ജൂലൈ 10: ഏഴു സഹോദര രക്തസാക്ഷികളും അമ്മ ഫെലിച്ചിത്താസും

അന്റോണിനൂസ് ചക്രവര്‍ത്തിയുടെ കാലത്തു റോമയില്‍ വച്ചു നടന്ന കരളലിയിക്കുന്ന ഒരു സംഭവത്തിന്റെ ചരിത്രമാണിത്. ഫെലിച്ചിത്താസ് എന്നൊരു വിധവയ്ക്ക് ഏഴു മക്ക ളുണ്ടായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം ഈ വിധവ തന്റെ കുട്ടികളെ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ദൈവഭക്തിയിലും വളര്‍ത്തിക്കൊണ്ടുവന്നു. ഇവരുടെ സന്മാതൃക കണ്ടു വിജാതീയര്‍ പലരും ക്രിസ്തുമതം ആശ്ലേഷിക്കാനിടയായി. ഇതു വിജാതീയ പുരോഹിതന്മാരെ പ്രകോപിപ്പിക്കുകയും ഫെലിച്ചിത്താസിനെതിരായി ചക്രവര്‍ത്തിയുടെ അടുക്കല്‍ അവര്‍ ആവലാതിപ്പെടുകയും ചെയ്തു. അവളുടെ ക്രിസ്തുമതഭക്തി ദേവന്മാരുടെ ആരാധനയില്‍നിന്നു ജനങ്ങളെ അകറ്റുന്നതിനാല്‍ ദേവന്മാരുടെ സഹായം സാമ്രാജ്യത്തിന് ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന് അവര്‍ പരാതിപ്പെട്ടു. ഈ സ്ത്രീയോടും മക്കളോടും ദേവന്മാരെ ആരാധിക്കണമെന്ന് ചക്രവര്‍ത്തി ആജ്ഞാപിച്ചാലേ സാമ്രാജ്യത്തിനു ദേവാനുഗ്രഹമുണ്ടാകുകയുള്ളൂവെന്ന് അവര്‍ വാദം മുഴക്കി.

പുരോഹിതന്മാരുടെ ഇഷ്ടം നിറവേറ്റി കൊടുക്കാന്‍ റോമയിലെ പ്രീഫെക്ടായിരുന്ന പുബ്‌ളിയൂസിനോടു ചക്രവര്‍ത്തി ആജ്ഞാപിച്ചു. അദ്ദേഹം ഫെലിച്ചിത്താസിനേയും ഏഴു മക്കളേയും അറസ്റ്റു ചെയ്തു. മധുരവാഗ്ദാനങ്ങള്‍ ഫലിക്കാതായപ്പോള്‍ പ്രീഫെക്ട് പറഞ്ഞു: ”ഫെലിച്ചിത്താസ്, മക്കളോടു ദയ കാണിക്കുക. അവര്‍ യുവാക്കളാണ്. വലിയ സ്ഥാനമാനങ്ങള്‍ അവരെ കാത്തിരിക്കുന്നു.” പുണ്യ വതിയായ അമ്മ പ്രതിവചിച്ചു: ”അങ്ങയുടെ കാരുണ്യം ക്രൂരതയാണ്. അങ്ങ് ഉപദേശിക്കുന്ന ഈ കാരുണ്യം എന്നെ ക്രൂര യായ ഒരമ്മയാക്കും.” അനന്തരം മക്കളുടെ നേരെ തിരിഞ്ഞ് അവള്‍ പറഞ്ഞു: ”എന്റെ മക്കളേ, ഈശോയും അവിടുത്തേ വിശുദ്ധരും സ്വര്‍ഗ്ഗത്തില്‍ നിങ്ങളെ കാത്തുനില്ക്കുന്നു. അവിടേക്കു നോക്കുവിന്‍. അവിടുത്തോടുള്ള സ്‌നേഹത്തില്‍ നിങ്ങള്‍ വിശ്വസ്തരായിരിക്കുവിന്‍. നിങ്ങളുടെ ആത്മാക്കള്‍ക്കായി നിങ്ങള്‍ ധീരതാപൂര്‍വ്വം സമരം ചെയ്യുക.”

പുബ്‌ളിയൂസ് ഏഴുപേരേയും തനിച്ചു തനിച്ചു വിളിച്ചു ദേവന്മാരെ ആരാധിക്കാന്‍ ഉപദേശിച്ചു. ഏഴുപേരും നിത്യാഗ്നിയില്‍ പോകുന്നതിനെക്കാള്‍ രക്തസാക്ഷിത്വത്തെ സ്വാഗതം ചെയ്തു. മൂത്തമകന്‍ ജാനുവരിയൂസ് അടിച്ചുകൊല്ലപ്പെട്ടു. ഫെലിക്‌സിനേയും ഫിലിപ്പിനേയും ഗദകൊണ്ട് അടിച്ചുകൊന്നു. സില്‍വാനൂസിനെ ഒരു കുന്നിന്റെ മുകളില്‍നിന്നു കീഴോട്ടു തള്ളിയിട്ടു. അലെക്സാന്‍ഡര്‍, വെറ്റാലിസ്, മാര്‍ഷിയാലിസ് എന്ന മൂന്നുപേരുടെ തല വെട്ടിനീക്കി. നാലുമാസം കഴിഞ്ഞ് അമ്മയേയും അങ്ങനെതന്നെ വധിച്ചു.

