സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലേക്ക് വെറ്റിലപ്പാറ ഇടവക

വെറ്റിലപ്പാറ സെന്റ് അഗസ്റ്റിന്‍സ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ആഗസ്റ്റിനോസിന്റെ തിരുനാളിനോട് അനുബന്ധിച്ച് ഇടവക രൂപീകരണത്തിന്റെ അന്‍പതാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി. താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമീജിയോസ്‌ ഇഞ്ചനാനിയില്‍ ജൂബിലി തിരി തെളിയിച്ച് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. 2024 ആഗസ്റ്റ് 28 വരെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇടവകാംഗവും താമരശ്ശേരി രൂപതയുടെ മെത്രാനുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുഖ്യ കാര്‍മികത്വം വഹിച്ച വിശുദ്ധ കുര്‍ബാനയില്‍ മുന്‍ വികാരി ഫാ. മാത്യു കണ്ടശാംകുന്നേല്‍, വികാരി ഫാ. ജോസഫ് വടക്കേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. പരിപാടികള്‍ക്ക് കൈകാരന്മാരായ സെനിത്ത് മറ്റപ്പള്ളിത്തടത്തില്‍, മാത്യു കുരിശിങ്കല്‍, നോബിള്‍ കണിയാംകുഴിയില്‍, ഷിനോയി കടപ്പൂരാന്‍ എന്നിവരും ജൂബിലി കമ്മിറ്റി കണ്‍വീനര്‍ ജോസ് നിലയ്ക്കപ്പള്ളിലും നേതൃത്വം നല്‍കി.

1959നാണ് വെറ്റിലപ്പാറയിലേക്ക് കുടിയേറ്റം ആരംഭിക്കുന്നത്. കുടിയേറി വന്നവര്‍ ആദ്യകാലങ്ങളില്‍ കൂടരഞ്ഞി പള്ളിയിലും പിന്നീട് തോട്ടുമുക്കം ഇടവക രൂപീകരണത്തോടെ അവിടെയും ദിവ്യബലിയിലും പ്രാര്‍ത്ഥനകളിലും പങ്കുകൊണ്ടു. 1969 മുതല്‍ വെറ്റിലപ്പാറയില്‍ ദിവ്യബലി അര്‍പ്പിച്ചു തുടങ്ങി. തോട്ടുമുക്കം വികാരിയായിരുന്ന ഫാ. ജോസഫ് മാമ്പുഴയാണ് വെറ്റിലപ്പാറയില്‍ ആദ്യമായി ദിവ്യബലി അര്‍പ്പിക്കുന്നത്. 1974ല്‍ വെറ്റിലപ്പാറ ഇടവക രൂപീകരിച്ചു. ഫാ. ജോര്‍ജ് ചിറയിലായിരുന്നു ആദ്യ വികാരി.

താമരശ്ശേരി രൂപതയില്‍ വിശുദ്ധ അഗസ്തീനോസിന്റെ നാമഥേയത്തിലുള്ള ഏക ഇടവകയാണ് വെറ്റിലപ്പാറ.

ഫാ. തോമസ് കൊച്ചുപറമ്പില്‍ നിര്യാതനായി

താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. തോമസ് കൊച്ചുപറമ്പില്‍ (86) നിര്യാതനായി. ഇന്ന് രാവിലെ ശാരീരിക അസ്വസ്തതകളെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.

ഭൗതിക ദേഹം നാളെ (29/08/2023) രാവിലെ 10 വരെ ഈരൂട് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ പൊതുദര്‍ശനത്തിനുവെക്കും. തുടര്‍ന്ന് തലശ്ശേരി അതിരൂപതയിലെ കൊട്ടോടിയിലുള്ള ഭവനത്തിലേക്ക് കൊണ്ടുപോകും.

സംസ്‌ക്കാര ശുശ്രൂഷകള്‍ ആഗസ്റ്റ് 30ന് രാവിലെ 9ന് ഭവനത്തില്‍ ആരംഭിച്ച് കൊട്ടോടി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ദേവാലയത്തില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തും.

1964 ഡിസംബര്‍ ഒന്നിന് പൗരോഹിത്യം സ്വീകരിച്ച ഫാ. കൊച്ചുപറമ്പില്‍ കോടഞ്ചേരി ഇടവകയില്‍ അസി. വികാരിയായി സേവനം ചെയ്തു. തുടര്‍ന്ന് മഞ്ഞുവയല്‍, കട്ടിപ്പാറ, കൊളക്കാട്, ഭീമനടി, അടയ്ക്കാക്കുണ്ട്, മഞ്ഞക്കടവ്, കുളിരാമൂട്ടി, വിളക്കാംതോട്, കുളത്തുവയല്‍, കുണ്ടുതോട്, വിലങ്ങാട്, പാതിരിക്കോട്, അശോകപുരം, പെരുവണ്ണാമൂഴി, മലപ്പുറം, പടത്തുകടവ് എന്നീ ഇടവകകളില്‍ വികാരിയായി സേവനം ചെയ്തു.

1990 മുതല്‍ 2000 വരെ കല്യാണ്‍ രൂപതയില്‍ സേവനം ചെയ്തു. 2016 ല്‍ ഇടവക സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം ഈരൂട് വിയാനി പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

കരുണയും കരുതലും കൈമുതലാക്കിയ കര്‍ത്താവിന്റെ കാര്യസ്ഥന്‍

ആഗസ്റ്റ് 25: ഫാ. ജോസഫ് കോഴിക്കോട്ട് ഓര്‍മ്മദിനം

പള്ളികളും പള്ളിക്കൂടങ്ങളും കൊണ്ട് ഒതുങ്ങുന്നതായിരുന്നില്ല ഫാ. ജോസഫ് കോഴിക്കോട്ടിന്റെ സേവന രംഗങ്ങള്‍. റോഡുകളും പാലങ്ങളും നിര്‍മിച്ച് നാടിന് നല്ലതു ചെയ്യാന്‍ ജോസഫ് അച്ചന് എന്നും ഉത്സാഹമായിരുന്നു. സേവനം ചെയ്ത പല പ്രദേശങ്ങളിലും ബസ് ഗതാഗതം ആരംഭിക്കുന്നതിനും വൈദ്യുതി ലഭിക്കുന്നതിനും അച്ചന്‍ ഏറെ ക്ലേശങ്ങള്‍ സഹിച്ചു.

