ആഗസ്‌ററ് 10: വിശുദ്ധ ലോറന്‍സ് രക്തസാക്ഷി

257-ല്‍ സിക്‌സ്‌ററസ് ദ്വിതീയന്‍ മാര്‍പ്പാപ്പായായശേഷം തനിക്കു നല്ല പരിചയമുണ്ടായിരുന്ന ലോറന്‍സിനു ഡീക്കണ്‍ പട്ടം നല്കി; അദ്ദേഹം മാര്‍പ്പാപ്പായുടെ ദിവ്യബലിയില്‍ ശുശ്രൂഷിച്ചുപോന്നു. സഭയുടെ സ്വത്തെല്ലാം കൈകാര്യം ചെയ്തിരുന്നതു ലോറന്‍സായിരുന്നതുകൊണ്ടു മാര്‍പ്പാപ്പായുടെ ആര്‍ച്ചുഡീക്കണ്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

വലേരിയന്‍ ചക്രവര്‍ത്തി 257-ല്‍ പ്രസിദ്ധം ചെയ്ത വിളംബരമനുസരിച്ചു 258-ല്‍ മാര്‍പ്പാപ്പാ അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹം കൊലക്കളത്തിലേക്കു മാര്‍ച്ചുചെയ്യുമ്പോള്‍ ലോറന്‍സു കരഞ്ഞു പിന്നാലെ ചെന്നു അഭിവാദ്യം ചെയ്തു: ”പിതാവേ, അങ്ങയുടെ മകനെക്കൂടാതെ അങ്ങ് എവിടേക്കാണു പോകുന്നത്? പരിശുദ്ധനായ പുരോഹിതാ, അങ്ങയുടെ ഡീക്കണെക്കൂടാതെ അങ്ങ് എവിടേക്കു പോകുന്നു? അങ്ങയുടെ ശുശ്രൂഷകനെക്കൂടാതെ അങ്ങു ബലി ചെയ്തിട്ടില്ല. എന്തിലാണു അങ്ങയെ ഞാന്‍ അതൃപ്തിപ്പെടുത്തിയത്? ഞാന്‍ കൃത്യ വിലോപനായിരുന്നിട്ടുണ്ടോ? കര്‍ത്താവിന്റെ രക്തം കൈകാര്യം ചെയ്യുവാന്‍ അങ്ങു തിരഞ്ഞടുത്തവന്‍ അയോഗ്യനായിപ്പോയോ എന്നു കാണുക.

”മകനേ, ഞാന്‍ നിന്നെ ഉപേക്ഷിക്കുന്നില്ല. മൂന്നു ദിവസത്തിനകം നീ എന്നെ അനുധാവനം ചെയ്യും. നിന്റെ കൈവശമുള്ള തിരുസ്സഭയുടെ നിധിയെല്ലാം ദരിദ്രര്‍ക്കു ഭാഗിച്ചു കൊടുക്കുക” എന്നു മാര്‍പ്പാപ്പാ പ്രതിവചിച്ചു. ലോറന്‍സു സന്തുഷ്ടനായി തന്റെ കൈവശമുണ്ടായിരുന്ന സമ്പത്തെല്ലാം ദരിദ്രര്‍ക്കും വിധവകള്‍ക്കും ഭാഗിച്ചുകൊടുത്തു. പിന്നീടു റോമന്‍ പ്രീഫെക്ടു സഭയുടെ സ്വര്‍ണ്ണാഭരണങ്ങളും സ്വര്‍ണ്ണത്തിരിക്കാലുകളും മുതല്‍ക്കൂട്ടുകളും കാണിച്ചുകൊടുക്കാന്‍ ലോറന്‍സിനോടാവശ്യപ്പെട്ടു. ദരിദ്രരേയും വിധവകളേയും നിരനിരയായി നിറുത്തിയശേഷം പ്രീഫെക്ടിനെ വിളിച്ച് ഇവരാണു സഭയുടെ മുതല്‍ക്കൂട്ട് എന്നു പറഞ്ഞു. ”നീ എന്നെ പരിഹസിക്കയാണല്ലേ”, പ്രീഫെക്ട് പ്രതിവചിച്ചു: ”ഇഞ്ചിഞ്ചായി നിന്നെ ഞാന്‍ കൊല്ലും.

അനന്തരം ലോറന്‍സിന്റെ വസ്ത്രം അഴിച്ച് അദ്ദേഹത്തെ ഒരു ഇരുമ്പു പലകയില്‍ കിടത്തി പലകയുടെ കീഴില്‍ തീയിട്ടു. അഗ്‌നി ശരീരത്തെ എരിയിച്ചു. ദൈവസ്‌നേഹം അഗ്‌നിയെ അവഗണിച്ചു പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. അവസാനം ലോറന്‍സ് മരിച്ചു. റോമ മുഴുവന്റേയും മനസാന്തരത്തിന് ലോറന്‍സ് കാരണമായി

