Editor's Pick

പുറത്തറിയുന്ന വീട്ടുകാര്യങ്ങള്‍


ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്. സമയം ഉച്ചകഴിഞ്ഞ് 2.30. ഉഷ്ണത്തിന്റെ തീവ്രത കുറച്ചുകൊണ്ട് ബസിന്റെ വശങ്ങളിലൂടെ കാറ്റടിച്ചു കയറുന്നു. സീറ്റ് നിറഞ്ഞ ശേഷം കമ്പിയില്‍ പിടിച്ചും യാത്രക്കാരുണ്ട്. സീറ്റിലുള്ളവരില്‍ ഭൂരിഭാഗവും മയക്കത്തിലാണ്.

പെട്ടെന്ന് നില്‍ക്കുന്നവരില്‍ ഒരാളുടെ മൊബൈലില്‍ സംഗീതമുയര്‍ന്നു. ഫോണില്‍ക്കൂടി അയാള്‍ ഉച്ചത്തില്‍ പറഞ്ഞു തുടങ്ങി.

‘അയ്യോ ഇന്നു പറ്റില്ലല്ലോ… ഞാന്‍ ബസിലാ, കുന്നമംഗലം കഴിഞ്ഞല്ലോ.’

മയക്കത്തിലായിരുന്ന പലരും ഞെട്ടിയുണര്‍ന്നു. പുറത്തേക്ക് നോക്കി. താമരശ്ശേരി കഴിഞ്ഞ് വണ്ടി വാവാട് അങ്ങാടി അടുക്കുന്നതേയുള്ളു. കൊടുവള്ളിയിലും പടനിലത്തും കുന്നമംഗലത്തുമെല്ലാം ഇറങ്ങേണ്ടവരാണ് മൊബൈലുകാരന്റെ ഡയലോഗ് കേട്ട് ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞല്ലോ എന്ന വേവലാതിയില്‍ ഞെട്ടിയത്.

ഈ നുണകാച്ചുന്നവന്‍ ആരെടാ എന്ന മട്ടില്‍ മൊബൈലുകാരനെ നോക്കിയെങ്കിലും അയാള്‍ അറിഞ്ഞമട്ടില്ല.

‘ഇന്നു കല്ലിറക്കാന്‍ പറ്റില്ല. ബസിപ്പോള്‍ കാരന്തൂര്‍ മര്‍ക്കസും കഴിഞ്ഞു.’ അയാള്‍ നുണക്കഥ കൊരുത്ത് ഡയലോഗ് തുടര്‍ന്നു.

കൊടുവള്ളിയില്‍ വീടുപണിക്ക് ചെങ്കല്ലിറക്കാന്‍ കരാറെടുത്ത ആളാണ് ഫോണില്‍കൂടി ആരെയോ പറഞ്ഞു പറ്റിക്കുന്നതെന്ന് തുടര്‍ സംഭാഷണത്തില്‍ നിന്നു മനസിലായി. അയാള്‍ കൊടുവള്ളിയിലെത്തിയില്ലെന്ന് മനസിലാക്കുവാന്‍ പോലീസുകാര്‍ ചെയ്യുന്നതുപോലെ ടവര്‍ ലൊക്കേഷന്‍ കണ്ടുപിടിക്കാന്‍ ആ പാവത്തിനാവില്ലല്ലോ.

ആരെയും പറ്റിക്കാന്‍ നല്ല ഒരു സംവിധാനമാണല്ലോ കൈവെള്ളയില്‍ ഒതുങ്ങുന്ന ഈ ഇത്തിരിക്കുഞ്ഞന്‍. പക്ഷെ, പാവങ്ങളെ മാത്രമേ കബളിപ്പിക്കാനാവൂ.

ആസൂത്രിത കൊലപാതകങ്ങളും വന്‍തട്ടിപ്പുകളും മൊബൈല്‍ ഫോണ്‍ വിളി പിന്തുടര്‍ന്നാണ് ഇപ്പോള്‍ പോലീസ് പിടികൂടുന്നത്.

ഇംഗ്ലീഷ് ഗദ്യസാഹിത്യകാരനായ വില്യം പ്ലോമര്‍ ടെലഫോണ്‍ കൊണ്ടുള്ള അസൗകര്യങ്ങളെക്കുറിച്ച് എഴുതിയ നര്‍മലേഖനം പ്രശസ്തമാണ്. ടെലഫോണ്‍ ഡയറക്ടറിയില്‍ മേല്‍വിലാസം വരുന്നതിനാല്‍ കള്ളന്മാര്‍ക്ക് നമ്മുടെ വീടു കണ്ടു പിടിക്കാം. കുളിക്കുമ്പോള്‍ നനഞ്ഞപടി ഓടിവന്ന് ഫോണ്‍ എടുക്കുമ്പോഴാണ് റോങ് നമ്പറെന്നു മനസിലാക്കുക… തുടങ്ങിയ കാര്യങ്ങളാണ് വില്യം പ്ലോമര്‍ ഫോണിനെതിരെ കുറിച്ച ചില മാരക കുറ്റങ്ങള്‍. അദ്ദേഹം ഈ ലേഖനം എഴുതിയത് കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയില്‍ ദൂരവിൡക്ക് ട്രങ്ക് കോള്‍ ബുക്ക് ചെയ്തു കാത്തിരുന്ന കാലത്താണ്.

