ്രഘോഷിക്കപ്പെടുന്നത്. മിശിഹായുടെ അമ്മ നമ്മുടെയും അമ്മയാണ്. അവള്‍ സ്വര്‍ഗകവാടം നമുക്ക് തുറന്നു തരുന്നു. അവളുടെ പുത്രന്റെ ഇഷ്ടത്തിലേക്ക് പ്രവേശിക്കാന്‍ നമ്മെ സഹായിക്കുന്നു. അതിനാല്‍ ഈ ലോകത്ത് ദൈവപുത്രന്റെ സ്‌നേഹക്കൊട്ടാരവും നമ്മുടെ അഭയനഗരവും, നമ്മുടെ ഭവനവുമായ പരിശുദ്ധ അമ്മ നല്‍കുന്നത് ഒരു ബോധ്യമാണ്, നാം സുരക്ഷിതരാണെന്ന ബോധ്യം. അമ്മ നമ്മെ മിശിഹായുടെ ഭവനത്തിലേക്ക് നയിക്കുന്നു. നാം എല്ലാവരും സഹോദരി സഹോദരന്മാരാണ് എന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു.

സ്വയം പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പകരം ദൈവഹിതത്തിന് ആമ്മേന്‍ പറയാന്‍ ദൈവത്തിന്റെ സാന്നിധ്യം നമ്മുടെ സ്വാതന്ത്ര്യത്തിന് പരിധി വെയ്ക്കുമെന്ന ഭയം നീക്കി യഥാര്‍ത്ഥ ദൈവമക്കളുടെ സ്വാതന്ത്ര്യം ആസ്വദിക്കാന്‍ നമുക്ക് കരുത്ത് മാതാവ് നല്‍കുന്നു. സ്വയം കേന്ദ്രീകൃതരാകാതെ പ്രാര്‍ത്ഥനയിലും പരസ്‌നേഹ പ്രവൃത്തികളിലും വ്യാപൃതരാകുവാന്‍ അമ്മ നമ്മെ പഠിപ്പിക്കുന്നു. മറിയത്തിന്റെ പരിശീലന കളരിയില്‍ നിന്നും ജീവിതയാത്രയിലെ നേരായ വഴികള്‍ നമുക്ക് പഠിക്കാം. മറ്റുള്ളവരെ തരം താഴ്ത്തുകയോ, തട്ടി മാറ്റുകയോ, അവരോട് മോശമായി പെരുമാറുകയോ, അവിശ്വസിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന രീതി മറിയത്തിന്റെ തട്ടകത്തിലില്ല. മറിയത്തിന്റെ മാഹാത്മ്യവും അവളുടെ പുത്രന്‍ പഠിപ്പിച്ച സാഹോദര്യത്തിന്റെ കുലീനത്വവും നമുക്ക് അഭ്യസിക്കാം. പുത്രനെ പരിശീലിപ്പിച്ച അമ്മയുടെ പരിശീലനത്തിന് നമുക്ക് സ്വയം വിട്ടുകൊടുക്കാം. ആ ത്യാഗമാകട്ടെ നമ്മുടെ മാതൃഭക്തി.

തയ്യാറാക്കിയത്: സിസ്റ്റര്‍ റോസ്‌ലിന്‍ എം.ടി.എസ്.

ജപമാല രാജ്ഞിയോടൊപ്പം

ജപമാല മാസത്തിന്റെ നിര്‍മ്മലതയിലേക്ക് ഈ ദിനങ്ങളില്‍ നാം പ്രവേശിക്കുകയാണ്. നാമോരോത്തരുടെയും ആത്മീയ ജീവിതത്തിന് ഓജസ്സും തേജസ്സും നല്‍കുന്ന ദിവസങ്ങളാണിത്. പരിശുദ്ധ അമ്മയുടെ മടിത്തട്ടിലിരുന്ന് രക്ഷാകര രഹസ്യങ്ങളെ ധ്യാനിച്ച് ദൈവത്തിങ്കലേക്ക് ചുവടുകള്‍ വയ്ക്കുവാന്‍ ലഭിക്കുന്ന സുവര്‍ണ്ണാവസരം. ‘പുത്രന്‍ വഴിയായിട്ടല്ലാതെ ആര്‍ക്കും പിതാവിന്റെ സവിധത്തില്‍ അണയാന്‍ സാധിക്കാത്തതുപോലെ ഓരോരുത്തര്‍ക്കും പരിശുദ്ധ മറിയം വഴിയല്ലാതെ പുത്രനെ സമീപിക്കുവാന്‍ സാധ്യമല്ല’ (13-ാം ലെയോ മാര്‍പാപ്പ). കാലിത്തൊഴുത്തിലും കാനായിലും കാല്‍വരിയിലും ദൈവപുത്രനോട് കൂടിയായിരുന്ന പരിശുദ്ധ അമ്മ തന്റെ ജീവിതത്തെ മുഴുവന്‍ ദൈവപദ്ധതിക്ക് സമര്‍പ്പിച്ചു. രക്ഷാകര രഹസ്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പരിശുദ്ധ അമ്മ സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി കിരീടം ധരിപ്പിക്കപ്പെട്ടു. പരിശുദ്ധ അമ്മ എല്ലാ അര്‍ത്ഥത്തിലും നമ്മുടെ അമ്മയും നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുന്ന സ്വര്‍ഗീയ രാജ്ഞിയുമാണ്.