ആഗസ്റ്റ് 9: വിശുദ്ധ റൊമാനൂസ് രക്തസാക്ഷി

വിശുദ്ധ ലോറന്‍സിന്റെ രക്തസാക്ഷിത്വ കാലത്ത് റൊമാനൂസ് റോമയില്‍ ഒരു പട്ടാളക്കാരനായിരുന്നു. പരിശുദ്ധനായ ആ രക്തസാക്ഷി സഹനത്തില്‍ പ്രദര്‍ശിപ്പിച്ച ആനന്ദവും സ്ഥിരതയും കണ്ടു വികാരഭരിതനായ റൊമാനൂസു ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. ജയിലില്‍ കിടന്നിരുന്ന വി. ലോറന്‍സുതന്നെ അദ്ദേഹത്തെ ക്രിസ്തീയതത്വങ്ങള്‍ പഠിപ്പിക്കുകയും ജ്ഞാനസ്‌നാനപ്പെടുത്തുകയും ചെയ്തു. തന്റെ മാനസാന്തര കഥ അദ്ദേഹം സര്‍വ്വത്ര ഉറക്കെ പറഞ്ഞു നടന്നു. ഉടനടി അദ്ദേ ഹത്തെ അറസ്‌ററു ചെയ്യുകയും വി. ലോറന്‍സിനെ വധിച്ച തിന്റെ തലേദിവസം റോമാനൂസിന്റെ ശിരസ്സു ഛേദിക്കുകയും ചെയ്തു. അങ്ങനെ തന്റെ ഗുരുവും മാര്‍ഗ്ഗദര്‍ശിയുമായ ലോറന്‍സു വിശുദ്ധ കിരീടം പ്രാപിക്കുന്നതിനു മുമ്പുതന്നെ റൊമാനൂസു സ്വര്‍ഗ്ഗീയ കിരീടം പ്രാപിച്ചു. അദ്ദേഹത്തിന്റെ ശരീരം ആദ്യം തിബൂറിലേക്കുള്ള റോഡില്‍ സംസ്‌കരിക്കപ്പെട്ടു: പിന്നീടു ലൂക്കായിലേക്ക് വിശുദ്ധ അവശിഷ്ട്ടങ്ങള്‍ നീക്കം ചെയ്തു. അവിടെ അവ പ്രധാന ബലിപീഠത്തിന്റെ കീഴില്‍ ഇന്നും സ്ഥിതിചെയ്യുന്നു.

ആഗസ്റ്റ് 8 : വിശുദ്ധ ഡൊമിനിക്ക്

വിശുദ്ധ ഡൊമിനിക്കു സ്‌പെയിനില്‍ കാസ്‌ററീല്‍ എന്ന പ്രദേശത്ത് ഒരു പ്രഭു കുടുംബത്തില്‍ ജനിച്ചു. അമ്മ മകനെ ഭക്തമുറകളും പ്രായശ്ചിത്തങ്ങളും അഭ്യസിപ്പിച്ചു. അക്കാലത്തേക്കു പറ്റിയ ഉത്തമ വിദ്യാഭ്യാസമാണു ഡോമിനിക്കിനു ലഭിച്ചത്. പഠനകാലത്തു 21-ാമത്തെ വയസ്സില്‍ നാട്ടില്‍ ഒരു പഞ്ഞമുണ്ടായപ്പോള്‍ സ്വന്തം പുസ്തകങ്ങളും കൂടി വിററു ഡൊമിനിക്കു ദരിദ്രരെ സഹായിച്ചു. 25-ാമത്തെ വയസ്സില്‍ ഓസ്മാ എന്ന പ്രദേശത്തെ കാനണ്‍സിന്റെ സുപ്പീരിയറായി. ഫ്രാന്‍സില്‍ തന്റെ ബിഷപ്പിന്റെ കൂടെ ഒരുയാത്ര ചെയ്തു. ആല്‍ബിജെന്‍സിയന്‍ പാഷണ്ഡത വരുത്തികൂട്ടിയിരുന്ന നാശം അദ്ദേഹം നേരില്‍ കണ്ടു. ശേഷം ജീവിതം പാഷണ്ഡികളുടെ മാനസാന്തരത്തിനും വിശ്വാസ സംരക്ഷണത്തിനുമായി അദ്ദേഹം ചെലവഴിച്ചു.

ഇതിനായി അദ്ദേഹം മൂന്നു സന്യാസസഭകള്‍ സ്ഥാപിച്ചു. ചെറിയ പെണ്‍കുട്ടികളെ പാഷണ്ഡതയില്‍നിന്നും അബദ്ധങ്ങളില്‍നിന്നും സംരക്ഷിക്കാന്‍ സ്ത്രീകള്‍ക്കായി ഒരു സഭ ആദ്യം അദ്ദേഹം തുടങ്ങി . അക്കാലത്തു ഭക്തരായ ചിലര്‍ അദ്ദേഹത്തോടു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായി. അവരെയെല്ലാം ചേര്‍ത്ത്, ‘ഫ്രയര്‍ പ്രീച്ചേഴ്‌സ്” (പ്രഭാഷക സഹോദരര്‍) എന്ന പേരില്‍ വേറൊരു സഭ ആരംഭിച്ചു. പിന്നീടു കുടുംബ ജീവിതം നയിക്കുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി മൂന്നാം സഭ ആരംഭിച്ചു. ദൈവം പുതിയ സഭയെ ആശീര്‍വ്വദിച്ചു. അത് അതിവേഗം ഫ്രാന്‍സ്, ഇററലി, ഇംഗ്ലണ്ട്, സ്‌പെയിന്‍ മുതലായ രാജ്യങ്ങളില്‍ പരന്നു.

1208-ല്‍ പ്രൗവില്‍ (Proville) എന്ന സ്ഥലത്തുണ്ടായിരുന്ന ദൈവമാതൃ ദൈവാലയത്തില്‍ മുട്ടുകുത്തി തിരുസ്സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൈവമാതാവു പ്രത്യക്ഷപ്പെട്ടു ജപമാല നല്കിക്കൊണ്ട് അതു പ്രസംഗിക്കാന്‍ ആവശ്യപ്പെട്ടു. പാഷണ്ഡികള്‍ അദ്ദേഹത്തെ വധിക്കാന്‍പോലും പരിശ്രമിച്ചെങ്കിലും അവസാനം പാഷണ്ഡത തകര്‍ന്നു. രാത്രി പ്രാര്‍ത്ഥനയിലാണ് അദ്ദേഹം ചെലവഴിച്ചിരുന്നത് . രാവിലെ എഴുന്നേററു രക്തം പൊടിയുന്നതുവരെ സ്വശരീരത്തില്‍ ചമ്മട്ടികൊണ്ട് അടിച്ചിരുന്നുവെന്നു പറയപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അനേകരെ മാനസാന്തരപ്പെടുത്തിയിട്ടുണ്ട് . ജപമാല ഭക്തിയും എരിയുന്ന വാഗ്വിലാസവും ജീവിത വിശുദ്ധിയുമാണ് പാഷണ്ഡികളുടെ മാനസാന്തരത്തിന് വഴി തെളിച്ചത്. ക്ഷീണിതനായി 1221 ആഗസ്റ്റ് 6 ന് വിശുദ്ധ ഡോമിനിക് അന്തരിച്ചു.

