തണലിടം: കെസിവൈഎം പരിസ്ഥിതി ദിനം ആചരിച്ചു
കക്കാടംപൊയില്‍: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം ‘തണലിടം’ താമരശ്ശേരി രൂപതയുടെ ആതിഥേയത്വത്തില്‍ കക്കാടംപൊയിലില്‍ നടന്നു. തിരുവമ്പാടി അല്‍ഫോന്‍സ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ചാക്കോ കാളംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് സംസ്‌കരണത്തിനായി പ്ലാസ്റ്റിക് സെമിത്തേരി എന്ന ആശയം പ്രചരിപ്പിക്കപ്പെടേണ്ടതുണ്ടെന്നും പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതത്തെ ചെറുക്കുവാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് കെ. ജി. ഷാരോണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോജി ടെന്നിസണ്‍, കെസിവൈഎം താമരശ്ശേരി രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളക്കാകുടിയില്‍, പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ, ആനിമേറ്റര്‍ സിസ്റ്റര്‍ റോസീന്‍ എസ്എബിഎസ്, സംസ്ഥാന സെക്രട്ടറി അനു ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യമൃഗശല്യത്തില്‍ പ്രതിഷേധിച്ചു പുല്ലൂരാന്‍പാറ യൂണിറ്റ് അംഗങ്ങള്‍ തെരുവുനാടകം അവതരിപ്പിച്ചു. കക്കാടംപൊയില്‍ സെന്റ്. മേരീസ് സ്‌കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തുവാന്‍ വെണ്ട തൈകള്‍, ബീറ്റ് പ്ലാസ്റ്റിക് പൊലുഷന്‍ ക്യാമ്പയിനിന്റെ ഭാഗമായി വിത്തുകള്‍ ഉള്‍ക്കൊള്ളുന്ന പേപ്പര്‍ പേനകള്‍ എന്നിവ വിതരണം ചെയ്തു.
‘മണ്ണിലിറങ്ങാം മാലിന്യം നീക്കാം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ശേഖരിച്ച മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയെ ഏല്‍പ്പിച്ചു സംസ്ഥാന പ്രസിഡന്റ് ഷാരോണ്‍ കെ. റെജി നിര്‍വഹിച്ചു. കക്കാടംപൊയില്‍ വികാരി ഫാ. അഗസ്റ്റിന്‍ കിഴക്കരക്കാട്ട്, തോട്ടുമുക്കം മേഖല ആനിമേറ്റര്‍ സിസ്റ്റര്‍ അലന്‍ മരിയ, ഗ്രാലിയ അന്ന അലക്‌സ്, ലിബിന്‍ മുരിങ്ങലത്ത്, മറിയം ടി. തോമസ്, ഷിബിന്‍ ഷാജി, എസ്. ഫ്രാന്‍സിസ്, അലീന മാത്യു, റിച്ചാഡ് ജോണ്‍, ജസ്റ്റിന്‍ സൈമണ്‍, അലന്‍, ജിസ്‌ന, തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.