ക്രൈസ്തവ ആത്മീയതയുടെ ഊടും പാവും നെയ്യുന്ന ജപമാല രക്ഷാകരസംഭവങ്ങളുടെ ധ്യാനാത്മകമായ പ്രാര്‍ത്ഥനയാണ്. കേരള ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാവാത്ത മഹത്തായ പാരമ്പര്യമാണ് പരിശുദ്ധ അമ്മയോടുള്ള സ്‌നേഹവും ജപമാല ഭക്തിയും. ഇന്നും നമ്മുടെ ശക്തിസ്രോതസ്സാണിത്. പോള്‍ ആറാമന്‍ മാര്‍പാപ്പ ജപമാലയെക്കുറിച്ച് പറയുന്നത്, ‘ക്രിസ്തു കേന്ദ്രീകൃതമായ ധ്യാനാത്മക പ്രാര്‍ത്ഥനയാണ് ജപമാല’ എന്നാണ്.

ബിസി മൂന്നാം നൂറ്റാണ്ടു മുതല്‍ ചെറിയ മണികള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ നടന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. മരുഭൂമിയിലെ പിതാക്കന്മാര്‍ ബി.സി. നാലാം നൂറ്റാണ്ട് മുതല്‍ പ്രാര്‍ത്ഥനകള്‍ ഉരുവിടുന്നതിനായി ചെറിയ ജപചരടുകള്‍ ഉപയോഗിച്ചിരുന്നു. ജപമാലയുടെ ഉത്ഭവത്തെക്കുറിച്ച് പല വിശ്വാസ പാരമ്പര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, 1214 ല്‍ വിശുദ്ധ ഡൊമിനിക്കിന് പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെടുകയും ജപമാല നല്‍കുകയും ചെയ്തു എന്നാണ് പൊതുവേ കരുതപ്പെടുന്നത്. എല്ലാ ദിവസവും ബൈബിളിലെ സങ്കീര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുന്ന ഒരു പതിവ് ക്രിസ്തീയ സന്യാസ ആശ്രമങ്ങളില്‍ നിലവില്‍ ഉണ്ടായിരുന്നു. അക്ഷരാഭ്യാസമില്ലാത്ത സാധാരണ സന്യാസികള്‍ക്ക് ഇത് ബുദ്ധിമുട്ടായിരുന്നതിനാല്‍ അവര്‍ 150 തവണ കര്‍ത്തൃപ്രാര്‍ത്ഥന ആവര്‍ത്തിക്കുവാന്‍ തുടങ്ങി. ഇതാവാം കൊന്തയുടെ ആദ്യ രൂപം.

സഭയുടെ ചരിത്രത്തില്‍ ഒട്ടുമിക്ക മാര്‍പാപ്പാമാരും ഈ ഭക്ത അഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. 1571 ല്‍ പീയൂസ് അഞ്ചാമന്‍ മാര്‍പാപ്പാ കൊന്തയെ സഭയുടെ പഞ്ചാംഗത്തില്‍ ഉള്‍പ്പെടുത്തി. അതിന് പിന്നില്‍ ചരിത്രപരമായ ഒരു കാരണമുണ്ട്. യൂറോപ്പ് പിടിച്ചടക്കി റോമാനഗരം അഗ്‌നിക്കിരായാക്കുക എന്ന ലക്ഷ്യത്തോടെ തുര്‍ക്കികള്‍ 1571-ല്‍ സൈനിക നീക്കം നടത്തി. പീയൂസ് അഞ്ചാമന്‍ മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം ക്രൈസ്തവരാഷ്ട്രങ്ങള്‍ സംയുക്തമായി തുര്‍ക്കിയെ നേരിട്ടു. ലെപ്പാന്‍തോ നഗരത്തില്‍ വച്ച് നടന്ന യുദ്ധത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ പത്ത് ദിവസം തുടര്‍ച്ചയായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 7-ാം തീയ്യതി ജപമാല ചൊല്ലുന്നതിനിടയില്‍ വിജയവാര്‍ത്തകേട്ട് മാര്‍പാപ്പ ഒക്ടോബര്‍ 7 ജപമാല രാജ്ഞിയുടെ തിരുനാളായി പ്രഖ്യാപിച്ചു. ലെയോ 13-ാമന്‍ മാര്‍പാപ്പയാണ് ഒക്ടോബര്‍ മാസത്തെ ജപമാല മാസമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