ആഗസ്റ്റ് 7: വിശുദ്ധ കജെറ്റന്‍

ലൊമ്പാര്‍ഡിയില്‍ വിന്‍സെന്‍സാ എന്ന പ്രദേശത്ത് ഒരു കുലീന കുടുംബത്തില്‍ ഭക്തരായ മാതാപിതാക്കന്മാരില്‍നിന്നു കജെറ്റന്‍ ജനിച്ചു. ഭക്തയായ മാതാവു മകനെ കന്യകാംബികയുടെ സംരക്ഷണത്തില്‍ ഏല്പിച്ചു. കുട്ടി വളര്‍ന്നുവന്നപ്പോള്‍ ഈശോയുടെ എളിമയും ശാന്തതയും അനുസരണയും പാലിക്കു ന്നതില്‍ അത്യുത്സുകനായി കാണപ്പെട്ടു. ദൈവത്തിലേക്ക് ഉയരാത്ത സംഭാഷണം കജെറ്റന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ദീര്‍ഘമായ ഭക്താഭ്യാസങ്ങളും പ്രാര്‍ത്ഥനയും അദ്ദേഹത്തിന് എത്രയും പ്രിയംകരമായിരുന്നു. 36-ാമത്തെ വയസ്സില്‍ വൈദികനായി റോമന്‍ കൂരിയയില്‍ കുറേനാള്‍ ജോലി ചെയ്തു; പിന്നീടു സ്വദേശത്തേക്കു മടങ്ങി.

42-ാമത്തെ വയസ്സില്‍ മാറാത്ത രോഗക്കാര്‍ക്ക് കജെറ്റന്‍ ഒരാശുപത്രി ആരംഭിച്ചു. വൈദിക ജീവിത നവീകരണത്തെ ഉദ്ദേശിച്ച് അദ്ദേഹം തീയറ്റിന്‍സ് എന്നറിയപ്പെടുന്ന സന്യാസസഭ ആരംഭിച്ചു. അവര്‍ സുവിശേഷം പ്രസംഗിക്കുന്നതിലും കൂദാശകള്‍ കൈകാര്യം ചെയ്യുന്നതിലും അതീവ ഔത്സുക്യം പ്രദര്‍ശിപ്പിച്ചിരുന്നു. കാല്‍വിന്റെ പാഷണ്ഡ തയ്ക്കു സിദ്ധൗഷധമായി നാല്പതു മണി ആരാധന ആദ്യം ആരംഭിച്ചതു വി. കജെററനാണ്. ദൈവമാതാവിനോടു ഫാദര്‍ കജെററനു വളരെ ഭക്തിയുണ്ടായിരുന്നു; അതിനു സമ്മാനമായി ഒരു ക്രിസ്മസ്സിന്റെ തലേദിവസം ഉണ്ണീശോയെ അദ്ദേ ഹത്തിന്റെ കരങ്ങളില്‍ ദൈവമാതാവു വച്ചുകൊടുക്കുകയു ണ്ടായി. ബൂര്‍ബന്റെ നേതൃത്വത്തില്‍ ജര്‍മ്മന്‍കാര്‍ റോം ആക്രമിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തിന്റെ കൈയില്‍ പണമുണ്ടാകുമെന്നു കരുതി അതു പിടിച്ചെടുക്കാന്‍ അദ്ദേഹത്തെ കഠിനമായി മര്‍ദ്ദിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ സമ്പത്തൊക്കെ ദരിദ്രര്‍ക്കു പണ്ടേ കൊടുത്തുകഴിഞ്ഞിരുന്നു. 1530- വെനിസ്സില്‍ പ്‌ളേഗു പടര്‍ന്നുപിടിച്ചപ്പോള്‍ കജെറ്റന്‍ ത്യാഗപൂര്‍വ്വകമായ സേവനം ചെയ്തു. അതിനും പുറമേ വെറോണയിലും നേപ്പിള്‍സിലും തീയെറ്റയിന്‍ സഭയുടെ ശാഖാമന്ദിരങ്ങള്‍ തുറന്ന് ആ രണ്ടു പട്ടണങ്ങള്‍ക്കും അദ്ദേഹം വിശിഷ്ട സേവനം ചെയ്തിട്ടുണ്ട്. രണ്ടു സ്ഥലത്തും അദ്ദേഹം സുപ്പീരിയറായിരുന്നു.

മൃതികരമായ രോഗത്തിന് അധീനനായപ്പോള്‍ അദ്ദേഹം കടുത്ത ഒരു പലകയില്‍ തന്നെ കിടത്തണമെന്ന് ആവശ്യപ്പെട്ടു. കുരിശില്‍ മരിച്ച ദിവ്യരക്ഷകനെ അനുകരിക്കാനാണ് അദ്ദേഹം ഇങ്ങനെ ആവശ്യപ്പെട്ടത്. അവസാനം വെറും തറയില്‍ ഒരു ചാക്കു വിരിച്ച് അദ്ദേഹത്തെ കിടത്തി. അവിടെ കിടക്കുമ്പോള്‍ ദൈവമാതാവിനെ പ്രഭാപൂരിതയായി കണ്ടു. അദ്ദേഹം പ്രാര്‍ത്ഥിച്ചു:”നാഥേ, എന്നെ ആശീര്‍വ്വദിക്കണമേ.” കന്യകാംബിക പ്രതിവചിച്ചു: ‘കജെറ്റന്‍, എന്റെ മകന്റെ ആശീര്‍വ്വാദം സ്വീകരിക്കുക. നിന്റെ സ്‌നേഹത്തിന്റെ ആത്മാര്‍ത്ഥതയ്ക്കു സമ്മാനമായി നിന്നെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കാന്‍ ഇതാ ഞാന്‍ ഇവിടെ ഉണ്ട്. 1547 ആഗസ്‌ററ് 7-ാം തീയതി അദ്ദേഹം ദിവംഗതനായി.