ജൂലൈ 9: വിശുദ്ധ വെറോനിക്കാ ജൂലിയാനി

വെറോനിക്കാ ജൂലിയാനി ഇറ്റലിയില്‍ മെര്‍കാറ്റിലോ എന്ന പ്രദേശത്തു ജനിച്ചു. ഉര്‍സൂളാ എന്നായിരുന്നു ജ്ഞാന സ്‌നാന നാമം. ബാല്യം മുതല്‍ക്കേ ദരിദ്രരോട് അവള്‍ വളരെ പ്രതിപത്തി കാണിച്ചിരുന്നു. അവശര്‍ക്കു തനിക്കാവശ്യമില്ലാത്തവയില്‍നിന്നു ദാനം ചെയ്യുകയല്ലാ ചെയ്തിരുന്നത്; പ്രത്യുത ടൂഴ്‌സിലെ മാര്‍ട്ടിനെപ്പോലെ സ്വന്തം വസ്ത്രങ്ങളില്‍നിന്നു തന്നെ ദാനം ചെയ്തിരുന്നു. 11-ാമത്തെ വയസ്സുമുതല്‍ ദൈവമാതാവിനോടും കര്‍ത്താവിന്റെ പീഡാനുഭവത്തോടും പ്രത്യേക ഭക്തി അഭ്യസിച്ചിരുന്നു.

ചില തെറ്റുകള്‍ ചെറുപ്പത്തില്‍ ഉര്‍സൂളയ്ക്കുണ്ടായിരുന്നു. താന്‍ അഭ്യസിക്കുന്ന ഭക്തികള്‍ അഭ്യസിക്കാത്തവരോട് അവള്‍ക്ക് ഒരു വെറുപ്പ്. അപ്പച്ചന് ഉയര്‍ന്ന ഒരു ഉദ്യോഗം ലഭിച്ചപ്പോള്‍ അവള്‍ക്ക് മായാസ്തുതി തോന്നി; അപരരോടു പുച്ഛവും തോന്നിയിരുന്നു. എന്നാലും ശിശുവായിരുന്നപ്പോള്‍ ഒരു കന്യാസ്ത്രീയാകാന്‍ ചെയ്ത തീരുമാനത്തിന് ഇളക്കമൊന്നും വന്നില്ല. പിതാവു വിവാഹക്കാര്യം അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ എതിര്‍പ്പു പ്രകാശിപ്പിച്ചുവെന്നു മാത്രമല്ല രോഗിയായി മാറാനും തുടങ്ങി. പിതാവ് ഉടനെ കന്യാസ്ത്രീയാകാന്‍ അനുവാദം നല്കി. അവള്‍ ചിത്താ ദെ കസ്‌തെല്ലായിലുള്ള ക്ലാര മഠത്തില്‍ ചേര്‍ന്നു. പീഡാനുഭവത്തോടുള്ള ഭക്തി പ്രകര്‍ഷത്താല്‍ അവള്‍ വെറോനിക്കാ എന്ന നാമം സ്വീകരിച്ചു. സ്വീകരണദിനം കഴിഞ്ഞപ്പോള്‍ ബിഷപ് മഠാധിപയോടു രഹസ്യമായി പറഞ്ഞു: ”ഈ മകളെ അങ്ങയുടെ പ്രത്യേക സൂക്ഷത്തിനേല് പിക്കുന്നു. അവള്‍ ഒരിക്കല്‍ ഒരു മഹാ വിശുദ്ധയാകും.”

ക്ലാരസഭയിലെ തപോനിയമങ്ങളെല്ലാം അക്ഷരം പ്രതി വെറോനിക്ക അനുസരിച്ചുപോന്നു. സ്വന്തമായി ചിലതു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അവളുടെ ഈ ഭക്തിപ്രകര്‍ഷം നിഗളമായി ചിലര്‍ വ്യാഖ്യാനിക്കാന്‍ തുടങ്ങിയതുകൊണ്ട് വിശുദ്ധീകരണത്തിനു പുതിയ മാര്‍ഗ്ഗം തുറന്നു.

1678-ല്‍ വ്രതവാഗ്ദാനം ചെയ്തതപ്പോള്‍ കര്‍ത്താവിനു നല്കിയ ജ്ഞാനപുഷ്പമഞ്ജരിയില്‍ ഒതുങ്ങിയിരുന്ന ഒരാഗ്രഹം പാപികളുടെ മാനസാന്തരത്തിനു വേണ്ടി സഹിക്കുകയായിരുന്നു. അന്നു കര്‍ത്താവു കുരിശു വഹിക്കുന്ന ഒരു കാഴ്ച ഉണ്ടായെന്നും ഹൃദയത്തില്‍ ഒരു കുരിശു പതിച്ചു കിടന്നു വെന്നും പറയുന്നു. 1694-ല്‍ പഞ്ചക്ഷതങ്ങളും കര്‍ത്താവിന്റെ മുള്‍മുടിയുടെ മുറിവുകളും അവളുടെ ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടു. ഇത് അതിസ്വാഭാവികമാണോ എന്നറിയാന്‍ മുറിവുകള്‍ മാറ്റാന്‍ ചികിത്സിച്ചു നോക്കി. ഫലമൊന്നുമുണ്ടായില്ല. ഇതിനിടയ്ക്കു നോവിസ് മിസ്ട്രസ്സിന്റെ ഭാരമേറിയ ജോലി നിര്‍വ്വഹിച്ചിരുന്നു. 1716-ല്‍ താന്‍ താമസിച്ചിരുന്ന മഠത്തിലെ ആബെസ്സുമായി.

67 വയസ്സുള്ളപ്പോള്‍ ക്ഷിപ്രസന്നി (Apoplexy) എന്ന രോഗം പിടിപെട്ട് 1727 ജൂലൈ 9-ാം തീയതി വെറോനിക്കാ ദിവംഗതയായി. 1839-ല്‍ അല്‍ഫോണ്‍സ് ലിഗോരിയോടൊപ്പം പുണ്യവതി എന്ന് പേര് വിളിക്കപ്പെട്ടു.

