Special Story

നല്ല വാര്‍ധക്യത്തിന് സ്വയംപഠനം


കുട്ടിക്കാലത്ത് വിദ്യ അഭ്യസിക്കാനും ജീവിത പാഠങ്ങള്‍ ഗ്രഹിക്കാനും അനേകം കളരികളുണ്ട്. വീടും സ്‌കൂളുമെല്ലാം ഇതിന് വേദികള്‍ ഒരുക്കുന്നു. യൗവനകാലത്തും തിരുത്തലുകള്‍ ചൂണ്ടിക്കാണിക്കാന്‍ പലരുമെത്തും. എന്നാല്‍ വാര്‍ധക്യം സംതൃപ്തിയില്‍ എങ്ങനെ കഴിച്ചുകൂട്ടാമെന്നു പഠിക്കാന്‍ കളരികളില്ല.
കിട്ടാവുന്ന സന്തോഷങ്ങള്‍ സ്വീകരിച്ച് വയസുകാലം ചിലവഴിക്കണമെന്നുണ്ടെങ്കില്‍ മുന്‍കൂട്ടി ഒരുക്കം തുടങ്ങുകയും അതനുസരിച്ച് ആസൂത്രണം ചെയ്തു നീങ്ങുകയും ചെയ്യേണ്ട കാലമാണിത്. കാരണം സമൂഹം അതിദ്രുതം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. കുടുംബത്തെ ഉറപ്പിച്ചു നിര്‍ത്തിയിരുന്ന സിമന്റും പശയുമെല്ലാം ഇളകിപ്പോയി. കാലത്തിന്റെ ചുവരെഴുത്തു മനസിലാക്കി നീങ്ങിയില്ലെങ്കില്‍ പരാശ്രയം അനിവാര്യമായ അവസാനകാലം നിസഹായതയിലും കണ്ണീരിലും മുങ്ങിപ്പോകും.
ആരോഗ്യമുള്ള കാലത്ത് ഭൂമി ഭാഗം വയ്ക്കാതെ നീട്ടിവച്ച്, അവസാനം വാര്‍ധക്യത്തിന്റെ അവശതയില്‍ കഴിയുമ്പോള്‍ മക്കള്‍ പിതൃസ്വത്തിനായി കടിപിടി കൂടുന്നതും കണക്കുപറയുന്നതും കാണേണ്ടിവരുന്നത് എത്രയോ ദയനീയമാണ്!
അധികാരത്തിലിരുന്നപ്പോള്‍ കണ്ണായ സ്ഥലങ്ങളിലെല്ലാം മറ്റുള്ളവരെ പങ്കാളികളാക്കി ഭൂമി വാങ്ങിക്കൂട്ടിയ കേരളത്തിലെ ഒരു മുന്‍മന്ത്രി പെട്ടെന്നാണ് രോഗിയായത്. മന്ത്രിയുടെ ആരോഗ്യം അപകടത്തിലാണെന്നുകണ്ട് പങ്കാളികള്‍ ഭൂമി പെട്ടെന്നു വിറ്റ് ഇടപാടുകള്‍ തീര്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. സുഖമായി വന്ന ശേഷം ഇടപാടുകള്‍ തീര്‍ക്കാമെന്ന നിലപാടിലായിരുന്നു നേതാവ്. പക്ഷേ, പെട്ടെന്ന് ആരോഗ്യനില വഷളായി അദ്ദേഹം കണ്ണടച്ചു. മന്ത്രിയുടെ കുടുംബത്തില്‍ ഏറെ അവകാശികളുള്ളതിനാല്‍ സ്വത്തുക്കളെല്ലാം തര്‍ക്കങ്ങളില്‍ കുടുങ്ങി. അതില്‍ പണം മുടക്കിയവരെല്ലാം കഷ്ടത്തിലുമായി.
വൃദ്ധരുടെ നാടായി കേരളം മാറിക്കൊണ്ടിരിക്കുന്നു. 1961 ല്‍ കേരളീയ ജനസംഖ്യയുടെ 5.6% വൃദ്ധജനങ്ങളായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 16.5% ആയി ഉയര്‍ന്നു.