ആഗസ്‌ററ് 6: ക്രിസ്തുവിന്റെ രൂപാന്തരം

ജീവിതസങ്കടങ്ങളുടെ സമാപനം സ്വര്‍ഗ്ഗീയ മഹത്വത്തിലാണെന്നുള്ള തത്വം അപ്പസ്‌തോലന്മാരെ ബോദ്ധ്യപ്പെടുത്താന്‍ ക്രിസ്തുവിന്റെ ദൗര്‍ബല്യത്തിന്റെ നിദാനമായ തിരശ്ശീല സ്വല്പനേരത്തേക്കൊന്നു മാറ്റിവച്ചു. തന്റെ കുരിശുമരണത്തിന്റെ ഒരു വര്‍ഷം മുമ്പു ഗലീലിയില്‍ താബോര്‍ മലയില്‍ വച്ചാണ് ഇതു സംഭവിച്ചത്. ഈശോ പത്രോസിനേയും യാക്കോബിനേയും യോഹന്നാനേയും മാത്രം കൂട്ടിക്കൊണ്ട് ആ മലയിലേക്കു പോയി; അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു.
അവിടുത്തെ മുഖം സൂര്യസമാനം ശോഭിച്ചു, അവിടുത്തെ വസ്ത്ര ങ്ങള്‍ മഞ്ഞുപോലെ വെണ്മ പൂണ്ടു. മൂശയും ഏലിയാസും അവിടുത്തോടു സംഭാഷിക്കുന്നതായി കണ്ടു. അപ്പോള്‍ പത്രോസു പറഞ്ഞു: ‘കര്‍ത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്ന് . അങ്ങേക്കിഷ്ടമെങ്കില്‍ ഞങ്ങള്‍ ഇവിടെ മൂന്നു കൂടാരം നിര്‍മ്മിക്കാം! ഒന്ന് അങ്ങേക്ക്, ഒന്നു മൂശയ്ക്ക്, ഒന്നു ഏലിയാസിന് – പത്രോസ് ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ പ്രകാശമാനമായ ഒരു മേഘപടലം വന്ന് അവരെ മറച്ചുകളഞ്ഞു. ഉടനെ അവനെന്റെ പ്രിയപുത്രനാകുന്നു. അവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു. അവനെ ശ്രവിക്കുവിന്‍” എന്നൊരു സ്വരം മേഘത്തില്‍നിന്നു കേള്‍ക്കപ്പെട്ടു”(മത്താ 9: 1-5).

പ്രാചീന പിതാക്കന്മാരുടെ പ്രതിനിധിയായി മൂശയും പ്രവാചകന്മാരുടെ പ്രതിനിധിയായി ഏലിയാസും പ്രത്യക്ഷ പ്പെട്ടു. അവര്‍ കര്‍ത്താവിന്റെ കുരിശുമരണത്തെപ്പറ്റിയാണു സംസാരിച്ചിരുന്നതെന്നു പറയുന്നു. ഗാഗുല്‍ത്തായിലെ രൂപാന്തരം അവര്‍ അനുസ്മരിച്ചു.

ഈശോയുടെ മൂന്ന് അപ്പസ്‌തോലന്മാര്‍ക്ക് ഈ കാഴ്ച സ്വര്‍ഗ്ഗത്തിന്റെ രുചിയെന്താണെന്നു മനസ്സിലാക്കാനൊരവസരമായി. ഈശോയുടെ പരസ്യ ജീവിതത്തിലെ ഈ പ്രധാന അന്തിമസംഭവം തിരഞ്ഞെടുക്കപ്പെട്ട മൂന്ന് അപ്പസ്‌തോലന്മാരുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുപകരിച്ചു.

നാലാം ശതാബ്ദം മുതല്‍ ഈശോയുടെ മറുരൂപപ്പെരുന്നാള്‍ തിരുസ്സഭയില്‍ കൊണ്ടാടാന്‍ തുടങ്ങി. പൗരസ്ത്യസഭയില്‍ ഈ തിരുനാളിന് വളരെ പ്രാധാന്യമുണ്ടായിരുന്നു. ആര്‍മീനിയന്‍ സഭയില്‍ ഈ തിരുനാളിന് ഒരുക്കമായി ആറു ദിവസത്തെ ഉപവാസമനുഷ്ഠിച്ചിരുന്നു. തിരുനാള്‍ മൂന്നു ദിവസമായിട്ടാണ് ആഘോഷിച്ചിരുന്നത്. 1456-ല്‍ കലിക സ്‌ററസു തൃതീയന്‍ പാപ്പാ ഈ തിരുനാള്‍ സാര്‍വ്വത്രികമാക്കി.

ആഗസ്റ്റ് 5: വിശുദ്ധ ഓസ്വാള്‍ഡ്

നോര്‍ത്തം ബ്രിയായിലെ എഥെല്‍ഫ്രിഡു രാജാവിന്റ രണ്ടാമത്തെ മകനാണ് ഓസ്വാള്‍ഡ് . 617-ല്‍ പിതാവ് ഒരു യുദ്ധത്തില്‍ കൊല്ലപ്പെട്ടു. മക്കള്‍ സ്‌കോട്ട്‌ലന്റില്‍ അഭയം തേടി; അവിടെവച്ച് അവര്‍ ക്രിസ്തുമതം സ്വീകരിക്കാനിടയായി. 633-ല്‍ എഥെല്‍ ഫ്രിഡിന്റെ മക്കള്‍ നോര്‍ത്തംബ്രിയാ യിലേക്കു മടങ്ങി . അവസാനം കിരീടം ഓസ്വാള്‍ഡിന്റെ ശിരസ്സിലായി. അക്കാലത്ത് ബ്രിട്ടനിലെ രാജാവായ കാഡ് വാല നോര്‍ത്തം ബ്രിയായെ സര്‍വ്വശക്തികളോടുംകൂടെ ആക്രമിച്ചു. യുദ്ധത്തിന്റെ തലേദിവസം സൈന്യത്തിന്റെ മുമ്പാകെ ഒരു മരക്കുരിശു നാട്ടിക്കൊണ്ട് ഓസ്വാള്‍ഡ് രാജാവ് വിളിച്ചു പറഞ്ഞു: ‘സര്‍വ്വശക്തനായ ഏകദൈവത്തിന്റെ മുമ്പില്‍ മുട്ടു മടക്കി അഹങ്കാരിയായ നമ്മുടെ ശത്രുവില്‍ നിന്ന് നമ്മളെ രക്ഷി ക്കണമേയെന്നു പ്രാര്‍ത്ഥിക്കാം. നാം നമ്മുടെ രാജ്യത്തിനും നമ്മുടെ ജീവനും വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് അവി ടുത്തേക്ക് അറിയാം”. കുരിശു നാട്ടിയ സ്ഥലത്തിന്റെ പേര് ഹെവന്‍ഫെത്ത് (സ്വര്‍ഗ്ഗവയല്‍) എന്നായിരുന്നു.

