Editor's Pick

നഴ്‌സറിയില്‍ നിന്ന് പകല്‍ വീട്ടിലേക്ക്‌


പ്രശസ്തമായ ഒരു സ്വര്‍ണശാല അയല്‍ നഗരങ്ങളില്‍ ശാഖകള്‍ തുറക്കുന്ന കാലമായിരുന്നത്. എതിരാളി സ്ഥാപനം തുടങ്ങുന്നതിനു മുമ്പ് അവിടെ ശാഖ തുറക്കാനുള്ള കടുത്ത മത്സരം.

പത്രങ്ങളില്‍ പരസ്യവും നടിമാരെക്കൊണ്ടുള്ള ഉദ്ഘാടന ചിത്രങ്ങളുമെല്ലാമായി നിറഞ്ഞു നില്‍ക്കുന്ന അവസരത്തില്‍ സ്ഥാപകനായ കാരണവര്‍ ഇപ്പോള്‍ സ്ഥാപനത്തിന്റെ ശാഖകള്‍ നടത്തുന്ന മക്കള്‍ക്ക് ഒരു കുറിപ്പ് കൊടുത്തയച്ചു.

‘ഇത്ര സ്പീഡ് വേണ്ട’

മത്സരത്തിന്റെ ലഹരി കയറി മക്കള്‍ എതിരാളിയെ പിന്നിലാക്കാനുള്ള ശ്രമത്തില്‍ സ്വന്തം ശക്തി ദൗര്‍ബല്യങ്ങള്‍ മറന്ന് കാലിടറി വീഴരുതെന്നുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു ആ കുറിപ്പ്.

പ്രായത്തിന്റെ വിവേകമുള്ള ശബ്ദം മനസിലാക്കി മക്കള്‍ വേഗതയ്ക്കു നിയന്ത്രണം വച്ചപ്പോള്‍ സ്ഥാപനം സുസ്ഥിര വളര്‍ച്ചാ പാതയിലായി.

പാറപ്പുറത്തിന്റെ പ്രശസ്തമായ നോവല്‍ ‘അരനാഴിക നേര’ത്തിലെ കുഞ്ഞോനാച്ചന്‍ മക്കളും പേരക്കിടാങ്ങളും അവരുടെ മക്കളുമടങ്ങിയ വലിയ ക്രൈസ്തവ കുടുംബത്തിന്റെ കാരണവരാണ്. ദുരഭിമാനം കൊണ്ടും അഹങ്കാരംകൊണ്ടും മക്കളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കുടുംബത്തെ ആടി ഉലയ്ക്കുമ്പോള്‍ കുഞ്ഞോനാച്ചന്റെ വിവേകമുള്ള തീരുമാനമാണ് പരിഹാരത്തിനു വഴി തെളിയ്ക്കുന്നത്.

പേരും പ്രശസ്തിയുമുള്ള സ്ഥാപനങ്ങളില്‍ യുവാക്കള്‍ക്കൊപ്പം മുതിര്‍ന്ന ജീവനക്കാരുമുണ്ടാകും. വളര്‍ച്ചയുടെ കുതിപ്പിനൊപ്പം പാരമ്പര്യത്തിന്റെ തിരിച്ചറിവും പാകതയും ചേര്‍ന്നാലേ അത് നിലനില്‍ക്കുന്ന പുരോഗതിയിലേക്ക് വഴി തെളിക്കൂ.
വീടുകളെ സംബന്ധിച്ചും ഈ ചേരുവ പ്രസക്തമാണ്. മുതിര്‍ന്ന മക്കളും കൊച്ചുമക്കളും വല്യപ്പനും വല്യമ്മയുമെല്ലാം ചേരുമ്പോള്‍ അത് വൃദ്ധിക്ഷയങ്ങളെല്ലാമുള്ള മനുഷ്യ ജീവിതത്തിന്റെ കൊച്ചുപതിപ്പാകുന്നു.

‘യുവാക്കളുടെ മഹത്വം അവരുടെ കരുത്താണ്. നരച്ച മുടി വൃദ്ധരുടെ അലങ്കാരവും’ എന്ന് സുഭാഷിതങ്ങളില്‍ (20: 29) പറയുന്നു. കരുത്തിനൊപ്പം വിവേകം ചേരുമ്പോഴാണ് ജീവിതം കടിഞ്ഞാണ്‍ കെട്ടിയ കുതിരയാവുക.

ചെയ്യാന്‍ കഴിയുന്ന കൊച്ചുജോലികള്‍ വീട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കും നല്‍കണം. പണ്ട് ഓടിച്ചാടി നടന്ന സ്ഥലങ്ങള്‍ കാണാന്‍ അവര്‍ക്ക് കൊതിയുണ്ടാകും. അതിനാല്‍ ഇടയ്ക്കു പുറത്തുകൊണ്ടുപോകുക.

അണുകുടുംബങ്ങളുടെ കാലത്ത് പ്രായമായവരുടെ ജീവിതം പഴയതുപോലെ സുഖകരമല്ല.