രണ്ടാം വത്തിക്കാന്‍ സൂനഹദോസ് കാലഘട്ടത്തില്‍ ‘നന്മ നിറഞ്ഞ മറിയമേ’ എന്ന ജപത്തിനു മാറ്റം വരുത്താന്‍ ശ്രമം ഉണ്ടായെങ്കിലും പോള്‍ ആറാമന്‍ പാപ്പ അതിനു സമ്മതിച്ചില്ല. ഇത്രയേറെ പ്രചാരവും സ്വീകാര്യവും കിട്ടിയ ഒരു പ്രാര്‍ത്ഥനയെ മാറ്റി മറിക്കുന്നത് ജനങ്ങളുടെ ഭക്തിയെ ബാധിക്കുമെന്ന് മാര്‍പാപ്പാമാര്‍ ഭയന്നു. കൊന്തയില്‍ പാരമ്പര്യമായി ചൊല്ലാറുള്ളത് 15 രഹസ്യങ്ങള്‍ ആണ്. ദീര്‍ഘകാലത്തെ പതിവിനെ അടിസ്ഥാനമാക്കി പതിനാറാം നൂറ്റാണ്ടില്‍ പീയൂസ് അഞ്ചാമന്‍ മാര്‍പാപ്പ തയ്യാറാക്കിയതാണിത് – സന്തോഷം, ദുഃഖം, മഹിമ ഗണങ്ങള്‍. 2002 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പ്രകാശത്തിന്റെ രഹസ്യങ്ങള്‍ കൂടെ കൂട്ടിച്ചേര്‍ത്തു. അതോടെ രഹസ്യങ്ങളുടെ എണ്ണം 20 ആയി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കന്യകാമറിയത്തിന്റെ ജപമാല എന്ന തന്റെ അപ്പസ്‌തോലിക ലേഖനത്തില്‍ പറയുന്നതുപോലെ, ‘ജപമാലയിലൂടെ നാം മറിയത്തോടൊപ്പം ക്രിസ്തുവിനെ സ്മരിക്കുന്നു. മറിയത്തില്‍ നിന്ന് ക്രിസ്തുവിനെ മനസ്സിലാക്കുന്നു. മറിയത്തോടൊപ്പം ക്രിസ്തുവിന് അനുരൂപരാകുന്നു. മറിയത്തിനോടൊപ്പം ക്രിസ്തുവിനോട് പ്രാര്‍ത്ഥിക്കുന്നു’. തിന്മയുടെ അരാജകത്വം എവിടെയും നിറയുന്ന ഈ കാലഘട്ടത്തില്‍ ഒരോ ക്രൈസ്തവന്റെയും കടമയാണ് ജപമാല കൈകളിലെടുക്കുകയെന്നത്. വ്യക്തികളും കുടുംബങ്ങളും, സഭയും സമൂഹവും ദൈവാനുഗ്രഹം കൊണ്ട് നിറയുവാന്‍ ജപമാല പോലെ ഉന്നതമായ മറ്റൊരു മാര്‍ഗ്ഗമില്ല.

സെപ്റ്റംബര്‍ 14: വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍

അപമാനത്തിന്റെയും ഹീനമായ ശിക്ഷയുടെയും അടയാളമായിരുന്ന കുരിശ് രക്ഷയുടെ പ്രതീകമായത് യേശുവിന്റെ കുരിശു മരണത്തോടെയാണ്. വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ സെപ്റ്റംബര്‍ 14-ന് ആഘോഷിക്കുമ്പോള്‍ കുരിശിനെക്കുറിച്ചുള്ള ചിന്തകള്‍

‘ഇതെന്തൊരു കുരിശ്, എന്റെ ദൈവമേ’എന്നു നാം നിരന്തരമായി ഉരുവിടാറുണ്ട്. തിരിഞ്ഞു നോക്കിയാല്‍ അത്തരമൊരു തേങ്ങലില്‍ എപ്പോഴും ഒരു നൈരാശ്യ ഭാവമുണ്ട്. വഴിമുട്ടിയ ധ്വനിയുണ്ട്. അല്പം കൂടി ചിന്തിച്ചാല്‍ മനസ്സിലാവും അതൊരു അക്രിസ്തീയ മനോഭാവമാണെന്ന്. ക്രൈസ്തവകാഴ്ചപ്പാടില്‍ കുരിശ്, ഉയിര്‍പ്പിലേക്കുളള വഴിയാണ്. രക്ഷയുടെ മാര്‍ഗമാണ്. വിജയത്തിലേക്കുളള മാര്‍ഗമാണ്.

കുരിശിന്റെ പാരമ്പര്യം

ബി.സി. ആറാം നൂറ്റാണ്ടു മുതല്‍ ഏ.ഡി. നാലാം നൂറ്റാണ്ടു വരെ കുരിശ് ഏറ്റവും ഹീനവും, വേദനാകരവുമായ മരണശാസന നിര്‍വഹണത്തിന്റെ ഉപകരണമായിരുന്നു. കുരിശില്‍ കയറുന്നവനെ മരത്തടിയില്‍ കെട്ടിയിടുകയോ, ആണികൊണ്ടു തറച്ചിടുകയോ ചെയ്ത് മരിക്കുന്നതു വരെ തൂക്കിക്കിടത്തുമായിരുന്നു.