അടുത്ത കാലംവരെ ഭൂമിയായിരുന്നുസമ്പാദ്യത്തിന്റെയും ആഢ്യത്വത്തിന്റെയും അളവുകോല്‍. വാണിജ്യം പേരിനുണ്ടായിരുന്നുവെങ്കിലും കൃഷിയായിരുന്നു മഹാഭൂരിപക്ഷത്തിന്റെയും ഉപജീവനമാര്‍ഗം. ഭൂമിയുടെ ഉടമയായതിനാല്‍ വാര്‍ധക്യത്തിലെത്തിയാലും കാരണവരെ ആശ്രയിച്ചു നില്‍ക്കേണ്ട സ്ഥിതിയായിരുന്നു യുവതലമുറയ്ക്ക്. അതിനാല്‍ സ്വാഭാവികമായും വയോജനങ്ങള്‍ക്ക് അത്യാവശ്യം കരുതലും പരിഗണനയും ലഭിച്ചിരുന്നു. മാത്രമല്ല അത് കടമയും പുണ്യവുമാണെന്ന്
പുരാണങ്ങളും മതഗ്രന്ഥങ്ങളും പഠിപ്പിക്കുകയും ചെയ്തുപോന്നു.
വളരെ പെട്ടെന്ന് ഈ സാമൂഹികഘടന തകിടം മറിഞ്ഞു. കൃഷിയും ഭൂമിയുമല്ല ഇന്ന് സമ്പാദ്യത്തിന്റെ അടിസ്ഥാന ശിലകള്‍. ലോകമെങ്ങും തൊഴില്‍ ലഭിക്കാവുന്ന അവസ്ഥ. അതിനാല്‍ യുവതലമുറ അന്യരാജ്യങ്ങളില്‍ കുടിയേറി അവിടെ പൗരന്മാരാകുന്നു.
വയോജനങ്ങള്‍ ഇവിടെ അവശേഷിക്കുന്നു. വികസിത രാജ്യങ്ങളില്‍ പ്രായമായവര്‍ക്ക് നിരവധി ക്ഷേമ പദ്ധതികളുണ്ട്. ഇവിടെ കാര്യമായ പദ്ധതികള്‍ ഇല്ലെന്നു മാത്രമല്ല, ഒരു പ്രായം കഴിഞ്ഞാല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷപോലും ലഭിക്കുന്നില്ല.
അതിനാല്‍ വാര്‍ധക്യം സന്തോഷത്തിലും സ്വസ്ഥതയിലും കഴിയണമെന്നുണ്ടെങ്കില്‍ ആരോഗ്യമുള്ള കാലത്തുതന്നെ വരുംകാല ജീവിതത്തെ അവരവര്‍ക്ക് ശേഷിയുള്ള രീതിയില്‍ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു.
ബാധ്യതകളും വഴക്കുകളും ഉണ്ടാകാത്ത രീതിയില്‍ കടമകള്‍ തീര്‍ത്തുവയ്ക്കുക പ്രധാനമാണ്. ചികിത്സയ്ക്കും ഉപജീവനത്തിനും മറ്റുമായി ധനാഗമ മാര്‍ഗങ്ങള്‍ കരുതിവച്ച് പരമാവധി പരാശ്രയം ഒഴിവാക്കേണ്ടിയിരിക്കുന്നു.
ആഗ്രഹങ്ങള്‍ പരിമിതമാകുന്ന വാര്‍ധക്യത്തില്‍ മാനസിക സ്വസ്ഥതയ്ക്കാണ് പ്രഥമ പരിഗണന. സമപ്രായക്കാരുടെ ഒത്തുചേരലുകളും കലകളും കൊച്ചു യാത്രകളുമെല്ലാം അവരുടെ മനസുകളെ ഉണര്‍ത്തി ഇക്കാലവും ജീവിതയോഗ്യമാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കും.
കുടുംബത്തിനും സമൂഹത്തിനുമായി സജീവമായ ഒരു ജീവിതം ആടിത്തീര്‍ത്തവര്‍ക്ക് ബാധ്യതകളില്ലാതെ ആസ്വദിക്കാന്‍ കിട്ടുന്ന കാലമാണ് വാര്‍ധക്യം. മുന്‍കൂട്ടി കരുതലോടെ നീങ്ങിയാല്‍ അത്യാവശ്യം ശാരീരിക അവശതകളുടെ ഇടയിലും സായാഹ്നത്തില്‍ മധുരത്തിന്റെ ചെറുതരികള്‍ കെണ്ടത്താന്‍ കഴിയും.


Leave a Reply

Your email address will not be published. Required fields are marked *