Editor's Pick

അവിശ്വാസിയും രോഗീലേപനവും


ചോദ്യം: അവിശ്വാസിയായി ജീവിച്ച ഒരു കത്തോലിക്കന് രോഗീലേപനം സ്വീകരിക്കാന്‍ അര്‍ഹതയുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ ഫലം ലഭിക്കുമോ?

ചോദ്യത്തിന് നേരിട്ട് ഉത്തരം പറയുന്നതിനുമുമ്പ് രോഗീലേപനമെന്ന കൂദാശയെക്കുറിച്ചുള്ള പൊതുവായ കാര്യങ്ങള്‍ വളരെ ചുരുക്കി പ്രതിപാദിക്കുന്നത് ഉചിതമെന്നു കരുതുന്നു.
അപ്രിയ യാഥാര്‍ത്ഥ്യമായ മരണത്തോട് അടുക്കുമ്പോള്‍ പരികര്‍മ്മം ചെയ്യേണ്ട കൂദാശയാണ് രോഗീലേപനം എന്ന പരമ്പരാഗത കാഴ്ചപ്പാട് ഈ കൂദാശയുടെ ജനകീയത വളരെയധികം നഷ്ടപ്പെടുത്തിയിട്ടുണ്ട്. രോഗീലേപനം എന്നത് സൗഖ്യദായകമായ ഒരു കൂദാശയാണെന്നും മറ്റേതു കൂദാശയെയുംപോലെ ജീവിച്ചിരിക്കുന്നവരുടെ ആത്മീയ സുസ്ഥിതിക്കുവേണ്ടി പരികര്‍മ്മം ചെയ്യപ്പെടുന്ന കൂദാശയാണെന്നും ഇന്ന് കൂടുതല്‍ ബോധ്യമായിക്കൊണ്ടിരിക്കുന്നു. രോഗാവസ്ഥയിലുള്ളവര്‍ ഈ കൂദാശ സ്വീകരിക്കുമ്പോള്‍ രോഗത്തെ ശാന്തമായി സ്വീകരിക്കുന്നതിനുള്ള കൃപ ലഭിക്കുന്നു. മരണാസന്നര്‍ ഈ കൂദാശ സ്വീകരിക്കുമ്പോള്‍ പാപങ്ങള്‍ ക്ഷമിക്കപ്പെട്ട് നിത്യയാത്രയ്ക്കുള്ള ഒരുക്കമായി അത് മാറുന്നു.

രോഗീലേപനത്തിനുള്ള അര്‍ഹത

ആര്‍ക്കാണ് രോഗീലേപനം സ്വീകരിക്കാന്‍ അര്‍ഹതയുള്ളത് എന്നതാണ് ചോദ്യത്തിന്റെ ഒരു ഭാഗം. മാമ്മോദീസയിലുടെ തിരുസ്സഭയില്‍ അംഗമായിത്തീര്‍ന്ന് വിശ്വാസജീവിതം നയിക്കുന്ന ഏതൊരു വ്യക്തിക്കും ഈ കൂദാശ സ്വീകരിക്കാനുള്ള അര്‍ഹതയുണ്ട്. വിശ്വാസികള്‍ക്കാണ് ഈ കൂദാശ സ്വീകരിക്കാന്‍ അര്‍ഹതയുള്ളതെന്ന് സഭാനിയമം വ്യക്തമാക്കുന്നുണ്ട് (cf. CCEO cc. 737, 738, 740; CIC cc. 998, 1003, 1004). ലത്തീന്‍ സഭയുടെ കാനന്‍നിയമം ഇക്കാര്യം അല്‍പംകൂടി വ്യക്തമാക്കുന്നുണ്ട്. അജപാലനദൗത്യം ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന വൈദികര്‍ തങ്ങളുടെ വിശ്വാസികള്‍ക്ക് ഈ കൂദാശ പരികര്‍മ്മം ചെയ്യാന്‍ കടമയും ഉത്തരവാദിത്വവുമുള്ളവരാണ് എന്ന് നിയമം വ്യക്തമാക്കുന്നു (CIC c. 1003 § 2). തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഈ കൂദാശ വിശ്വാസികള്‍ സ്വയം ചോദിച്ചുവാങ്ങേണ്ടതാണ് എന്നും നിയമം പറയുന്നു (CCEO c. 738).
ഈ കൂദാശ സ്വമനസാ ആവശ്യപ്പെടാന്‍ കഴിയാത്ത സാഹചര്യത്തിലും ഒരു വ്യക്തിക്ക് ഈ കൂദാശ നല്കുന്നതിനെപ്പറ്റി സഭാനിയമം ഇപ്രകാരമാണ് പറയുന്നത്: ”ഗുരുതരമായ അസുഖമുള്ളവരും അബോധാവസ്ഥയിലോ ബുദ്ധിശക്തി നഷ്ടപ്പെട്ട അവസ്ഥയിലോ ഉള്ളവരുമായ ക്രൈസ്തവവിശ്വാസികള്‍ മരണാവസ്ഥയിലോ, വൈദികന്റെ തീരുമാനപ്രകാരം മറ്റൊരു സമയത്തുപോലുമോ തങ്ങള്‍ക്കുവേണ്ടി ഈ കൂദാശ പരികര്‍മ്മം ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുന്നതായി കരുതപ്പെടുന്നു.” (CCEO c. 740; CIC cc. 1005, 1006). കൗദാശിക ജീവിതത്തിലൂടെ സഭയോടും സമൂഹത്തോടും ചേര്‍ന്നുജീവിച്ച ഒരു വ്യക്തിക്ക് സ്വയം ആവശ്യപ്പെടാന്‍ സാധിക്കാത്ത സാഹചര്യത്തിലും ഈ കൂദാശ പരികര്‍മ്മം ചെയ്യണം എന്ന് സഭാനിയമം വ്യക്തമാക്കുന്നു.

