മധുരിക്കും ചെറുതേന്‍ ബിസിനസ്


ചെറുതേനിന് ഇന്ന് വന്‍ ഡിമാന്റാണ്. നല്ല വിലയും ആവശ്യക്കാരെറെയും ഉണ്ടെങ്കിലും അത്രയും ഉല്‍പന്നം വിപണിയിലെത്തിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. വിപണിയിലെത്തുന്ന ചെറുതേനില്‍ കൂടുതലും വ്യാജനാണുതാനും.

പഴയ കെട്ടിടങ്ങളുടെയും തറയിലും മരപ്പൊത്തുകളിലുമൊക്കെയാണ് ചെറുതേന്‍ കൂടുകള്‍ കാണപ്പെടുക. അവിടെ നിന്ന് തറ പൊളിച്ചോ മരം മുറിച്ചോ ഒക്കെയാണ് തേനീച്ചകളെ കൂട്ടിലാക്കുന്നത്. ചിലപ്പോഴെങ്കിലും അനുകൂല സാഹചര്യമല്ലെന്നു കണ്ട് തേനീച്ചകള്‍ ഇത്തരം കൂട് ഉപേക്ഷിച്ച് പോകാറുമുണ്ട്. എന്നാല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ ഇത്തരം ചെറുതേനീച്ച കോളനികളെ നശിച്ചു പോകാത്ത വിധത്തില്‍ മറ്റൊരു കൂട്ടിലേക്ക് മാറ്റാനാകും.

ചെറുതേനീച്ചയുടെ കൂടുണ്ടാക്കിയ സ്ഥലം അടര്‍ത്തി മാറ്റാന്‍ പറ്റുന്നതാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് ചെറുതേനീച്ച ഉണ്ടാക്കിയ പ്രവേശനക്കുഴല്‍ ശ്രദ്ധിച്ച് കേടുപാടു വരാതെ എടുത്ത് മാറ്റിവയ്ക്കുകയാണ്. ചെറുതേനീച്ചയുടെ കോളനി വളരെ ശ്രദ്ധിച്ച് പൊളിക്കുക. കൂട്ടിലെ ഈച്ചയ്ക്കോ മുട്ടയ്ക്കോ ക്ഷതം വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മരത്തിന്റെ പെട്ടി, മുളങ്കൂട്, മണ്‍കലം പോലുള്ള പുതിയ കൂട്ടിലേക്ക് മുട്ട, പൂമ്പൊടി, തേനറ എന്നിവയെല്ലാം എടുത്തുവയ്ക്കുക. റാണി ഈച്ചയെ കിട്ടുകയാണെങ്കില്‍ കൈകൊണ്ട് തൊടാതെ ചെറിയ പ്ലാസ്റ്റിക് കൂടോ കടലാസോ ഉപയോഗിച്ച് പിടിച്ച് പുതിയ കൂട്ടില്‍ വയ്ക്കുക. പുതിയ കൂടിന്റെ ദ്വാരത്തില്‍ അടര്‍ത്തി മാറ്റിവച്ച പ്രവേശനക്കുഴല്‍ ഒട്ടിക്കുക. ഈച്ചകള്‍ മുഴുവനും കയറിക്കഴിഞ്ഞ് സന്ധ്യയായാല്‍ യോജ്യമായ സ്ഥലത്തേക്കു മാറ്റിവച്ച് വളര്‍ത്താം.

പൊളിക്കാന്‍ കഴിയാത്ത സ്ഥലത്താണെങ്കില്‍ ഈച്ചകളെ സ്വാഭാവിക രീതിയില്‍ പ്രവേശിപ്പിക്കുന്നതിന് പറ്റിയ കൂട് വയ്ക്കേണ്ടിവരും. അതിന് ആദ്യം പ്രവേശനക്കുഴല്‍ അടര്‍ത്തിയെടുത്തു മാറ്റിവയ്ക്കുക. ഒരടി ഉയരമുള്ള മണ്‍കലമെടുത്ത് അടിയില്‍ ആണികൊണ്ട് ചെറിയ ദ്വാരമിടുക. ചെറുതേനീച്ചക്കൂടിന്റെ പ്രവേശനദ്വാരം നടുക്കുവരുന്ന രീതിയില്‍ മണ്‍കലം ഭിത്തിയോടോ തറയോടോ ചേര്‍ത്തു വയ്ക്കണം. മണ്‍കലത്തില്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെ മാത്രമേ ഈച്ച അകത്തേക്കും പുറത്തേക്കും പോകാന്‍ പാടുള്ളൂ.