ജൂലൈ 8: വിശുദ്ധ വിത്ത്ബുര്‍ഗാ

ഈസ്റ്റ് ആങ്കിള്‍സിന്റെ രാജാവായ അന്നാസിന്റെ സെക്‌സുബുര്‍ഗാ, എര്‍മെനുള്‍ഡാ, ഔഡി, വിത്ത്ബുര്‍ഗാ എന്നീ നാലു വിശുദ്ധ പുത്രികളില്‍ ഇളയവളാണ് ഇവിടെ പ്രതിപാദിക്കപ്പെടുന്ന വിശുദ്ധ. ശിശുപ്രായം മുതല്‍ തപോനിഷ്ഠമായ ഒരു ജീവിതമാണ് അവള്‍ നയിച്ചിരുന്നത്. നോര്‍ ഫോള്‍ക്കില്‍ കടല്‍ത്തീരത്തായിരുന്നു അവളുടെ താമസം.

പിതാവിന്റെ മരണത്തിനുശേഷം അജ്ഞാതമായ ഒരു മൂലയില്‍ ഏകാന്തത്തില്‍ അവള്‍ താമസിക്കാന്‍ തുടങ്ങി. വേറെ കന്യകമാരും വന്നുചേര്‍ന്നു. അവിടെ ഒരു മഠവും പള്ളിയും പണിയിക്കാന്‍ അവള്‍ തീരുമാനിച്ചു. എന്നാല്‍ പണിതീരുന്നതിനുമുമ്പ് 743 മാര്‍ച്ച് 17-ാം തീയതി അവള്‍ ദിവ്യമണവാളന്റെ സവിധത്തിലേക്കു പോയി. അവളുടെ ശരീരം ഡെര്‍ഹം സെമിത്തേരിയില്‍ സംസ്‌ക്കരിച്ചു. 55 വര്‍ഷം കഴിഞ്ഞിട്ടും അത് അഴുകാതെ കാണപ്പെട്ടതിനാല്‍ പള്ളിയിലേക്കു മാറ്റി.

1106-ല്‍ ശരീരം മറ്റു സഹോദരിമാരെ സംസ്‌ക്കരിച്ചിരുന്ന സ്ഥലത്തുതന്നെ കുഴിച്ചിട്ടു. അന്നു വിത്ത്ബുര്‍ഗായുടെ ശരീരം അഴുകിയിരുന്നില്ല. വെസ്റ്റു മിന്‍സ്റ്ററിലെ ഒരു സന്യാസിയായിരുന്ന വാര്‍ണര്‍ കൈപൊക്കിയും താഴ്ത്തിയും വിവരം ജനങ്ങള്‍ക്കു വ്യക്തമാക്കിക്കൊടുത്തു. ബിഷപ് ഹെര്‍ബെര്‍ട്ടും ഇതിന് സാക്ഷിയാണ്.

ജൂലൈ 7: വിശുദ്ധ പന്തേനൂസ്

സിസിലിയില്‍ രണ്ടാം ശതാബ്ദത്തില്‍ ജീവിച്ചിരുന്ന ഒരു സഭാപിതാവാണു പന്തേനൂസ്. ക്രിസ്ത്യാനികളുടെ ജീവിതപരിശുദ്ധിയാണു പന്തേനൂസിന്റെ മാനസാന്തരകാരണം. അപ്പസ്‌തോല ശിഷ്യന്മാരുടെ കീഴില്‍ അദ്ദേഹം വേദപുസ്തകം പഠിച്ചു. വിശുദ്ധ ഗ്രന്ഥപാനതീക്ഷ്ണത അദ്ദേഹത്തിന് അലെക്‌സാന്‍ഡ്രിയന്‍ സ്‌കൂളില്‍ ചേര്‍ന്നു പഠിക്കുന്നതിനു പ്രേരണ നല്കി.

അദ്ദേഹം തന്റെ പാണ്ഡിത്യം പ്രകാശിപ്പിക്കാന്‍ സ്‌കൂളില്‍ പോയതല്ല; തന്നിമിത്തം അദ്ദേഹത്തിന്റെ പാണ്ഡിത്യം അംഗീകരിക്കപ്പെട്ടത് 179-നു ശേഷമാണ്. അദ്ദേഹം പ്രവചനങ്ങളും സുവിശേഷങ്ങളും വ്യാഖ്യാനിക്കാന്‍ തുടങ്ങിയതോടെ അലെക്സാന്‍ട്രിയന്‍ സ്‌കൂള്‍ വളരെ പ്രശസ്തി ആര്‍ജ്ജിച്ചുവെന്ന് അലെക്സാന്‍ഡ്രിയായിലെ വിശുദ്ധ ക്ലമെന്റ് പ്രസ്താവിക്കുന്നു.