മരണം സാവധാനവും അതീവവേദനയുണ്ടാക്കുന്നതുമായിരുന്നു. റോമന്‍ സാമ്രാജ്യം ഇതര പൗരന്മാര്‍ക്കു മാത്രം വിധിച്ചിരുന്ന ഒരു ശിക്ഷാരീതിയും, പിന്നീട് മരണപ്പെടുത്താനുളള വഴിയുമായി ഇത് മാറി. വിധിക്കപ്പെട്ടവന് ഏറ്റവും കൂടിയ വേദന കൊടുക്കുക എന്നതായിരുന്നു അവരുടെ വിനോദം. കുരിശോ, കുരിശിന്റെ ഒരു തടിയോ ചുമപ്പിക്കുക എന്നതും റോമാ പാരമ്പര്യമായിരുന്നു എന്നു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ അപമാനത്തിന്റെയും, ഹീനമായ ശിക്ഷയുടെയും പ്രതീകമായി കുരിശ്. അടിമകളേയും, ഹീനമായ കുറ്റങ്ങള്‍ ചെയ്തവരേയും, ഭരണകൂടത്തിനെതിരെ സ്വരമുയര്‍ത്തിയവരേയും കുരിശില്‍ തൂക്കിക്കിടത്തിയപ്പോള്‍ മറ്റുളളവര്‍ക്ക് ഒരു താക്കീതുമായി. ആ കുരിശ് യേശു ചുമലിലേറ്റാന്‍ വന്ന സാഹചര്യം ഏവര്‍ക്കും സുപരിചിതമാണ്.

കേവലം മൂന്നരവര്‍ഷം പൊതുജീവിതം നയിച്ച യേശു നമുക്കറിയാവുന്നിടത്തോളം ഹീനമായ പ്രവൃത്തികളിലൊന്നും ഏര്‍പ്പെട്ടില്ല. യേശുവിനെ കുരിശിലേറ്റാന്‍ പറഞ്ഞ കാരണം ‘അവന്‍ യഹൂദന്മാരുടെ രാജാവാണ്’ എന്ന് അവകാശപ്പെട്ടു എന്നതാണ്. റോമന്‍ ഭരണാധികാരിക്കു പോലും സന്നിഗ്ധതകളുണ്ടായിരുന്നിടത്ത് യഹൂദക്കൂട്ടങ്ങള്‍ ‘അവനെ ക്രൂശിക്കുക’ എന്നാക്രോശിക്കുകയും, യേശുവിനെ ക്രൂശിക്കാതിരിക്കുന്നത് റോമാ സാമ്രാജ്യത്തെ ചോദ്യം ചെയ്യലായിരിക്കുമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ച് ആള്‍ക്കൂട്ടത്തിന്റെ ഇച്ഛക്ക് കീഴടങ്ങിയാണ് പീലാത്തോസ് യേശുവിനെ കുരിശുമരണത്തിനു വിധിച്ചത്. വാസ്തവത്തില്‍ യേശു ചെയ്ത സാമ്രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ ആയിരുന്നു എന്നതും അവയുടെ സമകാലീന സമാന്തരാനുഭവങ്ങളും നമ്മെ ചിന്തിപ്പിക്കേണ്ടവയാണ്.

ഇന്നു ഭാരതത്തില്‍ ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരെ നിര്‍ദാക്ഷിണ്യം മാവോയിസ്റ്റ്, തീവ്രവാദി പേരുകള്‍ വിളിച്ചു വെടിവെച്ചു കൊല്ലുകയോ, തുറങ്കിലടക്കുകയോ ചെയ്യുന്ന ഒരു സാഹചര്യമാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ ചോദിക്കുന്ന ന്യൂനപക്ഷങ്ങളോടും, അരികുവല്‍ക്കരിക്കപ്പെടുന്നവരോടും പുറത്തു പോകൂ എന്നാജ്ഞാപിക്കുകയാണ്.

യേശുവിന്റെ അവസ്ഥകള്‍

നന്മ ചെയ്തു നടന്നവനാണ് യേശു. ആ യേശുവിനെ കുരിശിലേറ്റിയതിന്റെ കാരണങ്ങള്‍ എന്തായിരുന്നു? അന്നത്തെ സാമൂഹ്യ-മത സംവിധാനങ്ങള്‍ക്ക് അദ്ദേഹം ഒരു ചോദ്യ ചിഹ്നമായി മാറി എന്നതു തന്നെ. സാബത്തു ലംഘിച്ചും (ലൂക്കാ, 6, 1-11), പാരമ്പര്യങ്ങളെ ചോദ്യം ചെയ്തും (മാര്‍ക്കോസ് 7, 1-15), അതുവരെയുളള ദൈവ സങ്കല്പത്തെ ചോദ്യം ചെയ്തുമാണ് യേശു കുരിശിലേക്കു നടന്നടുത്തത്. യഹൂദസമൂഹം വിശ്വസിച്ചിരുന്ന ദൈവം നീതിമാനെ സ്‌നേഹിക്കുകയും ദുഷ്ടനെ വെറുക്കുകയും ചെയ്യുന്ന ഒരു രൂപമായിരുന്നു. അതിനു ബദലായി യേശു തന്റെ പിതാവിനെ പാപികളെ സ്‌നേഹിക്കുന്നവനും വഴിതെറ്റിയ ആടുകള്‍ക്കായി അലയുന്നവനുമായി അവതരിപ്പിച്ചു.