ഇന്ന് മൊബൈലിനെ മനുഷ്യന്റെ പിന്നീട് കൂട്ടിച്ചേര്‍ത്ത ഒരു അവയവമെന്ന് വിളിക്കുന്നതാണ് കൂടുതല്‍ ഭംഗി. സംസാരം മാത്രമല്ലല്ലോ എന്തെല്ലാം ആപ്ലിക്കേഷനുകള്‍! സന്ദേശങ്ങള്‍, പാട്ട്, കച്ചവടം, കണക്കുകൂട്ടല്‍, ഇന്റര്‍നെറ്റ്, സിനിമ, പത്രവായന… എല്ലാത്തിനും ഇവന്‍ മതി.

നാം ഒരു സപെയ്‌സിലാണ് (ഇടം) ജീവിക്കുന്നത്. ഓഫീസിലായാലും പുറത്തായാലും വാഹനത്തിലായാലും ചുറ്റുമുള്ള നിശ്ചിത സ്‌പെയ്‌സിലാണ് നമ്മുടെ ജീവിത വ്യാപാരങ്ങള്‍. ഈ സ്‌പെയ്‌സിലേക്ക് കടന്നു കയറി മൊബൈല്‍ നമ്മുടെ സ്വാസ്ഥ്യം കെടുത്തുന്നു.

ബസിലായാലും ട്രെയിനിലായാലും ചന്തയിലായാലും പരസ്യമായി പറയാന്‍ മടിക്കുന്ന വീട്ടുകാര്യങ്ങളാണ് പലരും മൊബൈലില്‍ ഉറക്കെ വിളിച്ചു പറയുക. റോഡില്‍ കൂടി ചിലര്‍ ചിരിച്ചും ആംഗ്യം കാട്ടിയും നടക്കുമ്പോള്‍ എന്തോ തകരാറുണ്ടെന്നു കരുതേണ്ട. ചെവിയോടു ചേര്‍ത്ത് ഈ വിദ്വാനുണ്ടാകും. ഇങ്ങനെ പോയാണ് ചിലര്‍ ട്രെയിനിടിച്ചും ടെറസില്‍ നിന്നു വീണും സിദ്ധി കൂടിയത്.

വ്യാജ സൗഹൃദങ്ങളും മൊബൈല്‍ പ്രണയങ്ങളും വന്‍ ദുരന്തത്തില്‍ കലാശിക്കുന്നത് വാര്‍ത്തകളേ അല്ലാതായി.

മണിക്കൂറുകള്‍ നീളുന്ന സംസാരം മദ്യാസക്തിപോലെ, ലഹരിയായി ഒഴിവാക്കാനാവാതെ വരുമ്പോള്‍ ‘മൊബൈല്‍ അഡിക്ഷന്‍’ എന്ന അവസ്ഥയിലെത്തും. ഇതിന് ചികിത്സ വേണ്ടിവരും.

മക്കള്‍ പുറത്തു പോയാല്‍ എപ്പോഴും അവരെ വിളിച്ചു കൊണ്ടിരിക്കുന്നത് വാത്സല്യവും കരുതലുമാണെന്നു വിചാരിക്കുന്ന രക്ഷിതാക്കളുണ്ട്. അത്യാവശ്യം കാര്യങ്ങള്‍ അറിയാനും പറയാനും വിളിക്കാം. പക്ഷെ നിരന്തരം മക്കളെ നിയന്ത്രിക്കുന്ന ‘റിമോട്ട്’ ആയാല്‍ സ്വന്തം തീരുമാനമെടുക്കാനും പ്രശ്‌നങ്ങള്‍ മറികടക്കാനുമുള്ള അവരുടെ കഴിവുകളെ തളര്‍ത്തുകയേയുള്ളു.

ഓഫിസില്‍ അടുത്തിരിക്കുന്ന ആളെ ശ്രദ്ധിക്കാതെ ദീര്‍ഘനേരം മൊബൈലില്‍ സംസാരിക്കുന്നതും മരണ വീടും ആരാധനാ കേന്ദ്രവും പോലെയുള്ള സ്ഥലങ്ങളില്‍ ഔചിത്യമില്ലാതെ മൊബൈല്‍ ഉപയോഗിക്കുന്നതും എന്തൊരു മര്യാദ കേടാണ്! പാത്രം ഉടയുന്നതും കുഞ്ഞുകരയുന്നതും അതിദ്രുത താളങ്ങളും ഉച്ചത്തില്‍ റിങ് ടോണാക്കി ചുറ്റുമുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത് ഒരിക്കലും മിടുക്കല്ല.