അലക്‌സാന്‍ഡ്രിയായുമായി വ്യാപാരം നടത്തിയിരുന്ന ഇന്ത്യാക്കാര്‍ പന്തേനൂസിനെ ബ്രാഹ്മണരോടു വാദപ്രതിവാദം നടത്തുന്നതിനു ക്ഷണിച്ചു. വിശുദ്ധ പന്തേനൂസ് ഇന്ത്യയില്‍ വന്നപ്പോള്‍ അവിടെ വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ഒരു പ്രതി ബര്‍ത്തലോമ്യൂ ശ്‌ളീഹാ കൊണ്ടുവന്നിരുന്നതായി പറഞ്ഞുകേട്ടു. അവിടെ കുറേനാള്‍ പഠിപ്പിച്ചശേഷം അദ്ദേഹം അലെക്‌സാന്‍ഡ്രിയായിലേക്ക് ആ ഗ്രന്ഥം മടക്കിക്കൊണ്ടു പോയി. അലെക്‌സാന്‍ഡ്രിയായിലെത്തിയശേഷം അദ്ദേഹം അദ്ധ്യാപനം തുടര്‍ന്നു. അവസാനനാളുകള്‍ എത്തിയോപ്യയില്‍ ചെലവഴിച്ചുവെന്ന് ഒരഭിപ്രായമുണ്ട്. 216-ല്‍ അദ്ദേഹം മരിച്ചു.

ജൂലൈ 6: വിശുദ്ധ മരിയാ ഗൊരെത്തി

1950-ലെ വിശുദ്ധ വത്സരത്തില്‍ പന്ത്രണ്ടാം പീയൂസു മാര്‍പാപ്പാ മരിയാഗൊരെത്തിയെ പുണ്യവതിയെന്നു വിളിച്ചത് വിശുദ്ധ പത്രോസിന്റെ അങ്കണത്തില്‍ വച്ചാണ്. രണ്ടരലക്ഷം പേര്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തുവെന്നു പറയുമ്പോള്‍ ഈ കൊച്ചുരക്തസാക്ഷിണിയുടെ പ്രശസ്തി ഊഹിക്കാമല്ലോ.

ഇറ്റലിയില്‍ കൊറിനാള്‍ഡോയിലെ ഒരു ദരിദ്ര കര്‍ഷകന്റെ മകളായിട്ടാണ് മരിയാ ഭൂജാതയായത്. പള്ളിക്കൂടത്തില്‍ പഠിക്കാന്‍ അവള്‍ക്ക് സാധിച്ചില്ല. എഴുതാനും വായിക്കാനും അവള്‍ക്ക് അറിഞ്ഞുകൂടായിരുന്നു. മരണത്തിന് ഏതാനും മാസങ്ങള്‍ക്കു മുമ്പായിരുന്നു അവളുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം. മറെറല്ലാ കുട്ടികളേക്കാളും അവള്‍ വലുതായിരുന്നു.

മരിയായ്ക്ക് ഒമ്പതുവയസ്സുള്ളപ്പോള്‍ പിതാവു കുടുംബവുമായി നെറൂണയിലേക്കു പോന്നു. പത്താമത്തെ വയസ്സില്‍ പിതാവു മരിച്ചു. മരിയാ താമസിച്ചിരുന്ന ആ മാളികയില്‍ ത്തന്നെ ധനികരായ സെറെനെല്ലികുടുംബക്കാര്‍ താമസിച്ചിരുന്നു. അവരുടെ ഒരു ജോലിക്കാരിയായിരുന്നു മരിയായുടെ അമ്മ അസുന്താ. മൂന്നു പ്രാവശ്യം അലെക്സാന്‍ട്രോ സെറെനെല്ലി മരിയായെ പാപത്തിനു ക്ഷണിച്ചു; അവള്‍ ചെറുത്തുനിന്നു. വിവരം അമ്മയോടു പറഞ്ഞിട്ട് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ”അമ്മേ, എന്റെ ശരീരം കഷ്ണം കഷ്ണമായി മുറിക്കുകയാണെങ്കില്‍കൂടി ഞാന്‍ പാപം ചെയ്യുകയില്ല.”

ജൂലൈയിലെ ചൂടുള്ള ഒരു അപരാഹ്നം. മരിയാ ഒരു കട്ടിലിലിരിക്കുമ്പോള്‍ അലെക്സാന്‍ട്രോ മരിയായെ പാപം ചെയ്യാന്‍ നിര്‍ബന്ധിച്ചു. ‘ഞാന്‍ വഴങ്ങുകയില്ല മരിക്കുകയേ ഉള്ളൂ’വെന്ന് അവള്‍ പറഞ്ഞു. സഹായത്തിനായി അവള്‍ നിലവിളിച്ചു. ‘ഇല്ല, ദൈവം അത് ഇഷ്ടപ്പെടുന്നില്ല. അതു പാപമാണ്; നീ നരകത്തില്‍ പോകും.’ അലെക്‌സാന്‍ട്രോ കുപ്പായത്തില്‍ ഒളിച്ചുവച്ചിരുന്ന കഠാരയെടുത്ത് പതിന്നാലു പ്രാവശ്യം മരിയായെ കുത്തി. വിവരമറിഞ്ഞ് അമ്മ സ്ഥലത്തെത്തി വൈദികനെ വിളിച്ചു. മരിയാ കുമ്പസാരക്കാരനോടു പറഞ്ഞു: ”ഞാന്‍ അലെക്‌സാന്‍ഡ്രോയോടു ക്ഷമിക്കുന്നു. ഒരിക്കല്‍ അയാള്‍ മാനസാന്തരപ്പെടും.”

കുത്തുകഴിഞ്ഞു 24 മണിക്കൂറിനുശേഷം മരിയാ ആശുപത്രി യില്‍വച്ചു മരിച്ചു. ഘാതകനു 30 വര്‍ഷത്തെ ജയില്‍ശിക്ഷ കിട്ടി. 27-ാം വര്‍ഷം ജെയില്‍ വിമുക്തനായി പുറത്തുവന്ന ശേഷം അയാള്‍ അമ്മ അസൂന്തയോടു മാപ്പു ചോദിച്ച് ഒരു സന്യാസസഭയില്‍ സഹോദരനായി ചേര്‍ന്നു.