സ്വാതന്ത്ര്യം കിട്ടുമ്പോള്‍ കേരളത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 36 വയസായിരുന്നു. നല്ല ഭക്ഷണവും മരുന്നും ചികിത്സയും കിട്ടുന്നതിനാല്‍ ഇപ്പോള്‍ അത് 74 വയസായി ഉയര്‍ന്നു. കഴിഞ്ഞ സെന്‍സസ് പ്രകാരം 60 വയസിനു മുകളിലുള്ളവര്‍ ജനസംഖ്യയുടെ 11.8 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാരുടെ പ്രശ്‌നങ്ങളും അതുണ്ടാക്കുന്ന സങ്കീര്‍ണതകളും കൂടിക്കൊണ്ടിരിക്കുന്നു.

മക്കള്‍ ജോലിക്കായി അന്യനാടുകളിലേക്കു പോകേണ്ടിവരുന്നതിനാല്‍ പല വീടുകളിലും വൃദ്ധര്‍ മാത്രമേയുള്ളു. പത്തനംതിട്ട ജില്ലയിലൂടെ യാത്ര ചെയ്യുമ്പോള്‍ വൃദ്ധര്‍ക്കുള്ള വസ്ത്രങ്ങളും ഉപകരണങ്ങളും വില്‍ക്കുന്ന കടകളുടെ ഏറെ പരസ്യങ്ങള്‍ കാണാം. സിനിമാ നടിമാര്‍ക്കു പകരം അപ്പച്ചന്മാരും അമ്മച്ചിമാരുമാണ് അവിടെ പരസ്യങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

വിദേശത്തുള്ള മക്കള്‍ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്നു. അല്ലെങ്കില്‍ പരിചരണത്തിന് ഹോം നഴ്‌സിനെ വയ്ക്കുന്നു. മലബാറിലെ കുടിയേറ്റ പ്രദേശങ്ങളും ഈ രീതിയിലേക്കാണ് നീങ്ങുന്നത്.

വാര്‍ദ്ധക്യം സുനിശ്ചിതമായതിനാല്‍ യൗവനകാലത്തു തന്നെ അതിനായി ആസൂത്രണം ചെയ്യണം. സാമ്പത്തികത്തില്‍ മാത്രമല്ല മക്കളുടെ കാര്യത്തിലും നീതിപൂര്‍ണമായ തീരുമാനങ്ങളും അതനുസരിച്ചുള്ള നടപടികളും എടുക്കണം. വിവേകപൂര്‍വം ജീവിച്ചവരെക്കുറിച്ചാണ് സങ്കീര്‍ത്തനങ്ങളില്‍ (92: 12,14) പറയുന്നത്- ‘നീതിമാന്മാര്‍ പനപോലെ തഴയ്ക്കും. ലബനോനിലെ ദേവതാരുപോലെ വളരും. വാര്‍ദ്ധക്യത്തിലും അവര്‍ ഫലം പുറപ്പെടുവിക്കും. അവര്‍ എന്നും ഇല ചൂടി പുഷ്ടിയോടെ നില്‍ക്കും.’

മക്കള്‍ക്കു ഭാരമാകാതെ ജീവിക്കാന്‍ പ്രായമായ ദമ്പതികള്‍ അടുത്തടുത്തു കഴിയുന്ന ഹൗസിങ് കോളനികള്‍ കേരളത്തിലും ഉയര്‍ന്നു വരുന്നു. പൊതുഅടുക്കളയും ചികിത്സാസൗകര്യങ്ങളും അവിടെയുണ്ടാകും. കണ്ണൂര്‍ പരിയാരത്ത് മുന്‍ ഡിജിപി കെ.ജെ.ജോസഫ് നടത്തുന്ന ‘വിശ്രാന്തി’ പ്രായമായ ദമ്പതികളുടെ പാര്‍പ്പിട സമുച്ചയമാണ്.

കോഴിക്കോട് എരഞ്ഞിപ്പാലത്ത് മലബാര്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ വൃദ്ധര്‍ക്കുള്ള ‘പകല്‍ വീട്’ ആരംഭിച്ചു കഴിഞ്ഞു. പകല്‍ സമയത്ത് പ്രായമായവരെ അവിടെ എത്തിക്കുന്നു. വായിക്കാനും കളിക്കാനും മാനസികോല്ലാസത്തിനുമുള്ള അവസരങ്ങള്‍ അവിടെയുണ്ട്. വൈകിട്ട് അവരെ തിരിച്ച് വീട്ടിലെത്തിക്കും.

കുട്ടിക്കാലത്ത് നഴ്‌സറി, വയസുകാലത്ത് പകല്‍ വീട്.
ആറും അറുപതും ഒരുപോലെ എന്ന പഴമൊഴി ഇവിടെയും ചേരുമെന്നുതോന്നുന്നു.


Leave a Reply

Your email address will not be published. Required fields are marked *