ആ പരമസ്‌നേഹത്തിന്റെ പ്രകടനമായി യേശു പാപികളോടും ചുങ്കക്കാരോടും, വേശ്യകളോടും ഇടപെട്ടു. അവരോടൊപ്പം ഭക്ഷണം കഴിച്ചു. അങ്ങനെ പിതാവിന്റെ നിരുപാധികസ്‌നേഹത്തിന്റെ വക്താവായി. ധൂര്‍ത്തനായ പുത്രന്റെ ഉപമയിലൂടെ വ്യത്യസ്തനായ ദൈവത്തെ ജനസഞ്ചയത്തിന് അവതരിപ്പിച്ചു. അങ്ങനെ ദൈവത്തിനും, ദൈവരാജ്യത്തിന്റെ സ്ഥാപനത്തിനും വേണ്ടി യേശു കുരിശിലേറി മരിച്ചു.

യേശുവിന്റെ കുരിശുമരണത്തോടെയും, ക്രിസ്തീയ വിശ്വാസത്തിന്റെ വളര്‍ച്ചയിലൂടെയും കുരിശിന്റെയും സഹനത്തിന്റെയും അര്‍ത്ഥമാനങ്ങള്‍ തകിടം മറിഞ്ഞു. അപമാനത്തിന്റെ ചിഹ്നമായിരുന്ന കുരിശ് വിജയത്തിന്റെ അടയാളമായി മാറി. പീഡാനുഭവത്തിലൂടെയും ഉയിര്‍പ്പിലൂടെയും ക്രിസ്തീയ ധാരണകള്‍ ഉരുത്തിരിഞ്ഞു.

സഹനം ജീവിതത്തില്‍ നിഷേധിക്കാനാവില്ല. എന്നാല്‍, സഹനത്തെ രണ്ടു രീതിയില്‍ കാണാം. മനുഷ്യര്‍ സ്വയം വരുത്തിവയ്ക്കുന്ന സഹനത്തിന്റെ ഒരു പരമ്പര തന്നെയുണ്ട്. സൃഷ്ടികര്‍മ്മം എല്ലാം നന്നായി നടന്നു. ‘താന്‍ സൃഷ്ടിച്ചവ എല്ലാം വളരെ നന്നായിരിക്കുന്നു എന്നു ദൈവം കണ്ടു’ (ഉത് 1, 31). എന്നാല്‍ മനുഷ്യന്റെ പാപചെയ്തികള്‍, സൃഷ്ടിയുടെ മനോഹാരിതയും ക്രമങ്ങളും തകര്‍ത്തു തരിപ്പണമാക്കി. ചരിത്രം പരിശോധിച്ചാല്‍ ഇതു ഭയാനകമായ രീതിയില്‍ വ്യക്തമാകും. ജര്‍മ്മനിയില്‍ ഫാസിസം ലക്ഷക്കണക്കിനു യഹൂദരെ ഗ്യാസ് ചേമ്പറുകളിലയച്ചു. ഇന്നും തുടരുന്ന യുദ്ധങ്ങളിലൂടെ മരണപ്പെടുന്ന ജീവിതങ്ങള്‍; വഴിയാധാരമാകുന്ന ബാല്യങ്ങളും, യുവത്വവും; ഒരിക്കലും നിലയ്ക്കാത്ത അഭയാര്‍ത്ഥി പ്രവാഹങ്ങള്‍, ഇന്നും കേള്‍ക്കുന്ന യുദ്ധത്തിന്റെ കൊലവിളികള്‍. ഇറാക്കിലും, അഫ്ഗാനിസ്ഥാനിലും, പാക്കിസ്ഥാനിലും, കാശ്മീരിലും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ ഉയരുന്ന രോദനങ്ങള്‍. അതിലും ദയനീയമായി മനുഷ്യര്‍ പരിസ്ഥിതിക്കു മേല്‍ നടത്തുന്ന കടന്നു കയറ്റത്തിന്റെ ആഘാതങ്ങള്‍, മലിനീകരണം, വനനശീകരണം, ആവാസ വ്യവസ്ഥയ്ക്കു മേല്‍ ഉണ്ടാവുന്ന ആഘാതങ്ങളെ അവഗണിച്ച്, വികസനത്തിന്റെ പേരില്‍ നടത്തുന്ന ഭ്രാന്തമായ മുന്നേറ്റങ്ങള്‍ ഇവയെല്ലാം മനുഷ്യ നിര്‍മ്മിതമാണ്.