1947-ല്‍ മരിയാ ഗൊരെത്തിയെ അനുഗൃഹീത എന്നു വിളിച്ചപ്പോള്‍ അവളുടെ അമ്മ അസൂന്തയും രണ്ടു സഹോദരിമാരും ഒരു സഹോദരനും വിശുദ്ധ പത്രോസിന്റെ ബസിലിക്ക യില്‍ സന്നിഹിതരായിരുന്നു. വിശുദ്ധയുടെ നാമകരണത്തിനു വിശുദ്ധ പത്രോസിന്റെ അങ്കണത്തില്‍ അലെക്സാന്‍ഡ്രോ (66 വയസ്സു) മുട്ടുകുത്തിയിട്ടുണ്ടായിരുന്നു.

ജൂലൈ 5: വിശുദ്ധ ആന്റണി സക്കറിയ

ബെര്‍ണബൈറ്റ്‌സ് എന്ന സഭയുടെ സ്ഥാപകനായ ഫാ. ആന്റണി മരിയാ സക്കറിയ ഇറ്റലിയില്‍ ജനിച്ചു. അദ്ദേഹത്തിന്റെ അമ്മ 18 വയസ്സില്‍ വിധവയായതിനാല്‍ മകന്റെ വിദ്യാഭ്യാസത്തിന് അവള്‍ തന്നെത്തന്നെ പൂര്‍ണ്ണമായി ഉഴിഞ്ഞു വച്ചു. 22-ാമത്തെ വയസ്സില്‍ ഒരു ഭിഷഗ്വര പരീക്ഷ ജയിച്ചു മോണയില്‍ ദരിദ്രരുടെ ഇടയില്‍ ജോലി ചെയ്തുകൊണ്ടി രിക്കുമ്പോള്‍ വൈദികപഠനം നടത്തി. 28-ാമത്തെ വയസ്സില്‍ വൈദികനായി.

ഫാ. ആന്റണി മിലാനിലേക്കു പോകുകയും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ഓരോ സഭ സ്ഥാപിക്കാന്‍ തുടങ്ങുകയും ചെയ്തു. വൈദികരുടേയും സന്യാസികളുടേയും ജീവിതനവീകരണമായിരുന്നു ലക്ഷ്യം. അന്നു ലൂഥറിന്റെ മതവിപ്ലവം തിളച്ചു പൊങ്ങുന്ന കാലമായിരുന്നു.

പള്ളിയകത്തും തെരുവീഥിയിലും അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരുന്നു. പരസ്യ പ്രായശ്ചിത്തം ചെയ്യാനും അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല.

അല്‍മായ പ്രേഷിതത്വം, അടുത്തടുത്തുള്ള ദിവ്യകാരുണ്യ സ്വീകരണം, 40 മണി ആരാധന, പീഡാനുഭവസ്മരണയ്ക്കായി വെള്ളിയാഴ്ച ദിവസങ്ങളില്‍ മൂന്നു മണിക്കു പള്ളിയില്‍ മണി അടിക്കുക മുതലായ കാര്യങ്ങള്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ശത്രുക്കള്‍ അദ്ദേഹത്തിന്റെ രണ്ടു സഭകളേയും കുററപ്പെടുത്തിയതുകൊണ്ട് അവ രണ്ടും ഔദ്യോഗിക സന്ദര്‍ശനത്തിനു വിധേയമായി. രണ്ടു പ്രാവശ്യവും കുറ്റമില്ലെന്നു തെളിഞ്ഞു.

ഒരു ധ്യാനത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ രോഗിയായി ഫാ. ആന്റണി സ്വഭവനത്തിലേക്ക് ആനയിക്കപ്പെട്ടു. അവിടെ അമ്മയുടെ ശുശ്രൂഷകള്‍ സ്വീകരിച്ച് 36-ാം വയസ്സില്‍ അദ്ദേഹം ദിവംഗതനായി.

മിലാന്റെ അപ്പസ്‌തോലനായിട്ടാണു ഫാദര്‍ ആന്റണി അറിയപ്പെട്ടിരുന്നത്. ഒരു കുരിശുരൂപം കൈയില്‍ പിടിച്ചു കൊണ്ടു കര്‍ത്താവിന്റെ പീഡാനുഭവത്തെപ്പറ്റിയും അനുതാ പത്തിന്റെ ആവശ്യകതയെപ്പറ്റിയും തെരുവീഥികളില്‍ ചുററി നടന്ന് അദ്ദേഹം പ്രസംഗിച്ചിരുന്നു. ആഞ്ചെലിക്കന്‍സു ഓഫ് സെന്റ് പോള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സന്യാസിനീ വിഭാഗം സ്ത്രീകളുടെ സന്മാര്‍ഗ്ഗനിലവാരം വളരെയേറെ ഉയര്‍ത്തി.