യുദ്ധത്തില്‍ കാഡ്‌വാല വധിക്കപ്പെടുകയും വാള്‍ഡ് പൂര്‍ണ്ണ വിജയം നേടുകയും ചെയ്തു. ഓസ് അനന്തരം സ്‌കോട്ട്‌ലന്റില്‍നിന്ന് ഏതാനും സന്യാസികളെ സുവിശേഷം പ്രസംഗിക്കാന്‍ വരുത്തുകയും രാജ്യമാസകലം ക്രിസ്തീയ ചൈതന്യം സംജാതമാക്കുകയും ചെയ്തു. അവരുടെ തലവനാണ് പിന്നീട് മെത്രാനായി അഭിഷിക്തനായ വിശുദ്ധ അയിഡാന്‍. പള്ളികളും ആശ്രമങ്ങളും അദ്ദേഹം ധാരാളം പണിതു.

ഓസ്വാള്‍ഡ് രാജാവിന്റെ എളിമയും പരസ്‌നേഹവും സര്‍വ്വത്ര പ്രകീര്‍ത്തിതമാണ്. ഒരു ഉയിര്‍പ്പു തിരുനാള്‍ ദിവസം ദരിദ്രര്‍ക്കു തയ്യാറാക്കിയ ഭക്ഷണം തികയുന്നില്ലെന്നു കേട്ടപ്പോള്‍ സ്വന്തം മേശയിലിരുന്ന മാംസം കഷണങ്ങളായി മുറിച്ച് അവര്‍ക്കു കൊടുത്തയച്ചു. ഇതു കണ്ടപ്പോള്‍ മേശക്കിരുന്നിരുന്ന വിശുദ്ധ അയിഡാന്‍ പറഞ്ഞു: ‘ഈ കരം ഒരിക്കലും അഴിയാതിരിക്കട്ടെ .’ തന്റെ കാലം വരെ ഈ കരം അഴിഞ്ഞിട്ടില്ലായിരുന്നു വെന്ന് വിശുദ്ധ ബീഡ് പ്രസ്താവിച്ചുകാണുന്നുണ്ട് .

വിശുദ്ധ ഓസ്വാള്‍ഡ് എട്ടുവര്‍ഷം ഐശ്വര്യപൂര്‍വ്വം രാജ്യം ഭരിച്ചു. അങ്ങനെയിരിക്കേ മേഴ്സിയായിലെ പെന്റാ എന്ന ദുഷ്ടരാജാവ് ഓസ്വാള്‍ഡിനെ ആക്രമിക്കുകയും 642 ആഗസ്റ്റ് 5-ാം തീയതി മേസര്‍ഫീല്‍ഡ് എന്ന സ്ഥലത്ത് യുദ്ധത്തിനി ടയ്ക്ക് മരിച്ചുവീഴുകയും ചെയ്തു. അദ്ദേഹത്തിന്റെ കൈകാലുകള്‍ ഛേദിച്ചു തൂണുകളിന്മേല്‍ നാട്ടുകയുണ്ടായി. അടുത്ത വര്‍ഷം രാജസോദരന്‍ ഈ പൂജ്യാവശിഷ്ടങ്ങള്‍ എടുത്ത് യഥാവിധം സംരക്ഷിച്ചു.

ആഗസ്‌ററ് 4: വിശുദ്ധ ജോണ്‍ വിയാനി

ഫ്രാന്‍സില്‍ ലിയോണ്‍സിനു സമീപമുള്ള ഡാര്‍ഡില്ലി എന്ന ഗ്രാമത്തില്‍ മാത്യു വിയാനിയുടേയും മരിയായുടേയും മകനായി ജോണ്‍ ജനിച്ചു. മാതാപിതാക്കന്മാര്‍ ഭക്തരായ കര്‍ഷകരായിരുന്നു. മതാഭ്യസനം മര്‍ദ്ദന വിധേയമായിരുന്ന കാലത്താണ് ജോണ്‍ വിയാനിയുടെ ബാല്യവും യൗവ്വനവും. രാത്രിയാണ് വൈദികര്‍ ഉപദേശവും മറ്റും നല്കിയിരുന്നത്. ആഗസ്‌ററ് 1 ജോണിന് 20 വയസ്സുള്ളപ്പോള്‍ ആബെ ബെയിലിയുടെ സ്‌ക്കൂളില്‍ അവന്‍ പഠനമാരംഭിച്ചു. ലത്തീന്‍ ജോണിന്റെ തലയില്‍ തീരെ കയറിയിരുന്നില്ല. നെപ്പോളിയന്റെ നിര്‍ബന്ധ സൈനിക സേവനത്തെ മറികടന്ന് നോവെയില്‍ ഒരു വര്‍ഷം കുട്ടികളെ പഠിപ്പിച്ചു. 1810-ല്‍ ജോണ്‍ തന്റെ കുടുംബാവകാശം സ്വസഹോദരന്‍ ഫ്രാന്‍സിസ്സിന് വിട്ടുകൊടുത്തു; ജോണിനുപകരം ഫ്രാന്‍സിസു സൈനികസേവനം നിര്‍വ്വഹിക്കാന്‍ സമ്മതിക്കുകയും ചെയ്തു. ആബെ ബെയിലിയുടെ സ്‌ക്കൂളില്‍ കുറേ നാള്‍കൂടെ പഠിച്ചതിനുശേഷം 1813-ല്‍ ജോണ്‍ സെമ്മിനാരിയില്‍ ചേര്‍ന്നു. പഠനം തൃപ്തികരമല്ലെന്നും സ്വഭാവം വിശിഷ്ടമാണെന്നും റെക്ടര്‍ ലിയോണ്‍സിലെ വികാരി ജനറാള്‍ മോണ്‍കൂര്‍ബനെ അറിയിച്ചു.