മനുഷ്യനിര്‍മ്മിതമാണ് എന്ന് പറയാനാവാത്ത ദുരന്തങ്ങളും സഹനത്തിന്റെ ലിസ്റ്റിലുണ്ട്. ഭൂകമ്പങ്ങള്‍, സുനാമികള്‍ തുടങ്ങിയവ. അങ്ങനെ പറുദീസയില്‍ നിന്നിറങ്ങിയ നാള്‍ തുടങ്ങി സഹനത്തിന്റെയും കുരിശിന്റെയും പാതയിലൂടെ മനുഷ്യര്‍ ഇഴഞ്ഞും, അലഞ്ഞും നീങ്ങുന്നു. അവര്‍ക്കാണ് യേശുവിന്റെ വാക്കുകളും, ചെയ്തികളും, ജീവിതം മുഴുവനും ഒരു പുതിയ കാഴ്ചപ്പാട്, ‘രക്ഷാകരമായ കാഴ്ചപ്പാട്’ നല്കിയിരിക്കുന്ന മോചനം.

സഹനം ക്രിസ്തീയ കാഴ്ചപ്പാടുകള്‍

‘കഷ്ടത സഹനശീലവും, സഹനശീലം ആത്മ ധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു.’ (റോമാ 5,4). പൗലോസ് തന്റെ ലേഖനങ്ങളിലൂടെ ശക്തമായി അവതരിപ്പിക്കുന്ന സന്ദേശമിതാണ്. സഹനം അന്ത്യമല്ല, വിജയത്തിലേക്കുളള വഴിയാണ്. എമ്മാവൂസിലേക്കു നടന്ന ശിഷ്യന്മാരോട് യേശു ചോദിക്കുന്ന ചോദ്യമുണ്ട്: ‘ക്രിസ്തു ഇതെല്ലാം സഹിച്ച് മഹത്വത്തിലേക്ക് പ്രവേശിക്കേണ്ടിയിരുന്നില്ലേ?’ (ലൂക്കാ 24, 26).

പ്രശസ്ത ദൈവശാസ്ത്രജ്ഞനായ കുര്യന്‍ കുന്നുപുറം സഹനത്തെക്കുറിച്ചുളള യേശുവിന്റെ കാഴ്ചപ്പാടുകളെപ്പറ്റി ഇപ്രകാരം പറയുന്നു:

  • യേശു സഹനത്തെ കാത്തിരിക്കുകയായിരുന്നില്ല. യഹൂദര്‍ അവനെ വധിക്കാന്‍ ആഗ്രഹിച്ചിരുന്നതിനാല്‍ ജറുസലമിലേക്ക് അവന്‍ പരസ്യമായി പോയില്ല. മരണത്തിനു മുന്‍പ് യേശു പ്രാര്‍ത്ഥിച്ചു ‘പിതാവേ കഴിയുമെങ്കില്‍, ഈ പാനപാത്രം എന്നില്‍ നിന്നും അകന്നു പോകട്ടെ. എങ്കിലും എന്റെ ഇഷ്ടമല്ല. അങ്ങയുടെ ഇഷ്ടം നിറവേറട്ടെ’.
  • യേശുവിന്റെ സഹനത്തിനും മരണത്തിനും കാരണക്കാരായത് ദുഷ്ടരായ മനുഷ്യരായിരുന്നു
  • സഹനത്തിന്റെ ആധിക്യത്താലല്ല ക്രിസ്തു നമ്മെ രക്ഷിച്ചത്; മറിച്ച് അവിടുത്തെ അനുസരണയാലത്രേ (റോമ 5, 19; ഹെബ്രാ 5, 8-9)
  • രക്ഷാകര പദ്ധതിയുടെ ഭാഗമാണ് തന്റെ പീഡയും മരണവുമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ യേശു സന്തോഷത്തോടെ അത് ഏറ്റെടുക്കുകയും സഹിക്കുകയും ചെയ്തു. (മത്താ, 26, 39; അപ്പ. 2, 23)
  • പീഡകള്‍ യേശുവിനെ തകര്‍ത്തു കളഞ്ഞില്ല. തന്നെ പീഡിപ്പിച്ചവര്‍ക്കായി അവിടുന്നു പ്രാര്‍ത്ഥിച്ചു. ‘പിതാവേ ഇവരോട് ക്ഷമിക്കുക. എന്തുകൊെന്നാല്‍, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല.’
  • ഒരു ക്രൈസ്തവന്‍ എല്ലാസഹനങ്ങളുടെയും അന്ത്യത്തിലേക്കാണു നോക്കുന്നത്. ‘അവരുടെ കണ്ണുകളില്‍ നിന്ന് അവിടുന്ന് മിഴിനീര്‍ തുടച്ചു നീക്കും. ഇനി മരണം ഉണ്ടാവുകയില്ല. ഇനിമേല്‍ ദുഃഖമോ, മുറവിളിയോ, വേദനയോ ഇല്ല. പഴയതെല്ലാം കടന്നു പോയി’ (വെളി 21, 4).