ജൂലൈ 4: വിശുദ്ധ ഉള്‍റിക്ക് മെത്രാന്‍

ഹുക്ബാള്‍ഡ് എന്ന ഒരു ജര്‍മ്മന്‍ പ്രഭുവിന്റെ മകനാണ് ഉള്‍റിക്ക് അഥവാ ഉള്‍ഡാറിക്ക്. ബാല്യത്തില്‍ ആരോഗ്യം മോശമായിരുന്നെങ്കിലും ജീവിതക്രമവും മിതത്വവും അദ്ദേഹത്തെ ദീര്‍ഘായുഷ്മാനാക്കി. വിശുദ്ധ ഗാലിന്റെ ആശ്രമത്തിലും ഓസ്‌ബെര്‍ഗ് മെത്രാന്റെ സംരക്ഷണത്തിലും വിദ്യാഭ്യാസം നടത്തി. യഥാസമയം വൈദികനായി. 924-ല്‍ ഓസ്‌ബെര്‍ഗ്ഗിലെ മെത്രാനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മെത്രാനായശേഷം ജനങ്ങളുടെ ആത്മീയ കാര്യങ്ങള്‍ നിര്‍വഹിക്കുക മാത്രമല്ല, ലൗകികാവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിലും ഉത്സുകനായിരുന്നു. രാവിലെ മൂന്നു മണിക്ക് എഴുന്നേറ്റ് കത്തീഡ്രലിലെ കാനോനനമസ്‌കാരത്തില്‍ പങ്കെടുത്തു പോന്നു. അതിനുശേഷം സ്വന്തമായ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നു. രാവിലെ മരിച്ചവര്‍ക്കുവേണ്ടി ഒപ്പീസു ചൊല്ലിയശേഷം പാട്ടുപൂജയ്ക്കു സന്നദ്ധനാകുന്നു. എല്ലാ പ്രാര്‍ത്ഥനകളും കഴിഞ്ഞാണ് പള്ളിയില്‍നിന്നു പോരുക. അവിടെനിന്ന് ആശുപത്രിയില്‍ പോയി രോഗികളെ ആശ്വസിപ്പിക്കുന്നു. ദിനം പ്രതി പന്ത്രണ്ടുപേരുടെ പാദങ്ങള്‍ കഴുകി സമുദ്ധമായ ധര്‍മ്മം നല് കിയിരുന്നു. സന്ധ്യാസമയത്തിനു മുമ്പാണു തുച്ഛമായ ഭക്ഷണം കഴിച്ചിരുന്നത്. താന്‍ ഉപവസിക്കുമ്പോള്‍ അപരിചിതര്‍ക്കു മാംസം നല്‍കിയിരുന്നു. വയ്‌ക്കോലിലാണു കിടന്ന് ഉറങ്ങിയിരുന്നത്. ഈ പ്രാര്‍ത്ഥനകളുടേയും പ്രായശ്ചിത്തങ്ങളുടേയും ഇടയ്ക്ക് രൂപതാ ജോലികളൊന്നും മുടക്കിയിരുന്നില്ല. ഓരോ വര്‍ഷവും രൂപത മുഴുവന്‍ സന്ദര്‍ശിച്ചിരുന്നു.

വിശുദ്ധ അമ്പാസിന്റെ കത്തീഡ്രല്‍ അദ്ദേഹം യഥാവിധി പുനര്‍നിര്‍മ്മിച്ചു അതിനുശേഷം മെത്രാന്‍ സ്ഥാനം രാജി വയ്ക്കാന്‍ ശ്രമിച്ചെങ്കിലും മാര്‍പാപ്പാ സമ്മതിച്ചില്ല. അങ്ങനെ അമ്പതുകൊല്ലം രൂപതാഭരണം നടത്തി. എണ്‍പതാമത്തെ വയസ്സില്‍ 973 ജൂലൈ 1-ന് അദ്ദേഹം കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

ജൂലൈ 3: വിശുദ്ധ തോമാശ്ലീഹ

ഗലീലിയിലെ മീന്‍പിടിത്തക്കാരില്‍ നിന്ന് അപ്പസ്‌തോല സ്ഥാനത്തേക്കു വിളിക്കപ്പെട്ട ഒരു ധീരപുരുഷനാണു തോമസ് അഥവാ ദിദിമോസ്. സമാന്തര സുവിശേഷങ്ങളില്‍ അപ്പ സ്‌തോലന്മാരുടെ ലിസ്റ്റില്‍ ഏഴോ, എട്ടോ സ്ഥാനത്താണ് ശ്ലീഹായുടെ പേര് പരാമര്‍ശിക്കുന്നത്. വിശുദ്ധ യോഹന്നാന്‍ സുവിശേഷത്തില്‍ ശ്ലീഹായെ സംബന്ധിക്കുന്ന മൂന്നു സംഗതികള്‍ വിവരിച്ചിരിക്കുന്നതു കാണാം.

ലാസറിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഈശോ ബഥനിയില്‍ പോയി ലാസറിനെ കാണാമെന്നു പറഞ്ഞു. അവിടെ ജനങ്ങള്‍ യേശുവിനെ കല്ലെറിയാന്‍ ഒരുങ്ങുകയാണെന്ന കാര്യം ഇതര ശ്ലീഹന്മാര്‍ അനുസ്മരിപ്പിച്ചപ്പോള്‍ തോമാശ്ലീഹാ ‘നമുക്കും അവിടുത്തോടുകൂടെ പോയി മരിക്കാം’ (യോഹ 11. 16) എന്നാണു പറഞ്ഞത്. ആ ധീരമായ വാക്കുകള്‍ മദ്രാസിനടുത്തുള്ള ചിന്നമലയില്‍വച്ചു നിറവേറി.

ഈശോ തന്റെ പിതാവിന്റെ ഭവനത്തില്‍ സ്ഥലമൊരുക്കാന്‍ പോകയാണെന്നും താന്‍ പോകുന്ന വഴി ശ്ലീഹാന്മാര്‍ക്ക് അറിയാമെന്നും പറഞ്ഞപ്പോള്‍ തോമാശ്ലീഹാ പ്രസ്താവിച്ചു: ‘കര്‍ത്താവേ, അങ്ങ് എവിടേക്കാണ് പോകുന്നതെന്നു ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ; പിന്നെ വഴി എങ്ങനെ അറിയാനാണ്?’ (യോഹ. 1:4, 36). ഈശോ അദ്ദേഹത്തിനു നല്‍കിയ ഉത്തരം സര്‍വ്വലോകരും അറിഞ്ഞിരിക്കേണ്ടതാണ്. ‘ഞാനാകുന്നു വഴിയും സത്യവും ജീവനും. ഞാന്‍ വഴിയല്ലാതെ ആരും പിതാവിന്റെ അടുക്കലെത്തുന്നില്ല’.