പാലാ കാവുകണ്ടം ഇടവകയില്‍ 1938 മേയ് 27ന് അച്ചന്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ആലുവ സെമിനാരിയില്‍ വൈദിക പഠനത്തിനു ചേര്‍ന്നു. 1966 മാര്‍ച്ച് 12ന് പൗരോഹിത്യം സ്വീകരിച്ചു. കുളത്തുവയല്‍ അസി. വികാരിയായി സേവനം ആരംഭിച്ച ജോസഫച്ചന്റെ കര്‍മ്മമണ്ഡലങ്ങളില്‍ അധികവും ഗ്രാമപ്രദേശങ്ങളായിരുന്നു. തലശേരി രൂപതയിലെ ചന്ദനക്കാംപാറ, കൊട്ടിയൂര്‍, പരപ്പ, താമരശേരി രൂപതയിലെ ആനക്കാംപൊയില്‍, പശുക്കടവ്, ഈരൂട്, മാവൂര്‍, നെന്മേനി, പയ്യനാട്, പെരിന്തല്‍മണ്ണ എന്നീ ഇടവകകളില്‍ വികാരിയായി സേവനം ചെയ്തു.

ഒരു ഇടവക എന്നതിലുപരി താന്‍ ആയിരിക്കുന്ന പ്രദേശത്തിന്റെ സമ്പൂര്‍ണ ക്ഷേമം അച്ചന്റെ വലിയ സ്വപ്‌നമായിരുന്നു. ആത്മികവും ഭൗതികവുമായ വികസനത്തിലുപരി ആ നാട്ടിലെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും നന്മയും ഐശ്വര്യവും അച്ചന്‍ കാംക്ഷിച്ചു.

സഹസമുദായത്തില്‍പ്പെട്ട ആളുകളും അച്ചനെ വലിയൊരു അധ്യാത്മിക ആചാര്യനായിക്കണ്ട് ഏറെ ആദരിച്ചിരുന്നു. രോഗം, മരണം, ദുരന്തം തുടങ്ങിയ വേളകളിലെല്ലാം പ്രദേശവാസികള്‍ക്കു പൊതുനാഥനായി മാറാന്‍ അച്ചനു കഴിഞ്ഞു. ജീവിതത്തിലെ വിവിധ പ്രതിസന്ധികളില്‍ മനുഷ്യര്‍ നേരിടുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങളിലും കോഴിക്കോട്ടച്ചന്റെ ഉപദേശങ്ങള്‍ തേടുകയെന്നത് അച്ചന്‍ സേവനം അനുഷ്ഠിച്ച പ്രദേശങ്ങളിലെ ഒരു സാധാരണ സംഭവമായിരുന്നു. പ്രാര്‍ത്ഥനയും ഉപദേശവും സൗഖ്യവും തേടി വരുന്നവരുടെ നീണ്ടനിരയില്‍ എല്ലാ ജാതി മതസ്ഥരായ ആളുകളുമുണ്ടായിരുന്നു.

തീരാവേദനയും മാറാരോഗവുമായി എത്തുന്നവര്‍ക്ക് അച്ചന്‍ സൗഖ്യദായകനായൊരു വൈദ്യനായിരുന്നുവെന്ന് അനേകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വസ്തുക്കള്‍ മോഷണം പോകുമ്പോള്‍ അത് ആരെന്ന ചോദ്യവുമായി ആളുകള്‍ അച്ചനെ സമീപിക്കുന്ന കാഴ്ചയും അന്നു സാധാരണമായിരുന്നു. വീടുകളില്‍ നിന്നു കുട്ടികള്‍ പുറപ്പെട്ടുപോകുമ്പോള്‍ അവര്‍ എവിടെയെന്നറിയാനും ആളുകള്‍ അച്ചനെ സമീപിച്ചു. പ്രാര്‍ത്ഥനയും ഉപദേശവും മാത്രമല്ല വേദനിക്കുന്ന അനേകരെ അക്ഷരാര്‍ത്ഥത്തില്‍ ആ കരങ്ങള്‍ താങ്ങിയിട്ടുണ്ട്. കോഴിക്കോട് -മാവൂര്‍ ഗ്വോളിയോര്‍ റയോണ്‍സ് ഫാക്ടറി തൊഴിലാളി സമരത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയപ്പോള്‍ പട്ടിണിയും ദാരിദ്ര്യവുംമൂലം ആത്മഹത്യയുടെ മുനമ്പിലായിരുന്ന അനേകം തൊഴിലാളി കുടുംബങ്ങളില്‍ ഒരു നേരത്തെ അന്നവുമായി അവരെ ആശ്വസിപ്പിക്കുന്ന, അവരുടെ കാവലാളായി മാറുവാന്‍ അച്ചനു സാധിച്ചു.

1998 ജനുവരി 24 മുതല്‍ മേരിക്കുന്നിലെ ഗുഡ്‌ഷെപ്പേര്‍ഡ് വൈദിക മന്ദിരത്തില്‍ രോഗ-പീഡകളെത്തുടര്‍ന്ന് അച്ചന്‍ വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചു. നീണ്ട 12 വര്‍ഷക്കാലത്തെ വിശ്രമജീവിതത്തിനിടയില്‍ ആരോഗ്യം തോന്നിയിരുന്ന അവസരങ്ങളിലെല്ലാം അഗതി മന്ദിരങ്ങള്‍ സന്ദര്‍ശിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ബലി അര്‍പ്പിക്കുകയും തന്നാലാകുംവിധം അവര്‍ക്കായി അന്നദാനവും വസ്ത്രദാനവുമൊക്കെ നടത്തുന്നതില്‍ അച്ചന്‍ ഏറെ ആനന്ദം കണ്ടെത്തിയിരുന്നു.

ഒരു വ്യാഴവട്ടക്കാലത്തോളം നീണ്ടുനിന്ന തന്റെ വിശ്രമജീവിത വേളയിലെല്ലാം ദൈവജനത്തിനായി ബലിയര്‍പ്പിക്കാന്‍ ലഭിച്ചിരുന്ന അവസരങ്ങളെല്ലാം പരമാവധി പ്രയോജനപ്പെടുത്തിയും അനുരഞ്ജന ശുശ്രൂഷയ്ക്ക് തന്റെ പക്കലണയുന്ന സകല വിശ്വാസികള്‍ക്കും യഥേഷ്ടം അതു നിര്‍വഹിച്ചുകൊണ്ടും മറ്റുള്ളവരുടെ പ്രശ്‌നങ്ങളെ സാകൂതം പഠിച്ച് വിലയിരുത്തി പ്രാര്‍ത്ഥനയും കൗണ്‍സലിങും വഴിയായി അവരെ ആശ്വസിപ്പിച്ചും ആശുപത്രികളിലും വിശ്രമ മന്ദിരത്തിന്റെ പ്രാന്തപ്രദേശങ്ങിലും കഴിഞ്ഞിരുന്ന രോഗികളെ സന്ദര്‍ശിക്കുകയും അവര്‍ക്കാവശ്യമായ ശുശ്രൂഷകള്‍ നല്‍കിയും ചിട്ടയായ പ്രാര്‍ത്ഥനാ ജീവിതം വഴിയായും തന്റെ ജീവിത സായാഹ്നം ഏറെ സുകൃത സമ്പന്നമാക്കുവാന്‍ അച്ചന്‍ ഏറെ ശ്രമിച്ചിരുന്നു.