ചിലര്‍, പ്രത്യേകിച്ച് യുവജനങ്ങള്‍, സംസാരിക്കുന്നതിനിടയില്‍ മൊബൈലില്‍ വിരല്‍ കൊണ്ടു പരതി അങ്ങോട്ട് ഏറുകണ്ണിട്ടു കൊണ്ടിരിക്കും. നിങ്ങളെ ഒഴിവാക്കാനുള്ള സിഗ്നലാണ് ഇതെന്നു മനസിലാക്കുക.

വിളിക്കുമ്പോള്‍ സുഹൃത്തിന്റെ ജോലി സാഹചര്യങ്ങളും തിരക്കും സമയവും കണക്കിലെടുക്കുക. പറയേണ്ട പ്രധാന കാര്യം ആദ്യം പറഞ്ഞ ശേഷം കുശലാന്വേഷണത്തിലേക്ക് കടന്നാല്‍ തിരക്കാണെങ്കില്‍ സംഭാഷണം ചുരുക്കാമല്ലോ.

മൊബൈലിനേക്കുറിച്ച് പ്രചാരത്തിലുള്ള ഒരു തമാശയുണ്ട്. നിങ്ങളുടെ കയ്യിലുള്ള ഫോണ്‍ മറ്റുള്ളവരുടെ ആവശ്യത്തിനാണ്. നിങ്ങള്‍ സ്വന്തം ആവശ്യത്തിനു വിളിച്ച കോളുകളേക്കാള്‍ വളരെ കൂടുതലായിരിക്കും നിങ്ങളെക്കൊണ്ടുള്ള ആവശ്യത്തിനു മറ്റുള്ളവര്‍ വിളിച്ചത്. ഇതു ശരിയാണോയെന്ന് സ്വയം പരിശോധിച്ചു നോക്കുക.

ലണ്ടനിലെ ഭൂഗര്‍ഭ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ അടുത്തു നിന്ന യാത്രക്കാരിയുടെ ബാഗിലെ മൊബൈല്‍ റിങ് ചെയ്യുന്നത് കേട്ടു. ടിംഗ്, ടിംഗ്. രണ്ടു ശബ്ദം മാത്രം. ബാഗില്‍ നിന്നു ഫോണെടുത്ത് ഒതുക്കത്തില്‍ എന്തോ പറഞ്ഞ് ഫോണ്‍ ഡിസ്‌കണക്ട് ചെയ്തു. അവിടെ ആരും മൊബൈലില്‍ പറയുന്നത് മറ്റൊരാള്‍ കേള്‍ക്കില്ല. മാത്രമല്ല, ദീര്‍ഘ സംഭാഷണവുമില്ല. ഇതേക്കുറിച്ച് എന്റെ ആതിഥേയനായിരുന്ന സസക്‌സ് യൂണിവേഴ്‌സിറ്റിയിലെ നരവംശ ശാസ്ത്ര പ്രഫസര്‍ ഡോ. ഫിലിപ്പോ ഒസല്ലോയോടു ചോദിച്ചു. ‘ഞങ്ങള്‍ മൊബൈലില്‍ അത്യാവശ്യകാര്യങ്ങള്‍ പറയുകയേയുള്ളു. വിശദമായി വീട്ടില്‍ വന്ന് ലാന്‍ഡ് ഫോണില്‍ സംസാരിക്കും.’

ശരിയാണ്. വൈകുന്നേരം ഏഴുമണിയോടെ അത്താഴം കഴിഞ്ഞ് പ്രഫസര്‍ 10 മണി വരെ ലാന്‍ഡ് ഫോണില്‍ സംസാരവും കംപ്യൂട്ടറില്‍ പത്രവായനയും എഴുത്തുമെല്ലാമായി കഴിയുന്നതു പതിവാണ്.

വാഹനം ഓടിക്കുമ്പോള്‍ മറ്റുള്ളവരെ ഗൗനിക്കാതെ റോഡ് മുഴുവന്‍ സ്വന്തമെന്നു കരുതി ഡ്രൈവു ചെയ്യുന്ന മലയാളി മൊബൈല്‍ ഉപയോഗത്തിലും ആ മര്യാദകേട് ആവര്‍ത്തിക്കുന്നു. ഇതുമൂലം സമയ നഷ്ടവും പണനഷ്ടവും മാത്രമല്ല, റേഡിയേഷന്‍ മൂലമുണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുക്കുന്നില്ല.

മേമ്പൊടി:
ഒരു കല്യാണ സംഘത്തിനൊപ്പം വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പ്രായമായ ഒരു അമ്മച്ചി പറഞ്ഞു: ‘മോനെ വണ്ടിയേല്‍ വിളിക്കുന്ന ആ ഫോണില്ലേ, അതെടുത്ത് നാന്‍സി മോളെ വിളിക്ക്. അവള്‍ക്ക് വരാന്‍ പറ്റാത്ത തിരക്കെന്താണെന്ന് അറിയാല്ലോ.’ യാത്ര ചെയ്യുമ്പോഴാണ് അമ്മച്ചി മൊബൈലിന്റെ കാര്യമായ ഉപയോഗം കാണുന്നത്. മൊബൈലിന് എത്ര ലളിതമായ ഒരു നാടന്‍ നിര്‍വചനം!


Leave a Reply

Your email address will not be published. Required fields are marked *