പുനരുത്ഥാനത്തില്‍ സംശയിച്ച ശ്ലീഹാ അവിടുത്തെ കണ്ടശേഷം ‘എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!’ (യോഹ 20, 29) എന്നു വിളിച്ചു പറഞ്ഞ് തന്റെ വിശ്വാസം പ്രഘോഷിച്ചു.

പന്തക്കൂസ്തയ്ക്കു ശേഷം പാര്‍ത്ഥ്യാ, മേഡിയാ, പേഴ്‌സ്യാ എന്നീ സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിച്ച ശേഷം 52 നവംബര്‍ 21-ാം തീയതി മുസിരിസ് എന്നു വിളിച്ചിരുന്ന കൊടുങ്ങല്ലൂര്‍ വന്നുചേര്‍ന്നു. പാലയൂര്‍, കൊടുങ്ങല്ലൂര്‍, പറവൂര്‍, കോക്കമംഗലം, കൊല്ലം, നിരണം, ചായല്‍ എന്നീ ഏഴു സ്ഥലങ്ങളില്‍ കുരിശുകള്‍ സ്ഥാപിച്ചശേഷം 72 ജൂലൈ 3-ന് ചിന്നമലയില്‍വച്ച് ഒരു എമ്പ്രാന്തിരിയുടെ കുത്തേറ്റു മരിച്ചുവെന്നും അദ്ദേഹത്തിന്റെ ശരീരം മൈലാപ്പൂരു കടല്‍ത്തീരത്തു സംസ്‌കരിച്ചുവെന്നും അവിടെനിന്നു നാലാം നൂറ്റാണ്ടില്‍ ശ്ലീഹായുടെ ശരീരം എദേസ്സായിലേക്കു കൊണ്ടുപോയെന്നും പിന്നീട് ഇറ്റലിയില്‍ ഒര്‍ത്തോണാ എന്ന സ്ഥലത്തേക്കു മാറ്റിയെന്നും പാരമ്പര്യമുണ്ട്. 1972-ല്‍ ശ്ലീഹായുടെ 19-ാം ചരമശതാബ്ദി ആഘോഷിച്ചപ്പോള്‍ ആറാം പൗലോസ് മാര്‍പാപ്പാ ശ്ലീഹായെ ഭാരത അപ്പസ്‌തോലന്‍ എന്നു വിളിച്ചു.

ജൂലൈ 2: വിശുദ്ധ പ്രോച്ചെസ്സുസും മാര്‍ത്തീനിയാനും രക്തസാക്ഷികള്‍

ഈ രണ്ടു രക്തസാക്ഷികളെ നാലാം ശതാബ്ദത്തിനു മുമ്പുതന്നെ റോമന്‍ ക്രിസ്ത്യാനികള്‍ അത്യന്തം ആദരിച്ചുവന്നിരുന്നെങ്കിലും അവരെപ്പറ്റി കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. മാമെര്‍ട്ടിന്‍ ജയിലില്‍ വേറെ 40 പേരോടുകൂടെ ഇവരും ഉണ്ടായിരുന്നുവെന്നും അവരോടുകൂടെ ജയിലിലുണ്ടായിരുന്ന പത്രോസ്, പൗലോസ് ശ്‌ളീഹന്മാര്‍ അവരെ മാനസാന്തരപ്പെടുത്തിയെന്നും ഒരു ഐതിഹ്യമുണ്ട്. പാറയില്‍നിന്ന് അത്ഭുതകരമായി ഒഴുകിയ ജലം കൊണ്ടത്രേ അവരെ ജ്ഞാനസ്‌നാനപ്പെടുത്തിയത്.

അവരുടെ ജയിലര്‍ പൗളിന്യൂസ് അവരോട് ക്രിസ്തു മതം ഉപേക്ഷിച്ചു ജൂപ്പിറ്റര്‍ ദേവനെ ആരാധിക്കുവാന്‍ ഉപദേശിച്ചു. ക്രൂരമായി മര്‍ദ്ദിച്ചുനോക്കി. ‘കര്‍ത്താവിന്റെ നാമം വാഴ്ത്ത പ്പെട്ടതാകട്ടെ’ എന്നു മര്‍ദ്ദനവേളയില്‍ തുടര്‍ച്ചയായി ഉരുവിട്ടു കൊണ്ടിരുന്നു. തീരെ വഴിപ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ വാളു കൊണ്ട് അവരുടെ കഥ അവസാനിപ്പിച്ചു.

ലൂസിനാ എന്ന ഒരു സ്ത്രീ അവരുടെ ശരീരം തന്റെ പറമ്പില്‍ സംസ്‌കരിച്ചു. നാലാം ശതാബ്ദത്തില്‍ അവരുടെ കുഴിമാടത്തില്‍ ഒരു ബസിലിക്ക നിര്‍മ്മിക്കപ്പെട്ടു. മഹാനായ ഗ്രിഗറി തദവസരത്തില്‍ അവരെപ്പറ്റി ഒരു പ്രഭാഷണം നടത്തി. 9-ാം ശതാബ്ദത്തില്‍ അവരുടെ അവശിഷ്ടങ്ങള്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലേക്കു മാറ്റി.