2010 ആഗസ്റ്റ് 25ന് 72-ാം വയസില്‍ ആ വന്ദ്യ വൈദികന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

വിശ്വാസം ജ്വലിപ്പിച്ച വൈദിക ശ്രേഷ്ഠന്‍

ആഗസ്റ്റ് 22, ഫാ. അഗസ്റ്റിന്‍ തുരുത്തിമറ്റം ഓര്‍മ്മദിനം

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം ആഗോളസഭയില്‍ കരിസ്മാറ്റിക്ക് പ്രസ്ഥാനങ്ങള്‍ ദ്രുതഗതിയില്‍ പടര്‍ന്നു പന്തലിച്ചു. ഇതിന്റെ അനുരണനം മലബാറിലുമുണ്ടായി. മലബാറില്‍ കരിസ്മാറ്റിക്ക് പ്രസ്ഥാനം വളര്‍ത്തുന്നതില്‍ മോണ്‍. സി.ജെ വര്‍ക്കിയോടൊപ്പം പ്രവര്‍ത്തിച്ച വൈദിക ശ്രേഷ്ഠനാണ് ഫാ. അഗസ്റ്റിന്‍ തുരുത്തിമറ്റം.

1976-ല്‍ കോഴിക്കോട് ക്രൈസ്റ്റ് ഹാളില്‍ നടന്ന കരിസ്മാറ്റിക് ധ്യാനത്തില്‍ മോണ്‍. സി.ജെ വര്‍ക്കിയും ഫാ. അഗസ്റ്റിന്‍ തുരുത്തിമറ്റവും സംബന്ധിച്ചു. ആ ധ്യാനത്തിലൂടെ ലഭിച്ച നവീകരണ ജ്വാല മലബാര്‍ പ്രദേശത്തു ജ്വലിപ്പിക്കുന്നതിനായി അവര്‍ തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു.

അഗസ്റ്റിനച്ചന്‍ ഇടവകഭരണത്തോടൊപ്പം കരിസ്മാറ്റിക് ധ്യാനങ്ങള്‍ നടത്തുകയും അതിലൂടെ അനേകരില്‍ വിശ്വാസം ജ്വലിപ്പിക്കുകയും ജീവിതം നവീകരണം വരുത്തുകയും ചെയ്തു. കുളത്തുവയല്‍ എന്‍.ആര്‍.സി ധ്യാന കേന്ദ്രത്തിലും ഇന്ത്യയുടെ പലഭാഗങ്ങളിലും അഗസ്റ്റിനച്ചന്റെ നേതൃത്വത്തില്‍ ധ്യാനങ്ങള്‍ നടന്നു. കെ.എസ്.ടി, എന്‍.എസ്.ടി തലങ്ങളില്‍ നേതൃത്വം വഹിക്കുകയും സോണല്‍ ആനിമേറ്ററായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇക്കാലത്ത് ഇടവകകളില്‍ പ്രാര്‍ത്ഥനാഗ്രൂപ്പുകള്‍ സംഘടിപ്പിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അച്ചന്‍ സേവനമനുഷ്ഠിച്ചിരുന്ന ഇടവകകളില്‍ പ്രാര്‍ത്ഥനാഗ്രുപ്പ്, കൗണ്‍സിലിംഗ്, ആരാധന എന്നിവ സജീവമായിരുന്നു.രോഗികളായ ചില വൈദികരെ കൊണ്ടുവന്ന് കൂടെതാമസിപ്പിച്ച് ശുശ്രൂഷിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. വിദൂരങ്ങളില്‍ നിന്നുപോലും അനേകര്‍ അച്ചനെ തേടിയെത്തിയിരുന്നു.

സ്വന്തം ആരോഗ്യമോ, സൗകര്യമോ സുഖമോ നോക്കാതെ ആരെയും എപ്പോഴും സ്വീകരിച്ച് ആശ്വസിപ്പിക്കുന്ന നല്ല മനസ്സിന്റെ ഉടമയായിരുന്നു അഗസ്റ്റിനച്ചന്‍. ആരുടെയും മുഖം നോക്കാതെ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. തെറ്റ് തിരിച്ചറിഞ്ഞാല്‍ ആരോടും മാപ്പുചോദിക്കാന്‍ മടിക്കില്ല. അകന്നു നില്‍ക്കുന്ന വ്യക്തികള്‍, കുടുംബങ്ങള്‍, സമൂഹങ്ങള്‍, സംഘടനകള്‍ ഇവരെ യോജിപ്പിക്കുവാന്‍ നല്ലൊരു മധ്യവര്‍ത്തിയായി അച്ചന്‍ പ്രവര്‍ത്തിച്ചിരുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി ക്ഷമചോദിക്കുക കാലുപിടിക്കുക എന്നിവ വഴി ഏതു കഠിനഹൃദയനെയും മാനസാന്തരപ്പെടുത്തിയിരുന്നു. അനേകരെ ദൈവവിളിയില്‍ ഉറച്ചുനില്‍ക്കുവാന്‍ സഹായിച്ചിട്ടുണ്ട്. പാവങ്ങളെയും വേദനിക്കുന്നവരെയും ആരുമറിയാതെ കണ്ടറിഞ്ഞ് സഹായിച്ചിരുന്നത് അച്ചന്റെ അനുകമ്പാര്‍ദ്ര ഹൃദയത്തിന്റെ തെളിവാണ്.

അനേകം വൈദികരെയും സിസ്റ്റര്‍മാരെയും അല്‍മായരെയും നവീകരണത്തിന്റെ നേതൃത്വനിരയിലേക്ക് വളര്‍ത്തുവാന്‍ അച്ചന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. നല്ലൊരു ധ്യാനഗുരുവും ആദ്ധ്യാത്മികപിതാവുമായിരുന്നു അദ്ദേഹം.