അവിശ്വാസിയുടെ അര്‍ഹത

‘അവിശ്വാസിയായി ജീവിച്ച’ എന്ന വിശേഷണം മനുഷ്യന്റെ കാഴ്ചപ്പാടാണ്. വിശ്വാസജീവിതത്തിന്റെ ബാഹ്യമാനദണ്ഡങ്ങള്‍ക്കപ്പുറം ഹൃദയം കാണുന്ന ദൈവത്തിന്റെ പ്രവര്‍ത്തനം കൂദാശയുടെ പരികര്‍മ്മത്തില്‍ സംഭവിക്കാനുള്ള സാധ്യത നിഷേധിക്കാന്‍ നമുക്ക് അവകാശമില്ല. ‘അവിശ്വാസി’ എന്ന് സമൂഹം വിശേഷിപ്പിക്കുന്ന വ്യക്തി രോഗീലേപനം എപ്പോഴെങ്കിലും ആവശ്യപ്പെട്ടാല്‍ ഒരു കാരണവശാലും അത് നിഷേധിക്കാന്‍ പാടില്ല. മാമ്മോദീസാ സ്വീകരിച്ച വ്യക്തിയാണെങ്കില്‍ ഈ കൂദാശ സ്വീകരിക്കാനുള്ള അര്‍ഹതയും അവകാശവും ആ വ്യക്തിക്കുണ്ട്. സുവിശേഷത്തിലെ നല്ല കള്ളന്റെ മാനസാന്തര അനുഭവത്തിന്റെ നേര്‍സാക്ഷി ഈശോ മാത്രമായിരുന്നു. നല്ല കള്ളനെപ്പോലെ മാനസാന്തരപ്പെടാനുള്ള അവസരവും അവകാശവും എല്ലാവര്‍ക്കുമുണ്ട്. അതിനാല്‍ ചോദിക്കുന്ന ആര്‍ക്കും രോഗീലേപനം നിഷേധിക്കാന്‍ പാടില്ല. മറിച്ച്, ഇങ്ങനെയൊരവസരത്തില്‍ ആ വ്യക്തിയെ മാനസാന്തരത്തിലേക്ക് നയിക്കാനുള്ള കരുണാര്‍ദ്രമായ സമീപനമാണ് വൈദികര്‍ സ്വീകരിക്കേണ്ടത്. കുരിശിലെ തന്റെ ജീവത്യാഗത്തിലൂടെ ഈശോ എല്ലാവര്‍ക്കുമായി നല്കിയ രക്ഷ ആര്‍ക്കും നിഷേധിക്കാനുള്ള അവകാശം വൈദികര്‍ക്കില്ല എന്നതും ഓര്‍മ്മിക്കേണ്ടതുണ്ട്.

ആര്‍ക്കു നിഷേധിക്കാം?