വികാരി ജനറാള്‍ റെക്ടരോട് ചോദിച്ചു: ”വിയാനി ഭക്തിപൂര്‍വ്വം കൊന്ത ചൊല്ലുമോ?” ദൈവഭക്തിയില്‍ ഒന്നാം സ്ഥാനം വിയാനിക്കാണെന്ന് റെക്ടര്‍ പറഞ്ഞു. എങ്കില്‍ വിയാനിക്ക് ഞാന്‍ പട്ടം കൊടുക്കാന്‍ പോകയാണ് . 1815 ആഗസ്‌ററ് 13-ാം തീയതി ജോണിന് പട്ടംകൊടുത്തു . രണ്ടു കൊല്ലം ബെയിലിയുടെ കീഴില്‍ അസിസ്‌ററന്റായി ജോലി ചെയ്തു. അനന്തരം ആഴ്സിലെ വികാരിയായി. കുമ്പസാരവും കുര്‍ബാനയുമില്ലാതെ ഡാന്‍സും മദ്യവും മേളവുമായി കഴിഞ്ഞിരുന്ന ആഴ്‌സ് ഒരു അനുതാപകേന്ദ്രമായി. തണുപ്പു കാലത്ത് 12 മണിക്കൂറും മറ്റു കാലങ്ങളില്‍ 18 മണിക്കൂറും ഫാദര്‍ വിയാനി കുമ്പസാരക്കൂട്ടില്‍ ചെലവഴിച്ചു പോന്നു. ഭക്ഷണം പുഴുങ്ങിയ ഉരുളക്കിഴങ്ങും പച്ചവെള്ളവുമായിരുന്നു. ആഴ്‌സിലെ മാനസാന്തരങ്ങള്‍ കണ്ട് പ്രകോപിതരായ പിശാചുക്കള്‍ ഫാദര്‍ ജോണിന്റെ കട്ടിലിന് തീവയ്ക്കുകയുണ്ടായി. കട്ടിലിന്റെ ഇഴകള്‍ തീകത്തിയിരിക്കുന്നത് നേരില്‍കണ്ടിട്ടുള്ള ആളാണ് ഈ വരികള്‍ എഴുതുന്നത്. ഫാദര്‍ ജോണ്‍ സന്മാര്‍ഗ്ഗ ശാസ്ത്രം പഠിച്ചിട്ടില്ലാത്ത ഒരു കപടഭക്തനാണെന്ന് ലിയോണ്‍ സിലെ മെത്രാന്‍ മുമ്പാകെ അസൂയാലുക്കളായ വൈദികരുടെ ആരോപണമുണ്ടായി. വികാരി ജനറാള്‍ നടത്തിയ പരിശോധനയില്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു.
വിയാനിക്ക് പഠനസാമര്‍ത്ഥ്യമില്ലെന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഉപദേശങ്ങളും എത്രയും സുന്ദരമായിരുന്നുവെന്നു ആബെമോണില്‍ എഴുതിയിരിക്കുന്ന ജീവചരിത്രം വിശദമാക്കുന്നുണ്ട് . പ്രസംഗങ്ങള്‍ ഫലിത സമ്മിശ്രവും ഹൃദയസ്പര്‍ശകവുമാണ്. തടിച്ച ഒരു സ്ത്രീ സ്വര്‍ഗ്ഗത്തിലേക്ക് പോകാന്‍ എന്തു ചെയ്യണമെന്ന് ഫാദര്‍ വിയാനിയോടു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ശ്രവിച്ചാലും.’ ‘രക്ഷയിലേക്കുള്ള മാര്‍ഗ്ഗം എത്രയും ഇടുങ്ങിയതും സങ്കുചിതവുമാണ്.’ 20 വര്‍ഷത്തിനിടയ്ക്ക് 20 ലക്ഷം പാപികള്‍ അദ്ദേഹത്തെ സമീപിച്ച് ഉപദേശം വാങ്ങിയിട്ടുണ്ട് . മെത്രാന്മാരും വൈദികരുംകൂടി അദ്ദേഹത്തിന്റെ കൂമ്പസാരക്കൂടിനെ സമീപിച്ചിരുന്നു. ഫ്രഞ്ചുഗവര്‍മെന്റ് അദ്ദേഹത്തിന് മാടമ്പി സ്ഥാനം നല്കിയിട്ടുണ്ട് . പ്രായശ്ചിത്തം കൊണ്ട് ശരീരം തീരെ മെലിഞ്ഞിരുന്നെങ്കിലും നേത്രങ്ങള്‍ അവസാനംവരെ ദൈവസ്‌നേഹത്തെ പ്രതി ബിംബിപ്പിച്ചിരുന്നു: കാര്യമായ രോഗമൊന്നും അദ്ദേഹത്തിനുണ്ടായിട്ടില്ല. ഒരാഴ്ചത്തെ ആലസ്യത്തിനുശേഷം 73-ാമത്തെ വയസ്സില്‍ 1859 ആഗസ്‌ററ് 4-ാം തീയതി അദ്ദേഹം ദിവംഗതനാകയാണുണ്ടായത്

ആഗസ്‌ററ് 3: വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയിമാര്‍ഡ്

വിശുദ്ധ കുര്‍ബാനയുടെ ഭക്തി പ്രോത്സാഹിപ്പിക്കാന്‍ വൈദികരുടെയും കന്യാസ്ത്രീകളുടെയും ഓരോ സന്യാസ സഭ സ്ഥാപിച്ച പീറ്റര്‍ ജൂലിയന്‍ എയിമാര്‍ഡ് 1811ല്‍ ഫ്രാന്‍സില്‍ ലാമുറേ എന്ന പ്രദേശത്തു ജനിച്ചു. ഭക്തമായ ഒരു ജീവിതത്തിന്റെ മകുടമെന്നവണ്ണം 23-ാമത്തെ വയസ്സില്‍ അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി. കുറേനാള്‍ ഇടവകകള്‍ ഭരിച്ചശേഷം അദ്ദേഹം മാരിസ്ററ് ഫാദേഴ്സിന്റെ സഭയില്‍ ചേര്‍ന്നു പ്രസിദ്ധനായ ഒരു പ്രഭാഷകനും ആധ്യാത്മിക നിയന്താവുമായി വിരാജിച്ചു.