ചങ്ങനാശ്ശേരിരൂപതയിലെ എരുമേലിയില്‍ പീലിപ്പോസ്- ത്രേസ്യ ദമ്പതികളുടെ മകനായി 1929 നവംബര്‍ 6നാണ് അഗസ്റ്റിന്‍ ജനിക്കുന്നത്. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശ്ശേരി രൂപതയില്‍ വൈദിക പഠനത്തിനു ചേര്‍ന്നു. പഠനം പൂര്‍ത്തിയാക്കി 1955 മാര്‍ച്ച് 16-ാം തീയതി മംഗലപ്പുഴ സെമിനാരിയില്‍ വച്ചു മാര്‍ മാത്യു കാവുകാട്ട് തിരുമേനിയില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. ചങ്ങനാശ്ശേരി രൂപതയിലെ പല ഇടവകകളില്‍ സേവനം ചെയ്തു. മൈനര്‍ സെമിനാരിയില്‍ വൈസ് റെക്ടറായും ആധ്യാത്മികപിതാവായും ശുശ്രൂഷചെയ്യുകയുണ്ടായി.

1961-ല്‍ അവിഭക്ത തലശ്ശേരിരൂപതയില്‍ ചേര്‍ന്ന അച്ചന്‍ കരിക്കോട്ടക്കരി, ചെമ്പേരി, കൊളക്കാട്, പെരുവണ്ണാമൂഴി, നെല്ലിക്കാംപൊയില്‍ എന്നീ ഇടവകകളില്‍ ശ്രേഷ്ഠമാംവിധം സേവനമനഷ്ഠിച്ചു.

അവികസിത പ്രദേശങ്ങളില്‍ യാത്രാസൗകര്യമോ, ഫോണ്‍സൗകര്യമോ ഇല്ലാത്ത ആദ്യ നാളുകളിലെ ഇടയന്മാര്‍ സഹിച്ച കഷ്പ്പാടുകള്‍ പഴയ തലമുറക്കാര്‍ പങ്കുവയ്ക്കാറുണ്ട്. ദീര്‍ഘദൂരം കാല്‍നടയായി രോഗീസന്ദര്‍ശനത്തിനും രോഗീലേപനം, കുമ്പസാരം എന്നീ കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിനും പോയിരുന്ന അഗസ്റ്റിനച്ചനെ ഇന്നും ജനം നന്ദിയോടെ സ്മരിക്കുന്നു.

ആത്മാക്കളെ രക്ഷിക്കാന്‍വേണ്ടി സഹനങ്ങള്‍ ചോദിച്ചുവാങ്ങിയിരുന്ന നല്ല ഇടയനായിരുന്നു അച്ചന്‍. ദീര്‍ഘദൂരം യാത്രചെയ്ത് വേദനിക്കുന്നവരെ സാന്ത്വനപ്പെടുത്തി രക്ഷിക്കുവാന്‍ തന്റെ അനാരോഗ്യം പരിഗണിക്കാതെ അദ്ധ്വാനിച്ചിരുന്നു.

താമരശ്ശേരിരൂപത സ്ഥാപിതമായപ്പോള്‍ രൂപതയുടെ പ്രഥമവികാരി ജനറലായി അഗസ്റ്റിനച്ചനെ മങ്കുഴിക്കരി പിതാവ് നിയമിച്ചു. അതിനുശേഷം കൂരാച്ചുണ്ട്, കോടഞ്ചേരി, ആനക്കാംപൊയില്‍ ഇടവകകളില്‍ വികാരിയായി സേവനം ചെയ്തു.

കോഴിക്കോട് ഗുഡ്‌ഷെപ്പേഡ് വൈദികമന്ദിരത്തില്‍ വിശ്രമജീവിതം നയിക്കവേ 2005 ആഗസ്റ്റ് 22ന് ഈ ഭൂമിയിലെ ശുശ്രൂഷയ്ക്ക് വിരാമംകുറിച്ച് അഗസ്റ്റിനച്ചന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

കഠിനാദ്ധ്വാനം ശീലമാക്കിയ വൈദിക ശ്രേഷ്ഠന്‍

ആഗസ്റ്റ് 19, ഫാ. അലക്‌സ് മണക്കാട്ടുമറ്റം ഓര്‍മ്മദിനം

ആത്മീയപക്വതയാല്‍ ലാളിത്യത്തെ സ്വയംവരിച്ച് കഠിനാധ്വാനം ജീവിതശൈലിയാക്കിയ ഫാ. അലക്‌സ് മണക്കാട്ടുമറ്റം മലബാറിലെ ആദ്യകാല കുടിയേറ്റ ജനതയുടെ കാവല്‍ മാലാഖയും ആത്മമിത്രവുമായ അജപാലകനായിരുന്നു.

കുടിയേറ്റ നാളുകളിലെ ദാരിദ്ര്യവും നിരന്തരമായ പകര്‍ച്ചവ്യാധികളും കൊടും ശൈത്യവും കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളും തളര്‍ത്തിയ ജനതയ്ക്ക് ആവേശവും പ്രത്യാശയും പകര്‍ന്നു നല്‍കാന്‍ ഈ ദൈവോപാസകനെ തമ്പുരാന്‍ ഉപയോഗിച്ചതായി പഴയ തലമുറ സാക്ഷ്യപ്പെടുത്തുന്നു.

കൊടുങ്കാടിനോടും മലമ്പനിയോടും ഏറ്റുമുട്ടി വിജയിക്കുകയെന്നത് വലിയ വെല്ലുവിളിയായി സ്വീകരിക്കുവാന്‍ സേവനം ചെയ്ത ഇടവകകളിലെ വിശ്വാസ സമൂഹത്തിനു ഈ കര്‍മ്മധീരന്‍ ശക്തി പകര്‍ന്നു. ചാണ്ടിയച്ചന്‍ എന്നു മറുപേരുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ അന്തര്‍ലീനമായിരുന്ന ധീരതയും സാഹസികതയും മലബാറിലെ പൗരോഹിത്യ ശുശ്രൂഷയ്ക്ക് ഏറെ ബലം പകര്‍ന്നു. ദൈവഭയമുള്ളവനു മറ്റാരെയും ഭയപ്പെടാനില്ലെന്ന വചനവും ‘ധീരാത്മാക്കള്‍ക്ക് ഒരു മരണമേ ഉണ്ടാകൂ’ എന്ന തത്വവും ജീവിതശൈലിയാക്കുവാന്‍ ചാണ്ടിയച്ചനു സാധിച്ചു. ദീനത്താല്‍ വലഞ്ഞവന് ഔഷധമാകുവാനും ഭയചകിതന് ആത്മധൈര്യം പകരുവാനും നൈരാശ്യം ബാധിച്ചവന് ദൈവികമായ പ്രത്യാശ പകര്‍ന്നു നല്‍കുവാനും തലശേരിയുടെ കുടിയാന്മല മുതല്‍ താമരശേരിയുടെ കൂമന്‍കുളം വരെ അരനൂറ്റാണ്ടിലധികം നീണ്ട പൗരോഹിത്യ ശുശ്രൂഷകളിലൂടെ അദ്ദേഹത്തിനു സാധിച്ചു. ദൈവാശ്രയ ബോധത്തിന്റെ സമാനതകളില്ലാത്ത ജീവിത ദര്‍ശനങ്ങളുടെ ഉടമയാണ് ചാണ്ടിയച്ചന്‍. സാഹസികന്‍, സംശുദ്ധന്‍, കര്‍മ്മനിരതന്‍, നിര്‍ഭയന്‍, കലാകാരന്‍, പൊതുപ്രവര്‍ത്തകന്‍ എന്നീ വിശേഷണങ്ങള്‍ക്കുമപ്പുറമാണ് അദ്ദേഹത്തിന്റെ സിദ്ധികള്‍!