കൂടുതല്‍ സാക്ഷ്യങ്ങള്‍

ശൈശവം മുതല്‍ അന്ധയും ബധിരയുമായിരുന്ന ഹെലന്‍ കെല്ലറുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. ‘എന്റെ കഷ്ടപ്പാടുകള്‍ക്ക് ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. എന്തുകൊണ്ടെന്നാല്‍, ഞാന്‍ അവയിലൂടെ എന്നെ സ്വയം കണ്ടെത്തി. എന്റെ ദൗത്യം കെണ്ടത്തി. എന്റെ ദൈവത്തെയും കെണ്ടത്തി. മനുഷ്യരോഗങ്ങളും സഹനങ്ങളുമാണല്ലോ ശാസ്ത്രത്തിന്റെ, വിശിഷ്യ ദൈവശാസ്ത്രത്തിന്റെ വളര്‍ച്ചക്ക് നിദാനം’. പ്രശ്‌സ്തനായ ആംഗലേയ ക്രൈസ്തവചിന്തകന്‍ സി. എസ്. ലൂയീസ് ഇപ്രകാരം പറഞ്ഞു ‘നമ്മുടെ സുഖങ്ങളിലൂടെ ദൈവം മന്ത്രിക്കുന്നു. മനഃസാക്ഷിയിലൂടെ നമ്മോടു സംസാരിക്കുന്നു; വേദനകളിലൂടെ നമ്മോട് ആക്രോശിക്കുന്നു; ബധിരമായ ഒരു ലോകത്തെ ഉണര്‍ത്തുന്നതിനുളള ദൈവത്തിന്റെ മെഗാഫോണാണത്’. നമ്മുടെ തന്നെ വിശുദ്ധയായ സിസ്റ്റര്‍ അല്‍ഫോന്‍സാ ഏറെ സഹിച്ച്, വിശുദ്ധീകരിക്കപ്പെട്ട് വിജയം വരിച്ചവളാണല്ലോ

കുരിശ് വിജയവഴി

യേശുവിന്റെ അനുഭവം, യേശു ശിഷ്യരുടെ അനുഭവം, മനുഷ്യത്വത്തിന്റെ അടയാളമായ അന്യമതസ്ഥരുടെയും വിശുദ്ധരുടെയും അനുഭവം എല്ലാം ഒന്നിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു. സഹനം അന്ത്യമല്ല. കുരിശ് വിജയത്തിലേക്കുളള വഴിയാണ്. സഹനത്തില്‍ നിന്ന് ഒളിച്ചോടുന്ന ഒരു സമൂഹത്തിന്, അതൊരു തലവേദനയാവട്ടെ, മാരക രോഗമാവട്ടെ, കുരിശും, മനുഷ്യചരിത്രത്തിലെ സഹനാനുഭവങ്ങളും വെല്ലുവിളിയായി മാറുന്നു.

ഇന്നത്തെ ഭാരതത്തിന്റെ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളും, അരികുവല്കരിക്കപ്പെട്ടവരും ഏറെ പീഡിപ്പിക്കപ്പെടുന്ന സാഹചര്യങ്ങളില്‍, പ്രകൃതിയും, മനുഷ്യനും, ചൂഷണം ചെയ്യപ്പെടുമ്പോള്‍ കുരിശിന്റെ വഴികള്‍ തിരിച്ചറിയാനും, സ്വര്‍ഗരാജ്യത്തിനു വേണ്ടി വിശ്വാസത്തോടെ ഇറങ്ങാനും നമുക്കാവുമോ?

(തയ്യാറാക്കിയത്: ഫാ. എം. കെ. ജോര്‍ജ് എസ്.ജെ.)

എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു

ആനന്ദത്തിനും സന്തോഷത്തിനും വേണ്ടി പരക്കം പായുന്ന ലോകത്താണല്ലോ നാം. എന്തു തട്ടിപ്പും വെട്ടിപ്പും ഗുണ്ടായിസവും കാണിച്ചിട്ടാണെങ്കിലും ആനന്ദിക്കണം. മദ്യം, മയക്കുമരുന്ന്, അഴിമതി, അശ്ലീലം എന്നിങ്ങനെ നീളുന്ന പട്ടികയുടെ പിന്നിലും സന്തോഷിക്കണം, ആനന്ദിക്കണം എന്ന ചിന്തതന്നെയാണ്. എന്നാല്‍ ഈ ആനന്ദം ശാശ്വതമാണോ? ഇത്തരം ആനന്ദങ്ങള്‍ നിരാശയിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന കഥകള്‍ എത്രയോ നാം കേട്ടിരിക്കുന്നു. എന്നാല്‍ പരിശുദ്ധ കന്യകാ മറിയം പറയുന്നത് ‘എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു” (ലൂക്ക 1/47) എന്നാണ്. ആര് മനസിലാക്കിയാലും ഇല്ലെങ്കിലും എന്നെ മനസിലാക്കുന്ന ദൈവം എനിക്ക് നന്മ മാത്രമേ തരികയുള്ളു എന്ന ആഴമായ വിശ്വാസം പരിശുദ്ധ അമ്മയ്ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് അമ്മയ്ക്ക് ഇങ്ങനെ പറയാന്‍ സാധിച്ചത്.