1856-ല്‍ താന്‍ ചേര്‍ന്നിരുന്ന സഭയിലെ വ്രതങ്ങളില്‍നിന്ന് ഒഴിവുവാങ്ങി സ്വന്തമായി ഒരു സന്യാസസഭ പിറേറവര്‍ഷം ആരംഭിച്ചു. വിശുദ്ധ കുര്‍ബാനയുടെ വൈദികരുടെ സഭ എന്ന് അതിനു പേരിട്ടു. വിശുദ്ധ കുര്‍ബാനയുടെ നേര്‍ക്കുള്ള ഭക്തി പ്രചരിപ്പിക്കുകയായിരുന്നു ആ സഭയുടെ ലക്ഷ്യം. താമസിയാതെ അതേ ലക്ഷ്യത്തോടുകൂടി സ്ത്രീകള്‍ക്കായി ഒരു സഭ കൂടി ആരംഭിച്ചു. ഈ പ്രവര്‍ത്തനങ്ങളിലെല്ലാം വിശുദ്ധ ജോണ്‍ വിയാനിയുടെ പ്രോത്സാഹനം അദ്ദേഹത്തിനുണ്ടായിരുന്നു. വിവിധങ്ങളായ ഈ പ്രവര്‍ത്തനങ്ങളാല്‍ ക്ഷീണിതനായി 57-ാ മത്തെ വയസ്സില്‍ ദിവംഗതനായി. 1963-ല്‍ വിശുദ്ധനെന്ന് നാമകരണം ചെയ്യപ്പെട്ടു

ആഗസ്റ്റ് 2: വേഴ്‌സെല്ലിയിലെ വിശുദ്ധ എവുസേബിയൂസ് മെത്രാന്‍

സര്‍ദീനിയാ ദ്വീപില്‍ ഒരു കുലീന കുടുംബത്തില്‍ എവുസേബിയൂസു ഭൂജാതനായി. പിതാവ് ക്രിസ്തീയ വിശ്വാസത്തെ പ്രതി കാരാഗ്രഹത്തില്‍ കിടന്നാണ് മരിച്ചത്. എവുസേബിയൂസു ഭക്തിയില്‍ വളര്‍ന്നു; വിശുദ്ധ സില്‍വെസ്‌റററിന്റെ കരങ്ങളില്‍നിന്ന് പട്ടം സ്വീകരിച്ചു. 340-ല്‍ പീഡുമോണ്ടില്‍ വെര്‍സെല്ലിയിലെ മെത്രാനായി. അദ്ദേഹം ഇടവക വൈദികര്‍ക്ക് ആശ്രമവാസികളുടെ നിയമമാണ് കൊടുത്തത്. തല്‍ഫലമായി അദ്ദേഹത്തിന്റെ കീഴുണ്ടായിരുന്ന ഇടവക വൈദികര്‍ പല സ്ഥലങ്ങളിലും മെത്രാന്മാരായി.

പ്രശാന്തമായ ഈ ജീവിതം അധികം നാള്‍ നീണ്ടുനിന്നില്ല. കോണ്‍സ്‌ററന്റയിന്‍ ചക്രവര്‍ത്തി ആര്യനായിരുന്നു. 354-ല്‍ മിലാനില്‍ ഒരു സൂനഹദോസു ചേര്‍ന്നു. അത്തനേഷ്യസ്സിനെ ശപിക്കാന്‍ ചക്രവര്‍ത്തി സൂനഹദോസിനോടാവശ്യപ്പെട്ടു. ‘ഇത് അങ്ങയുടെ അഭിപ്രായ പ്രകാരം നിശ്ചയിക്കേണ്ട ഒരു ലൗകിക സംഗതിയല്ല” എന്ന് മെത്രാന്മാര്‍ മറുപടി നല്കി. ‘നിങ്ങള്‍ അനുസരിക്കുക; അല്ലെങ്കില്‍ ബഹിഷ്‌കരിക്കപ്പെടും” എന്ന് ചക്രവര്‍ത്തി പ്രഖ്യാപിച്ചു. അവിടെ സമ്മേളിച്ചിരുന്ന മെത്രാന്മാരെല്ലാം നാടുകടത്തപ്പെട്ടു. എവുസേബിയൂസു ആദ്യം പലസ്തീനായിലേക്കും അവിടെനിന്ന് കപ്പദോച്യായിലേക്കും പിന്നീട് ഈജിപ്തിലേക്കും നാടുകടത്തപ്പെട്ടു. അവിടെയെല്ലാം ബിഷപ്പ് എവുസേബിയൂസ് വളരെയേറെ സഹിക്കേണ്ടിവന്നു.

361-ല്‍ കോണ്‍സ്‌ററന്റയിന്‍ മരിച്ചു. ജൂലിയന്‍ ചക്രവര്‍ത്തി മതത്യാഗി ആയിരുന്നെങ്കിലും എല്ലാ മെത്രാന്മാര്‍ക്കും സ്വന്തം രൂപതകളിലേക്കു മടങ്ങാന്‍ അനുവാദം നല്കി. മാര്‍ഗ്ഗമദ്ധ്യേ അനേകരുടെ വിശ്വാസം ദൃഢവല്‍കരിച്ചുകൊണ്ട് വെഴ്‌സെല്ലി രൂപതയിലേക്ക് അദ്ദേഹം മടങ്ങി. ജെറോം പറയുന്നു 371-ല്‍ എവുസേബിയൂസു മരിച്ചുവെന്ന്

ആഗസ്‌ററ് 1: വിശുദ്ധ അല്‍ഫോണ്‍സ് ലിഗോരി മെത്രാന്‍

‘ഈ ചീട്ടുകളാണ് നിന്റെ പഠനവിഷയം. പണ്ഡിതരായ ഈ ഗ്രന്ഥകര്‍ത്താക്കളോടുള്ള സല്ലാപത്തിനിടയ്ക്ക് സമയം പോകുന്നത് നീ അറിയുന്നില്ല. പ്രഭുവംശജനായ ലിഗോരി തന്റെ മകന്‍ അല്‍ഫോണ്‍സിനോടു പറഞ്ഞ വാക്കുകളാണിവ. ഈ ദൃശമായ ശാസനയ്ക്ക് വിധേയനായ അല്‍ഫോണ്‍സ് 16-ാമത്തെ വയസ്സില്‍ നിയമത്തില്‍ ബിരുദമെടുത്ത് കേസുകള്‍ വാദിക്കാന്‍ തുടങ്ങി .