മണക്കാട്ടുമറ്റം കുടുംബത്തിലെ കുര്യാക്കോസ് – ഏലി ദമ്പതികളുടെ ഏഴു മക്കളില്‍ ദേവസ്യാച്ചന്‍ എന്നു പേരുള്ള ഒരേയൊരു സഹോദരന്‍ മാത്രമാണ് കുടുംബ ജീവിതം നയിച്ചത്. ബാക്കി ആറു മക്കളും സമര്‍പ്പിതരാണ്. രണ്ടു വൈദികരും നാലു നിസ്റ്റര്‍മാരും. വൈദികരായ രണ്ടു സഹോദരങ്ങളും മലബാര്‍ മിഷനുമായി ഏറെ ത്യാഗനിര്‍ഭരമായ ബലിജീവിതത്തിനുടമകളായി. ചാണ്ടിയച്ചനെന്ന ജ്യേഷ്ഠ പുരോഹിതന്റെ ഉദാത്ത മാതൃക പിന്‍തുടര്‍ന്ന് കുഞ്ഞാഗസ്തിയച്ചനെന്ന അനുജനും മലബാറിന്റെ വളര്‍ച്ചയ്ക്കായി അക്ഷരാര്‍ത്ഥത്തില്‍ നിണമൊഴുക്കിയവനാണ്. ഈ സഹോദര വൈദികര്‍ക്കൊപ്പം തങ്ങളുടെ പെങ്ങളും തിരുഹൃദയ സഹോദരിയുമായ സിസ്റ്റര്‍ ബെനീസി എസ്എച്ചും മലബാറിനെ തങ്ങളുടെ ശുശ്രൂഷാ മേഖലയായി തെരഞ്ഞെടുക്കുകയായിരുന്നു.

ആലുവ സെമിനാരിയിലെ വൈദിക പഠനത്തിനു ശേഷം കേരളം സന്ദര്‍ശിച്ച പൗരസ്ത്യ തിരുസംഘം തലവന്‍ കര്‍ദ്ദിനാള്‍ യുജിന്‍ ടിസറന്റില്‍ നിന്നു 1953 ഡിസംബര്‍ എട്ടിന് പൗരോഹിത്യം സ്വീകരിച്ചു. പാലാ രുപതയിലെ പ്ലാശനാല്‍ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം അനുഷ്ഠിക്കുമ്പോള്‍ 1954 ജൂണിലാണ് വള്ളോപ്പിള്ളി പിതാവിന്റെ പ്രത്യേക ക്ഷണപ്രകാരം ചാണ്ടിയച്ചന്‍ തലശേരിയില്‍ എത്തുന്നത്. അക്കാലത്ത് മലബാറിന്റെ കുഗ്രാമങ്ങളില്‍ നിന്നും രൂപതയുടെ സിരാകേന്ദ്രത്തിലേക്ക് നാല്‍പതും അന്‍പതും കിലോമീറ്ററുകള്‍ കാല്‍നടയായി യാത്ര ചെയ്ത് ബിഷപ്‌സ് ഹൗസില്‍ എത്തിയിരുന്നതൊക്കെ ഇന്ന് പുതുതലമുറ അത്ഭുതത്തോടെ വീക്ഷിക്കുന്നു. തലശേരി അതിരൂപതയില്‍ കുടിയാന്മല, ചെമ്പന്‍തൊട്ടി, കിളിയന്തറ, വെള്ളരിക്കുണ്ട ്, മാനന്തവാടി രൂപതയില്‍ പുല്‍പ്പള്ളി, താമരശേരി രൂപതയില്‍ കുളത്തുവയല്‍, വിലങ്ങാട്, മരുതോങ്കര, കോടഞ്ചേരി, മാലാപറമ്പ്, കാളികാവ്, കൂമംകുളം എന്നീ ഇടവകകളില്‍ വികാരിയായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു. കോടഞ്ചേരി ഇടവകയില്‍ ഒമ്പത് വര്‍ഷം വികാരിയായിരുന്നു. കോടഞ്ചേരിയുടെ വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളില്‍ ഈടുറ്റ സംഭാവനകള്‍ നല്‍കുവാന്‍ ചാണ്ടിയച്ചനു സാധിച്ചു. ചാണ്ടിയച്ചന്‍ വികാരിയായിരുന്ന ഇടവകകളിലെല്ലാം റോഡ് നിര്‍മ്മിക്കുന്നതിലും പാലം പണിയുന്നതിലും വലിയ തല്‍പരനായിരുന്നു.

എന്തെങ്കിലും കാരണത്താല്‍ ആരെങ്കിലുമൊരാള്‍ ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ച് പരിഭവം കാണിക്കാനിടയായാല്‍ ചാണ്ടിയച്ചന്റെ മറുപടി ഇപ്രകാരമാണ് – ”ഞാനും എന്റെ ആ സഹോദരനും തമ്മില്‍ ഒരു കാര്യത്തില്‍ മാത്രമാണ് വ്യത്യാസം വന്നത്. എന്നാല്‍ ബാക്കി 99% കാര്യത്തിലും ഞങ്ങള്‍ ഏകാഭിപ്രായക്കാരാണ്. അതിനാല്‍ 99% എന്ന വലിയ ഭൂരിപക്ഷത്തെയാണ് നാം മാനിക്കേണ്ടത്.” യാതൊരു കാരണവശാലും ഒരു വ്യക്തിയും തന്റെ സൗഹൃദത്തില്‍ നിന്ന് അകന്നു പോകാന്‍ പാടില്ലെന്ന നിര്‍ബന്ധ ബുദ്ധിക്കാരനായിരുന്നു ചാണ്ടിയച്ചന്‍.