അതേസമയം, പരസ്യപാപത്തില്‍ നിര്‍ബന്ധബുദ്ധിയോടെ തുടരുന്ന ഒരു വ്യക്തിക്ക് രോഗീലേപനം നല്‍കരുത് എന്ന് ലത്തീന്‍ സഭാനിയമം കൂട്ടിച്ചേര്‍ക്കുന്നുണ്ട് (CIC c. 1007). ഇവിടെ രണ്ട് സാഹചര്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്: ഒന്ന്, സഭയെയും ദൈവത്തെയും തള്ളിപ്പറഞ്ഞ് പരസ്യപാപത്തില്‍ ജീവിക്കുന്ന വ്യക്തി സ്വന്തം തീരുമാനത്തില്‍ രോഗീലേപനം സ്വീകരിക്കുന്നതിന് ആഗ്രഹം പ്രകടിപ്പിച്ചാല്‍ അത് ആ വ്യക്തിയുടെ മാനസാന്തര നിമിഷമായി കണ്ട് രോഗീലേപനം നല്‍കണം എന്നതാണ് സഭാനിയമത്തിന്റെ അന്തഃസത്ത. കുമ്പസാരമെന്ന കൂദാശയിലൂടെ പാപമോചനം നല്കാന്‍ സാധ്യതയുണ്ടെങ്കില്‍ അതിനുശേഷമാണ് രോഗീലേപനം നല്‍കേണ്ടത്. രണ്ടാമത്തേത്, ഇപ്രകാരം പാപത്തില്‍ ജീവിക്കുന്ന വ്യക്തി സ്വന്തം തീരുമാനത്തില്‍ കൂദാശ ആവശ്യപ്പെടാത്ത സാഹചര്യമാണ്. കൂദാശ ആ വ്യക്തിക്കുവേണ്ടി ആവശ്യപ്പെടുന്നത് മറ്റുള്ളവരാണ്. രോഗബാധിതനായ വ്യക്തി സുബോധത്തോടെ കൂദാശയെ നിഷേധിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യത്തില്‍ നിര്‍ബന്ധമായി ആ വ്യക്തിക്ക് രോഗീലേപനം നല്‍കാന്‍ പാടില്ല. കാരണം, കൂദാശ സ്വീകരിക്കുന്നതിന് ആവശ്യമായ ആന്തരിക മനോഭാവം ഇല്ലായെന്നുമാത്രമല്ല, ദൈവനിഷേധം തുടരുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ‘ബലം പ്രയോഗിച്ചു’ നല്‍കുന്ന രോഗീലേപനത്തിന് കൗദാശികമായ യാതൊരു ഫലവും ആ വ്യക്തിക്കു ലഭിക്കുന്നില്ല എന്നതും വ്യക്തമാണ്.
ഇത്തരം സാഹചര്യത്തിന്റെ മറ്റൊരുവശം ചിന്തിക്കാം. മറ്റുള്ളവരുടെ മുമ്പില്‍ ദൈവനിഷേധിയും അവിശ്വാസിയുമായി അറിയപ്പെട്ടിരുന്ന ഒരു വ്യക്തി അബോധാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ അദ്ദേഹവുമായി അടുത്തബന്ധമുള്ളവര്‍ മറ്റാര്‍ക്കും അറിയാത്ത ആ വ്യക്തിയുടെ വിശ്വാസജീവിതം വൈദികനുമുമ്പില്‍ സാക്ഷ്യപ്പെടുത്തുകയും രോഗീലേപനം നല്‍കുന്നതിന് ആവശ്യപ്പെടുകയും ചെയ്താല്‍ ആ വ്യക്തിക്ക് കൂദാശ പരികര്‍മ്മം ചെയ്യേണ്ടതാണ്. അതേപോലെ ദൈവനിഷേധിയും അവിശ്വാസിയും പരസ്യപാപിയുമായി ജീവിച്ചിരുന്ന വ്യക്തിയുടെ കാര്യത്തിലാണെങ്കിലും അടുത്ത ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് ആ വ്യക്തിക്ക് കൂദാശ പരികര്‍മ്മം ചെയ്യേണ്ടതാണ്.

ഹൃദയം കാണുന്ന ദൈവം

ചുരുക്കത്തില്‍, ഹൃദയം കാണുന്ന ദൈവത്തിന്റെ കരുണാര്‍ദ്രമായ സമീപനമായിരിക്കണം രോഗീലേപനമെന്ന കൂദാശ പരികര്‍മ്മം ചെയ്യുന്ന വൈദികന് ഇത്തരം സാഹചര്യങ്ങളില്‍ ഉണ്ടാകേണ്ടത്. നല്ല കള്ളനെ പറുദീസായില്‍ സ്വീകരിച്ച ഈശോയുടെ മനോഭാവവും (ലൂക്കാ 23:43) തളര്‍വാത രോഗിയെ വീടിന്റെ മേല്‍ക്കൂരപൊളിച്ച് തന്റെ മുന്നിലെത്തിച്ചവരുടെ വിശ്വാസം കണ്ട് തളര്‍വാതരോഗിയുടെ പാപങ്ങള്‍ ക്ഷമിച്ച് അവനെ സുഖപ്പെടുത്തിയ ഈശോയുടെ മനോഭാവവുമാണ് (മര്‍ക്കോ 2:4-6) ഇത്തരം സാഹചര്യങ്ങളില്‍ അവസാന നിയമമായി സ്വീകരിക്കേണ്ടത്.


Leave a Reply

Your email address will not be published. Required fields are marked *