പത്തുകൊല്ലത്തോളം കോടതിയില്‍ പോയി അല്‍ഫോണ്‍സ് പല കേസുകളും വാദിച്ചു. ഒരു കേസും തോറ്റില്ല. അങ്ങനെയിരിക്കേ ഒരു വലിയ സംഖ്യയുടെ കൈമാററത്തെപ്പറ്റിയുള്ള ഒരു കേസില്‍ പ്രധാനമായ ഒരു രേഖകാണാതെ അല്‍ഫോണ്‍സ് കേസു വാദിക്കാനിടയായി. എതിര്‍ഭാഗം ആ രേഖകാണിച്ച് കേസു വാദിച്ചു ജയിച്ചു. അല്‍ഫോണ്‍സ് ഗദ്ഗദത്തോടെ പറഞ്ഞു: ”ലോകത്തിന്റെ മായാ സ്വഭാവം ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു. ഇനി ഞാന്‍ കോടതിയിലേക്കില്ല. അങ്ങനെ സ്വഭവനത്തില്‍ അല്‍ഫോണ്‍സ് താമസിച്ചുകൊണ്ടിരിക്കുമ്പോള്‍ ലോകം അതിന്റെതായ ആനന്ദം അദ്ദേഹത്തിന്റെ നേര്‍ക്ക് വച്ചു നീട്ടിയെങ്കിലും, ‘ലോകത്തെ ഉപേക്ഷിച്ചു നിന്നെത്തന്നെ പൂര്‍ണ്ണമായി എനിക്ക് തരിക, എന്ന ആന്തരിക സ്വരത്തെ ശ്രവിച്ച് പിതാവിന്റെ ഇംഗിതത്തിനെതിരായി 30-ാമത്തെ വയസ്സില്‍ വൈദികനായി.

മകന്റെ ആദ്ധ്യാത്മികത്വം അങ്ങേയറ്റം വെറുത്തിരുന്ന പിതാവ് ഒരു ദിവസം അദ്ദേഹത്തിന്റെ ഒരു പ്രസംഗം ശ്രവിക്കാനിടയായി. പ്രസംഗത്തിനുശേഷം മകനെ തെരഞ്ഞുപിടിച്ച് അദ്ദേഹത്തോട് പറഞ്ഞു:’ ‘മകനേ, ഞാന്‍ നിന്നോടു നന്ദിപറയുന്നു. ദൈവത്തെ അറിയുവാന്‍ നിന്റെ പ്രസംഗം എന്നെ സഹായിച്ചു. ഇത്ര പരിശുദ്ധവും ദൈവത്തിന് സംപ്രീതവുമായ ഒരന്തസ്സു നീ സ്വീകരിച്ചതില്‍ ഞാന്‍ അനുഗൃഹീതനും നിന്നോട് കൃതജ്ഞനുമാണ്.”

1731-ല്‍ അല്‍ഫോണ്‍സ് രക്ഷകന്റെ സഭ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ കര്‍ക്കശമായ ജീവിതരീതിയെ വെറുത്ത് സഭാംഗങ്ങള്‍ അദ്ദേഹത്തെ സഭയില്‍നിന്നു പുറത്താക്കി. എങ്കിലും 1762-ല്‍ അദ്ദേഹം സാന്ത് അഗാത്തു ദെല്‍ഗോത്തിയിലെ മെത്രാനായി 13 കൊല്ലം തീക്ഷ്ണതയോടെ ആത്മാക്കളുടെ രക്ഷയ്ക്കായി പ്രവര്‍ത്തിച്ചു. പരഹൃദയ ജ്ഞാനം ഉണ്ടായിരുന്ന ഈ മെത്രാന്‍ ദുര്‍മ്മാര്‍ഗ്ഗികളെ മുറയ്ക്ക് ശാസിക്കുകയും തിരുത്തുകയും ചെയ്തിരുന്നു.

ഭാരിച്ച ജോലികളുടെ ഇടയ്ക്ക് വലുതും ചെറുതുമായ 111 പുസ്തകങ്ങളെഴുതി സഭയെ അനുഗ്രഹിച്ചു. അദ്ദേഹത്തിന്റെ സന്മാര്‍ഗ്ഗശാസ്ത്രം പ്രസിദ്ധമായ ഒരു കൃതിയാണ്. ‘മരിയന്‍ മഹത്വങ്ങള്‍” എന്ന ഗ്രന്ഥംപോലെ വേറൊരു ഗ്രന്ഥം ദൈവമാതാവിനെപ്പറ്റി ആരും എഴുതിയിട്ടില്ല. ‘വി കുര്‍ബാനയുടെ സന്ദര്‍ശനങ്ങള്‍’ എന്ന ഗ്രന്ഥത്തിന് അദ്ദേഹ ത്തിന്റെ ജീവിതത്തില്‍ത്തന്നെ 41 പതിപ്പുകളുണ്ടായി. ഒരു നിമിഷം പോലും വൃഥാ ചിലവഴിക്കയില്ലെന്ന് അദ്ദേഹം ഒരു വ്രതമെടുത്തിരുന്നു. തലവേദനയുള്ളപ്പോള്‍ തണുത്ത ഒരു മാര്‍ ബിള്‍ കഷണം നെറ്റിയില്‍താങ്ങിപ്പിടിച്ച് വായനയും എഴുത്തും തുടര്‍ന്നിരുന്നു. പ്രശസ്തിയോടൊപ്പം വളരെയേറെ കഷ്ടത കളും അനുഭവിച്ച് 91-ാമത്തെ വയസ്സില്‍ നിര്യാതനായി .

Exit mobile version