വാക്കു പാലിക്കുകയെന്നത് വലിയൊരു ജീവിതവ്രതമായി കണ്ടിരുന്നു അദ്ദേഹം. പാലിക്കാന്‍ പറ്റുന്നവ മാത്രമേ അച്ചന്‍ പറയാറുള്ളൂ. പറഞ്ഞാല്‍ അതു പൂര്‍ണ്ണമായും നിറവേറ്റും. വാക്കും പ്രവര്‍ത്തിയും ഒന്നാകുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ മൂല്യമായി അച്ചന്‍ കണ്ടിരുന്നത്.

അക്ഷര പ്രിയനും വലിയ വായനാശീലക്കാരനുമായ ചാണ്ടിയച്ചന്‍ പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന ആശയത്തെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. അച്ചന്‍ വികാരിയായിരുന്ന ഒട്ടുമിക്ക ഇടവകകളിലും സ്‌കൂളുകള്‍ സ്ഥാപിച്ചിരുന്നു. തലശേരി രൂപതയിലെ വെള്ളരിക്കുണ്ട ് ഇടവകയില്‍ യുപി സ്‌കൂളും ഹൈസ്‌കൂളും ചാണ്ടിയച്ചന്റെ ശ്രമഫലമായി ഉണ്ടായതാണ്.നല്ലൊരു ശില്‍പനിര്‍മ്മാണ കലാകാരനുമാണ് ചാണ്ടിയച്ചന്‍. യേശുക്രിസ്തുവിന്റെ രൂപം, പരിശുദ്ധ ദൈവമാതാവിന്റെ മാതൃക, യൗസേപ്പിതാവിന്റെ പ്രതിമ, ചിരട്ട ഉപയോഗിച്ച് കാസ, പീലാസ തുടങ്ങിയവ അച്ചന്‍ നിര്‍മിച്ചിരുന്നു. ഗുഡ് ഷെപ്പേഡ് പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിക്കവെ 2007 ആഗസ്റ്റ് 19ന് രാവിലെ 11.45ന് അച്ചനെ ദൈവം നിത്യസമ്മാനത്തിനായി വിളിച്ചു.

സമൂഹതിന്മകള്‍ക്കെതിരെ നിരന്തരപോരാട്ടം

ആഗസ്റ്റ് 17, ഫാ. ചാണ്ടി കുരിശുംമൂട്ടിലിന്റെ ചരമ വാര്‍ഷിക ദിനം

നാട്ടിലെ ധര്‍മ്മസമരങ്ങളുടെ സമാനതകളില്ലാത്ത മുന്നണി പോരാളിയായിരുന്നു കുരിശുംമൂട്ടില്‍ ചാണ്ടിയച്ചന്‍. ജാതി-മത രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍ക്കതീതമായി നാടിന്റെ നന്മക്കായി കൈയ്യും മെയ്യും മറന്നു പോരാടുന്ന അടങ്ങാത്ത ആവേശത്തിന്റെ അമരത്തണയുന്ന ഗാന്ധിയന്‍. സമരങ്ങളുടെ ഉറ്റ പ്രണയിതാവ്. ലഹരി വിരുദ്ധ സമരങ്ങളുടെ പതാക വാഹകനും സാമൂഹ്യ നീതിയുടെ അണയാത്ത അഗ്‌നിയുമായിരുന്നു അദ്ദേഹം. മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ്, കെസിബിസി മദ്യവിരുദ്ധ സമിതി താമരശേരി രൂപത ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്ത ചാണ്ടിയച്ചന് ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഖദറിന്റെ കാവിളോഹയണിഞ്ഞ് പ്രകൃതി ചികിത്സയുമായി, നഗ്നപാദനായി കഴിഞ്ഞ ചാണ്ടിയച്ചന്‍ സ്വന്തമായി കൃഷിചെയ്തു പച്ചക്കറികള്‍ സ്വയം പാകം ചെയ്താണ് കഴിച്ചിരുന്നത്. ഹിമാലയത്തിലെ ആശ്രമത്തില്‍ കുറേക്കാലം ധ്യാന ജീവിതവും നയിച്ചു. ഒരു ജന്മം മുഴുവന്‍ ലഹരി വിരുദ്ധ പോരാളിയും പൊതുസമൂഹത്തില്‍ നീതിയുടെ കാവലാളായും സ്വയം സമര്‍പ്പിക്കപ്പെട്ട ചാണ്ടിയച്ചനു നല്‍കിയ വിടവാങ്ങല്‍ ശുശ്രുഷയില്‍ റെമീജിയോസ് പിതാവ് ചാണ്ടിയച്ചനെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: സത്യമായും ചാണ്ടിയച്ചനൊരു വിശുദ്ധനായിരുന്നു.

കുടിയേറ്റകര്‍ഷക കുടുംബമായ കുരിശുംമൂട്ടില്‍ ചാണ്ടി-ഏലിക്കുട്ടി ദമ്പതികളുടെ മകനായി 1953-ല്‍ ജനനം. 1981-ല്‍ വൈദികനായി. തലശേരി രൂപതയിലെ ചെറുപുഴ, പൈസക്കരി എന്നീ ഇടവകളില്‍ അസിസ്റ്റന്റ് വികാരിയായും, താമരശേരി രൂപതയില്‍ കുപ്പായക്കോട്, തോട്ടുമുക്കം, നൂറാംതോട്, പന്തല്ലൂര്‍, കരിയാത്തുംപാറ, വാലില്ലാപ്പുഴ, കുളിരാമുട്ടി, കക്കാടംപൊയില്‍, തേക്കുംകുറ്റി എന്നീ ഇടവകളില്‍ വികാരിയായും സേവനം ചെയ്തു.

മദ്യത്തിന്റെ മാരകപിടിയിലകപ്പെട്ട് നശിച്ചുകൊണ്ടിരിക്കുന്ന നിരവധി കുടുംബങ്ങളുടെ ദുരിതപൂര്‍ണമായ ജീവിതത്തെ നേരിട്ടറിഞ്ഞ ചാണ്ടിയച്ചന്‍ മദ്യവിപത്തിനെതിരെ സന്ധിയില്ലാത്ത സമരമാണ് ജീവിതാവസാനം നടത്തിയത്.