അരിക് ഭാഗം മുഴുവന്‍ ചെളിയോ മെഴുകോ കൊണ്ട് അടയ്ക്കണം. ആറുമാസം കഴിയുന്നതോടെ കലത്തില്‍ പുതിയ കോളനി ഉണ്ടായിട്ടുണ്ടാകും. സന്ധ്യാസമയത്ത് മണ്‍കലം ഇളക്കിയെടുത്ത് വായ്ഭാഗം അടച്ച് യോജ്യമായ സ്ഥലത്ത് മാറ്റിവയ്ക്കാം.

ചില സ്ഥലങ്ങളില്‍ മണ്‍കലം വയ്ക്കാന്‍ സാധിച്ചെന്നു വരില്ല. അങ്ങനെയുള്ള സ്ഥലത്ത് ട്യൂബ് വഴി കെണിക്കൂട് വയ്ക്കേണ്ടി വരും. ചെറുതേനീച്ചക്കൂടിന്റെ പ്രവേശനദ്വാരം അടര്‍ത്തിമാറ്റി വയ്ക്കുക. ആ ദ്വാരത്തില്‍ ഒരു ഫണല്‍ അല്ലെങ്കില്‍ സുതാര്യമായ പ്ലാസ്റ്റിക് പൈപ്പ് (അഞ്ച് ഇഞ്ച്) ഘടിപ്പിക്കുക. രണ്ടുദിവസം ഈച്ച ഈ ഫണലിലൂടെ മാത്രമേ പുറത്തുപോകാന്‍ പാടുള്ളൂ.

രണ്ടുദിവസം കഴിഞ്ഞ് 14-15 ഇഞ്ച് നീളവും നാല് ഇഞ്ച് വീതിയും കാല്‍ ഇഞ്ച് കനവുമുള്ള ഒരു മരത്തിന്റെ കൂടുണ്ടാക്കി രണ്ടുവശങ്ങളിലും ഓരോ ദ്വാരമിടുക. ഒന്നര അടി നീളവും അര ഇഞ്ച് വണ്ണവുമുള്ള പ്ലാസ്റ്റിക് ട്യൂബെടുത്ത് ഒരറ്റം ഫണലിന്റെ വാല്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് പൈപ്പില്‍ ഘടിപ്പിക്കുക.

പ്ലാസ്റ്റിക് ട്യൂബിന്റെ മറ്റേ അറ്റം മരത്തിന്റെ കൂട്ടിലെ ദ്വാരത്തില്‍ രണ്ടിഞ്ച് ഉള്ളിലേക്കു തള്ളിവയ്ക്കുക. മരക്കൂടിന്റെ മറുവശത്തെ ദ്വാരത്തില്‍ പ്രവേശനക്കുഴല്‍ ഉറപ്പിച്ചു വയ്ക്കുക. ഈച്ച ഈ പ്രവേശനക്കുഴലിലൂടെ മരത്തിന്റെ കൂട്ടിലേക്കു കയറി പ്ലാസ്റ്റിക് ട്യൂബിലൂടെ ഭിത്തിയിലേക്കോ തറയിലേക്കോ പ്രവേശിക്കും. കൂടിന്റെ മുകളില്‍ വെയിലോ മഴയോ തട്ടാതെ ശ്രദ്ധിക്കണം.

ആറു മാസം കഴിഞ്ഞ് പെട്ടി തുറന്നുനോക്കി പെട്ടിയില്‍ റാണി, മുട്ട, പൂമ്പൊടി, തേനറ ഉണ്ടെങ്കില്‍ സന്ധ്യാസമയത്ത് ട്യൂബ് പെട്ടിയില്‍ നിന്നു വേര്‍പെടുത്തി ആ ദ്വാരം അടച്ചശേഷം യോജ്യമായ സ്ഥലത്തേക്കു മാറ്റിവയ്ക്കാം.


Leave a Reply

Your email address will not be published. Required fields are marked *