പൗലോസ് ബെഞ്ചമിന്റെ ഗോത്രത്തില്‍ ഏഷ്യാമൈനറില്‍ ടാര്‍സൂസ് എന്ന നഗരത്തില്‍ ജനിച്ചു. അന്ന് ആ നഗരം റോമാക്കാരുടെ കൈവശമായിരുന്നതിനാല്‍ പൗലോസ് റോമന്‍ പൗരത്വം അവകാശപ്പെട്ടിരുന്നു. ജെറുസലേമില്‍ പ്രസിദ്ധനായ ഗമലിയേലിന്റെ അടുക്കല്‍ പൗലോസ് നിയമവും സാഹിത്യവും അഭ്യസിച്ചു. പ്രഥമ രക്തസാക്ഷിയായ സ്ററീഫന്റെ നേര്‍ക്കു കല്ലെറിഞ്ഞവരുടെ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്നത് സാവൂളാണ്; അതായിരുന്നു ക്രിസ്ത്യാനിയാകുന്നതുവരെ പൗലോസിന്റെ പേര് .
സാവൂളിന്റെ മാനസാന്തര ചരിത്രം നടപടി പുസ്തകത്തിലും ഗലാത്യര്‍ക്കുള്ള ലേഖനത്തിലും ചേര്‍ത്തിട്ടുണ്ട്. കര്‍ത്താവിന്റെ ശിഷ്യന്മാരെയെല്ലാം കൊന്നൊടുക്കുമെന്ന് ഓരോ ശ്വാസോച്ഛ്വാസത്തിലും ഭീഷണി മുഴക്കിയിരുന്ന സാവൂള്‍ മഹാപുരോഹിതനെ സമീപിച്ചു ക്രിസ്ത്യാനികളെ പിടിച്ചു കെട്ടി ജെറൂസലേമിലേക്കു കൊണ്ടുപോകുന്നതിനു ഡമാസ്‌കസ്സിലെ സംഘങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു. സാവൂള്‍ ഡമാസ് കസ്സിനു സമീപത്തെത്തിയപ്പോള്‍ ആകാശത്തു നിന്ന് ഒരു പ്രകാശം വീശുകയും അദ്ദേഹം നിലത്തു വീഴുകയും ചെയ്തു. ഈശോ പ്രത്യക്ഷപ്പെട്ടു ചോദിച്ചു: ”സാവൂള്‍ സാവൂള്‍, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു. നീ പീഡിപ്പിക്കുന്ന നസറത്തുകാരനായ ഈശോയാണു ഞാന്‍ (നട 9, 4-5). മര്‍ദ്ദകനായ സാവൂള്‍ പൗലോസായി മാറി. അനാനിയാസിന്റെ പക്കല്‍നിന്നു ജ്ഞാനസ്നാനം സ്വീകരിച്ചശേഷം പൗലോസ് കുറേദിവസം ഡമാസ്‌കസ്സില്‍ താമസിച്ചു. പിന്നീട് ഒന്നുരണ്ടു വര്‍ഷം അറേബിയായില്‍ ധ്യാനത്തില്‍ കഴിച്ചുകൂട്ടി. അനന്തരം പൗലോസ് ഡമാസ്‌കസ്സിലേക്കു മടങ്ങുകയും അവിടെ ക്രിസ്തുവിന്റെ ദൈവത്വം പ്രസംഗിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം യഹൂദരുടെ വിദ്വേഷപാത്രമായി. തന്നിമിത്തം അവിടെനിന്നു രക്ഷപ്പെട്ടു ജെറൂസലേമില്‍ വന്നു പത്രോ സിനെ കണ്ടു ബഹുമാനാദരങ്ങള്‍ പ്രകടിപ്പിച്ചു. പതിനഞ്ചു ദിവസം പൗലോസ് ജെറൂസലേമില്‍ താമസിച്ചു. വീണ്ടും അദ്ദേഹം ടാര്‍സൂസിലേക്കു മടങ്ങി സുവിശേഷ പ്രസംഗം തുടങ്ങി.
ക്രിസ്താബ്ദം 45 മുതല്‍ 57 വരെയാണു ശ്ലീഹായുടെ മൂന്നു മിഷന്‍ യാത്രകള്‍. 57-ല്‍ കേസരെയായില്‍വച്ച് അദ്ദേഹം ബന്ധനസ്ഥനായി : രണ്ടുകൊല്ലം അവിടെ കാരാഗൃഹത്തില്‍ കിടന്നശേഷം റോമയിലെത്തി. അവിടെവച്ചു വീണ്ടും ശ്ലീഹാ ബന്ധിതനായി. 67-ാം ആണ്ട് ജൂണ്‍ 19-ാം തീയതി റോമയില്‍ വിയാഓസ്തിയായില്‍ വച്ചു ശ്ശീഹായുടെ തലവെട്ടിയെന്നും മൂന്നു പ്രാവശ്യം ആ ശിരസ്സു കുതിച്ചുചാടിയെന്നും ശിരസ്സു പതിച്ച ഓരോ സ്ഥലത്തും ഓരോ ഉറവ ഉണ്ടായെന്നും പറയപ്പെടുന്നു.
ശ്ലീഹാ 14 ലേഖനങ്ങള്‍ പല സഭകള്‍ക്കും ആളുകള്‍ക്കുമായി എഴുതിയിട്ടുണ്ട്. അവയില്‍ ശ്ലീഹായുടെ ആദ്യാത്മികത്വവും പാണ്ഡിത്യവും തെളിഞ്ഞു കാണാം.