യേശുവിന്റെ സഹനജീവിതം പൂര്‍ണമായും അനുകരിക്കാനാഗ്രഹിച്ച ഈ പുരോഹിതന്‍ ഭൗതിക ലോകത്തിന്റെ ആഡംബരങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ കഴിവതും ശ്രദ്ധിച്ചിരുന്നു. വേഷത്തിലും, ഭക്ഷണത്തിലും, നടപ്പിലും, എടുപ്പിലും അദ്ദേഹം അസാമാന്യ ലാളിത്യം സ്വീകരിച്ചു.

ചാണ്ടിയച്ചന്‍ അവസാന നാളുകള്‍ ചെലവഴിച്ചത് കക്കാടംപൊയിലിലെ തോട്ടപ്പള്ളിയെന്ന സ്ഥലത്ത് ‘സ്ലീവാ ജ്യോതിഭവന്‍’ എന്ന് അദ്ദേഹം പേരുവിളിച്ച ലിറ്റില്‍ ഫ്‌ളവര്‍ കുരിശുപള്ളിയുടെ വികാരിയായിട്ടാണ്. അവിടെ അദ്ദേഹം ലോകതാല്‍പര്യങ്ങളും വെടിഞ്ഞ് താപസനായി സഹന ജീവിതം നയിക്കുകയായിരുന്നു. ചാണ്ടിയച്ചന്റെ 37 വര്‍ഷത്തെ വൈദിക ജീവിതം അനീതിക്കും, സാമൂഹ്യതിന്മകള്‍ക്കെതിരെയുമുള്ള പോരാട്ടമായിരുന്നു.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച മദ്യവിരുദ്ധ സമരം കുടിയേറ്റ കര്‍ഷകരുടെ പിതാവായ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയോടൊപ്പം മദ്യവര്‍ജന പോരാട്ടമായി വളര്‍ന്ന് പ്രഫ. എം. പി. മന്മഥന്റെ നേതൃത്വത്തിലുള്ള മദ്യ നിരോധനസമിതിയിലൂടെ പൂര്‍ണത നേടി. സംസ്ഥാനത്താകെ ശ്രദ്ധയാകര്‍ഷിച്ച 1989 ലെ ചാരായ ലേലം തടഞ്ഞുകൊണ്ട് കോഴിക്കോട് കലക്ടറേറ്റില്‍ നടത്തിയ ഉജ്ജ്വല സമരവും അറസ്റ്റും, ജയില്‍ വാസവും കുരിശുപള്ളി മദ്യഷാപ്പിനെതിരെ 68 ദിവസം നീണ്ടുനിന്ന സഹന സമരവും ജയിലിലെ നിരാഹാര സത്യാഗ്രഹവും, പേരാമ്പ്രയിലെ ബാര്‍ സമരവും, നൂറാംതോട്ടിലെ കള്ള് ഷാപ്പ് സമരവും ചാണ്ടിയച്ചന്റെ മദ്യവിരുദ്ധ പോരാട്ടങ്ങളില്‍ ചിലത് മാത്രം.

തോട്ടപ്പള്ളിയിലെ താപസ ജീവിതം പുരോഹിത സമൂഹത്തിന് പുതിയ മാതൃകയാകുന്നതായിരുന്നു! ദരിദ്രരോട് പക്ഷം ചേരുന്നതില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചുകൊണ്ടുള്ളതായിരുന്നു. ആശ്രമത്തിനു ചുറ്റും താമസിച്ചിരുന്ന പാവപ്പെട്ടകുടുംബങ്ങളുടെ ദാരിദ്രത്തില്‍ പങ്കു ചേര്‍ന്നും കഴിയുന്ന രീതിയിലുമെല്ലാം അവരെ സഹായിച്ചുകൊണ്ടുമുള്ളതായിരുന്നു.

നാടിന്റെ നാനാഭാഗത്തുനിന്നും ചാണ്ടിയച്ചനെ കാണുവാനും പ്രാര്‍ത്ഥനകള്‍ തേടാനും, അനുഗ്രഹങ്ങള്‍ സ്വീകരിക്കാനും
ജനങ്ങള്‍ തോട്ടപ്പള്ളിയില്‍ എത്തിക്കൊണ്ടിരുന്നു. വലിയ നോമ്പാചരണത്തില്‍ 50 ദിവസവും നടത്തുന്ന പീഡാസഹന കുരിശിന്റെ വഴി ചാണ്ടിയച്ചന്റെ വിശുദ്ധ ജീവിതത്തിന്റെ അംഗീകാരമായിരുന്നു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലടക്കമുള്ള നിരവധി വിശിഷ്ഠ വ്യക്തികള്‍ ചാണ്ടിയച്ചനോടൊപ്പം കുരിശിന്റെ വഴിയിലൂടെ യാത്ര നടത്തിയിട്ടുണ്ട്. തികഞ്ഞ ഗാന്ധിയനായ ചാണ്ടിയച്ചന്‍ അഹിംസയുടെ പ്രചാരകനായി പൂര്‍ണ്ണ സസ്യഭുക്കായി മാറി.

2018 ആഗസ്റ്റ് 12-ന് ദൈവജനത്തിനായി ബലിയര്‍പ്പിച്ച ചാണ്ടിയച്ചന്‍ ചൂടുപനിയെത്തുടര്‍ന്ന് വിളക്കാംതോട്ടിലുള്ള സഹോദരന്റെ ഭവനത്തില്‍ എത്തി. 17-ന് താമരശേരി ചാവറ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം നാലുമണിയോടെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചത് സഹപാഠിയും മാനന്തവാടി രൂപതാധ്യക്ഷനുമായ മാര്‍ ജോസ് പൊരുന്നേടമായിരുന്നു. ചരമ സന്ദേശത്തില്‍ ചാണ്ടിയച്ചന്റെ ജീവിതം സമൂഹത്തിലെ നേതൃനിരയിലുള്ളവര്‍ക്ക് മാതൃകയാണെന്ന് അനുസ്മരിച്ചു. ചാണ്ടിയച്ചനെ ദൈവം വിശുദ്ധരുടെ ഗണത്തിലേക്കു ചേര്‍ക്കുമെന്നും അങ്ങനെ നമുക്കായ് സ്വര്‍ഗത്തില്‍ ഒരു മധ്യസ്ഥന്‍ ജനിച്ചിരിക്കുന്നുവെന്നും ബിഷപ് അന്ന് പറഞ്ഞു.