ഇന്ന് നാം മംഗളവാര്‍ത്ത എന്ന് പറയുന്ന ‘വാര്‍ത്ത’ അന്ന് പരിശുദ്ധ അമ്മയെ സംബന്ധിച്ചിടത്തോളം മംഗളമായിരുന്നോ? ഭാവിയെക്കുറിച്ച് എത്രമാത്രം ഉത്കണ്ഠയും ഭയവും സംശയങ്ങളും നിറഞ്ഞ അവസ്ഥയിലൂടെയായിരിക്കും കന്യകാ മറിയം കടന്നു പോയിട്ടുണ്ടാകുക? പക്ഷെ, പരിശുദ്ധ അമ്മയുടെ ഹൃദയത്തിലെ ആനന്ദത്തിന് ഒരു കുറവും സംഭവിക്കുന്നില്ല. അമ്മ എപ്പോഴും ദൈവത്തോടു കൂടിയായിരുന്നു. അതിനാലാണ് ഗബ്രിയേല്‍ ദൂതന്‍ അമ്മയോട് ഇപ്രകാരം പറഞ്ഞത്: ‘കര്‍ത്താവ് നിന്നോടു കൂടെ’ (ലൂക്ക12:8)

ബത്‌ലഹേമിലേക്കുള്ള യാത്രയിലും ഉണ്ണക്കു പിറക്കാനൊരിടം കിട്ടാത്തപ്പോഴും ഈജിപ്തിലേക്കുള്ള പലായനത്തിലും ശിമയോന്റെ പ്രവചനം കേട്ടപ്പോഴും ഉണ്ണിയെ കാണാതായപ്പോഴും അവസാനം കുരിശിന്‍ ചുവട്ടില്‍ പോലും പരിശുദ്ധ കന്യകാ മറിയം ഹൃദയത്തിന്റെ അനന്ദം നഷ്ടപ്പെടുത്തിയില്ല. അതിന്റെ കാരണവും അമ്മ വ്യക്തമാക്കുന്നുണ്ട്: ‘അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു’ (ലൂക്ക 1:48). താഴ്മയുള്ളവരുടെ കൂടെയാണ് ദൈവം. ‘അഹങ്കരിക്കുന്നവരോട് കര്‍ത്താവിന് വെറുപ്പാണ് (സുഭാഷിതങ്ങള്‍ 16:5)

ഇടപെട്ടിരുന്ന വ്യക്തികളിലേക്കും ഇടങ്ങളിലേക്കുമെല്ലാം തന്റെ ആനന്ദം പകരുവാന്‍ പരിശുദ്ധ അമ്മ ശ്രദ്ധിച്ചിരുന്നു. കാനായിലെ വിവാഹവിരുന്നില്‍ വീഞ്ഞ് തീര്‍ന്നു പോയപ്പോള്‍ ആ കുടുംബത്തിന്റെ ആനന്ദം നഷ്ടമാകാതിരിക്കുവാന്‍ അമ്മ അവിടെ ഇടപെടുന്നു. ഇന്നും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ വിഷമതകളില്‍ അമ്മ ഇടപെടുന്നുണ്ട്. എട്ടു നോമ്പ് ആചരണത്തിന്റെ പിന്നിലും അത്തരമൊരു ഇടപെടലിന്റെ കഥയുണ്ട്. കേരള ക്രൈസ്തവര്‍ അഭിമുഖീകരിക്കേണ്ടി വന്ന വലിയ പ്രതിസന്ധിയായിരുന്നു ടിപ്പു സുല്‍ത്താന്റെ ആക്രമണം. നിസഹായാവസ്ഥയില്‍ എസ്‌തേര്‍ രാജ്ഞി തന്റെ ജനത്തെ രക്ഷിക്കണമേയെന്ന് പറഞ്ഞു കര്‍ത്താവിങ്കലേക്ക് ഓടിയതുപോലെ ഇവിടുത്തെ സ്ത്രീകള്‍ നെഞ്ചുപൊട്ടി മാതാവിനെ വിളിച്ച് അപേക്ഷിച്ചു. അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത അമ്മയിലൂടെ ടിപ്പു സുല്‍ത്താന്റെ പതനവും കേരളക്കരയിലെ ക്രൈസ്തവരുടെ മോചനവും യാഥാര്‍ത്ഥ്യമായി.

ദുഃഖങ്ങളെല്ലാം പങ്കുവയ്ക്കാന്‍ ഒരമ്മയുള്ളത് എത്രയോ ആശ്വാസപ്രദമാണ്. മക്കളെ സഹായിക്കാന്‍ കാത്തിരിക്കുന്ന ഈ അമ്മയെ നമുക്ക് ചേര്‍ത്തു പിടിക്കാം. അമ്മയുടെ സാന്നിധ്യവും സംരക്ഷണവും നമുക്ക് അനുഭവിക്കാം. അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ആ കരങ്ങളില്‍ ചുംബിക്കാം.

തയ്യാറാക്കിയത്: സിസ്റ്റര്‍ സോസിമ MSJ

Exit mobile version