ജൂലൈ 1: വിശുദ്ധ ഒലിവെര്‍ പ്ലങ്കെറ്റ് മെത്രാന്‍

ഒലിവെര്‍ പ്ലങ്കെറ്റ് അയര്‍ലന്റില്‍ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ചു. ഫാ. പാട്രിക്ക് പ്ലങ്കെറ്റിന്റെ കീഴില്‍ ലത്തീനും ഗ്രീക്കും മറ്റും പഠിച്ചു. ഐറിഷ് ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിരന്തരം ആഹ്വാനം നല്‍കിയിരുന്ന ഫാ. പീറ്റര്‍ സ്‌ക്രാമ്പിയോടുകൂടെ അദ്ദേഹം റോമയും ബെല്‍ജിയവും സന്ദര്‍ശിച്ചു. റോമയില്‍വച്ച് വീണ്ടും ലത്തീന്‍ പഠിച്ചു.

എട്ടു കൊല്ലത്തെ ദൈവശാസ്ത്രപഠനത്തിനുശേഷം 1654-ല്‍ വൈദികപട്ടം സ്വീകരിച്ചു. 15 വര്‍ഷവും കൂടി ഫാ. സ്‌ക്രാമ്പിയുടെ കീഴില്‍ ഓററ്റോറിയന്‍ വൈദികരുടെ കൂടെ പാര്‍ത്ത് പ്രൊപ്പഗാന്താ കോളജില്‍ സന്മാര്‍ഗ്ഗദൈവശാസ്ത്രം പഠിപ്പിച്ചുകൊണ്ടിരുന്നു.

1669-ല്‍ ഒലിവെര്‍ പ്ലങ്കെറ്റ് ആര്‍ മാഗ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിക്കപ്പെടുകയും നവംബര്‍ 30-ന് ബെല്‍ജിയത്തില്‍വച്ച് അഭിഷി ക്തനാകയും ചെയ്തു. ക്ലേശകരമായ യാത്രയ്ക്കുശേഷം 1670 മാര്‍ച്ചില്‍ അതിരൂപതാഭരണം ഏറ്റെടുത്തു. ജൂണ്‍ മാസത്തില്‍ ഐറിഷു മെത്രാന്മാരുടെ സമ്മേളനം ആര്‍ച്ചുബിഷപ്പു പ്ലങ്കെറ്റിന്റെ അധ്യക്ഷതയില്‍ ഡബ്ലിനില്‍ നടന്നു.

1672 വരെ സമാധാനത്തില്‍ കാര്യങ്ങള്‍ നീങ്ങി. അക്കൊല്ലം ആര്‍ഥര്‍ കാപ്പന്‍ വൈസ്റോയി ആയി. സഭാമര്‍ദ്ദനം വീണ്ടും ആരംഭിച്ചു. സ്‌കൂളുകളെല്ലാം അടച്ചു. മെത്രാന്മാര്‍ വനവാസമായി . അവര്‍ക്കു പരസ്യമായി യാത്രചെയ്യാനോ ദിവ്യകര്‍മ്മങ്ങള്‍ നടത്താനോ പാടില്ലായിരുന്നു. അക്കാലത്ത് ഉണങ്ങിയ റൊട്ടി പോലും കിട്ടുക ദുസ്സാധമായിരുന്നു.

ആര്‍ച്ചു ബിഷപ്പ് പ്ലങ്കെറ്റും വാട്ടര്‍ഫോര്‍ഡു ബിഷപ് ഡോക്ടര്‍ ബെന്നനും താമസിച്ചിരുന്ന വീട് വയ്‌ക്കോല്‍ മേഞ്ഞതും നക്ഷത്രങ്ങള്‍ വീട്ടിനകത്തുനിന്നു കാണാവുന്നതുമായിരുന്നു. എങ്കിലും അവര്‍ അജഗണത്തെ ഉപേക്ഷിച്ചു പോയില്ല. കത്തോലിക്കാ സഭാ സ്വാതന്ത്ര്യത്തിനുവേണ്ടി 1678-ല്‍ ഇംഗ്ലണ്ടില്‍ നടത്തിയ ഒരു വിപ്‌ളവത്തോടെ ഐറിഷു മര്‍ദ്ദനത്തിനു മൂര്‍ച്ചകൂടി. 1679-ല്‍ ഡബ്ലിന്‍ ആര്‍ച്ചു ബിഷപ്പ് ഡോക്ടര്‍ ടാല്‍ബ്ലൂട്ടും മീത്തിലെ ബിഷപ് പേട്രിക്കു പ്ലങ്കെറ്റും അറസ്റ്റുചെയ്യപ്പെട്ടു.

ആര്‍ച്ചുബിഷപ്പു പ്ലങ്കറ്റ് എഴുപതിനായിരം ഫ്രഞ്ചു യോദ്ധാക്കളെ വരുത്തി സ്വാതന്ത്ര്യസമരം നടത്താന്‍ പോകയാണെന്ന് ചിലര്‍ പറഞ്ഞു പരത്തി. ഈ ചാര്‍ജിന്മേല്‍ ആര്‍ച്ചുബിഷപ്പ് പ്‌ളങ്കെറ്റിനെ വധിക്കാന്‍ തീരുമാനമുണ്ടായി. അമ്പതാം സങ്കീര്‍ത്തനം ചൊല്ലി ആര്‍ച്ച് ബിഷപ് മരണം കൈവരിച്ചു. 1975-ല്‍ ആറാം പൗലോസു മാര്‍പാപ്പാ അദ്ദേഹത്തെ വിശുദ്ധനെന്നു പ്രഖ്യാപനം ചെയ്തു.

Exit mobile version