മരിയന്‍ ക്വിസ് സീസണ്‍ 2

സീറോ മലബാര്‍ മാതൃവേദി താമരശ്ശേരി രൂപതാ സമിതി സംഘടിപ്പിക്കുന്ന മരിയന്‍ ക്വിസ് സീസണ്‍ 2 ആദ്യഘട്ട മത്സരം ആഗസ്റ്റ് 27 (ഞായറാഴ്ച) ഓണ്‍ലൈനായി നടക്കും. മാതൃവേദിയില്‍ അംഗങ്ങളായ അമ്മമാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ആദ്യഘട്ട മത്സരം ഗൂഗിള്‍ ഫോം വഴിയാണ്. ഗൂഗിള്‍ ഫോം ലിങ്ക് ആഗസ്റ്റ് 27ന് വൈകുന്നേരം 7.30 ന് യൂണിറ്റിന്റെ മാതൃവേദി ഗ്രൂപ്പില്‍ ലഭിക്കും. 15 മിനിറ്റുകൊണ്ട് ഉത്തരങ്ങള്‍ രേഖപ്പെടുത്തണം.

ഓണ്‍ലൈന്‍ മത്സരത്തില്‍ ഓരോ മേഖലയില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന രണ്ട് പേര്‍ക്ക് ഒരു ടീമായി മേഖലയെ പ്രതിനിധീകരിച്ചു രൂപതാതല മത്സരത്തില്‍ പങ്കെടുക്കുവാന്‍ യോഗ്യതലഭിക്കും. ഫൈനല്‍ മത്സരം സെപ്റ്റംബര്‍ 9ന് പിഎംഒസിയില്‍ നടക്കും.

രൂപതാതല മത്സരത്തില്‍ ഒന്നാമതെത്തുന്ന ടീമിന് 5001 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 3001 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 1001 രൂപയും സമ്മാനം.

പരിശുദ്ധ കന്യകാ മറിയം (50%), സഭാ ചരിത്രം (20%), ലോഗോസ് പഠന ഭാഗങ്ങള്‍ (20%), പൊതുചോദ്യങ്ങള്‍ (10%) എന്നിങ്ങനെയാണ് പാഠഭാഗങ്ങള്‍.

ജെപിഐയില്‍ എംഎസ്‌സി കൗണ്‍സലിങ് കോഴ്‌സ്

കോഴിക്കോട്: മേരിക്കുന്ന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പ് ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിങ്‌ ആന്റ് സൈക്കോതെറാപ്പിയില്‍ മാസ്റ്റേഴ്‌സ് ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജിയുടെ അഞ്ചാമത് ബാച്ച് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.

ജെപിഐ ഡയറക്ടര്‍ ഫാ. കുര്യന്‍ പുരമഠം, ഫാ. ജോജി ജോസഫ്, ഫാ. സായി പാറന്‍കുളങ്ങര എന്നിവര്‍ പ്രസംഗിച്ചു.

കൗണ്‍സലിങ് സൈക്കോളജിയില്‍ വിവിധ കോഴ്‌സുകള്‍ ജെപിഐയില്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://jpicp.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

അവധിക്കാലം വിജ്ഞാനപ്രദമാക്കാന്‍ യുറീക്ക മൊമന്റ് മിനിമാസ്റ്റര്‍ ക്യാമ്പ്

കുരുന്ന് പ്രതിഭകള്‍ക്കായി സ്റ്റാര്‍ട്ട് ഒരുക്കുന്ന യുറീക്ക മൊമന്റ് മിനിമാസ്റ്റര്‍ ക്യാമ്പ് ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടക്കും. രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 5 മുതല്‍ 8 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി ജൂനിയര്‍ യുറീക്ക മൊമെന്റ് ക്യാമ്പും 9 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി സീനിയര്‍ യുറീക്ക മൊമെന്റ് ക്യാമ്പുമാണ് സംഘടിപ്പിക്കുന്നത്. അഭിരുചികള്‍ കണ്ടെത്താനും കഴിവുകള്‍ വികസിപ്പിക്കാനും നേതൃത്വപാടവം വളര്‍ത്താനും ഉപകരിക്കുന്നതരത്തിലാണ് കോഴ്‌സ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മത്സര പരീക്ഷകള്‍ക്ക് ചിട്ടയായി പഠിച്ചൊരുങ്ങുവാന്‍ പ്രചോദനാത്മക ക്ലാസുകളും കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പ് ചര്‍ച്ചകളും പൊതുവിജ്ഞാനവും കോഴ്‌സിന്റെ ഭാഗമാണ്.

കുട്ടികളുടെ രൂപീകരണ പരിശീലന മേഖലയില്‍ മികവ് തെളിയിച്ച ഡോ. ജ്യോതിസ് പോള്‍. സിസ്റ്റര്‍ ടിജി എസ്‌കെഡി എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് കോഴ്‌സ് നയിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം. ആഗസ്റ്റ് 30 രാവിലെ 10:30ന് ആരംഭിച്ച് സെപ്റ്റംബര്‍ 2 ഉച്ചക്ക് രണ്ടുമണിക്ക് കോഴ്‌സ് സമാപിക്കും. വിവരങ്ങള്‍ക്ക്: 0495 235 7843, 9037 107 843, 9744 458 111.

ദേവാലയ ശുശ്രൂഷകരുടെ സംഗമം നടത്തി

ദേവാലയ ശുശ്രൂഷകര്‍ ഇടവകയെ ആത്മീയതയില്‍ നയിക്കുന്നതിനുവേണ്ടി അത്യദ്ധ്വാനം ചെയ്യുന്നവരാണെന്ന് താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശ്ശേരി രൂപതയിലെ ദേവാലയ ശുശ്രൂഷകരുടെ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. ഇടവകയിലെ എല്ലാവരെയും പരിചിതമായതിനാല്‍ത്തന്നെ ആത്മീയത പകര്‍ന്നു നല്‍കുവാന്‍ ദേവാലയ ശുശ്രൂഷികള്‍ക്ക് എളുപ്പമാണെന്നും അതിനായി എല്ലാവരും പരിശ്രമിക്കണമെന്നും ബിഷപ് ആഹ്വാനം ചെയ്തു.

മതബോധന ഡയറക്ടര്‍ ഫാ. ജോണ്‍ പള്ളിയ്ക്കാവയലില്‍ മുഖ്യപ്രഭാഷണം നടത്തി. ദൈവാലയ ശുശ്രൂഷകരുടെ സേവനമഹിമയെയും പ്രാധാന്യത്തെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ഫിനാന്‍സ് മാനേജര്‍ ഫാ. കുര്യാക്കോസ് മുഖാല, ഫാ. ജോര്‍ജ്ജ് പുരയിടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

Exit mobile version